Latest News

കോവിഡ് ബാധിച്ച് അമേരിക്കയിലും യുഎഇയിലുമായി ആറു മലയാളികള്‍ കൂടി മരിച്ചു. അമേരിക്കയില്‍ എട്ടുവയസുകാരനും വൈദികനുമുള്‍പെടെ മൂന്നുപേരാണ് മരിച്ചത്. കൊല്ലം കുണ്ടറ സ്വദേശി ഗീവര്‍ഗീസ് എം.പണിക്കറും മാര്‍ത്തോമ്മ സഭ വൈദികനായ കൊട്ടാരക്കര സ്വദേശി എം.ജോണും ഫിലാഡല്‍ഫിയയിലാണ് മരിച്ചത്. പാല സ്വദേശി സുനീഷിന്റെ മകന്‍ അദ്വൈത് ന്യൂയോര്‍ക്കില്‍ മരിച്ചു. നഴ്സുമാരായ മാതാപിതാക്കള്‍ക്ക് പിന്നാലെയാണ് അദ്വൈതിന് കോവിഡ് ബാധിച്ചത്. ഫിലാഡല്‍ഫിയയില്‍ പണിക്കര്‍ ടൂര്‍ ആന്‍ഡ് ട്രാവല്‍സ് ഉടമയാണ് ഗീവര്‍ഗീസ് എം.പണിക്കര്‍.

മലപ്പുറം തിരൂർ സ്വദേശി അഷ്റഫ് അബുദബിയിലാണ് മരിച്ചത്. അൻപത്തൊന്നു വയസായിരുന്നു. ഷെയ്ഖ് ഷഖ്ബൂത്ത് ആശുപത്രിയിൽ ചികിൽസയിലായിരിക്കെയാണ് അന്ത്യം. പത്തനംതിട്ട നെല്ലിക്കൽ സ്വദേശി റോഷനും അബുദബിയിലാണ് മരിച്ചത്. നാൽപ്പത്തെട്ടു വയസായിരുന്നു. കോതമംഗലം ആയക്കാട് സ്വദേശി നിസാറാണ് അജ്മാനിൽ മരിച്ചത്. മുപ്പത്തേഴു വയസായിരുന്നു. ഇതോടെ യുഎഇയിൽ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം മുപ്പത്തിരണ്ടായി. ആറു ഗൾഫ് രാജ്യങ്ങളിലുമായി നാൽപ്പത്തിനാലു മലയാളികളാണ് ഇതുവരെ മരിച്ചത്.

മൂവാറ്റുപുഴ മേക്കടമ്പിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിലേക്കു കാർ ഇടിച്ചുകയറി മൂന്നു പേർ മരിച്ചു. നാല് പേർ ഗുരുതരാവസ്ഥയിൽ. നിധിൻ (35) അശ്വിൻ (29) ബേസിൽ ജോർജ് (30) എന്നിവരാണു മരിച്ചത്. രാത്രി ഒമ്പതു മണിയോടെയാണ് അപകടം.

‘പൂവള്ളിയും കുഞ്ഞാടും’ സിനിമയിലെ നായകനാണ് ബേസിൽ. വാളകം മേക്കടമ്പ് നടപ്പറമ്പേൽ ജോർജിന്റെ മകനാണ്. മാതാവ് സിജി, സഹോദരൻ ബെൻസിൽ. ലിതീഷ് (30), സാഗർ (19), അതിഥി തൊഴിലാളികളായ റമോൺ ഷേഖ്, അമർ ജയദീപ് എന്നിവർക്കാണ് അപകടത്തിൽ പരുക്ക്.

വാളകത്തും സമീപ പ്രദേശത്തുമുള്ളവരാണു മറ്റുള്ളവർ. മരിച്ചവരും പരുക്കേറ്റവരും കോലഞ്ചേരി മെഡിക്കൽ കോളജിൽ. അപകടത്തിൽ കാർ പൂർണമായും തകർന്നു. അമിതവേഗമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

സ്വര്‍ണാഭരണ ശാലയിലെ മോഷണക്കേസില്‍ മുംബൈയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റിലായി. ഓഷിവാരയിലെ ജ്വല്ലറിയില്‍നിന്ന് ഏഴുകോടിയുടെ ആഭരണങ്ങള്‍ കവര്‍ന്ന കേസിലാണ് കോണ്‍സ്റ്റബിള്‍ സന്തോഷ് റാത്തോഡിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തത്
കഴിഞ്ഞമാസമാണ് ഓഷിവാരയിലെ ജ്വല്ലറിയില്‍നിന്ന് ഏഴുകോടിരൂപയുടെ ആഭരണങ്ങള്‍ കവര്‍ച്ചചെയ്യപ്പെട്ടത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് സംഘം ജ്വല്ലറിയുടെ ഷട്ടര്‍ തകര്‍ത്ത് മോഷണം നടത്തിയത്.

ജ്വല്ലറി ഉടമയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് നഗരത്തിലെ എന്‍.ജി.ഒ. പ്രസിഡന്റിനെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്തിരുന്നു. ഏഴുപേര്‍ ഉള്‍‍പ്പെടുന്ന ഇവരുടെ സംഘത്തില്‍നിന്ന് അഞ്ചുകോടി 30 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഇവര്‍ നല്‍കിയ സൂചന അനുസരിച്ചാണ് ഓഷിവാര പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ സന്തോഷ് റാത്തോഡിലേക്ക് അന്വേഷണസംഘമെത്തിയത്. പൊലീസ് നടത്തിയ പരിശോധനയില്‍ 80 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ ഇയാളില്‍നിന്ന് പിടിച്ചെടുത്തു. ഇയാള്‍ക്കുപുറമെ സംഘത്തിലുള്‍പ്പെട്ട ശുചീകരണ തൊഴിലാളിയും അറസ്റ്റിലായി. കോടതിയില്‍ ഹാജരാക്കിയ സന്തോഷ് റാത്തോഡിനെ റിമാന്‍ഡ് ചെയ്തു.

പാവപ്പെട്ടവര്‍ക്കായി പ്രവര്‍ത്തിപ്പിക്കുന്ന സാമൂഹ്യ അടുക്കളയില്‍ ചെന്ന് തുപ്പിവെച്ച് ഗുജറാത്ത് എംഎല്‍എ അര്‍വിന്ദ് റൈയാനി. പൊതുസ്ഥലങ്ങളില്‍ തുപ്പിയാല്‍ ഫൈന്‍ ഈടാക്കുന്ന ചട്ടങ്ങള്‍ സാധാരണക്കാര്‍ക്കെതിരെ കര്‍ശനമായി നടപ്പാക്കുമ്പോഴാണ് ബിജെപി എംഎല്‍എ ഈ അക്രമം കാണിച്ചിരിക്കുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് അത്യാവശയക്കാര്‍ക്കായി തുറന്നതാണ് കമ്യൂണിറ്റി കിച്ചന്‍.

അതെസമയം, ഇദ്ദേഹത്തിന്റെ പ്രവൃത്തിക്കെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഇതോടെ താന്‍ 500 രൂപ ഫൈന്‍ അടച്ചിട്ടുണ്ടെന്നു കാട്ടി അതിന്റെ രശീത് എംഎല്‍എ പുറത്തുവിട്ടു. രാജ്കോട്ട് മുനിസിപ്പല്‍ കോര്‍പ്പറേഷനിലാണ് അര്‍വിന്ദ് ഫൈന്‍ ഒടുക്കിയത്.

നേരത്തെയും സമാനമായ അതിക്രമങ്ങള്‍ ചെയ്ത് ഇദ്ദേഹം ശ്രദ്ധ നേടിയിട്ടുണ്ട്. നാട്ടിലെ ഒരു ക്രിക്കറ്റ് മാച്ചിനിടയില്‍ കമന്റേറ്ററെ തെറി വിളിച്ചത് വിവാദമായിരുന്നു. സാധാരണക്കാര്‍ നിരത്തില്‍ തുപ്പിയാല്‍ ഫൈനടയ്ക്കുമ്പോള്‍ ബിജെപി ഗുണ്ടകള്‍ക്ക് കമ്യൂണിറ്റി കിച്ചനിലും വന്ന് തുപ്പാം എന്നതാണ് സ്ഥിതിയെന്ന് രാജ്കോട്ടിലെ കോണ്‍ഗ്രസ് ഓഫീസ് സെക്രട്ടറി വിരാള്‍ ഭട്ട് പറഞ്ഞു.

ലോക്ക് ഡൗണ്‍ പിന്‍വലിക്കാന്‍ ഡല്‍ഹി തയ്യാറാണ് എന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. വിവിധ സേവനങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും ഇളവുകള്‍ പ്രഖ്യാപിച്ചുകൊണ്ടാണ് വാര്‍ത്താസമ്മേളനത്തില്‍ കെജ്രിവാള്‍ ഇക്കാര്യം പറഞ്ഞത്. ഡല്‍ഹിയില്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനുള്ള സമയമായിരിക്കുന്നു. കൊറോണ വൈറസുമായി ജീവിക്കാന്‍ നമ്മള്‍ തയ്യാറാകണം – കെജ്രിവാള്‍ പറഞ്ഞു. ഡല്‍ഹിയില്‍ ഇതുവരെ 64 പേരാണ് കോവിഡ് മൂലം മരിച്ചത്. 4122 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1256 പേര്‍ക്ക് അസുഖം ഭേദമായി.

കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള മേഖലകളില്‍ ലോക്ക് ഡൗണ്‍ ഒഴിവാക്കാന്‍ ഡല്‍ഹി തയ്യാറാണെന്ന് കെജ്രിവാള്‍ പറഞ്ഞു. ഹോസ്പിറ്റലുകളും കിറ്റുകളും സജ്ജമാണ്. കണ്ടെയ്ന്‍മെന്റ് സോണുകള്‍ സീല്‍ ചെയ്തത് തുടരാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. മറ്റ് മേഖലകളെല്ലാം ഗ്രീന്‍ സോണുകളാക്കാം. ഒറ്റ, ഇരട്ട അക്ക നമ്പറുകള്‍ നോക്കി കടകള്‍ തുറക്കാം. ലോക്ക് ഡൗണ്‍ അവസാനിച്ച് കഴിഞ്ഞും കേസുകള്‍ വന്നാല്‍ അതിനെ നേരിടാന്‍ ഡല്‍ഹി സജ്ജമാണ് എന്ന് കെജ്രിവാള്‍ അവകാശപ്പെട്ടു.

രാജ്യത്ത് 250 മൈക്രോബ്രൂവറികളിലായി ഏതാണ്ട് എട്ട് ലക്ഷം ലിറ്ററോളം ബിയര്‍ കെട്ടിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. കോവിഡ് ലോക്ക് ഡൗണ്‍ മൂലം മദ്യവില്‍പ്പന നിലച്ചതാണ് കാരണം. നാളെ മുതല്‍ മദ്യവില്‍പ്പനശാലകള്‍ തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. 700 കോടി രൂപ വില മതിക്കുന്ന 12 ലക്ഷം കേസ് ഇന്ത്യന്‍നിര്‍മ്മിത വിദേശമദ്യമാണ് ഡല്‍ഹി ഒഴികെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കെട്ടിക്കിടക്കുന്നത്. ബോട്ടില്‍ ചെയ്ത ബിയര്‍ പോലെയല്ല ഫ്രഷ് ബിയര്‍ എന്നും വളരെ വേഗം ഉപയോഗക്ഷമമല്ലാതാകുമെന്നും ബ്രൂവറി കണ്‍സള്‍ട്ടന്റ് ഇഷാന്‍ ഗ്രോവര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഗുഡ്ഗാവിലെ പല ബ്രൂവറികളും ബിയര്‍ ഒഴുക്കിക്കളഞ്ഞു തുടങ്ങി. ബിയര്‍ കേടുവരാതെ സൂക്ഷിക്കാന്‍ ആവശ്യമായ ശീതീകരിച്ച താപനില വേണമെങ്കില്‍ പ്ലാന്റുകളില്‍ വൈദ്യുതി വേണം – ഇഷാന്‍ ഗ്രോവര്‍ പറഞ്ഞു.

ശാരീരിക അകലം സംബന്ധിച്ച നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് ബിയര്‍ പാഴ്‌സലായി നല്‍കുന്ന ടേക്ക് എവേ സംവിധാനങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന് ക്രാഫ്റ്റ് ബ്രൂവേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ആവശ്യപ്പട്ടിരിക്കുന്നത്. ശാരീരിക അകലം സംബന്ധിച്ച നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് ബിയര്‍ പാഴ്‌സലായി നല്‍കുന്ന ടേക്ക് എവേ സംവിധാനങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന് ക്രാഫ്റ്റ് ബ്രൂവേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ആവശ്യപ്പട്ടിരിക്കുന്നത്. ബ്രൂവറികളില്‍ നിന്ന് ബിയര്‍ ഗ്രൗളേര്‍സില്‍ നിന്ന് ഫ്രഷ് ബിയര്‍ നല്‍കണം. ലോകത്ത് 35 രാജ്യങ്ങളില്‍ ഈ സംവിധാനമുണ്ടെന്ന് മഹാരാഷ്ട്ര ക്രാഫ്റ്റ് ബ്രൂവേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് നകുല്‍ ഭോണ്‍സ്ലെ പറഞ്ഞു. 250ഓളം മൈക്രോ ബ്രൂവറികള്‍ അടഞ്ഞുകിടക്കുന്നത് 50,000ത്തോളം തൊഴിലാളികളുടെ ജീവിതത്തെ ബാധിക്കുന്നു.

700 കോടി രൂപ വില വരുന്ന 12 ലക്ഷത്തോളം കേസ് ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം, ഡല്‍ഹി ഒഴികെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കെട്ടിക്കിടക്കുന്നതായി കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ആല്‍ക്കഹോളിക്ക് ബിവറേജ് കമ്പനീസ് (സിഐഎബിസി) ജനറല്‍ ഡയറക്ടര്‍ വിനോദ് ഗിരി പറഞ്ഞു. 700 കോടിയുടെ ഈ സ്‌റ്റോക്ക് കഴിഞ്ഞ സാമ്പത്തികവര്‍ഷം അവസാനിക്കുന്നതിന് മുമ്പ് (മാര്‍ച്ച് 31) വിറ്റഴിക്കേണ്ടതായിരുന്നു. എന്നാല്‍ മാര്‍ച്ച് 24 മുതല്‍ രാജ്യത്താകെ ലോക്ക് ഡൗണ്‍ വന്നതോടെ ഇത് സാധ്യമാകാതെ വന്നു. 12 ലക്ഷം കേസ് വരുന്ന ഈ പഴയ സ്റ്റോക്ക് വിറ്റഴിക്കാന്‍ സംസ്ഥാനസര്‍ക്കാരുകളുടെ അനുമതി തേടിയിട്ടുണ്ടെന്നും വിനോദ് ഗിരി പറഞ്ഞു.

കൊറോണ വൈറസ് പോരാട്ടത്തില്‍ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിറകൈയ്യടികളാണ് ജനം നല്‍കുന്നത്. ഇപ്പോള്‍ സമാനമായ സംഭവമാണ് ബംഗളൂരുവില്‍ അരങ്ങേറിയിരിക്കുന്നത്. കൊവിഡ് ഡ്യൂട്ടി കഴിഞ്ഞെത്തിയ ബംഗളൂരുവിലെ ഡോ. വിജയശ്രീയെയാണ് നിറഞ്ഞ കൈയ്യടിയോടെ അയല്‍വാസികള്‍ സ്വീകരിച്ചത്. ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നുകൊണ്ടായിരുന്നു അയല്‍ക്കാര്‍ വിജയശ്രീക്ക് ഹൃദ്യമായ വരവേല്‍പ്പ് നല്‍കിയത്.

നാട്ടുകാരുടെ ആശംസയ്ക്കിടെ വികാരഭരിതയായ ഡോക്ടര്‍ കണ്ണീര്‍ പൊഴിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഡോക്ടറെ സ്വീകരിക്കുന്നതിന്റെ വീഡിയോ ബംഗളൂരു മേയര്‍ എം ഗൗതം കുമാര്‍ ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ആശംസകളുമായി നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു.

എംഎസ് രാമയ്യ മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ കൊവിഡ് രോഗികളെ പരിചരിച്ച ശേഷമായിരുന്നു ഡോക്ടര്‍ മടങ്ങിയെത്തിയത് മേയര്‍ ട്വീറ്റ് ചെയ്യുന്നു. അതേസമയം, ആരോഗ്യപ്രവര്‍ത്തകരോടുള്ള ആദരസൂചകമായി രാജ്യത്തെ ആശുപത്രികള്‍ക്കു മുകളില്‍ ഇന്ന് വ്യോമസേന പുഷ്പവൃഷ്ടി നടത്തിയിരുന്നു.

കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് സ്വദേശത്തേക്ക് മടങ്ങാന്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത വിദേശ മലയാളികളുടെ എണ്ണം 4.13 ലക്ഷമായി. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് 150054 മലയാളികളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതോടെ ലോക് ഡൗണിനെ തുടര്‍ന്ന് കേരളത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളുടെ എണ്ണം 5.63 ലക്ഷമായി ഉയര്‍ന്നു.

വിദേശത്തുനിന്നും മടങ്ങുന്ന പ്രവാസികളില്‍ 61009 പേര്‍ തൊഴില്‍ നഷ്ടപ്പെട്ടതിനെത്തുടര്‍ന്നാണ് മടങ്ങിയെത്തുക. രജിസ്റ്റര്‍ ചെയ്തവരില്‍ 9827 ഗര്‍ഭിണികളും 10628 കുട്ടികളും 11256 വയോജനങ്ങളുമാണ്. പഠനം പൂര്‍ത്തിയാക്കിയ 2902 വിദ്യാര്‍ത്ഥികളും മടങ്ങിവരും.
വാര്‍ഷികാവധിക്ക് വരാന്‍ ആഗ്രഹിക്കുന്ന 70638 പേരും, സന്ദര്‍ശന വിസ കാലാവധി കഴിഞ്ഞ 41236 പേരും വിസകാലാവധി കഴിഞ്ഞതും റദ്ദാക്കപ്പെട്ടവരുമായ 27100 പ്രവാസികളും മടങ്ങിവരാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ജയില്‍ മോചിതരായ 806 പേരും മറ്റുള്ള കാരണങ്ങളാല്‍ 128061 വിദേശ പ്രവാസികളും കേരളത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദേശ മലയാളികളുടെ പേരു വിവരവും മുന്‍ഗണനാക്രമവും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും അതത് രാജ്യത്തെ എമ്പസികള്‍ക്കും അയച്ചുകൊടുക്കുന്നതിന് നടപടിയായി.

ഇതര സംസ്ഥാന പ്രവാസികളുടെ രജിസ്‌ട്രേഷനില്‍ കര്‍ണാടകയില്‍ നിന്ന് മടങ്ങിവരാന്‍ ഉള്ളവരുടെ എണ്ണം അരലക്ഷത്തോളമായി. ഇവിടെനിന്നും 49233 പ്രവാസികളാണ് ഇതിനോടകം രജിസ്റ്റര്‍ ചെയ്തത്. തമിഴ്‌നാട്ടില്‍നിന്ന് 45491 പേരും മഹാരാഷ്ട്രയില്‍ നിന്ന് 20869 പേരും സ്വദേശത്തേക്ക് മടങ്ങാനായി നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.അതെസമയം അരലക്ഷത്തോളം ആളുകള്‍ തൊഴില്‍ നഷ്ടപ്പെട്ടാണ് തിരിച്ചേത്തുന്നത്. ഇത് വന്‍ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

സംസ്ഥാനത്ത് ബാങ്കുകള്‍ നാളെ മുതല്‍ സാധാരണ പ്രവൃത്തി സമയത്തിലേക്ക്. റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണ്‍ ഭേദമന്യേ രാവിലെ പത്തുമുതല്‍ നാലു മണി വരെ ബിസിനസ് സമയവും അഞ്ചു മണി വരെ പ്രവൃത്തി സമയവുമായിരിക്കും. സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്സ് സമിതി, സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിച്ച് പുതിയ അഡൈ്വസറി പുറത്തിറക്കി.

കണ്ടയിന്‍മെന്റ് സോണുകളില്‍ ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക നിര്‍ദ്ദേശങ്ങളനുസരിച്ചായിരിക്കും ബാങ്കുകള്‍ തുറക്കുകയും പ്രവൃത്തിക്കുകയും ചെയ്യുക.

അബുദാബി ∙ കോവിഡ് 19 ദുരിതകാലത്തു മലയാളിയെ ഭാഗ്യം കൈയൊഴിഞ്ഞില്ല. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ തൃശൂർ സ്വദേശി ദിലീപ് കുമാർ ഇല്ലിക്കോട്ടിലിന് 20 കോടിയിലേറെ രൂപ (10 ദശലക്ഷം ദിർഹം) സമ്മാനം ലഭിച്ചു.‌ ഇന്ന് നടന്ന നറുക്കെടുപ്പിലാണ് ദിലീപ് കുമാർ കോടിപതിയായത്. കഴിഞ്ഞ 7 വർഷമായി യുഎഇയിലുള്ള ദിലീപ് കുമാർ പ്രതിമാസം 5000 ദിർഹം വേതനത്തിന് അജ്മാനിലെ ഒാട്ടോ സ്പെയർ പാർട്സ് സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലി ചെയ്തുവരികയായിരുന്നു.

ഏപ്രിൽ 14ന് ഒാൺലൈനിലൂടെയാണ് ഭാഗ്യ ടിക്കറ്റ് വാങ്ങിയത്. തനിക്ക് വലിയൊരു സംഖ്യ ബാങ്കു വായ്പ തിരിച്ചടക്കാനുണ്ടെന്നും അത് അടച്ചുതീർക്കുകയാണ് ആദ്യം ചെയ്യുന്നതെന്നും ദിലീപ് കുമാർ പറഞ്ഞു. 16, 9 വയസുള്ള മക്കളുടെ മികച്ച ഭാവിക്കു വേണ്ടിയും തുക ചെലവഴിക്കും. ഭാര്യ അജ്മാനിൽ വീട്ടമ്മയാണ്.

500 ദിർഹമാണ് ഒരു ബിഗ് ടിക്കറ്റിന്റെ വില. രണ്ട് ടിക്കറ്റ് വാങ്ങിച്ചാൽ ഒരു ടിക്കറ്റ് സൗജന്യമായി ലഭിക്കും. നേരത്തെ നടന്ന നറുക്കെടുപ്പുകളിൽ മിക്കതിലും മലയാളികളടക്കമുള്ള ഇന്ത്യക്കാരാണ് ജേതാവായിട്ടുള്ളത്.

Copyright © . All rights reserved