ആറാട്ടുപുഴയില്‍ വയോധികയെ തെരുവുനായ കടിച്ചു കൊന്നു. ചിറയില്‍ കാര്‍ത്യായനി (81) യാണ് മരിച്ചത്. വീട്ടുമുറ്റത്ത് വച്ചായിരുന്നു ആക്രമണം. വയോധികയുടെ മുഖം നായ പൂര്‍ണമായും കടിച്ചെടുത്തതായി അയല്‍വാസികള്‍ പറഞ്ഞു.
തകഴി സ്വദേശിയായ വീട്ടമ്മ മകന്റെ വീട്ടില്‍ എത്തിയപ്പോഴാണ് തെരുവുനായ ആക്രമണം ഉണ്ടായത്. മുഖത്ത് കടിക്കുകയും കണ്ണുകള്‍ കടിച്ചു കീറുകയും ചെയ്തു. മൃതദേഹം കായംകുളത്തെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
കട്ടപ്പന റൂറല്‍ ഡെവലപ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്ന് നിക്ഷേപത്തുക ലഭിക്കാത്തതിനെ തുടര്‍ന്ന് നിക്ഷേപകന്‍ സാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു.
സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാം, സീനിയര്‍ ക്ലര്‍ക്ക് സുജാമോള്‍ ജോസ്, ജൂനിയര്‍ ക്ലര്‍ക്ക് ബിനോയി തോമസ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
കഴിഞ്ഞ 20 നാണ് കട്ടപ്പന റൂറല്‍ ഡെവലപ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുമ്പില്‍ സാബുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സാബുവിന്റെ പോക്കറ്റില്‍ നിന്ന് ലഭിച്ച ആത്മഹത്യാ കുറിപ്പില്‍ തന്റെ മരണത്തിന് ഉത്തരവാദി ബാങ്ക് സെക്രട്ടറി റെജിയും ജീവനക്കാരായ ബിനോയും ഷിജുവുമാണെന്ന് എഴുതിയിരുന്നു.
കൂടാതെ സൊസൈറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കുടുംബവും രംഗത്തെത്തിയിരുന്നു. തൊട്ടുപിന്നാലെയാണ് ബാങ്ക് മുന്‍ പ്രസിഡന്റും സിപിഎം മുന്‍ ഏരിയ സെക്രട്ടറിയുമായ വി.ആര്‍ സജി സാബുവിനെ ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണവും പുറത്തുവന്നത്. ഇതോടെയാണ് സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നത്.
സാബു തോമസിന്റെ ആത്മഹത്യ നടന്ന് അഞ്ചു ദിവസം പിന്നിട്ടിട്ടും കേസില്‍ ആരോപണ വിധേയര്‍ക്കെതിരെ അന്വേഷണ സംഘം ആത്മഹത്യ പ്രേരണ കുറ്റം ചുമത്താന്‍ തയ്യാറായിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി കട്ടപ്പന റൂറല്‍ സഹകരണ സൊസൈറ്റി ജീവനക്കാരുടെ മൊഴിയെടുപ്പ് പുരോഗമിക്കുകയാണ്.
വി.ആര്‍ സജിയുടെ മൊഴിയും ഇതുവരെ എടുത്തിട്ടില്ല. സംഭവത്തില്‍ കട്ടപ്പന എ.എസ്.പി രാജേഷ് കുമാറിന്റെ നേതൃത്വത്തില്‍ രണ്ട് സിഐമാരുള്‍പ്പെടെയുള്ള ഒമ്പതംഗ സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സി.സി ടി.വി ദൃശ്യങ്ങളടക്കം ശേഖരിച്ചെന്നും കൂടുതല്‍ തെളിവുകള്‍ കണ്ടെത്തുമെന്നും ജില്ലാ പൊലീസ് മേധാവി ടി.കെ വിഷ്ണു പ്രദീപ് പറഞ്ഞു.
കൊച്ചിയിലെ അനാശാസ്യകേന്ദ്ര നടത്തിപ്പുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ രണ്ട് പോലീസുദ്യോഗസ്ഥര്‍ പിടിയില്‍. കൊച്ചി ട്രാഫിക്കിലെ എ.എസ്.ഐ രമേഷ്, പാലാരിവട്ടം പോലീസ് സ്റ്റേഷനിലെ ബ്രിജേഷ് ലാല്‍ എന്നിവരാണ് അറസ്റ്റിലായത്. കടവന്ത്രയിലെ ലോഡ്ജ് നടത്തിപ്പില്‍ ഇവര്‍ക്ക് പങ്കാളിത്തമുള്ളതായാണ് കണ്ടെത്തല്‍. തുടര്‍ന്നാണ് ഇരുവരേയും കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തത്.
എറണാകുളം കടവന്ത്രയില്‍ ഡ്രീംസ് റെസിഡന്‍സി ഹോട്ടലില്‍ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഇക്കഴിഞ്ഞ ഒക്ടോബറില്‍ പെണ്‍വാണിഭ സംഘം പിടിയിലായത്. ഡ്രീം റെസിഡന്‍സി കേന്ദ്രമാക്കി പെണ്‍വാണിഭ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും വിദ്യാര്‍ഥികളടക്കമുള്ളവര്‍ പെണ്‍വാണിഭ സംഘത്തിന്റെ പിടിയിലാണെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് വ്യാപകമായ പരിശോധന നടത്തിയത്. ഹോട്ടല്‍ നടത്തിപ്പുകാരി കൊല്ലം സ്വദേശി രശ്മി, സഹായി ആലപ്പുഴ സ്വദേശി വിമല്‍, ഹോട്ടല്‍ ഉടമ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഒരുമാസമായി ഇവര്‍ ഈ ഹോട്ടലില്‍ താമസിച്ച് ഇടപാടുകള്‍ നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പോലീസുകാരുടെ പങ്ക് വ്യക്തമാകുന്നത്.
പെണ്‍വാണിഭ സംഘത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് രണ്ട് പോലീസുകാരും ബിനാമികളായി പ്രവര്‍ത്തിക്കുകയായിരുന്നു. എ.എസ്.ഐ രമേഷിന് ഒന്‍പത് ലക്ഷത്തോളം രൂപ നടത്തിപ്പുകാര്‍ നല്‍കിയതായുള്ള രേഖകളടക്കം പിടിച്ചെടുത്തിട്ടുണ്ട്. പോലീസിന്റെ സഹായം പെണ്‍വാണിഭ സംഘത്തിന് നല്‍കിയിരുന്നുവെന്നുമാണ് വ്യക്തമാകുന്നത്. അറസ്റ്റിലായ രണ്ട് ഉദ്യോഗസ്ഥരേയും കോടതിയില്‍ ഹാജരാക്കിയതിന് ശേഷം കസ്റ്റഡിയില്‍ വാങ്ങാനാണ് പോലീസ് നീക്കം.
ഇക്കഴിഞ്ഞ ഒക്ടോബറില്‍ കൊച്ചിയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് അഞ്ച് സംഘങ്ങളെയാണ് പോലീസ് പിടികൂടിയത്. പെണ്‍വാണിഭ സംഘത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് രണ്ട് പോലീസുകാരും ബിനാമികളായി പ്രവര്‍ത്തിക്കുകയായിരുന്നു. കൊച്ചിയിലെ മറ്റ് പെണ്‍വാണിഭ സംഘങ്ങളുടെ നടത്തിപ്പിലും ഇവര്‍ക്ക് പങ്കാളിത്തമുണ്ടായിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുകയാണെന്ന് കടവന്ത്ര സി.ഐ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
മലപ്പുറം അഴിഞ്ഞിലത്ത് 510 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. കാളികാവ് സ്വദേശി മുഹമ്മദ് ഷഫീഖ് ആണ് അറസ്റ്റിലായത്. മയക്കുമരുന്ന് കൈമാറാനായി കാത്തിരിക്കുമ്പോഴാണ് പിടിയിലാകുന്നത്. രണ്ട് നടിമാര്‍ക്ക് നല്‍കാനാണ് മയക്കുമരുന്ന് എത്തിച്ചതെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി.
ഇന്നലെ രാത്രിയാണ് അഴിഞ്ഞിലത്തെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ കാര്‍പാര്‍ക്കിങ് ഏരിയയില്‍ നിന്നാണ് ഷെഫീഖ് പിടിയിലാകുന്നത്. കാറില്‍ 510 ഗ്രാം എംഡിഎംഎയാണ് ഉണ്ടായിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പൊലീസ് മേധാവിയുടെ ഡാന്‍സാഫ് സംഘവും വാഴക്കാട് പൊലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടുന്നത്.
ഒമാനില്‍ നിന്നു വന്നയാളാണ് മയക്കുമരുന്ന് നടിമാരെ ഏല്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് നല്‍കിയത്. നടിമാര്‍ ആരാണെന്ന് അറിയില്ലെന്നും കൂടുതലൊന്നും തന്നോട് വെളിപ്പെടുത്തിയിട്ടില്ലെന്നുമാണ് ഷെഫീഖ് പൊലീസിനോട് വ്യക്തമാക്കിയത്. ഷെഫീഖിന്റെ മൊഴിയില്‍ എത്രമാത്രം വസ്തുതയുണ്ടെന്നും നടിമാര്‍ ആരാണെന്നും അന്വേഷിച്ചു വരുന്നതായി പൊലീസ് അറിയിച്ചു.
സ്ഥാനഭ്രഷ്ടയാക്കപ്പെട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അടിയന്തരമായി മടക്കി അയക്കണമെന്ന് ഇന്ത്യയോടാവശ്യപ്പെട്ട് ബംഗ്ലാദേശ്. ഇതുസംബന്ധിച്ച് ബംഗ്ലാദേശ് നയതന്ത്ര തലത്തില്‍ കത്ത് നല്‍കി.
ബംഗ്ലാദേശിലെ കലാപവുമായി ബന്ധപ്പെട്ടുണ്ടായ കൂട്ടക്കൊലയില്‍ ഹസീന വിചാരണ നേരിടണമെന്നാണ് ഇടക്കാല സര്‍ക്കാരിന്റെ നിലപാട്. കലാപത്തെ തുടര്‍ന്ന് 16 വര്‍ഷത്തെ ഭരണം അവസാനിപ്പിച്ച് രാജ്യം വിട്ട ഷെയ്ഖ് ഹസീന ഇന്ത്യയില്‍ അഭയം പ്രാപിക്കുകയായിരുന്നു. എഴുപത്തേഴുകാരിയായ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഓഗസ്റ്റ് അഞ്ച് മുതല്‍ ന്യൂഡല്‍ഹിയില്‍ പ്രവാസ ജീവിതം നയിക്കുകയാണ്.
ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിലെ ആഭ്യന്തര ഉപദേഷ്ടാവ് ജഹാംഗീര്‍ ആലമാണ് ഇക്കാര്യം ഉന്നയിച്ച് വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നല്‍കിയത്. നിയമ നടപടിക്ക് ഹസീന എത്രയും വേഗം വിധേയയാകണമെന്ന് വിദേശകാര്യ മന്ത്രി തൗഹിദ് ഹുസൈനും ആവശ്യപ്പെട്ടു. നിലവില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന കൈമാറ്റ ഉടമ്പടി പ്രകാരം നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് ബംഗ്ലാദേശിന്റെ ആവശ്യം.
ധാക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ക്രൈംസ് ട്രൈബ്യൂണല്‍ (ഐസിടി) പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് ഷെയ്ഖ് ഹസീനയെ വിട്ടു നല്‍കണമെന്ന് ബംഗ്ലാദേശ് ഔദ്യോഗികമായി ആവശ്യപ്പെട്ടിരിക്കുന്നത്.
ഷെയ്ഖ് ഹസീനയ്ക്കും കൂടെയുണ്ടായിരുന്ന മന്ത്രിമാര്‍ക്കും മുതിര്‍ന്ന ഉപദേഷ്ടാക്കള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരേ ഐസിടി വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഹസീനയ്ക്കെതിരേ കൂട്ടക്കൊലയാണ് ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ ആഴ്ച്ച ഇന്ത്യയുടെ വിദേശ സെക്രട്ടറി വിക്രം മിസ്രി ബംഗ്ലാദേശ് സന്ദര്‍ശിച്ചിരുന്നു. ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരേ നടക്കുന്ന ആക്രമണവുമായി ബന്ധപ്പെട്ട ആശങ്ക ഇടക്കാല സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബംഗ്ലാദേശ് സര്‍ക്കാരിന്റെ നീക്കം.
ഇടക്കാല സര്‍ക്കാരിന്റെ തലവന്‍ കൂടിയായ മുഹമ്മദ് യൂനുസ് നേരത്തെ ഷെയ്ഖ് ഹസീനയ്ക്കെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു. ഷെയ്ഖ് ഹസീന ഇന്ത്യയിലിരുന്ന് ബംഗ്ലാദേശിനെതിരേ പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നുവെന്നായിരുന്നു യൂനുസിന്റെ വിമര്‍ശനം.
ക്രിസ്മസ് ആഘോഷത്തിൻ്റെ ഭാഗമായി പാലക്കാട് തത്തമംഗലം ചെന്താമരനഗർ ജി.ബി.യു.പി. സ്കൂളിൽ സ്ഥാപിച്ചിരുന്ന പുൽക്കൂട് തകർത്ത നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം നല്ലേപ്പിള്ളി ഗവ. യു.പി.സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിനെതിരേ വിശ്വഹിന്ദു പരിഷത്ത് നേതാക്കളെത്തി ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് ചിറ്റൂർ മേഖലയിലെ തന്നെ മറ്റൊരു സ്കൂളിൽ സ്ഥാപിച്ചിരുന്ന പുൽക്കൂട് തകർത്തനിലയിൽ കണ്ടെത്തുന്നത്.
ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായാണ് സ്കൂളിന്റെ വരാന്തയിൽ പുൽക്കൂട് സ്ഥാപിച്ചിരുന്നത്.വെള്ളിയാഴ്ച നടന്ന ക്രിസ്മസ് ആഘോഷ പരിപാടികൾക്ക് ശേഷം മുൻവശത്തെ ഇരുമ്പ് ഗ്രില്ലിട്ട വാതിൽ പൂട്ടിയശേഷം അധ്യാപകർ പോവുകയും ചെയ്തു.
പിന്നീട് തിങ്കളാഴ്ച രാവിലെ പത്തുമണിയോടെ പ്രധാനാധ്യാപകൻ ടി.തങ്കരാജ് സ്കൂളിലെത്തിയപ്പോഴാണ് പുൽക്കൂട് തകർത്ത നിലയിൽ കാണുന്നത്. പുൽക്കൂട് സ്ഥാപിച്ചിരുന്നത് ഇരുമ്പ് ഗ്രില്ലിൽ നിന്നും പത്തടിയിലേറെ ഉള്ളിലായാണ്. ഗ്രില്ലിനിടയിലൂടെ നീളമുള്ള ഓലമടൽ ഉപയോഗിച്ച് പുൽക്കൂട് വലിച്ചടുപ്പിച്ചശേഷമാണ് തകർത്തത്. പൂൽക്കൂടിനടുത്ത് സ്ഥാപിച്ചിരുന്ന ക്രിസ്മസ് ട്രീ, നക്ഷത്രം, അലങ്കാരങ്ങൾ എന്നിവയും പുറത്തെടുത്ത് സ്കൂൾ മുറ്റത്ത് പലയിടത്തായി ഉപേക്ഷിച്ചിട്ടുണ്ട്. പുൽക്കൂട് തകർക്കാനായി ഉപയോഗിച്ച ഓലമടലും സമീപത്തുനിന്ന് തന്നെ കണ്ടെടുത്തു. കല്ലുപയോഗിച്ച് ഗ്രില്ലിന്റെ പൂട്ടുപൊളിക്കാൻ ശ്രമംനടന്നതായും സൂചനകളുണ്ട്.
സ്കൂളിൽ സി.സി. ടി.വി. ക്യാമറയില്ല. മാത്രമല്ല, നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സ്കൂൾ മതിലിന്റെ ഒരുഭാഗം പൊളിച്ചിട്ടിരിക്കുകയാണ്. സ്കൂൾ അധികൃതരുടെ പരാതിയിൽ ചിറ്റൂർ പോലീസ് കേസെടുത്തിട്ടുണ്ട്.
നല്ലേപ്പിള്ളിയിലെ സംഭവത്തിന് പിന്നിലുള്ളവർ തന്നെയാണ് തത്തമംഗലം സ്കൂളിലെ പുൽക്കൂട് തകർത്തതിനും പിന്നിലെന്ന് സംശയിക്കുന്നതായി സ്കൂൾ സന്ദർശിച്ച മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. ബോധപൂർവം തകർത്തതാണെന്നും മതസൗഹാർദ്ദം തകർക്കാനുള്ള ശ്രമങ്ങൾക്കെതിരേ കരുതിയിരിക്കണമെന്നും മന്ത്രി വ്യക്തമാക്കി. സംഭവം അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ ഏർപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
ടോം ജോസ് തടിയംപാട്
എന്റെ അനുജനെയും ചേട്ടന്റെ മകനെയും വെടിവച്ചുകൊന്നു അമ്മാവൻ ജയിലിൽ കിടന്നു മരിച്ചു . ഇസ്രേയൽ പിടിച്ചെടുത്ത ഗോലാൻ കുന്നുകൾക്കു അടുത്ത് ദാരാ എന്ന സ്ഥലത്തു താമസിച്ചിരുന്ന സർഹാൻ സർഹാൻ എന്ന സിറിയക്കാരൻ പറഞ്ഞ ജീവിതകഥ കേട്ടാൽ നമ്മൾ ഞെട്ടും. അയാളുടെ അനുജനെ സിറിയൻ പട്ടാള ക്യമ്പിനു അടുത്തുകൂടി നടന്നുപോകുമ്പോൾ ഒരു sniper വെടിവച്ചു കൊന്നു, അമ്മാവൻ വർഷങ്ങൾക്കു മുൻപ് അവസാനം കേട്ടത് ജയിലിൽ ആണെന്നാണ് . പിന്നീട് വിവരമില്ല, ചേട്ടന്റെ മകൻ കാലിൽ വെടികൊണ്ട് ചികിത്സക്കിടയിൽ മരിച്ചു ഇതെല്ലാം ചെയ്തത് സിറിയയുടെ പ്രസിഡന്റ് ആയിരുന്ന ബാഷർ അൽ ആസാദിന്റെ കാലഘട്ടത്തിലാണ് .സർഹാൻ കുടുംബം സുന്നി ഇസ്ലാം ആണ് ഇവർ പലപ്പോഴും ബാഷർ അൽ ആസാദിന്റെ ഷിയ ഭരണത്തിനെതിരെ സംസാരിച്ചിട്ടുണ്ട് അതാണ് അവർ ചെയ്ത തെറ്റ് എന്ന് പറയുന്നത് .
സർഹാൻ സർഹാൻ ഇപ്പോൾ ജീവിക്കുന്നത് യു കെ യിലെ ലിവർപൂളിൽ സിറിയൻ അഭയാർത്ഥിയായിട്ടാണ് അദ്ദേഹം ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത് . ഇദ്ദേഹം സിറിയയിൽ നിന്നും രക്ഷപെട്ടു കരമാർഗം നടന്നും കഴുതപ്പുറത്തും വിവിധ വാഹനങ്ങളിലുമായി സ്വീഡനിൽ വന്നു അവിടെനിന്നും ഒരു പലസ്‌തീൻ യുവതിയെ വിവാഹം കഴിച്ചു. യു കെ യിലേക്ക് മാറി താമസിക്കുകയാണ് . ആസാദിന്റെ തകർച്ചയെ സർഹാൻ വളരെ ആഹ്ളാദത്തോടെയാണ് വീക്ഷിക്കുന്നത് അയാൾ തിരിച്ചു പോകാൻ തയാറെടുക്കുകയാണ്. ഒരു മാസത്തിനകം തിരിച്ചു പോകും എന്നാണ് പറഞ്ഞത്. വർഷങ്ങൾക്ക് ശേഷം ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാൻ അദ്ദേഹം കൊതിക്കുന്നു . ഗോലാൻ കുന്നുകളിൽ നിന്നും ഇസ്രേൽ പിന്മാറുമെന്നാണ് സർഹാൻ പ്രതീക്ഷിക്കുന്നത് .
ലോകത്തെവിടെ ആണെങ്കിലും മത ഭരണകൂടങ്ങളും ഏകാധിപതികളും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ് അവർക്കെതിരെ നിൽക്കുന്നവരെ അവർ കൊന്നൊടുക്കും മരിക്കാതിരിക്കാൻ പലായനം ചെയ്യുകയേ വഴിയുള്ളു അതാണ് സദാം ഹുസൈനും മധ്യപൂർവ ദേശങ്ങളും നമ്മെ പഠിപ്പിക്കുന്നത് .
Hay’at Tahrir al-Sham (HTS) എന്ന ഐസിസ് ന്റെ ഭാഗമായിരുന്ന സംഘടന പറയുന്നത് ഞങ്ങൾ സിറിയയിൽ ഇസ്ലാമിക നിയമം നടപ്പിലാക്കും എന്നാണ് ഇതിനോടകം തന്നെ മൂന്നു സ്ത്രീകളെ വ്യഭിചാരം ചുമത്തി ഈ സംഘടന കല്ലെറിഞ്ഞു കൊന്നിട്ടുണ്ട് , ഇവർ ക്രിസ്ത്യാനികളെ ഇറാഖിൽ കൊന്നു തള്ളിയവരാണ്. ഈ സംഘടയുടെ പ്രവർത്തനം തുടങ്ങുമ്പോൾ 10 % ക്രിസ്ത്യാനികൾ ഉണ്ടായിരുന്ന സിറിയയിൽ ഇന്നു ഉള്ളത് വെറും 2 % മാത്രമാണുള്ളത് ഇനി അവരുടെ അവസ്ഥ കണ്ടറിയണം. 14 % വരുന്ന ഷിയകളും ഇനി ജീവഭയത്തിൽ വേണം നടക്കാൻ . സിറിയയിലെ സ്ത്രീകൾ അവർക്കു ഇസ്ലാമിക നിയമം വേണ്ടെന്നും പർദ്ദ വേണ്ടെന്നും ജനാധിപത്യവും മതേതരത്വവും ആണ് വേണ്ടതെന്നു പറഞ്ഞു വലിയ പ്രകടനമാണ് നടത്തിയത്. .അതുകൊണ്ടു വിൻസ്റ്റൺ ചർച്ചിൽ പറഞ്ഞത് ഓർക്കുക democracy is the worst form of Government except all those other forms that have been tried from time to time(കാലാകാലങ്ങളിൽ പരീക്ഷിക്കപ്പെട്ട മറ്റെല്ലാ രൂപങ്ങളും ഒഴികെയുള്ള ഭരണകൂടത്തിൻ്റെ ഏറ്റവും മോശമായ രൂപമാണ് ജനാധിപത്യം).
സർഹാൻന്റെ ഫോട്ടോയോടൊപ്പം കൊല്ലപ്പെട്ട ബന്ധുക്കളുടെ ഫോട്ടോ ഞാൻ സർഹാൻന്റെ
ഫോണിൽനിന്നും പകർത്തിയത് താഴെ ചേർത്തിരിക്കുന്നു .
തിരുവനന്തപുരം-മംഗളൂരു മാവേലി എക്സ്പ്രസിൽ കോട്ടയം സ്വദേശിയായ നഴ്‌സിങ് വിദ്യാർഥിനിക്ക് പീഡനം. തർക്കത്തിനിടെ തീവണ്ടിയിൽനിന്ന് ചാടി കാലൊടിഞ്ഞ പ്രതി ആസ്പത്രിയിൽ പിടിയിൽ. കണ്ണൂർ മൊകേരി മുതിയങ്ങ കുടുവൻപറമ്പത്ത് ധർമരാജൻ (53) ആണ് അറസ്റ്റിലായത്. തിരുവനന്തപുരത്തുനിന്ന് വ്യാഴാഴ്ച പുറപ്പെട്ട മാവേലി എക്സ്പ്രസിന്റെ (16604) ജനറൽ കോച്ചിൽ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം.
യുവതി ചോദ്യംചെയ്തപ്പോഴുണ്ടായ തർക്കത്തിനിടെ ധർമരാജൻ അപായച്ചങ്ങല വലിച്ച് തീവണ്ടിയിൽനിന്ന് ചാടുകയായിരുന്നു. ഇരുകാലുകൾക്കും പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് അറസ്റ്റ്. തർക്കത്തിനിടെ യുവതിയെടുത്ത ഫോട്ടോയാണ് പ്രതിയെ പിടിക്കാൻ സഹായിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
തലശ്ശേരിക്കും കണ്ണൂരിനും ഇടയിൽ വെച്ചാണ് പെൺകുട്ടിയെ ഉപദ്രവിച്ചത്. ചോദ്യംചെയ്ത പെൺകുട്ടിയെ അയാൾ അസഭ്യം പറഞ്ഞു. തർക്കം മുറുകിയപ്പോൾ എടക്കാടിന് സമീപം ധർമരാജൻ ചങ്ങല വലിച്ച് ചാടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് അവിടെനിന്ന് കാറിൽ കതിരൂരിലെത്തിയ ഇയാൾ പിന്നീട് വടകരയിലൊരു ആശുപത്രിയിൽ ചികിത്സതേടി. അവിടെ നിന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്പത്രിയിലെത്തിയത്.
പെൺകുട്ടിയുടെ പരാതിയിൽ കണ്ണൂർ ആർ.പി.എഫ്. ഇൻസ്പെക്ടർ ജെ.വർഗീസ്, റെയിൽവേ പോലീസ് എസ്.ഐ. പി.വിജേഷ് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
റെയിൽവേ പോലീസ് എസ്.ഐ.മാരായ രാജൻ കോട്ടമലയിൽ, ജയേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എസ്.സംഗീത്, രാജേഷ് കാനായി, ഹരിദാസൻ, സിവിൽ പോലീസ് ഓഫീസർ ബിബിൻ മാത്യു, ആർ.പി.എഫ്. ഉദ്യോഗസ്ഥരായ അജീഷ്, ഷൈജു എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് പാര്‍ട്ടിയില്‍ ചര്‍ച്ചകളൊന്നും തുടങ്ങിയിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. അതൊക്കെ മെയ് വഴക്കത്തോടെ കൈകാര്യം ചെയ്യാന്‍ കഴിവുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. 2026 ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി ആര് എന്നതു സംബന്ധിച്ച് ചര്‍ച്ച നടക്കുന്നതിനോട് പ്രതികരിക്കുകയായിരുന്നു അദേഹം.
നേരത്തെയും കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരെ തീരുമാനിച്ചിട്ടുണ്ട്. കെ. കരുണാകരന്‍ മുഖ്യമന്ത്രിയായ കാലയളവില്‍ അന്ന് എ.കെ ആന്റണിയും വയലാര്‍ രവിയുമൊക്കെയുണ്ടായിരുന്നു. യോഗ്യരായ അവരൊക്കെ ഉണ്ടായിട്ടും കെ. കരുണാകരനാണ് കേരളത്തിന്റെ മുഖ്യമന്ത്രിയായത്.
രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞതില്‍ തെറ്റില്ലെന്നും സുധാകരന്‍ പറഞ്ഞു. സാമുദായിക നേതാക്കള്‍ അഭിപ്രായം പറയുന്നതില്‍ തെറ്റില്ല. അവരുടെ വോട്ട് വാങ്ങാമെങ്കില്‍ അവര്‍ക്ക് അഭിപ്രായവും പറയാം.
രമേശ് ചെന്നിത്തല ഇന്നലെ രാഷ്ട്രീയത്തില്‍ വന്ന ആളൊന്നുമല്ല. കെ.എസ്.യുവിലൂടെയാണ് ചെന്നിത്തല രാഷ്ട്രീയം തുടങ്ങിയത്. പാര്‍ട്ടിയുടെ കേരളത്തിലെ പല പദവികള്‍ വഹിച്ചിട്ടുണ്ട്. രമേശിന് മുഖ്യമന്ത്രിയാകാന്‍ അയോഗ്യതയില്ല. അതുകൊണ്ട് മറ്റുള്ളവര്‍ ആരും പറ്റില്ലെന്ന് അര്‍ത്ഥമില്ലെന്നും കെ. സുധാകരന്‍ പറഞ്ഞു.
കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുള്ളവര്‍ ഒരു പാട് പേരുണ്ടെന്നും ചര്‍ച്ച നടത്തിയാണ് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുകയെന്നും സുധാകരന്‍ പറഞ്ഞു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പായി സംഘടനയെ ശക്തമാക്കാനുള്ള ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. വരുന്ന തിരഞ്ഞെടുപ്പുകളില്‍ അത്ഭുതകരമായ മുന്നേറ്റം പാര്‍ട്ടി നടത്തുമെന്നും സുധാകരന്‍ പറഞ്ഞു.
മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ തന്നെ കുടുക്കാന്‍ പൊലീസ് ഉദ്യോഗസ്ഥനോട് പറഞ്ഞത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയാണ്. നിങ്ങള്‍ക്ക് പ്രമോഷന്‍ തരാമെന്നാണ് ശശി അന്വേഷണ ഉദ്യോഗസ്ഥനോട് പറഞ്ഞത്. ഇന്നിപ്പോള്‍ പരാതിക്കാരനായ യുവാവ് സത്യം പറഞ്ഞിട്ടുണ്ട്.
മോന്‍സണ്‍ കേസില്‍ അഞ്ച് പൈസ വാങ്ങിയിട്ടില്ലെന്ന് താന്‍ അന്നേ പറഞ്ഞതാണ്. തെളിയിക്കാന്‍ കഴിയുമെങ്കില്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് അന്ന് പറഞ്ഞിരുന്നു. ശക്തമായ നിലപാടാണ് താന്‍ സ്വീകരിച്ചത്. പി. ശശിയുടെ പശ്ചാത്തലം കണ്ണൂരുകാരായ എല്ലാവര്‍ക്കും അറിയാമെന്നും കെ. സുധാകരന്‍ പറഞ്ഞു.
അയല്‍വാസിയുടെ ബലാത്സംഗ ശ്രമത്തില്‍ നിന്നും രക്ഷപെട്ട ആശാ വർക്കറായ യുവതി ഭർത്താവില്‍ നിന്നും ഭർത്താവിന്റെ ബന്ധുക്കളില്‍ നിന്നും ഏറ്റുവാങ്ങേണ്ടി വന്നത് ക്രൂര പീഡനം.
മുപ്പത്തിരണ്ടുകാരിയായ യുവതിയെ നഗ്നയാക്കിയ ശേഷം സ്വകാര്യ ഭാഗങ്ങളില്‍ മുളകുപൊടി വിതറുകയും ഇരുമ്പു വടി ചൂടാക്കി ഇരു തുടതളിലും പൊള്ളലേല്‍പ്പിക്കുകയുമായിരുന്നു. മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയില്‍ ഡിസംബർ 13ന് നടന്ന സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
അയല്‍വാസിയായ യുവാവ് മുപ്പത്തിരണ്ടുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. എന്നാല്‍, യുവാവുമായി യുവതിക്ക് അവിഹിതബന്ധമെന്നായിരുന്നു ഭർത്താവിന്റെയും ബന്ധുക്കളുടെയും ആരോപണം.
സ്റ്റീം മെഷിൻ വാങ്ങാനായാണ് അയല്‍വാസിയായ യുവാവ് യുവതിയുടെ വീട്ടില്‍ എത്തിയത്. ഈ സമയം വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. മെഷിൻ എടുക്കാനായി യുവതി അകത്തേക്ക് പോയപ്പോള്‍ അയല്‍വാസി പിന്തുടരുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇതിനിടെ യുവതിയുടെ ഭർത്സൃഹോദരന്റെ ഭാര്യ എത്തി. ഇതോടെ അയല്‍വാസി ഓടി രക്ഷപെടുകയായിരുന്നു.
ഈ സംഭവം അമ്മായിയമ്മയെ ചൊടിപ്പിച്ചു. യുവതിക്ക് അവിഹിത ബന്ധമുണ്ടെന്നും കുടുംബത്തിന് മനക്കേടുണ്ടാക്കിയെന്നും പറഞ്ഞ് യുവതിയെ അടിക്കാൻ തുടങ്ങി. ഭർത്താവും ഉപദ്രവിച്ചെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. രാത്രി മുഴുവൻ ക്രൂരമായി ഉപദ്രവിച്ച ശേഷം പിറ്റേന്ന് രാവിലെ നഗ്നയാക്കി മുറ്റത്ത് എറിയുകയും ചെയ്തു. തുടർന്ന് ഭർത്താവും കുടുംബവും ചേർന്ന് ഗുണയിലെ ഗോപിസാഗർ അണക്കെട്ടില്‍ ഉപേക്ഷിച്ചു.
ക്രൂരമർദ്ദനമേറ്റ് അവശയായി അണക്കെട്ടിന്റെ പരിസരത്ത് കിടന്ന യുവതിയെ വഴിയാത്രക്കാരനാണ് കണ്ടത്. ഇയാള്‍ അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീടാണ് യുവതി താൻ അനുഭവിച്ച കൊടുംക്രൂരതകള്‍ പൊലീസിനോട് വെളിപ്പെടുത്തിയത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ യുവതിയുടെ ഭർത്താവ്, ഭർതൃമാതാവ്, സഹോദരീഭർത്താവ്, അയല്‍വാസി എന്നിവർക്കെതിരെ ഭാരതീയന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തു.