ബ്രിട്ടനെ ആകെ കണ്ണീരണിയിച്ച സാറാ ഷെരീഫിന്റെ കൊലപാതകത്തിൽ അച്ഛനും രണ്ടാനമ്മയ്ക്കും ജീവനപര്യന്തം ശിക്ഷ വിധിച്ചത് കഴിഞ്ഞ ദിവസമാണ്. അതിനു സമാനമായ ഒരു കൊലപാതകം കേരളത്തിലെ കോതമംഗലത്തിലും റിപ്പോർട്ട് ചെയ്തു. കൊച്ചി കോതമംഗലത്ത് യു പി സ്വദേശിയായ ആറ് വയസുകാരി മരിച്ച സംഭവം കൊലപാതകമെന്ന സംശയത്തിൽ ആണ് പോലീസ്. കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മരിച്ച കുട്ടിയുടെ പിതാവിനെയും രണ്ടാനമ്മയെയും പോലീസ് കസ്റ്റഡിയിലെടുത്തു. കോതമംഗലം നെല്ലിക്കുഴി ഒന്നാം വാർഡിൽ പുതുപ്പാലം ഭാഗത്ത് താമസിക്കുന്ന അജാസ് ഖാൻ്റെ മകൾ ആറ് വയസുള്ള മുസ്കാൻ ആണ് മരിച്ചത്.
രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ലെന്നാണ് രക്ഷിതാക്കൾ പറഞ്ഞത്. കുട്ടി മരിച്ചുകിടക്കുകയായിരുന്നു എന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. ഇതിന് പിന്നാലെയാണ് പോസ്റ്റ് മോർട്ടം നടത്തിയത്. ആറു വയസ്സുകാരിയുടെ മരണം കൊലപാതകമാണോയെന്ന സംശയമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ചൂണ്ടികാട്ടിയത്.
പത്തനംതിട്ട മുറിഞ്ഞകൽ വാഹനാപകടത്തിൽ മരിച്ച നാല് പേർക്കും വിട നൽകി ജന്മനാട്. പൂങ്കാവ് സെന്റ് മേരീസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ രണ്ട് കുടുംബ കല്ലറകളിലായി സംസ്കാരം നടന്നു. സെൻ്റ് മേരീസ് പള്ളി ഹാളിൽ നടന്ന പൊതുദർശനത്തിൽ നൂറുകണക്കിനാളുകളാണ് അന്ത്യാഞ്ജലി അർപ്പിച്ചത്. ആരോഗ്യ മന്ത്രി വീണാ ജോർജ് പള്ളിയിലെത്തി അന്ത്യോപചാരം അർപ്പിച്ചു.
മല്ലശ്ശേരിയിലെ രണ്ട് കുടുംബങ്ങളുടെ സന്തോഷവും പ്രതീക്ഷം ഒരൊറ്റ ദിവസം കൊണ്ട് പൊലിഞ്ഞത്. ഞായറാഴ്ച പുലർച്ചെ ഉണ്ടായ വാഹനാപകടത്തിലാണ് നവദമ്പതികളായ നിഖിലും അനുവും, അവരുടെ അച്ഛന്മാരായ മത്തായി ഈപ്പനും ബിജു പി. ജോർജും മരിച്ചത്. മധുവിധു കഴിഞ്ഞ് മലേഷ്യയിൽ നിന്ന് മടങ്ങിയെത്തിയ ദമ്പതികളെ വിമാനത്താവളത്തിൽ നിന്നും കൂട്ടിക്കൊണ്ടു വരുംവഴി ശബരിമല തീർത്ഥാടകരുടെ ബസ്സിലേക്ക് കാർ പാഞ്ഞുകയറിയായിരുന്നു അപകടം.
എട്ട് വർഷം നീണ്ട പ്രണയത്തിനൊടുവിൽ വിവാഹിതരായി 15-ാം ദിവസം നിഖിലിന്‍റെയും അനുവിന്‍റെയും വേർപാട് ഒരു നാടിന്‍റെയാകെ ഉള്ളുലച്ചു. നവംബർ 30 നായിരുന്നു നിഖിലിന്‍റെയും അനുവിന്‍റെയും വിവാഹം. സ്വപ്നം കണ്ട ജീവിതം അവർ ജീവിച്ചു തുടങ്ങിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. പക്ഷേ എല്ലാ സന്തോഷങ്ങളും അപകടം കവർന്നെടുത്തു. നിഖിലിനേയും അനുവിനേയും കൂട്ടാൻ ഇരുവരുടെയും അച്ഛന്മാരായ മത്തായി ഈപ്പനും ബിജു പി ജോർജുമായിരുന്നു എയർപോർട്ടിൽ എത്തിയത്. അനുവിന്‍റെ പിറന്നാൾ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് ദുരന്തമുണ്ടായത്.
അലക്ഷ്യമായും അശ്രദ്ധമായും വാഹനമോടിച്ചതാണ് അപകട കാരണമെന്നാണ് എഫ്ഐആറിൽ പറയുന്നത്. കാർ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് എഫ്ഐആര്‍ പറയുന്നു. കാർ അമിതവേഗത്തിൽ വന്നിടിച്ചു എന്നാണ് തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസിന്റെ ഡ്രൈവറും പറഞ്ഞത്.
കൈരളി യൂകെ സതാംപ്ടൺ പോർട്ട്സ്മൗത്ത് യൂണിറ്റ്ന്റെ നേതൃത്വത്തിൽ വാട്ടർലൂ കമ്മ്യൂണിറ്റി സെന്ററിൽ വെച്ചു നടന്ന പാട്ടുകൂട്ടം വ്യത്യസ്തമായ പരിപാടികൾ കൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി മാറി. കൈരളിയുടെ യൂണിറ്റ് പ്രസിഡന്റ് ബിനു, സെക്രട്ടറി ജോസഫ്, പരിപാടിയുടെ കോർഡിനേറ്റർ സുശാന്ത്, പ്രസാദ് തുടങ്ങിയവർ പരിപാടികക്ക് നേതൃത്വം നൽകി. മലയാള ചലച്ചിത്ര രംഗത്ത് പാട്ടിന്റെ പാലാഴി തീർത്ത മഹാരഥന്മാരെ അനുസ്മരിക്കുന്ന രീതിയിൽ തയ്യാറാക്കിയ സ്റ്റേജിൽ കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ പങ്കെടുത്ത വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് വേറിട്ടു നിന്നു. ശബ്ദ മാധുര്യം കൊണ്ട് സദസ്സിനെ ഇളക്കിമറിച്ച സുശാന്തും, രഞ്ജിത്തും, ജെയ്‌സണും സദസ്സിനെ ആവേശത്തിൽ ആഴ്ത്തി. വീടുകളിൽ നിന്നും പാചകം ചെയ്തുകൊണ്ടുവന്ന വൈവിദ്ധ്യമാർന്ന രുചിക്കൂട്ടുകൾ പരിപാടിക്ക് മികവേകി. വീണ്ടും രണ്ട് മാസത്തിൽ ഒരിക്കൽ പാട്ടുകൂട്ടം പരിപാടിക്ക് ഒത്തുചേരാം എന്ന പ്രതീക്ഷയുമായി കൈരളി യൂകെ സതാംപ്ടൺ പോർട്ട്സ്മൗത്ത് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന പാട്ട്കൂട്ടം പരിപാടി അവസാനിച്ചു.
വയനാട് മാനന്തവാടിയില്‍ ആദിവാസി യുവാവിനെ കാറില്‍ റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയ സംഭവത്തില്‍ രണ്ട് പ്രതികള്‍ കൂടി പിടിയില്‍. പനമരം സ്വദേശികളായ നബീല്‍ കമര്‍, വിഷ്ണു എന്നിവരാണ് പിടിയാലയത്. ഇവരെ പ്രത്യേക അന്വേഷണം സംഘം കോഴിക്കോട് നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായി. പ്രതികളെ മാനന്തവാടി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.
നേരത്തെ കേസിലെ രണ്ട് പ്രതികളായ ഹര്‍ഷിദിനെയും അഭിറാമിനെയും മാനന്തവാടി പൊലീസ് പിടികൂടിയിരുന്നു. ഒളിവില്‍ പോയ മറ്റ രണ്ട് പ്രതികള്‍ക്കായി പൊലീസ് വ്യാപക പരിശോധന നടത്തിയിരുന്നു. ഇതിനിടെ കോഴിക്കോട് വച്ച് പ്രതികള്‍ പൊലീസിന്റെ പിടിയിലാകുകയായിരുന്നു.
പ്രതികള്‍ സഞ്ചരിച്ച കാര്‍ വയനാട് കണിയാമ്പറ്റയില്‍ നിന്നും പൊലിസ് കണ്ടെത്തിയിരുന്നു. ചെക്ക് ഡാം കാണാനെത്തിയ രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഇടപെട്ട കുടല്‍കടവ് സ്വദേശി മാതന്‍ എന്ന ആദിവാസി യുവാവിനെയാണ് കാറില്‍ സഞ്ചരിച്ചിരുന്നവര്‍ റോഡിലൂടെ വലിച്ചിഴച്ചത്. കാറിന്റെ ഡോറിനോട് കൈ ചേര്‍ത്ത് പിടിച്ച് അര കിലോമീറ്ററോളം ദൂരമാണ് യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചത്. മാതന്റെ അരയ്ക്കും കൈകാലുകള്‍ക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. മാനന്തവാടി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു.
മാനന്തവാടി പയ്യംമ്പള്ളി കൂടല്‍ കടവില്‍ ചെക്കു ഡാം കാണാനെത്തിയ രണ്ടു സംഘങ്ങള്‍ തമ്മിലാണ് വാക്കുതര്‍ക്കം ഉണ്ടായത്. ബഹളം കേട്ട് പ്രശ്‌നത്തില്‍ ഇടപെടാനെത്തിയ നാട്ടുകാരും വിനോദ സഞ്ചാരികളും തമ്മിലും തര്‍ക്കം ഉണ്ടായി. കല്ലുമായി ആക്രമിക്കാനൊരുങ്ങിയ യുവാവിനെ തടഞ്ഞപ്പോഴാണ് മാതനെ കാറില്‍ ഇരുന്നവര്‍ റോഡിലൂടെ വലിച്ചിഴച്ചത്. നാട്ടുകാര്‍ ഇടപെട്ടതോടെയാണ് യുവാവിനെ ഉപേക്ഷിച്ച് കാറിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത്.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്‍ പരിശോധിക്കാന്‍ സംയുക്ത പാര്‍ലമെന്ററി സമിതി രൂപീകരിച്ചു. ബിജെപി അംഗവും മുന്‍ നിയമ സഹ മന്ത്രിയുമായ പി.പി ചൗധരി അധ്യക്ഷനായ സമിതിയില്‍ കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധി ഉള്‍പ്പടെ 31 അംഗങ്ങളുണ്ട്. ലോക്സഭയില്‍ നിന്ന് 21 അംഗങ്ങളും രാജ്യസഭയില്‍ നിന്ന് പത്ത് പേരുമാണുള്ളത്.
മുന്‍ കേന്ദ്രമന്ത്രിമാരായ അനുരാഗ് ഠാക്കൂര്‍, പര്‍ഷോത്തം രൂപാല, ഭര്‍തൃഹരി മഹ്താബ്, അനില്‍ ബലൂനി, സിഎം രമേഷ്, ബന്‍സുരി സ്വരാജ്, വിഷ്ണു ദയാല്‍ റാം, സംബിത് പത്ര തുടങ്ങിയവരാണ് സമിതിയില്‍ ലോക്സഭയില്‍ നിന്നുള്ള ബിജെപി അംഗങ്ങള്‍.
കോണ്‍ഗ്രസിലെ മനീഷ് തിവാരിയും സുഖ്‌ദേവ് ഭഗത്തും, ശിവസേനയുടെ ശ്രീകാന്ത് ഷിന്‍ഡെ, സമാജ് വാദി പാര്‍ട്ടിയുടെ ധര്‍മേന്ദ്ര യാദവ്, ടിഎംസിയുടെ കല്യാണ് ബാനര്‍ജി, ഡിഎംകെയുടെ ടിഎം സെല്‍വഗണപതി, ടിഡിപിയുടെ ജി.എം ഹരീഷ് ബാലയോഗി, എന്‍സിപിയുടെ സുപ്രിയ സുലെ (ശരദ് പവാര്‍), ആര്‍എല്‍ഡിയുടെ ചന്ദന്‍ ചൗഹാനും ജനസേനയിലെ ബാലഷോരി വല്ലഭനേനിയുമാണ് സമിതിയിലുള്ള മറ്റ് ലോക്സഭാ അംഗങ്ങള്‍.
രാജ്യസഭയില്‍ നിന്നുള്ള അംഗങ്ങളുടെ പേര് ഉടന്‍ പ്രഖ്യാപിക്കും. സമിതിയില്‍ ലോക്സഭയില്‍ നിന്ന് പതിനാല് അംഗങ്ങള്‍ എന്‍ഡിഎയില്‍ നിന്നാണ്. ഇതില്‍ പത്തുപേര്‍ ബിജെപിയില്‍ നിന്നുമാണ്.
അടുത്ത സമ്മേളനത്തിന്റെ അവസാന ആഴ്ചയിലെ ആദ്യ ദിവസം ജെപിസി റിപ്പോര്‍ട്ട് പാര്‍ലമെന്റിന് സമര്‍പ്പിക്കണമെന്ന നിര്‍ദേശത്തോടെയാണ് സമിതി രൂപീകരിച്ചിട്ടുള്ളത്.
ലോക്‌സഭാ തിരഞ്ഞെടുപ്പും സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തുന്നതിനുള്ള ഭരണഘടനാ ഭേദഗതി വരുത്തുന്നിതിനാണ് ബില്ല്. കഴിഞ്ഞ ദിവസം നിയമമന്ത്രി ലോക്‌സഭയില്‍ അവതരിപ്പിച്ച ബില്‍ ജെപിസിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.
ഷിബി ചേപ്പനത്ത്
മലങ്കര യാക്കോബായ സുറിയാനി സഭ യുകെ ഭദ്രാസനം, ഭദ്രാസന കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കാലം ചെയ്ത പുണ്യശ്ലോകനായ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവാ മെമ്മോറിയൽ എവർറോളിങ് ട്രോഫിക്കു വേണ്ടിയുള്ള പ്രഥമ ഷട്ടിൽ ടൂർണമെന്റ് സംഘടിപ്പിക്കുന്നു . ബേസിങ്സ്റ്റോക്ക് സെന്റ് ജോർജ് ദേവാലയത്തിന്റെ ആതിഥേയത്വത്തിൽ 2025 ഫെബ്രുവരി 22 ശനിയാഴ്ച നടക്കുന്ന കായിക മാമാങ്കത്തിൽ യുകെ ഭദ്രാസനത്തിലെ 45 ൽപരം ദേവാലയങ്ങളിൽ നിന്നുള്ള ടീമുകൾ മാറ്റുരക്കുന്നു. വിജയികളാവുന്നവർക്ക് 301 പൗണ്ടും എവർറോളിങ്ങ് ട്രോഫിയും സമ്മാനമായി നൽകപ്പെടുന്നു.
രണ്ടും മൂന്നും നാലും സ്ഥാനങ്ങൾക്ക് യഥാക്രമം 201,101, 51 പൗണ്ടും വ്യക്തിഗത ട്രോഫികളും ക്രമീകരിച്ചിരിക്കുന്നു. 18 വയസ്സിനു മുകളിലുള്ള പുരുഷ വിഭാഗത്തിൽ ഡബിൾസ് ഇനത്തിലാണ് മത്സരങ്ങൾ നടത്തപ്പെടുന്നത്. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ടീമുകൾ 2025 ജനുവരി മാസം 15 ന് മുൻപായി £35 ഫീസടച്ച് പേരുകൾ രജിസ്റ്റർ ചെയ്യണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു .
കൂടുതൽ വിവരങ്ങൾക്ക്
Shibi -07825169330
Raiju -07469656799
Binil -07735424370
ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് നടപ്പിലാക്കുന്നതിൽ ബിജെപിക്കുള്ളിൽ ഭിന്നതയെന്നു സൂചന. പ്രമുഖരടക്കം 20 എംപി ‘ഒരു രാജ്യം, ഒറ്റത്തിരഞ്ഞെടുപ്പ്’ ബില്‍ അവതരിപ്പിച്ച ദിവസം ലോക്‌സഭയില്‍ ഹാജരാകാതിരുന്നവരില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, ജ്യോതിരാദിത്യ സിന്ധ്യ, ഗിരിരാജ് സിങ് തുടങ്ങിയ പ്രമുഖരും. ഹാജരാകാതിരുന്ന 20 ബിജെപി അംഗങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച (17.12.202) ആണ് കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ മേഘ്വാള്‍ ലോക്‌സഭയില്‍ ഇതുസംബന്ധിച്ച ബില്‍ അവതരിപ്പിച്ചത്.
ലോക്സഭാ തിരഞ്ഞെടുപ്പും സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തുന്നതിനുള്ള ഭരണഘടനാ ഭേദഗതി വരുത്തുന്നതിനാണ് ബില്ലുകള്‍. കനത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടയിലാണ് സര്‍ക്കാര്‍ ‘ഒരു രാജ്യം, ഒറ്റത്തിരഞ്ഞെടുപ്പ്’ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. എന്നാല്‍ 20 അംഗങ്ങള്‍ ഹാജരാകാതിരുന്നത് വലിയ തിരിച്ചടിയായി. ജോലി സംബന്ധമായും വ്യക്തിപരമായ കാരണങ്ങളുംകൊണ്ട് വരാന്‍ സാധിക്കില്ല എന്ന് മുന്‍കൂട്ടി അറിയിച്ചവരും ഇക്കൂട്ടത്തിലുണ്ട്.
ബില്‍ അവതരണത്തിന്, പ്രതിപക്ഷം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് നടന്ന വോട്ടെടുപ്പില്‍ വിപ്പുണ്ടായിട്ടും ലോക്‌സഭയിലെ 20 ബി.ജെ.പി. അംഗങ്ങള്‍ ഹാജരായിരുന്നില്ല. സഖ്യകക്ഷികളില്‍നിന്ന് നാലുപേരും എത്തിയില്ല. ബി.ജെ.പി.യുടെ 240 അംഗങ്ങളും സഖ്യകക്ഷികളുടെ പ്രാതിനിധ്യവും അടക്കം 293 പേരുടെ അംഗബലമാണുള്ളത്. 269 പേര്‍ അനുകൂലമായി വോട്ടുചെയ്തു. 198 പേര്‍ എതിര്‍ത്തു. വോട്ടെടുപ്പിലൂടെയാണ് അവതരണത്തിന് അനുമതിനല്‍കിയത്.
ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് (ജെ.പി.സി.) വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുന്നതായും മന്ത്രി അറിയിച്ചിരുന്നു. പരിശോധനാ പാനലില്‍ ലോക്‌സഭയില്‍ നിന്ന് 21 പേരും രാജ്യസഭയില്‍ നിന്ന് 10 പേരും അടങ്ങുന്ന 31 അംഗങ്ങളാണ് ഉണ്ടാവുക. ഇതിന് ബുധനാഴ്ച സഭയില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായി. അതേസമയം, ബില്ല് ഏകാധിപത്യപരമാണ് എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍.
പുഷ്പ 2 റിലീസിനിടെ ഉണ്ടായ തിരക്കില്‍പ്പെട്ട് ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഒന്‍പത് വയസുകാന്‍ ശ്രീ തേജിന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. ഹൈദരാബാദ് സിറ്റി പൊലീസാണ് വാര്‍ത്താ സമ്മേളനത്തില്‍ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. അപകടത്തില്‍ കുട്ടിയുടെ അമ്മ മരണപ്പെട്ടിരുന്നു.
തിക്കിലും തിരക്കിലുപ്പെട്ട് ഉണ്ടായ ശ്വാസതടസമാണ് ശ്രീ തേജയ്ക്ക് മസ്തിഷ്‌ക മരണം സംഭവിക്കാന്‍ കാരണം. കുട്ടി സുഖം പ്രാപിക്കാന്‍ നീണ്ട സമയമെടുക്കുമെന്നാണ് ഹൈദരാബാദ് സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞത്. വെന്റിലേറ്ററിന്റെ സഹായത്തിലാണ് കുട്ടി ഇപ്പോഴുള്ളത്. ചികിത്സ നീണ്ടുനില്‍ക്കാന്‍ സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ടെന്ന് അദേഹം പറഞ്ഞു. ശ്രീതേജിന്റെ ആരോഗ്യ നിലയെക്കുറിച്ചുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് വൈകാതെ ഡോക്ടര്‍മാര്‍ പുറത്തുവിടും. ഹൈദരാബാദ് കിംസ് ആശുപത്രിയില്‍ ചികിത്സയിലാണ് കുട്ടി ഇപ്പോള്‍.
അതിനിടെ സംഭവം നടന്ന സന്ധ്യ തിയറ്ററിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. തിയറ്റര്‍ മാനേജിന്റെ ഭാഗത്ത് നിന്നുണ്ടായ 11 തെറ്റുകള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് നോട്ടീസ്. അല്ലു അര്‍ജുന്‍ തിയറ്ററില്‍ എത്തുന്ന വിവരം പൊലീസില്‍ അറിയിക്കാന്‍ വൈകിയെന്നും തിയറ്ററില്‍ എത്തുന്നവരെ നിയന്ത്രിക്കാനുള്ള ഒരു നടപടിയും സ്വീകരിച്ചിരുന്നില്ലെന്നുമാണ് വ്യക്തമാക്കുന്നത്. നോട്ടീസിന് മറുപടി നല്‍കാന്‍ പത്ത് ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. മറുപടി തൃപ്തികരമല്ലെങ്കില്‍ തിയറ്ററിന്റെ ലൈസന്‍സ് റദ്ദാക്കും.
ഭര്‍ത്താവ് ഭാസ്‌കര്‍ മക്കളായ ശ്രീ തേജ് സാന്‍വിക (7) എന്നിവര്‍ക്കുമൊപ്പം പുഷ്പ 2 വിന്റെ പ്രീമിയര്‍ ഷോ ഹൈദരാബാദ് ആര്‍ടിസി റോഡിലെ സന്ധ്യ തിയറ്ററില്‍ കാണാനെത്തിയതായിരുന്നു രേവതി. അല്ലു അര്‍ജുന്‍ എത്തിയതറിഞ്ഞ് തടിച്ചുക്കൂടിയ ജനക്കൂട്ടം ഗേറ്റ് തകര്‍ത്തതിനെ തുടര്‍ന്ന് തിക്കിലും തിരക്കിലുംപെട്ട് രേവതിയും മകന്‍ തേജും ബോധരഹിതരാവുകയായിരുന്നു. തിയറ്റര്‍ ഉടമകള്‍, അല്ലു അര്‍ജുന്‍, അദേഹത്തിന്റെ സുരക്ഷാ സംഘാംഗങ്ങള്‍ എന്നിവര്‍ക്കെതിരെ നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തത്. കേസില്‍ അല്ലു അര്‍ജുന്‍ അറസ്റ്റിലായിരുന്നു.
യൂറോപ്പിലെ ഏറ്റവും വലിയ ഗുരുദേവ പ്രസ്ഥാനമായ സേവനം യു കെ യുടെ പുതിയ ഒരു യുണിറ്റിനു ലീഡ്‌സിൽ തുടക്കം കുറിച്ചു. ലീഡ്‌സിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന സേവനം യു കെ യുടെ അംഗങ്ങളുടെ ദീർഘകാലമായ അഭിലാഷമാണ് ലീഡ്‌സ് യുണിറ്റ് രൂപീകരിച്ചതിലൂടെ സഫലമായത്.
സേവനം യുകെ യുടെ ഉദ്ദേശ ലക്ഷ്യങ്ങളിൽ അടിയുറച്ചു പ്രവർത്തിക്കുവാനും, ശിവഗിരി ആശ്രമം യുകെ യുടെ പദ്ധതികൾക്ക് പിന്തുണനൽകുവാനും യുണിറ്റ് തീരുമാനമെടുത്തു.
സേവനം യു കെ വനിതാ കൺവീനർ ശ്രീമതി കല ജയന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സേവനം കൺവീനർ ശ്രീ സജീഷ് ദാമോദരൻ നിലവിളക്കു കൊളുത്തി ഉദ്‌ഘാടനം നിർവഹിച്ച യൂണിറ്റിന്റെ പ്രസിഡന്റായി ശ്രീ പ്രജുൺ പി എസ് , സെക്രട്ടറിയായി ശ്രീ അരുൺ ശശി , ട്രഷററായി ശ്രീ ശ്രീശക്തി ആർ എൻ വനിതാ കോർഡിനേറ്ററായി ശ്രീമതി ബിന്ദു മനുവിനെയും തെരഞ്ഞെടുത്തു. യോഗത്തിൽ നോർത്ത് വെസ്റ്റ് യൂണിറ്റ് സെക്രട്ടറി ശ്രീ വിപിൻ കുമാർ, , കാർത്തിക, , മനീജ, മുരുകൻ സലിം, ശ്രീജിത്ത്, ലിജി, തപസ്സ് അമൃത തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു ശ്രീമതി അമ്പിളി സ്വാഗതവും മനു നന്ദിയും രേഖപ്പെടുത്തി.
2021-ൽ ഇറാഖിൽവെച്ച് തനിക്കുനേരേയുണ്ടായ വധശ്രമത്തെക്കുറിച്ച് വെളിപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ. ഇറാഖ് സന്ദർശനവേളയിൽ ഭീകരർ തനിക്കെതിരേ ചാവേർസ്ഫോടനത്തിനു പദ്ധതിയിട്ടിരുന്നെന്നും എന്നാൽ, അത് നടത്തുംമുൻപ് അവരെ വധിച്ചെന്നും പാപ്പ പറയുന്നു.
ഇറ്റാലിയൻ എഴുത്തുകാരൻ കാർലോ മുസ്സോയുമായിച്ചേർന്നെഴുതിയ ‘ഹോപ്’ എന്ന തന്റെ ആത്മകഥയിലാണ് പാപ്പയുടെ തുറന്നുപറച്ചിൽ. പാപ്പയുടെ 88-ാം ജന്മദിനമായ ചൊവ്വാഴ്ച ഇറ്റാലിയൻ ദിനപത്രമായ ഡെല്ല സെറ ആത്മകഥയിലെ പ്രസക്തഭാഗങ്ങൾ പ്രസിദ്ധീകരിച്ചു. അതിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. അടുത്തമാസം എൺപതിലധികം രാജ്യങ്ങളിൽ പുസ്തകം പ്രസിദ്ധീകരിക്കും.
ബ്രിട്ടീഷ് രഹസ്യാന്വേഷണവിഭാഗമാണ് പാപ്പ ബാഗ്ദാദിലെത്തിയതിനുപിന്നാലെ ആക്രമണത്തെക്കുറിച്ച് ഇറാഖിപോലീസിന് മുന്നറിയിപ്പുനൽകിയത്. സ്ഫോടകവസ്തുക്കൾ ദേഹത്തൊളിപ്പിച്ച പെൺ ചാവേർ, ആക്രമണം നടത്താൻ ലക്ഷ്യമിട്ടുള്ള ട്രക്ക് എന്നിവ മോസുളിലേക്കു നീങ്ങുന്നുണ്ടെന്നായിരുന്നു രഹസ്യാന്വേഷണറിപ്പോർട്ട്. അതനുസരിച്ച് ഇറാഖിപോലീസ് വധശ്രമം പരാജയപ്പെടുത്തുകയായിരുന്നു. ഇറാഖ് സന്ദർശിച്ച ആദ്യ മാർപാപ്പയാണ് ഫ്രാൻസിസ്; അതും 2021-ൽ കോവിഡ് പശ്ചാത്തലത്തിൽ. യുദ്ധത്തിൽ തകർന്നുതരിപ്പണമായ, ഐ.എസുകാർ ആസ്ഥാനമാക്കിവെച്ചിരുന്ന വടക്കൻ നഗരമായ മോസുളടക്കം പാപ്പ സന്ദർശിച്ചിരുന്നു.