Latest News

കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പദവി രാജിവയ്ക്കില്ലെന്ന് ജോസ്.കെ.മാണി എം.പി. യുഡിഎഫിന്റെ തിരുത്തല്‍ സാങ്കേതികം മാത്രമാണ് രാഷ്ട്രീയമല്ല. എന്ത് തെറ്റാണ് ചെയ്തതെന്ന് യുഡിഎഫ് ഇതുവരെ പറഞ്ഞിട്ടില്ല. ഇനി യുഡിഎഫുമായി ചര്‍ച്ചയില്ലെന്നും ജോസ്.കെ. മാണി പറ‍‍ഞ്ഞു.

അതിനിടെ ജോസ് കെ മാണി വിഭാഗത്തെ യു.ഡി.എഫില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല. യു.ഡി.എഫ് യോഗത്തില്‍ പങ്കെടുപ്പിക്കില്ലെന്നാണ് കണ്‍വീനര്‍ പറഞ്ഞത്. യു.ഡി.എഫ് തീരുമാനം അംഗീകരിച്ചാല്‍ ആ നിമിഷം മുതല്‍ യോഗത്തില്‍ ഉണ്ടാകുമെന്നും ചെന്നിത്തല യുഡിഎഫ് യോഗത്തിനു ശേഷം പറഞ്ഞു.

അതേസമയം ജോസ് കെ മാണിയെ യുഡിഎഫിൽ നിന്നും പുറത്താക്കിയിട്ടില്ലെന്നും മാറ്റി നിര്‍ത്തിയതാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി. തെറ്റുതിരുത്തി യുഡിഎഫിലേക്ക് മടങ്ങാം, ജോസ് കെ മാണി പുനരാലോചിക്കണം. യു‍ഡിഎഫാണ് മികച്ച മുന്നണിയെന്ന് ജോസ് കെ മാണി മനസിലാക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ജോസ് കെ.മാണിയുമായി അങ്ങോട്ടുപോയി ചര്‍ച്ച വേണ്ടെന്ന് യു.ഡി.എഫില്‍ തീരുമാനം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വച്ചാലേ ചര്‍ച്ച ഉണ്ടാകു. ജില്ലാ പഞ്ചായത്തില്‍ അവിശ്വാസം കൊണ്ടുവരേണ്ടെന്നും യു.ഡി.എഫ് തീരുമാനം

ജെസിബി കയറ്റിയെത്തിയ ലോറി താൽക്കാലികമായി നിർമിച്ച ബെയ്‍ലി പാലത്തിൽ കയറിയതോടെ ഭാരം താങ്ങാനാവാതെ പാലം തകർന്നു. ഇന്ത്യ–ചൈന അതിർത്തിയിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെ ഉത്തരാഖണ്ഡിലാണ് സൈന്യം പണിത ബെയ്‍ലി പാലം തകർന്നു വീണത്. അമിതഭാരവുമായി എത്തിയ ലോറിയാണ് അപകടത്തിന് കാരണമായത്.

ജൂൺ 20 നാണ് അപകടം നടന്നത്. 2009 ൽ നിർമിച്ച പാലത്തിന് 18 ടൺ വരെ ഭാരം താങ്ങാനുള്ള ശേഷിയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഏകദേശം 26 ടൺ ഭാരവുമായി വന്ന ലോറി പാലം കടക്കാൻ ശ്രമിച്ചപ്പോഴാണ് തകർന്നു വീണത്. മുന്നറിയിപ്പ് വകവെയ്ക്കാതെ പാലത്തിലേക്ക് വാഹനം കയറ്റിയ ഡ്രൈവർക്കെതിരെ കേസെടുത്തു എന്നാണ് മുൻസ്യാരി സബ് ഡിവിഷണൽ മജിസ്ട്രേറ്റ് പറയുന്നത്.

മുൻകൂട്ടി നിർമിക്കപ്പെട്ട ഘടകങ്ങൾ കൂട്ടിയോജിപ്പിച്ചു എളുപ്പത്തിൽ നിർമിക്കാവുന്നതും എടുത്തുമാറ്റാവുന്ന തരത്തിലുമുള്ള താൽക്കാലിക പാലമാണ് ബെയ്‍ലി പാലം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിലുള്ള പാലം ഉപയോഗിക്കുന്നുണ്ട്. കേരളത്തിൽ ശബരിമലയിലും പത്തനംതിട്ട റാന്നിയിലും ഇത്തരത്തിലുള്ള പാലം നിർമിച്ചിട്ടുണ്ട്.

 

മുഖ്യമന്ത്രി പിണറായി വിജയന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിപാലിക്കാൻ ഖജനാവിൽ നിന്നും വൻ തുക ചെലവിട്ടതായി റിപ്പോർട്ട്. 2019 ഡിസംബറിനും മാർച്ചിനുമിടയിലുള്ള നാല് മാസക്കാലം മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളും വെബ്‌സൈറ്റും പരിപാലിക്കാൻ സംസ്ഥാനം 36 ലക്ഷം രൂപ ചെലവഴിച്ചതായി പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയുന്നു

ജൂൺ 23 ലെ സർക്കാർ ഉത്തരവ് പ്രകാരം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റും സോഷ്യൽ മീഡിയ അക്കൗണ്ടുകളും പരിപാലിക്കുന്നതിനായി 36,07,207 രൂപ സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജിക്ക് (സി-ഡിറ്റ്) സംസ്ഥാന സർക്കാർ അനുവദിച്ചു.

“മുഖ്യമന്ത്രിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളും വെബ്‌സൈറ്റും കൈകാര്യം ചെയ്യുന്ന പ്രൊഫഷണലുകളുടെ പ്രതിഫലത്തിനായി ഉയർന്ന തുക ചെലവഴിക്കുന്നു. നിലവിൽ 12 പേർ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നു. അവരുടെ അധ്വാനത്തിനുള്ള പ്രതിഫലം 25 ലക്ഷം രൂപയിലധികമാണ്,” എന്ന് സി-ഡിറ്റ് ഉദ്യോഗസ്ഥർ പറഞ്ഞതായാണ് റിപ്പോർട്ട്.

തത്സമയ സ്ട്രീമിംഗിനായി 1.83 ലക്ഷം രൂപയും സെർവർ അഡ്മിനിസ്ട്രേഷനും നെറ്റ്‌വർക്ക് സുരക്ഷയ്ക്കും 36,667 രൂപയും ഡാറ്റാ ശേഖരണത്തിനും വികസനത്തിനുമായി 1.1 ലക്ഷം രൂപയും കാർ വാടകയ്‌ക്കെടുക്കൽ ചാർജായി 73,333 രൂപയും ചെലവഴിച്ചതായി ചെലവ് കണക്കുകൾ വ്യക്തമാക്കുന്നു.

നയന്‍താരയുമായുള്ള സൗഹൃദത്തിന്റെ കഥ പറഞ്ഞ് നടി ചാര്‍മിള. മോഹന്‍ലാലിനൊപ്പം അഭിനയിച്ച സിനിമ തിയേറ്ററില്‍ പരാജയപ്പെട്ടപ്പോള്‍ നയന്‍താര തന്നെ വിളിച്ച് ഇനി മലയാളത്തില്‍ പടം കിട്ടില്ല, പരിചയമുള്ള ഏതെങ്കിലും തമിഴ് സിനിമാ നിര്‍മ്മാതാക്കളോട് തന്റെ കാര്യം പറയണേ എന്ന് പറഞ്ഞതിനെ കുറിച്ചാണ് ചാര്‍മിള പറയുന്നത്. മാധ്യമപ്രവർത്തകനായ ഷിജീഷ് യു.കെ ആണ് ചാർമിള പങ്കുവച്ച പഴയകാല ഓർമ ഷെയർ ചെയ്തിരിക്കുന്നത്.

ചാര്‍മിളയുടെ വാക്കുകള്‍:

അഭിനയം തുടങ്ങിയ കാലത്ത് നയന്‍താര എന്നെ വിളിക്കാറുണ്ടായിരുന്നു. ‘ധന’വും ‘കാബൂളിവാല’യുമൊക്കെ വലിയ ഇഷ്ടമാണെന്ന് അവള്‍ എപ്പോഴും പറയും. 2004ല്‍ ആണെന്നു തോന്നുന്നു. ഒരു ദിവസം നയന്‍താരയുടെ ഫോണ്‍ വന്നു. ചേച്ചീ ഞാനഭിനയിച്ച മോഹന്‍ലാല്‍ പടം പൊട്ടി. ഇനി ഇവിടെ പടം കിട്ടുമെന്ന് തോന്നുന്നില്ല. ചേച്ചിക്ക് പരിചയമുള്ള ഏതെങ്കിലും തമിഴ് സിനിമാ നിര്‍മ്മാതാക്കളോട് എന്റെ കാര്യം പറയണേ. അവളുടെ സംസാരം കേട്ടപ്പോള്‍ എനിക്കും സങ്കടമായി. തമിഴിലെ കോ പ്രൊസ്യൂസര്‍ അജിത്തിനോട് നയന്‍താരയുടെ കാര്യം പറയുന്നത് ഞാനാണ്.

അങ്ങനെയാണ് അജിത്ത് അവളെ ‘അയ്യാ’ എന്ന പടത്തിലേക്ക് കരാറാക്കുന്നത്. പക്ഷേ ഞാന്‍ പറഞ്ഞിട്ടാണ് വിളിച്ചത് എന്ന് അജിത്ത് അവളോട് പറഞ്ഞതുമില്ല. പിന്നീട് ‘ഗജിനി’യിലേക്ക് അവളെ വിളിച്ചതും അജിത്തായിരുന്നു. ഇക്കാര്യം പിന്നീടൊരിക്കലും നയന്‍താരയോട് പറയാനും എനിക്ക് കഴിഞ്ഞില്ല. അത്ര വേഗത്തിലായിരുന്നല്ലോ അവളുടെ വളര്‍ച്ച.

 

കോവിഡ് പോരാട്ടത്തിലെ ‘വലിയ പ്രതിസന്ധി’ ചൂണ്ടിക്കാട്ടി ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. കൊറോണ വൈറസിനെതിരായ യുദ്ധത്തിൽ ജനങ്ങളുടെ അമിതവണ്ണം പ്രശ്നമാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. യുകെയിലെ ജനങ്ങളിൽ പൊതുവായി കണ്ടുവരുന്ന അമിതവണ്ണം കുറയ്ക്കാനുള്ള നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.

‘അമിതവണ്ണത്തോടു സ്വതന്ത്ര നിലപാടാണു ഞാനെടുത്തിരുന്നത്. യഥാർഥത്തിൽ അമിതവണ്ണക്കാരുടെ എണ്ണമെടുത്താൽ, ഇതുമൂലമുള്ള ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് എൻഎച്ച്സിനുണ്ടാകുന്ന ജോലിസമ്മർദം നോക്കിയാൽ ഭയം തോന്നുന്നു. ഇതര യൂറോപ്യൻ രാഷ്ട്രങ്ങളുമായി താരതമ്യപ്പെടുത്തിയാൽ ഈ മനോഹര രാജ്യത്തുള്ളവർക്കു തടി കൂടുതലാണ്. അമിതവണ്ണത്തെ നിയന്ത്രിക്കാനായാൽ നമ്മൾ കൂടുതൽ സന്തോഷമുള്ളവരും ആരോഗ്യമുള്ളവരും കോവിഡ് പോലുള്ള രോഗങ്ങളോടു പ്രതിരോധ ശക്തിയുള്ളവരുമാകും’– ടൈംസ് റേഡിയോയിൽ ബോറിസ് ജോൺസൺ വ്യക്തമാക്കി.

കോവിഡ് മഹാമാരി തന്നെയും രാജ്യത്തെയും സാരമായി ബാധിച്ചതോടെയാണു പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിൽ മാറ്റമുണ്ടായത്. ഏപ്രിലിൽ കോവിഡ് ബാധിച്ച് ഐസിയുവിൽ കഴിയുമ്പോൾ തന്റെ വണ്ണം കുറഞ്ഞതായും അദ്ദേഹം പറയുന്നു. രാഷ്ട്രീയക്കാർ മാത്രം വിചാരിച്ചാൽ പരിഹരിക്കാവുന്ന പ്രശ്നമല്ലിതെന്നു പറഞ്ഞ അദ്ദേഹം, അമിതവണ്ണം കുറയ്ക്കാൻ ‘ഷുഗർ ടാക്സ്’ ഉൾപ്പെടെ കൊണ്ടുവരുമോയെന്ന ചോദ്യത്തോടു നേരിട്ടു പ്രതികരിച്ചില്ല. ഇതുവരെ 43,000ലേറെ ആളുകളാണു യുകെയിൽ കോവിഡ് ബാധിച്ചു മരിച്ചത്.

ഹാരി രാജകുമാരനും മേഗന്‍ മാര്‍ക്കലും തമ്മിലുള്ള രാജകീയ വിവാഹം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. നടിയായ മേഗനെ ഹാരി വിവാഹം കഴിക്കുന്നതിനോട് രാജകുടുംബത്തിന് താല്‍പര്യമുണ്ടായിരുന്നില്ലെന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ വിദേശ മാധ്യമങ്ങളില്‍ നിറയുന്നത്. ഹാരിയെ വിവാഹത്തില്‍ നിന്നു പിന്തിരിപ്പിക്കാന്‍ വില്യമിന്റെ ഭാര്യയും ഡച്ചസ് ഓഫ് കേംബ്രിജുമായ കേറ്റ് മിഡില്‍ടണ്‍ ശ്രമിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്.

ഇന്‍ റോയല്‍ അറ്റ് വാര്‍ എന്ന പുസ്തകത്തിലാണ് ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചിരിക്കുന്നത്. അന്വേഷണാത്മക മാധ്യമപ്രവര്‍ത്തക ഡൈലാന്‍ ഹോവാര്‍ഡും ആന്‍ഡി ഡില്ലെറ്റും ചേര്‍ന്നാണ് പുസ്തകം രചിച്ചിരിക്കുന്നത്.

തീര്‍ത്തും വ്യത്യസ്തമായ പശ്ചാത്തലത്തില്‍ നിന്നും കരിയറില്‍ നിന്നും വരുന്ന മേഗന് രാജകുടുംബവുമായി ഒത്തുപോവാന്‍ സമയമെടുക്കുമെന്നും എടുത്തുചാടി കാര്യങ്ങള്‍ തീരുമാനിക്കരുതെന്നും കേറ്റ് ഹാരിയോട്‌ പറഞ്ഞിരുന്നുവെന്നാണ് പുസ്തകത്തില്‍ പറയുന്നത്.

മേഗനെ തന്നെയാണോ വിവാഹം കഴിക്കേണ്ടതെന്ന് വില്യമും ഹാരിയോട് ചോദിച്ചിരുന്നുവെന്നും പുസ്തകത്തില്‍ പറയുന്നു. എന്നാല്‍ മേഗന്റെ ആത്മവിശ്വാസത്തിലും ലക്ഷ്യബോധത്തിലും പ്രതിബദ്ധതയിലും പൂര്‍ണവിശ്വാസം അര്‍പ്പിച്ചിരുന്ന ഹാരി തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ഒരുവേള തനിക്ക് നഷ്ടപ്പെട്ട അമ്മയുടെ സ്ഥാനം പോലും ഹാരി മേഗനില്‍ കാണുകയായിരുന്നുവെന്നും പുസ്തകം പ്രതിപാദിക്കുന്നു.

മേഗനുമായുള്ള വിവാഹത്തോടെയാണ് രാജകുടുംബത്തില്‍ അകല്‍ച്ച വരാന്‍ തുടങ്ങിയതെന്നും ഹൊവാര്‍ഡും ടില്ലെറ്റും പറയുന്നു. ഭാര്യക്കും ഒരുവയസ്സുകാരനായ മകന്‍ ആര്‍ച്ചിക്കുമൊപ്പം ഹാരി ലോസ്ആഞ്ജിലിസിലേക്കു പോയതോടെ രാജകുടുംബവുമായി വീണ്ടും അകന്നുവെന്നും പറയുന്നു. വിവാഹത്തോട് അനുബന്ധിച്ച് ഹാരി പണം ധൂര്‍ത്തടിച്ചുവെന്നും ഇതും വില്യമിനും ഹാരിക്കുമിടയില്‍ വിള്ളല്‍ വരുത്തിയെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്.

കൊല്ലം എസ്.എൻ കോളേജിലെ സുവർണജൂബിലി ഫണ്ട്‌ ക്രമക്കേടിൽ വെള്ളാപ്പള്ളി നടേശനെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്തു. രണ്ടരമണിക്കൂര്‍ നേരമാണ് ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ആരാ‍ഞ്ഞത്. റിപ്പോര്‍ട്ട് എ.ഡി.ജി.പിക്ക് നല്‍കുമെന്ന് അന്വേഷണസംഘം അറിയിച്ചു. പതിനാറുവര്‍ഷമായി അന്വേഷണം നീളുന്ന കേസില്‍ വെള്ളാപ്പള്ളി നടേശനെ പ്രതിചേര്‍ക്കുമെന്നാണ് ക്രൈംബ്രാഞ്ച് നല്‍കുന്ന സൂചന.

വൈകീട്ട് അഞ്ചുമണിക്കാണ് വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വീട്ടില്‍ കൊല്ലത്തുനിന്നുള്ള അന്വേഷണസംഘം എത്തിയത്. ഷാജി സുഗുണന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ രാത്രി ഏഴരവരെ എസ്.എന്‍.ഡി.പിയോഗം ജനറല്‍സെക്രട്ടറിയെ ചോദ്യംചെയ്തു. 2004 രജിസ്റ്റർ ചെയ്‌ത കേസിൽ 16 വർഷം പിന്നിട്ടിട്ടും കുറ്റപത്രം നൽകാത്തതിനെ കോടതി വിമർശിച്ചിരുന്നു. കേസ് അന്വേഷണം അനന്തമായി നീട്ടിക്കൊണ്ട് പോകാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി ജൂലായ് ആറിന് മുന്‍പ് കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് അന്വഷേണം വേഗത്തിലായത്. ലോക്ക് ഡൗൺ തുടരുന്നതിനാൽ വെള്ളാപ്പള്ളിയെ ചോദ്യം ചെയ്യാന്‍ കഴിയുന്നില്ല എന്ന ക്രൈം ബ്രാഞ്ച് വിശദീകരണം കോടതി അംഗീകരിച്ചിരുന്നില്ല

1997ല്‍ കൊല്ലം SN കോളേജിന്റെ സുവർണ ജുബിലീ ആഘോഷങ്ങൾക്കായി പിരിച്ച തുകയിൽ 55 ലക്ഷം രൂപ വെള്ളാപ്പള്ളി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി എന്നാണ് കേസ്. എസ്എന്‍ഡിപി നേതാവായ പി.സുരേന്ദ്രബാബുവാണ് പരാതിക്കാരന്‍. കേസിന്റെ FIR റദ്ദാക്കണം എന്ന വെള്ളാപ്പള്ളിയുടെ ആവശ്യം നേരത്തെതന്നെ കോടതി തള്ളിയിരുന്നു.

യുഡിഎഫിൽ നിന്ന് പുറത്താക്കിയ കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് ഇരുട്ടടിയായി നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. നടപടിക്ക് പിന്നാലെ ജോസ് വിഭാഗം സംസ്ഥാന സെക്രട്ടറിയായിരുന്ന പ്രിൻസ് ലൂക്കോസ് അടക്കമുള്ളവർ ജോസഫിനൊപ്പം ചേർന്നു. ജോസ് പക്ഷത്തെ മുതിർന്ന നേതാക്കളെ ഉൾപ്പെടെ പാളയത്തിലെത്തിച്ച് കരുത്ത് കാട്ടാനൊരുങ്ങുകയാണ് പി.ജെ. ജോസഫ്.

യുഡിഎഫിൻ്റെ അപ്രതീക്ഷിത തീരുമാനത്തിൽ പകച്ചുപോയ ജോസ് വിഭാഗത്തിനേറ്റ അടുത്ത പ്രഹരമാണ് നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. ജോസ് കെ.മാണിയുടെ വലംകൈ ആയിരുന്ന പ്രിൻസ് ലൂക്കോസിൻ്റെ ചുവടുമാറ്റം ജോസ് ക്യാംപിനെ അക്ഷരാർഥത്തിൽ ഞ്ഞെട്ടിച്ചു. കേരള കോൺഗ്രസ് സ്ഥാപക നേതാക്കളിൽ ഒരാളായ ഒ.വി. ലൂക്കോസിൻ്റെ മകനായ പ്രിൻസ് ജോസ് വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറിയും കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റുമായിരുന്നു. കഴിഞ്ഞ ലോക്സഭ തിരഞെടുപ്പിൽ കോട്ടയം മണ്ഡലത്തിലെ സ്ഥാനാർഥിയായി തോമസ് ചാഴികാടനൊപ്പം പരിഗണിച്ചിരുന്നതും പ്രിൻസിനെയാണ്. ജോസ് പക്ഷത്തെ പ്രഗൽഭരായ കൂടുതൽ നേതാക്കളും പാർട്ടിയിലെത്തുമെന്ന് ജോസഫ് ആവർത്തിക്കുന്നു.

ജോസ് കെ.മാണിയെ പിന്തുണച്ചിരുന്ന പാലാ നഗരസഭയിലെ 5 കൗൺസിലർമാരും ജില്ലാ സെക്രട്ടറി ജോസ്മോൻ മുണ്ടയ്ക്കലും ജോസഫ് പക്ഷത്ത് ഇടം പിടിച്ചു.സ്വതന്ത്ര നിലപാട് സ്വീകരിച്ച് പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ജോസിൻ്റെ നീക്കങ്ങൾക്കാണ് നേതാക്കളുടെ തീരുമാനം തിരിച്ചടിയായത്. ജോസ്.കെ.മാണി ഇടതുപക്ഷത്തോടടുത്താൽ കൂടുതൽ നേതാക്കളുടെ കൊഴിഞ്ഞുപോക്കുണ്ടാകുമെന്നാണ് സൂചന. തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് കോട്ടയം ജില്ലയിലുൾപ്പെടെ ആധിപത്യം ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജോസഫിൻ്റെ കരുനീക്കം.

അമ്മയുടെ കരള്‍ പകുത്തെടുക്കാന്‍ കാത്തുനില്‍ക്കാതെ അകാലത്തില്‍ പൊലിഞ്ഞ കൃതികയ്ക്ക് പത്താംക്ലാസ്സ് പരീക്ഷയില്‍ മികച്ച വിജയം. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയിരിക്കുകയാണ് കൃതിക. വിജയാരവങ്ങള്‍ ആഘോഷിക്കാന്‍ കൃതികയില്ലാത്തത് നൊമ്പരപ്പെടുത്തുകയാണ്.

ദിവസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ആന്തരികാവയവങ്ങളില്‍ രക്തസ്രാവം ഉണ്ടായതായി കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് അടിയന്തരമായി കരള്‍മാറ്റ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്.

കൃതികയുടെ അമ്മ കരള്‍ പകുത്ത് നല്‍കാന്‍ തയ്യാറായതോടെ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ പണം കണ്ടെത്താന്‍ ബന്ധുക്കളുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ശ്രമം തുടങ്ങിയിരുന്നു. അതിനിടയിലാണ് കൃതിക മരണത്തിന് കീഴടങ്ങിയത്.

കഴിഞ്ഞയാഴ്ചയാണ് കൃതിക (15) യാത്രയായത്. ചവറ കുളങ്ങര ഭാഗം ദേവികൃപയില്‍ പരേതനായ വേലായുധന്‍ പിള്ളയുടെയും ബിന്ദുകുമാരിയുടെയും മകളാണ്. കൊറ്റംകുളങ്ങര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയായിരുന്നു.

കോവിഡ് ബാധിച്ച് മരണപ്പെട്ടവരോട് അനാദരവ്. മൃതദേഹങ്ങള്‍ ഒരു കുഴിയില്‍ കൂട്ടത്തോടെ കൊണ്ടുവന്ന് ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വലിച്ചെറിയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

കര്‍ണാടകയിലെ ബെല്ലാരിയില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ, പിപിഇ കിറ്റ് ധരിച്ചിട്ടുള്ള കുറേ പേര്‍ ബോഡി ബാഗില്‍ മൃതദേഹങ്ങളുമായി വന്ന് ഒന്നിനുപുറകെ ഒന്നായി വലിയൊരു കുഴിയിലേക്ക് മറിച്ചിടുന്നതാണ് വീഡിയോയിലുള്ളത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണുമാറ്റിയ ശേഷമാണ് വലിയ കുഴികളില്‍ മൃതദേഹങ്ങള്‍ വലിച്ചെറിയുന്നത്.

സംഭവം കര്‍ണാടകയില്‍ വലിയ വിവാദങ്ങള്‍ക്കാണ് വഴിതെളിച്ചത്. ആരോഗ്യമന്ത്രി ബി ശ്രീരാമലുവിന്റെ സ്വദേശത്താണ് സംഭവം. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറാണ് ദാരുണ സംഭവത്തിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

 

RECENT POSTS
Copyright © . All rights reserved