കൊവിഡ് 19 വൈറസിന്റെ മൂന്ന് പുതിയ ലക്ഷണങ്ങള്‍ കൂടി കണ്ടെത്തിയതായി യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി). മൂക്കടപ്പ് അല്ലെങ്കില്‍ മൂക്കൊലിപ്പ്, ഛര്‍ദി, വയറിളക്കം എന്നിവയാണു പുതുതായി ചേര്‍ത്ത ലക്ഷണങ്ങള്‍. ഇതോടെ കൊറോണ വൈറസ് രോഗത്തിന്റെ ലക്ഷണങ്ങളുടെ എണ്ണം 12 ആയി.
ലക്ഷണങ്ങളുടെ പട്ടിക പൂര്‍ണ്ണമല്ലെന്നും കൊവിഡിനെക്കുറിച്ച് കൂടുതലറിയുമ്പോള്‍ പട്ടിക പുതുക്കുമെന്നും സിഡിസി വ്യക്തമാക്കുന്നു. പനി അല്ലെങ്കില്‍ വിറയലുണ്ടാക്കുന്ന തണുപ്പ്, ചുമ, ശ്വാസതടസ്സം, ക്ഷീണം, പേശി അല്ലെങ്കില്‍ ശരീരവേദന, തലവേദന, മണം അല്ലെങ്കില്‍ രുചി നഷ്ടപ്പെടല്‍, തൊണ്ടവേദന തുടങ്ങിയവയാണു കൊവിഡ് ലക്ഷണങ്ങളായി സിഡിസിയുടെ പട്ടികയില്‍ നേരത്തെ ഉള്‍പ്പെടുത്തിയിരുന്നത്.
കൊവിഡ് ബാധിച്ച ആളുകള്‍ വ്യത്യസ്തമായ ലക്ഷണങ്ങള്‍ കാണിച്ചേക്കാം. സാര്‍സ് കോവ്2 വൈറസ് ബാധിച്ച് 2 മുതല്‍ 14 ദിവസത്തിനുശേഷം രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാമെന്നും സിഡിസി മുന്നറിയിപ്പ് നല്‍കി.
കൊവിഡ് ബാധിച്ച് ഹൈദരാബാദിലെ സർക്കാർ ആശുപത്രിയിൽ മരിച്ച യുവാവിന്റെ അവസാന വീഡിയോ സന്ദേശം പുറത്തുവിട്ട് കുടുംബം. ശരിയായ ചികിത്സ കിട്ടാതെയാണ് രോഗി മരിച്ചതെന്ന് തെളിയിക്കുന്ന സന്ദേശമാണ് കുടുംബം പുറത്തുവിട്ടിരിക്കുന്നത്. വീഡിയോ പുറത്തെത്തിയതിന് പിന്നാലെ യുവാവിന് മതിയായ ചികിത്സ ലഭിക്കാത്തതിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. മരണം മുന്നിൽ കണ്ട യുവാവിന്റെ ദുരവസ്ഥ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
‘എനിക്ക് ശ്വസിക്കാനാകുന്നില്ല ഡാഡീ… മൂന്ന് മണിക്കൂറായി അവരെനിക്ക് ഓക്‌സിജൻ തരുന്നത് നിർത്തിയിട്ട്, ഞാൻ കുറേ പറഞ്ഞു നോക്കി, എന്റെ ഹൃദയം നിലച്ച പോലെ… ഞാൻ പോവുകയാണ്, എല്ലാവർക്കും ബൈ…’- ഹൈദരാബാദിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവിന്റെ അവസാന വീഡിയോ സന്ദേശത്തിൽ പറയുന്നതിങ്ങനെ. സന്ദേശയമയച്ച് ഒരു മണിക്കൂറിന് ശേഷം യുവാവ് മരിച്ചതായി ആശുപത്രി അധികൃതർ അറിയിക്കുകയും ചെയ്തു.
കൊവിഡ്19 ബാധിച്ച ഈ മുപ്പത്തിനാലുകാരന് പത്ത് സ്വകാര്യ ആശുപത്രികളാണ് ഇതിനുമുമ്പ് ചികിത്സ നിഷേധിച്ചത്. തുടർന്നാണ് സർക്കാർ ആശുപത്രിയിൽ പ്രവേശനം ലഭിച്ചത്. പിന്നീട് ഇയാൾ മരിച്ചതിനു ശേഷമാണ് കൊവിഡ് പരിശോധന നടത്തിയതും ഫലം പോസിറ്റീവായതും.
അതേസമയം, മകന്റെ അന്ത്യകർമ്മങ്ങൾ കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷമാണ് മകൻ അയച്ച വീഡിയോ കാണാനിടയാതെന്ന് അച്ഛൻ പറഞ്ഞു. മകൻ സഹായം ആവശ്യപ്പെട്ടെങ്കിലും അത് നൽകാൻ സാധിച്ചില്ലെന്നും ഈ അവസ്ഥ മറ്റൊരാൾക്ക് ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. മകന് എന്തു കൊണ്ടാണ് ഓക്‌സിജൻ നിഷേധിച്ചതെന്ന് അധികൃതർ വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റേതെങ്കിലും രോഗിയുടെ ജീവൻ രക്ഷിക്കുന്നതിനായി തന്റെ മകന് ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായം നിഷേധിക്കപ്പെട്ടതാണോ എന്ന കാര്യം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൊവിഡാണ് യുവാവിന്റെ മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മാതാപിതാക്കൾ, ഭാര്യ, സഹോദരൻ, ഭാര്യാസഹോദരൻ എന്നിവരുമായി യുവാവ് സമ്പർക്കത്തിലേർപ്പെട്ടിരുന്ന കാര്യം യുവാവിന്റെ മരണത്തോടൊപ്പം കുടുംബാംഗങ്ങളെ കൂടുതൽ ആശങ്കയിലാക്കിയിരിക്കുകയാണ്. ഇവർക്ക് ഇതു വരെ കോവിഡ് പരിശോധന നടത്തിയിട്ടില്ല. ഒമ്പതും പന്ത്രണ്ടും വയസുള്ള പേരക്കുട്ടികൾ വീട്ടിലുണ്ടെന്നും പരിശോധന നടത്താത്തതു കാരണം ആശങ്കയിലാണെന്നും കുട്ടികളെ അവരുടെ അച്ഛൻ മരിച്ച വിവരം അറിയിച്ചിട്ടില്ലെന്നും മുത്തച്ഛൻ അറിയിച്ചു.
ബിഹാറിലെ പാട്‌നയിൽ കൊവിഡ് ബാധിച്ച് വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം നവവരൻ മരിച്ചു. ഗുരുഗ്രാമിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായിരുന്നു 30 കാരനായ വരൻ. ഇയാളുടെ മരണത്തിന് പിന്നാലെ വിവാഹത്തിൽ പങ്കെടുത്തവരിൽ നടത്തിയ പരിശോധനയിൽ 95 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, യുവാവ് കൊവിഡ് ബാധിതനായിരുന്നെന്ന് അറിയാതെയായിരുന്നു ചടങ്ങുകൾ സംഘടിപ്പിച്ചത്. കൊവിഡ് പരിശോധന നടത്താതെയായിരുന്നു യുവാവിന്റെ സംസ്‌കാര ചടങ്ങുകൾ ഉൾപ്പെടെയുള്ളവയും നടത്തിയത്. ഇയാൾക്ക് കൊവിഡ് ലക്ഷണങ്ങൾ ഉണ്ടെന്ന സംശയത്തെ തുടർന്നാണ് അടുത്ത ബന്ധുക്കളുടേയും സുഹൃത്തുകളുടേയും സാമ്പിൾ പരിശോധിച്ചത്.
ഈ പരിശോധനയിൽ 15 പേർക്ക് കൊവിഡ് പോസിറ്റീവായിരുന്നു. തുടർന്ന് സമ്പർക്കപ്പട്ടിക പൂർത്തിയാക്കിയ ശേഷം 100ഓളം പേരെ പരിശോധനയ്ക്ക് വിധേയരാക്കിയപ്പോൾ ഇതിൽ 80 ലേറെ പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ബിഹാറിൽ ഒരാളിൽ നിന്നും ഇത്രയധികം പേർക്ക് കൊവിഡ് വൈറസ് പകർന്നത് ആദ്യമായാണ്.
അതേസമയം യുവാവിന്റെ മരണം ബന്ധുക്കൾ ജില്ലാ ഭരണകൂടത്തെ അറിയിച്ചില്ലെന്നും അനുമതി ലഭിക്കുന്നതിന് മുൻപ് തന്നെ മൃതദേഹം മറവുചെയ്തതുമാണ് ഇത്രയും ഗുരുതര സാഹചര്യത്തിലേക്ക് എത്തിച്ചതെന്നുമാണ് അധികൃതർ അറിയിച്ചത്. മെയ് 12 നാണ് യുവാവ് ബീഹാറിലെ ദീപാലി ഗ്രാമത്തിൽ എത്തിയത്. ദിവസങ്ങൾക്കകം തന്നെ ഇദ്ദേഹത്തിന് കൊവിഡ് സമാനമായ ലക്ഷണങ്ങൾ ഉണ്ടായിരുന്നെങ്കിലും വീട്ടുകാർ വിവാഹ പരിപാടികളുമായി മുന്നോട്ടു പോകുകയായിരുന്നുവെന്നുമാണ് റിപ്പോർട്ട്.
വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം ഇദ്ദേഹത്തിന്റെ നില ഗുരുതരമായി പാട്‌നയിലെ എയിംസ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചാണ് വിവാഹം നടത്തിയതെന്നും 50 പേർ മാത്രം പങ്കെടുക്കേണ്ട ചടങ്ങിൽ എങ്ങനെ നൂറിലധികം ആളുകൾ പങ്കെടുത്തുവെന്നും ജില്ലാ ഭരണകൂടം ചോദിച്ചു.
ജോജി തോമസ്
കേരള രാഷ്ട്രീയം വീണ്ടും ചർച്ചയാവുകയാണ് . കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഫ് കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയിരിക്കുന്നു. രാഷ്ട്രീയ നാടകങ്ങൾക്കവസാനം യുഡിഎഫിലേക്ക് തന്നെയോ അതുമല്ലെങ്കിൽ നേരത്തെ കെ.എം.മാണി ഉന്നം വച്ചിരുന്ന എൽഡിഎഫ് എന്നീ സാധ്യതകൾക്കും അപ്പുറം ബിജെപി മുന്നണിയിലേക്ക് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം ചേക്കേറുവാൻ അണിയറയിൽ ചരടുവലികൾ നടക്കുന്നതായാണ് രാഷ്ട്രീയ നിരീക്ഷകർ സൂചിപ്പിക്കുന്നത്. കേരള കോൺഗ്രസ് രാഷ്ട്രീയത്തെ നിയന്ത്രിച്ചിരുന്ന സഭ നേതൃത്വങ്ങളുടെ നിലപാടും ഈ അവസരത്തിൽ നിർണായകമാണ്.
ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയുടെ ഭാഗമായാൽ രാജ്യസഭാംഗമായ ജോസ് കെ മാണിക്ക് കേന്ദ്ര മന്ത്രി പദവി എന്ന മോഹന വാഗ്ദാനം ആണ് മുന്നിലുള്ളത്. ബിജെപിയെ സംബന്ധിച്ചെടുത്തോളം അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും ഇപ്പോൾ ഉള്ളതിനേക്കാൾ നില മെച്ചപ്പെടുത്തുകയും ആവാം. ഇതിനിടയിൽ ജോസ് പക്ഷവും യുഡിഎഫ് നേതൃത്വവുമായുള്ള അകൽച്ച കുറച്ച് യുഡിഎഫിൽ നിലനിർത്താൻ ഉള്ള ശ്രമങ്ങളും അണിയറയിൽ നടക്കുന്നുണ്ട്. സാധാരണ യുഡിഎഫിൽ കക്ഷികൾ മുന്നണി വിട്ടു പുറത്തു പോവുകയാണ് പതിവ് . പക്ഷേ ഇതിന് വിപരീതമായി യുഡിഎഫ് നേതൃത്വം ഒരു കക്ഷിയെ പുറത്താക്കുന്നത് അടുത്തെങ്ങും ഉണ്ടായിട്ടില്ലാത്ത നടപടിയാണ്.
ജോസ് പക്ഷത്തെ ഭൂരിപക്ഷവും എൽഡിഎഫ് ആണ് ലക്ഷ്യം വയ്ക്കുന്നത് പക്ഷേ കെഎം മാണിയുടെ എൽഡിഎഫ് പ്രവേശനത്തിന് ശ്രമിച്ച അവസരത്തിലേതുപോലെ ഇപ്പോഴും തടസ്സം നിൽക്കുന്നത് സിപിഐ ആണ്. ആതിരപ്പള്ളി ഉൾപ്പെടെ പല കാര്യങ്ങളിലും സിപിഎമ്മുമായി ഇടഞ്ഞു നിൽക്കുന്ന സിപിഐ യെ പലരും സംശയദൃഷ്ടിയോടെയാണ് കാണുന്നത് .
ഏതായാലും വരുംദിവസങ്ങളിൽ കേരള മുന്നണി രാഷ്ട്രീയത്തിൽ കാതലായ ചലനങ്ങൾ ഉണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.
ചൈനീസ് സോഷ്യല്‍ മീഡിയാ ആപ്പായ ടിക്ടോക്ക് രാജ്യത്ത് നിരോധിച്ചു. ടിക് ടോക്ക് ഉള്‍പ്പെടെ 59 ആപ്പുകളാണ് നിരോധിച്ചത്. സ്വകാര്യതാ ലംഘനം ചൂണ്ടിക്കാട്ടിയാണ് നിരോധനം. ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആരോപണം ഉയര്‍ന്നിരുന്നു.
ഷെയർ ഇറ്റ്, ക്വായ്. യുസി ബ്രൗസർ, ബയ്‌ഡു മാപ്, ഷെൻ, ക്ലാഷ് ഓഫ് കിങ്സ്, ഡിയു ബാറ്ററി സേവർ, ഹെലോ, ലൈക്കീ, യുക്യാം മെയ്ക് അപ്, മി കമ്യൂണിറ്റി, സിഎം ബ്രൗസർ, വൈറസ് ക്ലീനർ, എപിയുഎസ് ബ്രൗസർ, റോംവി, ക്ലബ് ഫാക്ടറി, ന്യൂസ്ഡോഗ്, ബ്യൂട്ടി പ്ലസ്, വിചാറ്റ്, യുസി ന്യൂസ്, ക്യുക്യു മെയിൽ, വെയ്ബോ, എക്സെൻഡർ, ക്യുക്യു മ്യൂസിക്, ക്യുക്യു ന്യൂസ്‌ഫീഡ്, ബിഗോ ലൈവ്, സെൽഫി സിറ്റി, മെയിൽ മാസ്റ്റർ ഉള്‍പ്പെടെയുള്ള 59 മൊബൈല്‍ ആപ്പുകളാണ് നിരോധിച്ചത്.
ചൈനീസ് സര്‍ക്കാരിന് ഡാറ്റകള്‍ ചോര്‍ത്തി നല്‍കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് ടിക് ടോക് നിരോധിക്കണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ അത്തരം ആരോപണങ്ങള്‍ ടിക് ടോക് നിഷേധിച്ചിരുന്നു. കമ്പനി ചൈനയിലല്ല പ്രവര്‍ത്തിക്കുന്നതെന്നും അതിനാല്‍ തന്നെ തങ്ങളുടെ ഡാറ്റകള്‍ ചൈനീസ് നിയമത്തിന്റെ കീഴില്‍ വരുന്നതല്ലെന്നുമാണ് ടിക് ടോക് പറഞ്ഞിരുന്നത്.
List of 59 apps banned by Government of India “which are prejudicial to sovereignty and integrity of India, defence of India, security of state and public order”. pic.twitter.com/p6T2Tcd5rI
— ANI (@ANI) June 29, 2020
കെ.കെ മഹേശന്റെ ആത്മത്യയ്ക്ക് പ്രേരണയായത് വെള്ളാപ്പള്ളി നടേശന്റെ സഹായി കെ.എൽ അശോകന്റെ മാനസിക പീഡനമെന്ന് ഭാര്യ. മുഖ്യമന്തിക്ക് നൽകിയ പരാതിയിലാണ് മഹേശന്റെ ഭാര്യ ഉഷാദേവി മരണം സംബന്ധിച്ചുള്ള തന്റെ സംശയങ്ങൾ നിരത്തിയത്. മൈക്രോ ഫിനാൻസ് കേസുകൾക്ക് പിന്നിൽ ബാഹ്യസമ്മർദ്ദം ഉണ്ടായിരുന്നതായി ക്രൈംബ്രാഞ്ച് എഡിജിപി പറഞ്ഞതായും കത്തിൽ പറയുന്നു.
അതേസമയം, കണിച്ചുകുളങ്ങര യൂണിയന്റെ ആക്ടിങ് സെക്രട്ടറിയായി പിഎസ്എന്‍ ബാബു ചുമതലയേറ്റു.2019 മുതൽ വെള്ളാപ്പള്ളിയുമായി കെ.കെ മഹേശന് പിണക്കമുണ്ട്. കണിച്ചുകുളങ്ങര യൂണിയനിലെ സാമ്പത്തിക ഇടപാടുകളിൽ കൃത്യത കാണിച്ചതാണ് ഇതിനു കാരണം. കെ എൽ അശോകൻ ഈ സാഹചര്യം മുതലെടുത്ത് ഇരുവരെയും ശത്രുക്കൾ ആക്കി. സംഘടനയിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ചു. ക്രൈം ബ്രാഞ്ചിനെ ഉപയോഗിച്ച് കള്ളക്കേസുകളിൽ കുടുക്കാൻ ശ്രമിച്ചു. സിഐ ടി.ആർ സന്തോഷിനും ഇതിൽ പങ്കുണ്ട്. കേസിൽ ബാഹ്യഇടപെടൽ ഉണ്ടെന്ന് ടോമിൻ ജെ തച്ചങ്കരി തുഷാർ വെള്ളാപ്പള്ളിയോട് ഫോണിൽ പറയുന്നത് കേട്ടു.
ഭർത്താവ് പറഞ്ഞ കാര്യങ്ങൾ എന്ന നിലയിൽ ഇത്രയും പ്രധാനപ്പെട്ട വിവരങ്ങളാണ് ഉഷാദേവി മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പറയുന്നത്. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണം എന്നാവശ്യപ്പെടുന്ന കത്തിൽ മഹേശന്റെ ആത്മഹത്യയ്ക്ക് കാരണക്കാർ സമൂഹത്തിൽ പ്രബലർ ആണെന്നും സൂചിപ്പിക്കുന്നു. അതെ സമയം മഹേശന്റെ ഒഴിവിൽ കണിച്ചുകുളങ്ങര യൂണിയന്റെ ആക്ടിങ് സെക്രട്ടറിയായി പിഎസ്എന്‍ ബാബു ചുമതല ഏറ്റു. 2018 വരെ നടന്ന യൂണിയൻ ഓഡിറ്റിംഗിൽ പണം നഷ്ടപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു
ആത്മഹത്യ കേസ് അന്വേഷിക്കുന്ന മാരാരിക്കുളം പൊലീസ് യൂണിയൻ ഭാരവാഹികളുടെ മൊഴി ഇന്ന് രേഖപ്പെടുത്തി. വരും ദിവസങ്ങളിൽ ആരോപണവിധേയരുടെയും മൊഴികൾ എടുക്കുമെന്ന് പൊലീസ് അറിയിച്ചു.
ജോസ് കെ.മാണി പക്ഷത്തെ നിലപാടില്ലാത്തവരായി ചിത്രീകരിക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രശ്നങ്ങള്‍ വരുമ്പോഴാണ് പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കുക. രാഷ്ട്രീയത്തില്‍ എല്ലാം എല്ലാക്കാലത്തേക്കുമല്ല. സാഹചര്യമനുസരിച്ച് മാറുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ജോസ് കെ.മാണിയെ മുന്നണിയിലെടുക്കണോ എന്ന നിലപാടെടുക്കാന്‍ സമയമായില്ലെന്ന് ഇടതുമുന്നണി. ജോസ് കെ.മാണിയുമായി തുടര്‍ന്നും ചര്‍ച്ചയ്ക്ക് പഴുതിട്ടുള്ള നിലപാടാണ് യുഡിഎഫിന്റേതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ആര്‍ക്കും വന്നുകയറാവുന്ന മുന്നണിയല്ല എല്‍ഡിഎഫ് എന്ന മുന്‍നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സിപിഐ.
ജോസ് കെ.മാണിയെ യുഡിഎഫ് പുറത്താക്കിയോ എന്നും ജോസ് കെ.മാണി യുഡിഎഫ് വിടുമെന്നോ വ്യക്തമാകാത്ത സാഹചര്യത്തില്‍ പരസ്യനിലപാടിന് സമയമായില്ലെന്ന് ഇടതുമുന്നണി വിലയിരുത്തുന്നു. എല്ലാം കലങ്ങിത്തെളിയട്ടെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു.
സിപിഎം നേതൃത്വവുമായി ആശയവിനിമയം നടത്തിയ ശേഷമാണ് ജോസ് കെ.മാണി യുഡിഎഫില്‍ കടുംപിടുത്തം തുടര്‍ന്നത് എന്ന അഭ്യൂഹം കോടിയേരി തള്ളി. യുഡിഎഫില്‍ പ്രതിസന്ധിയുണ്ടാകുമെന്നുമാത്രമാണ് ഇപ്പോള്‍ വ്യക്തമാകുന്നതെന്നും അപൂര്‍ണതയില്‍ നിന്ന് അഭിപ്രായം രൂപപ്പെടുത്താനാവില്ലെന്നും ഇടതുമുന്നണി കണ്‍വീനര്‍ പ്രതികരിച്ചു.
തദ്ദേശതിരഞ്ഞെടുപ്പും തുടര്‍ന്ന് നിയമസഭാ തിരഞ്ഞെടുപ്പും വരുന്ന സാഹചര്യത്തില്‍ മുന്നണി വിപുലീകരണം ഉണ്ടാവില്ലെന്ന് പറയാന്‍ ഭരണത്തുടര്‍ച്ച സ്വപ്നം കാണുന്ന നേതാക്കള്‍ തയ്യാറല്ല. യുഡിഎഫില്‍ നിന്ന് പുറത്തുവന്നാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
തൃശൂരില്‍ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സെമിനാറില്‍ സംസാരിക്കാന്‍ കെ.എം.മാണിയെ വിളിച്ച സിപിഎം അദ്ദേഹത്തോടുള്ള മൃദുസമീപനം മുമ്പേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കെ.എം.മാണിക്കെതിരെ നടത്തിയ സമരങ്ങളും അഴിമതി വിരുദ്ധപോരാട്ടങ്ങളും മറക്കരുതെന്ന നിലപാടില്‍ നിന്ന് സിപിഐ ഇതുവരെ മാറിയിട്ടില്ല. ഇത്തരം ചര്‍ച്ചകളിലേക്ക് നീങ്ങാന്‍ സമയമായില്ലെന്ന കാര്യത്തില്‍ ഇരുപാര്‍ട്ടികളിലെയും നേതാക്കള്‍ ഐക്യപ്പെടുന്നു.
കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്നു പുറത്താക്കി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളെത്തുടര്‍ന്നാണ് നടപടി. യുഡിഎഫ് തീരുമാനം അനീതിയാണെന്നും ഇത് സ്ഥാനത്തിന്റെ പ്രശ്‌നമല്ലെന്നും ജോസ് കെ മാണി പ്രതികരിച്ചു.
ജോസ് പക്ഷത്തിന് യുഡിഎഫില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് കണ്‍വീനര്‍ ബെന്നി ബഹനാന്‍ അറിയിച്ചു. പല തവണ ചര്‍ച്ചകള്‍ നടത്തിയിട്ടും വഴങ്ങാതിരുന്ന ജോസ് വിഭാഗത്തെ പുറത്താക്കുകയല്ലാതെ വേറെ വഴിയില്ലെന്ന് ബെന്നി ബഹനാന്‍ പറഞ്ഞു. ജോസ് കെ.മാണി പക്ഷം മുന്നണിയിലെ ധാരണ ലംഘിച്ചെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസ് കെ.മാണി വിഭാഗം ഒഴിയണമെന്ന യുഡിഎഫിന്റെ തീരുമാനം അംഗീകരിക്കാന്‍ അവര്‍ തയാറായിരുന്നില്ല. പ്രസിഡന്റ് സ്ഥാനം ജോസഫ് വിഭാഗവുമായി പങ്കുവയ്ക്കുമെന്നായിരുന്നു നേരത്തെയുള്ള ധാരണ. ദിവസങ്ങളായി ഇതേച്ചൊല്ലിയുള്ള തര്‍ക്കങ്ങളും ചര്‍ച്ചകളും നടന്നുവരികയായിരുന്നു. കേരള കോണ്‍ഗ്രസ് (എം) സ്ഥാപകന്‍ കെ.എം.മാണിയുടെ മരണത്തെത്തുടര്‍ന്ന് പാര്‍ട്ടിയിൽ ഉടലെടുത്ത ഗ്രൂപ്പ് യുദ്ധം ഇതോടെ വഴിത്തിരിവിലെത്തി.
എന്നാല്‍, ഇല്ലാത്ത ധാരണയുടെ പേരിലാണ് തങ്ങളെ പുറത്താക്കിയതെന്നും മാണി സാറിന്റെ രാഷ്ട്രീയത്തെയാണ് യുഡിഎഫ് തള്ളിപ്പറഞ്ഞതെന്നും ജോസ് പറഞ്ഞു. നാളത്തെ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിനുശേഷം ഭാവി രാഷ്ട്രീയ കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കരാറുകളില്‍ ചിലത് ചില സമയങ്ങളില്‍ മാത്രം ഓര്‍മ്മപ്പെടുത്തുന്നുവെന്നും അത് സെലക്ടീവ് ഡിമെന്‍ഷ്യയാണെന്നും ജോസ് പറഞ്ഞു. “അച്ചടക്കത്തിന്റെ പേരിലാണ് ഈ നടപടിയെടുത്തതെങ്കില്‍ ആയിരം വട്ടം പിജെ ജോസഫിനെ പുറത്താക്കാനുള്ള കാരണങ്ങള്‍ ഉണ്ടായിരുന്നു. നിരന്തരം അച്ചടക്ക ലംഘനം ജോസഫ് നടത്തിയിരുന്നു. യുഡിഎഫ് നേതാക്കള്‍ രാഷ്ട്രീയ അജണ്ട ബോധപൂര്‍വം നടപ്പിലാക്കുകയായിരുന്നു. മാധ്യമങ്ങളിലൂടെയാണ് പുറത്താക്കല്‍ വിവരം അറിഞ്ഞത്,” അദ്ദേഹം പറഞ്ഞു.
നീതി പൂര്‍വകം: പിജെ ജോസഫ്
ജോസ് കെ മാണിയെ മുന്നണിയില്‍ നിന്ന് പുറത്താക്കിയത് നീതിപൂര്‍വകമായ നടപടിയാണെന്ന് പിജെ ജോസഫ് പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട ധാരണ ജോസ് കെ മാണി വിഭാഗം ലംഘിച്ചുവെന്നും അങ്ങനെയൊരു ധാരണയുണ്ടെന്ന് സമ്മതിക്കുന്നു പോലുമില്ലെന്നും പിജെ ജോസഫ് പറഞ്ഞു.
പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കില്ലെന്ന് ഇന്ന് രാവിലെയും തോമസ് ചാഴിക്കാടന്‍ എംപി ആവര്‍ത്തിച്ചിരുന്നു. ഇക്കാര്യം യുഡിഎഫ് നേതൃത്വത്തെ അറിയിക്കുകയും ചെയ്തു.
കെ.എം.മാണിയെ മുന്നില്‍നിന്നു കുത്താനാകാത്തവര്‍ പിന്നില്‍നിന്ന് കുത്തിയെന്ന് ജോസ് കെ.മാണി വിഭാഗം നേതാവായ റോഷി അഗസ്റ്റിന്‍ എംഎല്‍എ പ്രതികരിച്ചു. യുഡിഎഫില്‍നിന്നും പുറത്താക്കിയ നടപടി ഖേദകരമാണ്. കോണ്‍ഗ്രസ് കാണിച്ചത് കൊടും ചതിയാണെന്നും മാണിയുടെ കടയ്ക്കല്‍ കത്തിവയ്ക്കാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഏത് യോഗത്തിലാണ് തങ്ങളെ പുറത്താക്കാനുള്ള തീരുമാനം എടുത്തതെന്ന് ചോദിച്ച റോഷി അഗസ്റ്റിന്‍ തങ്ങളെ ആവശ്യമുള്ളവരുണ്ടെന്നും പറഞ്ഞു. പാര്‍ട്ടിയിലെ മറുവിഭാഗമായ ജോസഫ് പക്ഷത്തിന്റെ സമ്മര്‍ദത്തെത്തുടര്‍ന്നാണ് ജോസ് കെ.മാണി പക്ഷത്തെ പുറത്താക്കിയതെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു. തങ്ങളുടെ പ്രവര്‍ത്തനം കണ്ട് ഏതെങ്കിലും മുന്നണി ക്ഷണിച്ചാല്‍ ആ ക്ഷണത്തെ സ്വാഗതം ചെയ്യുമെന്ന് റോഷി അഗസ്റ്റിന്‍ പറഞ്ഞു. രാഷ്ട്രീയ ധാര്‍മികത ഇല്ലാത്ത തീരുമാനമെന്നായിരുന്നു എന്‍.ജയരാജ് എംഎല്‍എയുടെ പ്രതികരണം.
യുഡിഎഫിന് നട്ടെല്ലുണ്ടെന്ന് തെളിയിച്ചു: പി സി ജോര്‍ജ്
അതേസമയം, ഉമ്മന്‍ചാണ്ടി, കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളുടെ നിര്‍ദേശം തള്ളിയതാണ് ജോസ് വിഭാഗത്തെ പുറത്താക്കാന്‍ യുഡിഎഫ് നേതൃത്വം നിര്‍ബന്ധിതമായതെന്ന് ഫ്രാന്‍സിസ് ജോര്‍ജ് ആരോപിച്ചു. ജോസ് വിഭാഗത്തെ പുറത്താക്കിയ നടപടിയിലൂടെ യുഡിഎഫിന് നട്ടെല്ലുണ്ടെന്ന് തെളിയിച്ചുവെന്ന് പി.സി.ജോര്‍ജ് എംഎല്‍എ പറഞ്ഞു.
യുഡിഎഫിലെ അധികാര തര്‍ക്കത്തില്‍ ജോസ് വിഭാഗം നയം വ്യക്തമാക്കട്ടെയെന്ന് സിപിഎം നേതാവ് എം.വി.ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. എല്‍ഡിഎഫിന്റെ സമീപനത്തോട് യോജിപ്പുണ്ടെങ്കില്‍ മുന്നണിയിലെടുക്കുമെന്നും അവസരവാദ സമീപനത്തോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ പുതിയതായി 121 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ 78 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ 26 പേർക്കും സമ്പർക്കത്തിലൂടെ 5 പേർക്കും കോവിഡ് ബാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഒമ്പത് സിഐഎസ്എഫുകാരം മൂന്ന് ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നു. കഴിഞ്ഞ ദിവസം മഞ്ചേരി മെഡിക്കൽ കോളെജിൽ മരിച്ച തമിഴ്നാട് സ്വദേശിയുടെ കോവിഡ് പരിശോധന ഫലം പോസിറ്റീവാണെന്നും മുഖ്യമന്ത്രി വാർത്ത സമ്മളനത്തിൽ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം – 4
കൊല്ലം – 11
പത്തനംതിട്ട -13
ആലപ്പുഴ – 5
എറണാകുളം – 5
ഇടുക്കി -5
തൃശൂർ – 26
പാലക്കാട് – 12
മലപ്പുറം -13
കോഴിക്കോട് – 9
കണ്ണൂർ – 14
കാസർഗോഡ് – 4
ഇന്ന് രോഗം ഭേദമായവരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം – 3
കൊല്ലം – 18
ആലപ്പുഴ -8
കോട്ടയം – 8
എറണാകുളം – 4
തൃശൂർ-5
പാലക്കാട്-3
മലപ്പുറം-7
കോഴിക്കോട്-8
കണ്ണൂർ-13
കാസർഗോഡ്-2
ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി തന്നെ മാറ്റിമറിച്ച സംഭവമായിരുന്നു 2007ലെ പ്രഥമ ടി20 ലോകകപ്പ്. ഇന്ത്യയുടെ യുവനിര പ്രഥമ ടി20 ലോകകപ്പ് നേടുമ്പോൾ ഇന്ത്യൻ ക്രിക്കറ്റിന് എല്ലാ അർത്ഥത്തിലും അത് പുതുയുഗമായിരുന്നു. ധോണിയെന്ന നായകനെ കിട്ടുന്നതും കരുത്തും കഴിവുമുള്ള ഒരു കൂട്ടം യുവതാരങ്ങൾ ടീമിൽ സ്ഥാനമുറപ്പിക്കുന്നതുമെല്ലാം 2007ലെ ലോകകപ്പ് നേട്ടത്തിന് ശേഷമാണ്. എന്നാൽ ആ സന്തോഷത്തിന്റെ ഭാഗമാകാതിരുന്ന മൂന്ന് ഇന്ത്യൻ ഇതിഹാസങ്ങളുണ്ട്, സൗരവ് ഗാംഗുലി, സച്ചിൻ ടെൻഡുൽക്കർ, രാഹുൽ ദ്രാവിഡ്.
ഇപ്പോഴും പല ആളുകളും വിശ്വസിക്കുന്നത് മൂവരും യുവനിരയ്ക്ക് അവസരം നൽകാൻ വേണ്ടിയായിരുന്നു അത്തരത്തിലൊരു പിൻമാറ്റം നടത്തിയതെന്നാണ്. എന്നാൽ സച്ചിൻ ടെൻഡുൽക്കർ ശരിക്കും അന്ന് മത്സരിക്കാൻ ആഗ്രഹിച്ചിരുന്നതായി അന്നത്തെ ടീം മാനേജറുടെ വെളിപ്പെടുത്തൽ. ലാൽചന്ദ് രജ്പുത്താണ് പുതിയ വെളിപ്പെടുത്തലുമായി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
“നായകനായിരുന്ന രാഹുൽ ദ്രാവിഡാണ് ഗാംഗുലിയെയും സച്ചിനെയും ടൂർണമെന്റിൽ നിന്ന് പിൻമാറാൻ പ്രേരിപ്പിച്ചത്. ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ചില താരങ്ങൾ നേരിട്ടാണ് ലോകകപ്പ് നടന്ന ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിലെത്തിയത്. ഈ സാഹചര്യത്തിൽ യുവനിരയ്ക്ക് അവസരം നൽകാമെന്ന് ദ്രാവിഡാണ് അവരോട് പറഞ്ഞത്,” ലാൽചന്ദ് രജ്പുത് പറഞ്ഞു.
എന്നാൽ ലോകകപ്പ് നേടിയതിന് ശേഷം അവർ അതേക്കുറിച്ച് പശ്ചാത്തപിച്ചിരിക്കണം, കാരണം താൻ ഇത്രയും വർഷമായി കളിക്കുന്നുണ്ടെന്നും ഇപ്പോഴും ലോകകപ്പ് നേടിയിട്ടില്ലെന്നും സച്ചിൻ തന്നോട് പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ധോണിയുടെ നായകത്വ മികവിനെയും അദ്ദേഹം പ്രശംസിച്ചു. “സത്യം പറഞ്ഞാൽ, അവൻ വളരെ ശാന്തനായിരുന്നു. ഒരു ക്യാപ്റ്റനെന്ന നിലയിൽ മൈതാനത്ത് തീരുമാനമെടുക്കേണ്ടതിനാൽ അദ്ദേഹം രണ്ട് തവണ ചിന്തിക്കാറുണ്ടായിരുന്നു. അദ്ദേഹത്തെക്കുറിച്ച് എനിക്ക് ഇഷ്ടപ്പെട്ട ഒരു കാര്യം അദ്ദേഹം ചിന്തിക്കുന്ന ക്യാപ്റ്റനായിരുന്നു എന്നതാണ്,” ലാൽചന്ദ് രജ്പുത് കൂട്ടിച്ചേർത്തു.