Latest News

അപ്പച്ചൻ കണ്ണഞ്ചിറ

സ്റ്റീവനേജ്: ‘സർഗ്ഗം സ്റ്റീവനേജ് മ്യൂസിക്& ഡീ ജേ’ നൈറ്റിൽ നിറഞ്ഞു കവിഞ്ഞ സംഗീതാസ്വാദകരെ, ആസ്വാദനത്തിന്റെ നെറുകയിലെത്തിച്ച സംഗീത സ്വരരാഗരാവിൽ വർണ്ണമഴ വർഷിച്ച് ഗായക പ്രതിഭകൾ. ‘ഓവൽ കമ്മ്യുണിറ്റി സെന്ററിൽ’ അരങ്ങൊരുങ്ങിയ മ്യൂസിക് നൈറ്റിൽ ആസ്വാദകരുടെ മനം കവർന്ന് ഗായക പ്രതിഭകൾ നിറഞ്ഞാടിയപ്പോൾ സംഗീതത്തിന്റെ മത്തു പിടിച്ച ആസ്വാദക വേദിയാവുകയായിരുന്നു സ്റ്റീവനേജ്. ഗായക പ്രതിഭകളിലെ ‘പയ്യൻസ്’ കാർത്തിക് ഗോപിനാഥ് ആസ്വാകർക്കിടയിലിറങ്ങി വന്ന് സ്വതസിദ്ധമായ നൃത്തച്ചുവടോടെ ആലപിച്ച തട്ടു പൊളിപ്പൻ ഗാനമടക്കം,ഗാനങ്ങൾ വേദിയെ സംഗീത-നൃത്ത സാന്ദ്രമാക്കിയപ്പോൾ, ഫീമെയിൽ വോയ്‌സിൽ യു കെയിലെ പ്രശസ്ത ഗായികയും, യുഗ്മ ദേശീയ കലാപ്രതിഭയുമായിരുന്ന ആനി അലോഷ്യസ് സംഗീതരാഗഭാവങ്ങളിൽ,മധുരോദാരമായ പാട്ടുകളുമായി സദസ്സിനെ കൈയിലെടുത്തു.

ആലാപന സൗന്ദര്യത്തിന്റെ വേറിട്ട മുഖവുമായി വേദി കയ്യിലെടുത്ത കൈരളി-കപ്പ ടീ വി ഫെയിം അൻവിൻ കെടാമംഗലം സദസ്സിനെ നിമിഷ നേരം കൊണ്ട് പരിശീലിപ്പിച്ചു നടത്തിയ ‘സമൂഹ ഗാന’മടക്കം ആലപിച്ച ഗാനങ്ങൾ ഏറെ ആകർഷകവും ആസ്വാദ്യവുമായി.സ്റ്റാർ സിംഗർ ഫെയിം രാജീവ് രാജശേഖരൻ തൻെറ ശബ്ദ മാധുര്യം കൊണ്ടും, ആലാപന മികവുകൊണ്ടും ആസ്വാദക ഹൃദയങ്ങൾ കീഴടക്കുകയായിരുന്നു. ഗാന നിശയെ വർണ്ണാഭവും, സംഗീതസാന്ദ്രവുമാക്കുന്നതിൽ ഏറെ കയ്യടി നേടുവാൻ ഗസ്റ്റ് ആർട്ടിസ്റ്റുകളായ ഡോ.രാംകുമാർ ഉണ്ണികൃഷ്ണൻ, സജിത്ത് വർമ്മ, നിധിൻ ശ്രീകുമാർ, ഡോ.ആശാ നായർ എന്നീ ഗായകർക്കായി.

സർഗ്ഗം സ്റ്റീവനേജിന്റെ സ്വന്തം ഗായക പ്രതിഭകളും, യു കെ യിൽ വിവിധ വേദികളിൽ ഗാനാലാപനത്തിലൂടെ ശ്രദ്ധേയരുമായ ജെസ്ലിൻ വിജോ, ബോബൻ സെബാസ്റ്റ്യൻ, ഹെൻട്രിൻ ജോസഫ്, ടാനിയ അനൂപ്, ഡോ. ആരോമൽ, നിസ്സി ജിബി, ഡോ. അബ്രാഹം സിബി തുടങ്ങിയർ ശബ്ദ മാധുര്യം കൊണ്ടും, ആലാപന മികവ് കൊണ്ടും സംഗീതനിശയിൽ വർണ്ണവിസ്മയം തീർക്കുകയായിരുന്നു.

തുടർന്ന് തുടങ്ങിയ ‘ഡീ ജെ’ സംഗീത-നൃത്ത- ആഹ്ളാദ വേദിയായി. ആവേശം അണപൊട്ടിയ ഡീ ജെ യിൽ സദസ്സൊന്നാകെ ഇരിപ്പിടങ്ങളിൽ നിന്നുമെഴുന്നേറ്റ്, നടുത്തളത്തിലിറങ്ങി, ഹർഷാരവം മുഴക്കിയും, നൃത്തച്ചുവടുകൾ വെച്ചും,ചൂളം വിളിച്ചും, കൈകൊട്ടിയും മതിമറന്നുള്ള ആനന്ദ ലഹരിയിൽ വേദി ലയിച്ചു.

സജീവ് ദിവാകരൻ ലൈറ്റ് & സൗണ്ടിനു നേതൃത്വം നൽകി. ടെസ്സി ജെയിംസ് അവതാരകയായും തിളങ്ങി. ബ്രയാൻ ജെയിംസ് സംഗീതവേദിയെ ക്യാമറയിൽ ഒപ്പിയെടുത്തു. സർഗ്ഗം കമ്മിറ്റി ഭാരവാഹികളായ ജെയിംസ് മുണ്ടാട്ട്, ഹരിദാസ് തങ്കപ്പൻ, അലക്‌സാണ്ടർ തോമസ്, നന്ദു കൃഷ്ണൻ, പ്രവീൺ തോട്ടത്തിൽ, ചിന്ദു ആനന്ദൻ, വിൽസി പ്രിൻസൺ എന്നിവർ സർഗ്ഗം സ്റ്റീവനേജ് ഒരുക്കിയ കോംപ്ലിമെന്ററി സംഗീത നിശക്ക് സംഘാടകത്വം വഹിച്ചു.ഗായകർക്കുള്ള ഭക്ഷണവും മറ്റും ‘കറി വില്ലേജ്’ ആണ് സ്പോൺസർ ചെയ്തത്. ബാനർ തയ്യാറാക്കി എത്തിച്ചതിൽ ജോണി കല്ലടാന്തി കോർഡിനേറ്റു ചെയ്തു. സർഗ്ഗം പ്രസിഡന്റ് അപ്പച്ചൻ കണ്ണഞ്ചിറയുടെ നന്ദി പ്രകാശനത്തോടെ സംഗീതരാവിന് സമാപനമായി.

ഉത്പാദന ചെലവായ 200 രൂപപോലും കിട്ടാത്ത സാഹചര്യത്തില്‍ ചരിത്രത്തില്‍ ആദ്യമായി റബ്ബര്‍ വില്‍പ്പന നിര്‍ത്തിവെക്കല്‍ സമരവുമായി കര്‍ഷകര്‍. റബ്ബര്‍ വില 200 രൂപ കടക്കുന്നതുവരെ വില്‍പ്പന നിര്‍ത്തിവെക്കാന്‍ ഉത്പാദകസംഘങ്ങളുടെ ദേശീയക്കൂട്ടായ്മ കര്‍ഷകരെ ആഹ്വാനം ചെയ്യും.

കൂടിയവിലയ്ക്ക് അന്താരാഷ്ട്ര ചരക്ക് വാങ്ങിയുണ്ടായ നഷ്ടം നികത്താന്‍ ടയര്‍ കമ്പനികള്‍ തദ്ദേശീയ റബ്ബറിന്റെ വില ഇടിക്കുകയാണെന്ന് എന്‍.സി.ആര്‍.പി.എസ്. ദേശീയ പ്രസിഡന്റ് വി.വി. ആന്റണി, ജനറല്‍ സെക്രട്ടറി ബാബു ജോസഫ് എന്നിവര്‍ പറഞ്ഞു.

വന്‍തോതില്‍ റബ്ബര്‍ ഇറക്കുമതി ചെയ്ത് കമ്പനികള്‍ ഗോഡൗണുകള്‍ നിറച്ചിരിക്കുകയാണ്. കര്‍ഷകരില്‍നിന്ന് റബ്ബര്‍ സംഭരിച്ച് വിപണിയില്‍ ഇടപെടാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകുന്നില്ല. അടിയന്തരമായി റബ്ബര്‍ സംഭരണം പുനരാരംഭിക്കണം. ഇതിന് സന്നദ്ധമല്ലെങ്കില്‍ ഉത്തേജക പാക്കേജിലെ അടിസ്ഥാനവില 250 രൂപയായി ഉയര്‍ത്തണം.

ആസിയാന്‍ രാജ്യങ്ങളില്‍നിന്ന് 5-10 ശതമാനം വരെയുള്ള ഇറക്കുമതിത്തീരുവയില്‍ കോമ്പൗണ്ട് റബ്ബര്‍ ഇറക്കി ടയര്‍ കമ്പനികള്‍ സര്‍ക്കാരിനെയും കര്‍ഷകരെയും ഒരുപോലെ വഞ്ചിക്കുകയാണെന്നും എന്‍.സി.ആര്‍.പി.എസ്. ഭാരവാഹികള്‍ കുറ്റപ്പെടുത്തി.

സമരത്തിന്റെ പ്രചാരണാര്‍ത് സംസ്ഥാനത്ത് നവംബറില്‍ റബ്ബര്‍ ബോര്‍ഡ് റീജണുകളുടെ കിഴിലുള്ള ഉത്പാദകസംഘങ്ങളെ പങ്കെടുപ്പിച്ച് കണ്‍വെന്‍ഷനുകള്‍, വാഹനജാഥ എന്നിവ നടത്തും. ഡിസംബറില്‍ എറണാകുളം കാക്കനാട്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് ഓഫീസിനു മുന്‍പില്‍ ധര്‍ണ നടത്തും.

ആലപ്പുഴക്കാരുടെ സ്വൈര്യ ജീവിതം തകർത്ത് മോഷണ സംഘം. പുന്നപ്രയിയിൽ ഉറങ്ങിക്കിടന്ന അമ്മയുടെയും കുഞ്ഞിൻ്റെയും സ്വർണമാല കവർന്നു. പറവൂർ തൂക്കുകുളം കിഴക്ക് മനോഹരന്റെ വീടിന്റെ അടുക്കളവാതിൽ കുത്തിത്തുറന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന മകൾ നീതുവിന്റെ കഴുത്തിൽ കിടന്ന ഒന്നരപവന്റെ സ്വർണ്ണമാലയും 9 മാസം പ്രായമുള്ള കുഞ്ഞിന്റെ അര പവന്റെ മാലയുമാണ് അപഹരിച്ചത്.

അടുക്കളവാതിലിന്റെ കൊളുത്ത് പൊളിച്ചാണ് കള്ളൻ അകത്തുകയറിയത്. പാന്റ് മടക്കിവച്ച് ഷർട്ടിടാതെ മുഖം മറച്ച ഒരാളാണ് മോഷണം നടത്തിയത്. മുറിക്കകത്തെ വെളിച്ചത്തിൽ കണ്ടുവെന്നും കുഞ്ഞുള്ളതുകൊണ്ട് രാത്രി ലൈറ്റിട്ടാണ് കിടക്കുന്നതെന്നും മാല നഷ്ടപ്പെട്ട നീതു പോലീസിനു നൽകിയത്.

മോഷണ രീതിയിലെ സമാനതകളിൽ മണ്ണഞ്ചേരിയിൽ മോഷണം നടത്തിയ കുറുവ സംഘമാണ് പുന്നപ്രയിലും മോഷണം നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. കുറുവ സംഘത്തിനായി പോലീസിന്റെ ശക്തമായ അന്വേഷണം നടക്കുന്നിതിടയിലാണ് വീണ്ടും മോഷണം.

കുറുവാ സംഘത്തിന്റേതെന്ന് സംശയിക്കുന്ന പത്തോളം മോഷണങ്ങളാണ് ജില്ലയിൽ അടുത്തിടെ ഉണ്ടായത്. കോമളപുരത്തും മണ്ണഞ്ചേരിയിലും ചേർത്തലയിലും കായംകുളത്തുമാണ് കുറുവാ സംഘത്തിന്റെ സാന്നിധ്യം തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചത്. അടുക്കള വാതിൽ പൊളിച്ച് അകത്തു കടക്കൽ, വസ്ത്രധാരണം, സ്ത്രീകളുടെ മാത്രം മാല പൊട്ടിക്കൽ തുടങ്ങിയ മോഷണ രീതികളിൽ നിന്നാണ് കുറുവാ സംഘം എന്ന് പോലീസ് സംശയിക്കുന്നത്.

സാമ്പത്തിക വ്യത്യാസമില്ലാതെ കേരളത്തിലെ സ്ത്രീകൾ സ്വർണാഭരണങ്ങൾ ധരിക്കുന്നതു കൊണ്ടാണെന്നാണ് കുറുവാ സംഘം മോഷണം നടത്താനായി കേരളം തിരഞ്ഞെടുക്കുന്നതെന്ന് പോലീസ് പറയുന്നത്. നിലവിൽ ആലപ്പുഴ ഡിവൈഎസ്പി എംആർ മധുബാബുവിന്റെ നേതൃത്വത്തിൽ ഏഴംഗ സംഘമാണ് മോഷ്ടാക്കൾക്കായി അന്വേഷണം നടത്തുന്നത്.

ബംഗാള്‍ സ്വദേശികള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ നിന്ന് കഞ്ചാവ് ചെടി പിടികൂടി പൊലീസ്. നഗരമധ്യത്തില്‍ സക്കറിയ ബസാര്‍ ജംഗ്ഷന് സമീപത്തെ വീട്ടില്‍ നിന്നാണ് കഞ്ചാവ് ചെടി പിടികൂടിയത്. ഇതിന് ആറടിയ്ക്ക് മുകളില്‍ ഉയരമുണ്ട്. ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും സൗത്ത് പൊലീസും ചേര്‍ന്നാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.

കടപ്പുറം വനിതാ ശിശു ആശുപത്രി റോഡിന് സമീപം മതിലിനോട് ചേര്‍ന്നാണ് കഞ്ചാവ് ചെടി വളര്‍ന്ന് നിന്നത്. ചെടി വളര്‍ത്തിയത് ആരാണെന്ന് വ്യക്തമായിട്ടില്ല. കുറച്ചു ദിവസമായി വാടകയ്ക്ക് താമസിക്കുന്നവര്‍ സ്ഥലത്തില്ല. ഇവരെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കഞ്ചാവ് ചെടി വളര്‍ത്തിയത് സംബന്ധിച്ച വിവരം ലഭിക്കുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.

വീടിന്റെ ഉടമയോടും വീട് വാടകയ്ക്ക് കൈമാറിയവരോടും പൊലീസ് വിവരങ്ങള്‍ തേടിയിട്ടുണ്ട്. നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ബി. പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ആലപ്പുഴ ഡിവൈഎസ്പി മധു ബാബുവിന്റെ നേതൃത്വത്തിലുള്ള സൗത്ത് പൊലീസ് സംഘവും ചേര്‍ന്നാണ് കഞ്ചാവ് ചെടി പിടിച്ചെടുത്തത്.

രൂപയുടെ മൂല്യം വ്യാഴാഴ്ചയിലെ വ്യാപാരത്തിനിടെ എക്കാലത്തെയും താഴ്ന്ന നിരക്കാരായ 84.41 നിലവാരത്തിലെത്തി. വിദേശ നിക്ഷേപകരുടെ പിന്മാറ്റത്തോടൊപ്പം ഡോളറിന്റെ ഡിമാന്റ് വര്‍ധിച്ചതാണ് രൂപയ്ക്ക് തിരിച്ചടിയായത്.

അതേസമയം മൂല്യം പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഇടപെടല്‍ ശക്തമാക്കി. വന്‍തോതില്‍ ഡോളര്‍ വിപണിയിലിറക്കി. ഇതോടെ ഫോറെക്സ് കരുതല്‍ ശേഖരം 704 ബില്യണ്‍ ഡോളറില്‍ നിന്ന് 682 ബില്യണ്‍ ഡോളറായി.

ആറ് കറന്‍സികള്‍ക്കെതിരെയുള്ള ഡോളര്‍ സൂചികയില്‍ 0.18 ശതമാനമാണ് മുന്നേറ്റം ഉണ്ടായത്. 106.66 നിലവാരത്തിലാണ് ഡോളര്‍ സൂചികയിപ്പോള്‍. നിലവിലെ വിപണി സാഹചര്യം കണക്കിലെടുക്കുമ്പോള്‍ 83.80-84.50 നിലവാരത്തില്‍ മൂല്യത്തില്‍ വ്യതിയാനമുണ്ടാകാന്‍ സാധ്യതകയുണ്ടെന്നാണ് വിലയിരുത്തല്‍.

സമീപ കാലയളവില്‍ നടപ്പാക്കിയ 1.4 ലക്ഷം കോടി യുവാന്റെ ഉത്തേജന നടപടികള്‍ ചൈനീസ് വിപണികളിലേക്ക് വിദേശ നിക്ഷേപം വന്‍തോതില്‍ ആകര്‍ഷിക്കാനിടയാക്കിയിരുന്നു. ഇന്ത്യന്‍ ആസ്തികളില്‍ നിന്ന് വന്‍തോതില്‍ നിക്ഷേപം പുറത്തേക്കൊഴുകി. അതോടൊപ്പം രാജ്യത്തെ പണപ്പെരുപ്പ വര്‍ധന രൂപയില്‍ അധിക സമ്മര്‍ദമുണ്ടാക്കുകയും ചെയ്തു.

ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള ഒക്ടോബറിലെ പണപ്പെരുപ്പം 14 മാസത്തെ ഉയര്‍ന്ന നിലവാരമായ 6.21 ശതമാനത്തിലെത്തി. ആര്‍ബിഐയുടെ ക്ഷമതാ പരിധിക്ക് മുകളിലാണ് പണപ്പെരുപ്പ നിരക്കിപ്പോള്‍. സെപ്റ്റംബറില്‍ 5.49 ശതമാനവും മുന്‍വര്‍ഷം ഇതേ കാലയളവില്‍ 4.87 ശതമാനവുമായിരുന്നു നിരക്ക്. ലോകമെങ്ങുമുള്ള പ്രവാസി മലയാളികൾ നേട്ടം കൊയ്തപ്പോഴും പൗണ്ടിന്റെ വിലയിടുവു മൂലം യുകെ മലയാളികൾക്ക് നിരാശയായിരുന്നു ഫലം.

വിഖ്യാത ബ്രിട്ടീഷ് നടന്‍ തിമൊത്തി വെസ്റ്റ് (90) അന്തരിച്ചു. നവംബര്‍ 12-നായിരുന്നു മരണം. അരങ്ങിലെയും പുറത്തെയും ദീര്‍ഘവും അസാധാരണവുമായ ജീവിതത്തിന് ശേഷം ഞങ്ങളുടെ പ്രിയങ്കരനായ പിതാവ് അന്തരിച്ചുവെന്ന് മക്കളായ ജൂലിയറ്റ്, സാമുവല്‍, ജോസഫ് എന്നിവര്‍ പ്രസ്താവനയിലൂടെ അറിയിച്ചു. പ്രുനല്ല സ്‌കെയില്‍സാണ് വെസ്റ്റിന്റെ ഭാര്യ.

ടെലിവിഷന്‍ പരമ്പരകളിലൂടെയും നാടകങ്ങളിലൂടെയും ശ്രദ്ധേയനായ തിമൊത്തി അവതാരകന്‍ എന്ന നിലയ്ക്കും പ്രശസ്തനായിരുന്നു. നോട്ട് ഗോയിങ് ഔട്ട്, ബ്ലേക്ക് ഹൗസ്, ജെന്റില്‍മാന്‍ ജാക്ക് തുടങ്ങിയ ടെലിവിഷന്‍ പരമ്പരകളിലൂടെ ഏറെ ജനപ്രീതി നേടി. ജോസഫ് സ്റ്റാലിന്‍, വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ തുടങ്ങിയവരെ തിരശ്ശീലയില്‍ അവതരിപ്പിച്ചതിലൂടെ കയ്യടി നേടിയിരുന്നു.

തമിഴ്നാട്ടിലെ ട്രിച്ചിയില്‍ പറങ്കിമാവിന്‍ തോട്ടത്തില്‍ ‘തൂങ്ങി മരിച്ച’ പിടികിട്ടാപ്പുളളി പാണ്ടി ചന്ദ്രനെ കായംകുളം കനകക്കുന്ന് ബോട്ട് ഞെട്ടിയില്‍ നിന്ന് ജീവനോടെ പൊക്കി പത്തനംതിട്ട പോലീസ്. മലയാലപ്പുഴ വഞ്ചിക്കുഴിയില്‍ പടി സുധീഷ് ഭവനത്തില്‍ പാണ്ടി ചന്ദ്രന്‍ എന്ന് വിളിപ്പേരുള്ള ചന്ദ്രനെ (52) യാണ് പോലീസ് സാഹസികമായി പിടികൂടിയത്.

പത്തനംതിട്ട പോലീസ് സ്റ്റേഷന്‍ പരിധിയില്‍ അഞ്ചോളം മോഷണക്കേസുകളില്‍ ലോങ്പെന്‍ഡിങ് വാറണ്ടും വിവിധ ജില്ലകളില്‍ മറ്റ് മോഷണക്കേസുകളും പാണ്ടി ചന്ദ്രന്റെ പേരിലുണ്ട്. പത്തനംതിട്ടയില്‍ മലയാലപ്പുഴ താവളം ആക്കിയാണ് ചന്ദ്രന്‍ വിവിധ ഭാഗങ്ങളില്‍ മോഷണങ്ങള്‍ നടത്തിയിരുന്നത്. വളരെ വേഗത്തില്‍ വേഷപ്രച്ഛന്നന്‍ ആകാന്‍ കഴിവുള്ള ശരീര പ്രകൃതമാണ് പാണ്ടിയുടേത്. പകല്‍ ഹോട്ടലില്‍ ജോലി ചെയ്യും. രാത്രികാലങ്ങളില്‍ മോഷണ കലയിലെ വിശ്വരൂപം പുറത്തെടുക്കും. പത്തനംതിട്ട പോലീസിന് എന്നും തലവേദനയായിരുന്നു പാണ്ടിചന്ദ്രന്‍ എന്ന പിടികിട്ടാപ്പുള്ളി.

15 വര്‍ഷം മുന്‍പ് മലയാലപ്പുഴയില്‍ നിന്നും വീടും വസ്തുവും വിറ്റ് തമിഴ്നാട്ടിലേക്ക് നാടുവിട്ടു . ഇയാളെ പിന്നീട് ആരും കണ്ടതായി അറിവില്ല. ജില്ലാ പോലീസ് മേധാവിയായി വി.ജി. വിനോദ് കുമാര്‍ ചുമതലയേറ്റ ശേഷം പിടികിട്ടാപ്പുള്ളികളായ പ്രതികളുടെ ലിസ്റ്റ് തയ്യാറാക്കുകയും ഓരോ സ്റ്റേഷനിലും എസ്.എച്ച്‌.ഓയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘങ്ങള്‍ രൂപീകരിക്കുകയും ചെയ്തു. ഈ സംഘമാണ് പാണ്ടി ചന്ദ്രനെ പറ്റി കൂടുതല്‍ അന്വേഷണം നടത്തിയത്.

ഒടുവില്‍ ഒരു കേസിലെ ജാമ്യക്കാരനായ മലയാലപ്പുഴ സ്വദേശി മോഹനന്‍ നായരെ കണ്ടെത്തി. അയാളോട് അന്വേഷിച്ചപ്പോള്‍ പാണ്ടി ചന്ദ്രന് വേണ്ടി ജാമ്യം നിന്നതില്‍ മോഹനന്‍ നായര്‍ക്ക് വാറണ്ടായി. കോടതിയില്‍ 10000 രൂപ കെട്ടിവയ്ക്കേണ്ടി വരികയും ചെയ്തു. തുടര്‍ന്ന് മോഹനന്‍ നായര്‍ തമിഴ്നാട്ടിലെ പാണ്ടിചന്ദ്രന്റെ ജന്മസ്ഥലമായ തൃച്ചിയില്‍ ഇയാളെപ്പറ്റി അന്വേഷിച്ചു. 10 വര്‍ഷം മുന്‍പ് ഇയാള്‍ പറങ്കിമാവിന്‍ തോട്ടത്തില്‍ കെട്ടിത്തൂങ്ങി മരിച്ചുവെന്ന വിവരമാണ് ബന്ധുക്കളില്‍ നിന്ന് കിട്ടിയത്. ഈ മറുപടിയില്‍ പൂര്‍ണമായും വിശ്വാസം വരാത്ത പത്തനംതിട്ട സ്റ്റേഷനിലെ കോടതി ഡ്യൂട്ടിക്കാരന്‍ സി.പി.ഓ രജിത്. കെ. നായര്‍ തമിഴ്നാട്ടുകാരായ പലരോടും പാണ്ടി ചന്ദ്രനെ അന്വേഷിച്ചു.

ശബരിമല കേന്ദ്രീകരിച്ച്‌ ഹോട്ടല്‍ ജോലി ചെയ്യുന്ന ചന്ദ്രന്‍ എന്നയാളെ പറ്റി അറിഞ്ഞു. അയാള്‍ക്ക് മോഷണക്കേസുകള്‍ ഉണ്ടെന്നും വിവരം ലഭിച്ചു. അയാളുടെ മക്കള്‍ കായംകുളം മുതുകുളം ഭാഗത്ത് താമസിക്കുന്നു എന്നുള്ള വിവരവും കിട്ടി. മുതുകുളം കേന്ദ്രീകരിച്ച്‌ നടന്ന അന്വേഷണത്തില്‍ മലയാലപ്പുഴ ഭാഗത്ത് നിന്നും വന്ന താമസിക്കുന്ന ചന്ദ്രന്‍ എന്ന ആളിന്റെ മകനെ തിരിച്ചറിഞ്ഞു. പാണ്ടി ചന്ദ്രന്റെ മകനാണ് ഇതെന്ന് സ്ഥിരീകരിച്ചു.

അയല്‍വാസികളോട് ചന്ദ്രന്‍ എപ്പോള്‍ വീട്ടില്‍ വന്നാലും വിവരം അറിയിക്കണമെന്ന് രഹസ്യം നിര്‍ദ്ദേശം നല്‍കി പോലീസുകാരന്‍ മടങ്ങി. ഒടുവില്‍ അഞ്ചു മാസത്തോളം പോലീസ് കാത്തിരുന്ന വിളി 13 ന് പുലര്‍ച്ചെ 1.30 ന് എത്തി. പാണ്ടി ചന്ദ്രന്‍ മകന്റെ വീട്ടില്‍ എത്തിയിട്ടുണ്ട് എന്ന വിവരമായിരുന്നു അത്. പോലീസുകാരന്‍ രജിത്ത് ഉടന്‍ തന്നെ എസ്.ഐ ജിനുവിനെ വിവരം അറിയിച്ചു.

എന്നാല്‍, മുതുകുളം ഭാഗത്ത് എത്തിയ പോലീസിന് മകന്റെ വീട്ടില്‍ പാണ്ടി ചന്ദ്രനെ കാണാന്‍ സാധിച്ചില്ല. പ്രദേശം കേന്ദ്രീകരിച്ച്‌ നടത്തിയ തെരച്ചിലില്‍ കനകക്കുന്ന് ബോട്ട് ജെട്ടിക്ക് സമീപം വച്ച്‌ പുലര്‍ച്ചെ മൂന്നരയ്ക്ക് ഇയാളെ കണ്ടെത്തി. തന്ത്രപരവും സാഹസികവുമായ നീക്കത്തിലൂടെ ചന്ദ്രനെ കീഴ്പ്പെടുത്തി പത്തനംതിട്ട സ്റ്റേഷനില്‍ എത്തിക്കുകയും കോടതിയില്‍ ഹാജരാക്കി റിാന്‍ഡ് ചെയ്യുകയും ചെയ്തു. എസ്.ഐ ഷിജു. പി. സാം, എസ്.സി.പി.ഓ വിജീഷ്, സി.പി.ഓമാരായ രജിത്ത്, രാജേഷ്, സൈദലി, രഞ്ജിത്ത് എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

താനെഴുതാത്ത, തന്നോട് സമ്മതം ചോദിക്കാത്ത ആത്മകഥ താനറിയാതെ പ്രകാശനം ചെയ്യുമെന്ന് പറയുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് സി.പി.എം. നേതാവും ഇടതു മുന്നണി മുന്‍ കണ്‍വീനറുമായ ഇ.പി. ജയരാജന്‍. താന്‍ ആതമകഥ എഴുതിക്കൊണ്ടിരിക്കുകയാണെന്നും ഇപ്പോഴും അത് പൂര്‍ത്തിയായിട്ടില്ലെന്നും ഇ.പി. ജയരാജന്‍ മാധ്യമങ്ങളോടു പറഞ്ഞു.

പുസ്തക വിവാദത്തില്‍ ഡിജിപിക്ക് പരാതി നല്‍കിയെന്നും ജയരാജന്‍ അറിയിച്ചു. സമ​ഗ്രമായ അന്വേഷണം നടത്തണമെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നിയമനടപടികൾ സ്വീകരിക്കാൻ അഭിഭാഷകൻ മുഖേന നടപടി ആരംഭിച്ചിട്ടുണ്ടെന്നും ഇപ്പോൾ പുറത്തുവന്നതെല്ലാം കൃത്രിമമായി സൃഷ്ടിച്ച് തന്റെ ആത്മകഥയുമായി കൂട്ടിക്കുഴച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.

എന്റെ പുസ്തകം ഞാനറിയാതെ എങ്ങനെ പ്രസിദ്ധീകരിക്കും. പുസ്തകം പ്രസിദ്ധീകരിച്ച കാര്യം മാധ്യമ വാര്‍ത്തകളിലാണ് അറിഞ്ഞത്. തികച്ചും തെറ്റായിട്ടുള്ള നിലപാടാണ് ഡിസി ബുക്‌സ് സ്വീകരിച്ചത്. ഞാനെഴുതിയ പുസ്തകത്തിന്റെ പ്രകാശനം ഇന്ന് നടക്കുന്നുവെന്ന് ഞാനറിഞ്ഞത് മാധ്യമ വാര്‍ത്തകളിലാണെന്നും ഇ.പി. പറഞ്ഞു.

‘ഞാൻ എന്റെ ആത്മകഥ പ്രസിദ്ധീകരിക്കാൻ ആരേയും ചുമതലപ്പെടുത്തിയിട്ടില്ല. എന്നോട് ഡി.സി. ബുക്‌സ് ചോദിച്ചിരുന്നു. മാതൃഭൂമി ബുക്‌സ് ചോദിച്ചിരുന്നു. അങ്ങനെ നിൽക്കുകയാണ് ഇതിന്റെ പ്രസിദ്ധീകരണത്തിനു വേണ്ട നടപടിക്രമം. എല്ലാം പൂർത്തീകരിച്ച്, ആകെയൊന്നു വായിച്ചുനോക്കി അതിന്റെ അടിസ്ഥാനത്തിൽ പൂർത്തീകരിച്ച് അച്ചടിക്കായി കൊടുക്കാം എന്നാണ് ഞാൻ ഉദ്ദേശിക്കുന്നത്.

“ഇത് ആസൂത്രിതമായ ​ഗൂഢാലോചനയാണ്. പ്രത്യേകിച്ച് ഇന്ന് തിരഞ്ഞെടുപ്പ് ദിവസമാണ്. ഈ ദിവസം തന്നെ തിരഞ്ഞെടുത്ത് ആസൂത്രിതമായ പദ്ധതി തയ്യാറാക്കിയതാണ്. ഇതുപോലെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ, ഒന്നര വർഷം മുൻപ് നടന്ന സംഭവം വാർത്തയാക്കി. ഇത് തുടർച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന നടപടിയാണ്. അന്വേഷിച്ച് കണ്ടെത്തേണ്ട കുറേ കാര്യങ്ങളുണ്ട്. കൂടുതൽ വ്യക്തത വരേണ്ടതുണ്ട്.

“എഴുതിയതെല്ലാം എഡിറ്റ് ചെയ്ത് തയ്യാറാക്കാൻ, വിശ്വസ്തനായ ഒരു പത്രപ്രവർത്തകനെ ചുമതലപ്പെടുത്തിയിരുന്നു. അദ്ദേഹത്തിൽനിന്ന് ഇത് പുറത്തുപോകാൻ സാധാരണ​ഗതിയിൽ സാധ്യതയില്ല. എവിടെനിന്നാണ് ഇത് പുറത്തുപോയതെന്ന് പരിശോധിക്കണം’, അദ്ദേഹം കൂട്ടിച്ചേർത്തു.

“ഇപ്പോൾ നടന്നത് വ്യക്തഹത്യയാണ്. അതുവഴി പാർട്ടിയെ തകർക്കുക, തിരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്തുക എന്നിവയൊക്കെയാണ് ലക്ഷ്യം.” ഇവ നടന്നിരിക്കുന്നത് പാർട്ടിക്കുള്ളിൽനിന്ന് തന്നെയാണോ എന്ന് കണ്ടെത്തിയാൽ ആല്ലേ പറയാൻ പറ്റൂവെന്നും ഇ.പി. പറഞ്ഞു.

എന്തുകൊണ്ട് ചിന്ത ബുക്സിനെ പുസ്തകം പ്രസിദ്ധീകരിക്കാൻ ഏൽപ്പിച്ചില്ലാ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ചിന്ത ബുക്സ് വന്നാൽ അപ്പോൾ ആലോചിക്കാമെന്നായിരുന്നു ഇ.പിയുടെ മറുപടി. സിപിഎമ്മിൽ എല്ലാ കാലത്തും വിവാദമുണ്ടാകുമ്പോൾ അതിന്റെ ഒരറ്റത്ത് ഇ.പി ജയരാജന്റെ പേര് ഉണ്ടല്ലോ എന്ന ചോദ്യത്തിന്, മാങ്ങയുള്ള മാവിലല്ലേ കല്ലെറിയൂ എന്നായിരുന്നു പ്രതികരണം.

ബുധനാഴ്ച രാവിലെ മുതലാണ് ഇടതുമുന്നണിയെ വെട്ടിലാക്കി ഇ.പി.യുടെ ആത്മകഥാ വിവാദം ചൂടുപിടിക്കുന്നത്. പാർട്ടി തന്നെ കേൾക്കാൻ തയ്യാറായില്ലെന്നും രണ്ടാം പിണറായി സർക്കാർ ദുർബലമാണെന്നും ആത്മകഥയിൽ പറയുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. പാലക്കാട്ടെ ഇടതുമുന്നണി സ്ഥാനാർഥി സരിനെതിരെയും വിമര്‍ശനമുള്ളതായും ആരോപണങ്ങൾ ഉയർന്നു.എന്നാൽ, ഈ ആരോപണങ്ങളെ പൂർണമായും തള്ളി ഇ.പി രം​ഗത്തെത്തി.

ഇ.പി. ജയരാജൻ എഴുതിയതെന്ന് ഡി.സി ബുക്സ് അവകാശപ്പെട്ട കട്ടൻ ചായയും പരിപ്പുവടയും എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നത് നീട്ടിവെച്ചതായി പിന്നീട് പ്രസാധകര്‍ അറിയിച്ചു. നിർമിതിയിലുള്ള സാങ്കേതിക പ്രശ്നം മൂലമാണ് തീരുമാനമെന്നാണ് വിശദീകരണം. ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങൾ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോൾ വ്യക്തമാകുന്നതാണെന്നും ഡി.സി ബുക്സ് ഫെയ്സ്ബുക്കിൽ കുറിച്ചു.

വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കും ചേലക്കര നിയമസഭാ മണ്ഡലത്തിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പിന്റെ വിധിയെഴുത്തിനുള്ള നിശ്ചിത സമയം അവസാനിച്ചു. രണ്ടിടങ്ങളിലും രാവിലെ ഏഴുമണിക്കാണ് വോട്ടെടുപ്പ് തുടങ്ങിയതെങ്കിലും ചേലക്കരയില്‍ പല ബൂത്തുകളിലും ആറുമണിക്ക് ശേഷവും പോളിങ് തുടരുകയാണ്. വയനാട്ടില്‍ രാവിലെ മുതലുണ്ടായിരുന്ന പോളിങിലെ കുറവ് ഉച്ചയ്ക്ക് ശേഷവും തുടര്‍ന്നു.

വയനാട്ടില്‍ ഇത്തവണ പോളിങ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോള്‍ ചേലക്കരയില്‍ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്. പോളിങ് സമയം വൈകിട്ട് ആറിന് പൂര്‍ത്തിയായപ്പോഴും വയനാട്ടിലെ ബൂത്തുകളില്‍ കാര്യമായ തിരക്കുണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അന്തിമ കണക്കനുസരിച്ച് വയനാട്ടില്‍ 64.53 ശതമാനമാണ് പോളിങ്.

കഴിഞ്ഞ തവണ 73 ശതമാനയായിരുന്നു ഇത്. പോളിങ് ശതമാനം കുറഞ്ഞത് വയനാട്ടിലെ യുഡിഎഫ് ക്യാമ്പുകളില്‍ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ എല്‍ഡിഎഫ് കേന്ദ്രങ്ങളിലാണ് പോളിങ് കുറഞ്ഞത് എന്നാണ് യുഡിഎഫ് നേതാക്കള്‍ അവകാശപ്പെടുന്നത്. തിരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിച്ചതിലുള്ള ജനങ്ങളുടെ എതിര്‍പ്പാണ് പോളിങ് കുറയാന്‍ കാരണമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരി പറഞ്ഞു. എല്‍ഡിഎഫ് വോട്ടുകള്‍ എല്ലാം പോള്‍ ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.

ചേലക്കരയില്‍ 72.54 ശതമാനം വോട്ടാണ് ഇതുവരെ രേഖപ്പെടുത്തിയത്. അറുമണിക്ക് ശേഷവും ചില ബൂത്തുകളില്‍ നീണ്ട നിരയായിരുന്നു കാഴ്ച. 70 ശതമാനത്തിന് മുകളിലാണ് പല ബൂത്തുകളിലും പോളിങ്.പോളിങ് ഉയര്‍ന്നത് ഭരണവിരുദ്ധ വികാരമായി യുഡിഎഫ് കണക്കുക്കൂട്ടുന്നു. എന്നാല്‍ ചേലക്കര നിലനിര്‍ത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ് ക്യാംപ്.

കാത്തലിക് സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൻ CSMEGB കമ്മീഷൻ ഫോർ ചർച്ച് ക്വയർ,
നടത്തുന്ന കരോൾ ഗാനമത്സരം  ” Qandish 2024” ഡിസംബർ 7- ന് ലെസ്റ്ററിലെ മദർ ഓഫ് ഗോഡ് ദേവാലയത്തിൽ രാവിലെ 10 മണി മുതൽ നടക്കും .

രൂപതയിലെ എല്ലാ ഇടവകളിലെ, മിഷനുകളിലെ, പ്രൊപോസ്ഡ് മിഷനുകളിലെ, മാസ്സ് സെന്ററുകളിലെ ക്വയർ ടീമുകൾക്ക് പങ്കെടുക്കാം. നവംബർ 30-ന് മുൻപ് താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിച്ച് രജിസ്റ്റർ ചെയ്യാം .

Google Form Registration
https://docs.google.com/forms/d/e/1FAIpQLScXMIfX8vh77RqA_wNqYe5zXGmbuZZGe-qGtmsZR8bB66cqzg/viewform

വിജയികൾക്കുള്ള സമ്മാനങ്ങൾ

ഒന്നാം സമ്മാനം: £500 + ട്രോഫി
രണ്ടാം സമ്മാനം: £300 + ട്രോഫി
മൂന്നാം സമ്മാനം: £200 + ട്രോഫി

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

ഫാ. പ്രജിൽ പണ്ടാരപ്പറമ്പിൽ (Chairman, CSMEGB Commission For Church Choir)
07424 165013
ജോമോൻ മാമ്മൂട്ടിൽ
07930 431445

വേദിയുടെ വിലാസം:

Mother of God Church,
Leicester LE3 6NZ

Copyright © . All rights reserved