ബിർമിങ്ഹാമിന്‍റെ മണ്ണിനെ ആവേശംകൊള്ളിച്ച്, സമീക്ഷ യുകെ ഏഴാം ദേശീയ സമ്മേളനം സമാപിച്ചു. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്താണ് പ്രതിനിധി സമ്മേളനത്തിന് തിരശീല വീണത്. രാജി ഷാജിയാണ് സമീക്ഷയുടെ പുതിയ നാഷണല്‍ പ്രസിഡന്‍റ്. നാഷണല്‍ സെക്രട്ടറിയായി ജിജു സൈമണെയും തിരഞ്ഞെടുത്തു. അഡ്വ.ദിലീപ് കുമാറാണ് പുതിയ ട്രഷറർ. പ്രവീൺ രാമചന്ദ്രൻ വൈസ് പ്രസിഡന്‍റും ഉണ്ണികൃഷ്ണൻ ബാലൻ ജോയിന്‍റ് സെക്രട്ടറിയുമാകും. ഇവർക്ക് പുറമെ ശ്രീകാന്ത് കൃഷ്ണൻ, അരവിന്ദ് സതീഷ്, ബൈജു നാരായണൻ, ബാലചന്ദ്രൻ ചിയിമടത്തിൽ എന്നിവരെ സെക്രട്ടേറിയറ്റ് അംഗങ്ങളായി ഉൾപ്പെടുത്തി. 21 അംഗ നാഷണൽ കമ്മിറ്റിയിലേക്ക് ഗ്ലീറ്റർ കോട്ട്പോൾ, ബൈജു പി കെ, ആതിര രാമചന്ദ്രൻ, ദീപ്തി ലൈജു സ്കറിയ, എബിൻ സാബു, സ്വരൂപ് കൃഷ്ണൻ, ജോബി കെ, ഫിതിൽ മുത്തുക്കോയ, ആൻ്റണി ജോസഫ്, സാം കൊക്കുംപറമ്പിൽ, അജീഷ് ഗണപതിയാടൻ, ബിനു കോശി എന്നിവരെയും തെരഞ്ഞെടുത്തു.
ഏരിയാ, യൂണിറ്റ് കമ്മിറ്റികള്‍ പോലെ ദേശീയ നേതൃത്വത്തില്‍ യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാമുഖ്യം നല്‍കിയിട്ടുണ്ട്. സീതാറാം യെച്ചൂരി നഗറില്‍ (നേം പാരിഷ് സെന്‍റർ ഹാള്‍) നടന്ന സമ്മേളനത്തില്‍ 33 യൂണിറ്റുകളില്‍ നിന്നായി 145 പ്രതിനിധികള്‍ പങ്കെടുത്തു. പ്രവർത്തന റിപ്പോർട്ട് മുൻ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി അവതരിപ്പിച്ചു. റിപ്പോർട്ടിനെ അധികരിച്ച് നടന്ന ചർച്ചയില്‍ സംഘടനയെ ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ നിർദേശങ്ങള്‍ ഉയർന്നുവന്നു. നയരൂപീകരണത്തിനൊപ്പം അടുത്ത രണ്ട് വർഷത്തേക്കുള്ള പ്രവർത്തന പരിപാടികളും സമ്മേളനം ആസൂത്രണം ചെയ്തു. ഭാസ്കരൻ പുരയില്‍ അനുശോചന പ്രമേയം വായിച്ചു. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻമന്ത്രിയുമായ കെ കെ ശൈലജ ടീച്ചർ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു.
ജൂലൈ അവസാന വാരം നോർത്താംപ്റ്റണില്‍ ആയിരുന്നു സമീക്ഷയുടെ ആദ്യ യൂണിറ്റ് സമ്മേളനം. ദേശീയ സമ്മേളനത്തോടെ നാല് മാസം നീണ്ടുനിന്ന സമ്മേളനകാലത്തിന് വിട പറയുകയാണ്.
പുതിയ കാലത്തിനൊത്ത് പുതിയ ശൈലിയുമായി സമീക്ഷയുടെ പുതിയ നേതൃത്വം യു യിലെ
മലയാളികള്‍ക്കൊപ്പം ഇനിയും ഉണ്ടാകും.
സിൽക്ക് സ്മിതയുടെ ജീവിതം ആസ്പദമാക്കി വീണ്ടുമൊരു സിനിമ കൂടിഎത്തുന്നു. സിൽക്ക് സ്മിത – ക്വീൻ ഓഫ് ദ സൗത്ത്” എന്ന പേരിട്ട ബയോ പിക്കിൽ ഇന്ത്യൻ വംശജയായ ഓസ്‌ട്രേലിയൻ അഭിനേതാവും മോഡലുമായ ചന്ദ്രിക രവിയാണ് സ്മിതയായി എത്തുക.
എസ്ടിആർ എെ സിനിമാസിന്റെ ബാനറിൽ ജയറാം ശങ്കരൻ സംവിധാനം ചെയ്യുന്ന ചിത്രം എസ് .ബി വിജയ് അമൃതരാജ് ആണ് നിർമാണം.സിൽക്ക് സ്മിതയുടെ ജന്മവാർഷിക ദിനത്തിലായിരുന്നു പ്രഖ്യാപനം. സിനിമയുടെ അനൗൺസ്മെന്റ് വിഡിയോയും അണിയറ പ്രവർത്തകർ പുറത്തിറക്കി.
സിൽക്ക് സ്മിതയുടെ ഇതുവരെ കേൾക്കാത്ത കഥകളിലൂടെയും ചിത്രം പ്രേക്ഷകരെ കൂട്ടി കൊണ്ട് പോകും. അടുത്ത വർഷം ചീത്രീകരണം ആരംഭിക്കും.തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ പുറത്തിറങ്ങും.
ആലപ്പുഴ കളർകോട് കെഎസ്ആർടിസി ബസിലേക്ക് കാർ ഇടിച്ച് കയറിയുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. രണ്ട് പേർക്ക് ഗുരുതര പരിക്ക്. വണ്ടാനം മെഡിക്കൽ കോളജ് വിദ്യാർത്ഥികളായ മുഹമ്മദ്, ആനന്ദ്, മുഹ്സിൻ, ഇബ്രാഹിം, ദേവൻ എന്നിവരാണ് മരിച്ചത്. ഒരാള്‍ സംഭവസ്ഥലത്തും നാല് പേര്‍ ആശുപത്രിയിലെത്തിയ ശേഷവുമാണ് മരിച്ചത്.
കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ കാർ പൂർണമായും തകർന്നു. പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു, കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽ പെട്ടവരെ പുറത്തെടുത്തത്.
തീവ്രമഴ സാധ്യത പ്രവചിച്ചിരിക്കുന്നതിനാല്‍ വൈദ്യുതി അപകടങ്ങളില്‍ പെടാതിരിക്കാന്‍ പൊതുജനങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് കെഎസ്ഇബി അറിയിച്ചു. മരക്കൊമ്പുകള്‍ വീണോ മറ്റോ വൈദ്യുതി കമ്പികള്‍ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുണ്ട്.
രാത്രി കാലങ്ങളിലും പുലര്‍ച്ചെയും പുറത്തിറങ്ങുമ്പോള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണം. പൊട്ടിവീണ ലൈനില്‍ മാത്രമല്ല, പരിസര പ്രദേശങ്ങളിലും വൈദ്യുത പ്രവാഹം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അടുത്തു പോവുകയോ സ്പര്‍ശിക്കുകയോ ചെയ്യരുത്. മറ്റാരേയും സമീപത്ത് പോകാന്‍ അനുവദിക്കുകയുമരുത്.
സര്‍വ്വീസ് വയര്‍, സ്റ്റേവയര്‍, വൈദ്യുതി പോസ്റ്റുകള്‍ എന്നിവയെ സ്പര്‍ശിക്കാതിരിക്കാനും ശ്രദ്ധിക്കണം. ലോഹഷീറ്റിന് മുകളില്‍ സര്‍വ്വീസ് വയര്‍ കിടക്കുക, സര്‍വ്വീസ് വയര്‍ ലോഹത്തൂണില്‍ തട്ടിക്കിടക്കുക എന്നീ സാഹചര്യങ്ങളിലും വൈദ്യുതാഘാതമേല്‍ക്കാന്‍ സാധ്യതയുണ്ട്.
മേല്‍പ്പറഞ്ഞ തരത്തിലുള്ള അപകടമോ അപകട സാധ്യതയോ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം തൊട്ടടുത്ത കെഎസ്ഇബി സെക്ഷന്‍ ഓഫീസിലോ 9496010101 എന്ന എമര്‍ജന്‍സി നമ്പരിലോ വിവരം അറിയിക്കേണ്ടതാണ്. ഈ നമ്പര്‍ അപകടങ്ങള്‍ അറിയിക്കുവാന്‍ വേണ്ടി മാത്രമുള്ളതാണ്.
വൈദ്യുതി തകരാര്‍ സംബന്ധമായ പരാതികള്‍ അറിയിക്കാന്‍ 1912 എന്ന 24/7 ടോള്‍ഫ്രീ കസ്റ്റമര്‍കെയര്‍ നമ്പരില്‍ വിളിക്കാവുന്നതാണ്. 9496001912 എന്ന മൊബൈല്‍ നമ്പരില്‍ വിളിച്ചും വാട്സാപ്പ് സന്ദേശമായും പരാതി രേഖപ്പെടുത്താന്‍ കഴിയും.
ഈ വര്‍ഷം ഇതുവരെ നടന്ന 296 വൈദ്യുത അപകടങ്ങളില്‍ നിന്നായി 73 പൊതുജനങ്ങള്‍ക്കാണ് ജീവന്‍ നഷ്ടമായതെന്നും കെഎസ്ഇബി അറിയിച്ചു.
പാലക്കാട് ഉപതിരഞ്ഞെടുപ്പിന് യുഡിഎഫ് ട്രോളി ബാഗില്‍ കള്ളപ്പണം എത്തിച്ചെന്ന പരാതിയില്‍ കഴമ്പില്ലെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. പെട്ടിയില്‍ പണം എത്തിച്ചെന്ന് കണ്ടെത്താനായില്ലെന്നും തുടര്‍ നടപടികള്‍ ആവശ്യമില്ലെന്നും അന്വേഷണ സംഘം പാലക്കാട് എസ്.പിക്ക് സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.
യുഡിഎഫ് കള്ളപ്പണം എത്തിച്ചെന്ന ആരോപണത്തിന് പിന്നാലെ പാതി രാത്രി ഹോട്ടലില്‍ നടത്തിയ പരിശോധന ഉള്‍പ്പെടെ തിരഞ്ഞെടുപ്പു കാലത്ത് വലിയ വിവാദമായിരുന്നു. വാക്കാലുള്ള പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഹോട്ടലില്‍ പരിശോധന നടത്തിയതെന്ന് പൊലീസ് പറയുന്നു.
പിന്നീട് സിപിഎം നല്‍കിയ പരാതിയില്‍ കേസെടുത്തില്ലെങ്കിലും സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നു. ആരോപണത്തിനപ്പുറം സിപിഎമ്മിന്റെ കൈവശം തെളിവുകളില്ലെന്നും പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉപതിരഞ്ഞെടുപ്പിന് കള്ളപ്പണം കൊണ്ടുവന്നെന്ന് ആരോപിച്ച് കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ ഉള്‍പ്പെടെ താമസിക്കുന്ന ഹോട്ടല്‍ മുറികളില്‍ നവംബര്‍ അഞ്ചിന് അര്‍ധ രാത്രിയാണ് പൊലീസ് പരിശോധന നടത്തിയത്. അതിനിടെ ട്രോളി ബാഗിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് സിപിഎം കേന്ദ്രങ്ങള്‍ സംഭവത്തില്‍ വലിയ രീതിയിലുള്ള ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു.
രാത്രി 12.10 ന് സൗത്ത്, നോര്‍ത്ത് പൊലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘം കെപിഎം ഹോട്ടലിലെത്തി റെയ്ഡ് നടത്തുകയായിരുന്നു. 12 മുറികള്‍ പരിശോധിച്ചെന്നും പണം കണ്ടെത്തിയില്ലെന്നും പാലക്കാട് എ.എസ്.പി അശ്വതി ജിജി പരിശോധനയ്ക്കു ശേഷം അറിയിച്ചിരുന്നു.
ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ അടക്കമുള്ള വനിത നേതാക്കള്‍ താമസിക്കുന്ന മുറികളില്‍ വനിതാ ഉദ്യോഗസ്ഥരില്ലാതെ പൊലീസ് പരിശോധനക്കെത്തിയത് നാടകീയ രംഗങ്ങള്‍ക്കിടയാക്കി. അര മണിക്കൂറിന് ശേഷം വനിതാ ഉദ്യോഗസ്ഥയെ എത്തിച്ച് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് തിരഞ്ഞെടുപ്പ് കമീഷന്‍ ഉദ്യോഗസ്ഥരില്ലാതെ പൊലീസ് സംഘം പരിശോധനക്ക് എത്തിയത് വിമര്‍ശനത്തിന് ഇടയാക്കി. തൊട്ടടുത്ത ദിവസം ബാഗുമായി വാര്‍ത്താ സമ്മേളനത്തിനെത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍, സിപിഎമ്മിനെ കടന്നാക്രമിക്കുകയും ഏത് പരിശോധനക്കും പെട്ടി ഹാജരാക്കാന്‍ തയാറാണെന്നും പറഞ്ഞിരുന്നു.
തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ സജീവ ചര്‍ച്ചയായിരുന്ന വിഷയം ഒടുവില്‍ അന്വേഷണ സംഘവും കൈയൊഴിയുന്നതോടെ സിപിഎം വീണ്ടും പ്രതിരോധത്തിലാകുകയാണ്.
മലയാളി യുവാവിനെ ഹംഗറിയില്‍ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുമളി അമരാവതിപ്പാറ തൊട്ടിയില്‍ വീട്ടില്‍ സനല്‍ കുമാര്‍ (47) ആണ് ഹംഗറിയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുകാര്‍ ഫോണില്‍ വിളിച്ചപ്പോള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ഹംഗറിയിലുള്ള സുഹൃത്തുക്കളെ വിവരം അറിയിക്കുകയും അവര്‍ നടത്തിയ അന്വേഷണത്തില്‍ സനലിനെ കിടപ്പ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു.
ശനിയാഴ്ച്ച രാത്രി ജോലി കഴിഞ്ഞ് നാട്ടിലെ സുഹൃത്തുക്കളുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഹംഗറി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഭാര്യ റാണി. മക്കള്‍: ആര്യ, അശ്വിന്‍.
റോമി കുര്യാക്കോസ്
ഈസ്റ്റ്ഹാം: പാലക്കാട്, വയനാട് ഉപതെരഞ്ഞെടുപ്പുകളിലെ മിന്നും വിജയം യു കെയിലും ആഘോഷമാകുന്നു. കഴിഞ്ഞ ദിവസം ഈസ്റ്റ്ഹാമിലെ ഒരു കൂട്ടം യു ഡി എഫ് പ്രവർത്തകരാണ് മധുരം പങ്കിട്ടും വിരുന്നൊരുക്കിയും പ്രീയങ്ക ഗാന്ധിയുടെയും രാഹുൽ മാങ്കൂട്ടത്തിലിന്റെയും വിജയം ആഘോഷിച്ചത്. സമൂഹമാധ്യമങ്ങൾ മുഖേന യു ഡി എഫിനായി ശക്തമായ പ്രചരണ പ്രവർത്തനങ്ങളും ഇവർ നടത്തിയിരുന്നു.
സ്ഥാനാർഥി പ്രഖ്യാപനം മുതൽ യു ഡി എഫ് പ്രവർത്തകർ നടത്തിയ ചിട്ടയായ പ്രവർത്തനവും കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷനേതാവ് വി ഡി സതീശൻ എന്നിവർ മുന്നിൽ നിന്നും നയിച്ച പ്രചരണത്തിന്റെയും പ്രതിഭലനമാണ് യു ഡി എഫ് നേടിയ ഈ വലിയ വിജയം.
പ്രവാസലോകത്തെങ്കിലും കോൺഗ്രസ്സ് പാർട്ടിയോടും യു ഡി എഫ് മുന്നണിയോടുമുള്ള കൂറും അടങ്ങാത്ത ആവേശവും ഇന്നും ഉള്ളിന്റെ ഉള്ളിൽ കാത്തു സൂക്ഷിക്കുന്ന ഇവർ കോൺഗ്രസ് പാർട്ടിയുമായി ബന്ധപ്പെട്ട് ഈസ്റ്റ്‌ഹാമിൽ സംഘടിപ്പിക്കുന്ന എല്ലാ പരിപാടികൾക്കും നേതൃത്വം വഹിക്കുന്നവരുമാണ്. കേരളത്തിന്റെ ജനകീയ മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടി മരണപ്പെട്ടപ്പോഴും ഒന്നാം ചരമവാർഷിക ദിനത്തിലും ഈസ്റ്റ്‌ഹാമിൽ വിപുലമായ അനുശോചന യോഗവും ഇവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരുന്നു.
വിൽസൺ പുന്നോലിൽ
ലണ്ടൻ: യുകെയിലെ സംഗമങ്ങളുടെ സംഗമമായ ഇടുക്കി ജില്ല സംഗമത്തെ (ഐജെ എസ്) കൂടുതൽ ജനകീയവും ശക്തവും സംഘടിതവുമായ കൂട്ടായ്മായായി മാറ്റുവാൻ ഐജെസ് ഭരണ സമിതി തീരുമാനമെടുക്കയുണ്ടായി. ഐ ജെ എസ് ഭാരവാഹികളുടെ റെഡ്ഡിങ്ങിൽ ചേർന്ന യോഗത്തിൽ സംഘടനയെ ശക്തിപ്പെടുത്തന്നതിൻ്റെ ഭാഗമായി യുകെയിൽ എത്തി ചേർന്ന എല്ലാ ഇടുക്കികാരെയും സംഗമത്തിൽ അംഗങ്ങളാക്കുവാനുള്ള ശ്രമത്തിലാണ്.
ജന പങ്കാളിത്വവും അംഗങ്ങളുടെ ആത്മാർത്ഥമാ സഹകരണവും വൈവധ്യപൂർണ്ണമായ കലാ സംസ്കാരിക പരിപാടി കൊണ്ടും ബ്രിട്ടനിലെ ഏറ്റവും പ്രധാന സംഗമമാണ് ഇടുക്കി ജില്ലാ സംഗമമെന്ന് നിസ്സമശയം പറയാമെങ്കിലും കൂട്ടായ്മയെ കൂടുതൽ ശക്തവും ജനകീയവും ആക്കി തീർക്കുവാൻ ഇടുക്കി ജില്ലയിൽ ജനിക്കുകയും വളരുകയും ചെയ്ത എല്ലാവരെയും സംഗമത്തിൽ ചേർത്തു മുന്നോട്ടു പോകാൻ കമ്മറ്റി ശ്രമിക്കുന്നതാണ്.
മുൻ വർഷങ്ങളിലേതുപോലെ തന്നെ സംഗമവുമായി ബന്ധപ്പെട്ടു നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങൾ, കായിക മത്സരങ്ങൾ, സംസ്കാരിക കൂട്ടായ്മ തുടങ്ങിയവയെ ക്കുറിച്ച് ചർച്ചകൾ നടത്തുകയും അവ കൂടുതൽ ജനപങ്കാളിത്വത്തോടെ കൂടുതൽ വിപുലമായി സംഘടിപ്പിക്കുവാനും കമ്മിറ്റി തീരുമാനിയ്ക്കുകയുണ്ടായി.
ഇത്തവണത്തെ ഇടുക്കി ജില്ലാ സംഗമ കുടംബ കൂട്ടായ്മ ഇംഗ്ലണ്ടിലെ തെക്ക് കിഴക്കൻ നഗരമായ ബാസിൽഡണിൽ മേയ് മാസം 24 ശനിയാഴ്ച്ച നടത്തുന്നതാണ്. സംഗമത്തിൽ എത്തുന്നവർ അവരവരുടെ കുടംബാംഗളുമായി എത്തണമെന്നും പരിപാടി വിജയകരമായി തീർക്കുവാൻ ഓരോ അംഗങ്ങളും മുന്നോട്ടു വരണമെന്നും ഐ.ജെ.എസ് ഭരണസമിതി അഭ്യർത്ഥിച്ചു.
മുൻ വർഷങ്ങളിൽ ഇടുക്കി ജില്ല സംഗമം അഭിമാനകരമായി സംഘടിപ്പിച്ച വടംവലി മത്സരത്തിനു നേതൃത്വം കൊടുത്ത മുൻ ഇടുക്കി ജില്ല സംഗമം കൺവീനർ ബാബു തോമസിന്റെയും സാൻറ്റോ ജേക്കബ്ബിൻ്റെയും നേതൃത്വത്തിൽ തന്നെ മേയ് മാസം 4-ാം തീയ്യതി ഞാറാഴ്ച്ച നോർത്താംപ്ടണിൽ വച്ച് ഓൾ യു.കെ വടംവലി മത്സരം സംഘടിപ്പിക്കുന്നതാണ്.
ബാഡ്മിൻ്റൺ ടൂർണമെൻറ് മാർച്ച് മാസം അവസാനത്തിൽ ഐ.ജെ.എസ് മുൻ കൺവീനർ ജെസ്റ്റ്യൻ എബ്രാഹമിൻ്റെ നേതൃത്വത്തിൽ നോട്ടിംങ്ങാമിൽ വച്ച് നടത്തുന്നതായിരിക്കും.
പ്രസിഡൻ്റ് സിബി ജോസഫിൻ്റെ അധ്യക്ഷതയിൽ നടന്ന ഭരണ സമിതി യോഗത്തിൽ സെക്രട്ടറി ജോമോൻ ചെറിയാൻ സ്വാഗതവും ട്രഷറർ റോയ് ജോസഫ് നന്ദിയും പറഞ്ഞു. ദ്വദിന മീറ്റിങ്ങിൽ മുൻ കൺവീനറന്മാരായ ജിമ്മി ജേക്കബ്, ബാബു തോമസ്, പി ആർ ഓ വിൽസൺ പുന്നോലിൽ, സാജു ജോർജ്, ജോഷി ജോസഫ്, ബാബു മക്കുഴിയിൽ, ജിനേഷ് ലൂക്ക എന്നിവർ പങ്കെടുത്തു.
ഇടുക്കി ജില്ല സംഗമ കൂട്ടായ്മയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്ത് സംഗമത്തിൻ്റെ വാട്സ് അപ് ഗ്രൂപ്പിൽ ചേരണമെന്ന് താത്പര്യപ്പെടുന്നു.
Follow this link to join our WhatsApp group: https://chat.whatsapp.com/8vrUQ4rG4OSGhjNk4EZvvZ
ജോസ് ജെ. വെടികാട്ട്
സിംഹത്തെ പോലെ ഗർജ്ജിച്ചുവെങ്കിലും നീ സിംഹമല്ല , ആരും നിന്നെ സിംഹമെന്നു വിളിച്ചുമില്ല !
മറിച്ചോ നിന്റെ സിംഹഭാവത്തിൽ അവർ മൗനം ദീക്ഷിച്ചു !
നിന്റെ സിംഹഭാവത്തിൽ മാനവർ പേടമാനുകളെ പോൽ നൊന്തു കരഞ്ഞു.
ഒടുവിൽ നീയൊരു പേടമാനേ പോൽ നീറി നൊന്തു കരഞ്ഞുവെങ്കിലും നീ പേടമാനാവില്ല !
മാടത്തക്കിളിയേ പോലെ മനോദു:ഖങ്ങൾ വിസ്മരിച്ച് ചിറകുകളാർന്ന് വാനിൽ പാറി പറന്നുവെങ്കിലും, ശോഭിച്ചു നിൽക്കും പുഷ്പത്തെ പോലെ വാടിക്കരിഞ്ഞു വീണൊടുവിലെങ്കിലും നീയവയൊന്നുമല്ല !
സിംഹത്തെപോലെ നീ ഗർജ്ജിച്ചതും, പേടമാനേ പോലെ കരഞ്ഞതും , മാടത്തക്കിളിയായ് മനോദു:ഖങ്ങൾ വിസ്മരിച്ച് പാറിപറന്നതും ഒന്നോർത്താൽ പരസ്പര സമാധാനം പുലരാൻ വേണ്ടി !
നീയാരെന്നു ചോദിച്ചാൽ നിന്റെ പേരല്ലോ നരൻ !
ആയതിനാൽ അരഷ്ടിതകൾ നമുക്ക് പരസ്പരം പൊറുക്കാം , സഹിക്കാം !
അരഷ്ടിതകൾ പരസ്പരം ക്ഷമിക്കാൻ മാനദണ്ഡം മനസ്സാക്ഷി !
സിംഹത്തെപോലെ ഗർജ്ജിക്കുമ്പോഴും , പേടമാനേ പോലെ കരയുമ്പോളും, മനോദു:ഖങ്ങൾ വിസ്മരിച്ച് മാടത്തക്കിളിയേ പോൽ വാനിൽ പറക്കുമ്പോളും നിനക്ക് മനസ്സാക്ഷിയുണ്ട് !
ഈ ജീവിതമത്സരത്തിൽ മനസ്സാക്ഷിയില്ലാത്തവർ തോൽക്കട്ടെ !
മനസ്സാക്ഷിയുള്ളവർ ജയിക്കട്ടെ !
മറ്റുള്ളവരുടെ ഉൾപ്രേരകശക്തിയാൽ ചിറകാർന്ന് ചിറകറ്റ് വീണ്ടും ചിറകാർന്ന് നീ പാറി പറക്കുന്നു !
നിന്റെ ചിറകടിയിൽ വർഷവസന്തം വിടരുന്നു !
നിന്റെ ചിറകടിയിൽ സന്ധ്യകൾ പുലരികളാം പുനർജനി തേടുന്നു!
നിന്റെ ചിറകടിയിൽ ജീവജാലങ്ങൾ ഇളവേൽക്കുന്നു !
പക്ഷേ ഒടുവിൽ നിന്റെ ചിറകുകൾ നിന്റെ ദൗർബല്യത്തിൽ നിന്നെ ഉപേക്ഷിച്ച് പറക്കുന്നു !
നിന്റെ ജീവിതത്തിന്റെ അർത്ഥതലങ്ങൾക്ക് പുതിയ മാനമേകി നിന്റെ ചിറകുകളിൽ മറ്റുള്ളവർ പറക്കുന്നു !
ഈ ലോകം നിന്നെ ഉപേക്ഷിച്ച് നിനക്കു പകരം നിന്റെ ചിറകുകളേ പൂജിക്കുന്നു !
നിന്റെ പേരല്ലോ നരൻ !
ജോസ് ജെ വെടികാട്ട് : എസ് .ബി. കോളേജ് ചങ്ങനാശേരിയിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദം നേടി. ചെന്നൈ ലയോളാ കോളേജിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദാനന്തരബിരുദം നേടി. യുജീസി നെറ്റ് പരീക്ഷ പാസ്സായിട്ടുണ്ട്. കോഴിക്കോട് സെന്റ് ജോസഫ്സ് കോളേജ് ദേവഗിരിയിൽ 2 വർഷം അധ്യാപകനായി ജോലി നോക്കി. ജേർണലിസത്തിൽ പി.ജി.ഡിപ്ലോമ. അനൗപചാരിക ഗവേഷണം ഉൾപ്രേരണയാൽ ചെയ്തു വരൂന്നു. ഇപ്പോൾ മദർ തെരേസ ഹോം , നെടുംകുന്നത്ത് താമസിക്കുന്നു .
പത്താംക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചതിന് രണ്ടു യുവാക്കള്‍ക്കെതിരേ പോക്‌സോ കേസ്. മറ്റു രണ്ടുപേര്‍ക്കെതിരേ രാത്രി വീട്ടില്‍ അതിക്രമിച്ചുകയറിയതിനും പോലീസ് കേസെടുത്തു. ഹരിപ്പാട് സ്റ്റേഷന്‍ പരിധിയില്‍ ശനിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം.
സാമൂഹികമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടികളെ കാണാനായാണ് പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകളില്‍ പഠിക്കുന്ന രണ്ട് ആണ്‍കുട്ടികള്‍ വീട്ടിലെത്തിയത്. അതേസമയം, അവിടെയെത്തിയ പെണ്‍കുട്ടികളുടെ കാമുകന്മാര്‍ ഇവരെ കാണുകയും തമ്മില്‍ തര്‍ക്കമുണ്ടാകുകയുമായിരുന്നു.
ബഹളംകേട്ട് വീട്ടുകാര്‍ ഉണര്‍ന്നതോടെ നാലുപേരും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. അതിനിടെ കൂട്ടത്തിലൊരാളെ വീട്ടുകാര്‍ പിടികൂടി. ഇയാളെ ചോദ്യംചെയ്ത പോലീസ് മറ്റുമൂന്നുപേരെയും കണ്ടെത്തി. വിശദാന്വേഷണത്തില്‍ പെണ്‍കുട്ടികള്‍ രണ്ടുവര്‍ഷമായി ലൈംഗികചൂഷണത്തിന് വിധേയമായിരുന്നതായി ബോധ്യപ്പെട്ടു.
പത്താംക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ വീട്ടില്‍ സഹപാഠിയായ വിദ്യാര്‍ഥിനിയുമുണ്ടായിരുന്നു. ഇവരിലൊരാളുടെ ആണ്‍സുഹൃത്തും കൂട്ടുകാരനുമാണ് രാത്രി വീട്ടിലെത്തിയത്. പിന്നാലെ ഇവരുമായി രണ്ടുവര്‍ഷത്തോളം പരിചയമുള്ള ഇരുപതും 22-ഉം പ്രായമുള്ള രണ്ടുപേരും സ്ഥലത്തെത്തി. ഇവര്‍ പരസ്പരം കണ്ടതോടെയാണ് ബഹളമായതെന്ന് ഹരിപ്പാട് എസ്.എച്ച്.ഒ. മുഹമ്മദ് ഷാഫി പറഞ്ഞു. ഇവര്‍ക്കെതിരേയാണ് പോക്‌സോ കേസ്.
വീട്ടില്‍ പെണ്‍കുട്ടിയുടെ അമ്മയും മുത്തച്ഛനും മുത്തശ്ശിയുമാണുണ്ടായിരുന്നത്. ബഹളംകേട്ട് ഇവര്‍ ഉണര്‍ന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. 22-കാരനെയാണ് തടഞ്ഞുവെച്ച് പോലീസിനു കൈമാറിയത്. ഇയാള്‍ മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു. പ്രതികളിലൊരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണ്.