Latest News

കോട്ടയം: യുഡിഎഫിലേക്കുള്ള പ്രവേശന ചർച്ചകൾക്ക് യാതൊരു അടിസ്ഥാനവും ഇല്ലെന്ന് വ്യക്തമാക്കി കേരള കോൺഗ്രസ് (എം) നേതൃത്വം. എൽഡിഎഫ് വിടേണ്ട സാഹചര്യം നിലവിലില്ലെന്നും, യുഡിഎഫ് അപമാനിച്ച് പുറത്താക്കിയ അനുഭവം മറക്കാനാകില്ലെന്നുമാണ് പാർട്ടി ചെയർമാൻ ജോസ് കെ. മാണി നേതാക്കളോട് വ്യക്തമാക്കിയതെന്ന് വിവരം. നിലവിൽ ഉയരുന്ന ചർച്ചകൾക്ക് കഴമ്പില്ലെന്നും ഇത് അണികളെ ബോധ്യപ്പെടുത്തുമെന്നും നേതൃത്വം അറിയിച്ചു.

തെരഞ്ഞെടുപ്പ് പരാജയം ഉണ്ടായാൽ മുന്നണി വിടുമെന്ന പ്രചാരണം പൂർണമായും അടിസ്ഥാനരഹിതമാണെന്ന് കേരള കോൺഗ്രസ് (എം) ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് പറഞ്ഞു. മുന്നണി വിടാൻ ഉദ്ദേശമുണ്ടായിരുന്നെങ്കിൽ അത് നേരത്തേ തന്നെ ചെയ്യാമായിരുന്നുവെന്നും, പരാജയത്തെ തുടർന്ന് മുന്നണി വിടുന്ന രാഷ്ട്രീയ സംസ്കാരം നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയായിരുന്നെങ്കിൽ ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ തന്നെ തീരുമാനം ഉണ്ടാകുമായിരുന്നു എന്നും സ്റ്റീഫൻ ജോർജ് ചൂണ്ടിക്കാട്ടി.

യുഡിഎഫ് നേതാക്കൾ ക്ഷണിക്കുന്നത് പാർട്ടിയുടെ അടിത്തറ തിരിച്ചറിഞ്ഞതിന്റെ ഫലമാണെന്നും, എൽഡിഎഫിൽ എത്തിയ ശേഷമാണ് കേരള കോൺഗ്രസ് (എം)യുടെ ശക്തി യുഡിഎഫിന് ബോധ്യമായതെന്നും സ്റ്റീഫൻ ജോർജ് വ്യക്തമാക്കി. പി.ജെ. ജോസഫ് യുഡിഎഫിൽ തെറ്റിദ്ധാരണകൾ സൃഷ്ടിക്കുകയാണെന്നും, ഇപ്പോൾ നടത്തുന്ന പ്രസ്താവനകൾ അപക്വമാണെന്നും വിമർശിച്ചു. പരാജയം വന്നാൽ പാർട്ടി തകരുമെന്ന വാദം അംഗീകരിക്കാനാകില്ലെന്നും, മുന്നണി മാറ്റ ചർച്ചകൾക്ക് യാതൊരു പ്രസക്തിയും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ഉത്തരവിനെതിരെയുള്ള പ്രോസിക്യൂഷന്റെ അപ്പീൽ നടപടികൾക്ക് തുടക്കമായി. എട്ടാം പ്രതി ദിലീപ് അടക്കമുള്ളവരെ വെറുതെവിട്ട നടപടി ചോദ്യം ചെയ്താണ് സർക്കാർ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്. അപ്പീൽ സാധ്യതകൾ വിശദീകരിക്കുന്ന റിപ്പോർട്ട് സ്പെഷ്യൽ പ്രോസിക്യൂട്ടർ തയ്യാറാക്കിയതായും, ഇത് ഇന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസിന് കൈമാറുമെന്നും അറിയുന്നു. വിചാരണക്കോടതി ഉത്തരവ് വിശദമായി പരിശോധിച്ച് അപ്പീൽ തയാറാക്കുന്ന നടപടികളും ആരംഭിച്ചു.

ഇതിനിടെ, വിധി പ്രസ്താവനയ്‌ക്ക് മുമ്പ് വിധിയുടെ വിശദാംശങ്ങൾ ചോർന്നെന്ന ആരോപണവുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് ഡിജിപിയെ വിവരം അറിയിച്ചു. ഈ വിഷയത്തിൽ നേരത്തെ ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് ചീഫ് ജസ്റ്റിസിന് പരാതി നൽകിയിരുന്നുവെങ്കിലും സംഘടനയ്ക്കുള്ളിൽ തന്നെ ഭിന്നാഭിപ്രായം ഉയർന്നിരുന്നു. ചില പ്രതികളെ ശിക്ഷിക്കുമെന്നും ദിലീപ് അടക്കമുള്ളവരെ വെറുതെ വിടുമെന്നും എഴുതിയ ശേഷം ആ രേഖ ദിലീപിന്റെ അടുത്ത സുഹൃത്തിന് കാണിച്ചുവെന്നതായിരുന്നു പ്രധാന ആരോപണം.

ദിലീപിന്റെ ‘ക്വട്ടേഷൻ’ എന്ന വാദം ഒരു ഘട്ടത്തിലും തെളിയിക്കാനായില്ലെന്ന് വിചാരണക്കോടതി വിധിയിൽ വ്യക്തമാക്കുന്നു. ആദ്യഘട്ട കുറ്റപത്രത്തിൽ പ്രതികൾ നടിയെ തട്ടിക്കൊണ്ടുപോയി നഗ്നദൃശ്യങ്ങൾ പകർത്തി പണം തട്ടുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിച്ചതെന്ന് പറഞ്ഞിരുന്നുവെന്നും, പിന്നീട് ഉയർന്ന ഗൂഢാലോചനാവാദത്തിന് ഉറച്ച തെളിവുകളില്ലെന്നുമാണ് കോടതിയുടെ കണ്ടെത്തൽ. ആക്രമിക്കപ്പെട്ട നടിയുടെ മൊഴിയിലും തുടക്കത്തിൽ ദിലീപിനെക്കുറിച്ച് സംശയമില്ലായിരുന്നുവെന്നും, പിന്നീട് ഉയർന്ന ആരോപണങ്ങൾക്ക് പ്രസക്തിയില്ലെന്നും ചൂണ്ടിക്കാട്ടിയ കോടതി, ഗൂഢാലോചനയെന്ന വാദം നിലനിൽക്കില്ലെന്ന നിഗമനത്തിലാണ് എത്തിയത്.

തിരുവനന്തപുരം: സൈബർ അധിക്ഷേപ കേസിൽ രാഹുൽ ഈശ്വറിന് ജാമ്യം ലഭിച്ചു. ജയിലിൽ കഴിഞ്ഞ 16 ദിവസങ്ങൾക്ക് ശേഷമാണ് തിരുവനന്തപുരം സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. കോടതി ഉത്തരവിനെ തുടർന്ന് ഉടൻ വിട്ടയക്കും.

ഒരു ലൈംഗിക പീഡന കേസുമായി ബന്ധപ്പെട്ട അതിജീവിതയുടെ പേര് സാമൂഹ്യമാധ്യമങ്ങളിൽ വെളിപ്പെടുത്തിയെന്നാണ് കേസ്. ഇതോടൊപ്പം അതിജീവിതയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റുകളും ചെയ്തതായി പരാതിയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാഹുൽ ഈശ്വറെ പോലീസ് അറസ്റ്റ് ചെയ്തത്.

കേസിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. കോടതി നിർദേശിച്ച നിബന്ധനകൾ പാലിച്ചായിരിക്കും ജാമ്യം. അതിജീവിതയെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ച മറ്റ് ചിലർക്കെതിരെയും പോലിസ് നിയമനടപടികൾ സ്വീകരിച്ചിരുന്നു.

മുംബൈ: അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപ വീണ്ടും കുത്തനെ ഇടിഞ്ഞു. ഇന്നത്തെ വ്യാപാരത്തിൽ ഒരു ഡോളറിന് 90 രൂപ 71 പൈസ എന്ന നിലയിലേക്കാണ് രൂപ തകർന്നത്. ഡിസംബർ 12ന് രേഖപ്പെടുത്തിയിരുന്ന 90.55 രൂപ എന്ന മുൻ റെക്കോർഡ് ഇതോടെ മറികടന്നു. ഇന്നത്തെ വിനിമയത്തിൽ രൂപ തിരിച്ചുവരവിന് ഒരിക്കൽപോലും ശ്രമിച്ചില്ലെന്നതും ഇടിവിന്റെ തീവ്രത വ്യക്തമാക്കുന്നു.

കഴിഞ്ഞ പതിനഞ്ച് ദിവസമായി രൂപ തുടർച്ചയായ സമ്മർദത്തിലാണ്. ഇന്ത്യ–യുഎസ് വ്യാപാര കരാറിലെ കാലതാമസം, വിദേശ നിക്ഷേപകർ പിന്മാറിയത്, വർധിച്ചുവരുന്ന വ്യാപാര കമ്മി എന്നിവയാണ് ഇടിവിന് പിന്നിലെ പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്. ഈ വർഷം മാത്രം ഡോളറിനെതിരെ 5 ശതമാനത്തിലധികം മൂല്യത്തകർച്ച രേഖപ്പെടുത്തിയ രൂപ, ആഗോള കറൻസികളിൽ ഏറ്റവും ദുർബല പ്രകടനം കാഴ്ച വെച്ചവയിൽ ഒന്നായി മാറിയിരിക്കുകയാണ്. ഡോളർ സൂചിക ഇടിഞ്ഞിട്ടും രൂപയുടെ ഇടിവ് തുടരുന്നത് ആശങ്ക വർധിപ്പിക്കുന്നു.

അതേസമയം, ഓഹരി വിപണിയും ഇന്ന് തകർച്ചയിലാണ്. സെൻസെക്സ് 298.86 പോയിന്റ് നഷ്ടത്തോടെ 84,968.80ലും നിഫ്റ്റി 121.40 പോയിന്റ് കുറഞ്ഞ് 25,925.55ലുമാണ് വ്യാപാരം. വെള്ളിയാഴ്ച വിദേശ സ്ഥാപന നിക്ഷേപകർ 1,114.22 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചതും രൂപയ്ക്ക് അധിക സമ്മർദമുണ്ടാക്കി. ഇന്ത്യ–യുഎസ് വ്യാപാര കരാറിലെ അനിശ്ചിതത്വം തുടരുന്നിടത്തോളം വിപണിയിലും രൂപയിലും അസ്ഥിരത തുടരുമെന്ന മുന്നറിയിപ്പാണ് വിദഗ്ദ്ധർ നൽകുന്നത്.

ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ടെംപിൾ കെന്റ് ഹിന്ദു സമാജത്തിന്റ ധനു മാസ ശ്രീ അയ്യപ്പ പൂജ, (2025 ഡിസംബർ 20 -ാം തീയതി ശനിയാഴ്ച) നടക്കും. രാവിലെ 8:30 ന് ഗണപതി ഹോമം, വൈകുന്നേരം 6:30 മുതൽ അഭിഷേകം, വിളക്ക് പൂജ, ലളിത സഹസ്ര നാമ അർച്ചന, ഭജന, നീരാഞ്ജനം, പടിപൂജ, ഹരിവരാസനം എന്നിവ നടത്തപ്പെടുന്നതാണ്, വിളക്ക് പൂജയിൽ പങ്കെടുക്കുന്ന ഭക്തർ രണ്ടു ബഞ്ച് പൂക്കളും, ഒരു നിലവിളക്കും, നീരാഞ്ചനത്തിന് ഒരു നാളികേരവും കൊണ്ട് വരേണ്ടതാണ്.ക്ഷേത്രം മേൽശാന്തി ശ്രീ അഭിജിത്തും, താഴൂർ മന ശ്രീ ഹരിനാരായണൻ നമ്പിടിശ്വരറും പൂജകൾക്ക് കർമികത്വം വഹിക്കും

അമ്പലത്തിന്റെ വിലാസം
KENT AYYAPPA TEMPLE
1 Northgate, Rochester ME1 1LS

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക
07838170203, 07985245890, 07507766652, 07906130390,0 7973 151975

ഷൈമോൻ തോട്ടുങ്കൽ
 ബർമിംഗ്ഹാം.  ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ  വിമൻസ് ഫോറം  കൺവെൻഷൻ   ( THAIBOOSA 2025  )   ബർമിംഗ്ഹാമിലെ ന്യൂ ബിങ്‌ലി  ഹാളിൽ വച്ച് നടന്നു  ,രൂപതയിലെ മുഴുവൻ ഇടവക /മിഷൻ /പ്രൊപ്പോസഡ് മിഷൻ കേന്ദ്രങ്ങളിൽ നിന്നും ഉള്ള ആയിരക്കണക്കിന്  വനിതാ പ്രതിനിധികൾ  പങ്കെടുത്ത സമ്മേളനം രൂപതാധ്യക്ഷൻ മാർ   മാർ ജോസഫ് സ്രാമ്പിക്കൽ ഉത്‌ഘാടനം ചെയ്തു . രൂപതയുടെ കെട്ടുറപ്പിനും , വളർച്ചക്കും  വിശ്വാസ പരിശീലനത്തിനും , സീറോ മലബാർ സഭയുടെ പാരമ്പര്യങ്ങൾ വരും തലമുറയിലേക്ക് പകർന്നു നൽകുന്നതിനും സിനഡ് ഓൺ സിനഡാലിറ്റിയുടെ ചൈതന്യം രൂപതയിൽ പ്രചരിപ്പിക്കുന്നതിനും വിമൻസ് ഫോറം അംഗങ്ങൾ വഹിക്കുന്ന പങ്ക്  ഏറെ വിലപ്പെട്ടതാണെന്നു ഉത്‌ഘാടന സമ്മേളനത്തിൽ മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു .
വിമൻസ് ഫോറം രൂപതാ  പ്രസിഡന്റ് ട്വിങ്കിൾ റെയ്‌സൺ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.  തുടർന്ന് നടന്ന  സിമ്പോസിയത്തിൽ  രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ രൂപതാ  പ്രോട്ടോ സിഞ്ചെല്ലൂസ് റെവ ഡോ  ആന്റണി ചുണ്ടെലിക്കാട്ട് , വിമൻസ് ഫോറം കമ്മീഷൻ ചെയർമാൻ  റെവ ഫാ ജോസ് അഞ്ചാനിക്കൽ ,ഡയറക്ടർ റെവ ഡോ  സി ജീൻ മാത്യു എസ്  എച്ച് ,   ശ്രീമതി ജോളി  മാത്യു ,ഡോ  ഷിൻസി മാത്യു ,ശ്രീമതി മെർലിൻ മാത്യു എന്നിവർ വിവിധ വിഷയങ്ങൾ സംബന്ധിച്ച്  സംസാരിച്ചു , സെക്രെട്ടറി    അൽഫോൻസാ കുര്യൻ സംഘടനാ റിപ്പോർട്ടും , ശ്രീമതി ഡോളി ജോസി   സാമ്പത്തിക കാര്യങ്ങളെ സംബന്ധിച്ച റിപ്പോർട്ടും അവതരിപ്പിച്ചു  , ശ്രീമതി ഡിംപിൾ വർഗീസ് സ്വാഗതവും ഷീജാ  ജേക്കബ് നന്ദി പ്രകാശനവും നടത്തി .
സമ്മേളനത്തിന് ശേഷം  രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ  കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പണവും നടന്നു  , തുടർന്ന്   വിമൻസ് ഫോറത്തിന്റെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് പ്രസിദ്ധീകരിച്ച  സുവനീർ പ്രകാശനം , വിവിധ മത്സരങ്ങളിൽ സമ്മാനാർഹർ ആയവർക്കുള്ള സമ്മാന ദാനം ,പുതിയ ഭാരവാഹികളുടെ സ്ഥാനമേക്കൽ  ചടങ്ങ് , വിവിധ റീജിയനുകളിൽ നിന്നുള്ള കലാപരിപാടികൾ എന്നിവയും നടന്നു.

 

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ട് ബലാത്സംഗ കേസുകളും ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആദ്യം രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സെഷൻസ് കോടതിയുടെ നടപടിക്കെതിരെ രാഹുല്‍ സമര്‍പ്പിച്ച ഹര്‍ജിയാണു പ്രധാനമായും പരിഗണനയ്‌ക്കെടുക്കുന്നത്. ഈ കേസില്‍ രാഹുലിനെ താല്‍ക്കാലികമായി അറസ്റ്റ് ചെയ്യരുതെന്ന് ജസ്റ്റിസ് കെ. ബാബു കഴിഞ്ഞയാഴ്ച നിര്‍ദേശിച്ചിരുന്നു.

ആദ്യ കേസില്‍ വിശദമായ വാദം ഇന്ന് കോടതിയില്‍ നടക്കും. അന്വേഷണത്തിന്റെ പുരോഗതി, സെഷൻസ് കോടതിയുടെ ഉത്തരവ് എന്നിവയെ അടിസ്ഥാനമാക്കി ഹര്‍ജിയില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും വിശദമായി പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി.

അതേസമയം, ബംഗളൂരുവില്‍ താമസിക്കുന്ന മലയാളി യുവതിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ കേസില്‍ രാഹുലിന് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യത്തിനെതിരായ സര്‍ക്കാര്‍ ഹര്‍ജിയും ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സി. ജയചന്ദ്രന്റെ ബെഞ്ചാണ് ഈ ഹര്‍ജി കേള്‍ക്കുന്നത്.

സിഡ്‌നി ∙ ബോണ്ടി കടൽത്തീരത്ത് ജൂതരുടെ ഹനൂക്കോ ആഘോഷത്തിനിടെ നടന്ന വെടിവെപ്പിൽ മരണം 16 ആയി. 40ലധികം പേർക്ക് പരുക്കേറ്റതായി റിപ്പോർട്ട്. ആക്രമണത്തിന് പിന്നിൽ അച്ഛനും മകനുമാണെന്ന് ന്യൂ സൗത്ത് വെയിൽസ് പൊലീസ് സ്ഥിരീകരിച്ചു. 50 കാരനായ അച്ഛനും 24 കാരനായ മകൻ നവീദ് അക്രമുമാണ് വെടിവെപ്പ് നടത്തിയതെന്നും മറ്റാർക്കും പങ്കില്ലെന്നുമാണ് പ്രാഥമിക നിഗമനം.

സംഭവം തീവ്രവാദ ആക്രമണമാണെന്ന് പൊലീസ് വ്യക്തമാക്കി. ആക്രമണത്തിൽ ഉപയോഗിച്ച ആയുധങ്ങളെയും പ്രതികളുടെ പശ്ചാത്തലത്തെയും കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചതായി പൊലീസ് കമ്മീഷണർ മാൽ ലാൻയോൺ പറഞ്ഞു. സ്ഥലത്തിനടുത്ത് രണ്ട് സജീവ ഇംപ്രൊവൈസ്ഡ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയതായും പൊലീസ് അറിയിച്ചു. വെടിവെപ്പിനിടെ 50 വയസുകാരൻ പൊലീസിന്റെ വെടിയേറ്റ് സംഭവസ്ഥലത്ത് തന്നെ മരിച്ചു; മകൻ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

മരിച്ച വ്യക്തി ലൈസൻസുള്ള തോക്ക് ഉടമയാണെന്നും അദ്ദേഹത്തിന്റെ പേരിൽ ആറ് തോക്കുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് സ്ഥിരീകരിച്ചു. ബോണ്ടി ബീച്ചിലെ ആക്രമണത്തിൽ ഈ ആറ് തോക്കുകളും ഉപയോഗിച്ചിട്ടുണ്ടാകാമെന്നാണ് സംശയം. അന്വേഷണത്തിന്റെ ഭാഗമായി പടിഞ്ഞാറൻ സിഡ്‌നിയിലെ ബോണിറിഗി, ക്യാമ്പ്‌സി മേഖലകളിലെ ഇവരുടെ വസതികളിൽ പൊലീസ് റെയ്ഡ് നടത്തി. സംഭവത്തിൽ സമഗ്ര അന്വേഷണം തുടരുമെന്ന് പൊലീസ് അറിയിച്ചു.

ഓസ്ട്രേലിയയിലെ സിഡ്നിയിൽ ബോണ്ടി ബീച്ചിൽ രണ്ടുപേർ ചേർന്നു നടത്തിയ വെടിവയ്പ്പിൽ 11 പേർ കൊല്ലപ്പെട്ടു. 29 പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.17ഓടെയാണ് സംഭവം. ജൂത ആഘോഷമായ ഹനൂക്ക ആരംഭിച്ച ആദ്യ ദിവസമാണ് വെടിവയ്പ്പ്. നടന്നത് ഭീകരാക്രമണമാണെന്ന് ന്യൂ സൗത്ത് വെയ്ൽസ് പൊലീസ് സ്ഥിരീകരിച്ചു. അക്രമികളിലൊരാളെ പൊലീസ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി. രണ്ടാമത്തെയാൾ സാരമായ പരുക്കുകളോടെ പിടിയിലായി.

ഓസ്ട്രേലിയൻ സമയം വൈകിട്ട് 6.30ഓടെയാണ് ആദ്യം വെടിവയ്പ്പുണ്ടായത്. സിഡ്നിയിലെ പ്രധാന വിനോദ കേന്ദ്രമാണ് പ്രശസ്തമായ ബോണ്ടി ബീച്ച്. ഹനൂക്ക ഫെസ്റ്റിവലിന്റെ തുടക്കമായതിനാൽ ബോണ്ടി ബീച്ചിൽ നൂറുകണക്കിനാളുകൾ ഒത്തുചേർന്നിരുന്നു. ഇവർക്ക് നേരെയാണ് വെടിയുതിർത്തത്. കുട്ടികളെയും വയോധികരെയും പോലും വെടിവച്ചതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ബോണ്ടി ബീച്ചിലെ കൂട്ടക്കൊല ഞെട്ടിക്കുന്നതും അസ്വസ്ഥപ്പെടുത്തുന്നതുമാണെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസ് പറഞ്ഞു. പൊലീസും ദ്രുതപ്രതികരണ വിഭാഗവും ജനങ്ങളെ രക്ഷിക്കാൻ ഉടൻ ഇടപെട്ടു. അക്രമികളുടെ ഇരയായവരെ കുറിച്ചാണ് എന്റെ ചിന്തകൾ. ഫെഡറൽ പൊലീസുമായും ന്യൂ സൗത്ത് വെയ്ൽസ് അധികൃതരുമായും ബന്ധപ്പെടുകയാണ്. ആസ്ട്രേലിയയിലെ ജൂതരെ ലക്ഷ്യമിട്ടുള്ള ആക്രമണമാണ് നടന്നത്. ജൂത വിഭാഗത്തിനെതിരായ ഏതൊരു ആക്രമണവും ഓസ്ട്രേലിയയിലെ മുഴുവൻ ജനങ്ങൾക്കും എതിരെയുള്ള ആക്രമണമാണ് –അദ്ദേഹം പറഞ്ഞു.

സർവീസിനിടെ ബസ് വഴിയിൽ നിർത്തി ഇറങ്ങി പോയ കെഎസ്ആർടിസി ഡ്രൈവറെ പിന്നീട് കണ്ടെത്തിയത് ജീവനൊടുക്കിയ നിലയിൽ. നെന്മാറ ചാത്തമംഗലം സ്വദേശി ബാബു(45)വിനെയാണ് ദേശീയപാതയോരത്ത് നിര്‍ത്തിയിട്ട് ഇറങ്ങിപ്പോയതിന് പിന്നാലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

തൃശ്ശൂർ മണലി പാലത്തിന് താഴെ ഞായറാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ടാണ് ടോള്‍പ്ലാസയ്ക്കു സമീപം ബസ് നിര്‍ത്തി ബാബു ഇറങ്ങിപ്പോയത്. യാത്രക്കാരെ കണ്ടക്ടര്‍ മറ്റൊരു ബസില്‍ കയറ്റിവിട്ടു. ബസ് പിന്നീട് പുതുക്കാട് ഡിപ്പോയിലേയ്ക്ക് മാറ്റി.

പരാതിയെ തുടര്‍ന്ന് പുതുക്കാട് പൊലീസും ബന്ധുക്കളും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടെ മണലി പാലത്തിനു സമീപമുള്ള ഭാഗത്ത് ബാബുവിന്റെ മൊബൈല്‍ ഫോണ്‍ ലഭിച്ചു. പുതുക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ബാബുവിന്റെ പെട്ടെന്നുള്ള പ്രകോപനത്തിന്റെ കാരണം വ്യക്തമല്ല.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക)

RECENT POSTS
Copyright © . All rights reserved