ജീവന്‍ ഇനി റോഡിൽ പൊലിയില്ല; റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് സൗജന്യ ചികിത്സ, പുതിയ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍

ജീവന്‍ ഇനി റോഡിൽ പൊലിയില്ല;  റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് സൗജന്യ ചികിത്സ, പുതിയ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍
July 01 09:50 2020 Print This Article

റോഡില്‍ ഇനിയൊരു ജീവന്‍ പൊലിയാതിരിക്കാന്‍ പുതിയ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്ന പദ്ധതിയാണ് ലക്ഷ്യമിടുന്നത്. പദ്ധതിക്കായി പ്രത്യേക ഫണ്ട് രൂപീകരിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. അപകടമുണ്ടായ ആദ്യ മണിക്കൂറുകളിലെ ചികിത്സകളുള്‍പ്പെടെയുള്ളവയുടെ ചെലവുകളാകും പദ്ധതി പ്രകാരം സൗജന്യമാക്കുകയെന്ന് അധികൃതര്‍ അറിയിച്ചു.

അപകടം നടന്നതുമുതലുള്ള ആദ്യ മണിക്കൂറുകള്‍ അപകടത്തില്‍ പെട്ടയാളുടെ ജീവന്‍ രക്ഷപ്പെടുത്താനുള്ള നിര്‍ണായക സമയമാണ്. ഈ സമയത്ത് മികച്ച ചികിത്സ ലഭ്യമാക്കിയാല്‍ റോഡപകടങ്ങളിലെ മരണനിരക്ക് ഗണ്യമായി കുറയുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചികിത്സ സൗജന്യമാക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേന്ദ്ര ഗതാഗത മന്ത്രാലയം പദ്ധതിയുടെ കരട് തയ്യാറാക്കിയിട്ടുണ്ട്. അപകടത്തില്‍ പെടുന്ന ഓരോ വ്യക്തിക്കും 2.5 ലക്ഷം രൂപയുടെ വരെയുള്ള ചികിത്സ സൗജന്യമാക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

നാഷണല്‍ ഹെല്‍ത്ത് അതോറിറ്റിയെയാണ് പദ്ധതി നടത്തിപ്പിന്റെ നോഡല്‍ ഏജന്‍സിയായി നിയമിക്കുക. പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന അഥവാ ആയുഷ്മാന്‍ ഭാരതിന്റെ ഭാഗമായാകും പദ്ധതി നടപ്പിലാക്കുക. രാജ്യത്തെ എല്ലാ ചീഫ് സെക്രട്ടറിമാരോടും പുതിയ പദ്ധതിയേപ്പറ്റിയുള്ള അഭിപ്രായമാരാഞ്ഞ് ജൂലൈ 10 നകം കേന്ദ്രം കത്തയ്ക്കുമെന്നാണ് ലഭിക്കുന്ന വിവരം. നിലവില്‍ രാജ്യത്തെ 21,000 ഓളം സര്‍ക്കാര്‍ – സ്വകാര്യ ആശുപത്രികള്‍ ആയുഷ്മാന്‍ ഭാരതിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവയിലൂടെയാകും പദ്ധതി നടപ്പിലാക്കുകയെന്നാണ് റിപ്പോര്‍ട്ട്.

പദ്ധതി നടത്തിപ്പിനായി പ്രത്യേക നിധി രൂപീകരിക്കും. പാര്‍ലമെന്റ് കഴിഞ്ഞ വര്‍ഷം പാസാക്കിയ മോട്ടോര്‍ വാഹന ഭേദഗതി നിയമത്തില്‍ ഇക്കാര്യങ്ങള്‍ പറയുന്നുണ്ട്. ഈ ഫണ്ടിലേക്ക് ഇന്‍ഷുറന്‍സ് കമ്പനികളും വിഹിതം അടയ്ക്കും. ഇനി അപകടത്തില്‍പ്പെട്ട വാഹനം ഇന്‍ഷ്വര്‍ ചെയ്തിട്ടില്ലെങ്കിലും ഈ സഹായം ലഭ്യമാകും. വാഹനം ഇടിച്ചിട്ട് നിര്‍ത്താതെ പോകുന്ന ഹിറ്റ് ആന്‍ഡ് റണ്‍ കേസുകളിലും അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ഇതുവഴി ചികിത്സ പണച്ചെലവില്ലാതെ ലഭ്യമാകുമെന്നാണ് വിലയിരുത്തല്‍.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles