കോവിഡ് രോഗം ബാധിച്ചതോടെ മുമ്പ് കോവിഡിനെ നിസാരമാക്കി പുച്ഛിച്ചതൊക്കെ തിരുത്തി ബോളിവുഡ് നടി കങ്കണ റണൗത്ത്. കോവിഡ് ഒരു ജലദോഷപ്പനിയായിട്ടാണ് ആദ്യം തനിക്ക് അനുഭവപ്പെട്ടതെന്നും എന്നാൽ രോഗം ഭേദമായതിന് ശേഷം നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ടായെന്നും കങ്കണ പറഞ്ഞു. സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് കങ്കണയുടെ തുറന്ന് പറച്ചിൽ.
ജലദോഷപ്പനി പോലെയാണ് കോവിഡ് തനിക്ക് അനുഭവപ്പെട്ടതെന്നും എന്നാൽ രോഗം ഭേദമാകുന്ന സമയത്ത് ഇതുവരെ അനുഭവിക്കാത്തതൊക്കെ തനിക്ക് വന്നുവെന്നും കങ്കണ പറയുന്നു. കോവിഡിന്റെ കാര്യത്തിൽ രോഗമുക്തിയ്ക്ക് ശേഷമാണ് നിരവധി ആരോഗ്യപ്രശ്‌നങ്ങൾ നമ്മളെ തേടിവരികയെന്നും അങ്ങനെയാണ് തനിക്ക് അനുഭവപ്പെട്ടതെന്നും കങ്കണ വീഡിയോയിൽ പറയുന്നുണ്ട്. കോവിഡ് രോഗികൾക്ക് എതിരേയും കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളേയും അവഹേളിക്കുന്ന തരത്തിൽ നിരവധി പ്രസ്താവനകൾ നടത്തിയ കങ്കണയുടെ തുറന്നുപറച്ചിലും ഇപ്പോൾ ചർച്ചയാവുകയാണ്.
‘കോവിഡ് രോഗം ഭേദമായതിനെക്കുറിച്ച് സംസാരിക്കാനാണ് ഞാൻ ഇന്ന് നിങ്ങൾക്കു മുന്നിൽ എത്തിയത്. ഒരു ജലദോഷപ്പനി. അതാണ് കൊറോണ എന്നായിരുന്നു എനിക്ക് തോന്നിയത്. എന്നാൽ രോഗം ഭേദമാകുന്ന ഘട്ടത്തിൽ എനിക്കുണ്ടായ അനുഭവങ്ങൾ ആ ധാരണ തിരുത്തി. ഇതിനു മുമ്പ് സംഭവിക്കാത്ത പലതും എന്റെ ശരീരത്തെ ബാധിച്ചു. ഏതെങ്കിലും രോഗം നമ്മുടെ ശരീരത്തെ ബാധിച്ചാൽ അവയ്‌ക്കൊക്കെ രോഗമുക്തി വളരെ എളുപ്പം സാധിക്കും എന്നാൽ കൊറോണയുടെ കാര്യത്തിൽ നേരെ തിരിച്ചാണ് നടക്കുക.’
രോഗം ഭേദമാകുന്ന സമയം ഏറെ ശ്രദ്ധിക്കണമെന്നും വൈറസ് ശരീരത്തെ തളർത്തുന്ന സമയമാണ് അതെന്നും കങ്കണ വീഡിയോയിൽ പറയുന്നു.
‘രോഗം ഭേദമായി എന്ന് വൈറസ് നമ്മുടെ ശരീരത്തെ പറഞ്ഞു വിശ്വസിപ്പിക്കും. ആ ബോധത്തോടെ നമ്മൾ പ്രവർത്തിക്കുമ്പോൾ കഠിനമായ ക്ഷീണവും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകും. എനിക്ക് രോഗം ഭേദമായ ശേഷവും ജലദോഷവും പനിയും തൊണ്ട വേദനയും വന്നിരുന്നു. രണ്ടു മൂന്നു തവണ ഇതാവർത്തിക്കുകയും ചെയ്തു.’-കങ്കണ വീഡിയോയിലൂടെ വെളിപ്പെടുത്തുന്നു.
കേരളം വീണ്ടും ഒന്നാമതായി കുതിപ്പ് തുടരുകയാണ്. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സ്‌കൂള്‍ വിദ്യാഭ്യാസരംഗത്ത് പരിവര്‍ത്തനപരമായ മാറ്റത്തിന് ഉത്തേജനം നല്‍കുന്നതിന് ലക്ഷ്യമിടുന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ 2019–20 ലെ പെര്‍ഫോമന്‍സ് ഗ്രേഡിങ് സൂചികയിലാണ് (പിജിഐ) കേരളം വീണ്ടും രാജ്യത്ത് ഒന്നാംസ്ഥാനത്ത് എത്തിയത്.
70 മാനദണ്ഡങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രകടന വിലയിരുത്തല്‍ സൂചികയില്‍ 901 പോയന്റ് നേടിയാണ് കേരളം ഒന്നാമതെത്തിയത്. കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനം നേടുമ്പോള്‍ കേരളത്തിന് 862 പോയന്റായിരുന്നു. കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന്റെ പ്രാപ്ത്യത, പൊതുവിദ്യാഭ്യാസ മേഖലയിലെ ഭരണനിര്‍വഹണം.
വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ, ഫലപ്രാപ്തി എന്നിവയില്‍ കേരളത്തിന്റെ മികച്ച പ്രകടനമാണ് രാജ്യത്തെ പൊതുവിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങളില്‍ കേരളത്തെ വീണ്ടും ഒന്നാമതെത്തിച്ചത്. പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികളെ ആകര്‍ഷകിക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങളും സമഗ്രശിക്ഷാ കേരള (എസ്എസ്‌കെ) വഴി നടത്തിയ പ്രവര്‍ത്തനങ്ങളുമാണ് മികവിന്റെ സൂചികയില്‍ ഏറ്റവും ഉയര്‍ന്ന ഗ്രേഡായ എ ++ നേടാന്‍ കേരളത്തിന് തുണയായത്.
രാജ്യത്ത് പലയിടത്തും ഇന്ധനവില സെഞ്ച്വറി അടിച്ചിരുന്നുവെങ്കിലും കേരളം 100 തൊട്ടിരുന്നില്ല. ഇപ്പോള്‍ കേരളവും ഇന്ധനവിലയില്‍ സെഞ്ച്വറി അടിച്ചിരിക്കുകയാണ്. ഇന്നും തുടര്‍ച്ചയ.ായി വില വര്‍ധിച്ചതോടെ തിരുവനന്തപുരത്ത് പ്രീമിയം പെട്രോളിന് നൂറുരൂപ കടന്നു. 100.20 രൂപയാണ് ഒരു ലിറ്റര്‍ പ്രീമിയം പെട്രോളിന് തിരുവനന്തപുരത്ത് വില.
വയനാട് ബത്തേരിയില്‍ എക്സ്ട്രാ പ്രീമിയം പെട്രോളിന് വില 100.24 ആയി. അടിമാലിയില്‍ എക്സ്ട്രാ പ്രീമിയം പെട്രോളിന് വില 100.40 രൂപയായി അതേസമയം സാധാരണ പെട്രോളിനും ഡീസലിനും ലിറ്ററിന് 28 പൈസ വീതം വര്‍ധിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 97.38 രൂപയും ഡീസല്‍ സലിറ്ററിന് 92.31 രൂപയുമെത്തി. കൊച്ചിയില്‍ പെട്രോളിന് 95.43 രൂപയും ഡീസലിന് 91.88 രൂപയുമായി. കോഴിക്കോട്ട് പെട്രോള്‍ ലിറ്ററിന് 95.68 രൂപയും ഡീസലിന് 91.03 രൂപയുമാണ്. താമസിയാതെ സാധാരണ പെട്രോളും സെഞ്ച്വറി അടിക്കുമെന്നതില്‍ സംശയമില്ല.
കോഴിക്കോട്: 2021ലെ ഹജ്ജ് കർമത്തിന് അപേക്ഷ സമർപ്പിച്ച് ഒന്നാം ഡോസ് വാക്‌സിൻ എടുത്ത് 28 ദിവസം പൂർത്തിയായ 60 വയസ്സിന് താഴെയുള്ള രണ്ടാം ഡോസ് വാക്‌സിൻ എടുക്കാത്തവർ, രണ്ടാം ഡോസ് വാക്‌സിൻ ലഭിക്കുന്നതിന് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ https://covid19.kerala.gov.in/vaccine/ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം. അതുപ്രകാരം ലഭിക്കുന്ന നിർദേശപ്രകാരം ഹജ്ജ് തീർഥാടകർ വാക്‌സിനേഷൻ സ്വീകരിക്കേണ്ടതും ശേഷം https://covid19.kerala.gov.in/vaccine/index.php/Certificate സൈറ്റിൽ നിന്നും വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്ത് ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യേണ്ടതാണ്.
രജിസ്ട്രേഷൻ സമയത്ത് പാസ്പോർട്ട് (ഒന്നാം പേജും ലാസ്റ്റ് പേജും ഒന്നിച്ച് ഒരു പേജിലാക്കിയത്), ഹജ്ജ് ആപ്ലിക്കേഷൻ ഫോം, ഒന്നാം ഡോസ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ്, നേരത്തെ COWIN ആപ്പിൽ നൽകിയ തിരിച്ചറിയൽ രേഖ എന്നീ നാലു രേഖകളുടെ (JPEG/JPG/PDF ഫോർമാറ്റിൽ 500 KB യിൽ കൂടാത്ത) സോഫ്റ്റ് കോപ്പി സൈറ്റിൽ അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഒന്നാം ഡോസ് സ്വീകരിച്ചവർക്ക് രണ്ടാം ഡോസ് വാക്സിൻ എടുക്കുന്നതിനുള്ള ഇടവേള 4 -6 ആഴ്ചയായി ചുരുക്കി ക്രമീകരിക്കുന്നതിനും ഹജ്ജ് അപേക്ഷകരെ മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിനും കോവിഡ് സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നമ്പർ ചേർക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ഹജ്കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഹജ്ജ് തീർഥാടകരെ മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു.
ഇന്ത്യയുടെ കൊവിഷീൽഡ് വാക്‌സിൻ സൗദി അംഗീകരിച്ച അസ്ട്രസെനിക്ക വാക്‌സിന് തുല്യമാണെന്ന് സൗദി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ കൊവിഷീൽഡ് വാക്‌സിൻ എടുത്തവർക്ക് സൗദിയിൽ ഇനി ക്വാറന്റൈനിൽ കഴിയേണ്ടിവരില്ല.
കൊവിഷീൽഡ് നിർമിക്കുന്നത് അസ്ട്ര സെനിക്കയാണെങ്കിലും സൗദി ഇതുവരെ അസ്ട്ര സെനിക്ക എന്ന പേരിൽ തന്നെയാണ് വാക്‌സിൻ പരിഗണിച്ചിരുന്നത്. ഇന്ത്യയിൽ നിന്ന് വരുന്നവരുടെ സർട്ടിഫിക്കറ്റിൽ കൊവിഷീൽഡ് എന്ന് രേഖപ്പെടുത്തുന്നതിനാൽ ഇത് സൗദിയിൽ ആശയക്കുഴപ്പത്തിന് ഇടയാക്കിയിരുന്നു.
സൗദി അറേബ്യ ക്വാറന്റൈൻ മാനദണ്ഡങ്ങളിൽ കഴിഞ്ഞ ദിവസം മാറ്റം വരുത്തിയിരുന്നു. സൗദി അംഗീകരിച്ച കൊറോണ വാക്‌സിൻ സ്വീകരിച്ചവർക്ക് സൗദിയിൽ പ്രവേശിക്കുമ്പോൾ ക്വാറന്റൈൻ ഒഴിവാക്കിയതായിരുന്നു മാറ്റം. രണ്ട് ഡോസ് വാക്‌സിൻ എടുത്ത സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്കാണ് ക്വാറന്റൈൻ ഇളവ് അനുവദിച്ചിരുന്നത്.
ഫൈസർ, മൊഡേണ, ജോൺസണൺ ആൻഡ് ജോൺസൻ എന്നിവയാണ് സൗദി അംഗീകരിച്ച മറ്റു വാക്‌സിനുകൾ. ഇന്ത്യയിൽ വ്യാപകമായി വാക്‌സിനേറ്റ് ചെയ്യുന്ന കൊവിഷീൽഡിന് ഇതുവരെ സൗദിയിൽ അംഗീകാരം ഇല്ലാതിരുന്നത് പ്രവാസികളെ ഏറെ പ്രതിസന്ധിയിലാഴ്ത്തിയിരുന്നു.
ഡോക്ടർ എ. സി. രാജീവ് കുമാർ
പഴഞ്ചൊല്ലുകളും പഴമ്പുരാണങ്ങളും പാഴെന്നു കരുതുന്ന പുതിയ തലമുറയ്ക്ക് ആചാര അനുഷ്ടാനങ്ങളുടെ ഭാഗമായ മുൻകാല ഭക്ഷ്യ വിഭവങ്ങൾ ഏതെല്ലാം എന്നും അവയുടെ ആരോഗ്യ രക്ഷയിലെ പങ്കും മനസ്സിലാക്കാൻ ഇടയാകട്ടെ. ആഹാര സംബന്ധിയായ മുന്നറിവുകൾ പലതും ഇന്ന് ശാസ്ത്രീയമായി അംഗീകരിക്കുന്ന നിലയിൽ വന്നിട്ടുണ്ട്. ജലദോഷം മുതൽ വാത രോഗവും സന്ധിവേദനയും വരെ ജീവിത ശൈലീ രോഗം എന്ന് അംഗീകരിക്കുന്നു.
രോഗാതുരത ഏറിയ തണുപ്പും ഈർപ്പവും കലർന്ന കർക്കിടക മാസക്കാലത്ത് രോഗഭീതി കുറച്ച് ആരോഗ്യ ശേഷി നിലനിർത്തുക എന്നതിൽ ഉപരി രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാൻ ഇടയാക്കുന്ന ആഹാരം ആണ് വേണ്ടത്.
താള് ,തകര, തഴുതാമ, ചെമ്പ്, പയറില, ചേനത്തണ്ട്, മത്തൻ, കൊടിത്തൂവ ചീര എന്നിവ ആണ് പത്തിലക്കറി യിൽ ഉള്ളവ. ദേശാഭേദം മൂലം ചില ഇലകൾക്ക് മാറ്റം വരാം. മുള്ളൻ ചീര കീഴാർ നെല്ലി വെള്ളരി ആനച്ചൊറിതണം എന്നിവ ഉൾപ്പെടുത്തിയും കാണാം. ശാസ്ത്രീയ പഠനങ്ങൾ ഇവയുടെ ഗുണങ്ങൾ അപഗ്രഥനം ചെയ്തിട്ടുണ്ട്. ജീവകങ്ങളുടെ കലവറ എന്നതും ഫോളിക് ആസിഡുകൾ നാരുകൾ ആന്റിഒക്സിഡന്റുകൾ ഒട്ടനവധി ധാതു ലവണങ്ങൾ എന്നിവ ഈ പത്തിലക്കറി സംയുക്തത്തിൽ ഉണ്ട്. എല്ലാം കൂടി ആകുമ്പോൾ ക്യാൻസർ പ്രതിരോധം വരെ ഉള്ള ഗുണം പത്തിലക്കറിയിൽ ഉള്ളതായി കരുതുന്നു.
ദശപുഷ്പം
കറുക, കയ്യോന്നി, മുക്കുറ്റി, കൃഷ്ണക്രാന്തി, തിരുതാളി, ചെറൂള, നിലപ്പന, മുയൽചെവിയൻ, വള്ളിയുഴിഞ്ഞ പൂവാംകുറുന്തൽ എന്നീ ദശപുഷ്പങ്ങൾ നമ്മുടെ നാട്ടിൽ സർവ്വ സാധാരണയായി കണ്ടിരുന്നു. ഇന്ന് പലപ്പോഴും ഇവ എല്ലാം കൂടെ കാണാറില്ല. ഈ പത്തു ചെടികളും വ്യത്യസ്തങ്ങളായ നിലയിൽ ശരീരത്തിന് ഏറെ ഗുണഫലങ്ങൾ നൽകുന്നവയാണ്. കറുകയും മുക്കുറ്റിയും ക്യാൻസർ പ്രതിരോധമായും ശമനത്തിനും ഉപയോഗിച്ച് വരുന്നു. കയ്യോന്നിയും വള്ളിയുഴിഞ്ഞയും കേശ പരിചരണത്തിനും മുയൽചെവിയൻ പൂവാംകുറുന്തൽ തൊണ്ടവേദന ജലദോഷം കണ്ണിന്റെ രക്ഷ എന്നിവക്കും ഉപയോഗിച്ച് വരുന്നു. മൂത്രാശയ കല്ലിനും സ്ത്രീ രോഗങ്ങൾക്കും ചെറൂള ഉപയോഗിക്കുന്നു. നിലപ്പന രസായന ഗുണമുള്ളതാണ്.
ഏട്ടങ്ങാടി
കാച്ചിൽ കൂർക്ക ചേന ഏത്തക്കായ ചെറുകിഴങ്ങ് ചെറുപയർ വൻപയർ മുതിര എന്നിവ കൊണ്ടുള്ള പുഴുക്ക്, തിരുവാതിര നാളിൽ പ്രശസ്തമാണ്. ഹോർമോൺ സന്തുലിതാവസ്ഥക്ക് സഹായിക്കുന്ന ഒരു വിഭവമായി കരുതാം. കിഴങ്ങുകളും കായും ചതുരത്തിൽ അരിഞ്ഞു വേവിച്ചതും പയർവർഗങ്ങൾ വറത്തു തൊലി നീക്കിയും, ഉരുളിയിൽ തിളപ്പിച്ച് പാനിയാക്കിയ ശർക്കരയിൽ ചേർത്ത് യോജിപ്പിച്ചു തയ്യാറാക്കുന്ന ഒരു രീതിയും ഉണ്ട്.

ഡോക്ടർ എ. സി. രാജീവ് കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ് കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്. മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് . ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.
രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ മത്സരമുണ്ടെന്ന് എന്നതിനെ കുക്കുറിച്ചു അനുഭവം തനിക്കും ഉണ്ടായിട്ടുണ്ടെന്നും സംവിധായകന്‍ സാജന്‍. സൂപ്പര്‍ സ്റ്റാറുകള്‍ ഒരുമിച്ച് അഭിനയിക്കുമ്പോള്‍ തന്നേക്കാള്‍ പ്രാധാന്യം ഉള്ള റോള്‍ മറ്റേയാള്‍ക്കാണോ എന്നൊക്കെ തോന്നുക സ്വാഭാവികമാണെന്നും സാജന്‍ പറയുന്നു.
ഇരുവരെയും താന്‍ സംവിധാനം ചെയ്ത ഗീതം എന്ന ചിത്രത്തിനിടെയുണ്ടായ ചില സംഭവങ്ങളും സാജന്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മമ്മൂട്ടി പറഞ്ഞതുപ്രകാരം ചിത്രത്തിലെ ഡയലോഗ് മാറ്റേണ്ടി വന്നതിനെ കുറിച്ചും അതിന്റെ പേരില്‍ മോഹന്‍ലാലിനെ തുടര്‍ന്നുള്ള ചിത്രങ്ങളില്‍ തനിക്ക് നഷ്ടപ്പെട്ടതിനെ കുറിച്ചുമാണ് സാജന്‍ അഭിമുഖത്തില്‍ പറഞ്ഞത്.
‘മമ്മൂട്ടിയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടി ഗീത ഡബിള്‍ റോളിലാണ് എത്തുന്നത്.
അതിൽ ഒരു ഗീത മമ്മൂട്ടിയുടെ യതീന്ദ്രന്‍ എന്ന കഥാപാത്രം ചെയ്യുന്ന നാടകസമിതിയിലെ അസിസ്റ്റന്റ് ഡയറക്ടറാണ്. മറ്റേ ഗീത അച്ഛനോടൊപ്പം താമസിക്കുന്ന ഒരു കുടുംബ പെണ്‍കുട്ടിയാണ്. പ്രസവത്തോടെ ഗീത മരിച്ചു പോകുമ്പോള്‍ ആ കുട്ടിയുടെ രക്ഷകര്‍തൃത്വം മമ്മൂട്ടിയുടെ കഥാപാത്രം ഏറ്റെടുക്കുന്നു. യഥാര്‍ത്ഥത്തില്‍ അവള്‍ ഗര്‍ഭിണിയായിരുന്നപ്പോള്‍ നാടുവിട്ടുപോയ മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ കുട്ടിയാണ് അത്.
അയാള്‍ ഇപ്പോള്‍ സമ്പന്നനായിട്ട് അമേരിക്കയില്‍ നിന്ന് തിരിച്ചു വരുമ്പോള്‍ കുട്ടിയെ ആവശ്യപ്പെടുന്നതും എന്നാല്‍ മമ്മൂട്ടിയുടെ കഥാപാത്രം കുട്ടിയെ കൊടുക്കാന്‍ തയ്യാറാകാത്തതുമാണ് കഥ. അതാണ് സംഭവം.
ചിത്രത്തില്‍ മോഹന്‍ലാലിന് ഗസ്റ്റ് വേഷമാണ്. എന്നാല്‍ കഥാപാത്രത്തിന്റെ പ്രാധാന്യം മനസിലായതു കൊണ്ട് പുള്ളിക്കാരന്‍ അഭിനയിക്കാന്‍ സമ്മതിച്ചതാണ്. എന്നാല്‍ അതില്‍ ചില സമയത്ത് ചില ഡയലോഗുകളൊക്കെ പറയാന്‍ മമ്മൂട്ടിക്ക് വിഷമം തോന്നി. ഡബ്ബിംഗിന് വന്നപ്പോള്‍ മോഹന്‍ലാല്‍ എന്നോട് ചോദിച്ചു ‘ആ ഡയലോഗ് ഉണ്ടായിരുന്നല്ലോ, ആ ഡയലോഗ് എവിടെ’ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു അത് കട്ടു ചെയ്തു. എന്തിന് കട്ട് ചെയ്‌തെന്നായി ലാല്‍. അത് വേണ്ട, ഞാന്‍ പറഞ്ഞു.
ഓഹോ അത് വേണ്ടല്ലേ. ശരി ഓക്കെ ഓക്കെ. ആ പറച്ചിലിലൂടെ അദ്ദേഹത്തിന്റെ മനസിന് മുറിവേറ്റെന്ന് എനിക്ക് മനസിലായി. യഥാര്‍ത്ഥത്തില്‍ മമ്മൂട്ടി പറഞ്ഞിട്ട് ഡയലോഗ് മാറ്റേണ്ടി വന്നതാണ്. എസ്.എന്‍ സ്വാമിക്കും അതറിയാം.
ഇത് മോഹന്‍ലാലിന് മനസില്‍ വിഷമമുണ്ടാക്കിയെന്ന് എനിക്ക് നന്നായി അറിയാം. പക്ഷേ അദ്ദേഹം വളരെ ഡിപ്ലോമാറ്റിക് ആയിട്ട് അത് കൈകാര്യം ചെയ്തത്. പോകുമ്പോള്‍ എല്ലാം കഴിഞ്ഞല്ലോ അല്ലേ എന്ന് മോഹന്‍ലാല്‍ ചോദിച്ചു. ശരി ഇനി നമ്മള്‍ തമ്മില്‍ കാണില്ല കേട്ടോ എന്നൊരു വാക്കും അദ്ദേഹം പറഞ്ഞു.
സിനിമ-സീരിയല്‍ താരം അഞ്ജു അരവിന്ദ് പങ്കുവച്ച പോസ്റ്റ് ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മോശം കമന്റുമായെത്തിയ വിമര്‍ശകന് കുറിക്കു കൊള്ളുന്ന മറുപടി കൊടുത്തതിന്റെ സ്‌ക്രീന്‍ ഷോട്ടാണ് താരം പങ്കുവച്ചിരിക്കുന്നത്.
ഫൂഡി ബഡ്ഡി അഞ്ജു അരവിന്ദ് എന്ന താരത്തിന്റെ യൂട്യൂബ് പേജിലാണ് മോശം കമന്റ് എത്തിയത്. ”സൂപ്പര്‍ ചരക്ക് ക്യാഷ് മുടക്കിയാലും നഷ്ടം വരാനില്ല” എന്നാണ് കമന്റ്. ”അതേ സുഹൃത്തേ, നിങ്ങളുടെ അമ്മയേയും പെങ്ങളെയും പോലെ സൂപ്പര്‍ ചരക്കു തന്നെയാണ് ഞാനും” എന്നാണ് അഞ്ജുവിന്റെ മറുപടി.
”കഷ്ടം… ഓരോരുത്തരുടെയും കാഴ്ചപ്പാട്…. ന്തായാലും നല്ല റിപ്ലൈ കൊടുക്കാന്‍ സാധിച്ചു” എന്ന കുറിപ്പോടെയാണ് അഞ്ജു സ്‌ക്രീന്‍ ഷോട്ട് പങ്കു വച്ചിരിക്കുന്നത്. താരത്തിന് കൈയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ. കലക്കന്‍ റിപ്ലൈ എന്ന കമന്റോടെ താരത്തെ പിന്തുണയ്ക്കുകയാണ് ആരാധകര്‍.
1995ല്‍ അക്ഷരം എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ അഞ്ജു അരവിന്ദ് ഇപ്പോള്‍ തന്റെ യൂട്യൂബ് ചാനലുമായി മുന്നോട്ടു പോവുകയാണ്. നിരവധി സിനിമകളിലും സീരിയലുകളിലും അഞ്ജു വേഷമിട്ടിട്ടുണ്ട്.
View this post on Instagram
ശക്തമായ പ്രതിഷേധത്തെത്തുടർന്ന് ഡല്‍ഹിയിലെ ജിബി പന്ത് ആശുപത്രിയിൽ നഴ്സുമാർ മലയാളം സംസാരിക്കുന്നതിന് വിലക്കേർപ്പെടുത്തിയ ഉത്തരവ് പിൻവലിച്ചു. മലയാളം വിലക്കിയത് വൻ വിവാദമായ സാഹചര്യത്തിലാണ് ഉത്തരവ് പിൻവലിച്ച് ആശുപത്രി തടിയൂരിയത്. മലയാളം വിലക്കിക്കൊണ്ടുള്ള സർക്കുലർ ഇറക്കിയത് തങ്ങളുടെ അറിവോടെ അല്ലായിരുന്നെന്ന് ആശുപത്രി അഡ്മിനിസ്ട്രേഷൻ പ്രതികരിച്ചു. മലയാളം വിലക്ക് ഉത്തരവ് പിൻവലിക്കണമെന്ന് ഡൽഹി സർക്കാരും ആവശ്യപ്പെട്ടിരുന്നു.
ജോലി സമയത്ത് നഴ്സുമാർ ഹിന്ദി, ഇംഗ്ലീഷ് ഭാഷ മാത്രമേ സംസാരിക്കാവൂ എന്നും മലയാളത്തില്‍ സംസാരിച്ചാല്‍ ശിക്ഷാനടപടി നേരിടേണ്ടിവരുമെന്നുമാണ് ആശുപത്രിയിലെ നഴ്സിംഗ് സൂപ്രണ്ട് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്. രോഗികൾക്കും സഹപ്രവർത്തകർക്കും മലയാളം സംസാരിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് പരാതി ലഭിച്ചതിനെ തുടർന്നാണ് നടപടിയെന്നാണ് സർക്കുലറിൽ വിശദീകരണം.
ജിബി പന്ത് ആശുപത്രിയിലെ നഴ്സുമാരിൽ 60 ശതമാനവും മലയാളികളാണ്. മലയാളി നഴ്സുമാരോട് സൂപ്രണ്ടിനുള്ള വിരോധമാണ് നീക്കത്തിനു പിന്നിലെന്നാണ് നടപടിയോട് മലയാളി നഴ്സുമാർ പ്രതികരിച്ചത്. നടപടി വൻ വിവാദമാകുകയും സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. ഹാഷ് ടാഗുകളുമായി നിരവധി പേർ പോസ്റ്റ് ഇടുകയും ആശുപത്രിയുടെ ഔദ്യോഗിക പേജിൽ കമന്റ് ഇടുകയും ചെയ്തിരുന്നു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ളവർ മലയാളം വിലക്കിയ നടപടിക്കെതിരെ രംഗത്തെത്തിയിരുന്നു. ഇന്ത്യയിലെ മറ്റ് ഭാഷകളെ പോലെ ഒന്നാണ് മലയാളം, വിവേചനം അവസാനിപ്പിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടിരുന്നു.