സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കൊല്ലം, കോട്ടയം ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും ഇടുക്കി ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
വിദേശത്ത് നിന്നും 18 പേരും (യു.എ.ഇ.-12, ഒമാന്‍-1, സൗദി അറേബ്യ-1, അബുദാബി-1, മാലി ദ്വീപ്-1, കുവൈറ്റ്-1, മസ്‌കറ്റ്-1) 25 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും (മഹാരാഷ്ട്ര-17, തമിഴ്നാട്-4, ഡല്‍ഹി-2, കര്‍ണാടക-2) വന്നതാണ്. 6 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ കണ്ണൂര്‍ ജില്ലയിലെ രണ്ട് പേര്‍ റിമാണ്ട് തടവുകാരാണ്. തിരുവനന്തപുരത്തെ ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകനാണ്.
അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 12 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 6 പേരുടെയും കൊല്ലം ജില്ലയില്‍ നിന്നുള്ള 2 പേരുടെയും എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള ഒരാളുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 359 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 532 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
എയര്‍പോര്‍ട്ട് വഴി 8390 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 82,678 പേരും റെയില്‍വേ വഴി 4558 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 97,247 പേരാണ് എത്തിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 99,278 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 98,486 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 792 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 152 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1861 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 54,899 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 53,704 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 8110 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 7994 സാമ്പിളുകള്‍ നെഗറ്റീവ് ആയി.
കൊവിഡ് 19 മുന്‍കരുതലെന്നോണം ക്വാറന്റൈന്‍ നിര്‍ദേശിച്ചതിനു പിന്നാലെ പ്രതികരണവുമായി നടന്‍ സുരാജ് വെഞ്ഞാറമൂട്. ഫേസ്ബുക്കിലൂടെയാണ് താരം പ്രതികരണം അറിയിച്ചത്. കേരള സര്‍ക്കാരിന്റെ സുഭിക്ഷം പദ്ധതിയുടെ ഭാഗമായി വെഞ്ഞാറമൂടിലുളള എന്റെ പുരയിടം കൃഷി ചെയ്യുന്നതിനായി ഞാന്‍ വെഞ്ഞാറമൂട് സര്‍വീസ് സഹകരണ ബാങ്കിനു വിട്ടു നല്‍കുകയും പദ്ധതിയുടെ ഉദ്ഘാടനം ഇക്കഴിഞ്ഞ 23 ന് വാമനപുരം എംഎല്‍എ ഡികെ മുരളി നിര്‍വഹിക്കുകയും ഞാന്‍ ആ ചടങ്ങില്‍ അതിഥിയായി പങ്കെടുക്കുകയും ചെയ്തു. ആ ചടങ്ങില്‍ വെഞ്ഞാറമൂട് പോലീസ് ഇന്‍സ്‌പെക്ടറും പങ്കെടുത്തിരുന്നു.
എന്നാല്‍ അദ്ദേഹം തലേദിവസം അറസ്റ്റ് ചെയ്യുകയും സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്ത ഒരു പ്രതിക്ക് കോവിഡ് രോഗം സ്ഥിതീകരിച്ചിരിക്കുകയാണ്. അതിനാല്‍ പോലീസ് ഇന്‍സ്‌പെക്ടറും മറ്റു പോലീസുകാരും ഇപ്പോള്‍ ഹോം ക്വാറന്റൈനില്‍ ആണ്. ആ ഉദ്ഘാടനച്ചടങ്ങില്‍ ഞാനും മറ്റുളളവരും സാമൂഹിക അകലം പാലിച്ചിരുന്നു.മാസ്‌കും ധരിച്ചിരുന്നു.എങ്കിലും സുരക്ഷാര്‍ത്ഥം നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നോട് ആവശ്യപ്പെട്ടിരിക്കുകയാണ്. പോലീസ് ഉദ്യോഗസ്ഥരുടെ പരിശോധന ഫലം പുറത്ത് വരുന്നത് വരെ ജാഗ്രത അത്യാവശ്യമായതിനാല്‍ ഞാന്‍ ഹോം ക്വാറന്റയിനില്‍ തുടരുന്നതാണെന്ന് സുരാജ് കുറിച്ചു.
കൊവിഡ് പ്രതിരോധ ത്തില്‍ കേരളം ലോകത്തിനു മാതൃക ആയത് മാനസികമായ അടുപ്പം സൂക്ഷിച്ചു കൊണ്ട് തന്നെ പുലര്‍ത്തിയ സാമൂഹിക അകലം കൊണ്ട് ആണ്.. അത് ഞാനും ഉത്തരവാദിത്വത്തോടെ അനുസരിക്കുന്നു..ആരോഗ്യ പ്രവര്‍ത്തകര്‍ കാട്ടുന്ന ജാഗ്രതയും കരുതലും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നുവെന്നും സുരാജ് കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
Dear Friends,
കേരള സര്‍ക്കാരിന്റെ സുഭിക്ഷം പദ്ധതിയുടെ ഭാഗമായി വെഞ്ഞാറമൂടിലുളള എന്റെ പുരയിടം കൃഷി ചെയ്യുന്നതിനായി ഞാന്‍ വെഞ്ഞാറമൂട് സര്‍വീസ് സഹകരണ ബാങ്കിനു വിട്ടു നല്‍കുകയും പദ്ധതിയുടെ ഉദ്ഘാടനം ഇക്കഴിഞ്ഞ 23 ന് വാമനപുരം എംഎല്‍എ ശ്രീ. ഡി കെ മുരളി നിര്‍വഹിക്കുകയും ഞാന്‍ ആ ചടങ്ങില്‍ അതിഥിയായി പങ്കെടുക്കുകയും ചെയ്തു. ആ ചടങ്ങില്‍ വെഞ്ഞാറമൂട് പോലീസ് ഇന്‍സ്‌പെക്ടറും പങ്കെടുത്തിരുന്നു.എന്നാല്‍ അദ്ദേഹം തലേദിവസം അറസ്റ്റ് ചെയ്യുകയും സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്ത ഒരു പ്രതിക്ക് കോവിഡ് രോഗം സ്ഥിതീകരിച്ചിരിക്കുകയാണ്.അതിനാല്‍ പോലീസ് ഇന്‍സ്‌പെക്ടറും മറ്റു പോലീസുകാരും ഇപ്പോള്‍ ഹോം ക്വാറന്റയിനില്‍ ആണ്. ആ ഉദ്ഘാടനച്ചടങ്ങില്‍ ഞാനും മറ്റുളളവരും സാമൂഹിക അകലം പാലിച്ചിരുന്നു.മാസ്‌കും ധരിച്ചിരുന്നു.എങ്കിലും സുരക്ഷാര്‍ത്ഥം നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നോട് ആവശ്യപ്പെട്ടിരിക്കുകയാണ്. പോലീസ് ഉദ്യോഗസ്ഥരുടെ പരിശോധന ഫലം പുറത്ത് വരുന്നത് വരെ ജാഗ്രത അത്യാവശ്യമായതിനാല്‍ ഞാന്‍ ഹോം ക്വാറന്റയിനില്‍ തുടരുന്നതാണ്…കോവിഡ് പ്രതിരോധ ത്തില്‍ കേരളം ലോകത്തിനു മാതൃക ആയത് മാനസിക മായ അടുപ്പം സൂക്ഷിച്ചു കൊണ്ട് തന്നെ പുലര്‍ത്തിയ സാമൂഹിക അകലം കൊണ്ട് ആണ്.. അത് ഞാനും ഉത്തരവാദിത്വത്തോടെ അനുസരിക്കുന്നു..ആരോഗ്യ പ്രവര്‍ത്തകര്‍ കാട്ടുന്ന ജാഗ്രതയും കരുതലും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു.എത്രയും പെട്ടെന്ന് നേരില്‍ കാണാമെന്ന വിശ്വാസത്തോടെ
നിങ്ങളുടെ
സുരാജ് വെഞ്ഞാറമൂട്
ഭാര്യയെ വിഷ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സൂരജിനെയും കൊണ്ട് അപ്രതീക്ഷിതമായാണ് ക്രൈംബ്രാഞ്ച് സംഘം മരിച്ച ഉത്രയുടെ വീട്ടിൽ തെളിവെടുപ്പിന് എത്തിയത്. ആളുകൾ കൂടുന്നത് ഒഴിവാക്കാൻ രാവിലെ അഞ്ചരയോടെയാണ് സൂരജിനെ ഉത്രയുടെ വീട്ടിൽ എത്തിച്ചത്.
അപ്രതീക്ഷിതമായി പൊലീസ് സംഘത്തിനൊപ്പം സൂരജിനെ കണ്ടതോടെ ഉത്രയുടെ മാതാപിതാക്കൾ കരഞ്ഞും പൊട്ടിത്തെറിച്ചും ബഹളം വെച്ചു. മകളെ കൊന്ന അവനെ വീട്ടിൽ കയറ്റരുതെന്ന് പറഞ്ഞുകൊണ്ട് ഉത്രയുടെ അമ്മ കരഞ്ഞു. ഉത്രയുടെ അച്ഛനും പ്രതി സൂരജിനെ കണ്ടതോടെ ക്ഷുഭിതനായി.
ഇതോടെ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞ് സൂരജ് പൊട്ടിക്കരഞ്ഞു. എനിക്കൊന്നും കേൾക്കേണ്ടെന്നായിരുന്നു ഉത്രയുടെ അച്ഛന്റെ മറുപടി. വീട്ടിലെത്തിയ പൊലീസ് സംഘം സൂരജും ഉത്രയും കിടന്ന മുറി പരിശോധിച്ചു. ഉത്ര കിടന്ന സ്ഥലം സൂരജ് പൊലീസിന് കാട്ടിക്കൊടുത്തു.
തുടർന്ന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്നും ഉത്രയെ കൊലപ്പെടുത്താൻ മൂർഖൻപാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് ജാർ കണ്ടെടുത്തു. സൂരജ് തന്നെയാണ് പ്ലാസ്റ്റിക് ജാർ പൊലീസിന് കാട്ടിക്കൊടുത്തത്. അരമണിക്കൂറിനകം തെളിവെടുപ്പ് പൂർത്തിയാക്കി അന്വേഷണ സംഘം മടങ്ങി.
പ്രതി സൂരജിനെയും പാമ്പു നൽകിയ സഹായി സുരേഷിനെയും ഇന്നുതന്നെ കോടതിയിൽ ഹാജരാക്കും. ഇവരുടെ അറസ്റ്റ് ഇന്നലെ വൈകീട്ട് രേഖപ്പെടുത്തിയിരുന്നു.
കാലടി: ടോവിനോയെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളിയുടെ കാലടിയിലെ സെറ്റ് തകര്‍ത്ത സംഭവത്തില്‍ മണപ്പുറം മഹാശിവരാത്രി ആഘോഷ സമിതി പെരുമ്പാവൂര്‍ പോലീസില്‍ പരാതി നല്‍കി. ഷൂട്ടിംഗിന് ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റിടാന്‍ സിനിമാ സംഘത്തിന് അനുമതി നല്‍കിയിരുന്നതായി സമിതി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
അഖില ഹിന്ദു പരിക്ഷത്ത് പ്രവര്‍ത്തകരാണ് ഇന്നലെ രാത്രിയില്‍ സെറ്റ് പൊളിച്ചതെന്നാണ് വിവരം. മിന്നല്‍ മുരളി എന്ന സിനിമയുമായി ബന്ധപ്പെട്ട് മണപ്പുറത്ത് നിര്‍മ്മിച്ച പള്ളിയുടെ സെറ്റാണ് തകര്‍ത്തത്. സംഭവത്തില്‍ ഇതുവരെ പോലീസില്‍ പരാതി നല്‍കിയിട്ടില്ല എങ്കിലും നിര്‍മ്മാതാക്കളുടെ സംഘടനയുമായി ആലോചിച്ച ശേഷം നിയമ നടപടി ഉള്‍പ്പെടെയുളള കാര്യത്തില്‍ തീരുമാനം എടുക്കാനാണ് സിനിമയുടെ നിര്‍മ്മാതാവിന്റെയും നീക്കം. ഏറെക്കുറെ ചിത്രീകരണം പൂര്‍ത്തിയായിരുന്ന സിനിമയുടെ ക്‌ളൈമാക്‌സ് ഉള്‍പ്പെടെയുള്ള രംഗങ്ങളാണ് ബാക്കിയുള്ളത്.
രണ്ടാഴ്ച കൂടിയാണ് ഷൂട്ടിംഗ് ഇനി ബാക്കിയുണ്ടായിരുന്നത്. ലക്ഷങ്ങള്‍ മുടക്കി കഴിഞ്ഞ മാര്‍ച്ചിലാണ് മനോഹരമായ സെറ്റ് നിര്‍മ്മിച്ചത്. നേരത്തേ സിനിമയ്ക്കായി മനോഹരമായ പള്ളിയുടെ സെറ്റ് ഇട്ടത് ക്ഷേത്ര കമ്മറ്റിയുടെയും പഞ്ചായത്തിന്റെയും അനുമതിയോടെ ആയിരുന്നെന്നും ഇറിഗേഷന്‍ ഉള്‍പ്പെടെ മറ്റ് ചില ഗവണ്‍മെന്റ് ഓഫീസുകളുടെ കൂടി അനുമതികള്‍ വേണ്ടതുള്ളതിനാല്‍ അതിന് വേണ്ടിയുള്ള ശ്രമത്തിലായിരുന്നു നിര്‍മ്മാതാക്കള്‍. ഇതിനിടയില്‍ ലോക്ക്ഡൗണ്‍ വന്നതിനാല്‍ ഷൂട്ടിംഗ് മുടങ്ങുകയും സെറ്റ് നിലനിര്‍ത്തേണ്ട ആവശ്യം വരികയുമായിരുന്നു.
അതിനിടയിലായിരുന്നു സെറ്റ് പൊളിച്ച സംഭവം ഉണ്ടായത്. ഇതിനിടയില്‍ മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ചാണ് ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് പൊളിച്ചതെന്ന് അവകാശപ്പെട്ട് രാഷ്ട്രീയ ബജ്‌റംഗദള്‍ ആണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. എഎച്പി ജനറല്‍ സെക്രട്ടറി എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഹരിപാലോടിന്റെ ഫേസ്ബുക്ക് പോസ്റ്റും വിവാദത്തിന്റെ ചൂട് കൂട്ടിയിട്ടുണ്ട്.
‘കാലടി മണപ്പുറത്ത് മഹാദേവൻറെ മുന്നില്‍, ഇത്തരത്തിൽ ഒന്ന് കെട്ടിയപ്പോൾ ഞങ്ങള്‍ പറഞ്ഞതാണ്, പാടില്ല എന്ന്, പരാതികൾ നൽകിയിരുന്നു. യാചിച്ച് ശീലം ഇല്ല. ഞങ്ങള്‍ പൊളിച്ച് കളയാൻ തീരുമാനിച്ചു. സ്വാഭിമാനം സംരക്ഷിക്കുക തന്നെ വേണം. സേവാപ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാ രാഷ്ട്രീയ ബജ്റംഗദൾ പ്രവർത്തകർക്കും, മാതൃകയായി പ്രവർത്തകർക്ക് ഒപ്പം നേതൃത്വം നൽകിയ രാഷ്ട്രീയ ബജ്റംഗദൾ എറണാകുളം വിഭാഗ് പ്രസിഡൻറ് മലയാറ്റൂർ രതീഷിനും അഭിനന്ദനങ്ങൾ. മഹാദേവൻ അനുഗ്രഹിക്കട്ടെ’. എന്നായിരുന്നു പോസ്റ്റ്.
വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോളാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. തമിഴ് താരം ഗുരു അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. അതേ സമയം സംഭവം ദൗര്‍ഭാഗ്യകരമെന്ന് നിര്‍മ്മാതാക്കളുടെ സംഘടനയുടെ പ്രതികരണം.
സ്പിരിച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
മാതാവിന്റെ വണക്കമാസം ഇരുപത്തിനാലാം ദിവസത്തില്‍ എത്തിയിരിക്കുകയാണ്. പ്രാരംഭ സഭയില്‍ പരിശുദ്ധ അമ്മയുടെ സ്ഥാനമാണ് ഫാ. ബിനോയ് ആലപ്പാട്ട് CMF ഇന്നത്തെ വണക്കമാസത്തില്‍ പ്രാര്‍ത്ഥനാ വിഷയമായെടുത്തിരിക്കുന്നത്. വായിക്കുന്നതിനേക്കാള്‍ കൂടുതല്‍ കേള്‍ക്കുമ്പോഴാണ് കാര്യങ്ങള്‍ കൂടുതല്‍ ഗ്രഹിക്കുവാന്‍ സാധിക്കുന്നത്. ശ്രോതാക്കള്‍ക്ക് മനസ്സിലാകുവാന്‍ പാകത്തിന് വളരെ ലളിതമായ ഭാഷയില്‍ വണക്കമാസ പുസ്തകത്തിന്റെ രൂപത്തില്‍ തന്നെയാണ് പ്രാര്‍ത്ഥനകള്‍ ക്രമീകരിച്ചിരിക്കുന്നത്. കുടുംബത്തോടൊപ്പം ഒരുമിച്ചിരുന്ന് പ്രാര്‍ത്ഥിക്കുവാനുള്ള അവസരമാണ് ഫാ. ബിനോയ് മലയാളം യുകെയിലൂടെ ഒരുക്കിയിരിക്കുന്നത്.
മെയ് മുപ്പത്തൊന്ന്, വണക്കമാസം വീടല്‍ വരെ മാതാവിന്റെ വണക്കമാസ പ്രാര്‍ത്ഥനകള്‍ മലയാളം യുകെയില്‍ പ്രസിദ്ധീകരിക്കുന്നതാണ്.
ഫാ. ബിനോയ് ആലപ്പാട്ട് തയ്യാറാക്കിയ മാതാവിന്റെ വണക്കമാസം ഇരുപത്തിനാലാം ദിവസം ശ്രവിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.
ഡല്‍ഹിയില്‍ കൊറോണ ബാധിച്ച് മലയാളി നഴ്സ് മരിച്ചു. പത്തനംതിട്ട കോന്നി സ്വദേശിനി വള്ളിക്കോട് വീട്ടില്‍ അംബിക (48) ആണ് മരിച്ചത്. ആദ്യമായാണ് കൊറോണ ബാധിച്ച് ഡല്‍ഹിയില്‍ ഒരു മലയാളി മരിക്കുന്നത്. ഡല്‍ഹി മോത്തി നഗറിലെ കല്‍റ ആശുപത്രിയില്‍ നഴ്സായിരുന്നു. ഭര്‍ത്താവ് വിദേശത്താണ്. രണ്ടു മക്കള്‍.
അതേസമയം രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം ഒന്നേകാല്‍ ലക്ഷം പിന്നിട്ടു. രോഗബാധ നിരക്കില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന വര്‍ധന ഒറ്റ ദിവസത്തിനിടെ രേഖപ്പെടുത്തി. 6767 പേര്‍ക്ക് കൂടി രോഗം ബാധിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,31,868 ആയി.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായി ബന്ധപ്പെട്ട ധാരണ പാലിക്കാത്തതില്‍ ജോസഫ് വിഭാഗത്തിന് കടുത്ത അതൃപ്തി. രൂക്ഷ വിമര്‍ശനവും മുന്നറിയിപ്പുമായി പിജെ ജോസഫ് രംഗത്തെത്തി. എന്തും സഹിച്ച് യുഡിഎഫില്‍ തുടരുമെന്ന് കരുതേണ്ടെന്ന് പിജെ ജോസഫ് തുറന്നടിച്ചു.
ധാരണ പാലിച്ചില്ലെങ്കില്‍ യോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ സംബന്ധിച്ച് യുഡിഎഫ് നേതൃത്വം നേരത്തെയുണ്ടാക്കിയ ധാരണയുണ്ട്. അത് പ്രകാരം അവസാനത്തെ ആറ് മാസം ജോസഫ് വിഭാഗത്തിനാണ് ജില്ലാ പ്രസിഡന്റ് സ്ഥാനം. ആ ധാരണ യുഡിഎഫ് പാലിക്കാത്തതില്‍ കടുത്ത അതൃപ്തിയാണ് ജോസഫ് വിഭാഗം അറിയിച്ചിരിക്കുന്നത്.
ധാരണ പാലിക്കേണ്ട ദിവസം കഴിഞ്ഞിട്ട് 56 ദിവസം കഴിഞ്ഞിരിക്കുന്നു. അതിനാല്‍ തന്നെ എന്തും സഹിച്ച് യുഡിഎഫില്‍ തുടരേണ്ട എന്നാണ് ജോസഫ് നല്‍കുന്ന മുന്നറിയിപ്പ്. യുഡിഎഫ് നേതൃത്വത്തെ തന്റെ അതൃപ്തിയും അമര്‍ഷവും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ധാരണ പാലിക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.
75ന്റെ നിറവില്‍ നില്‍ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഗവര്‍ണറും. രാവിലെ ഫോണില്‍ വിളിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി മുഖ്യമന്ത്രിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ഇതിനു പുറമെ ട്വിറ്ററിലുടെയും മോഡി പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.
രാഷ്ട്രപതി രാംനാഥ് കോവിന്ദും പിണറായി വിജയനുമായി ഫോണില്‍ സംസാരിച്ചു. രാവിലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പിണറായി വിജയന് പിറന്നാള്‍ ആശംസ നേര്‍ന്നിരുന്നു.
പ്രിയ സഖാവിന് ഞങ്ങളുടെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍ എന്നാണ് കമല്‍ഹാസന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. കേരളത്തിന്റെ കരുത്തനായ മുഖ്യമന്ത്രിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍ എന്നാണ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. അതേസമയം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ തിരക്കിലാണ് പിറന്നാള്‍ ദിനമെന്നും ആഘോഷങ്ങളൊന്നുമില്ലെന്നും സാധാരണ ദിവസം പോലെ തന്നെയാണ് പിറന്നാള്‍ ദിനമെന്നുമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
Birthday wishes to Kerala CM Shri @vijayanpinarayi Ji on his birthday. May he be blessed with good health and a long life.
— Narendra Modi (@narendramodi) May 24, 2020
പ്രശസ്ത ജപ്പാന്‍ റസിലിംഗ് താരം ഹന കിമുറ അന്തരിച്ചു. 22 വയസായിരുന്നു. ഹന കിമുറയുടെ സ്വന്തം സ്ഥാപനമായ സ്റ്റാര്‍ഡം റെസിലിംഗ് ആണ് താരത്തിന്റെ മരണവാര്‍ത്ത പുറത്ത് വിട്ടത്. അതേസമയം മരണകാരണം എന്താണെന്ന് വ്യക്തമല്ല. 2019 ലെ സ്റ്റാര്‍ഡം ഫൈറ്റിംഗ് സ്പിരിറ്റ് അവാര്‍ഡ് ജേതാവാണ് ഹന കിമുറ.
കഴിഞ്ഞ വെള്ളിയാഴ്ച തന്റെ വളര്‍ത്തു പൂച്ചയോടൊപ്പമുള്ള ചിത്രം ഗുഡ്‌ബൈ എന്ന ക്യാപ്ഷനോടെ ഹന കിമുറ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. അതുകൊണ്ട് തന്നെ ഹന ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൂടുതല്‍ വിശദമായ അന്വേഷണം നടത്തുമെന്നാണ് ജപ്പാനീസ് പോലീസ് വ്യക്തമാക്കിയത്.
നെറ്റ്ഫ്‌ളിക്‌സ് സ്ട്രീം ചെയ്ത ടെറസ് ഹൗസ് എന്ന റിയാലിറ്റി ഷോയിലും ഹന അഭിനയിച്ചിരുന്നു. ഇത് ഏറെ പ്രശസ്തമായിരുന്നു. റിയാലിറ്റി ഷോ പിന്നീട് കൊറോണ ഭീതിയില്‍ നിര്‍ത്തി വയ്ക്കുകയായിരുന്നു. ലോകത്തിലെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റാര്‍ഡം റെസലിംഗ് ടീം അംഗങ്ങള്‍ ഹനയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.
അഞ്ചലിൽ രണ്ട് തവണ പാമ്പ് കടിയേറ്റ യുവതി മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. ഉത്രയുടെ ഭർത്താവ് സൂരജ് കുറ്റം സമ്മതിച്ചു. രണ്ടുതവണയും ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചതാണെന്ന് സൂരജ് പോലീസിന് മൊഴി നൽകി. സൂരജും പാമ്പ് പിടിത്തക്കാരൻ കല്ലുവാതുക്കൽ സ്വദേശി സുരേഷുമടക്കം നാലുപേരെ ചോദ്യം ചെയ്തപ്പോഴാണ് ആസൂത്രിതമായ കൊലപാതക വിവരം പുറത്തറിയുന്നത്.
മരിച്ച ഉത്രയുടെ ഭർത്താവ് സൂരജ് പതിനായിരം രൂപ നൽകി കല്ലുവാതുക്കൽ സ്വദേശി സുരേഷിൽ നിന്നാണ് പാമ്പിനെ വാങ്ങിയത്. ഇയാളുമായി സൂരജ് നിരന്തരം സമ്പർക്കം പുലർത്തിയിരുന്നെന്നും പാമ്പിനെ കടിപ്പിക്കാനുള്ള വൈദഗ്ധ്യം പഠിച്ചെടുത്തിരുന്നെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ചില മാനസിക പ്രശ്‌നങ്ങൾ പ്രകടിപ്പിച്ചിരുന്ന ഉത്രയെ കൊല്ലാൻ ഉറപ്പിച്ച സൂരജ് ഫെബ്രുവരി 26-ന് പാമ്പ് പിടിത്തക്കാരനായ സുരേഷിൽ നിന്ന് അണലിയെ വാങ്ങി. ആ അണലി ഉത്രയെ മാർച്ച് 2 ന് കടിപ്പിച്ചെങ്കിലും ഉത്ര അത്ഭുതകരമായി രക്ഷപ്പെട്ടു. തുടർന്നാണ് കരിമൂർഖനെ വാങ്ങിയത്.
വലിയ ബാഗിലാക്കിയാണ് കരിമൂർഖനെ സൂരജ് ഉത്രയുടെ വീട്ടിലേക്ക് കൊണ്ടുവന്നത്. രാത്രി ഉത്ര ഉറങ്ങിശേഷം പാമ്പിനെ ഉത്രയുടെ മേൽ കുടഞ്ഞിട്ട് ഇയാൾ അവരെ കടിപ്പിച്ചു. മരണം ഉറപ്പാക്കിയ ശേഷം കട്ടിലിലിൽ ഇരുന്ന് നേരം വെളുപ്പിച്ചു. ശേഷം പാമ്പിനെ ഡ്രസിങ് റൂമിന്റെ മൂലയിലേയ്ക്കിട്ടു. അതിനുശേഷം അഞ്ചരയോടെ വീടിനുപുറത്തേക്ക് പോയി. എഴുന്നേൽക്കുന്ന സമയം കഴിഞ്ഞും മകളെ കാണാത്തതിനെത്തുടർന്ന് ഉത്രയുടെ അമ്മ എത്തി നോക്കുമ്പോഴാണ് ഉത്രയെ അബോധാവസ്ഥയിൽ കണ്ടത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പാമ്പ് കടിയേറ്റ് മരിച്ചു എന്ന് കണ്ടെത്തിയത്.
ഉത്രയും സൂരജും തമ്മിൽ നേരത്തെ പ്രശ്‌നങ്ങളുണ്ടായിരുന്നു എന്നറിയാമായിരുന്ന ഉത്രയുടെ വീട്ടുകാർ മരണത്തിൽ ദുരൂഹത ആരോപിക്കുകയായിരുന്നു. സൂരജിന്റെ സ്വഭാവത്തിലും അസ്വഭാവികത ഉണ്ടായിരുന്നു. ഉത്ര മരിച്ച ദിവസം തന്നെ വീട്ടുകാർ വിവാഹസമയത്ത് നൽകിയ 110 പവനിൽ നിന്ന് 92 പവൻ ലോക്കറിൽ നിന്ന് സൂരജ് എടുത്തിരുന്നു. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ലോക്കൽ പൊലീസും തുടർന്ന് ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെയായിരുന്നു അന്വേഷണം. പാമ്പുപിടിത്തക്കാരനെ ഒപ്പമിരുത്തി നടത്തിയ ചോദ്യം ചെയ്യലിൽ തെളിവുകൾ നിരത്തിയതോടെ സൂരജ് കുറ്റം സമ്മതിക്കുകയായിരുന്നു.