കൊച്ചി ∙ ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയോടു വിശദീകരണം തേടാൻ താരസംഘടനയായ ‘അമ്മ’യുടെ തീരുമാനം. നടൻ ഇടവേള ബാബുവിന്റെ അഭിമുഖത്തിലെ ചില പരാമർശങ്ങളുടെ പേരിൽ രാജിക്കത്തു നൽകിയ നടി പാർവതി തിരുവോത്തിന്റെ രാജി സ്വീകരിക്കാനും പ്രസിഡന്റ് മോഹൻലാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ബിനീഷിനെ സംഘടനയിൽനിന്നു സസ്പെൻഡ് ചെയ്യണമെന്ന ആവശ്യമുയർന്നതിനു പിന്നാലെ രൂക്ഷമായ വാക്കേറ്റമാണു യോഗത്തിലുണ്ടായത്.

നടൻ സിദ്ദിഖ് ഉൾപ്പെടെയുള്ളവർ ബിനീഷ് കോടിയേരിയെ സംഘടനയിൽനിന്നു സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. നടിമാരായ ഹണി റോസ്, രചന നാരായണൻ കുട്ടി തുടങ്ങിയവരും ഇതേ നിലപാടാണു സ്വീകരിച്ചത്. എന്നാൽ എംഎൽഎമാരായ മുകേഷ്, ഗണേഷ് കുമാർ തുടങ്ങിയവർ തിടുക്കപ്പെട്ട് നടപടി വേണ്ട എന്ന നിലപാടെടുത്തു. ഇതോടെയാണു വാക്കുതർക്കത്തിലേക്കു കാര്യങ്ങൾ നീങ്ങിയത്. 2009 മുതൽ ബിനീഷ് കോടിയേരി അമ്മയുടെ ആജീവനാന്ത അംഗത്വം എടുത്തിട്ടുണ്ട്.

നടൻ ദിലീപ് അറസ്റ്റിലായപ്പോൾ സംഘടനയിൽനിന്നു സസ്പെൻഡ് ചെയ്തിരുന്നെന്നും രണ്ടു പേർക്കു രണ്ടു നീതി പാടില്ലെന്നും നടിമാർ ഉൾപ്പെടെയുള്ളവർ വാദിച്ചു. ആരോപണ വിധേയനെ സംഘടനയിൽ വച്ചുകൊണ്ടിരിക്കുന്നതു ശരിയല്ലെന്നാണു സിദ്ദിഖ് വ്യക്തമാക്കിയത്. ഇതിനെ മുകേഷും മറ്റും എതിർത്തതോടെയാണു വാക്പോരിലേക്കു കാര്യങ്ങൾ പോയത്. അംഗങ്ങളുടെ അഭിപ്രായങ്ങൾ കേട്ട മോഹൻലാൽ ഉൾപ്പെടെയുള്ളവർ തിടുക്കപ്പെട്ടുള്ള നടപടി ഒഴിവാക്കാമെന്നും വിശദീകരണം ചോദിക്കാം എന്നുമുള്ള നിലപാടിൽ എത്തിച്ചേരുകയായിരുന്നു.