തിരുവനന്തപുരം∙ കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ നയതന്ത്ര സ്വർണക്കടത്തു കേസിൽ, സ്വർണം പിടികൂടാൻ സഹായകരമായ വിവരങ്ങൾ നൽകിയ വ്യക്തിക്ക് കസ്റ്റംസ് പ്രതിഫലം കൈമാറിയതായി സൂചന. 13.5 കോടിരൂപ വിലവരുന്ന 30 കിലോ സ്വർണമാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് പിടികൂടിയത്. വിവരം കൈമാറിയ വ്യക്തിക്ക് പ്രതിഫലമായി 45 ലക്ഷംരൂപ ലഭിക്കും. അഡ്വാൻസായി ലഭിക്കുന്നത് 22.50 ലക്ഷം രൂപ.

വിവരം കൈമാറിയത് ആരാണെന്നോ എവിടെയുള്ള ആളാണെന്നോ തുടങ്ങിയ വിവരങ്ങൾ കസ്റ്റംസ് കമ്മിഷണർക്ക് മാത്രമറിയുന്ന രഹസ്യമാണ്. കമ്മിഷണർക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണു കാർഗോ വിഭാഗം അസി. കമ്മിഷണർ രാമമൂർത്തിയുടെ നേതൃത്വത്തിൽ ജൂലൈ 5നു സ്വർണം പിടികൂടിയത്. പ്രതിഫലം കൈമാറിയതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കാൻ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത് കുമാർ തയാറായില്ല.

ജൂലൈ ആദ്യമാണ് രാജ്യാന്തര വിമാനത്താവളത്തിൽ നയതന്ത്ര ബാഗേജ് എത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ശുചിമുറി ഉപകരണങ്ങൾ അടങ്ങിയ പെട്ടിയിൽ ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തുകയായിരുന്നു. സ്വർണക്കടത്തിനെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നവർക്ക് ഒരു ഗ്രാമിന് 150 രൂപയാണ് പ്രതിഫലമായി നൽകുന്നത്. ആദ്യഘട്ടത്തിൽ അഡ്വാൻസായി പകുതി നല്‍കുമ്പോൾ ഗ്രാമിന് 75രൂപ. 1000ഗ്രാമാണ് 1 കിലോ സ്വർണം. അങ്ങനെവരുമ്പോൾ 1 കിലോ സ്വർണത്തിനു അഡ്വാൻസ് പ്രതിഫലമായി 75,000 രൂപ ലഭിക്കും. 30 കിലോ സ്വർണത്തിനു 22.50 ലക്ഷം രൂപ ആദ്യഘട്ടത്തിൽ നൽകും. കേസ് പൂർത്തിയായശേഷം ബാക്കി തുക കൈമാറും.

സ്വർണക്കടത്തിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് കേന്ദ്രസർക്കാരിന്റെ പ്രത്യേക ഫണ്ടിൽനിന്നാണ് പ്രതിഫലം അനുവദിക്കുന്നത്. സ്വർണം പിടികൂടി കഴിഞ്ഞാൽ പകുതി തുക അഡ്വാൻസായി നൽകും. രഹസ്യവിവരം നൽകിയ ആൾ ആവശ്യപ്പെടുന്ന സ്ഥലത്ത് കറന്‍സിയായി തുക കൈമാറും. ആളെക്കുറിച്ചുള്ള വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കും. പ്രതിഫലമായി നൽകുന്ന തുകയ്ക്കു നികുതി ബാധകമല്ല.