Latest News

നാട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് എംബസിയില്‍ നിന്ന് അറിയിപ്പിനായി കാത്തിരിക്കുന്ന പ്രവാസികളെ ലക്ഷ്യമിട്ട് തട്ടിപ്പുസംഘം. ടിക്കറ്റ് ബുക്ക് ചെയ്യാന്‍ മൊബൈൽ ഫോണിൽ ഒ.ടി.പി വരുമെന്നും അത് പങ്കുവെക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് എംബസിയിൽ നിന്നാണെന്ന വ്യാജേന ഫോണ്‍ വിളിക്കുന്നത്. എങ്ങനെയും നാട്ടിലെത്താന്‍ കാത്തിരിക്കുന്ന പ്രവാസികളുടെ അക്കൗണ്ട് വിവരങ്ങൾ കൈക്കലാക്കി പണം അപഹരിക്കാന്‍ ഇറങ്ങിയ സംഘത്തെ കുറിച്ച് നിരവധി പ്രവാസികള്‍ പരാതിപ്പെടുന്നു.

തട്ടിപ്പ് സംഘത്തിനെതിരെ മുന്നറിയിപ്പുമായി ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് രംഗത്തെത്തി. ‘നാട്ടിലേക്കുള്ള യാത്രയുടെ പേരില്‍ ചില തട്ടിപ്പുകാർ ഇന്ത്യക്കാരെ ഫോണില്‍ വിളിക്കുന്നതായും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഒ.ടി.പിയും(OTP) ശേഖരിക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍, പ്രവാസികളുടെ അക്കൌണ്ട് വിവരങ്ങള്‍ കോണ്‍സുലേറ്റ് ശേഖരിക്കുന്നില്ലെന്നും ടിക്കറ്റിനുള്ള പണം വിമാന കമ്പനികളില്‍ നേരിട്ടാണ് അടയ്ക്കേണ്ടതെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് ട്വീറ്റ് ചെയ്തു.

പ്രവാസികളുടെ മടങ്ങിവരവുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പ് ഇതാദ്യമല്ല. ഇന്ത്യയിൽ നിന്നുള്ള രക്ഷാവിമാനങ്ങൾക്കായി രജിസ്റ്റര്‍ ചെയ്യാനുള്ള ഗൂഗിൾ ഫോമുകള്‍ എന്ന പേരില്‍ ലിങ്കുകള്‍ വാട്‌സ്‌ആപ്പിലൂടെ പ്രചരിച്ചിരുന്നു. ‘ഇന്ത്യയില്‍ നിന്നുള്ള രക്ഷാ വിമാനങ്ങള്‍’ എന്ന തലക്കെട്ടിലാണ് സന്ദേശം പ്രചരിച്ചത്. അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് നാട്ടിലെത്താന്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാനാണ് വാ‌ട്‌സ്‌ആപ്പ് സന്ദേശത്തില്‍ പറയുന്നത്.

എന്നാല്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശമാണെന്നും ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും വിദേശത്തുള്ള ഇന്ത്യക്കാര്‍ നാട്ടിലേക്ക് വരാനായി എംബസി വെബ്‌സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

 

അമേരിക്കയെ കൂടുതല്‍ ആശങ്കയിലാക്കി പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിന്‍റെ സ്വകാര്യ പരിചാരകരില്‍ ഒരാള്‍ക്ക് കൊവിഡ് 19. വൈറ്റ് ഹൗസിലെ ഉന്നത സുരക്ഷാവിഭാഗത്തില്‍ അംഗമായ യുഎസ് നേവി ഉദ്യോഗസ്ഥനാണ് രോഗം സ്ഥിരീകരിച്ചത്.

പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപും കുടുംബവുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന സംഘത്തില്‍ ഒരാളാണ് രോഗ ബാധിതന്‍. ട്രംപിന്‍റെ ഭക്ഷണകാര്യങ്ങളുടെ ചുമതലയ്ക്ക് പുറമെ അദേഹത്തിന്‍റെ യാത്രകളില്‍ നാട്ടിലും വിദേശത്തും പരിചാരക സംഘം അനുഗമിക്കാറുണ്ട്. പരിചാരകര്‍ക്ക് ഉള്‍പ്പടെ സാമൂഹിക അകലം വൈറ്റ് ഹൗസ് കര്‍ശനമായി ഏര്‍പ്പെടുത്തിയിട്ടില്ല. വൈറ്റ് ഹൗസില്‍ ചുരുക്കം പേര്‍ മാത്രമാണ് മാസ്‌ക് ധരിക്കുന്നത് എന്നും സിഎന്‍എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, കൊവിഡ് അമേരിക്കയില്‍ നാശം വിതയ്‌ക്കുന്നത് തുടരുകയാണ്. രോഗം ബാധിച്ച് മരിച്ചവര്‍ 75,558 ആയി. ഇന്ന് 759 പേര്‍ മരിച്ചതായാണ് ഇന്ത്യന്‍ സമയം രാത്രി 11 മണിവരെ വേള്‍ഡോ മീറ്റര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് 1,271,059 പേര്‍ക്കാണ് ഇതുവരെ രോഗം പിടിപെട്ടത്. ഇന്ന് 7,967 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നാളിതുവരെ 213,562 പേരാണ് രോഗമുക്തി നേടിയത് എന്നും വേള്‍ഡോ മീറ്റര്‍ ചൂണ്ടിക്കാട്ടുന്നു.

ലോകത്താകമാനം 3,870,958 പേരിലാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. 267,771 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 1,326,893 പേര്‍ രോഗമുക്തി നേടി.

മദ്യപിച്ചു ലക്ക് കെട്ട യുവാവ് വിഷപ്പാമ്പിനെ കടിച്ചുമുറിച്ചു കൊന്നു. നിര്‍മ്മാണ തൊഴിലാളിയായ കുമാര്‍ എന്ന യുവാവാണ് മദ്യ ലഹരിയില്‍ പാമ്പിനെ കടിച്ചു മുറിച്ചു കൊന്നത്. കര്‍ണാടകയിലെ കോളാര്‍ ജില്ലയിലെ മുള്‍ബാഗലിലാണ് സംഭവം. യുവാവ് മദ്യപിച്ചു തിരികേ വരുന്ന വഴിയിലായിരുന്നു സംഭവം.

സംഭവത്തെക്കുറിച്ച് നാട്ടുകാര്‍ പറയുന്നത് – മദ്യപിച്ചു തിരികേ വരികയായിരുന്ന ഇയാളുടെ ടൂവീലറിന് പാമ്പ് വട്ടം ചാടി. തുടര്‍ന്നുള്ള ദേഷ്യത്തില്‍ ഇയാള്‍ പാമ്പിനു മുകളിലൂടെ തന്റെ ടൂ വീലര്‍ കയറ്റി ഇറക്കി. വേദന കൊണ്ടു പുളഞ്ഞ പാമ്പ് സ്വയരക്ഷക്കായി ഇയാളുടെ മുകളിലേക്ക് പാഞ്ഞുകയറി യുവാവിന്റെ കഴുത്തില്‍ ചുറ്റി. കഴുത്തില്‍ ചുറ്റിയ പാമ്പിനെയും കൊണ്ട് കുറച്ചു ദൂരം യാത്ര ചെയ്ത ഇയാള്‍ അല്‍പ സമയം കഴിഞ്ഞ് വണ്ടി നിര്‍ത്തി പാമ്പിനെ കടിച്ചു കൊല്ലുകയായിരുന്നു.

”എന്റെ വഴി തടയാന്‍ നിനക്കെങ്ങിനെ ധൈര്യം വന്നു” എന്ന് ചോദിച്ചു കൊണ്ടായിരുന്നു ഇയാള്‍ പാമ്പിനെ കടിച്ചു കൊന്നത് എന്നാണ് ദൃക്ഷാഷികള്‍ പറയുന്നത്. ചെറിയ കഷണങ്ങളാക്കിയാണ് യുവാവ് പാമ്പിനെ കടിച്ചുമുറിച്ച് കൊന്നത്. ഇയാള്‍ പാമ്പിനെ കൊല്ലുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

രാവിലെയും, പാമ്പ് ബൈക്കിന്റെ അടിയില്‍ പെട്ടിരുന്നു. അതുകൊണ്ടുള്ള ദേഷ്യം കൊണ്ടാണ് പാമ്പിനെ കൊന്നതെന്ന് കുമാര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. പാമ്പ് വിഷമുള്ളതാണോ എന്ന് അറിയില്ല. എന്നാല്‍ തനിക്ക് പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്നും ഇതുവരെ ഡോക്ടറെ കാണാന്‍ പോയില്ലെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ വീഡിയോ വൈറലായതോടെ ഇയാള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. കര്‍ണാടകയില്‍ ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന മദ്യ വില്‍പ്പന ശാലകളില്‍ ഇന്നലെ മുതലാണ് മദ്യ വില്‍പ്പന ആരംഭിച്ചത്.

 

വിമാനത്തിൽ നിന്ന് ഇറങ്ങിയ യാത്രക്കാരെ ആറു ഗ്രൂപ്പുകളായി തിരിച്ചു. 30 പേർ വീതമുള്ള ഓരോ ഗ്രൂപ്പും ഇമിഗ്രേഷൻ ക്ലിയറൻസും ആരോഗ്യപരിശോധനയും കഴിഞ്ഞാണ് പുറത്തിറങ്ങിയത്. വിമാനത്തിൽ 49 ഗർഭിണികൾ ഉണ്ടായിരുന്നു. ഇവരെയും ഹൃദ് രോഗമുള്ളവരെയും 10 വയസിൽ താഴെയുമുള്ള കുട്ടികൾ ഉള്ളവരെയും വീടുകളിൽ ക്വാറന്റിനിൽ വിട്ടു.

പരിശോധനയിൽ രോഗലക്ഷണം പ്രകടിപ്പിച്ചവരെ പ്രത്യേക കവാടത്തിലൂടെ പുറത്തിറക്കി ആംബുലനസിൽ ആലുവ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 7 ആംബുലൻസുകളാണ് വിമാനതാവളത്തിൽ നിന്ന് യാത്ര തിരിച്ചത്. മറ്റ് യാത്രക്കാരെ അവരവരുടെ ജില്ലകളിലെ ക്വാറൻന്റിൻ കേന്ദ്രങ്ങളിലേക്ക് മാറ്റി. ടാക്സികളിലും കെഎസ്ആർടിസി ബസുകളിലുമാണ് ഇവർ യാത്ര തിരിച്ചത്. ആദ്യം വിമാനതാവളത്തിൽ നിന്ന് പുറത്തിറങ്ങിയത് ടാക്സികളായിരുന്നു.

പിന്നാലെ കെഎസ്ആർടിസി ബസുകളും യാത്ര തിരിച്ചു. എറണാകുളം ജില്ലക്കാരെയും ഒരു കാസർകോട് കാരനെയും ക്വാറന്റിൻ സൗകര്യം ഒരുക്കിയ കളമശേരി എസ് സി എം എസ് കോളജ് ഹോസ്റ്റലിലേക്ക് മാറ്റി. ഇന്ന് ബഹറിനിൽ നിന്നുള്ള പ്രവാസികൾ കൊച്ചിയിൽ എത്തും. വരും ദിവസങ്ങളിലും വിദേശരാജ്യങ്ങളിൽ നിന്നുള്ളവർ കൊച്ചിയിൽ വന്നിറങ്ങും

കരിപ്പൂരില്‍ വിമാനമിറങ്ങിയ പ്രവാസികളുടെ ആദ്യസംഘം ക്വാറന്റീനില്‍ പ്രവേശിച്ചു. 5 കൈക്കുഞ്ഞുങ്ങളടക്കം 182 പേരാണ് ആദ്യവിമാനത്തില്‍ എത്തിയത്. 3 പേരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. റിയാദില്‍ നിന്നുളള വിമാനം ഇന്നു രാത്രി എട്ടരക്ക് കരിപ്പൂരിലെത്തും. പുലര്‍ച്ചെ രണ്ടരയോടാണ് നാട്ടിലെത്തിയവരുടെ ക്വാറന്റീന്‍ നടപടികള്‍ പൂര്‍ത്തിയായത്

അല്‍പം ആശങ്കയോടെയാണെങ്കിലും സ്വന്തം നാടണഞ്ഞതിന്റെ ആശ്വാസത്തിലായിരുന്നു എല്ലാവരും. കൃത്യസമയം പാലിച്ച് രാത്രി 10.32ന് എയര്‍ഇന്ത്യ എക്സ്പ്രസിന്റെ IX 344വിമാനം കരിപ്പൂരിന്റെ റണ്‍വേയില്‍ സ്പര്‍ശിച്ചു. പരിശോധനയുടെ സൗകര്യാര്‍ഥം 15 പേരെ വീതമാണ് വിമാനത്തില്‍ നിന്ന് പുറത്തിറക്കിയത്.

വീട്ടിലും കോവിഡ് കെയര്‍ സെന്ററിലും ക്വാറിന്റീനില്‍ പോവുന്നവര്‍ക്ക് കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കാന്‍ പരിശോധനക്കൊപ്പം പരിശീലനവും നല്‍കിയിരുന്നു. ചുമയും ജലദോഷവുമുളള ഒരാളേയും പൊളളലേറ്റ മറ്റൊരാളേയും മഞ്ചേരി മെഡിക്കല്‍ കോളജിലും വൃക്കരോഗം ബാധിച്ചാളെ കോഴിക്കോട് മെഡിക്കല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

യാത്രക്കാരില്‍ 19 പേര്‍ ഗര്‍ഭിണികളും 51 പേര്‍ അടിയന്തിര ചികില്‍സ ആവശ്യമുളളവരും 7 പേര്‍ 10 വയസില്‍ താഴെ പ്രായമുളളവരുമാണ്. വീട്ടിലും സ്വകാര്യ ഹോട്ടലുകളിലും ക്വാറന്റീനില്‍ കഴിയാന്‍ സൗകര്യം ലഭിച്ചവര്‍ക്ക് ടാക്സി സൗകര്യവും ലഭ്യമാക്കിയിരുന്നു. മലപ്പുറം ജില്ലക്കാരായ 53 പേര്‍ക്ക് കാളികാവ് അല്‍സഫ ആശുപത്രിയിലാണ് ക്വാറന്റീന്‍ സൗകര്യം ഒരുക്കിയത്. ഒാരോ ജില്ലയിലേയും സര്‍ക്കാര്‍ കോവിഡ് കെയര്‍ സെന്ററിലേക്ക് പോവുന്നതിനായി സുരക്ഷ അകലം പാലിച്ചുകൊണ്ട് കെ.എസ്.ആര്‍.ടി.സി ബസുകളാണ് സജ്ജമാക്കിയിരുന്നത്.

മഹാരാഷ്ട്രയിലെ ഔറംഗാബാദ് ജില്ലയിൽ അതിഥി തൊഴിലാളികളുടെ മേൽ ഗുഡ്സ് ട്രെയിൻ പാഞ്ഞുകയറി 17 മരണം. ഔറംഗാബാദ് – നാന്ദേഡ് പാതയിൽ കർമാഡിലാണ് ഇന്നു പുലർച്ചെ 5.15 ന് ദുരന്തമുണ്ടായത്. മരിച്ചവരിൽ കുട്ടികളുമുണ്ടെന്നാണ് പ്രാഥമിക വിവരം. റെയിൽപാളത്തിൽ കിടന്നുറങ്ങുകയായിരുന്ന തൊഴിലാളികളുടെ മേൽ ഗുഡ്സ് ട്രെയിൻ പാഞ്ഞു കയറുകയായിരുന്നു. ജൽന – ഔറംഗാബാദ് ട്രെയിനാണ് അപകടമുണ്ടാക്കിയത്.

ലോക്ഡൗണിനെ തുടർന്ന് മധ്യപ്രദേശിലേക്കു മടങ്ങുകയായിരുന്നു തൊഴിലാളികൾ. റെയിൽപാളം വഴി നടന്നുപോവുകയായിരുന്ന ഇവർ പാളത്തിൽത്തന്നെ കിടന്നുറങ്ങിയതാണ് അപകടത്തിന് ഇടയാക്കിയത്. റെയിൽവേ സംരക്ഷണ സേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

പല സംസ്ഥാനങ്ങളും മറ്റു സംസ്ഥാനങ്ങളിലേക്കു മടങ്ങേണ്ട അതിഥിതൊഴിലാളികൾക്കായി ശ്രമിക് ട്രെയിനുകൾ ഓടിക്കുന്നുണ്ടെങ്കിലും പലരും സ്വന്തം നാടുകളിലേക്കു നടന്നുപോകുന്നുണ്ട്. ഇത്തരം സംഘങ്ങൾ പലപ്പോഴും റെയിൽപാളങ്ങൾ വഴിയാണ് സഞ്ചരിക്കുന്നത്.

പ്രവാസികളുമായുള്ള രണ്ടാം വിമാനം കരിപ്പൂർ വിമാനത്താവളത്തിലെത്തി. ദുബായിൽ നിന്നുള്ള വിമാനത്തിൽ 182 യാത്രക്കാരാണ് ഉണ്ടായിരുന്നത്. അഞ്ച് കൈകുഞ്ഞുങ്ങളും 19 ഗർഭിണികളും ഉൾപ്പെടെയാണ് ഇത്. മറ്റ് അസുഖബാധിതരായ 51 പേരും വീൽച്ചെയറിൽ ആറ് പേരും ഉണ്ട്.

കോഴിക്കോട് എത്തുന്ന പ്രവാസികളെ എൻഐടി എംബിഎ ഹോസ്റ്റലിലാണ് ക്വാറന്റീനിൽ താമസിപ്പിക്കുന്നത്. ഇവിടെ 100 പേർക്ക് ഉള്ള സമ്പൂർണ താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. രാത്രി കെഎസ്ആർടിസി ബസിൽ വിമാനത്താവളത്തിൽ നിന്നു നേരിട്ടെത്തിക്കും. കലക്ടർ ഉച്ചയോടെ ഹോസ്റ്റൽ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു

പ്രവാസികളുമായുള്ള ആദ്യ വിമാനം കൊച്ചിയിലെത്തിയിരുന്നു. അബുദാബിയിൽ നിന്നുള്ള വിമാനം രാത്രി 10.08നാണ് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. 181 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവരെ കോവിഡ് 19 പിസിആർ പരിശോധനകൾക്ക് ശേഷം വിവിധ ജില്ലകളിലെ ക്വാറന്റീൻ കേന്ദ്രങ്ങളിലേക്കു മാറ്റും.

ഇന്നു ഉച്ചയ്ക്കാണ് രണ്ടു വിമാനങ്ങൾ യുഎഇയിലേക്ക് യാത്രതിരിച്ചത്. നെടുമ്പാശേരിയില്‍നിന്ന്‌ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം പുറപ്പെട്ടത്. 181 പേരാണ് ഈ വിമാനത്തിൽ എത്തുക. ഉച്ചയ്ക്ക് 1.40നാണ് കേരളത്തില്‍നിന്നുള്ള രണ്ടാമത്തെ വിമാനം കരിപ്പൂരില്‍നിന്ന് ടേക്ക് ഓഫ് ചെയ്തത്.

വിമാനം അണുവിമുക്തമാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ബുധനാഴ്ച പൂർത്തിയായിരുന്നു. യാത്രക്കാർ പൂരിപ്പിച്ചുനൽകേണ്ട സത്യവാങ്മൂലം ഉൾപ്പെടെ ഫോറങ്ങൾ ഈ വിമാനത്തിൽ കൊടുത്തുവിട്ടു. വിമാനത്താവളത്തിൽ യാത്രക്കാർക്ക് ഇരിക്കാൻ രണ്ടായിരത്തോളം പ്ലാസ്റ്റിക് കസേരകൾ ഒരുക്കിയിട്ടുണ്ട്. അനാവശ്യമായി തൊടാതിരിക്കാനായി ഹാൻഡ് റെയിലുകൾ, ക്യൂ മാനേജർ, കൗണ്ടറുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ‘ടച്ച് മീ നോട്ട്’ അറിയിപ്പുകളും വച്ചിട്ടുണ്ട്..

കൊച്ചി ബ്യൂറോ. മലയാളം യുകെ.

കൊവിഡ് ബാധയെ തുടർന്ന് അബുദാബിയിൽ നിന്നുള്ള യാത്രക്കാരുമായി ആദ്യ വിമാനം കൊച്ചിയിൽ പറന്നിറങ്ങി. 181 പേരാണ് ഈ വിമാനത്തിൽ നാട്ടിലേക്ക് തിരികെയെത്തിയത്. നാല് കുട്ടികളും 49 ഗർഭിണികളും ഈ വിമാനത്തിൽ നാട്ടിലേക്കെത്തി.

വിമാനത്താവളത്തിൽ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയത്. ആദ്യ വിമാനത്തിലെ 60 യാത്രക്കാരും തൃശ്ശൂർ സ്വദേശികളാണ്. ഇവർക്ക് പോകാനായി മൂന്ന് കെഎസ്ആർടിസി ബസുകളാണ് ഒരുക്കിയത്. ആകെ എട്ട് കെഎസ്ആർടിസി ബസുകളും 40 ഓളം ടാക്സികളുമാണ് സജ്ജീകരിച്ചിരിക്കുന്നത്.

വിമാനത്തിലെ യാത്രക്കാരെ 30 പേരെ വീതം ആറ് ബാച്ചുകളായാണ് ഇറക്കുക. ഇവരെ ആദ്യം തെർമൽ സ്കാനറിലൂടെ കയറ്റും. ആർക്കെങ്കിലും രോഗ ലക്ഷണം കാണിച്ചാൽ ഇവരെ ഉടൻ കൊവിഡ് കെയർ സെന്ററിലേക്ക് മാറ്റും.

എമിഗ്രേഷൻ നടപടികൾക്കായി അഞ്ച് കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ട്. പത്ത് ജീവനക്കാരാണ് ഇവിടെയുള്ളത്. പരമാവധി ഒന്നര മിനുട്ടിൽ നടപടികൾ പൂർത്തിയാക്കും. തുടർന്ന് ക്വാറന്റീനിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് യാത്രക്കാർക്ക് ക്ലാസ് നൽകും. അഞ്ച് മിനുട്ടാണ് ഈ ക്ലാസിന്റെ ദൈർഘ്യം. ജില്ലാ ഭരണകൂടമാണ് ക്ലാസെടുക്കുന്നത്. പിന്നീട് ക്വാറന്റീൻ ലംഘിക്കില്ലെന്ന് സത്യവാങ്മൂലം എഴുതി വാങ്ങും. നോർക്കയുമായി ബന്ധപ്പെട്ട് പാസ്പോർട്ട് സ്കാൻ ചെയ്ത ശേഷം വീണ്ടും തെർമൽ സ്കാൻ നടത്തും. പിന്നീട് ജില്ല തിരിച്ച് യാത്രക്കാരെ ഇരുത്തും. അതിന് ശേഷം ഇവരെ ക്വാറന്റീനിലേക്ക് മാറ്റും.

സ്പിരിച്വല്‍ ടീം. മലയാളം യുകെ.
പരിശുദ്ധ കന്യക സകല സ്ത്രീകളിലും ഏറ്റവും അനുഗ്രഹീതയാണ്. ഈ ലോകത്തില്‍ ജനിച്ചിട്ടുള്ള മറ്റ് വ്യക്തികള്‍ക്ക് സ്വമാതാവിനെ തെരെഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യമില്ല. എന്നാല്‍ ഈശോമിശിഹായ്ക്കു മാത്രമേ സ്വമാതാവിനെ തെരഞ്ഞെടുക്കുവാന്‍ സാധിക്കൂ. മിശിഹാനാഥന്‍ മറിയത്തെ തെരെഞ്ഞെടുത്തപ്പോള്‍ അവള്‍ സകല സ്ത്രീകളിലും അനുഗ്രഹീതയായി തീര്‍ന്നു. ദൈവത്തിന് ഈ ലോകം പോലെ അനേകം ലോകങ്ങളെ സൃഷ്ടിക്കുവാന്‍ സാധിക്കും. എന്നാല്‍ പരിശുദ്ധ കന്യകയേക്കാള്‍ പരിപൂര്‍ണ്ണയ യ ഒരു മാതാവിനെ സൃഷ്ടിക്കുവാന്‍ സാധിക്കുകയില്ല എന്നു വി. ബൊനവെന്തുര പ്രസ്താവിക്കുന്നു. സകല ഗുണങ്ങളും സമ്മേളിപ്പിച്ചിട്ട് ദൈവം കൊടുത്ത പേരാണ് മേരി. ക്രിസ്തീയ സുകൃതങ്ങളുടെ അനുഷ്ഠാനത്തിലൂടെ നമുക്ക് അനുഗ്രഹീതരാകുവാന്‍ സാധിക്കും. നമ്മുടെ സന്താനങ്ങളെ ബാല്യകാലത്തില്‍ തന്നെ നല്ലവരായി വളര്‍ത്തുവാന്‍ ശ്രദ്ധ പതിപ്പിക്കണം.

പ്രാര്‍ത്ഥന.
ദൈവമേ, അങ്ങ് സകല വിശുദ്ധരുടെയും വിശുദ്ധിയെ അതിലംഘിക്കുന്ന വിശുദ്ധിയുടെ പരിവേഷത്താന്‍ പരിശുദ്ധ കന്യകയെ അലങ്കരിച്ചുവല്ലോ. ജ്‌നാനസ്‌നാന സ്വീകരണത്തില്‍ ലഭിച്ച പ്രസാദവരത്തെ കളങ്കപ്പെടുത്താതെ നിര്‍മ്മലമായ ജീവിതം നയിക്കുവാനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് നല്‍കണമേ. അനുദിനം ഞങ്ങളുടെ ജീവിതാന്തസിന്റെ ചുമതലകള്‍ യഥാവിധി നിര്‍വ്വഹിച്ചുകൊണ്ട് അങ്ങേ ദിവ്യ ജനനിയെ ഞങ്ങള്‍ അനുഗമിക്കട്ടെ. ആമ്മേന്‍

സുകൃതജപം
സ്വര്‍ഗ്ഗരാജ്ഞിയായ മറിയമേ, ഭൂവാസികളായ ഞങ്ങള്‍ക്കും നീ രാജ്ഞിയായിരിക്കേണമേ…

കൊറോണ വൈറസ് രോഗത്തിനെതിരെ ഒരു വാക്സിൻ വികസിപ്പിക്കാൻ ശാസ്ത്രജ്ഞർക്കാവില്ലെന്ന് ലോകത്തിലെ പ്രമുഖ ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു. മുൻപ് എച്ച്ഐവിയും ഡെങ്കിയും വന്നപ്പോഴത്തെപ്പോലെ ആകും ഇതുമെന്ന് റിപ്പോർട്ട് പറയുന്നു.

നൂറിലധികം വാക്സിനുകൾ ഇപ്പോൾ ക്ലിനിക്കൽ പരീക്ഷണങ്ങൾക്കു മുൻപുള്ള ഘട്ടത്തിലാണ്. ഏതാനും ചിലത് മനുഷ്യരിൽ പരീക്ഷിക്കുന്ന ഘട്ടത്തിലുമെത്തി. ഓക്സ്ഫസഡ് സർവകലാശാല ചിമ്പാൻസിയിൽ വൈറസ് പരീക്ഷിച്ചു. യുഎസിൽ ഒരു വാക്സിൻ മനുഷ്യരിലും പരീക്ഷിച്ചു.

“ചില വൈറസുകൾക്കെതിരെ ഇപ്പോഴും നമുക്ക് വാക്സിൻ ഇല്ല “– ലണ്ടനിലെ ഇംപീരിയൽ കോളജിലെ പ്രൊഫസറായ ഡോ. ഡേവിഡ് നബാറോ സിഎൻഎന്നിനോടു പറഞ്ഞു. ”വാക്സിൻ ലഭ്യമാകുമോ ഇല്ലയോ എന്ന് നമുക്ക് കൃത്യമായി പറയാനാകില്ല. അവ സുരക്ഷാപരിശോധനകളിൽ വിജയിക്കുമോ എന്നും പറയാനാകില്ല”- ലോകാരോഗ്യ സംഘടനയുടെ കോവിഡ് 19 പ്രത്യേക ദൂതൻ കൂടിയായ നബാറോ പറഞ്ഞു.

ഒരു വർഷം മുതൽ ഒന്നര വർഷത്തിനുള്ളിൽ വാക്സിൻ വരുമെന്നാണ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫക്‌ഷ്യസ് ഡിസീസ് ഡയറക്ടറായ ആന്റണി ഫൗസ്യ പറയുന്നത്. മറ്റുള്ളവർ പറയുന്നത് അതിലുമധികം സമയമെടുക്കുമെന്നാണ്.

എച്ച്ഐവിയും മലേറിയയും പോലെ കൊറോണ വൈറസ് വളരെ പെട്ടെന്ന് ജനിതകമാറ്റം സംഭവിക്കാത്തതിനാൽ, കോവിഡ് 19ന് വാക്സിൻ കണ്ടുപിടിക്കാനാകും എന്ന ആത്മവിശ്വാസം വിദഗ്ദരിൽ പലർക്കുമുണ്ട്.

വാക്സിൻ വികസിപ്പിക്കുക എന്നത് വളരെ സാവധാനവും വേദന നിറഞ്ഞതുമായ പ്രക്രിയ ആണെന്നാണ് നബോറ ചൂണ്ടിക്കാട്ടുന്നത്.

” ഉയർന്ന പ്രതീക്ഷകളാണ്, നിങ്ങൾക്ക് ഒടുവിൽ പ്രതീക്ഷകൾ നശിക്കും. നമ്മൾ ജീവശാസ്ത്രപരമായ സംവിധാനത്തോടാണ് ഇടപെടുന്നത്. അല്ലതെ യാന്ത്രിക സംവിധാനത്തോടല്ല. എങ്ങനെയാണ് ശരീരം പ്രതികരിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കുമത് ” നബോറ പറഞ്ഞു. “ഒന്നു മുതൽ ഒന്നര വർഷം വരെ സമയം കൊണ്ട് ഇതുവരെ ഒരു വാക്സിനും ഉണ്ടായിട്ടില്ല. അതിനർഥം ഇത് അസാധ്യമാണെന്നല്ല. എന്നാൽ അതൊരു ധീരമായ നേട്ടം തന്നെയാകും. നമുക്ക് പ്ലാൻ എ, പ്ലാൻ ബി ഇവ ആവശ്യമാണ്” ഹൂസ്റ്റണിലെ ബെയ്‍ലർ കോളജ് ഓഫ് മെഡിസിനിലെ ഡീൻ ആയ ഡോ. പീറ്റർ ഹോട്ടെസ് പറഞ്ഞു.

ഓക്സ്ഫഡ് വാക്സിൻ ഗ്രൂപ്പിലെയും ഓക്സ്ഫഡിലെ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ടിലെയും ഗവേഷകർ കോവിഡ് 19നുള്ള ഒരു വാക്സിൻ കാൻഡിഡേറ്റിനെ തിരിച്ചറിഞ്ഞു. ChAdOxlnCov-19 എന്ന വരാൻ പോകുന്ന വാക്സിൻ, അഡിനോവൈറസ് വാക്സിൻ വെക്ടറിനെയും SARS-COV-2 സ്പൈക്ക് പ്രോട്ടീനെയും അടിസ്ഥാനമാക്കിയുള്ളതാണ്.

ആകെ 102 കാൻഡിഡേറ്റ് വാക്സിനുകൾ വികസിപ്പിച്ചുവരുകയാണെന്നും എട്ട് പ്രധാന വാക്സിനുകൾ മനുഷ്യരിൽ പരീക്ഷിക്കുന്ന ഘട്ടത്തിലുമാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

കോവിഡ് 19ന് നിരവധി ചികിത്സകൾ പരീക്ഷിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ ആന്റി എബോള മരുന്നായ remdesivir ഉം ബ്ലഡ് പ്ലാസ്മ ചികിത്സകളും ഗവേഷകർ പരീക്ഷിച്ചു വരുന്നു.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞ ഹൈഡ്രോക്സി ക്ലോറോക്വിൻ രോഗം ഗുരുതരമായി ബാധിച്ചവരിൽ പ്രവർത്തിക്കില്ല.

കോവിഡ് 19നെതിരെ ഒരു വാക്സിൻ വികസിപ്പിക്കാത്തിടത്തോളം നാം നമ്മളെതന്നെ കരുതേണ്ടതാണെന്ന് നബാറോ പറയുന്നു. ലോകത്തെല്ലായിടത്തുമുള്ള എല്ലാ സമൂഹങ്ങളും കൊറോണ വൈറസിനെ ഒരു ഭീഷണിയായിക്കണ്ട് അതിനെതിരെ പൊരുതണമെന്നും ഇതിനിടയിലും സാമ്പത്തികവും സാമൂഹികവുമായ ജീവിതക്രമം പിന്തുടരേണ്ടതുണ്ടെന്നും നബാറോ പറയുന്നു.

ലോക ഡൗൺ പ്രമാണിച്ച് കേരളത്തിലെ മദ്യവിപണനകേന്ദ്രങ്ങൾ അടഞ്ഞു കിടക്കുകയാണ്. ഇത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സംസ്ഥാന സർക്കാരിന് വരുത്തി വച്ചിരിക്കുന്നത്. കാരണം 212 ശതമാനത്തോളം നികുതി ആണ് മദ്യവിൽപനയിൽ നിന്ന് സംസ്ഥാന ഗവൺമെന്റിന് കിട്ടിക്കൊണ്ടിരിക്കുന്നത്. മദ്യപന്മാരുടെ പോക്കറ്റിൽ നിന്നുള്ള പൈസ എടുത്താണ് സർക്കാർ ശമ്പളം ഉൾപ്പെടെയുള്ള ചിലവുകൾക്ക് പണം കണ്ടെത്തിക്കൊണ്ടിരിക്കുന്നത്.

എംസി ബ്രാൻഡി സർക്കാർ മദ്യക്കമ്പനികളിൽ നിന്നു വാങ്ങുന്ന വില 53 രൂപ. വിൽക്കുന്ന വില 560 രൂപയാണ്. ലാഭം 507 രൂപ. ബെക്കാർഡി ക്ലാസിക് സർക്കാർ വാങ്ങുന്നത് 168 രൂപയ്ക്ക്. വിൽക്കുന്നത് 1240 രൂപയ്ക്ക്. ലാഭം 1072 രൂപ. എക്സൈസ് ഡ്യൂട്ടിയും നികുതിയുമെല്ലാം ചേരുമ്പോഴാണ് മദ്യത്തിന് സംസ്ഥാനത്ത് വില കുത്തനെ കൂടുന്നത്. കോവിഡ് ബാധയെത്തുടർന്ന് നികുതിഘടനയിൽ ഇനിയും വർധനവുണ്ടായേക്കാം.

ബവ്റിജസ് കോർപ്പറേഷൻ മദ്യക്കമ്പനികളിൽനിന്ന് വാങ്ങുന്ന വിലയ്ക്കുമേൽ നികുതി, എക്സൈസ് ഡ്യൂട്ടി, ഗാലനേജ് ഫീസ് (സ്പിരിറ്റിന്റെ ഉപയോഗത്തിന് എക്സൈസ് ഈടാക്കുന്നത്), ലാഭം, പ്രവർത്തന ചെലവ് എന്നിവയെല്ലാം ചുമത്തിയശേഷമാണ് മദ്യം വിൽപ്പനയ്ക്കെത്തുന്നത്. നികുതി കൂട്ടിയാലും വിൽപ്പനയില്‍ കുറവില്ല.

2018–19 ബജറ്റിൽ സർചാർജ്, സാമൂഹ്യസുരക്ഷാ സെസ്, മെഡിക്കൽ സെസ്, പുനരധിവാസ സെസ് എന്നിവ എടുത്തു കളഞ്ഞ് വിൽപ്പന നികുതി നിരക്ക് പരിഷ്ക്കരിച്ചിരുന്നു. 400 രൂപവരെയുള്ള മദ്യത്തിന്റെ നികുതി 200 ശതമാനമായും 400ന് മുകളില്‍ വിലയുള്ള മദ്യത്തിന്റെ നികുതി 210 ശതമാനമായും ബിയറിന്റെ നികുതി 100 ശതമാനമായും പരിഷ്ക്കരിച്ചു. 2019–20ലെ ബജറ്റിൽ ഈ നികുതി 2 ശതമാനം വർധിപ്പിച്ചു.

RECENT POSTS
Copyright © . All rights reserved