കോടികൾ വെട്ടിച്ച് ഉടമകൾ നാടുവിടാൻ ശ്രമിച്ച പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറും. സിബിഐയ്ക്ക് അന്വേഷണം കൈമാറാൻ നിർദേശിച്ച് ഹൈക്കോടതി ഉത്തരവ് പുറത്തിറങ്ങി. പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
പോപ്പുലർ ഫിനാൻസ് സ്ഥാപനത്തിന്റെ പേരിൽ 2000 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയതാണ് കേസ്. കേസിൽ പ്രധാനപ്രതികൾ പോപ്പുലർ ഫിനാൻസ് ഉടമ തോമസ് ഡാനിയേൽ, ഭാര്യ പ്രഭ. മക്കളായ റിനു, റീബ, റിയ എന്നിവരാണ്. ഓസ്‌ട്രേലിയയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഇവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ബഡ്‌സ് ആക്ട് (Banning of Unregulated Deposit Schemes Act)പ്രകാരം രജിസ്റ്റർ ചെയ്തിരിക്കുന്ന പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ ഇതുവരെ 1368 കേസുകളാണ് ഉള്ളത്. ഇവയിലെല്ലാം ഇനി സിബിഐ അന്വേഷണം നടത്തും. സിബിഐ അടിയന്തിരമായി കേസന്വേഷണം ഏറ്റെടുക്കണമെന്നാണ് ഹൈക്കോടതി നിർദേശിച്ചത്.
നേരത്തെ കേസന്വേഷണം ഏറ്റെടുക്കാൻ സിബിഐ വിമുഖത പ്രകടിപ്പിച്ചിരുന്നു. സംസ്ഥാന സർക്കാർ കേസ് സിബിഐക്ക് കൈമാറിക്കൊണ്ട് ഉത്തരവിറക്കിയിരുന്നെങ്കിലും കേസ് ഏറ്റെടുക്കാൻ കഴിയില്ലെന്ന നിലപാടാണ് സിബിഐ ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ ഈ നിലപാട് തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.
മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ വിവിധ ഭാഷകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് നിത്യ മേനോൻ. മോഹൻലാൽ ചിത്രമായ ആകാശ ഗോപുരം എന്ന ചിത്രത്തിലൂടെ സിനിമയിൽ എത്തിയ നിത്യ പിന്നീട് നിരവധി സിനിമകളിൽ നായികയായി തിളങ്ങി. മലയാളത്തിൽ യുവ താരനിര അണിനിരന്ന ഒരുപാട് ചിത്രങ്ങളിൽ നിത്യ മികച്ച വേഷങ്ങൾ ചെയ്ത് ഒരുപാട് ആരാധകരെ നേടി.
സമൂഹ മാധ്യമങ്ങളിലും മറ്റും തനിക്ക് എതിരെ ഉയർന്നു വരുന്ന ഒരു നെഗറ്റീവ് കമന്റുകൾ തന്നെ ബാധിക്കാറില്ലന്ന് താരം തുറന്ന് പറഞ്ഞിരുന്നു. പലപ്പോഴും ഗോസിപ്പ് കോളങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള താരമാണ് നിത്യ.നിത്യ പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിച്ചിരുന്നു.
ഇതിന്റെ സത്യാവസ്ഥ ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞത് ഇങ്ങനെ;
പ്രണയമുണ്ടായിരുന്നു. പ്രായവും പക്വതയുമാകും മുമ്പ്. 18ആം വയസിൽ പ്രണയിച്ച ആൾ ജീവിതത്തിലും കരിയറിലും കൂടെ ഉണ്ടാകും എന്നു കരുതി. എന്നാൽ പൊരുത്തക്കേടുകൾ വന്നപ്പോൾ ആ ബന്ധം അവസാനിപ്പിച്ചു.
ഇപ്പോൾ വിവാഹം കഴിക്കണമെന്ന് തനിക്ക് നിർബന്ധമൊന്നുമില്ല. അനുയോജ്യനല്ലാത്ത ഒരാൾക്കൊപ്പം ജീവിച്ച് തീർക്കാനുള്ളതല്ല തന്റെ ജീവിതം. ശരിക്കും മനസിലാകുന്ന പുരുഷനെ ലഭിച്ചെങ്കിലേ വിവാഹ ജീവിതം സന്തോഷകരമാകൂ.
പൊരുത്തമില്ലാത്ത ഒരാളെ വിവാഹം ചെയ്ത് ജീവിക്കുന്നതിനേക്കാൾ വിവാഹം കഴിക്കാതിരിക്കുന്നതാണ് നല്ലത്. ഒരാളെ താൻ പ്രണയിച്ചിരുന്നു. അത് ആരാണെന്നു വെളിപ്പെടുത്തേണ്ട അവസരമല്ല ഇത്. ഓരോ സിനിമ ചെയ്യുമ്പോഴും നായകനുമായി ചേർത്ത് കഥകൾ പ്രചരിക്കാറുണ്ട്. ഇത് പതിവായതിനാൽ ഇതിനോടൊന്നും പ്രതികരിക്കാറില്ല.
മറുഭാഷയിൽ അഭിനയിച്ചപ്പോൾ വിവാഹിതരായ നായകൻമാരുമായി ചേർത്തുവെച്ചുള്ള പ്രണയ കഥകൾ എനിക്ക് അസ്വസ്ഥത ഉണ്ടാക്കിയിരുന്നു. മറ്റൊരാളുടെ കുടുംബ ജീവിതത്തിലേയ്ക്ക് എന്നെ വലിച്ചിഴയ്ക്കുന്നത് ആർക്കായാലും വലിയ പ്രയാസം ഉണ്ടാക്കും. നിത്യ പറഞ്ഞു.
കണ്ണൂർ:കാല്‍പന്തില്‍ ഇന്ദ്രജാലം തീര്‍ത്ത് ബി.എൽ അഖില യു ആർ എഫ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം പിടിച്ചു.കാല്‍ പന്തിന്റെ ഈറ്റില്ലമായ ബ്രസീലിലെ ജോഷ്വ ഡ്യുറേറ്റ് സ്ഥാപിച്ച റെക്കാര്‍ഡാണ് ഈ മിടുക്കി തകര്‍ത്തത്.ഒരുമിനുട്ടില്‍ നിലത്തുവീഴ്ത്താതെ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ തവണ പന്ത് ജഗ്ലിങ്ങ് നടത്തിയാണ് അഖില റെക്കോര്‍ഡ് കരസ്ഥമാക്കിയത്.171 തവണയാണ് ഈ കൊച്ചു താരം ജഗ്ളിങ്ങ് ചെയ്തത്.കണ്ണൂര്‍ ചെറുകുന്ന് ബൈജുവിന്റെയും ലിമയുടെയും രണ്ടാമത്തെ മകളാണ് അഖില.
ചെറുകുന്ന് ഗവണ്‍മെന്റ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ പഠിക്കുന്ന അഖിലയ്ക്ക് ജി വി രാജ സ്‌പോട്‌സ് സ്‌കൂളിലേക്ക് സെലക്ഷനും ലഭിച്ചിട്ടുണ്ട്.പയ്യന്നൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്റി സ്‌കൂളിലെ കിക്കോഫ് പരിശീലന കേന്ദ്രത്തിലാണ് പരിശീലനം നടത്തുന്നത്. നിലവില്‍ പെണ്‍കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്ന ഏക കേന്ദ്രമാണ് പയ്യന്നൂരിലേത്.ചെറിയ പ്രായത്തില്‍ തന്നെ കഴിവുള്ള കുട്ടികളെ കണ്ടെത്തി ഫുട്‌ബോളില്‍ ലോകനിലവാരത്തില്‍ പരിശീലനം നല്‍കാന്‍ കായികവകുപ്പ് നടപ്പാക്കിയ കിക്കോഫ് പരിശീലന പദ്ധതി വലിയ വിജയമായി എന്ന് തെളിയിക്കുന്നതാണ് അഖിലയ്ക്ക് ലഭിച്ച ഈ അംഗീകാരമെന്ന് യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറം ചീഫ് എഡിറ്റർ ഗിന്നസ് ഡോ.സുനിൽ ജോസഫ്, ഏഷ്യൻ ജൂറി ഡോ.ജോൺസൺ വി. ഇടിക്കുള എന്നിവർ പറഞ്ഞു.വിവിധ ജില്ലകളിലായി 19 കേന്ദ്രങ്ങളിലാണ് കിക്കോഫ് പദ്ധതി ആരംഭിച്ചിരിക്കുന്നത്.
കഴിഞ്ഞ ജൂണില്‍ ജഗ്ലിങ്ങ് അറ്റ് ഹോം മത്സരത്തില്‍ ഒന്നാമതെത്തിയ അഖിലയുടെ പന്ത് തട്ടുന്ന വീഡിയോ ശ്രദ്ധയില്‍ പെട്ടതിനെ തുടർന്ന് യുവജനക്ഷേമ കായിക വകുപ്പ് മന്ത്രി ഇ പി.ജയരാജൻ അഖിലയെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു.ഫോര്‍വേഡ് പൊസിഷനില്‍ കളിച്ച് ലോകമറിയപെടുന്ന ഫുട്‌ബോളറാകാന്‍ കൊതിക്കുന്ന താരത്തിന് ആശംസകൾ നേർന്ന് കൊണ്ട് കഴിഞ്ഞ ദിവസം ഫേസ് ബുക്കിൽ കുറിച്ചു.വമ്പന്‍ താരങ്ങളോട് കിടപിടിക്കുന്ന നിലയിൽ പ്രകടനം നടത്തുന്ന അഖില കളിക്കളത്തില്‍ ഉയരങ്ങളില്‍ എത്താനാകട്ടെയെന്ന് മന്ത്രി ഇ പി.ജയരാജൻ ആശംസിച്ചു.
കാൽപന്ത് തട്ടി കണ്ണൂർ ഗ്രാമത്തെ ലോകത്തിൻ്റെ നെറുകയിലെത്തിച്ച അഖിലയെ സംസ്ഥാന യുവജനക്ഷേമ ബോർഡ് യൂത്ത് അവാർഡീസ് അസോസിയേഷൻ ചെയർമാൻ രാജു പള്ളിപറമ്പിൽ, പ്രസിഡൻ്റ് ജെ.ഉദയകുമാർ വലിയ മഠം, വൈസ് പ്രസിഡൻ്റ് പ്രദീപ് റ്റി.കണ്ണൻ എന്നിവർ അഭിനന്ദിച്ചു
കാരൂർ സോമൻ
ഇറ്റലി കാണാന്‍ വരുന്നവരില്‍ പലരും ഒരു പുരാതന സംസ്‌കാരത്തിന്റെ അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടി കിടക്കുന്ന പൊംപെയിലേക്ക് പോകാതിരിക്കില്ല. എന്റെ യാത്രകളെന്നും ചരിത്രങ്ങള്‍ തേടിയുള്ള യാത്രകള്‍ തന്നെയാണ്. ആ ചരിത്രാന്വേഷണത്തിന്റെ ചൂണ്ടുപലകകളായിട്ടാണ് ചരിത്രഗ്രസ്ഥങ്ങളെ കാണുന്നത്. ലണ്ടനില്‍ നിന്നുതന്നെ പോംപെയുടെ പൈതൃകം നിറഞ്ഞു നില്‍ക്കുന്ന ആല്‍ബര്‍റ്റോസി കാര്‍പിസി എഴുതിയ 2000 വര്‍ഷങ്ങള്‍ക്ക് മുന്‍പും ഇന്നുമുള്ള പോംപെയി പുസ്തകം വാങ്ങി വായിച്ചു. ലോകത്തിന്റെ ഏത് ഭാഗത്തേക്ക് സഞ്ചരിച്ചാലും ആ സ്ഥലങ്ങളുടെ സവിശേഷതകള്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തില്‍ ഇന്ത്യയില്‍ രചിക്കപ്പെട്ട ജയിംസ് മില്ലിന്റെ ബ്രിട്ടീഷ് ഇന്ത്യാ ചരിത്രം ഇന്ത്യയില്‍ വരുന്ന മിക്ക സഞ്ചാരികളും വായിച്ചിട്ടുണ്ടാകണം. ബി.സി. അഞ്ചാം ശതകത്തിന് മുന്‍പുള്ള നമ്മുടെ മഹാ ശിലായുഗത്തെപ്പറ്റി ചരിത്രകാരന്മാര്‍ തരുന്ന തെളിവുകളില്‍ മുന്നില്‍ നില്‍ക്കുന്നത് ഇരുമ്പു ലോഹങ്ങളും വെട്ടുകല്ലില്‍ തീര്‍ത്ത ശവകല്ലറ, ശവ ശരീരം, മണ്‍ഭരണികളിലാക്കി മണ്ണിനടിയില്‍ കുഴിച്ചിട്ട ചരിത്രം തുടങ്ങിയവയാണ്.
പോംപെയില്‍ അഗ്നിപര്‍വ്വതങ്ങളില്‍ നിന്ന് കുതിച്ചൊഴുകി വന്ന ലാവ മനുഷ്യജീവന്‍ എടുക്കുകയായിരുന്നു. ആ പ്രാചീന സാംസ്‌കാരം ഒരു നിശ്വാസം പോലെ എന്നില്‍ ഉദിച്ചുപൊങ്ങി. ഹോട്ടലില്‍ നിന്ന് രാവിലെ ഏഴുമണിക്കു മുന്‍പ് ടാക്‌സിയില്‍ റോമിലെ പോപ്പുലര്‍ സ്‌ക്വയറിലെത്തി. ഇവിടെ നിന്ന് ഏഴുമണിക്ക് തന്നെ ബസ് നേപിള്‍സിലെ പൊംപെയിലേക്ക് പുറപ്പെടും. പൊംപെയിലേക്ക് ട്രെയിന്‍ സര്‍വീസുകളുണ്ടെങ്കിലും സുഖകരമായ യാത്രയ്ക്ക് ടൂര്‍ ബസ്സുകളാണ് നല്ലത്. ഞങ്ങള്‍ ചെന്നിറങ്ങിയ ചത്വരത്തിന്റെ മദ്ധ്യഭാഗത്ത് ഒരു കെട്ടിടമുണ്ട്. കടകളൊന്നും തുറന്നിട്ടില്ല. അടുത്തുള്ള റോഡരികിലൂടെ ആളുകള്‍ നടക്കുന്നു, ചിലര്‍ ഓടുന്നു. മറ്റ് ചിലര്‍ സൈക്കിളിലാണ്. യുറോപ്പിലെങ്ങും സൈക്കിള്‍ സവാരി നിത്യ കാഴ്ചയാണ്. ആരോഗ്യത്തിനും ആയുസിനും വ്യായാമം അത്യാവശ്യമെന്ന് സ്‌കൂള്‍ പഠനകാലം മുതലെ അവര്‍ പഠിച്ചവരാണ്. ആ കൂട്ടത്തില്‍ സംസാരിച്ച് നടന്നു നീങ്ങുന്ന പ്രണയ ജോഡികളുമുണ്ട്. റോഡരികിലായി സെന്റ് മരിയ ദേവാലയവും അതിനടുത്തായി ലോകപ്രശസ്ത ചിത്രകാരനും, ശില്പിയും, ഗവേഷകനുമായിരുന്ന ലിയനാര്‍ഡോ ഡാവിഞ്ചിയുടെ മ്യൂസിയവുമുണ്ട്. ഇതൊക്കെ രാവിലത്തെ ശീതക്കാറ്റില്‍ ഞാനൊന്ന് നടന്നു കണ്ടതാണ്. അവിടേക്ക് നടന്ന് വരുന്നതും കാറില്‍ വന്നിറങ്ങുന്നതും സഞ്ചാരികളാണ്. റോഡരികില്‍ മരങ്ങള്‍ നിരനിരയായി നില്ക്കുന്നു.
ഉദയസൂര്യന്റെ തേജസ് കണ്ടെങ്കിലും മരങ്ങളിലൊന്നും പക്ഷികളെ കണ്ടില്ല. ആകെ കണ്ടത് പ്രാവുകളാണ്. അവരെല്ലാം മനുഷ്യരെപ്പോലെ കൂട്ടമായിരുന്ന് ഇന്നത്തെ പരിപാടികള്‍ പങ്കുവയ്ക്കുന്നു. ഈ സമയം കേരളത്തിന്റെ സ്വന്തം പക്ഷികളായ വെള്ളം കുടിക്കാത്ത വേഴാമ്പല്‍, കുയില്‍, മൈന, പൊന്മാന്‍, മരംകൊത്തി, മൂങ്ങ, മഞ്ഞക്കിളി, തത്ത, കാക്ക, പഞ്ചവര്‍ണ്ണക്കിളി…. ഒരു നിമിഷം ഓര്‍ത്തു. കേരളം എത്ര സുന്ദരമാണ്. ലോകത്ത് 450 ല്‍പരം പക്ഷികളാണുള്ളത്. കേരളത്തിൽ സൂര്യനുണര്‍ന്നാല്‍ പക്ഷികളെല്ലാം കൂടി മരച്ചില്ലകളില്‍ എന്തൊരു ബഹളമാണ്.
ഞങ്ങള്‍ക്ക് പോകേണ്ട ബസ്സ് വന്നു. അതില്‍ നിന്ന് മധുരം തുളുമ്പുന്ന ചിരിയുമായി ഒരു സുന്ദരി ഇറങ്ങി വന്നിട്ട് ”ബുയോണ്‍ ജീ ഓര്‍നോ” അഥവാ ഗുഡ്‌മോണിങ് എന്നു പറഞ്ഞു. ഇംഗ്ലീഷിലും ഇറ്റാലിയന്‍ ഭാഷയിലും വാചാലമായി സംസാരിക്കാന്‍ മിടുക്കി. അവളുടെ പേര് ‘റബേക്ക’. അവള്‍ ഇംഗ്ലണ്ടുകാരിയും കാമുകന്‍ ഇറ്റലിക്കാരനുമാണ്. ഞങ്ങളുടെ കഴുത്തിലണിയാന്‍ നീല നിറത്തിലുള്ള ബാഡ്ജ് തന്നു. ഒപ്പം ഹെഡ്‌ഫോണും. കൂട്ടം തെറ്റിപ്പോകാതിരിക്കനാണ് ഈ ബാഡ്ജ്. ഞങ്ങളെ ഇന്ന് നയിക്കുന്നത് റബേക്കയാണ്. പുലരിയില്‍ വിരിഞ്ഞു നില്ക്കുന്ന പൂവുപോലെ അവള്‍ അടുത്ത് വന്ന് ഓരോരുത്തരെ പരിചയപ്പെട്ടു. എല്ലാവരും എന്നെ ശ്രദ്ധിക്കുക. സ്‌നേഹ വാത്സല്യം നിറഞ്ഞ അവളുടെ മിഴികളിലേക്ക് എല്ലാവരും നോക്കി. എ.ഡി. 79ല്‍ വെസ്യുവീസ് അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ച് വിഷവാതകത്തില്‍ ജനങ്ങളെ മരണത്തിലേക്ക് നയിച്ചതും എ.ഡി. 62ല്‍ ഭൂമികുലുക്കമുണ്ടായി പകുതിയിലധികം പ്രദേശങ്ങളും അവിടുത്തെ മനുഷ്യരടക്കമുള്ള ജീവജാലങ്ങളും നശിച്ചതും ഇന്ന് ഈ സ്ഥലം യുനെസ്‌ക്കോയുടെ ലോകപൈതൃക പട്ടികയില്‍ ഇടം നേടിയതുമെല്ലാം വിവരിച്ചു.
ഞങ്ങളുടെ പാസ്‌പോര്‍ട്ടും ടിക്കറ്റുമെല്ലാം പരിശോധിച്ചിട്ട് മയില്‍പ്പീലിപോലെ അഴകുവിരിച്ച് നില്‍ക്കുന്ന ഒരു ബസ്സിലേക്ക് കയറ്റി. അതിനുള്ളിലെ യാത്രികരെല്ലാം വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ബസ് നീങ്ങി. ബസിന്റെ ജാലകത്തിന് പുറത്ത് പുതുമ നിറഞ്ഞ റോം മിന്നിമറയുന്നു. ഏകദേശം മൂന്ന് മണിക്കൂറെടുക്കും നാപ്പിള്‍സിലെത്താന്‍. വഴിയോരങ്ങളില്‍ ഉദയസൂര്യന്‍ വിരുന്നു നല്കിയതുപോലെ വിത്യസ്ത നിറത്തിലുള്ള പൂക്കള്‍ അണിഞ്ഞൊരുങ്ങി നില്ക്കുന്നു. റോമിലെ ഓരോ നഗരങ്ങളും തെരുവീഥികളും റോമന്‍ ഭരണകൂടത്തെ പ്രതിഫലിപ്പിക്കുന്നു. പലയിടത്തും മനോഹര മാര്‍ബിള്‍ ശില്പങ്ങള്‍ ഉയര്‍ന്നു നില്പുണ്ട്. നീണ്ടു കിടക്കുന്ന സുന്ദരമായ റോഡിലൂടെ ബസ് മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കെ റോഡില്‍ നിന്ന് അരകിലോമീറ്റര്‍ അകലത്തില്‍ ഹിമപര്‍വ്വതനിരകള്‍ പോലെ ഇരുഭാഗങ്ങളിലായി പര്‍വ്വതങ്ങള്‍ സൂര്യകിരണങ്ങളാല്‍ തിളങ്ങുന്നു. ഓരോ പര്‍വ്വതവും ഒന്നിനോടൊന്ന് മുട്ടിയുരുമ്മി നില്ക്കുന്നു. പര്‍വ്വതങ്ങളുടെ മുകള്‍ ഭാഗവുമായി മുട്ടിയുരുമ്മി നില്ക്കുന്നത് കാര്‍മേഘങ്ങളാണ്. ലോകത്തിന്റെ പലഭാഗങ്ങളിലും പല രൂപത്തിലും ഭാവത്തിലുമുള്ള പര്‍വ്വതങ്ങളും പര്‍വ്വത നിരകളും കാണാറുണ്ട്. അതില്‍ നിന്നൊക്കെ വിത്യസ്തമായി ഒരു സഞ്ചാരിക്ക് ഇതൊരു അത്യപൂര്‍വ്വ കാഴ്ചയാണ്. റോമിന്റെയും പൊംപെയുടെയും ഇടയില്‍ ഇങ്ങനെ നീണ്ടു നീണ്ടു കിടക്കുന്ന പര്‍വ്വതങ്ങള്‍ ഞാനൊട്ടും പ്രതീക്ഷിച്ചില്ല. പര്‍വ്വതങ്ങളും അതിനോട് ചാഞ്ഞിറങ്ങി കിടക്കുന്ന കാടുകളും കൃഷിയിടങ്ങളും ചേതോഹരമായ കാഴ്ചയാണ്. ചില താഴ്‌വാരങ്ങളില്‍ വീടുകളുമുണ്ട്. സഞ്ചാരികളെല്ലാം അതെല്ലാം കണ്‍കുളിര്‍ക്കെ കണ്ടിരിക്കുന്നു. റോഡിലൂടെ ബസും കാറും മാത്രമല്ല കുതിരപ്പുറത്ത് പോകുന്നവരെയും കണ്ടു.
ഓരോ പര്‍വ്വതങ്ങളും കണ്ടുകൊണ്ടിരിക്കെ ഒരു പര്‍വ്വതത്തിന്റെ മുകളില്‍ വലിയൊരു കുരിശ് പര്‍വ്വതത്തില്‍ കിളിര്‍ത്തു നില്ക്കുന്നതുപോലെ തോന്നി. അതിന് മുകളില്‍ കാര്‍ മേഘക്കൂട്ടങ്ങള്‍ ഉരുണ്ടു കൂടുന്നു. ഈ റോഡിലൂടെയാണ് റോമന്‍ പട്ടാളം രാവിലെ പരേഡ് നടത്തിയിരുന്നത്. ഈ പ്രദേശം സമുദ്ര നിരപ്പില്‍ നിന്ന് നാല്പത് മീറ്റര്‍ ഉയരത്തിലാണ് നിലകൊള്ളുന്നത്. നഗരത്തിനടുത്തുകൂടിയാണി സാര്‍നോ നദിയൊഴുകുന്നത്. ഒരു ഭാഗത്ത് പര്‍വ്വതങ്ങളും താഴെ കടലുമൊക്കെ ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടാനുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങളായിരുന്നു. അതിനൊപ്പം തന്നെ ദേവീ ദേവന്മാരുടെ ആരാധനാലായങ്ങളുയര്‍ന്നു. ആദ്യ ദൈവങ്ങള്‍ ചക്രവര്‍ത്തിമാരായിരുന്നു. ഞങ്ങളുടെ ഗൈഡ് ബസിനുള്ളില്‍ വച്ചുതന്നെ ഓരോ പ്രദേശത്തിന്റെ പ്രത്യേകതകള്‍ വിവരിച്ചു. ആദ്യം ഞങ്ങള്‍ ബസ്സില്‍ നിന്നിറങ്ങുന്നത് പോര്‍ട്ട് മറീന ഗേറ്റിലാണ്. ഏ.ഡി. 62 ലെ വിഷവാതകം നിറഞ്ഞ അഗ്നിപര്‍വ്വ സ്‌പോടനത്തില്‍ ഈ പ്രദേശത്തിന്റെ നല്ലൊരു ഭാഗവും തകര്‍ന്ന് കിടക്കുന്ന കാഴ്ചയാണ്. തിരയില്ലാത്ത കടല്‍ത്തീരം ദൂരെ കാണാം. ആകാശത്തേക്ക് തലയുയര്‍ത്തിനില്ക്കുന്ന മറീന ഗേറ്റ് റോമന്‍സിന് ഒരഭിമാനസ്തംഭം തന്നെയായിരുന്നു. നടന്നെത്തിയത് ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്ന വീനസിന്റെ ക്ഷേത്രമാണ്. സ്‌നേഹത്തിന്റെ ദേവതയാണ് വീനസ്. മാത്രവുമല്ല ആത്മീയ ചൈതന്യമുള്ള ഈ സുന്ദരി ദേവി എല്ലാം വീടുകള്‍ക്കും ഒരു കാവല്‍ മാലഖയെന്നും ജനങ്ങള്‍ വിശ്വസിച്ചു. ഇവിടെയും റോമിലും ഈ ദേവിയുടെ ക്ഷേത്രങ്ങള്‍ പണിയാന്‍ ചക്രവര്‍ത്തി ജൂലിയസ് സീസ്സറാണ് മുന്നട്ടിറങ്ങിയത്. പിന്നീട് കണ്ടത് അപ്പോളോ ദേവന്റെ ക്ഷേത്രം പൊളിഞ്ഞു കിടക്കുന്നതാണ്.
തുടര്‍ന്നുള്ള യാത്രയില്‍ ബസ്സില്‍ നിന്നിറങ്ങുന്നത് പിരമിഡ് രൂപത്തില്‍ തീര്‍ത്തിരിക്കുന്ന ആംഫി തീയറ്റര്‍ കാണാനാണ്. ബി.സി.80 കളില്‍ കായിക കലാരംഗത്ത് ദൃശ്യവിരുന്നൊരുക്കിയെന്ന് കേള്‍ക്കുമ്പോള്‍ ആരിലും ആശ്ചര്യമുണ്ടാക്കും. മേല്‍കൂരയില്ലാത്ത തീയറ്ററുകള്‍ക്കുള്ളില്‍ അയ്യായിരം മുതല്‍ ഇരുപത്തയ്യായിരമാളുകള്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. റോമിന്റെ ആദ്യകാല ചക്രവര്‍ത്തി അഗസ്റ്റിന്റെ കാലം മുതല്‍ ആരംഭിച്ചതാണ് ആംഫി തിയേറ്ററുകള്‍. ഒന്നു മുതല്‍ ഇരുപത് പടികളുണ്ട്. മൂന്ന് ഭാഗത്ത് കാഴ്ചക്കാര്‍ ഇരിക്കുമ്പോള്‍ ഒരു ഭാഗം വലിയ സ്റ്റേജാണ്. ആ സ്റ്റേജിന്റെ അടുത്തായി ഇരിക്കുന്നത് രാജകുടുംബാംഗങ്ങളും, ഉന്നത പട്ടാള ഉദ്യോഗസ്ഥരും, ഗോത്രത്തലവന്മാരും സമ്പന്നരുമാണ്. റോമക്കാരുടെ പ്രധാന പട്ടാള കേന്ദ്രമായതിനാല്‍, ഞായര്‍ ദിവസങ്ങളില്‍ നാടന്‍ കലാപരിപാടികളും, മല്ലന്മാര്‍ തമ്മിലും മനുഷ്യരും മൃഗങ്ങളും തമ്മിലുമുള്ള സംഘട്ടനങ്ങള്‍ നടക്കാറുണ്ട്. നമ്മുടെ ഏതെങ്കിലും വലിയ പാറമലകളിലും ഇതുപോലുള്ള തിയറ്ററുകള്‍ നിര്‍മ്മിക്കാവുന്നതാണ്. മഴവെള്ളം ഒഴുകിപോകാനുള്ള സംവിധാനമുണ്ട്. അകത്തേക്ക് വരാനും പുറത്തേക്ക് പോകാനും ഒരു ഗേറ്റ് മാത്രമെയുള്ളു. ആ ഭാഗങ്ങളില്‍ ഏതോ തുരങ്കത്തിലെന്നപോലെ ശുചിമുറികളും മറ്റ് കാര്യായലങ്ങളുമുണ്ട്.
ബസ്സിലിരിക്കെ മനസ്സില്‍ നിറഞ്ഞത് ഗ്രീക്ക് -റോമാ ആധുനിക സംസ്‌കാരത്തില്‍ ജീവിച്ചിരുന്ന ഒരു സമൂഹത്തെപ്പറ്റിയാണ്. മുന്നില്‍ കാണുന്ന ഒരോന്നും റോമന്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളാണ്. ഒരു ദേശം എങ്ങനെ പൂന്തോട്ടങ്ങളാലും, കെട്ടിടങ്ങളാലും മാത്രമല്ല മൂത്രപ്പുരകള്‍ എങ്ങനെയായിരിക്കണമെന്നുകൂടി പഠിപ്പിക്കുന്നു. നമ്മുടെ ഇന്ത്യ 2020ല്‍ എത്തിയിട്ടും ശുചിമുറികളില്ലെന്ന് കേള്‍ക്കുമ്പോള്‍ ഒരു ഞെട്ടലുണ്ടാക്കുന്നു. ഇവിടുത്തെ ആംഫിതീയറ്ററുകളും, ചിത്രപ്പണികളും, വാദ്യോപകരണങ്ങളും, ലോഹങ്ങളും, മനോഹരങ്ങളായ ശില്പങ്ങളും മണ്‍പാത്രങ്ങളും പലയിടങ്ങളില്‍ കണ്ട ഫൗണ്ടനുകളും, നേപ്പിള്‍സിലെ കടലോര പ്രദേശങ്ങളുമൊക്കെ എത്ര മനോഹരങ്ങളാണ്.
ബസ്സില്‍ നിന്നിറങ്ങുന്നത് ബി.സി. 78-120 കാലയളവില്‍ തീര്‍ത്ത പൊംപെയുടെ ബസലിക്കയിലാണ്. ബി.സി.യിലും ഇവിടെ ബസിലിക്കയെന്ന പേരുള്ളത് എനിക്കിപ്പോഴാണ് മനസ്സിലായത്. ആധുനിക മനുഷ്യര്‍ കൂടുതല്‍ കേട്ടിട്ടുള്ളത് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയാണ്. റോമന്‍ സാമ്രാജ്യത്തിന്റെ പട്ടാള അധിപന്മാര്‍, ജുപിറ്റര്‍, അപ്പോളോ, ഹെര്‍ക്കുലീസ്, ഡയാനാ, ഇസ്സിസ് തുടങ്ങിയ ദേവീദേവന്മാരുടെ ക്ഷേത്രങ്ങള്‍, നീറോ ചക്രവര്‍ത്തി മല്ലന്മാര്‍ക്കായി തീര്‍ത്ത തിയേറ്ററുകള്‍, പൂന്തോപ്പുകള്‍, ദേവിദേവന്മാരുടെ, ചക്രവര്‍ത്തിമാരുടെ മാര്‍ബിള്‍ പ്രതിമകള്‍, കടകമ്പോളങ്ങള്‍ എല്ലാം തന്നെ മൗണ്ട് വെസുവിയസ് എന്ന അഗ്നിപര്‍വ്വതം ഹിരോക്ഷിമ, നാഗസാക്കി ബോംബിനെക്കാള്‍ ശക്തമായി ആകാശമാകെ മൂന്ന് ദിവസത്തോളം ഇരുട്ടുപരത്തികൊണ്ട് പത്ത് കിലോ മീറ്റര്‍ ദുരത്തില്‍ പൊംപെനഗരത്തെ അന്തരീക്ഷത്തിലുയര്‍ന്ന വിഷദ്രാവകത്തിലും അഗ്നിപര്‍വ്വതത്തില്‍ നിന്ന് ഉരുകിയൊലിച്ചിറങ്ങിയ കറുത്ത ലാവയിലും മൂടിപുതച്ചു.
പ്രകൃതി പൊംപെയി നഗരത്തെ മാത്രമല്ല റോമന്‍ ചക്രവര്‍ത്തിമാരെയും വെല്ലുവിളിച്ചു. ലോകത്തെ വിറപ്പിച്ചവരുടെ കഴുത്തില്‍ പുമാലക്ക് പകരം വിഷമാലകള്‍ ഹാരമണിയിച്ച് ചുംബിച്ചു. യുദ്ധങ്ങളില്‍ ചോരപ്പുഴയൊരുക്കിയവര്‍ മരണത്തിന് ഇങ്ങനെയൊരു മുഖമുള്ളതറിഞ്ഞില്ല. ഏ.ഡി. 62ല്‍ ഭൂമികുലുക്കത്തില്‍ പൊംമ്പയിയുടെ നല്ലൊരു വിഭാഗം ദേശങ്ങളെ നശിപ്പിച്ചെങ്കിലും അവര്‍ ഒരു പാഠവും പഠിച്ചില്ലെന്ന് പ്രകൃതി ദേവിക്ക് തോന്നിയോ? പൊംപെയി മാത്രമല്ല അതിനടുത്തുള്ള ഹെര്‍കുലേനിയം നഗരമാകെ ചാമ്പലായി. അതുവഴി ഒഴികികൊണ്ടിരുന്ന സാര്‍നോ നദിപോലും ലാവയാല്‍ മൂടപ്പെട്ടു. ഏ.ഡി. 1500ന്റെ അവസാന കാലഘട്ടത്തിലാണ് അതിന് വീണ്ടും ജീവന്‍ വച്ചത്. റോമന്‍ ചക്രവര്‍ത്തിമാരുടെ സമ്പത്തിന്റെ സിംഹഭാഗവും ഇവിടുത്തെ ക്ഷേത്രഗുഹകള്‍ക്കുള്ളിലാണ് സൂക്ഷിച്ചിരുന്നത്. അതില്‍ മരതകല്ലുകള്‍, രത്‌നങ്ങള്‍, ചക്രവര്‍ത്തിമാരുടെ പടമുള്ള നാണയങ്ങള്‍, വെള്ളി, ചെമ്പ് തുടങ്ങിയ വിലപിടിപ്പുള്ളത് ഉണ്ടായിരുന്നു. ക്ഷേത്രങ്ങളില്‍ ഇവയൊക്കെ സൂക്ഷിക്കാനുള്ള കാരണം ദേവീ ദേവന്മാരുടെ കടാക്ഷമുണ്ടാകുമെന്ന വിശ്വാസമാണ്.
ഇതിനടുത്ത് തന്നെയാണ് യുറോപ്പിലെ ശക്തന്മാരായ മല്ലന്മാര്‍ (ഗ്ലാഡിയേറ്റേഴ്‌സ്) താമസ്സിച്ചിരുന്നത്. അതും ചക്രവര്‍ത്തിമാര്‍ക്ക് കരുത്ത് പകര്‍ന്നു. മല്ലന്മാര്‍ തമ്മിലും, മല്ലന്മാരും മൃഗങ്ങളും തമ്മിലും, കൊടും കുറ്റവാളികളും മൃഗങ്ങളും തമ്മിലുമുള്ള പ്രധാന മത്സരങ്ങള്‍ റോമിലെ കൊളീസിയത്തിലാണ് നടന്നിരുന്നതെങ്കിലും അവിടെ നിന്നുള്ള സിംഹം, പുലി, ഇന്‍ഡ്യയില്‍ നിന്ന് കടല്‍ മാര്‍ഗ്ഗമെത്തിയ ഇന്‍ഡ്യന്‍ കടുവ, ചെന്നായ് ഇവരെല്ലാം പൊംമ്പയിലുമുണ്ടായിരുന്നു. ഈ കൊടും ക്രൂരതകള്‍ കണ്ട് ആസ്വാദിക്കുക ചക്രവര്‍ത്തിമാര്‍ക്ക് ഒരു വിനോദമായിരുന്നു. പരസ്പരം പൊരുതി പരാജയപ്പെടുന്ന മല്ലന്‍ ചക്രവര്‍ത്തിയോട് ”രക്ഷിക്കണം” എന്നപേക്ഷിച്ചാല്‍ കാഴ്ചക്കാരുടെ അഭിപ്രായം മാനിച്ച് വിടുതല്‍ നല്കുമായിരിന്നു. ക്രിസ്തീയ വിശ്വാസികള്‍ക്ക് ആ ആനുകൂല്യം ലഭിച്ചിരുന്നില്ല. ഇവരില്‍ കൂടുതലും വന്യമൃഗങ്ങളുമായുള്ള പോരാട്ടത്തിലാണ് വീരമൃത്യു വരിച്ചത്.
സഞ്ചാരികളെല്ലാം പലയിടത്തുമായി എല്ലാം കണ്ടു നടക്കുന്നു. ഏതോ ഒരു ശവകുടീരത്തില്‍ വന്ന പ്രതീതി. ചിന്നിച്ചിതറികിടക്കുന്ന ഒരു തിയേറ്ററിന് മുന്നില്‍ ചെന്നപ്പോള്‍ ഗൈഡ് പറഞ്ഞു. ഇവിടെ നാടകരൂപത്തിലുള്ള ഗ്രീക്ക്-റോമന്‍ കലകള്‍ അവതരിപ്പിച്ചിട്ടുണ്ട്. റോമാക്കാര്‍ കലാ സാഹിത്യത്തെ ഇഷ്ടപ്പെട്ടിരുന്നു. ഗ്രീക്ക് റോമാക്കാര്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നത് ദുഃഖ കഥകളും തമാശകളുമാണ്. ഗ്രീക്ക് കഥയുടെ പശ്ചാത്തലത്തില്‍ റോമന്‍സാണ് അഭിനയിക്കുന്നത്. അതില്‍ നൃത്തവുമുണ്ട്. അതിനെ മിമ്മിയെന്നും പാന്ററ്റോമിമ്മിയെന്നും വിളിക്കും. ഇതിന്റെയെല്ലാം പിന്നണിയില്‍ പാടാനും മ്യൂസിക്ക് പകരാനും ഒരു സംഘമുണ്ട്. ഗൈഡ് ചരിത്രബോധമുള്ള ഒരു സ്ത്രീയായി എനിക്ക് തോന്നി. ഞാന്‍ വായിച്ച ചരിത്രപുസ്തകത്തിലൂടെ അവരുടെ വാക്കുകള്‍ ഓരോ താളുകളായി മറിഞ്ഞുകൊണ്ടിരുന്നു. കൂട്ടംകൂടി നില്ക്കുന്നവര്‍ ചരിത്രാന്വേഷികളെപ്പോലെയാണ് അവരുടെ ഓരോ വാക്കും ശ്രദ്ധിക്കുന്നത്. അത് ചരിത്രത്തിന്റെ ആഴങ്ങള്‍ തേടിയുള്ള യാത്രയായിരിന്നു.
ഗ്രാൻഡ് ആയി വിവാഹം നടത്തുന്നതിൽ അല്ല കാര്യം, സിംപിൾ ആയി മനസ്സിന്റെ പൊരുത്തം നോക്കി നടത്തുന്ന വിവാഹങ്ങൾ ആകും ശാശ്വതം എന്നും വീണ!
സോഷ്യൽ മീഡിയയിൽ സജീവമായ ഏതൊരു വ്യക്തിക്കും വീണ ജാനിനെ അറിയാം. തൃശൂർ സ്വദേശിനി ആയ, വീട്ടമ്മ ഇന്ന് സിനിമ സീരിയൽ താരങ്ങളെ പോലെ തന്നെ ഫെയിം ആണ്. പാചകറാണി തന്നെയാണ് വീണ ഇന്ന് മലയാളികൾക്ക്. വർഷങ്ങൾ ആയി മലയാളികളുടെ അടുക്കളയിൽ ചുരുങ്ങിയത് ഒരു റെസിപ്പി എങ്കിലും വീണയുടെ സ്വന്തം ആയിട്ടുണ്ടാകും. അത്രയും സ്വാധീനം ചെലുത്താൻ ഈ വീട്ടമ്മക്ക് കഴിഞ്ഞു എന്നതാണ് യാഥാർഥ്യം. എൻജിനീയറിങ് ബിരുദ ധാരി കൂടിയായ വീണ വെറും ഒരു വ്‌ളോഗർ മാത്രമല്ല, പാചക വിഡിയോകളിലൂടെ യുട്യൂബിന്‍റെ ഗോള്‍ഡന്‍ പ്ലേ ബട്ടന്‍ നേടിയ ആദ്യ മലയാളി വനിത. കൂടിയാണ് വീണ. ഇന്ന് നമ്മൾ കാണുന്ന വീണയിലേക്ക് എത്താൻ ഒരുപാട് പ്രതിസന്ധികളിൽ അതിജീവിച്ചെത്തിയ വീണയുടെ കഥ സമൂഹമാധ്യമങ്ങളിൽ വൈറൽ ആണ്. യൂ ട്യൂബിലൂടെ തന്നെ മുപ്പത് ലക്ഷത്തിനടുത്ത് ആളുകൾ ആണ് വീണയുടെ അതിജീവനത്തിന്റെ കഥ കണ്ടത്.
തൃശൂർ ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്സ് കോളെജില്‍ നിന്ന് പ്രീഡിഗ്രി കഴിഞ്ഞ് ദിണ്ടിഗലിലെ ആര്‍വിഎസ് കോളെജ് ഓഫ് എന്‍ജിനീയറിങ്ങില്‍ ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ പഠിക്കുന്ന സമയത്താണ് പാചകവും പഠിച്ചതെന്നു വീണ മുൻപ് പറഞ്ഞിട്ടുണ്ട്. അതിനും വളരെ മുമ്പ് തന്നെ താൻ ചെറിയ പാചക പരീക്ഷണങ്ങള്‍ തുടങ്ങിയിരുന്നതായി താരം മുൻപ് വ്യക്തമാക്കിയിട്ടുണ്ട്.
വിവാഹശേഷം യൂ ട്യൂബിൽ…..
പ്രവാസിയായ വീട്ടമ്മയാണ് വീണ. ഭർത്താവ് ജാൻ ഓഫീസിലും, മകൻ സ്‌കൂളിൽ പോയി കഴിഞ്ഞാൽ കിട്ടുന്ന സമയം ആണ് വീണ ആദ്യകാലങ്ങളിൽ കുക്കിങ്ങിനായി മാറ്റി വച്ചത്. കൂട്ടുകാരിയും ഭർത്താവും നൽകിയ ഇൻസ്പിരേഷൻ കൊണ്ടാണ് താൻ ഒരു യൂ ട്യൂബ് ചാനൽ തുടങ്ങിയതെന്നും വീണ വ്യക്തമാക്കിയിട്ടുണ്ട്. ആദ്യകാലങ്ങളിൽ ബ്ലോഗ് ആയിരുന്നു. പിന്നെയാണ് വ്‌ളോഗിംഗിലേക്ക് മാറിയതെന്നും ആദ്യമായി 13,000 രൂപയായിരുന്നു വരുമാനം പിന്നീടാണ് ഇന്നത്തെ വീണാസ് കറി വേൾഡായി മാറിയതെന്നും വീണ പറയുന്നു.
ഞാൻ പറയും മുൻപേ…..
ഞാൻ പറയും മുൻപേ എന്റെ ജീവിത കഥ പലർക്കും അറിയാം എന്ന് അറിയാം. പക്ഷെ പലരും ചോദിക്കുന്ന കാര്യമാണ് എന്ത്കൊണ്ട് വിവാഹ ഫോട്ടോ ഇടുന്നില്ല എന്ന്. അതിനു ഒരുപാട് കാരണങ്ങൾ ഉണ്ടായിരുന്നു. ഇന്ന് കാണുന്ന എന്റെ ജീവിതത്തിലേക്ക് എത്തും മുൻപേ എന്റെ ജീവിതം ഒരുപാട് പ്രതിസന്ധികളിൽ കൂടിയാണ് കടന്നു പോയത്. ഇന്ന് നിങ്ങൾ കാണുന്ന വീണയായി എന്നെ മാറ്റിയത് എന്റെ ഭർത്താവ് ജാൻ ആണെന്നും വീണ യൂ ട്യൂബ് വീഡിയോയിലൂടെ വ്യക്തമാക്കി. പലരും പരിഹാസത്തോടെ കാണുന്നുണ്ട് എങ്കിലും എനിക്ക് ഒരു നാണക്കേടും ഇല്ലാതെ പറയും ഇത് എന്റെ രണ്ടാം വിവാഹം ആണെന്ന്..
ജീവിതം മാറി മറിഞ്ഞു……
ലക്ഷക്കണക്കിന് രൂപ പൊടിപൊടിച്ചു നടത്തുന്ന വിവാഹങ്ങളിൽ ഒരു കാര്യവും ഇല്ലെന്നും, അതിനു താൻ ഉത്തമ ഉദാഹരണം ആണെന്നും വീണ വ്യകത്മാക്കി. എന്റെ ജീവിത കഥ മറ്റുള്ളവർക്ക് ഒരു പ്രചോദനം ആയാൽ എന്ന് കരുതി കൊണ്ടാണ് എന്റെ പുതിയ ജീവിതത്തെ കുറിച്ച് ഞാൻ സംസാരിക്കാൻ തയ്യാറായതെന്നും വീണ പറയുന്നു. എന്റെ ആദ്യ മകന് ഒരു വയസ്സുള്ളപ്പോൾ ആണ് മറ്റൊരു ജീവിതത്തിലേക്ക് താൻ കാലെടുത്തു വച്ചത്. ജീവിതത്തിൽ തളർന്നുപോകുന്ന അവസ്ഥകൾ ഉണ്ടാകുമ്പോൾ തളരാതെ മുൻപോട്ട് പോകാൻ എന്തെങ്കിലും പിടിവള്ളി കിട്ടിയാൽ അതിൽ പിടിച്ചു കയറാൻ ശ്രമിക്കണം തളർന്നുപോകരുത് എന്നും വീണ പറഞ്ഞു. പുതിയ ജീവിതത്തിൽ കടപ്പാട് ദൈവം, ഭര്‍ത്താവ്, മക്കള്‍, അച്ഛനനമ്മാര്‍, സബ്സ്ക്രൈബേഴ്സ് ഇവരോടാണ് എന്നും വീണ വ്യക്തമാക്കി.
ജാൻ താരം……
വീണയെ പ്രതിസന്ധികൾക്കിടയിൽ തളരാതെ പുതു ജീവിതം നൽകിയ ജാനിനു സോഷ്യൽ മീഡിയ നിറഞ്ഞ കൈയ്യടി ആണ് നൽകുന്നത്. ജാൻ എന്ന മനുഷ്യൻ ആയിരത്തിൽ ഒരുവൻ ആയിരിക്കുന്നു. ഭഗവാന്റെ അംശം ഉള്ള വ്യക്തിയാണ്. ഒരിക്കലും വിട്ടുകളയരുത്. ഒരിക്കലും രക്ഷപ്പെടാന്‍ പറ്റാത്ത ബന്ധങ്ങൾ കൊണ്ട് നടക്കുന്ന ആളുകള്‍ക്ക് ഇത് ഒരു മോട്ടിവേഷൻ ആണ് വീണയുടെ കഥയെന്നും ആരാധകർ പറയുന്നുണ്ട്.
ബിസിസിഐയുടെ വിലക്ക് അവസാനിച്ച മുൻ ദേശീയ താരവും മലയാളിയുമായ എസ് ശ്രീശാന്ത് ക്രിക്കറ്റ് പിച്ചിൽ തിരികെയെത്തുന്നു. കേരള ക്രിക്കറ്റ് അസോസിയേഷൻ നടത്തുന്ന പ്രസിഡന്റ്‌സ് ടി-20 ടൂർണമെൻ്റാണ് താരത്തിൻ്റെ തിരിച്ചുവരവിന് സാക്ഷിയവുക. ഡിസംബറിൽ തീരുമാനിച്ചിരിക്കുന്ന ടൂർണമെൻ്റിൻ്റെ തീയതി നിശ്ചയിച്ചിട്ടില്ല. സർക്കാർ അനുമതി ലഭിച്ചു കഴിഞ്ഞാൽ മറ്റ് വിവരങ്ങൾ ക്രിക്കറ്റ് അസോസിയേഷൻ അറിയിക്കും.
ഡ്രീം ഇലവൻ്റെ പിന്തുണയുള്ള ടൂർണമെൻ്റാണ് ഇത്. ശ്രീശാന്ത് ആയിരിക്കും പ്രസിഡന്റ്‌സ് ടി-20 ടൂർണമെന്റിലെ പ്രധാന ആകർഷണമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സാജൻ കെ വർഗീസ് പറഞ്ഞു. ആലപ്പുഴയിലെ ഹോട്ടലിൽ കളിക്കാർക്ക് സൗകര്യമൊരുക്കും. ടൂർണമെൻ്റ് ശ്രദ്ധിക്കപ്പെടുമെന്ന് പ്രതീക്ഷയുണ്ടെന്നും മത്സരങ്ങൾ ലീഗ് ഫോർമാറ്റിൽ ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
2013 ഐപിഎൽ വാതുവയ്പ്പിൽ ശ്രീശാന്തിനെ കുറ്റക്കാരനായി കണ്ടെത്തിയതിനെ തുടർന്ന് താരത്തിന് ബിസിസിഐ ആജീവനാനന്ത വിലക്ക് ഏർപ്പെടുത്തിയിരുന്നു. ശ്രീശാന്തിനെതിരെ തെളിവുകൾ ഇല്ലാതിരുന്നിട്ടും ബിസിസിഐ വിലക്ക് പിൻവലിച്ചിരുന്നില്ല. ഇതിനെതിരെ ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചു. ഏപ്രിൽ 2020ൽ വാദത്തിനിടെ ബിസിസിഐയോട് വിലക്ക് കാലാവധി പുനഃപരിശോധനയ്ക്ക് വിധേയമാക്കാൻ കോടതി ആവശ്യപ്പെട്ടു. തുടർന്ന് ബിസിസിഐ ഓമ്പുഡ്‌സ്മാൻ ശ്രീശാന്തിന്റെ വിലക്ക് കാലാവധി ഏഴ് വർഷമായി വെട്ടിച്ചുരുക്കി. സെപ്തംബർ 13നാണ് ശ്രീശാന്തിന്റെ വിലക്ക് അവസാനിച്ചത്.
കുടുംബവഴക്കിനിടെ ഭാര്യയെ ചുമരിലേക്ക് തള്ളിയിട്ട് പരിക്കേൽപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കൂമംകുളം കളത്തിൽ പ്രസാദിനെ (40) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. കോവിലകംകുണ്ട് കോലാർകുന്ന് ഉണ്ണിക്കൃഷ്ണന്റെ മകൾ വിനിഷ (30) ആണ് മരിച്ചത്. കഴിഞ്ഞ 18നു രാത്രിയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: പ്രസാദും വിനിഷയും ഇടയ്ക്കിടെ വഴക്കിടാറുണ്ടായിരുന്നു. സംഭവ ദിവസം രാത്രിയും ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. വിനിഷയുടെ ഫോൺ പരിശോധിക്കണമെന്ന് പറഞ്ഞായിരുന്നു വഴക്കിട്ടത്. തുടർന്ന് ഫോൺ പിടിച്ചുവാങ്ങാൻ ശ്രമിക്കുന്നതിനിടെ ഇരുവരും തമ്മിൽ പിടിവലി ഉണ്ടായി. തർക്കത്തിനിടെ പ്രസാദ് ഭാര്യയെ പിടിച്ചു തള്ളുകയും വിനിഷയുടെ തല ചുമരിൽ ഇടിച്ച് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു.
മഞ്ചേരി സ്വകാര്യ ആശുപത്രിയിലും അവിടെനിന്നു മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിനിഷയ്ക്ക് പരിക്കേറ്റെന്ന വിവരം അയൽവാസികളാണ് വിനിഷയുടെ വീട്ടിൽ അറിയിച്ചത്. സഹോദരനും പിതാവും ആശുപത്രിയിൽ എത്തിയപ്പോഴേക്കും വിനിഷ മരിച്ചിരുന്നു. മഞ്ചേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയാണ് വിനിഷ. 3 കുട്ടികൾ ഉണ്ട്.
പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ഇൻസ്‌പെക്ടർ സി അലവി, എസ്‌ഐ ഉമ്മർ മേമന, എഎസ്‌ഐ ഷാഹുൽ ഹമീദ്, സിആർ ബോസ്, സിപിഒമാരായ ജയരാജ്, സുബൈർ, ഹരിലാൽ, ജയേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
ആശ്രിത നിയമനത്തിലൂടെ ജോലി സ്വന്തമാക്കാൻ പിതാവിനെ കൊലപ്പെടുത്തി മകൻ. ജാർഖണ്ഡിലെ രാംഗർഹിലാണ് സംഭവം. പിതാവ് മരിച്ചാൽ ലഭിക്കുന്ന ആശ്രിതനിയമനത്തിനായാണ് 35കാരനായ തൊഴിൽരഹിതനായ യുവാവ് പിതാവിനെ കൊലപ്പെടുത്തിയത്.
ഇയാളുടെ പിതാവ് കൃഷ്ണ രാം (55) സെൻട്രൽ കോൾ ഫീൽഡ്‌സ് ലിമിറ്റഡിലെ (സിസിഎൽ) ജോലിക്കാരനായിരുന്നു. ഈ ജോലി കരസ്ഥമാക്കാനാണ് 35കാരനായ മൂത്തമകൻ കൊലപ്പെടുത്തിയത്. രാംഗർഹ് ജില്ലയിലെ ബർക്കകാനയിൽ സിസിഎല്ലിന്റെ സെൻട്രൽ വർക്ക്‌ഷോപ്പിൽ ഹെഡ് സെക്യൂരിറ്റി ഗാർഡായിരുന്നു കൃഷ്ണ റാം. വ്യാഴാഴ്ച പുലർച്ചെയാണ് കഴുത്തിനു മുറിവേറ്റ് മരിച്ച നിലയിൽ കൃഷ്ണയെ കണ്ടെത്തിയത്.
ബുധനാഴ്ച രാത്രിയോടെ മകൻ കൃഷ്ണ രാമിനെ ബർക്കകാനയിൽ വച്ച് കഴുത്തുമുറിച്ച് കൊലപ്പെടുത്തിയെന്ന് സബ് ഡിവിഷനൽ പോലീസ് ഓഫിസർ (എസ്ഡിപിഒ) പ്രകാശ് ചന്ദ്ര മഹ്‌തോയുടെ നേതൃത്വത്തിലെ അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു. കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തിയും കൃഷ്ണയുടെ മൊബൈൽ ഫോണും സംഭവസ്ഥലത്തുനിന്ന് പോലീസ് കണ്ടെടുത്തു.
തനിക്ക് സിസിഎല്ലിൽ ജോലി ലഭിക്കുന്നതിനായാണ് പിതാവിനെ കൊലപ്പെടുത്തിയെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചതായി പോലീസ് അറിയിച്ചു. സിസിഎല്ലിന്റെ വ്യവസ്ഥകൾ പ്രകാരം ജീവനക്കാരൻ തന്റെ സേവന കാലയളവിൽ മരിച്ചാൽ, ആ ജീവനക്കാരനെ ആശ്രയിക്കുന്ന കുടുംബാംഗത്തിന് ജോലി നൽകും.
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ താരമാണ് ജോജു ജോര്‍ജ്. ഇപ്പോഴിതാ ഒരു കിടിലന്‍ ഗെറ്റപ്പിലാണ് ജോജു പ്രേക്ഷകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പഴയ ആര്‍സി 100 ബൈക്ക് ഉയര്‍ത്തുന്ന ജോജു ജോര്‍ജിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്.
നിലവില്‍ ചിത്രീകരണം പുരോഗമിക്കുന്ന ‘പീസ്’ എന്ന സിനിമയുടെ ലൊക്കേഷനില്‍ നടന്ന രസകരമായ നിമിഷമാണ് ചിത്രത്തില്‍ കാണുന്നത്. ബൈക്ക് സ്റ്റണ്ട് ചെയ്യുന്ന ചിത്രമാണ് ജോജു പങ്കുവച്ചിരിക്കുന്നത്. സ്‌ക്രിപ്റ്റ് ഡോക്ടര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിര്‍മ്മിച്ച് നവാഗതനായ സന്‍ഫീര്‍ കെ സംവിധാനം ചെയ്യുന്ന ചിത്രമാണ് പീസ്.
പീസില്‍ നായകന്റെ റോളിലാണ് ജോജു എത്തുന്നത്. തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാകും താരം ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. സിനിമയുടെ ചിത്രീകരണം നവംബര്‍ 16ന് തൊടുപുഴയില്‍ തുടങ്ങി. സിദ്ദീഖ്, ഷാലു റഹീം, വിജിലേഷ്, ആശാ ശരത്ത്, ലെന, അതിഥി രവി തുടങ്ങിയ താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം സഫര്‍ സനല്‍, രമേഷ് ഗിരിജ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കും. സക്കറിയയുടെ ‘ഒരു ഹലാല്‍ ലൗ സ്റ്റോറി’ക്ക് ശേഷം ജോജു അഭിനയിക്കുന്ന ചിത്രമാണിത്.
മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ‘നായാട്ട്’ എന്ന സിനിമയാണ് അണിയറയില്‍ ഒരുങ്ങുന്ന ജോജുവിന്റെ മറ്റൊരു ചിത്രം. കുഞ്ചാക്കോ ബോബനും ജോജു ജോര്‍ജും നിമിഷ സജയനുമാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.
മലേറിയയില്‍ നിന്നും ഡെങ്കിപ്പനിയില്‍ നിന്നും കൊറോണ വൈറസില്‍ നിന്നും രോഗമുക്തി നേടിയ രാജസ്ഥാനിലെ ബ്രിട്ടീഷ് സന്നദ്ധ പ്രവര്‍ത്തകനെ പാമ്പ് കടിച്ചു. രാജവെമ്പാലയാണ് കടിച്ചത്. എന്നാല്‍ ഇതില്‍ നിന്നും ഇയാന്‍ ജോണ്‍സ് എന്ന ബ്രിട്ടീഷ് പൗരന്‍ രക്ഷപ്പെട്ടു. രാജസ്ഥാനിലെ ജോധ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഇയാന്‍ ജോണ്‍സിനെ കഴിഞ്ഞ ദിവസം ഡിസ് ചാര്‍്ജ്ജ് ചെയ്തിരുന്നു. മേഖലയിലെ ഒരു ഗ്രാമത്തില്‍ വച്ച് പാമ്പുകടിയേറ്റ ഇയാന്‍ ജോണ്‍സിനെ കഴിഞ്ഞയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നേരത്തെ കോവിഡ് പോസിറ്റീവ് ആയി പിന്നീട് രോഗമുക്തി നേടിയിരുന്ന ഇവാന്‍ ജോണ്‍സ് വീണ്ടും രോഗലക്ഷണങ്ങള്‍ കാണിച്ചിരുന്നു. ഇതേത്തുടര്‍ന്ന് അദ്ദേഹത്തെ വീണ്ടും പരിശോധനയ്ക്ക് വിധേയനാക്കി. എന്നാല്‍ ഫലം നെഗറ്റീവ് ആയിരുന്നു. ഇയാന്‍ ജോണ്‍സിന് ഇന്ത്യയില്‍ വച്ച് മലേറിയയും കോവിഡ് 19നും ബാധിച്ചിരുന്നതായി മകന്‍ സെബ് ജോണ്‍സ് പറഞ്ഞു.
ദക്ഷിണ ഇംഗ്ലണ്ടിലാണ് ഇവരുടെ സ്വദേശം. കോവിഡ് മൂലം നാട്ടിലേയ്ക്ക് മടങ്ങാതെ ഇന്ത്യയില്‍ സന്നദ്ധപ്രവര്‍ത്തനവുമായി തുടരുകയായിരുന്നു ഇയാന്‍ ജോണ്‍സ്. രാജസ്ഥാനില കരകൗശല വസ്തു നിര്‍മ്മാതാക്കളുടെ ഉല്‍പ്പന്നങ്ങള്‍ ഇംഗ്ലണ്ടില്‍ വില്‍ക്കാന്‍ ഇയാന്‍ ജോണ്‍സ് ഗ്രാമീണര്‍ക്ക് സഹായം നല്‍കിയിരുന്നു.