എൽഡിഎഫ് സ്ഥാനാർഥിത്വത്തിൽ പിറവത്തും പ്രതിഷേധം. പിറവം സീറ്റ് പ്രതീക്ഷിച്ചിരുന്ന ജില്‍സ് പെരിയപ്പുറം കേരള കോണ്‍ഗ്രസ് വിട്ടു. ജോസ് കെ.മാണി സീറ്റ് കച്ചവടം നടത്തിയെന്ന് ജില്‍സ് പെരിയപ്പുറം ആരോപിച്ചു. യൂത്ത് ഫ്രണ്ട് എം സംസ്ഥാന വൈസ് പ്രസിഡന്റാണ് ജില്‍സ്. സിന്ധുമോൾ ജേക്കബാണ് എൽഡിഎഫ് സ്ഥാനാർഥി. ഇവര്‍ സിപിഎം അംഗവും നിലവില്‍ ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗവും ആണ്.
പിറവത്ത് രണ്ടില ചിഹ്നത്തിൽ തന്നെ മല്‍സരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി സിന്ധുമോൾ ജേക്കബ് പറഞ്ഞു. പേയ്മെന്‍റ സീറ്റെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് സിന്ധുമോള്‍ പറഞ്ഞു. നേരത്തെ പിറവത്ത് ജില്‍സ് പെരിയപുറം സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച് പ്രചാരണം തുടങ്ങിയിരുന്നു. ഇതിനിടെയാണ് ജില്‍സിനെ ഒഴിവാക്കി കടുത്തുരുത്തിയിലേക്ക് പരിഗണിച്ചിരുന്ന സിന്ധുമോളെ പിറവത്ത് സ്ഥാനാര്‍ഥിയാക്കിയത്.
രാജ്യവ്യാപക ബന്ദിന് ആഹ്വാനം ചെയ്ത് കര്‍ഷക സംഘടനകള്‍. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന സമരം നാല് മാസം പൂര്‍ത്തിയാകുന്ന 26നാണ് ബന്ദിന് ആഹ്വാനം. രാജ്യത്തെ മറ്റിടങ്ങളിലേക്ക് കര്‍ഷക സമരം വ്യാപിക്കുന്നതിന്റെയും പിന്തുണ ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് നീക്കം. വിവിധ കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാന്‍ മോര്‍ച്ചയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
തണുപ്പുകാലം പിന്നിട്ടതോടെ സമരം വീണ്ടും ശക്തിപ്പെടുത്താനാണ് കര്‍ഷകരുടെ നീക്കം. നാട്ടിലേക്ക് മടങ്ങിപ്പോയ കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് തിരിച്ചെത്തുമെന്ന് കര്‍ഷക നേതാക്കള്‍ അറിയിച്ചു. സമാധാനപരമായ രീതിയില്‍ കൂടുതല്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പുകളാണ് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്നത്. വിവാദ നിയമങ്ങള്‍ പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും കര്‍ഷകര്‍ വ്യക്തമാക്കി.
കഴിഞ്ഞ ഡിസംബര്‍ എട്ടിനും കര്‍ഷക സംഘടനകള്‍ രാജ്യവ്യാപകമായ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. ഇടത് പാര്‍ട്ടികള്‍ക്കൊപ്പം, കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍ജെഡി തുടങ്ങിയ പാര്‍ട്ടികള്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
നേമത്ത് മത്സരിക്കണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം തള്ളി ഉമ്മന്‍ചാണ്ടി. പുതുപ്പള്ളി ഇല്ലെങ്കില്‍ മത്സരിക്കാനില്ലെന്നാണ് തീരുമാനമെന്നും ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിനെ അറിയിച്ചു. രമേശ് ചെന്നിത്തലയോ കെ. മുരളീധരനോ നേമത്ത് മത്സരിക്കുന്നതില്‍ തനിക്ക് എതിര്‍പ്പ് ഇല്ലെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. കെ. ബാബു അടക്കം താന്‍ നിര്‍ദ്ദേശിച്ചവരെല്ലാം വിജയസാധ്യതയുള്ളവരാണെന്നാണ് ഉമ്മന്‍ചാണ്ടിയുടെ കടുംപിടുത്തം.
ബിജെപിക്ക് എതിരെയുള്ള പോരാട്ടത്തിന് സംസ്ഥാന വ്യാപകമായി ശക്തി പകരാന്‍ ഉമ്മന്‍ചാണ്ടിയോ കെ. മുരളീധരനോ നേമത്ത് നിന്ന് മത്സരിക്കണമെന്നാണ് ഹൈക്കമാന്‍ഡ് പറഞ്ഞിരുന്നത്. എന്നാല്‍ ഇതിന് ഉമ്മന്‍ചാണ്ടി തയാറല്ല. പുതുപ്പള്ളിയില്‍ അല്ലാതെ മത്സരിക്കാന്‍ തയാറല്ലെന്നാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാട്.
ബി.ജെ.പി. ശക്തിപ്രാപിച്ച തിരുവനന്തപുരത്തെ നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥിനിര്‍ണയം കീറാമുട്ടിയായിരിക്കുകയാണ്. എം.പി.മാര്‍ മത്സരിക്കേണ്ടെന്ന മുന്‍ നിലപാടില്‍നിന്നുമാറി നേമത്ത് കെ. മുരളീധരനെ മത്സരിപ്പിക്കാന്‍ ശ്രമംനടക്കുന്നുണ്ട്. കെ.മുരളീധരന് ജയസാധ്യത കൂടുതല്‍ ഉളള നേമത്ത് രമേശ് ചെന്നിത്തലയോ, ഉമ്മന്‍ചാണ്ടിയോ സ്ഥാനാര്‍ഥി ആയാല്‍ വിജയിക്കുക എളുപ്പമല്ലെന്നും ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു.
കേരളത്തിൽ ബി ജെ പിയുടെ ഏക സിറ്റിംഗ് സീറ്റാണ് നേമത്തേത്. കഴിഞ്ഞ തവണ കെ സുരേന്ദ്രൻ പിള്ളയായിരുന്നു ഇവിടെ യു ഡി എഫ് സ്ഥാനാർത്ഥി. ആ തിരഞ്ഞെടുപ്പിൽ യു ഡി എഫ് മൂന്നാം സ്ഥാനത്തായിരുന്നു. കരുത്തനായ ഒരാളെ സ്ഥാനാർത്ഥിയാക്കിയാൽ മണ്ഡലം കൈപ്പിടിയിലൊതുക്കാമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടൽ. വി ശിവൻ കുട്ടിയാണ് എൽ ഡി എഫ് സ്ഥാനാർത്ഥി. കുമ്മനം രാജശേഖരനായിരിക്കും ബി ജെ പി സ്ഥാനാർത്ഥിയെന്നാണ് സൂചന.
കൂടത്തായിയിലെ സീരിയല്‍ കൊലപാതകങ്ങളെ അനുകരിച്ച് നടത്തി വരുന്ന കൂടത്തായി സീരിയലിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ കോടതിയുടെ സഹായം തേടി കേസിലെ പ്രധാന പ്രതി ജോളി. സിഡി കാണാന്‍ അനുവാദം ചോദിച്ചാണ് കൂടത്തായി കൊലപാതക കേസിലെ ഒന്നാം പ്രതി ജോളി കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.
സിഡി നല്‍കാന്‍ സ്വകാര്യ ചാനലിന് നിര്‍ദേശം നല്‍കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. കൂടത്തായി കേസിനെ ആസ്പദമാക്കി സംപ്രേഷണം ചെയ്ത സീരിയല്‍ തന്നേയും വീട്ടുകാരേയും മോശമായാണ് ചിത്രീകരിക്കുന്നതെന്നും മക്കളുടെ ഭാവിയെ വരെ ബാധിക്കുന്ന വിഷയമാണെന്നും ആരോപിച്ചാണ ജോളി കോടതിയെ സമീപിച്ചിരിക്കുന്നത്.
ചാനലിനെതിരെ നിയമനടപടി സ്വീകരിക്കേണ്ടതിനാല്‍ സീരിയലിന്റെ സിഡി കാണാന്‍ അനുവദിക്കണമെന്നും കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നുണ്ട്. സിഡി നല്‍കാന്‍ ചാനലിന് നിര്‍ദേശം നല്‍കണമെന്ന് ജോളിയുടെ അഭിഭാഷകന്‍ ബിഎ ആളൂര്‍ വാദിച്ചു. കൂടത്തായി സംഭവത്തില്‍ കേരളപോലീസ് തന്നെ വെബ്സീരീസുമായി വരികയാണെന്നും ആളൂര്‍ ആരോപിച്ചു.
മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ ഇനി ബോളിവുഡിലേക്ക്. നാളെ റിലീസിന് ഒരുങ്ങുന്ന ‘ദ പ്രീസ്റ്റ്’ ചിത്രത്തിന്റെ വാര്‍ത്താ സമ്മേളനത്തിലാണ് തന്റെ ബോളിവുഡ് ചിത്രത്തിന്റെ പ്രഖ്യാപനം ഉടന്‍ ഉണ്ടാവും എന്ന പ്രതീക്ഷ പ്രകടിപ്പിച്ചത്. പിന്നാലെ ചിത്രങ്ങളുടെ വിവരങ്ങളും എത്തിയിരിക്കുകയാണ്.
നടന്‍ മാധവനൊപ്പമാണ് മഞ്ജുവിന്റെ ബോളിവുഡ് അരങ്ങേറ്റം. ഭോപ്പാലില്‍ ഷൂട്ടിംഗ് ആരംഭിക്കുമെന്നും ചലച്ചിത്ര നിരൂപകനും നിരീക്ഷകനുമായ ശ്രീധര്‍ പിള്ള ട്വിറ്ററിലൂടെ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ പിന്നാലെയുണ്ടാവുമെന്നും ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്തു. എന്നാല്‍ മഞ്ജു ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.
അതേസമയം, മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ജാക്ക് ആന്‍ഡ് ജില്‍, പടവെട്ട്, ലളിതം സുന്ദരം എന്നിവയാണ് മഞ്ജുവിന്റെതായി റിലീസിന് ഒരുങ്ങുന്നത്. കയറ്റം, ചതുര്‍മുഖം, മേരി ആവാസ് സുനോ, വെള്ളരിക്കാ പട്ടണം തുടങ്ങിയ ചിത്രങ്ങളും താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
മഞ്ജു വാര്യരും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ദപ്രീസ്റ്റ്. നവാഗതനായ ജോഫിന്‍ ടി. ചാക്കോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിക്കൊപ്പം സിനിമ ചെയ്യാന്‍ കഴിയാത്തത് വലിയ നഷ്ടമായി കണക്കാക്കിയിരുന്നു. പ്രീസ്റ്റില്‍ മമ്മൂട്ടിയാണ് നായകന്‍ എന്ന് കേട്ടപ്പോള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് മഞ്ജു പറയുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സിറ്റിംഗ് സീറ്റായ നേമം പിടിക്കാൻ കോൺഗ്രസിൽ പുതിയ നീക്കും.
പ്രമുഖരെ മത്സരിപ്പിച്ച് മണ്ഡലം പിടിക്കണമെന്നാണ് ഹൈക്കമാൻഡ് നിർദ്ദേശം.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും കെ. മുരളീധരന്റെയും പേരുകളാണ് പരിഗണനയിലുള്ളത്. നേരത്തെയും ഇവരുടെ പേരുകൾ ഉയർന്നു വന്നിരുന്നു.
എന്നാൽ എന്നോട് ആരും ചോദിച്ചിട്ടുമില്ല, ഞാൻ ആരോടും പറഞ്ഞിട്ടുമില്ലെന്നും മുരളീധരൻ വാർത്തയോട് പ്രതികരിച്ചു.
അതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഇപ്പോൾ പ്രസക്തിയില്ല. കാരണം, എം.പിമാർ ആരും മത്സരിക്കേണ്ടതില്ല എന്ന തീരുമാനം നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാസറ്റ് ടേപ്പ് കണ്ടുപിടിച്ച ലൂ ഓട്ടൻസ് അന്തരിച്ചു. 93 വയസ്സായിരുന്നു. 1960 കളിൽ, ഐൻഹോവൻ കമ്പനിയായ ഫിലിപ്സിന്റെ ബെൽജിയൻ ഹാസ്സെൽറ്റ് ബ്രാഞ്ചിലെ ഉൽപ്പന്ന വികസന മേധാവിയായിരുന്ന ലൂ ഓട്ടൻസാണ് കാസറ്റ് ടേപ്പ് വികസിപ്പിച്ചത്.
കാസറ്റ് വരുന്നതിന് മുമ്പ് ഉണ്ടായിരുന്ന വലിയ റീലുകളുള്ള പച്ച, മഞ്ഞ ടേപ്പ് റെക്കോർഡറുകൾ വലിയ അസൗകര്യമാണ് എന്ന് ഓട്ടൻസ് മനസ്സിലാക്കി , ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ ചെറിയ ഒന്ന് വികസിപ്പിക്കണം എന്ന് അദ്ദേഹം ആഗ്രഹിച്ചു. അങ്ങനെ ഓഡിയോ റെക്കോർഡിംഗിനും പ്ലേബാക്കിനുമുള്ള അനലോഗ് മാഗ്നറ്റിക് ടേപ്പ് റെക്കോർഡിംഗ് ഫോർമാറ്റായ കാസറ്റ് ടേപ്പ് ഓട്ടൻസ് കണ്ടുപിടിച്ചു.
ലോകമെമ്പാടും മികച്ച വിജയമായിരുന്നു ഓട്ടൻസിന്റെ കണ്ടുപിടുത്തം. 1963 ൽ പുറത്തിറങ്ങിയതിന് ശേഷം 100 ബില്ല്യണിലധികം കാസറ്റുകൾ വിറ്റു. സിഡി പുറത്തിറങ്ങിയതിന് ശേഷം കാസറ്റ് അപ്രത്യക്ഷമായി, ഇരുപത് വർഷത്തിന് ശേഷം ഓട്ടൻസ് ഒരു സംഘം എഞ്ചിനീയർമാരുമായി ചേർന്നാണ് സിഡി വികസിപ്പിക്കുന്നത്. സിഡിയും വലിയ ഹിറ്റായി.
“2021 മാർച്ച് 6 ശനിയാഴ്ച ലൂ അന്തരിച്ചുവെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗമായ അരിൻ ഓട്ടൻസ് മാധ്യമങ്ങളെ അറിയിച്ചു.
കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. പട്ടികയിൽ കുറ്റ്യാടി ഇല്ല. കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കിയതിനെതിരെ സിപിഎം പ്രവര്‍ത്തകര്‍ പരസ്യമായി പ്രതിഷേധിച്ചിരുന്നു. കുറ്റ്യാടിയിലാണ് നൂറുകണക്കിന് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്.
കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫിനെതിരെ സ്റ്റീഫന്‍ ജോര്‍ജ് മല്‍സരിക്കും. റാന്നിയില്‍ അഡ്വ. പ്രമോദ് നാരായണന്‍ സ്ഥാനാര്‍ഥി. ജോസ് കെ.മാണി (പാലാ), ഡോ.എന്‍.ജയരാജ് (കാഞ്ഞിരപ്പള്ളി), സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ (പൂഞ്ഞാര്‍), അഡ്വ. ജോബ് മൈക്കിള്‍ (ചങ്ങനാശേരി), പ്രഫ. കെ.ഐ.ആന്റണി (തൊടുപുഴ), റോഷി അഗസ്റ്റിന്‍ (ഇടുക്കി), ബാബു ജോസഫ് (പെരുമ്പാവൂര്‍), സിന്ധുമോള്‍ ജേക്കബ് (പിറവം), ഡെന്നിസ് കെ.ആന്റണി (ചാലക്കുടി), സജി കുറ്റ്യാനിമറ്റം (ഇരിക്കൂര്‍) എന്നിങ്ങനെയാണ് സ്ഥാനാര്‍ഥികള്‍.
‘നേതാക്കളെ പാര്‍ട്ടി തിരുത്തും, പാര്‍ട്ടിയെ ജനംതിരുത്തും’ എന്ന ബാനറുമായി ആയിരുന്നു പ്രകടനം. കുറ്റ്യാടിയുടെ മാനം കാക്കാന്‍ സിപിഎം വരണമെന്നും മുദ്രാവാക്യം. ഇന്ന് രാവിലെയാണ് സിപിഎം ഔദ്യോഗികമായി സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
പ്രതിവാര വാർത്താസമ്മേളനത്തിനിടെ വനിതാ മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർക്ക് നേരെ സാനിറ്റൈസർ ചീറ്റിച്ച തായ് പ്രധാനമന്ത്രി പ്രയുത് ചാൻ ഒച്ച വിവാദത്തിൽ. മാധ്യമപ്രവർത്തകൻ ഇഷ്ടപ്പെടാത്ത ചോദ്യം ചോദിച്ചതാണ് പ്രധാനമന്ത്രിയെ ചൊടിപ്പിച്ചത്.
രാജ്യത്തെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ കാബനറ്റ് പുനസംഘടനയുണ്ടാകുമോ എന്നായിരുന്നു മാധ്യമ പ്രവർത്തകന്റെ ചോദ്യം. ഇതുകേട്ട് ക്ഷുഭിതനായ പ്രധാനമന്ത്രി നിങ്ങൾ നങ്ങളുടെ കാര്യം നോക്കാനും പറഞ്ഞു.
പിന്നാലെ മാധ്യമപ്രവർത്തകരുടെ അടുത്തേക്ക് എത്തിയ അദ്ദേഹം സാനിറ്റൈസർ തളിക്കുകയായിരുന്നു. നേരത്തേയും നിരവധി വിവാദങ്ങളിൽ അകപ്പെട്ടിട്ടുള്ള വ്യക്തിയാണ് മുൻ സൈനിക കമാൻഡറായ പ്രയുത്. 2014ലെ സൈനിക അട്ടിമറിയ്ക്ക് നേതൃത്വം നൽകിയതും അദ്ദേഹമായിരുന്നു.
കോട്ടപ്പടി മുട്ടത്തുപാറ വട്ടക്കുടിയിൽ പരേതനായ ഉലഹന്നാൻ മത്തായിയുടെ ഭാര്യ മറിയക്കുട്ടി (84) യാണ് നിര്യാതയായത്. സ്ംസ്കാരം വ്യാഴാഴ്ച്ച (11/3/2021) രാവിലെ 10 മണിയ്ക്ക് കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. നെല്ലിക്കുഴി കളമ്പുകാട്ട് കുടുംബാംഗമാണ് പരേത.
ജോർജ്ജ്കുട്ടിയുടെ ഭാര്യ സിജിയും മക്കളും (കവന്റ്രി) , സിജിയുടെ മൂത്ത സഹോദരി സിൽവിയും ഭർത്താവ് ജോൺസനും മക്കളും (ബർമ്മിംഗ്‌ഹാം) എന്നിവർ യുകെയിലാണ് താമസം.
മറ്റ് മക്കൾ : ജോൺ, റാണി, സിസ്റ്റർ അനു സിഎംസി ( കാർമ്മൽ ആശുപത്രി അശോകപുരം)
മരുമക്കൾ: ഗ്രേസി പുളിക്കക്കുന്നേൽ വടക്കുംഭാഗം , ജോയി തോട്ടുമാരിക്കൽ അയിരൂർപാടം, ലിസി പൂണേലി അങ്കമാലി, റോയി അവരാപ്പാട്ട് വെളിയേൽചാൽ, ജോൺസൺ മറ്റത്തിൽ പനയമ്പാൽ ജോർജ്ജ്കുട്ടി വടക്കേക്കൂറ്റ് പൂവത്തിളപ്പ്.
ജോർജ്ജുകുട്ടി വടക്കേക്കൂറ്റിന്റെ ഭാര്യാമാതാവിൻെറ വിയോഗത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.