ഇന്ത്യയെ വെല്ലുവിളിച്ച് േനപ്പാള്‍, ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ ഭൂപടം നേപ്പാള്‍ പാര്‍ലമെന്റ് അംഗീകരിച്ചു. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് ബില്‍ പാസായത്. ഇന്ത്യന്‍ ഭൂപടത്തില്‍ ഉള്‍പ്പെട്ട 370 ചതുരശ്ര കിലോമീറ്റര്‍ വരുന്ന ലിംപിയാധുര, കാലാപാനി, ലിപുലേഖ് എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ളതാണ് നേപ്പാളിന്‍റെ പുതിയ ഭൂപടം.
പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ നേപ്പാളി കോണ്‍ഗ്രസിന്‍റെ പിന്തുണയും ബില്ലിന് ലഭിച്ചു. നേപ്പാളിന്‍റെ ഏകപക്ഷീയമായ പ്രവര്‍ത്തനത്തെ അപലപിച്ച് കേന്ദ്രസര്‍ക്കാര്‍ രംഗത്തുവന്നിരുന്നു. പ്രാദേശിക അവകാശവാദങ്ങളുടെ അടിസ്ഥാനത്തിലുള്ള നടപടികള്‍ അംഗീകരിക്കില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
പാക്കിസ്ഥാൻ ക്രിക്കറ്റർ ഷാഹിദ് അഫ്രീദിക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാക്കിസ്ഥാനിൽ കോവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ ക്രിക്കറ്റ് താരമാണ് അഫ്രീദി. മുൻ നായകനും ഓൾറൗണ്ടറുമായ അഫ്രീദി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
വ്യാഴാഴ്ച മുതൽ എനിക്ക് അസ്വസ്ഥത അനുഭവപ്പെടുന്നു. ശരീരം വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു. നിർഭാഗ്യവശാൽ എന്റെ കോവിഡ് പരിശോധന ഫലം പോസിറ്റീവാണ്. വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥനകൾ ആവശ്യമാണ്, ഇൻഷാ അല്ലാഹ്, അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
നേരത്തെ പാക്കിസ്ഥാന്റെ മുൻ ഓപ്പണർ കൂടിയായിരുന്ന തൗഫീഖ് ഉമറിനും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റർ സഫർ സർഫ്രാസിനും രോഗം സ്ഥിരീകരിച്ചിരുന്നു. മേയ് 24നാണ് തൗഫീഖിന് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം ചികിത്സയിലിരിക്കെ സഫർ സർഫ്രാസ് മരണപ്പെടുകയും ചെയ്തിരുന്നു.
കേന്ദ്ര ആരോഗ്യ മന്ത്രാലയം മണവും രുചിയും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയെ കോവിഡ്-19 രോഗ ലക്ഷണങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ലോകമെമ്പാടും പ്രധാനപ്പെട്ട ആരോഗ്യ സ്ഥാപനങ്ങള്‍ ഇവയെ കഴിഞ്ഞ രണ്ട് മാസങ്ങളായി രോഗ ലക്ഷണമായി അംഗീകരിച്ചു വരികയായിരുന്നു. പനി, ചുമ, തളര്‍ച്ച, ശ്വാസ തടസ്സം, പേശി വേദന, കഫം, കടുത്ത ജലദോഷം, തൊണ്ട വേദന, ഡയേറിയ എന്നിവയുടെ കൂടെയാണ് പുതുക്കിയ ക്ലിനിക്കല്‍ മാനേജ്‌മെന്റ് പ്രോട്ടോക്കോള്‍ പ്രകാരം മണവും രുചിയും നഷ്ടപ്പെടുന്നതിനെ കൂടെ ഉള്‍പ്പെടുത്തിയത്.
കേന്ദ്ര സംയോജിത രോഗ നിരീക്ഷണ പദ്ധതിയുടെ പോര്‍ട്ടലിലെ കേസുകള്‍ അനുസരിച്ച് 27 ശതമാനം പേര്‍ക്ക് പനിയും 21 ശതമാനത്തിന് ചുമയും 10 പേര്‍ക്ക് തൊണ്ട വേദനയും എട്ട് ശതമാനം പേര്‍ക്ക് ശ്വാസംമുട്ടലും ഏഴ് ശതമാനം പേര്‍ക്ക് തളര്‍ച്ചയും മൂന്ന് ശതമാനം പേര്‍ക്ക് ജലദോഷവും മറ്റുള്ളവ 24 ശതമാനവുമാണ്.
പ്രത്യേക ഗ്രൂപ്പില്‍പ്പെട്ട രോഗികള്‍ക്ക് റെംഡിസിവറും ടോസിലിസുമാബും കോണ്‍വാലസെന്റ് പ്ലാസ്മ തെറാപ്പിയും നല്‍കാനും പുതുക്കിയ പ്രോട്ടോക്കോള്‍ പറയുന്നു.
എബോളയ്ക്കുവേണ്ടിയാണ് റെംഡിസിവര്‍ വികസിപ്പിച്ചതെങ്കിലും കോവിഡ്-19-നുവേണ്ടി ഉപയോഗിക്കുന്നുണ്ട്. രോഗം ഭേദമായ ഒരാളുടെ രക്തത്തിലെ പ്ലാസ്മ രോഗിക്ക് നല്‍കുന്നതാണ് കോണ്‍വാലസെന്റ് പ്ലാസ്മ തെറാപ്പി. മറ്റു പല രോഗങ്ങള്‍ക്കും ഇവ ഉപയോഗിക്കുന്നുണ്ടെങ്കിലും കോവിഡ്-19-ന് എത്ര മാത്രം ഫലപ്രദമാണെന്നുള്ള പഠനം നടക്കുന്നതേയുള്ളൂ.
കൊല്ലം ജില്ലയിൽ ആറാം ക്ലാസുകാരി തൂങ്ങിമരിച്ച നിലയിൽ. പ്രാക്കുളം സ്വദേശിനിയെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് സംഭവം. മരണത്തിൽ ദുരൂഹതയുണ്ടെന്നും സംഭവത്തിൽ പ്രദേശത്തുള്ള കഞ്ചാവ് മാഫിയയ്ക്ക് ബന്ധമുണ്ടെന്നും കുട്ടിയുടെ കുടുംബം ആരോപിക്കുന്നു.
വീടിന് പുറത്ത് അമ്മയെ സഹായിക്കുകയായിരുന്ന പെൺകുട്ടി പ്രാർത്ഥനയ്ക്കായി മുറയിൽ കയറുകയായിരുന്നു. വീടിന് പുറത്ത് ജോലി ചെയ്യുകയായിരുന്ന അമ്മ മകളെ കാണാതായതോടെ അന്വേഷിച്ചെത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുട്ടിയുടെ പിതാവിന്റെ സുഹൃത്തുക്കള്‍ ലഹരിയുപയോഗിക്കുന്നവരാണെന്നാണ് ആരോപണം. ഇവരിൽ ചിലർ വീട്ടിൽ വന്ന് പോയിരുന്നതായും മുത്തച്ഛൻ ചൂണ്ടിക്കാണിക്കുന്നുണ്ട്. കുട്ടിയുടെ പിതാവ് ഈ സംഘത്തിൽപ്പെട്ട ഒരാൾക്കൊപ്പം പിതാവ് വീട്ടിൽ നിന്ന് പുറത്തേക്ക് പോയിരുന്നുവെന്നും ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
സെക്കന്‍ഡുകള്‍ കൊണ്ട് മൂന്ന് നില കെട്ടിടം തകര്‍ന്നു വീഴുന്ന കാഴ്ച. ഒരു ഗ്രാമത്തിലെ മൂന്ന് കെട്ടിടങ്ങളാണ് കനാലിലേക്ക് മറഞ്ഞു വീണത്. ബംഗാളിലെ മിഡ്‌നാപുര്‍ ജില്ലയിലാണ് സംഭവം. നിര്‍മാണത്തിലിരുന്ന കെട്ടിടങ്ങളാണ് തകര്‍ന്ന് വീണത്. അടുത്തിടെയാണ് കനാലില്‍ വൃത്തിയാക്കുന്ന ജോലികള്‍ നടന്നത്. അതു കാരണം കെട്ടിടത്തിന്റെ അടിത്തറ ദുര്‍ബലപ്പെട്ടതാകാമെന്നാണ് നിഗമനം. കുറച്ച് ദിവസം മുന്‍പ് കെട്ടിടങ്ങള്‍ക്ക് വിള്ളലുകള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്.
[ot-video][/ot-video]
നടി രമ്യാ കൃഷ്ണന്റെ കാറില്‍ നിന്നും മദ്യകുപ്പികള്‍ പിടികൂടി. നൂറിലധികം മദ്യകുപ്പികള്‍ പൊലീസ് പിടികൂടിയതായിട്ടാണ് റിപ്പോര്‍ട്ട്. ചെന്നൈ ചെങ്കല്‍പ്പേട്ട് ചെക്ക് പോസ്റ്റില്‍ വെച്ചാണ് മദ്യം പിടികൂടിയത്. സംഭവത്തില്‍ ഡ്രൈവറെ പോലീസ് അറസ്‌ററ് ചെയ്തു.
മദ്യകുപ്പികള്‍ പിടികൂടിയ സമയത്ത് രമ്യാ കൃഷ്ണനും സഹോദരിയും വാഹനത്തില്‍ ഉണ്ടായിരുന്നു. കാറിന്റെ ഡ്രൈവര്‍ സെല്‍വകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാമ്മലപുരത്ത് നിന്ന് ചെന്നൈയിലേക്കാണ് മദ്യം കടത്തിയത് എന്ന് പൊലീസ് പറയുന്നു. ചെന്നൈ കാനത്തൂര്‍ പൊലീസാണ് മദ്യകുപ്പികള്‍ പിടികൂടിയത്.
തെന്നിന്ത്യയില്‍ എന്നും താരമൂല്യമുള്ള നായികയാണ് രമ്യ കൃഷ്ണന്‍. മികച്ച വേഷങ്ങള്‍ ചെയ്യുന്നതിനൊപ്പം ഗ്ലാമര്‍ വേഷങ്ങളോടും ഇഷ്ടക്കേടുകാണിയ്ക്കാത്ത രമ്യയ്ക്ക് മലയാളത്തിലും ഏറെ ആരാധകരുണ്ട്.
കോവിഡ്-19 നെ തുടർന്ന് അടച്ചിട്ട മെെതാനങ്ങളിൽ വീണ്ടും കളിയാരവം മുഴങ്ങി. എന്നാൽ, ക്രിസ്‌റ്റ‌്യാനോ റൊണാൾഡോ ആരാധകർക്ക് നിരാശ സമ്മാനിച്ച മത്സരമാണ് ഇന്നലെ കഴിഞ്ഞത്. റൊണാൾഡോ പെനാൽറ്റി നഷ്‌ടപ്പെടുത്തിയതാണ് ഇന്ന് കായികലോകത്തെ ചൂടേറിയ ചർച്ച.
കോപ്പാ ഇറ്റലി സെമിഫൈനലില്‍ ഏസി മിലാനെതിരായ മത്സരത്തിലാണ് യുവന്റസിന്റെ പോർച്ചുഗൽ താരം റൊണാൾഡോ പെനാൽറ്റി പാഴാക്കിയത്. യുവന്റസ്-ഏസി മിലാൻ മത്സരം 1-1 സമനിലയിൽ കലാശിച്ചു. എന്നാൽ, എവേ ഗോൾ ആനുകൂല്യത്തിൽ റൊണാൾഡോയുടെ യുവന്റസ് കോപ്പാ ഇറ്റലി ഫെെനലിലേക്ക് പ്രവേശിച്ചു. 75 മിനിറ്റോളം പത്ത് പേർക്കെതിരെ കളിച്ചിട്ടും യുവന്റസിന് മത്സരം സമനിലയാക്കാൻ മാത്രമേ സാധിച്ചുള്ളൂ.
മിലാനിൽ നടന്ന ആദ്യ പാദത്തിൽ ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടിയിരുന്നു. എവേ ഗോളുകളുടെ എണ്ണത്തിൽ യുവന്റസ് മിലാനേക്കാൾ മുൻപിലാണ്. ഇതാണ് ഫെെനലിലേക്ക് വഴി തുറന്നത്. 2017, 18, 19, 20 എന്നിങ്ങനെ തുടർച്ചയായി നാല് വർഷവും റൊണാൾഡോ ഓരോ പെനാൽറ്റി വീതം നഷ്‌ടപ്പെടുത്തിയതായാണ് കണക്ക്. ഓരോ വർഷവും ഓരോ പെനാൽറ്റി മാത്രം നഷ്‌ടപ്പെടുത്തിയത് വിചിത്രമായ കണക്കാണെന്നും സാമൂഹ്യമാധ്യമങ്ങളിൽ ആരാധകർ പറയുന്നു.
ഫെബ്രുവരിയില്‍ നടന്ന ആദ്യ പാദത്തിനു ശേഷം നാല് മാസങ്ങള്‍ക്ക് ശേഷമാണ് രണ്ടാം പാദ മത്സരം നടന്നത്. ആദ്യപാദത്തിലെ മത്സരത്തിൽ യുവന്റസിനു വേണ്ടി പെനാൽറ്റിയിലൂടെ ഗോൾ നേടിയത് റൊണാൾഡോയാണ്. എന്നാൽ, രണ്ടാം പാദത്തിൽ റൊണാൾഡോയ്‌ക്ക് പെനാൽറ്റി ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല.
മത്സരത്തിന്റെ 16-ാം മിനിറ്റിലായിരുന്നു യുവന്റസിനു പെനാൽറ്റി ലഭിച്ചത്. വാറിലൂടെ ലഭിച്ച പെനാല്‍റ്റി റൊണാള്‍ഡോ പാഴാക്കുകയായിരുന്നു. റൊണാള്‍ഡോയുടെ ഷോട്ട് ഡൊണറുമാ തടഞ്ഞു. എന്നാൽ, മത്സരത്തിലുടനീളം റൊണോൾഡോ മികച്ച പ്രകടനം നടത്തിയെന്നാണ് സാമൂഹ്യമാധ്യമങ്ങളിൽ പലരും അഭിപ്രായപ്പെടുന്നത്.
കോവിഡ് ഭീഷണി ഇനിയും ഒഴിഞ്ഞട്ടില്ലെങ്കിലും സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാൻ ഒരുങ്ങുകയാണ് ലോകം. ഇതിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കായിക മത്സരങ്ങളും പുനരാരംഭിച്ചു. കോവിഡ് ഏറ്റവും കൂടുതൽ ആഘാതമുണ്ടാക്കിയ സ്‌പെയിനും സാധാരണ ജീവിതത്തിലേക്ക് മടങ്ങിത്തുടങ്ങി. ലോകത്തെ തന്നെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ ലാ ലീഗയിലും പന്ത് ഉരുണ്ട് തുടങ്ങിയിരിക്കുകയാണ്. റൊണാൾഡോയ്‌ക്ക് പിന്നാലെ മെസിയും നാളെ കളത്തിലിറങ്ങും. ജൂൺ 14 (ഞായർ) പുലർച്ചെ 1.30 നാണ് ബാഴ്‌സലോണ-മല്ലോർക്ക പോരാട്ടം.
വൈദ്യുതി മന്ത്രി എം.എം.മണിയെ അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയനാക്കി. തലച്ചോറിനും തലയോട്ടിക്കുമിടയിലെ രക്തസ്രാവത്തെ തുടർന്നാണ് ശസ്‌ത്രക്രിയ. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ആയിരുന്നു ശസ്‌ത്രക്രിയ. ന്യൂറോ സർജറി ഐസിയുവിലാണ് മന്ത്രി ഇപ്പോഴുള്ളത്. ഇന്നു രാവിലെയായിരുന്നു ശസ്‌ത്രക്രിയ. മന്ത്രിയുടെ ആരോഗ്യനിലയിൽ മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്നും ശസ്‌ത്രക്രിയ വിജയകരമാണെന്നുമാണ് റിപ്പോർട്ട്. മന്ത്രിക്ക് കുറച്ചുനാൾ വിശ്രമം വേണ്ടിവരും.
തലച്ചോറിലെ രക്തസ്രാവത്തെ തുടർന്നാണ് മന്ത്രിയെ ഇന്നലെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും തുടർ പരിശോധനയ്ക്കുവേണ്ടിയാണ് അദ്ദേഹം ആശുപത്രിയിൽ കഴിയുന്നതെന്നും മെഡിക്കൽ കോളേജ് അധികൃതർ ഇന്നലെ അറിയിച്ചിരുന്നു. ഇടുക്കിയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത് മന്ത്രി എം.എം.മണിയാണ്.
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണവും മരണസംഖ്യയും കുതിച്ചുയരുകയാണ്. നിലവില്‍ കോവിഡ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. കോവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും.
കഴിഞ്ഞ 24 മണിക്കൂറിനിടെ പതിനായിരത്തിലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തി അയ്യായിരത്തി തൊള്ളായിരത്തി അന്‍പതായി. 8712 പേരാണ് ഇതുവരെ മരിച്ചത്. രാജ്യത്ത് നിലവില്‍ 1,44,817 പേരാണ് ചികിത്സയിലുള്ളത്.
അതേസമയം രോഗമുക്തി നേടിയവരുടെ എണ്ണം ഒന്നര ലക്ഷവും കടന്നു. മേയ് 24ന് കോവിഡ് രോഗികളുടെ എണ്ണത്തില്‍ പത്താം സ്ഥാനത്തായിരുന്നു ഇന്ത്യ. എന്നാല്‍ വെറും 18 ദിവസം കൊണ്ട് നാലാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. മഹാരാഷ്ട്രയില്‍ മാത്രം രോഗികളുടെ എണ്ണം 1 ലക്ഷം കടന്നു.
കഴിഞ്ഞദിവസം മാത്രം 3493 പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മഹാരാഷ്ട്രയില്‍ ആകെ കോവിഡ് കേസുകള്‍ 1.01,141 ആയി ഉയര്‍ന്നു. 127 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് മരണസംഖ്യ 3717 ആയി ഉയര്‍ന്നു.
അതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാത്രി കര്‍ഫ്യൂ കര്‍ശനമാക്കണമെന്ന് കാണിച്ച് സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരെ ചര്‍ച്ചക്ക് വിളിച്ചത്. ജൂണ്‍ 16, 17 തിയ്യതികളിലാണ് ചര്‍ച്ച നടക്കുക.
മൂന്ന് മാസം മുമ്പ് മരിച്ചയാളുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയെ തുടര്‍ന്ന് തിരുവനന്തപുരം പൊഴിയൂരിലെ പരുത്തിയൂര്‍ സ്വദേശി ജോണിന്റെ മൃതദേഹമാണ് ഇന്ന് സെമിത്തേരിയില്‍ നിന്നെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത്.
ജോണിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി സഹോദരി ലീന്‍മേരിയാണ് പോലീസില്‍ പരാതി നല്‍കിയത്. ഇതേതുടര്‍ന്നാണ് മൃതദേഹം വീണ്ടുമെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ തീരുമാനിക്കുന്നത്. ജോണിന്റെ മരണം ഇയാളുടെ മരണകാരണം ഹൃദയസ്തംഭനമാണെന്നായിരുന്നു ആദ്യം ഭാര്യയും മക്കളും ജോണിന്റെ മറ്റ് ബന്ധുക്കളോട് പറഞ്ഞത്.
തൊട്ടടുത്ത ദിവസം സംസ്‌ക്കരിക്കുകയും ചെയ്തു. എന്നാല്‍ മരണ ദിവസം മൃതദേഹത്തിന് അടുത്ത് നില്‍ക്കാന്‍ പോലും അനുവദിക്കാത്തതില്‍ ദുരൂഹത തോന്നിയെന്നും പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് ഭാര്യയും മക്കളും പറഞ്ഞതെന്നും ജോണിന്റെ സഹോദരി ലീന്‍മേരി പറയുന്നു.
ജോണിന്റെ ഭാര്യയുടേയും മക്കളുടേയും പെരുമാറ്റത്തിലെ അസ്വഭാവികതയാണ് മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സംശയം തോന്നാന്‍ കാരണമെന്ന് ലീന്‍ മേരി വ്യക്തമാക്കി. ലീന്‍മേരിയും അച്ഛനുമാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.
എന്നാല്‍ കേസ് പിന്‍വലിക്കണമെന്ന് പറഞ്ഞ് ജോണിന്റെ ഭാര്യയും മക്കളും തങ്ങളെ വല്ലാതെ നിര്‍ബന്ധിച്ചുവെന്ന് സഹോദരി പറയുന്നു. എന്നാല്‍ തങ്ങള്‍ക്ക് ചേട്ടന്റെ മരണകാരണം അറിയണമെന്ന് ലീന്‍മേരി പറഞ്ഞു. എന്നാല്‍ സംസ്‌കരിച്ച് ഒരാഴ്ചക്ക് ശേഷമാണ് പരാതി കിട്ടിയതെന്ന് പൊഴിയൂര്‍ പൊലീസ് വ്യക്തമാക്കി.
ആത്മഹത്യയാണെന്ന് അറിഞ്ഞിരുന്നുവെങ്കില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിതിന് ശേഷം മാത്രമേ സംസ്‌കരിക്കുമായിരുന്നുവൊള്ളൂ എന്നും പോലീസ് പറഞ്ഞു.അതേസമയം കടബാധ്യത മൂലം ജോണ്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ഭാര്യയും മക്കളും പൊലീസിന് നല്‍കിയ മൊഴി.
ആത്മഹത്യയാണെന്ന് പറഞ്ഞാല്‍ പള്ളി സെമിത്തേരിയില്‍ മൃതദേഹം അടക്കാനാകില്ലെന്നതിനാലാണ് ഹൃദയസ്തംഭനമെന്ന് പറഞ്ഞതെന്ന് ഇവര്‍ പൊലീസിനോട് പറയുന്നു. ജോണിന്റേത് സ്വാഭാവികമരണമെന്ന് ബന്ധുക്കള്‍ അറിയിച്ചതിനാലാണ് പള്ളിയില്‍ അടക്കിയതെന്ന് പള്ളി വികാരി പൊലീസിനോട് പറഞ്ഞു.