Latest News

ജോലി ലഭിച്ചാല്‍ ജീവന്‍ നല്‍കാമെന്ന നേര്‍ച്ച നിറവേറ്റാന്‍ യുവാവ് ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കി. തമിഴ്‌നാട് നാഗര്‍കോവിലില്‍ നവീന്‍ എന്ന 32കാരന്‍ ആണ് ആത്മഹത്യ ചെയ്തത്. ജോലി ലഭിച്ചാല്‍ ജീവന്‍ നല്‍കാമെന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് നേര്‍ച്ച നേര്‍ന്നിരുന്നു. അതു നിറവേറ്റുകയാണെന്ന് എഴുതിയ കുറിപ്പ് മൃതദേഹത്തിന് സമീപത്തു നിന്ന് കണ്ടെടുത്തു.

കന്യാകുമാരി എല്ലുവിള സ്വദേശിയാണ് നവീന്‍. ഇന്നു രാവിലെയാണ് നാഗര്‍കോവില്‍ പുത്തേരിയെന്ന സ്ഥലത്തെ റെയില്‍വേ പാളത്തില്‍ ഛിന്നഭിന്നായ മൃതദേഹം കണ്ടെത്തിയത്. സമീപത്തു നിന്നു തിരിച്ചറിയല്‍ രേഖകളും പാസ്‌പോര്‍ട്ടും ഒരു കുറിപ്പും കണ്ടെടുത്തു. ഇതില്‍ നിന്നാണു മരിച്ചത് മുംബൈയില്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ അസിസ്റ്റന്റ് മാനേജറായ നവീനാണെന്ന് തിരിച്ചറിഞ്ഞത്.

എന്‍ജിനിയറിങ് പഠനം കഴിഞ്ഞു കുറേ കാലം ജോലിക്കു ശ്രമിച്ചിരുന്നു. ജോലി ലഭിച്ചാല്‍ ജീവന്‍ നല്‍കാമെന്ന് നേര്‍ച്ച നേര്‍ന്നിരുന്നു. ഈ നേര്‍ച്ച നിറവേറ്റുന്നുവെന്നാണ് മാതാപിതാക്കള്‍ക്കെഴുതിയ കുറിപ്പില്‍ പറയുന്നത്. കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്ന് വിമാനത്തില്‍ തിരുവനന്തപുരത്തു വന്നിറങ്ങിയ നവീന്‍ സുഹൃത്തുക്കളെ സന്ദര്‍ശിച്ചിരുന്നു. മൃതദേഹം പിന്നീട് നാഗര്‍കോവില്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി

നടിയും നടന്‍ സുകുമാരന്റെ ഭാര്യയുമായ മല്ലിക സുകുമാരനുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ആ വാര്‍ത്തകളിലെ സത്യാവസ്ഥ എന്താണെന്ന് വെളിപ്പെടുത്തി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് മല്ലിക സുകുമാരന്‍.

ഇത്തവണത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ നടി മല്ലിക സുകുമാരന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്നായിരുന്നു സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്ത. ഇക്കാര്യം നിഷേധിച്ചുകൊണ്ടാണ് മല്ലിക സുകുമാരന്‍ രംഗത്തെത്തിയിരിക്കുന്നത്.

ആ വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമാണെന്നും താന്‍ ഉടന്‍ രാഷ്ട്രീയത്തിലേക്കില്ലെന്നും മല്ലികാ സുകുമാരന്‍ വ്യക്തമാക്കി. രാഷ്ട്രീയ പ്രവേശനവുമായ ബന്ധപ്പെട്ട കാര്യങ്ങള്‍ ആലോചിച്ചിട്ടില്ലെന്നും അതേപറ്റി ആലോചിക്കുമ്പോള്‍ പറയാമെന്നും നടി പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ മല്ലിക സുകുമാരന്‍ തിരുവനന്തപുരം കോര്‍പറേഷന് കീഴിലുള്ള വലിയ വിള വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആകുമെന്നായിരുന്നു പ്രചരണം. എന്നാല്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ താന്‍ ഒരു കോണ്‍ഗ്രസുകാരിയാണെന്നും ഭര്‍ത്താവ് സുകുമാരന്‍ ഇടതു ചിന്താഗതിക്കാരനായിരുന്നെന്നും നടി വെളിപ്പെടുത്തിയിരുന്നു.

ചൈനീസ് വീഡിയോ ആപ്പ് ടിക് ടോകിന് അമേരിക്കയില്‍ വിലക്ക് ഏര്‍പ്പെടുത്താനുള്ള എക്‌സിക്യൂട്ടീവ് ഓഡറിന് കോടതിയുടെ സ്‌റ്റേ. ഇന്ത്യയിലെ പോലെ ടിക്ടോക്കിനെ നിരോധിക്കാനുള്ള ഡൊണാല്‍ഡ് ട്രംപ് സര്‍ക്കാര്‍ നീക്കത്തിനാണ് കോടതിയുടെ സ്‌റ്റേ. നേരത്തെ ഇറക്കിയ ഉത്തരവ് പ്രകാരം നവംബര്‍ 12 മുതല്‍ നിലവില്‍ വരാനിരുന്ന ടിക്ടോക്ക് നിരോധനമാണ് ഇപ്പോള്‍ സ്റ്റേ ചെയ്യപ്പെട്ടത്.

അമേരിക്കയുടെ കൊമേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് ടിക്ടോക് നിരോധിച്ച് ഇറക്കിയ ഓര്‍ഡര്‍ നടപ്പാക്കുന്നതാണ് പെന്‍സില്‍വേനിയയിലെ ജില്ലാ കോടതിയാണ് തടഞ്ഞത്. പുതിയ നിയമം നടപ്പിലാക്കിയാല്‍ അമേരിക്കയില്‍ ടിക്ടോക് പൂട്ടുന്നതിനു തുല്യമായിരിക്കുമെന്ന് കോടതിയുടെ നിരീക്ഷണം.

ഏകദേശം 700 ദശലക്ഷം ഉപയോക്താക്കള്‍ ഈ ആപ്പ് ആഗോള തലത്തില്‍ ഉപയോഗിക്കുന്നുണ്ട്. ഇവരില്‍ 100 ദശലക്ഷം പേര്‍ അമേരിക്കയിലാണ്. അഞ്ചു കോടി പേരെങ്കിലും അത് ദിവസവും ഉപയോഗിക്കുന്നവരുണ്ടെന്നും ജഡ്ജി പറയുന്നു. ആപ്പ് ഉപയോക്താക്കളാണ് നിരോധ ഉത്തരവിനെതിരെ കോടതിയെ സമീപിച്ചത്. തങ്ങള്‍ ടിക്ടോക്കിലൂടെ പ്രശസ്തരായ ഇന്‍ഫ്ളുവന്‍സര്‍മാരാണെന്നും തങ്ങള്‍ക്ക് ഫോളോവര്‍മാരെ നഷ്ടപ്പെടുമെന്നും അവര്‍ കോടതിയെ ബോധ്യപ്പെടുത്തുകയായിരുന്നു.

പരാതിക്കാര്‍ക്ക് തങ്ങളുടെ ദശലക്ഷക്കണക്കിന് ഉപയോക്താക്കളുമായി സംവാദിക്കാനുള്ള അവസരം ഇല്ലാതാകുമെന്നും, അവരുടെ സ്പോണ്‍സര്‍ഷിപ് നഷ്ടമാകുമെന്നുമുള്ള വാദം ജഡ്ജി അംഗീകരിക്കുകയായിരുന്നു.

ലോകമെമ്പാടും നടക്കുന്ന ബ്ലാക്ക് ലൈവ്സ് മാറ്റർ മുന്നേറ്റത്തിനു പിന്തുണ അർപ്പിച്ച് മുംബൈ ഇന്ത്യൻസിൻ്റെ ഇന്ത്യൻ ഓൾറൗണ്ടർ ഹർദ്ദിക് പാണ്ഡ്യ അടുത്തിടെ രംഗത്തെത്തിയിരുന്നു. രാജസ്ഥാൻ റോയൽസിനെതിരെ നടന്ന മത്സരത്തിൽ അർധസെഞ്ചുറി നേടിയതിനു ശേഷം ഒരു മുട്ടുകുത്തി ഇരുന്നാണ് പാണ്ഡ്യ കറുത്ത വർഗക്കാർക്കൊപ്പമാണെന്ന് പ്രഖ്യാപിച്ചത്. ബ്ലാക്ക് ലൈവ്സ് മാറ്റർ എന്ന ഹാഷ്ടാഗോടെ പാണ്ഡ്യ പിന്നീട് തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ ഈ ചിത്രം പങ്കുവക്കുകയും ചെയ്തു.

ബ്ലാക്ക് ലൈവ്സ് മാറ്റർ മുന്നേറ്റത്തിനു പിന്തുണ അർപ്പിക്കുന്ന ആദ്യ ഇന്ത്യൻ, ഐപിഎൽ താരമാണ് ഹർദ്ദിക് പാണ്ഡ്യ. പാണ്ഡ്യയുടെ ആഘോഷത്തിന് വിൻഡീസ് താരവും മുംബൈ ഇന്ത്യൻസ് നായകനുമായ കീറോൺ പൊള്ളാർഡ് ഡഗൗട്ടിൽ നിന്ന് പ്രതികരണം അറിയിക്കുകയും ചെയ്തിരുന്നു.

അമേരിക്കയിൽ കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയിഡിനെ പൊലീസ് ഉദ്യോഗസ്ഥൻ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് ലോകമെമ്പാടും ബ്ലാക്ക് ലൈവ്സ് മാറ്റർ മുന്നേറ്റം ആരംഭിച്ചത്. വിൻഡീസ് താരം ഡാരൻ സമ്മി ഐപിഎലിനിടെ വംശീയ അധിക്ഷേപം നേരിടേണ്ടി വന്നു എന്ന് വെളിപ്പെടുത്തിയത് വലിയ വിവാദമായിരുന്നു
ഇക്കൊല്ലത്തെ ഐപിഎലിനിടെ സൺറൈസേഴ്സിൻ്റെ വിൻഡീസ് താരം ജേസൻ ഹോൾഡർ ഐപിഎൽ ഈ മുന്നേറ്റത്തിൽ പങ്കാളിയാവാത്തതിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

എന്നാൽ പിന്തുണ അർപ്പിച്ച മുംബൈ ഇന്ത്യൻസ് ഓൾ റൗണ്ടറിനെതിരെ ഒരു കൂട്ടർ രംഗത്തെത്തിയിരിക്കുകയാണ്. വെള്ളക്കാരിയെ വിവാഹം കഴിച്ച ഹാർദിക് കാപട്യമാണ് കാണിച്ചതെന്നും വിമർശനവുമായി പാണ്ഡ്യ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് കീഴിൽ നിരവധി പേർ കമെന്റ് ചെയ്തു. അതേസമയം പാണ്ഡ്യയെ പിന്തുണച്ചും ആരാധകർ എത്തി.

ഇന്‍ഫോ പാര്‍ക്കിലെ വഴിയരികില്‍ 64കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നാലു പ്രതികള്‍ പിടിയില്‍. കഴിഞ്ഞ ഞായറാഴ്ചയാണ് കൊല്ലം ആയുര്‍ സ്വദേശി ദിവാകരന്‍ നായരുടെ മൃതദേഹം കണ്ടെത്തിയത്. സഹോദരപുത്രന്റെ ഭാര്യാപിതാവ് കോട്ടയം പൊന്‍കുന്നം സ്വദേശി അനില്‍കുമാര്‍, ക്വൊട്ടേഷന്‍ സംഘാംഗങ്ങളായ രാജേഷ്, സഞ്ജയ്, കൊല്ലം സ്വദേശിനി ഷാനിഫ എന്നിവരാണ് അറസ്റ്റിലായത്.

മരിച്ചയാളെ തിരിച്ചറിഞ്ഞത് ജ്യോത്സ്യന്റെ സഹായത്താൽ – ഞായറാഴ്ചയാണ് ശരീരമാസകലം പരുക്കുകളുമായി ദിവാകരന്‍ നായരുടെ മൃതദേഹം വഴിയരികില്‍ കണ്ടെത്തിയത്. വിശദമായ പരിശോധനയില്‍ കടലാസു കഷണത്തില്‍ കുറിച്ച കൊല്ലത്തെയൊരു ജ്യോത്സ്യന്റെ ഫോണ്‍നമ്പര്‍ കണ്ടെത്തി. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാലുള്ള ജയസാധ്യത അറിയുന്നതിനായി രണ്ടാഴ്ച മുമ്പ് എത്തിയ ദിവാകരന്‍ നായരെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചു. ആളെ തിരിച്ചറിഞ്ഞ ശേഷം മൊബൈല്‍ ടവറുകളും സമീപപ്രദേശങ്ങളിലെ സി.സി.ടി.വി ക്യാമറകളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്.

കൊലയ്ക്ക് കാരണം സഹോദരനുമായുള്ള സ്വത്തുതര്‍ക്കം – മരിച്ച ദിവാകരന്‍ നായരും സഹോദരന്‍ മധുവും തമ്മില്‍ ഒന്നരയേക്കറിലധികം വരുന്ന ഭൂമിയെച്ചൊല്ലി തര്‍ക്കം നില നിന്നിരുന്നു. കോടതിയില്‍ നിന്നും മധു അനുകൂലമായ വിധിയും സമ്പാദിച്ചു. എന്നാല്‍, വിധി നടപ്പിലാക്കാന്‍ ശ്രമിച്ചിട്ടും വിജയിച്ചില്ല. തുടര്‍ന്നാണ് മധുവിന്റെ മകന്റെ ഭാര്യാപിതാവ് അനില്‍കുമാര്‍ വിഷയത്തില്‍ ഇടപെട്ടത്. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ നടന്ന ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ക്കിടെ ഇരുപക്ഷവും തമ്മില്‍ സംഘര്‍ഷവും ഉണ്ടായിരുന്നു. പൊന്‍കുന്നം സ്വദേശിയായ അനില്‍കുമാര്‍ ക്വൊട്ടേഷന്‍ സംഘാംഗങ്ങളായ രാജേഷിനും സഞ്ജയ്ക്കുമൊപ്പം ദിവാകരനെ വകവരുത്താന്‍ തീരുമാനിക്കുകയായിരുന്നു.

കൊച്ചിയിലെത്തിക്കാൻ ഹണിട്രാപ്പ് – നാല്‍പ്പതുകാരനായ രാജേഷ് കാമുകിയായ 55കാരി ഷാനിഫയെയാണ് ദിവാകരന്‍ നായരെ കൊല്ലത്തെത്തിക്കാന്‍ ഉപയോഗിച്ചത്. ഷാനിഫ ദിവാകരന്‍ നായരുമായി ഫോണിലൂടെ സംസാരിച്ച് അടുപ്പം സ്ഥാപിച്ച ശേഷം ആലുവയിൽ എത്താന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. കാക്കാനാട്ടുള്ള പ്ലോട്ട് സന്ദര്‍ശിക്കാനെന്ന പേരില്‍ കൊച്ചിയിൽ എത്തിയ ദിവാകരനെ ഷാനിഫയെ കാണാന്‍ ആലുവയിലേക്ക് പോകും വഴി പ്രതികള്‍ ഇന്നോവ കാറില്‍ കയറ്റുകയായിരുന്നു. ക്രൂരമായി മര്‍ദ്ദിച്ച ശേഷം ശ്വാസം മുട്ടിച്ച് വഴിയരികില്‍ ഉപേക്ഷിച്ചു.

യാതൊരു തുമ്പുകളും ഇല്ലാതിരുന്ന കേസില്‍ സി.സി.ടിവി ദൃശ്യങ്ങളാണ് നിര്‍ണായകമായത്. ദിവാകരന്‍ നായര്‍ സഞ്ചരിച്ച ഓട്ടോറക്ഷയെ പിന്തുടരുന്ന ഇന്നോവ കാര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പൊലീസിനെ പ്രതികളിലേക്ക് എത്തിച്ചത്. തൃക്കാക്കര എ.സി.പി കെ.എം ജിജിമോന്റെ മേല്‍നോട്ടത്തില്‍ നാലു ടീമുകളായി തിരിച്ചായിരുന്നു അന്വേഷണം.

തിരുവനന്തപുരം∙ കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ നയതന്ത്ര സ്വർണക്കടത്തു കേസിൽ, സ്വർണം പിടികൂടാൻ സഹായകരമായ വിവരങ്ങൾ നൽകിയ വ്യക്തിക്ക് കസ്റ്റംസ് പ്രതിഫലം കൈമാറിയതായി സൂചന. 13.5 കോടിരൂപ വിലവരുന്ന 30 കിലോ സ്വർണമാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് പിടികൂടിയത്. വിവരം കൈമാറിയ വ്യക്തിക്ക് പ്രതിഫലമായി 45 ലക്ഷംരൂപ ലഭിക്കും. അഡ്വാൻസായി ലഭിക്കുന്നത് 22.50 ലക്ഷം രൂപ.

വിവരം കൈമാറിയത് ആരാണെന്നോ എവിടെയുള്ള ആളാണെന്നോ തുടങ്ങിയ വിവരങ്ങൾ കസ്റ്റംസ് കമ്മിഷണർക്ക് മാത്രമറിയുന്ന രഹസ്യമാണ്. കമ്മിഷണർക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണു കാർഗോ വിഭാഗം അസി. കമ്മിഷണർ രാമമൂർത്തിയുടെ നേതൃത്വത്തിൽ ജൂലൈ 5നു സ്വർണം പിടികൂടിയത്. പ്രതിഫലം കൈമാറിയതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കാൻ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത് കുമാർ തയാറായില്ല.

ജൂലൈ ആദ്യമാണ് രാജ്യാന്തര വിമാനത്താവളത്തിൽ നയതന്ത്ര ബാഗേജ് എത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ശുചിമുറി ഉപകരണങ്ങൾ അടങ്ങിയ പെട്ടിയിൽ ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തുകയായിരുന്നു. സ്വർണക്കടത്തിനെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നവർക്ക് ഒരു ഗ്രാമിന് 150 രൂപയാണ് പ്രതിഫലമായി നൽകുന്നത്. ആദ്യഘട്ടത്തിൽ അഡ്വാൻസായി പകുതി നല്‍കുമ്പോൾ ഗ്രാമിന് 75രൂപ. 1000ഗ്രാമാണ് 1 കിലോ സ്വർണം. അങ്ങനെവരുമ്പോൾ 1 കിലോ സ്വർണത്തിനു അഡ്വാൻസ് പ്രതിഫലമായി 75,000 രൂപ ലഭിക്കും. 30 കിലോ സ്വർണത്തിനു 22.50 ലക്ഷം രൂപ ആദ്യഘട്ടത്തിൽ നൽകും. കേസ് പൂർത്തിയായശേഷം ബാക്കി തുക കൈമാറും.

സ്വർണക്കടത്തിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് കേന്ദ്രസർക്കാരിന്റെ പ്രത്യേക ഫണ്ടിൽനിന്നാണ് പ്രതിഫലം അനുവദിക്കുന്നത്. സ്വർണം പിടികൂടി കഴിഞ്ഞാൽ പകുതി തുക അഡ്വാൻസായി നൽകും. രഹസ്യവിവരം നൽകിയ ആൾ ആവശ്യപ്പെടുന്ന സ്ഥലത്ത് കറന്‍സിയായി തുക കൈമാറും. ആളെക്കുറിച്ചുള്ള വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കും. പ്രതിഫലമായി നൽകുന്ന തുകയ്ക്കു നികുതി ബാധകമല്ല.

ഇന്നത്തെ കാലത്ത് സമൂഹത്തിലും സൈബർ ഇടങ്ങളിലും ഏറി വരുന്ന പ്രവണതയാണ് ബോഡി ഷെയ്മിങ്ങ്. ഒരാളുടെ ശാരീരികാവസ്ഥയെ കളിയാക്കുന്നതിനെ ബോഡി ഷെയ്മിങ്ങ് എന്ന് ഓമനപ്പേരിട്ട് വിളിക്കുമെങ്കിലും പലരുടെയും ജീവിതത്തിൽ വില്ലനായി മാറുന്നതും ഇത് തന്നെയാണ്.

അത്തരത്തിൽ ബോഡി ഷെയ്മിങ്ങ് നടത്തുന്നവരോടും കളിയാക്കലുകൾ നേരിടുന്നവരോടും നടി കനിഹയ്ക്ക് ചിലത് പറയാനുണ്ട്. പ്രായം ശരീരത്തിലുണ്ടാക്കുന്ന വ്യത്യാസങ്ങളിൽ സ്വയം താരതമ്യം ചെയ്ത് സങ്കടപ്പെടേണ്ടതില്ലെന്ന് പറയുകയാണ് കനിഹ.. തന്റെ തന്നെ ഒരു പഴയകാല ചിത്രം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചുകൊണ്ടാണ് കനിഹയുടെ കുറിപ്പ്. ബോഡ് ഷെയ്‍മിങ്ങിന് വരുന്നവർക്കുനേരെ നടുവിരൽ ഉയർത്തിക്കാട്ടുകയാണ് വേണ്ടതെന്നും കനിഹ പറയുന്നു.

അതേ, എന്റെ പഴയൊരു ചിത്രം തന്നെയാണ്. നിങ്ങളിൽ പലരെയുംപോലെ പഴയ സ്വന്തം ചിത്രങ്ങളിലൂടെ കടന്നുപോകുമ്പോൾ ഞാനും പറയാറുണ്ട്, എത്ര മെലിഞ്ഞതായിരുന്നു ഞാനെന്നും എൻറെ വയർ എത്ര ഒതുങ്ങിയതായിരുന്നുവെന്നും എത്ര ഭംഗിയുള്ളതായിരുന്നു എന്റെ മുടിയെന്നുമൊക്കെ. പക്ഷേ പെട്ടെന്നുതന്നെ ഞാനോർക്കും, എന്തിനാണ് ഞാൻ ഇങ്ങനെ കരുതുന്നതെന്ന്. ഇപ്പോൾ ഞാൻ എങ്ങനെയാണ് എന്നതിൽ അസുന്തഷ്ടയാണ് എന്നാണോ അതിന് അർഥം.

ഒരിക്കലുമല്ല. സത്യത്തിൽ ഞാനിപ്പോഴാണ് എപ്പോഴത്തേക്കാളുമേറെ എന്നെ സ്നേഹിക്കുന്നത്. ആ മുറിവുകൾക്ക്, പാടുകൾക്ക്, കുറവുകൾക്ക് ഒരുപാട് മനോഹരമായ കഥകൾ പറയാനുണ്ട്. എല്ലാം വളരെ മികച്ചതായാൽ അവിടെ കഥ എന്തിരിക്കുന്നു അല്ലേ?

നമ്മുടെ ശരീരത്തെ സ്വീകരിക്കുക അതിനെ സ്നേഹിക്കുക എന്നതാണ് പ്രധാനം. മറ്റുള്ളവരുമായി ഒരിക്കലും നിങ്ങളെ താരതമ്യം ചെയ്യരുത്. നമുക്കോരോരുത്തർക്കും വ്യത്യസ്തങ്ങളായ കഥകളാണ് പറയാനുള്ളത്. നിങ്ങൾ കുറവുള്ളവരാണെന്ന് കരുതരുത്. നിങ്ങളുടെ ശരീരത്തെ ദയവായി സ്നേഹിക്കാൻ തുടങ്ങൂ. ആരെങ്കിലും നിങ്ങളെ ബോഡി ഷെയ്‍മിങ് നടത്താൻ വന്നാൽ ആ നടുവിരൽ ഉയർത്തിക്കാണിച്ച് നടന്നുപോകൂ” കനിഹ കുറിക്കുന്നു.

ലണ്ടൻ : ലോകമെമ്പാടുമുള്ള മലയാളം ഇംഗ്ലീഷ് എഴുത്തുകാർക്കായി ലണ്ടൻ ഇന്റർനാഷണൽ
മലയാളം ഓഥേഴ്‌സിന് ആശംസകൾ നേർന്നുകൊണ്ട് പ്രശസ്ത സാഹിത്യകാരൻ സി.രാധകൃഷ്ണൻ അക്ഷരങ്ങളെ പ്രണയിക്കുന്നവർക്കായി ലിമക്ക് നൽകിയ വാക്കുകൾ ഇവിടെ കുറിക്കട്ടെ. “വിദ്യാരംഭ ദിവസം ആണ് ഞാൻ ഇത് കുറിക്കുന്നത്. എല്ലാം കൊണ്ടും ഒരു നല്ല ദിവസം. അക്ഷരത്തെ പൂജിക്കുന്ന ഒരു സംസ്കാരം മലയാളിക്കേ ഉളളൂ എന്നു തോന്നുന്നു. ഭാഷ തന്നെയാണോ സംസ്കാരം എന്ന് നാം തിരിച്ചറിയുന്നു. ലിമ ഈ തിരിച്ചറിവിനും അതിനെ അനുധാവനം ചെയ്യാനും നമ്മെ സഹായിക്കട്ടെ.
അത് അകലങ്ങൾ ഇല്ലാതാകട്ടെ. സൃഷ്ടിപരത വിജയിക്കട്ടെ”.

സ്വദേശ വിദേശത്തുള്ള മലയാളം -ഇംഗ്ലീഷ് എഴുത്തുകാർക്കും കലാസാംസ്കാരിക രംഗത്തുള്ളവർക്കുമായി ലിമ അറിവുകളുടെ ഇന്റർനെറ്റ് ഫേസ് ബുക്ക് ഇതര കൂട്ടായ്‌മകൾ ഒരുക്കുന്നു. നമ്മുടെ അക്ഷരസംസ്കാരത്തെ സോഷ്യൽ മീഡിയകളിൽ ചിലരൊക്കെ സങ്കീർണ്ണവും അരാജകവുമാക്കി മാറ്റുമ്പോൾ ദീർഘമായ നമ്മുടെ സാംസ്കാരിക പൈത്രകത്തെ ഊട്ടി വളർത്തേണ്ട ഉത്തരവാദിത്വ൦
മാതൃഭാഷയെ സ്‌നേഹിക്കുന്ന ലോകമെങ്ങുമുള്ള മലയാളികളുടെ, കലാ-സാഹിത്യ-സാംസ്‌കാരിക-മാധ്യമ രംഗത്തുള്ളവരുടെ കടമയാണ്. മലയാളം ഇംഗ്ലീഷ് എഴുതുന്ന വിദ്യാർത്ഥികൾക്കും എഴുത്തുകാർക്കും
ഭാഷയുടെ തെളിവും മിഴിവും കുറവും ഇതിലെഴുതാം. ചിത്രങ്ങൾ വരക്കാം, കവിതകളും ഗാനങ്ങളും മാത്രമല്ല ആശയസംവേദനത്തിനും അവസരമുണ്ട്. ലിമയിലൂടെ നിങ്ങളുടെ കാവ്യസൗന്ദര്യത്തെ
വെളിപ്പുടുത്തുക. കലാസാഹിത്യ സാംസ്കാരിക രംഗത്തുള്ള പ്രമുഖരാണ് ലിമക്ക് നേതൃത്വ൦ കൊടുക്കുന്നത്.

ചെയർമാൻ – ഡോ.ജോർജ് ഓണക്കൂർ (നോവലിസ്റ്റ്,കഥാകാരൻ,സാഹിത്യവിമർശകൻ, തിരക്കഥാകൃത്ത്, സഞ്ചാരസാഹിത്യകാരൻ.ധാരാളം പദവികൾ, ബഹുമതികൾ ലഭിച്ചിട്ടുണ്ട്)
ബ്രിട്ടൻ – കാരൂർ സോമൻ, പ്രസിഡന്റ് (നാടകം, നോവൽ, ബാലനോവൽ, ഇംഗ്ലീഷ് നോവൽ, കഥ, കവിത, ലേഖനം, ചരിത്രം, ചരിത്ര കഥകൾ, ജീവചരിത്രം, യാത്രാവിവരണം, ശാസ്ത്ര -കായിക മേഖലകളിൽ അൻപതോളം കൃതികൾ)
സിസിലി ജോർജ്, സെക്രട്ടറി(ചെറുകഥാകൃത്ത് – നോവൽ കഥാപുസ്തകങ്ങൾ പ്രസിദ്ധികരിച്ചു,
ചിത്രകാരി, സാംസ്‌കാരിക പ്രവർത്തനം).
അഡ്വ. റോയി പഞ്ഞിക്കാരൻ, പി.ആർ.ഒ. (കവി, ഗാനരചയിതാവ്, സോഷ്യൽ വർക്കർ, ചാരിറ്റി
പ്രവർത്തന൦).
ജിൻസൻ ഇരിട്ടി, ജനറൽ കോർഡിനേറ്റർ. (കഥാകൃത്ത് , നോവലിസ്റ്റ് , തിരക്കഥാകൃത്ത് , ഹൃസ്വ ചിത്ര സംവിധയകാൻ, ഛായാഗ്രാഹകൻ, സോഷ്യൽ ആറ്റിവിസ്റ്റ്)
ഇന്ത്യ – പ്രതീക്ഷ സുസ്സൻ ജേക്കബ്, എഡിറ്റർ (ഇംഗ്ലീഷ് കവിതാ സമാഹാരങ്ങൾ പ്രസിദ്ധികരിച്ചു)
ഡോ. മുഞ്ഞിനാട് പത്മകുമാർ. കോർഡിനേറ്റർ (കവിത, യാത്ര, ചരിത്രം, വിമർശനം, വിവർത്തനം
തുടങ്ങിയ മേഖലകളിൽ അൻപതോളം കൃതികൾ)
ഡോ. ജി.ഗംഗ പ്രസാദ്, കോർഡിനേറ്റർ. (ആരോഗ്യമേഖലകളിൽ എഴുതുന്നു).
പുഷ്പാമ ചാണ്ടി, കോർഡിനേറ്റർ (സൈക്കോളജിസ്റ്റ്- കഥ -കവിതകൾ എഴുതുന്നു. അക്ഷരശ്രീ മാസികയുടെ മാനേജിങ് എഡിറ്റർ).
ഗൾഫ് – ഹിജാസ് മുഹമ്മദ്, കോർഡിനേറ്റർ – (നോവൽ – കഥാ സമാഹാരങ്ങൾ പ്രസിദ്ധികരിച്ചു).
അമേരിക്ക -ജോൺ മാത്യു. കോർഡിനേറ്റർസ് (നോവൽ, കഥാ സമാഹാരങ്ങൾ പ്രസിദ്ധികരിച്ചു. കേരള റൈറ്റേഴ്‌സ് ഫോറം, എഴുത്തുകാരുടെ സംഘടനയായ ലാനയുടെ മുൻ പ്രസിഡന്റ്),
മാത്യു നെല്ലിക്കുന്ന്, (നോവൽ, കഥ, ലേഖനം 21 പുസ്തകങ്ങൾ പ്രസിദ്ധികരിച്ചു. കേരള റൈറ്റേഴ്‌സ് ഫോറം സ്ഥാപക പ്രസിഡന്റ്,
കാനഡ – ജോൺ ഇളമത (നാടകം, നോവൽ, ചരിത്ര നോവൽ, ഇംഗ്ലീഷ് നോവൽ, കഥ, ലേഖന രംഗത്ത് പതിനാറ് കൃതികൾ, ലാനയുടെ മുൻ പ്രസിഡന്റ്, സെക്രട്ടറി).
ജർമ്മനി- ജോസ് പുതുശേരി. (നമ്മുടെ ലോകം മാഗസിൻ മാനേജിങ് എഡിറ്റർ, ലോക കേരളം സഭ മെമ്പർ, കൊളോൺ കേരളം സമാജം പ്രസിഡന്റ്,

ചെയർമാൻ -സെൻട്രൽ കമ്മിറ്റി കേരള അസ്സോസിയേഷൻസ് ജർമ്മനി).
ജോസ് കുമ്പളിവേലിൽ (സ്വതന്ത്ര പത്രപ്രവർത്തകൻ, കവി, ഗാനരചയിതാവ് ,യൂറോപ്പിലെ ആദ്യത്തെ മലയാളത്തിൽ തുടങ്ങിയ ഓൺലൈൻ ന്യൂസ് പോർട്ടൽ (പ്രവാസി ഓൺലൈൻ.കോം., പ്രവാസി ഓൺലൈൻ ന്യൂസ് ചാനൽ എന്നിവയുടെ ചീഫ് എഡിറ്റർ, അവതാരകൻ, വിവിധ സംഘടനകളിൽ മുഖ്യ
ഭാരവാഹി, സ്റ്റേജ് ഷോ കോഓർഡിനേറ്റർ, കേരളത്തിലെ മുഖ്യധാരാ മാധ്യമ ചാനൽ റിപ്പോർട്ടർ).
സ്വിസ്സ് സർലൻഡ് -ബേബി കാക്കശ്ശേരി (കവി, മൂന്ന് കവിതാ സമാഹാരങ്ങൾ പുറത്തിറങ്ങി. അതിൽ “ഹംസ ഗാനം” ലണ്ടൻ മലയാളി കൗൺസിൽ സാഹിത്യ പുരസ്‌കാരം നേടി).
ഓസ്ട്രേലിയ – ഡോൺ ബോസ്കോ ഫ്രഡി (എഴുത്തുകാരൻ, സോഷ്യൽ വർക്കർ, ഓസ്‌ട്രേലിയൻ മലയാളി സൊസൈറ്റി പി.ആർ.ഒ).

ഏബ്രഹാം കുര്യൻ

കേരള ഗവൺമെന്റിന്റെ മലയാളം മിഷൻ യുകെ ചാപ്റ്റർ ഫേസ്ബുക്ക് ലോഞ്ചിങ്ങും കേരള പിറവിയോടനുബന്ധിച്ച് മലയാളം മിഷൻ യുകെ ചാപ്റ്റർ സംഘടിപ്പിക്കുന്ന നൂറു ദിന വെർച്വൽ ആഘോഷ പരിപാടിയായ മലയാളം ഡ്രൈവ് ഉദ്ഘാടനവും മലയാളം മിഷൻ ഡയറക്ടർ പ്രൊഫ. സുജ സൂസൻ ജോർജ് നവംബർ 1 വൈകുന്നേരം 5 മണിക്ക് വെർച്വൽ പ്ലാറ്റ്ഫോമിലൂടെ നിർവഹിക്കും. അപ്രതീക്ഷിതമായി കടന്നുവന്ന കോവിഡ് 19 എന്ന മഹാമാരി വിതച്ച വിഷമതകളെ അതിജീവിച്ച് മനുഷ്യരാശി മുന്നേറുന്ന ഈ അവസരത്തിൽ, മലയാളനാടിന് 64 വയസ്സ് തികയുന്ന നവംബർ ഒന്നിന് മലയാള ഭാഷയുടെ ഉന്നമനത്തിനായി മലയാളം മിഷൻ യുകെ ചാപ്റ്റർ സംഘടിപ്പിക്കുന്ന ഈ ചടങ്ങിൽ, ഇന്ത്യയിലും പുറത്തുമായി നിരവധി ചിത്രകലാ പ്രദർശനങ്ങൾ നടത്തിയിട്ടുള്ള ഇന്ത്യൻ ചിത്രകലയിലെ മലയാളി സാന്നിധ്യവും കേരള ലളിത ലളിതകലാ അക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളുടെ ജേതാവും കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ ഫൗണ്ടർ പ്രസിഡന്റും കൊച്ചി മുസിരിസ് ബിനാലെ എക്സിബിഷന്റെ ഡയറക്ടറുമായി പ്രവർത്തിക്കുന്ന ലോകപ്രശസ്ത ചിത്രകാരൻ ബോസ് കൃഷ്ണമാചാരി ആശംസകൾ നേർന്ന് സംസാരിക്കും. മലയാളം മിഷൻ യു കെ ചാപ്റ്റർ പ്രസിഡൻറ് മുരളി വെട്ടത്ത് അധ്യക്ഷതവഹിക്കും. സെക്രട്ടറി എബ്രഹാം കുര്യൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി സി എ ജോസഫ് കൃതജ്ഞതയും രേഖപ്പെടുത്തും.

മലയാളം മിഷൻ യുകെ ചാപ്റ്റർ ആരംഭിക്കുന്ന വെർച്വൽ ആഘോഷമായ മലയാളം ഡ്രൈവിലൂടെ മലയാള ഭാഷയുടെ വളർച്ചക്കും പ്രത്യേകിച്ച് മലയാള നാടിന്റെ സംസ്കാരവും പൈതൃകവും പുതു തലമുറകളിലേക്ക് എത്തിക്കുന്നതിന്നും വേണ്ടി, വരും നാളുകളിൽ പ്രമുഖ പ്രതിഭകളുടെ കലാ-സാഹിത്യ-സാംസ്കാരിക പരിപാടികൾ ഉൾപ്പെടെയുള്ള ശത ദിന കർമ്മ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുവാനും മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രവർത്തക സമിതി തീരുമാനിച്ചിട്ടുണ്ട്.

യുകെയിൽ പല സ്ഥലങ്ങളിലായി നടന്നുകൊണ്ടിരിക്കുന്ന മലയാളം സ്കൂളുകളെ ഒരു കുടക്കീഴിൽ കൊണ്ടു വന്ന് മലയാള പഠനത്തിന് ആവശ്യമായ റിസോഴ്സുകൾ ഷെയർ ചെയ്യുക എന്ന മഹത്തായ ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ടാണ് മലയാളം മിഷൻ യുകെ ചാപ്റ്റർ ഫേസ്ബുക്ക് പേജ് ആരംഭിക്കുന്നത്. പ്രവർത്തക സമിതി അംഗം ആഷിക് മുഹമ്മദ് നാസറിന്റെ നേതൃത്വത്തിൽ പ്രവർത്തക സമിതി അംഗങ്ങളായ ബേസിൽ ജോണും ജനേഷ് നായരും ചേർന്നാണ് ഫെയ്‌സ്ബൂക്ക് പേജിനും ഫേസ് ബുക്കിലൂടെ മലയാളം ഡ്രൈവിനും രൂപകൽപ്പന നൽകുന്നത്. ഈ ഫേസ്ബുക്ക് പേജ് സബ്സ്ക്രൈബ് ചെയ്യുകയും, നമ്മുടെ ഭാഷയെയും സംസ്കാരത്തെയും പരിപോഷിപ്പിക്കുന്നതിനുവേണ്ടി മലയാളം മിഷൻ യുകെ ചാപ്റ്റർ നടത്തുന്ന എല്ലാ ഉദ്യമങ്ങളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് എല്ലാ മലയാളികളോടും അഭ്യർത്ഥിക്കുന്നു.

യുകെയിലെ വിവിധ റീജിയനുകളിൽ സുഗമമായി നടക്കുന്ന മലയാളം സ്‌കൂളുകളിൽ പഠിപ്പിക്കുന്ന അധ്യാപകർക്കു വേണ്ടി മലയാളം മിഷൻ ഡയറക്ടർ പ്രൊഫ സുജ സൂസൻ ജോർജിൻ്റെ നേതൃത്വത്തിൽ രജിസ്ട്രാർ എം സേതുമാധവൻ, ഭാഷ അധ്യാപകൻ ഡോ എം ടി ശശി എന്നിവരെ പങ്കെടുപ്പിച്ച് നടത്തിയ ഓൺലൈൻ പരിശീലന ക്ലാസുകളിൽ നൂറോളം അദ്ധ്യാപകർക്ക് ആദ്യ ഘട്ട പരിശീലനം നൽകി കഴിഞ്ഞു. കൂടുതൽ പരിശീലനങ്ങൾക്കായി വിവിധ മേഖലകൾ തയ്യാറാകുന്നതോടൊപ്പം, മലയാളം മിഷൻ യുകെ ചാപ്റ്റർ യുകെയിലെ പല സ്കൂളുകളിലും ഏപ്രിൽ മാസത്തിൽ മലയാളം മിഷൻ്റെ ആദ്യ മൂല്യനിർണ്ണയ ഉത്സവമായ കണിക്കൊന്ന പഠനോത്സവം സംഘടിപ്പിക്കാനുള്ള തയാറെടുപ്പിലുമാണ്. കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ നീലക്കുറിഞ്ഞി എന്നീ നാലു കോഴ്സുകളാണ് മലയാളം മിഷൻ നടത്തുന്നത്.

കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിൽ “എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം ” എന്ന മുദ്രാവാക്യത്തിലൂന്നി പ്രവാസികളുടെ പുതുതലമുറയെ നമ്മുടെ ഭാഷയും സംസ്കാരവും ആയി അടുപ്പിക്കുക എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന മലയാളം മിഷൻ യു കെ ചാപ്റ്ററിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും യുകെയിലെ മലയാളി സമൂഹത്തിന്റെ സഹകരണം ഉണ്ടാവണമെന്നും മലയാളം മിഷൻ യു കെ ചാപ്റ്റർ അഭ്യർത്ഥിക്കുന്നു.

മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടിയുടെ ജന്മദിനമായ ഒക്ടോബർ മുപ്പത്തിയൊന്നാം തീയതി ശനിയാഴ്ച്ച രാവിലെ ന്യൂ യോർക്ക് ടൈം 10 മണിക്കും (ഇന്ത്യൻ സമയം 7.30pm) ലോകമലയാളി സമൂഹം അദ്ദേഹത്തെ ആദരിക്കുന്നു. ഇതിന്റെ തത്സമയ സംപ്രേക്ഷണം അമേരിക്കയിൽ നിന്നും പ്രവാസി ചാനലിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് വേണ്ടി നടത്തുന്നതാണെന്ന് പ്രവാസി ചാനൽ ചെയർമാൻ വർക്കി എബ്രഹാം ഒരു പത്രക്കുറിപ്പിൽ അറിയിച്ചു.

പ്രവാസി ചാനലിന്റെ അമേരിക്കയിലുള്ള സ്റ്റുഡിയോ/ഓഫീസ് ഹെഡ്ക്വാർട്ടേഴ്സിൽ നിന്നാണ് ഇതിന്റെ സംപ്രേക്ഷണം സജ്ജീകരിച്ചിരിക്കുന്നത് എന്ന് മാനേജിംഗ് ഡയറക്ടർ സുനിൽ ട്രൈസ്റ്റാർ പറഞ്ഞു.

ശ്രീ ഉമ്മൻ ചാണ്ടിക്ക് എല്ലാ വിധ ജന്മദിനാശംസകളും പ്രവാസി ചാനലിന്റെ പേരിൽ അറിയിക്കുന്നതായും അദ്ദേഹത്തിന്റെ ജനസമ്പർക്ക പരിപാടികൾ കൂടുതലായി കേരളത്തിലെ ജനങ്ങൾക്ക് സഹായം ആകട്ടെ എന്നും പ്രവാസി ചാനലിന്റെ പാർട്നെർസ് ജോൺ ബേബി ഊരാളിൽ, ജോൺ ടൈറ്റസ്, ജോയ് നെടിയ കാലായിൽ കൂടാതെ ഇന്ത്യയുടെ ചുമതലയുള്ള ബിജു ആബേൽ ജേക്കബ് എന്നിവരും പറഞ്ഞു.

പ്രവാസി ചാനലിന്റെ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്കായി ചാനലിൽ തത്സമയ സംപ്രേഷണം കൂടാതെ, ഫേസ്ബുക്ക് ലൈവും, ഓണ്‍ലൈന്‍ സ്ട്രീമിംഗ് സംവിധാനവും ഒരുങ്ങിക്കഴിഞ്ഞു. ഓണ്‍ലൈന്‍ ആയി പ്രവാസി ചാനല്‍ ഡോട്ട് കോമിലും (www.pravasichannel.com) ഇമലയാളി വെബ്‌സൈറ്റില്‍ക്കൂടിയും (www.emalayalee.com), വേള്‍ഡ് ബിബി ടിവി (FREE APP) സംവിധാനങ്ങളില്‍കൂടിയും പ്രവാസി ചാനല്‍ കാണാവുന്നതാണ്.

RECENT POSTS
Copyright © . All rights reserved