ട്രിപ്പിൾ ലോക്ഡൗണിനിടെ കുതിരയുടെ മാനസികോല്ലാസത്തിന് ചുറ്റാനിറങ്ങിയ സവാരിക്കാരനെയും കുതിരയെയും തിരിച്ചുപായിച്ച് പൊലീസ്. ഇന്നലെ ഉച്ചയ്ക്ക് മൂച്ചിക്കലിലാണ് സംഭവം.താനൂർ പൊലീസിന്റെ നേതൃത്വത്തിൽ മൂച്ചിക്കലിൽ വാഹനപരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് കുതിരപ്പുറത്തേറി പെരുവഴിയമ്പലം സ്വദേശിയായ ഒരാൾ പാഞ്ഞു വന്നത്.
അമ്പരന്ന പൊലീസ് തടഞ്ഞു നിർത്തി കാര്യം അന്വേഷിച്ചു. കുതിര വീട്ടിൽ നിൽക്കാൻ സമ്മതിക്കാത്തതിനാൽ അതിനെ പുറത്തിറക്കിയതാണ് എന്നായിരുന്നു മറുപടി. കുതിരയുടെ മാനസികോല്ലാസത്തിനു വേണ്ടിയാണ് സവാരി നടത്തിയതെന്നും ഇയാൾ പറഞ്ഞു.വിവരമറിഞ്ഞ പൊലീസ് മാനസികോല്ലാസമൊക്കെ സ്വന്തം പറമ്പിൽ നടത്തിയാൽ മതിയെന്നും റോഡിൽ നടക്കില്ലെന്നുമുള്ള മറുപടിയോടെ സവാരിക്കാരനെയും കുതിരയെയും വീട്ടിലേക്ക് തിരിച്ചുപായിച്ചു.
ഏഴു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലാ ലിഗ കിരീടം സ്വന്തമാക്കി അത്ലറ്റികോ മാഡ്രിഡ്. സ്പാനിഷ് വമ്പൻമാരും നഗരവൈരികളുമായ റയലിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് അത്ലറ്റികോ കിരീടം സ്വന്തമാക്കിയത്. അത്ലറ്റികോയുടെ 11ാം ലാ ലിഗ കിരീടമാണിത്.
അവസാന മത്സരത്തിൽ റയൽ വയ്യഡോലിഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഡിയേഗോ സിമയോണിയുടെ കുട്ടികൾ ചാമ്പ്യൻപട്ടം ഉറപ്പിച്ചത്. ആദ്യ പകുതിയിൽ ഒരു ഗോളിനു പിന്നിൽനിന്ന ശേഷമായിരുന്നു അത്ലറ്റികോ തിരിച്ചടിച്ചത്. ഓസ്കാർ പ്ലാനയിലൂടെ മുന്നിൽ കയറിയ വയ്യഡോലിഡിനെ ഏയ്ഞ്ചൽ കൊറിയ, സൂപ്പർതാരം ലൂയി സുവാരസ് എന്നിവരുടെ ഗോളിൽ അത്ലറ്റികോ മറികടന്നു.
കപ്പടിക്കാനുറച്ചിറങ്ങിയ അത്ലറ്റികോയെ ഞെട്ടിച്ച് വയ്യഡോലിഡ് 18 ാം മിനിറ്റിൽ മുന്നിലെത്തി. മൈതാനമധ്യത്തിൽനിന്നും ഒറ്റയ്ക്ക് ഓടിക്കയറിയ പ്ലാന അത്ലറ്റികോ ഗോളിയെ അനായാസം പരാജയപ്പെടുത്തി. ആദ്യപകുതിയിൽ ഒരു ഗോളിനു മുന്നിലായിരുന്ന വയ്യഡോലിഡിന് രണ്ടാം പകുതിയിൽ അടിതെറ്റി. 57 ാം മിനിറ്റിൽ ബോക്സിനു വെളിയിൽനിന്നും മനോഹരമായൊരു ഷോട്ടിൽ ഏയ്ഞ്ചൽ കൊറിയ അത്ലറ്റികോയെ ഒപ്പമെത്തിച്ചു.
പത്തുമിനിറ്റിനു ശേഷം അത്ലറ്റികോ കാത്തുകാത്തിരുന്ന നിമിഷമെത്തി. പ്ലാന ഗോളിന്റെ ഫോട്ടോപതിപ്പ്. മൈതാന മധ്യത്തിൽ സുവാരസിന് പന്ത് ലഭിക്കുന്പോൾ വയ്യഡോലിഡ് പ്രതിരോധം എതിർപകുതിയിലായിരുന്നു. പന്തുമായ ബോക്സിലേക്ക് പാഞ്ഞുകയറിയ സുവാരസ് പിഴവ് വരുത്താതെ ലക്ഷ്യം കണ്ടു. ചാമ്പ്യൻപട്ടം ഉറപ്പിച്ച ഗോൾ.
മറ്റൊരു മത്സരത്തിൽ റയൽ മാഡ്രിഡ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വയ്യാറയലിനെ പരാജയപ്പെടുത്തി. ബെൻസേമയും ലുക മോഡ്രിച്ചുമാണ് റയലിനായി ലക്ഷ്യം കണ്ടത്. യരമി പിനോയാണ് വയ്യാറയലിനായി ഗോൾ നേടിയത്. കളിയുടെ അവസാ നിമിഷംവരെ ഒരു ഗോളിനു പിന്നിലായിരുന്നു റയൽ.
ബാഴ്സലോണയും അവസാന മത്സരത്തിൽ ജയിച്ചു. മെസി ഇല്ലാതിറങ്ങിയ ബാഴ്സ ഏകപക്ഷീയമായ ഒരു ഗോളിനു ഇയ്ബറിനെ പരാജയപ്പെടുത്തി.
മുംബൈ തീരത്തുണ്ടായ ബാർജ് ദുരന്തത്തിൽ ഒരു മലയാളി കൂടി മരിച്ചു. പാലക്കാട് തോലനൂര്‍ കീഴ്പാല പൂതമണ്ണില്സുരേഷ് കൃഷ്ണന്(43) ആണ് മരിച്ചത്. മാത്യൂസ് അസോസിയേറ്റ് കോണ്‍ട്രാക്ട് കമ്പനിയിലെ പ്രോജക്ട് മാനേജറായിരുന്നു. സംസ്ക്കാരം ഞായറാഴ്ച ബോംബെയില്‍ നടക്കും. ഇതോടെ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം ആറായി ആയി ഉയർന്നു.
കൊല്ലം സ്വദേശി എഡ്വിൻ, തൃശൂർ സ്വദേശി അർജുൻ വയനാട് സ്വദേശികളായ സുമേഷ്, ജോമിഷ്, ചിറക്കടവ് സ്വദേശി സഫിൻ ഇസ്മായീൽ എന്നിവരാണ് അപകടത്തിൽ മരിച്ച മറ്റു മലയാളികൾ. ഇവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു.
മുൻ കോൺഗ്രസ് നേതാവും മഹിള കോൺഗ്രസ് അധ്യക്ഷയുമായിരുന്ന ലതിക സുഭാഷ് എൻസിപിയിലേക്ക്. എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോയുമായി ലതിക സുഭാഷ് ചർച്ച നടത്തി. കോൺഗ്രസ് പാരമ്പര്യമുള്ള പാർട്ടിയാണ് എൻസിപിയെന്ന് ലതിക സുഭാഷ് പറഞ്ഞു. പാർട്ടിയിൽ ചേരുന്നത് സംബന്ധിച്ച ഔദ്യോഗീക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന.
നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് ലതിക സുഭാഷ് കോൺഗ്രസ് വിട്ടത്. പാർട്ടി ഓഫീസിന് മുന്നിൽ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച ലതിക സുഭാഷ്, ഏറ്റുമാനൂർ നിയോജകമണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുകയും ചെയ്തിരുന്നു. എന്നാൽ പരാജയപ്പെട്ടു.
ഭരണം കയ്യാളുന്നില്ല എങ്കിലും ആരും കൊതിക്കുന്ന പദവി തന്നെയാണ് പ്രതിപക്ഷ നേതാവിന്റെ സ്ഥാനം. കാബിനറ്റ് റാങ്ക്, മന്ത്രിമാർക്കു തുല്യമായ ശമ്പളവും അലവൻസുകളും,താമസിക്കാൻ മന്ത്രി മന്ദിരത്തിൽ കുറയാത്ത ആഡംബര പൂർണമായ വസതിയും, സഹായത്തിന് കുക്ക് മുതൽ പ്രൈവറ്റ് സെക്രട്ടറി വരെ 30 പെഴ്സനൽ സ്റ്റാഫ്, സഞ്ചരിക്കാൻ സർക്കാർ വക കാറും കൂടെ പൊലീസ് എസ്കോർട്ടും പൈലറ്റും. നിയമസഭയിൽ ഏറ്റവും മുൻനിരയിൽ ഡപ്യൂട്ടി സ്പീക്കർക്കു സമീപം രണ്ടാമത്തെ സീറ്റാണ് അനുവദിക്കുക. നിയമസഭയിൽ പ്രത്യേക ഓഫിസ് മുറിയും. ഇത്രയൊക്കെ സൗകര്യങ്ങൾ അനുവദിക്കുമ്പോൾ സംസ്ഥാനത്തെ തന്നെ വിവിഐപികളിൽ മുൻനിരയിലാണ് പ്രതിപക്ഷ നേതാവ്.
ഇതുകൂടാതെ പ്രതിപക്ഷ നേതാവിനു സ്വന്തം മുന്നണിക്ക് അടുത്ത തെരഞ്ഞെടുപ്പിൽ ഭരണം നേടിയാൽ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് അവകാശവാദം ഉന്നയിക്കാനും എളുപ്പമായിരിക്കും. കേരളത്തിലെ പതിനൊന്നാമത് പ്രതിപക്ഷ നേതാവായി വിഡി സതീശൻ ചുമതലയേൽക്കുകയാണ്.
കേരളത്തിൽ പി ടി ചാക്കോ, ഇംഎംഎസ് നമ്പൂതിരിപ്പാട്, കെ കരുണാകരൻ, ടികെ രാമകൃഷ്ണൻ, പികെ വാസുദേവൻ നായർ, ഇകെ നായനാർ, വിഎസ് അച്യുതാനന്ദൻ, എകെ ആന്റണി, ഉമ്മൻചാണ്ടി ഏറ്റവും ഒടുവിലായി രമേശ് ചെന്നിത്തല എന്നിവരൊക്കെ പ്രതിപക്ഷ നേതാവിന്റെ കസേരയിൽ ഇരുന്നവരാണ്. ഇവരെല്ലാവരും മുഖ്യമന്ത്രി സ്ഥാനമോ മന്ത്രിസ്ഥാനമോ വഹിച്ചിട്ടുള്ളവരുമാണ്.
മുഖ്യമന്ത്രിയാകാൻ ഭാഗ്യമുണ്ടാകാത്തത് 3 പേർക്കു മാത്രം. ആദ്യ പ്രതിപക്ഷ നേതാവായ പിടി ചാക്കോ, ടികെ രാമകൃഷ്ണൻ, ഇപ്പോൾ രമേശ് ചെന്നിത്തല.
ഇതിനിടെ, വിഡി സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിക്കുന്നുവെന്ന് അറിയിപ്പു ലഭിച്ചതോടെ തന്നെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസ് ഒഴിയാൻ തന്റെ സ്റ്റാഫിനു ചെന്നിത്തല നിർദേശം നൽകിയിട്ടുണ്ട്. പ്രതിപക്ഷ നേതാവിന്റെ വീടും കാറും അടക്കമുള്ളവ ടൂറിസം വകുപ്പ് ഏറ്റെടുക്കും. പ്രതിപക്ഷ നേതാവിനെ നിശ്ചയിച്ചതായി ഔദ്യോഗികമായി അറിയിപ്പു ലഭിക്കുമ്പോൾ സർക്കാർ ആവശ്യമായ അറ്റകുറ്റപ്പണികൾക്കു ശേഷം വസതി വിഡി സതീശനു കൈമാറും.
ബാലതാരമായി വന്ന് പിന്നീട് തെന്നിന്ത്യന്‍ സിനിമയില്‍ നായികയായി തിളങ്ങിയ താരമാണ് രോഹിണി. നടി എന്നതിനൊപ്പം സംവിധായകയായും ഗാന രചയിതാവായും ഡബ്ബിങ് ആര്‍ട്ടിസ്റ്റായും രോഹിണി കഴിവു തെളിയിച്ചു.
1975 ല്‍ പുറത്തിറങ്ങി യശോദ കൃഷ്ണ എന്ന സിനിമയിലൂടെ ബാലതാരമായി അഭിനയം തുടങ്ങിയ രോഹിണി ‘കക്ക’ എന്ന സിനിമയിലൂടെയാണ് മലയാളത്തില്‍ എത്തിയത്.
മലയാളത്തിന് പുറമേ തെലുങ്ക്, തമിഴ്, കന്നടഭാഷകളിലും അഭിനയിച്ച താരം ഒട്ടുമിക്ക സൂപ്പര്‍താരങ്ങള്‍ക്ക് ഒപ്പവും അഭിനയിച്ചിരുന്നു. ഇപ്പോഴും അഭിനയ പ്രാധാന്യമുള്ള അമ്മവേഷങ്ങളില്‍ സജീവമാണ് താരം.
അതേ സമയം സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ 1996ലാണ് രോഹിണി പ്രശസ്ത നടന്‍ രഘുവരനെ വിവാഹം കഴിക്കുന്നത്. പ്രണയ വിവാഹം ആയുരുന്നു ഇവരുടേത്.
എന്നാല്‍ പിന്നീട് ഈ ബന്ധം പിരിയുകയായിരുന്നു. രഘുവരന്‍ 2008ല്‍ വിടവാങ്ങി. ഇവര്‍ക്ക് ഒരു മകനുണ്ട് ഋഷി. ഇപ്പോള്‍ അവനാണ് തന്റെ ലോകം എന്നാണ് രോഹിണി പറയുന്നത്. ഇപ്പോളിതാ തന്റെ ജീവിതം തുറന്നു പറയുകയാണ് രോഹിണി:
തന്റെ ജീവിതത്തില്‍ ഞാന്‍ എടുത്ത ഏറ്റവും തെറ്റായ ഒരു തീരുമാനം ആയിരുന്നു തന്റെ വിവാഹം. അത് പക്ഷെ വിവാഹ ശേഷം രഘു നന്നാവും എന്ന പ്രതീക്ഷയോടെ ആയിരുന്നു പക്ഷെ അവിടെയാണ് ഞാന്‍ തോറ്റുപോയത് എന്നും രോഹിണി പറയുന്നു .
രഘുവരന്‍ എന്ന നടനെ ഇപ്പോഴും എല്ലാവരും ഓര്‍ക്കുന്നു, അദ്ദേഹത്തിന്റെ സിനിമകളെ വിലയിരുത്തുന്നു അതൊക്കെ കാണുമ്പോള്‍ ഒരുപാട് സന്തോഷം തോന്നാറുണ്ട് എന്നും താരം പറയുന്നു.
ഒരു അഭിനേത്രിയെന്ന നിലയില്‍ എല്ലാ ഭാഷയിലുമുള്ള ആളുകളില്‍ നിന്നും തനിക്ക് സ്നേഹവും ബഹുമാനവും ലഭിച്ചിരുന്നു അത് ജീവിതത്തിലെ നല്ല ഒരു വശമാണ്.
പക്ഷെ ഒരു നടി എന്ന നിലയില്‍ നമ്മുടെ സ്വകാര്യത നഷ്ടപെടുന്നതിലാണ് ഏറെ വിഷമമുള്ളതെന്നും രോഹിണി പറയുന്നു. അദ്ദേത്തിന്റെ അമിതമായ മദ്യപാനം അദ്ദേഹത്തെ രോഗാവസ്ഥയില്‍ എത്തിച്ചു.
തിരുത്താന്‍ താന്‍ എത്ര ശ്രമിച്ചിട്ടും അത് സാധിച്ചില്ല, ഒടുവില്‍ അത് ഞങ്ങളുടെ വേര്‍പിരിയലില്‍ എത്തിച്ചു. 2004 ലാണ് ഡിവോഴ്സ് നടന്നത് അതിനു ശേഷവും അദ്ദേഹം കടുത്ത രീതിയില്‍ മദ്യപാനം തുടര്‍ന്നു.
ആരോഗ്യപരമായി ഒരുപാട് പ്രശ്നങ്ങള്‍ നേരിട്ടിട്ടും, ഡോക്ടര്‍ ഇനി മദ്യപിക്കരുത് എന്ന് പറഞ്ഞിട്ടും രഘു അത് ഉപേക്ഷിക്കാന്‍ തയ്യാറായില്ല.
ഒടുവില്‍ 2008 ല്‍ അദ്ദേഹം വിടപറയുകയായിരുന്നു. രഘു മരിച്ച ദിവസം ഞാന്‍ മകനെ സ്‌കൂളില്‍ നിന്നും വിളിക്കാന്‍ പോയപ്പോള്‍ എല്ലാവരോടും പറഞ്ഞു മീഡിയക്കാരെ അവിടെനിന്നും മാറ്റിനിര്‍ത്തണം മകന്‍ അവന്‍ അത് ആകെ വിഷമാകും എന്ന്.
പക്ഷെ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ലെങ്കിലും തന്റെ പുറകെ പലരും വന്നു കാറില്‍ നിന്നും ഇറങ്ങാന്‍ പോലും സമ്മതിക്കാതെ അവര്‍ ബഹളം ഉണ്ടാക്കി.
ഞാന്‍ ആ സമയത്ത് അവരോടു കരഞ്ഞു പറഞ്ഞു ഞങ്ങള്‍ക്ക് മാത്രമായി അല്പം സമയം തരൂ എന്ന.് പക്ഷെ ആരും കേട്ടില്ല അത് മാനസികമായി മകനെയും ഒരുപാട് വിഷമിപ്പിച്ചു.
അവന് എന്റെയൊപ്പം പുറത്തുവാരാന്‍ പോലും മടിയാണ്, പലരും ഓടിവന്ന് സെല്‍ഫി എടുക്കാന്‍ നോക്കും അതൊന്നും അവന് ഇഷ്ടമല്ല.
ഇപ്പോഴും അത്തരം ഒരു കാര്യങ്ങള്‍ക്കും അവന്‍ വരാറില്ലെന്നും രോഹിണി പറയുന്ന. ഋഷിയെ ഒരു ഹാപ്പി ചൈല്‍ഡ് ആയി വളര്‍ത്താനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതിന് എനിക്കെന്തൊക്കെ ചെയ്യാന്‍ പറ്റുമെന്ന് നോക്കി.
അവന് ഞാന്‍ കുറേ സ്വാതന്ത്ര്യം കൊടുത്തു. എന്ത് വേണമെങ്കിലും എന്റെ അടുത്ത് വന്നു പറയാമെന്നൊരു അവസ്ഥയുണ്ടാക്കി. അങ്ങനെ അവന്‍ കുറേ സംസാരിക്കാനും തുടങ്ങി.
ദേഷ്യമായാലും പിണക്കമായാലും സംസാരിക്കും. ആ കമ്യൂണിക്കേഷന്‍ ജീവിതത്തില്‍ വളരെ പ്രാധാന്യമുള്ളതാണെന്നും രോഹിണി വ്യക്തമാക്കുന്നു.
ബിഗ് ബോസ് മലയാളം സീസണ്‍ മൂന്ന് കഴിഞ്ഞ ദിവസം ആണ് നിര്‍ത്തിവെച്ചത്. ഷോ ഇനി തുടങ്ങുമോ എന്ന കാര്യത്തില്‍ തീരുമാനം വന്നിട്ടില്ല. ലൊക്കേഷനിലെ അണിയറപ്രവര്‍ത്തകര്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ ഒരാളുടെ നില ഗുരുതരം ആണെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി എടുത്തത്. അവസാനം ബിഗ് ബോസിന്റെ 95 എപ്പിസോഡ് ആണ് പുറത്തുവന്നത്. ഇനി രണ്ട് ആഴ്ചകൂടിയെ ഷോ ഉണ്ടായിരുന്നുള്ളു. അതേസമയം മത്സരാര്‍ത്ഥികളെ ഹോട്ടലിലേക്ക് മാറ്റുന്ന വീഡിയോയും ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.
ഇതിനിടെ ഇവിടെ വെച്ചും മത്സരാര്‍ത്ഥികള്‍ തമ്മില്‍ വഴക്കിട്ടു എന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. എന്നാല്‍ ഈ കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല. ഇപ്പോള്‍ ഷോയിലെ ശ്രദ്ധിക്കപ്പെടുന്ന മത്സരാര്‍ത്ഥിയായ റിതു മന്ത്രയുടെ അമ്മയാണ് ഇവരെ വിളിച്ചതിനെക്കുറിച്ച് പറഞ്ഞ് രംഗത്ത് വന്നത്. അവര്‍ സേഫ് ആണെന്ന് റിതുവിന്റെ അമ്മ പറഞ്ഞു. ഇപ്പോള്‍ എല്ലാവരെയും ഹോട്ടലിലേക്ക് മാറ്റി. കുഴപ്പമൊന്നും ഇല്ല. രണ്ട് ദിവസത്തിനുള്ള ഷോയെ സംബന്ധിച്ച കാര്യത്തില്‍ തീരുമാനം അറിയാന്‍ പറ്റുമെന്നും അവര്‍ പറഞ്ഞു.
അതേസമയം ബിഗ് ബോസിലെ പോലെ തന്നെ മത്സരാര്‍ത്ഥികള്‍ പുറത്തേക്ക് ഇറങ്ങിയതിന് ശേഷം വഴക്കിട്ടുവെന്നുള്ള വിവരങ്ങളായിരുന്നു നേരത്തെ പുറത്തുവന്നത്. ഒരു വനിതാമത്സരാര്‍ത്ഥിയുള്‍പ്പടെ 5 പേര്‍ക്ക് പരിക്കേറ്റുവെന്നും ഇവരെ വ്യത്യസ്ത സ്ഥലങ്ങളിലേക്ക് മാറ്റിയെന്നുമൊക്കെയുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. ഇതേക്കുറിച്ചും ഋതു മന്ത്രയുടെ അമ്മ ചോദിച്ചെന്നും എന്നാല്‍ അങ്ങനെ ഒരു കാര്യം തങ്ങള്‍ അറിയില്ലെന്നാണ് പറഞ്ഞതെന്നും താരത്തിന്റെ അമ്മ പറഞ്ഞു.
ബിഗ് ബോസ് അവസാനഘട്ടത്തിലേക്ക് കടക്കവെയാണ് ഷോ നിര്‍ത്തിയത് കഴിഞ്ഞ സീസണും ഇങ്ങനെ തന്നെ കൊവിഡ് രൂക്ഷമായതിന് പിന്നാലെ നിര്‍ത്തിയിരുന്നു. ഇപ്പോഴുള്ള സാഹചര്യത്തില്‍ ഷോ എങ്ങനെ മുന്നോട്ട് കൊണ്ടു പോവും എന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. അതുകൊണ്ട് തന്നെ നിര്‍ത്താനുള്ള സാധ്യതയുണ്ടെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. എന്തായാലും രണ്ട് ദിവസത്തിനുള്ളില്‍ ഈ കാര്യത്തില്‍ തീരുമാനം അറിയാന്‍ കഴിയും എന്ന് തന്നെയാണ് പ്രതീക്ഷ.
യോഗി ആദിത്യ നാഥ് ഭരിക്കുന്ന ഉത്തർ പ്രദേശിൽ സർക്കാറിന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ട് കൈകാര്യം ചെയ്ത യുവാവ് ദുരൂഹ സാഹചര്യത്തിൽ ജീവനൊടുക്കി. മരണത്തിനുത്തരവാദികളായ ചിലരുടെ പേര് ആത്മഹത്യകുറിപ്പിൽ സൂചിപ്പിക്കുന്നുണ്ടെന്നും ഇക്കാര്യം പൊലീസിനെ അറിയിച്ചിട്ട് ഇതുവെര കേസെടുത്തിട്ടില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.
യു.പി ഇൻഫർമേഷൻ വകുപ്പിന് കീഴിലുള്ള സോഷ്യൽ മീഡിയ ടീമംഗമായ പാർത്ഥ് ശ്രീവാസ്തവ (27) ബുധനാഴ്ചയാണ് ലഖ്‌നോവിലെ വസതിയിൽ ആത്മഹത്യ ചെയ്തത്. ചിലരുടെ മാനസിക പീഡനവും സമ്മർദവുമാണ് മരണത്തിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിക്കുന്നു. രണ്ട് മുതിർന്ന ഉദ്യോഗസ്ഥർ മാനസിക പീഡനത്തിന് ഇരയാക്കിയതായാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. സംഭവം നടന്ന് രണ്ട് ദിവസം പിന്നിട്ടിട്ടും അത്തരമൊരു കുറിപ്പ് കണ്ടെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
“യു.പി സർക്കാർ സോഷ്യൽ മീഡിയ ടീമിൽ ജോലി ചെയ്തിരുന്ന എന്‍റെ മോൻ ആത്മഹത്യ ചെയ്തു. ജോലിയുടെ പേരിൽ അവൻ കടുത്ത സമ്മർദം അനുഭവിച്ചിരുന്നു. കോവിഡ് സാഹചര്യത്തിൽ വീട്ടലിരുന്നായിരുന്നു ജോലി. സമ്മർദം കാരണം മിക്കപ്പോഴും ഭക്ഷണം പോലും നേരാംവണ്ണം കഴിച്ചിരുന്നില്ല. ചില ദിവസങ്ങളിൽ വൈകീട്ടാണ് അവൻ പ്രഭാതഭക്ഷണം കഴിച്ചിരുന്നത്. മേലുദ്യോഗസ്ഥരുടെ പീഡനത്തെക്കുറിച്ച് പരാമർശിക്കുന്ന ആത്മഹത്യാക്കുറിപ്പ് ലഭിച്ചിരുന്നു. ആത്മഹത്യാക്കുറിപ്പും ഫോണും പൊലീസ് കൊണ്ടുപോയി. ഞങ്ങൾക്ക് നീതി കിട്ടണം. നീതി നൽകണമെന്ന് ഞങ്ങൾ യോഗിജിയോട് അഭ്യർഥിക്കുന്നു” -പാർത്ഥിന്‍റെ മാതാവ് രമ ശ്രീവാസ്തവ ‘ദ പ്രിന്‍റി’നോട് അമ്മ പറഞ്ഞു.
പാർത്ഥ് ആത്മഹത്യാക്കുറിപ്പ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നുവെന്നും ഇത് വ്യാപകമായി പ്രചരിച്ചിരുന്നുവെന്നും പാർത്ഥിന്‍റെ സഹോദരി ശിവാനി പറഞ്ഞു. എന്നാൽ, പാർത്ഥിന്‍റെ ഫോൺ പിടിച്ചെടുത്ത പൊലീസ് പിന്നീട് ഈ കുറിപ്പ് ട്വിറ്ററിൽനിന്ന് നീക്കം ചെയ്തതായും ശിവാനി ആരോപിച്ചു.
അതേസമയം, പാർത്ഥ് തങ്ങളുടെ ജീവനക്കാരനല്ലെന്ന് യുപി സർക്കാരിന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ കരാർ ഏറ്റെടുത്ത സ്വകാര്യ ഏജൻസിയായ ‘ബെസിൽ’ പറഞ്ഞു. “അദ്ദേഹം ഞങ്ങളുടെ ജീവനക്കാരുടെ പട്ടികയിലില്ല. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരിക്കാം. അദ്ദേഹം ചിലപ്പോൾ ഇൻഫർമേഷൻ ഡയറക്ടറേറ്റ് ടീമുമായിട്ടായിരിക്കും ബന്ധപ്പെട്ടിരിക്കുക” -ബെസിൽ ചീഫ് മാനേജിംഗ് ഡയറക്ടർ ജോർജ് കുരുവിള പറഞ്ഞു.
അമ്മയായ സന്തോഷം പങ്കുവെച്ച് ഇന്ത്യയുടെ അഭിനവ വാനമ്പാടി ശ്രേയ ഘോഷാൽ. ഇന്ന് ഉച്ചയ്ക്ക് തനിക്കും ഭർത്താവും സംരംഭകനുമായ ശൈലാദിത്യ മുഖോപാധ്യായക്കും ആൺ കുഞ്ഞ് പിറന്ന സന്തോഷം ശ്രേയ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ”ഇന്ന് ഉച്ചയ്ക്ക് ദൈവം ഞങ്ങൾക്കൊരു പൊന്ന് ആൺതരിയെ കനിഞ്ഞരുളി. മുമ്പൊരിക്കലും തോന്നാത്ത ഒരു വികാരമാണിത്. ശൈലാദിത്യയ്‌ക്കൊപ്പം ഞാനും കുടുംബവും അതിയായ സന്തോഷത്തിലാണിപ്പോൾ. ഞങ്ങളുടെ ചെറിയ സന്തോഷത്തിന് നിങ്ങൾ നൽകിയ അതിരറ്റ അനുഗ്രഹങ്ങൾക്കു നന്ദി” -ശ്രേയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ദീർഘകാലത്തെ പ്രണയത്തിനുശേഷം 2015 ഫെബ്രുവരിയിലായിരുന്നു ശ്രേയയുടെയും ശൈലാദിത്യയുടെയും വിവാഹം. കഴിഞ്ഞ മാർച്ച് നാലിനാണ് ഗർഭിണിയാണെന്ന വിവരം ശ്രേയ പുറത്തുവിട്ടത്. ചലച്ചിത്ര, സംഗീതരംഗത്തുനിന്ന് നിരവധി പേർ ദമ്പതികൾക്ക് അനുമോദനമർപ്പിച്ചിട്ടുണ്ട്. ഗായിക നീതി മോഹൻ, ഗായകനും സംഗീത സംവിധായകനുമായ ശേഖർ രാവ്ജിയാനി, ഗായകൻ രാജ് പന്ദിത് തുടങ്ങിയവരെല്ലാം സമൂഹമാധ്യമങ്ങളിലൂടെ അനുമോദനമറിയിച്ചു.
മുൻ ജൂനിയർ ദേശീയ ഗുസ്തി ചാമ്പ്യൻ സാഗർ റാണയുടെ കൊലപാതക കേസിൽ ഒളിവിലായിരുന്ന ഒളിമ്പിക്സ് മെഡൽ ജേതാവ് സുശീൽ കുമാർ അറസ്റ്റിൽ. പഞ്ചാബിൽ നിന്നാണ് താരം അറസ്റ്റിലായതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം സുശീൽ കുമാർ ഉത്തർപ്രദേശിലെ മീററ്റിലുള്ള ടോൾപ്ലാസയിൽ കാറിൽ സഞ്ചരിക്കുന്ന ചിത്രം മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് അറസ്റ്റ്.
മേയ് നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. 23കാരനായ സാഗര്‍ ധന്‍ഖഡ് എന്ന സാഗര്‍ റാണയെ സ്റ്റേഡിയത്തിെൻറ പാര്‍ക്കിങ് ഏരിയയില്‍ വെച്ച് മര്‍ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. മറ്റു ഗുസ്തിക്കാര്‍ക്ക് മുന്നില്‍ മോശമായി പെരുമാറിയതിന് സുശീല്‍ കുമാറും കൂട്ടാളികളും മോഡല്‍ ടൗണിലെ വീട്ടില്‍നിന്നും സാഗറിനെ പിടിച്ചുകൊണ്ടുവരികയായിരുന്നെന്നാണ് പൊലീസിന് ലഭിച്ച മൊഴി.
സുശീല്‍ കുമാറിനെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഡൽഹി കോടതി സുശീൽ കുമാറിനും മറ്റ് ഒമ്പത് പേർക്കുമെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയും, സുശീല്‍ കുമാറിെൻറ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയും ചെയ്തിരുന്നു. ഒളിവിൽ പോയ സുശീൽ കുമാർ ആദ്യം ഹരിദ്വാറിലേക്കും പിന്നീട് ഋഷികേശിലേക്കും തുടർന്ന് ഡല്‍ഹിയില്‍ തിരിച്ചെത്തി ഹരിയാനയിലെ വിവിധയിടങ്ങളില്‍ കഴിയുകയാണെന്നും സൂചന ലഭിച്ചിരുന്നു. ഇതേതുടർന്ന്, പൊലീസ് ലുക്ക് ഒൗട്ട് നോട്ടീസും ഇറക്കിയും വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചും തകൃതിയായ അന്വേഷണമാണ് നടത്തിയത്.