Latest News

വൈറ്റ്ഹൗസിലേക്ക് മാരകമായ റൈസിൻ വിഷം കലർന്ന കവർ അയച്ച സംഭവത്തിൽ സ്ത്രീ അറസ്റ്റിൽ. ന്യൂയോർക്ക്– കാനഡ അതിർത്തിയിൽ കസ്റ്റംസും അതിർത്തി രക്ഷാ ഉദ്യോഗസ്ഥരും ചേർന്നാണ് സ്ത്രീയെ അറസ്റ്റ് ചെയ്തത്. ഇവരുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. 2014-ല്‍ ബറാക് ഒബാമയ്ക്ക് കത്തിലൂടെ രാസവിഷം അയച്ച സംഭവത്തില്‍ നടി ഷാനന്‍ റിച്ചാര്‍ഡ്‌സനെ അറസ്റ്റ് ചെയ്തിരുന്നു.

വൈറ്റ് ഹൗസ് വിലാസത്തിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് കഴിഞ്ഞ ആഴ്ച വന്ന കവറിൽ നടത്തിയ സുരക്ഷാ പരിശോധനയിലാണ് മാരക വിഷമായ റൈസിന്റെ സാന്നിധ്യം കണ്ടെത്തിയത്. കാനഡയിൽനിന്നാണ് കവർ എത്തിയതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. എവിടെ നിന്നു വന്നു ആരാണ് അയച്ചത് എന്നിവ സംബന്ധിച്ച് എഫ്ബിഐയും പോസ്റ്റൽ ഇൻസ്പെക്‌ഷൻ സർവീസും കാനഡയിലെ ഏജൻസികളുമായി ചേർന്നാണ് അന്വേഷിക്കുന്നത്. കവർവന്ന വിലാസത്തിൽനിന്ന് നേരത്തെ അയച്ച പോസ്റ്റുകൾ ഉൾപ്പെടെ പരിശോധിക്കും. അറസ്റ്റിലായ സ്ത്രീയാണോ കവർ അയച്ചത് എന്നുൾപ്പെടുള്ള യാതൊരു വിവരങ്ങളും അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല.

ജയിൽ മോചനത്തിനായി മുന്നിട്ട് നിന്ന പ്രിയങ്കാ ഗാന്ധിയെ കുടുംബസമേതം സന്ദർശിച്ച് ഡോക്ടർ കഫീൽ ഖാൻ. ഭാര്യയ്ക്കൊപ്പമാണ് അദ്ദേഹം പ്രിയങ്കയെ കാണാനെത്തിയത്. യുപി സർക്കാർ ഇനിയും വേട്ടയാടുമോ എന്ന ഭയത്തിൽ ഇദ്ദേഹം രാജസ്ഥാനിലേക്ക് താമസം മാറ്റിയിരുന്നു. പ്രിയങ്ക തന്നെയാണ് രാജസ്ഥാനിൽ സുരക്ഷിതമായ ഇടം ഒരുക്കിയതും.

യുപി പൊലീസ് ദേശസുരക്ഷാ നിയമം അനുസരിച്ച് ജയിലിലടച്ചത് നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയ അലഹാബാദ് ഹൈക്കോടതി ജില്ലാ മജിസ്ട്രേട്ടിന്റെ നടപടിയെ വിമർശിക്കുകയും ഉടൻ മോചിപ്പിക്കണമെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു. ഗോരഖ്പുരിലെ ബിആർഡി മെഡിക്കൽ കോളജിൽ 2017 ൽ കുട്ടികൾ ഓക്സിജൻ കിട്ടാതെ മരിച്ച സംഭവത്തിൽ വിമർശിച്ചതിനാൽ സർക്കാർ തന്നെ വേട്ടയാടുകയാണെന്നും താനും കുടുംബവും കഷ്ടപ്പാടുകൾ സഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് മത്സരാര്‍ഥികളില്‍ കാണികളില്‍ ഏറ്റവും കൗതുകമുണര്‍ത്തിയ എന്‍ട്രിയായിരുന്നു രജിത് കുമാറിന്റേത്. എന്നാല്‍ ബിഗ് ബോസില്‍നിന്ന് പുറത്തു വന്ന രജിത്ത് കുമാറിനെ സ്വീകരിക്കാന്‍ കൊറോണ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ മറികടന്ന് നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ ജനം തടിച്ചു കൂടിയിരുന്നു.

ഈ സംഭവത്തില്‍ തന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കിയിരുന്നുവെന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ഇപ്പോള്‍ രജിത്ത് കുമാര്‍. ‘ആ വിഷയത്തില്‍ എന്റെ ഭാഗത്ത് എന്ത് തെറ്റാണുള്ളത്. ഞാന്‍ ബിഗ്‌ബോസില്‍നിന്ന് തിരിച്ച് വരികയായിരുന്നല്ലോ. അവിടെ തടിച്ചുകൂടിയ ആളുകളുടെ ഉത്തരവാദിത്വം എങ്ങനെയാണ് എന്റെ പേരിലാവുന്നത്.’ രജിത് കുമാര്‍ പറയുന്നു.

മൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലില്‍ പോലീസിന് അത് മനസിലായിരുന്നുവെന്നും. അവര്‍ ആള്‍ക്കൂട്ടത്തില്‍ ഒരാളായി മാത്രമാണ് എനിക്കെതിരെ കേസ് എടുത്തത്. രജിത് കുമാര്‍ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രജിത് കുമാര്‍ പ്രതികരിച്ചത്.

സംഭവത്തെ തുടര്‍ന്ന് പോലീസ് തന്റെ പാസ്‌പോര്‍ട്ട് വാങ്ങിവെച്ചുവെന്നും. ഇപ്പോള്‍ അത് റദ്ദാക്കപ്പെട്ടിരിക്കുകയാണ്. നിലവില്‍ ഇപ്പോള്‍ ഞാന്‍ പാസ്‌പോര്‍ട്ട് ഇല്ലാത്ത മനുഷ്യനാണെന്നും രജിത് കുമാര്‍. ഇത്തരം അവസ്ഥകള്‍ ആളുകളെ ആത്മഹത്യ ചെയ്യാന്‍ പ്രരിപ്പിക്കുമെന്നും രജിത് കുമാര്‍ പറയുന്നു.

രജിത്കുമാറിനെ പ്രശസ്തി തേടിയെത്തുന്നത് ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. അതും നീണ്ടൊരു കൂവലിന്റെ രൂപത്തില്‍. ശ്രീശങ്കര കോളെജിലെ ബോട്ടണി ലക്ചറര്‍ ആയിരുന്നു രജിത് കുമാര്‍ അന്ന്. ആര്യ എന്ന ബിരുദ വിദ്യാര്‍ഥിനി ആയിരുന്നു അന്നത്തെ കൂവല്‍ പ്രതിഷേധക്കാരി. പ്രഭാഷണത്തിനിടെ രജിത്കുമാര്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ സ്ത്രീവിരുദ്ധമാണെന്ന് ആക്ഷേപിച്ചായിരുന്നു കൂവല്‍. ആ പ്രതിഷേധം ആര്യയ്ക്ക് കൈയടികള്‍ നേടിക്കൊടുത്തു. രജിത്കുമാറിന് തുടര്‍ച്ചയായി പ്രഭാഷണങ്ങള്‍ക്കുള്ള അവസരങ്ങളും. ഇത്തരത്തില്‍ രജിത് കുമാറിന്റെ പല പ്രസ്താവനകളും വിവാദം സൃഷ്ടിച്ചിരുന്നു.

ഡല്‍ഹി: ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാനായി മധ്യകേരളത്തിലെ ഒരു മുതിര്‍ന്ന ബിഷപ്പിനെ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. കമ്മീഷനില്‍ നിലവില്‍ ഒഴിവുള്ള ചെയര്‍മാന്‍ സ്ഥാനത്തേക്കാണ് അടുത്തിടെ വിരമിച്ച മധ്യകേരളത്തിലെ പ്രമുഖനായ ബിഷപ്പിനെ നിയമിക്കുന്നത്. ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ അന്തിമ തീരുമാനം അടുത്തയാഴ്ച കൈക്കൊള്ളുമെന്നാണ് സൂചന.

ബിജെപി കേന്ദ്ര നേതൃത്വം ഇതിനു പച്ചക്കൊടി കാട്ടിയിട്ടുണ്ട്. പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തിലെ ഭൂരിഭാഗം നേതാക്കള്‍ക്കും ഇക്കാര്യത്തില്‍ എതിര്‍പ്പുണ്ടെങ്കിലും അതു പരസ്യമാക്കിയിട്ടില്ല.

സഭയ്ക്കുള്ളിലും നേതൃത്വത്തോട് ആലോചിക്കാതെ പ്രസ്തുത ബിഷപ്പിനെ ഈ പദവിയിലേയ്ക്ക് കൊണ്ടുവരുന്നതില്‍ ഭിന്ന അഭിപ്രായങ്ങളുണ്ട്. അതേസമയം ന്യൂനപക്ഷങ്ങളെ സംബന്ധിച്ച് നിര്‍ണായകമായ ഒരു പദവി നിലവിലെ സാഹചര്യത്തില്‍ സഭയിലെ ഉന്നതന് ലഭിക്കുന്നു എന്നതില്‍ ആഹ്ളാദവുമുണ്ട്.

നേരത്തെ സിപിഎമ്മുമായും മുഖ്യമന്ത്രി പിണറായി വിജയനുമായിപോലും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ബിഷപ്പിനെയാണ് ബിജെപി ന്യൂനപക്ഷങ്ങള്‍ക്കായുള്ള താക്കോല്‍ പദവിയിലേക്ക് നിയമിക്കാനൊരുങ്ങുന്നത്.

ക്രിസ്ത്യന്‍, മുസ്ലീം, സിഖ്, ബുദ്ധ, പാര്‍സി എന്നി വിഭാഗങ്ങളുടെ ക്ഷേമത്തിനായാണ് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ രൂപീകരിച്ചത്. ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, അഞ്ച് അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് കമ്മീഷന്‍. വിപുലമായ അധികാര-അവകാശങ്ങള്‍ ഉള്ള സ്വതന്ത്ര പദവിയാണ് ഈ കമ്മീഷന്റെ ചെയര്‍മാന്‍ സ്ഥാനം.

നേരത്തെ സംസ്ഥാനത്തെ ഭരണതലത്തില്‍ വലിയ സ്വാധീനമുണ്ടായിരുന്ന ഈ ബിഷപ്പ് അടുത്തകാലത്താണ് രൂപതാ ഭരണം ഒഴിഞ്ഞത്. മുമ്പ് ബിജെപിയുടെ ഭരണകാലത്ത് കേന്ദ്ര സര്‍ക്കാരിലെ ഒരു പദവി ഇദ്ദേഹം വഹിച്ചിരുന്നു. ഇദ്ദേഹത്തെ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് നിയമിക്കുന്നതിലൂടെ ചില രാഷ്ട്രീയ നേട്ടങ്ങളും ബിജെപി പ്രതീക്ഷിക്കുന്നുണ്ട്.

കേരളത്തില്‍ ബിജെപിക്ക് കാര്യമായ വേരോട്ടമുണ്ടാകാത്തത് ന്യൂനപക്ഷങ്ങളുടെ ഇടയിലെ എതിര്‍പ്പും ഭൂരിപക്ഷ സമുദായത്തിന്റെ ഇടയിലെ സ്വീകാര്യതയില്ലായ്മയുമാണെന്ന നിഗമനത്തിലാണ് പാര്‍ട്ടി കേന്ദ്ര നേതൃത്വം.

ഇതിന് മാറ്റം വരാന്‍ ഏറ്റവും നല്ലത് ക്രൈസ്തവ വിഭാഗത്തെ കൂടെ നിര്‍ത്തുന്നതാണെന്നും അവര്‍ വിലയിരുത്തുന്നു. ഇതിന്റെ ഭാഗമായി പല പദവികളിലും ക്രൈസ്തവരെ ഉള്‍പ്പെടുത്തി നടത്തിയ പരീക്ഷണങ്ങള്‍ എന്നാല്‍ കാര്യമായ വിജയത്തിലെത്തിയില്ല.

ഇതു പരിഹരിക്കാനാണ് കേരളത്തിലെ പ്രബലമായ കത്തോലിക്കാ വിഭാഗത്തിലെ ഒരു ബിഷപ്പിനെ തന്നെ ഉയര്‍ന്ന പദവിയിലേക്ക് എത്തിക്കുന്നത്. ഇതുവഴി കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ വിശേഷിച്ച് ക്രൈസ്തവര്‍ക്കിടയില്‍ പാര്‍ട്ടിയുടെ സ്വീകാര്യത കൂടുമെന്നും അവര്‍ വിശ്വസിക്കുന്നു.

പ്രധാനമന്ത്രിയോടും അടുത്ത ബന്ധമാണ് ഈ ബിഷപ്പിനുള്ളത്. കഴിഞ്ഞയാഴ്ച പ്രധാനമന്ത്രിയെ കാണാന്‍ ബിഷപ്പ് ശ്രമിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയുടെ തിരക്കുകാരണം നടന്നില്ല. അടുത്തയാഴ്ചയോടെ പ്രധാനമന്ത്രി ബിഷപ്പിന് കൂടിക്കാഴ്ച അനുവദിച്ചേക്കും. തൊട്ടുപിന്നാലെ പ്രഖ്യാപനവും ഉണ്ടാകും.

മലയാറ്റൂര്‍ ഇല്ലിത്തോടിലെ പാറമടയില്‍ സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടവര്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍. ഇവര്‍ തങ്ങിയിരുന്ന കെട്ടിടം സ്‌ഫോടനത്തില്‍ പൂര്‍ണമായി തകര്‍ന്നടിഞ്ഞു. തമിഴ്‌നാട് സേലം സ്വദേശി പെരിയണ്ണന്‍, കര്‍ണാടക ചാമരാജ് നഗര്‍ സ്വദേശി ഡി. നാഗ എന്നിവരാണ് മരിച്ചത്. ഇവരില്‍ ഒരാളുടെ അരയ്ക്ക് താഴോട്ടുള്ള ഭാഗം സ്‌ഫോടനത്തില്‍ വേര്‍പ്പെട്ടു പോയിരുന്നു. രണ്ടു പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.

പറമടയില്‍ ഇവരെക്കൂടാതെ പതിനഞ്ചോളം തൊഴിലാളികള്‍ ഉണ്ടെന്നാണ് പറയുന്നത്. ഇവരെല്ലാം മറ്റൊരു കെട്ടിടത്തിലായിരുന്നു താമസം. നാഗയും പെരിയണ്ണയും നാട്ടില്‍ പോയി മടങ്ങി വന്നതിനു പിന്നാലെയാണ് ക്വാറന്റൈനില്‍ പോയത്. മറ്റുള്ളവരുമായി സമ്പര്‍ക്കം ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാവണം സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന കെട്ടിടത്തിലേക്ക് ഇരുവരും മാറിയതെന്നാണ് വിവരം. 1200 സ്‌ക്വയര്‍ ഫീറ്ററോളം വരുന്ന ഈ കെട്ടിടം തറയോളം ഇടിച്ചു നിരത്തപ്പെട്ടതുപോലെ തകര്‍ന്നു പോയിട്ടുണ്ട്. സ്‌ഫോടനത്തിന്റെ ആഘാതമാണ് ഇത് കാണിക്കുന്നത്.

അതേസമയം സ്‌ഫോടനം നടന്നതുമായി ബന്ധപ്പെട്ട ദുരൂഹത നിലനില്‍ക്കുകയാണ്. തകര്‍ന്ന കെട്ടിടത്തില്‍ സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചത് അനധികൃതമായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സാധാരണഗതിയില്‍ സ്‌ഫോടക വസ്തുക്കള്‍ ആളൊഴിഞ്ഞ സ്ഥലത്ത് സുരക്ഷിതമായാണ് സൂക്ഷിക്കുന്നത്. എന്തുകൊണ്ട് ഈ കെട്ടിടത്തിനുള്ളില്‍ വച്ചു എന്നതിന് ഉത്തരം കിട്ടിയിട്ടില്ല. റോബിന്‍സണ്‍ എന്നയാളുടെ പേരിലാണ് പാറമടയുടെ ലൈസന്‍സ്. ബെന്നി എന്നയാളാണ് പാറമട നത്തുന്നതെന്നാണ് ഇല്ലിത്തോട് വാര്‍ഡ് മെംബര്‍ സജീവ് ചന്ദ്രന്‍ പറയുന്നത്. ഉടമസ്ഥരുടെയും നടത്തിപ്പുകാരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ആണെന്നും ഇവരെ ബന്ധപ്പെടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും സജീവ് ചന്ദ്രന്‍ അഴിമുഖത്തോടു പറഞ്ഞു.

എത്രത്തോളം സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നുവെന്നതിനെക്കുറിച്ചും കൃത്യമായ വിവരം കിട്ടിയിട്ടില്ലെന്നാണ് സജീവ് ചന്ദ്രന്‍ പറയുന്നത്; സ്‌ഫോടനത്തിന്റെ സ്വഭാവംവച്ച് വലിയ തോതില്‍ സ്‌ഫോടക വസ്തുക്കള്‍ ഉണ്ടായിരിക്കണം. ആ കോണ്‍ക്രീറ്റ് കെട്ടിടം പൂര്‍ണമായും തകര്‍ന്നടിഞ്ഞുപോയി. അതിനകത്തായിരുന്നു ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന തൊഴിലാളികള്‍ ഉണ്ടായിരുന്നത്. ആള്‍ താമസമുള്ളിടങ്ങളില്‍ സ്‌ഫോടക വവസ്തുക്കള്‍ സൂക്ഷിക്കരുതെന്നാണ് നിയമം. പിന്നെന്തുകൊണ്ട് ഇവിടെ സൂക്ഷിച്ചു എന്നതടക്കമുള്ള വിവരം കിട്ടണമെങ്കില്‍ ഉടമകള്‍ കാര്യങ്ങള്‍വെളിപ്പെടുത്തണം’

ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതിയോടെ പ്രവര്‍ത്തിച്ചു വന്നിരുന്ന പാറമടയായിരുന്നു ഇതെന്നും പഞ്ചായത്ത് അംഗം പറയുന്നു. അതേസമയം പാറമടയ്‌ക്കെതിരേ വ്യാപകമായ പ്രതിഷേധവും നിലനിന്നിരുന്നു. സമീപവാസികളും പരിസ്ഥിതി പ്രവര്‍ത്തകരും പാറമട അടച്ചുപൂട്ടണമെന്ന ആവശ്യവുമായി മുന്‍പേ തന്നെ രംഗത്തുണ്ട്. സ്‌ഫോടനത്തിനു പിന്നാലെ ഈ ആവശ്യം ശക്തമായിട്ടുമുണ്ട്. വനഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന പാറമടയാണിതെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ ആരോപണം.

മക്കളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ അവയവങ്ങള്‍ വില്‍ക്കുന്നതിന് തയ്യാറാണെന്ന് കാണിച്ച്‌ ഒരമ്മ അഞ്ചുമക്കളുമായി നിരത്തിലിറങ്ങി. വരാപ്പുഴ സ്വദേശിനിയായ ശാന്തിയാണ് തന്റെ അഞ്ച് മക്കളുമായി തെരുവില്‍ ഇറങ്ങിയത്. കൊച്ചി കണ്ടെയ്‌നര്‍ റോഡില്‍ ടാര്‍പ്പോളിന്‍ വലിച്ചുകെട്ടിയ ഷെഡ്ഡിലാണ് ഇവര്‍ കഴിഞ്ഞുവന്നത്.

 

മൂന്ന് മക്കള്‍ക്കും വിവിധ ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താന്‍ പാടുപെടുന്നതിനിടയിലാണ് വരാപ്പുഴയിലെ വാടക വീട് വീട്ടമ്മയ്ക്ക് ഒഴിയേണ്ടിവന്നത്. വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ മറ്റ് വഴികളില്ലാതെ വന്നതോടെ അവയവങ്ങള്‍ വില്‍ക്കാനുണ്ടെന്ന് ബോര്‍ഡ് എഴുതിവെച്ച്‌ സമരത്തിനിറങ്ങുകയായിരുന്നു.

ഇവരുടെ അഞ്ചു മക്കളും ഗുരുതര രോഗങ്ങള്‍ക്ക് ചികിത്സയിലാണ്. മൂന്നു പേര്‍ക്ക് ശസ്ത്രക്രിയ കഴിഞ്ഞതാണ്. ചികിത്സയ്ക്കായി വീടു വിറ്റ് വാടക വീട്ടിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്. പ്രശ്നത്തില്‍ ജില്ലാ ഭരണകൂടം ഇടപെട്ടിട്ടുണ്ട്. പിന്നാലെ ഇവരെ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റിക്കഴിഞ്ഞു.

ഭര്‍ത്താവിനെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ട ചിറ്റഞ്ഞൂര്‍ സ്വദേശിയായ യുവതിയും കാമുകനും റിമാന്‍ഡില്‍. ചിറ്റഞ്ഞൂര്‍ സ്വദേശിനി പ്രജിത (29), കാമുകന്‍ ആലപ്പുഴ കോമളപുരം പാതിരപ്പള്ളി വേണു നിവാസില്‍ വിഷ്ണു (27) എന്നിവരെയാണു കുന്നംകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്.

ഈ മാസം 16 നാണ് പ്രജിതയെ കാണാതായത്. തുടര്‍ന്നു ഭര്‍ത്താവ് കുന്നംകുളം പോലീസില്‍ പരാതി നല്‍കി. കുന്നംകുളം സി.ഐ: കെ.ജി. സുരേഷിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം ഒളിച്ചോട്ടമാണെന്ന് മനസ്സിലായത്.

ആലപ്പുഴയില്‍നിന്നു പോലീസ് ഇരുവരെയും കണ്ടെത്തി. മകളെ ഏറ്റെടുത്തു ജീവിക്കാന്‍ താത്പര്യമുണ്ടോയെന്നു ചോദിച്ചപ്പോള്‍ ഇല്ലെന്നും കാമുകന്റെ കൂടെ ജീവിക്കാനാണ് താത്പര്യമെന്നും പ്രജിത മൊഴി നല്‍കിയിരുന്നു.

അതോടെ, പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഉപേക്ഷിച്ച കുറ്റത്തിനു പ്രജിതയ്ക്കെതിരേയും ഉപേക്ഷിക്കാന്‍ പ്രേരണ നല്‍കിയതിനു കാമുകനെതിരേയും കുന്നംകുളം പോലീസ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു. തുടര്‍ന്ന് ഇരുവരേയും കോടതിയില്‍ ഹാജരാക്കി. കോടതി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.

സുരേഷ് നാരായണൻ

1 മഴയുടെ ദൂതൻ.

പ്രാർത്ഥനയാണെന്നറിയാതെ
‘ചന്തമേറിയ പൂവിലും’
പാടിക്കൊണ്ടിരിക്കുമ്പോൾ
വാതിൽക്കൽ മുട്ടു കേട്ടു.

(അതെന്തോ, അവൾ മാത്രമേ കേട്ടുള്ളൂ)

കറുത്ത ഉടുപ്പിട്ട ഒരു ചിരിയിലേക്കാണ് വാതിൽ തുറന്നത്.

ഒരു കുട നീട്ടിക്കൊണ്ടവൻ പറഞ്ഞു,
‘നാളെ മഴക്കാലം തുടങ്ങ്വാ.
ഇദ് വെച്ചോ!ഞാൻ പോട്ടെ.’

അവൾ പോലുമറിയാതെ കൈനീണ്ടു.
പതുപതുത്ത ശീലക്കുട !

നന്ദി പറഞ്ഞു കൊണ്ടവൾ ചോദിച്ചു,
‘നിക്ക്, നിൻറെ പേരെന്താ?’

‘മഴക്കാറ്’.പയ്യൻ അപ്രത്യക്ഷനായി.

2. കേട്ടെഴുത്ത്

എല്ലാ ദിവസോം
മലയാളം മാഷ് കേട്ടെഴുത്തിടും.

അന്നത്തെ വാക്ക് ചെറുതായിരുന്നു,
‘ഇംഗിതം’

പേപ്പർ നോക്കിവന്ന മാഷ്
എൻറടുത്തെത്തിയപ്പോൾ ബ്രേക്കിട്ടു .

ഞാൻ എഴുതിയിരിക്കുന്നു, ‘ഇങ്കിതം’.

‘പോയി അമ്മേടെ
ഇങ്കു കുടിച്ചിട്ട് വാ!’
മാഷ് അലറി.

സുരേഷ് നാരായണൻ
വൈക്കത്തിനടുത്ത് വെള്ളൂർ സ്വദേശി. 15 വർഷത്തെ ബാങ്കിംഗ് പരിചയം.ധനലക്ഷ്മി ബാങ്കിൽ ജോലി ചെയ്യുന്നു. ജോലിയോടൊപ്പം, വായന, എഴുത്ത് ഫോട്ടോഗ്രാഫി, യാത്രകൾ തുടർന്ന് പോരുന്നു.
ആനുകാലികങ്ങളിൽ (ഓൺലൈൻ /പ്രിൻറ്) കവിതകളും മറ്റ് ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രഥമ കവിതാസമാഹാരം ഒക്ടോബർ മാസത്തിൽ പുറത്തിറങ്ങും.

നടന്‍ സൂര്യയെ ചെരുപ്പൂരി അടിച്ചാല്‍ ഒരു ലക്ഷം രൂപ സമ്മാനം നല്‍കാമെന്ന് പ്രഖ്യാപിച്ച് ഹിന്ദു മക്കള്‍ കക്ഷി നേതാവ് ധര്‍മ്മ. സൂര്യ വിദ്യാര്‍ത്ഥികളെയും യുവതലമുറയെയും വഴിതെറ്റിക്കുകയാണെന്നും സൂര്യയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ജീവകാരുണ്യ സംഘടനയായ അഗരം മോശമായ പ്രസ്ഥാനമാണെന്നും ധര്‍മ്മ ആരോപിക്കുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞതോടെ നേതാവിനെതിരെ ആരാധകരും രൂക്ഷ വിമര്‍ശനവുമായി എത്തി.

ധര്‍മ്മയുടെ വാക്കുകള്‍;

മൂന്ന് വയസുള്ള കുട്ടിക്ക് മൂന്ന് ഭാഷ പറഞ്ഞുകൊടുക്കുന്നു എന്നാണ് സൂര്യ പറഞ്ഞത്. സംസ്ഥാന സര്‍ക്കാര്‍ പോലും അഞ്ച് വയസുമുതലാണ് കുട്ടികള്‍ക്ക് വിദ്യഭ്യാസം നല്‍കുന്നത്. എന്നാല്‍ കമ്മ്യൂണിസ്റ്റുകളുടെ അടുത്തുനിന്നും ദ്രാവിഡ കക്ഷികളില്‍ നിന്നും പണം വാങ്ങിയാണ് സൂര്യ ഇങ്ങനെ ചെയ്യുന്നത്. ഇതിലൂടെ അദ്ദേഹം നിയമങ്ങളെയും സര്‍ക്കാറിനെയും വെല്ലുവിളിക്കുന്നു. ഇതിന്റെ പേരില്‍ കോടതിയലക്ഷ്യത്തിന് സൂര്യയെ അറസ്റ്റ് ചെയ്യണം. ഇല്ലെങ്കില്‍, സൂര്യയെ എവിടെ കണ്ടാലും അവിടെവെച്ച് ചെരുപ്പൂരി അടിക്കണം. അങ്ങനെ ചെയ്യുന്നയാള്‍ക്ക് പാര്‍ട്ടി പ്രസിഡന്റ് അര്‍ജുന്‍ സമ്പത്തിന്റെ വകയായി ഒരു ലക്ഷം രൂപ നല്‍കും.

മുംബൈ: മഹാരാഷ്ട്രയിലെ ഭീവണ്ടിയില്‍ കെട്ടിടം തകര്‍ന്നുള്ള മരണസംഖ്യ കൂടുന്നു. ഇതുവരെ പത്ത് മരണം സ്ഥിരീകരിച്ചു. ഇരുപതിലേറെപ്പേരെ രക്ഷിച്ചു. ആള്‍ക്കാര്‍ നല്ല ഉറക്കത്തിലായിരുന്ന പുലര്‍ച്ചെ മൂന്ന് മണിയോടെ കെട്ടിടം തകര്‍ന്നു വീഴുകയായിരുന്നു. ഇനിയും 20 – 25 പേര്‍ കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. ദേശീയ ദുരന്ത നിവാരണ സേനയും നാട്ടുകാരും ​പോലീസും ചേര്‍ന്ന് തെരച്ചില്‍ തുടരുകയാണ്.

താനെ നഗരസഭയ്ക്കു കീഴിലുള്ള ഭീവണ്ടിയിലെ പട്ടേല്‍ കോംപൗണ്ട് ഏരിയയിലുള്ള കെട്ടിടം തകര്‍ന്നുവീണത്. 12 ലധികം കുടുംബങ്ങള്‍ ഈ ​കെട്ടിടത്തില്‍ താമസിച്ചിരുന്നു എന്നാണ് വിവരം. ദേശീയ ദുരന്ത നിവാരണസേനയുടെ കൂടുതല്‍ രക്ഷാ പ്രവര്‍ത്തകര്‍ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. അവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ നിന്നും കണ്ടെത്തിയ പിഞ്ചു കുഞ്ഞിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

നായ്ക്കളെ ഉപയോഗിച്ചും സാങ്കേതിക സംവിധാനം ഉപയോഗിച്ചുമുള്ള തെരച്ചില്‍ തുടരുകയാണ്. ഭീവണ്ടി പട്ടേല്‍ വളപ്പിലെ ജിലാനി അപ്പാര്‍ട്ട്‌മെന്റ് എന്ന മൂന്ന് നില കെട്ടിടമാണ് തകര്‍ന്നു വീണത്. 1984 ല്‍ നിര്‍മ്മിച്ച കെട്ടിടമാണ് തകര്‍ന്നു വീണത്. പുതിയ സംഭവത്തോടെ ഭിവാണ്ടിയിലെ കെട്ടിടങ്ങളുടെ നിര്‍മ്മാണ രീതിയുടെ കണക്കെടുപ്പ് നഗരസഭ തുടങ്ങിയിട്ടുണ്ട്. ആഗസ്റ്റ് 24 ന് മഹാരാഷ്ട്രയിലെ തന്നെ റെയ്ഗാര്‍ഡ് ജില്ലയിലെ മഹദ് ഏരിയയിലെ റസിഡന്‍ഷ്യല്‍ ഏരിയയില്‍ ഒരു അഞ്ചു നില കെട്ടിടം തകര്‍ന്നു വീണിരുന്നു.

RECENT POSTS
Copyright © . All rights reserved