കുട്ടികളുടെ പെയിന്റിംഗ് വിവാദം ചൂടേറുന്നു. അറസ്റ്റ് രേഖപ്പെടുത്താന്‍ പോലീസ് വീട്ടിലെത്തിയതിനുപിന്നാലെ പ്രതികരണവുമായി രഹ്ന ഫാത്തിമ. എന്റെ ശരീരവും എന്റെ പേരുമാണ് ഒരു വിഭാഗത്തിന്റെ പ്രശ്‌നം. മക്കള്‍ വരച്ചപ്പോള്‍ മാത്രമല്ല, ജെസ്‌ല മാടശേരി തന്റെ ശരീരത്ത് ബോഡി ആര്‍ട് ചെയ്തപ്പോഴും ഇതേ മുറവിളി ഉയര്‍ന്നിരുന്നു. ശരീരം എന്റെ രാഷ്ട്രീയം പറയാനുള്ള ഉപകരണമാണെന്നു ഞാന്‍ നേരത്തേ പറഞ്ഞിട്ടുള്ളതാണ്. സംശയമുള്ളവര്‍ക്ക് അന്നത്തെ വിഡിയോ എടുത്തു നോക്കിയാല്‍ അതിന്റെ കമന്റുകള്‍ കാണാം. ഒരു സ്ത്രീയുടെ നെഞ്ചിലെ വസ്ത്രം മാറിക്കിടന്നാല്‍ അതില്‍ അശ്ലീലം കാണുന്നവര്‍ അറിയണം, അശ്ലീലം കാണുന്നവന്റെ കണ്ണുകളിലാണെന്നും രഹ്ന പറയുന്നു.

അമ്മയുടെ ശരീരത്തില്‍ മകന്‍ ചിത്രം വരച്ചാല്‍ അതില്‍ എന്ത് ലൈംഗികതയാണ് നിയമത്തിനു കാണാനാകുക എന്നറിയില്ല. ഞാന്‍ നേരത്തേ പറഞ്ഞിട്ടുള്ളതു പോലെ ശരീരമാണ് എന്റെ രാഷ്ട്രീയം പറയാനുള്ള ഉപകരണം. അതു തുടക്കം മുതല്‍ പറയുന്നതാണ്. ഇനിയും പറയും. സ്ത്രീയുടെ ശരീരത്തെ വെറും ലൈംഗികതയ്ക്കുവേണ്ടി മാത്രമുള്ള ഉപകരണമായി കാണുന്നവരോടുള്ള എന്റെ പ്രതികരണമാണ് ശരീരത്തിലൂടെ പറയുന്നത്. ഒരു വിഡിയോയിലൂടെ ആകാശം ഇടിഞ്ഞു വീണെന്നു കരുതുന്നവരെ നിയമപരമായിത്തന്നെ നേരിടാനാണ് തീരുമാനം. ആരെയും ഭയന്ന് നിലപാടുകളില്‍നിന്ന് പിന്നാക്കം പോകാനില്ല.

ഒരു സ്ത്രീശരീരം കണ്ടാലുടന്‍ അതില്‍ എല്ലായിടത്തും ലൈംഗികത കാണുന്ന, സെക്ഷ്വലി ഫ്രസ്ട്രേറ്റഡ് ആയ സമൂഹത്തില്‍ വെറും വസ്ത്രങ്ങള്‍ക്കുള്ളില്‍ മാത്രം ഒരു സ്ത്രീ സുരക്ഷിതയല്ല. സ്ത്രീശരീരം എന്താണെന്നും ലൈംഗികത എന്താണെന്നും തുറന്നു പറയുകയും കാട്ടുകയും വേണം. അത് വീട്ടില്‍നിന്നു തന്നെ തുടങ്ങിയാലേ സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയൂ. സ്ത്രീശരീരം ലൈംഗികതയ്ക്കും മക്കളെ നിര്‍മിക്കാനും മാത്രമുള്ളതാണെന്നു കരുതുന്ന സദാചാര ഫാഷിസ്റ്റ് സമൂഹത്തില്‍, അവര്‍ ഒളിച്ചിരുന്നു മാത്രം കാണാന്‍ ആഗ്രഹിക്കുന്ന കാഴ്ചകള്‍ തുറന്നുകാട്ടുന്നതും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണെന്നാണ് നിലപാട്. നഗ്നതയെ കുറിച്ചോ ലൈംഗികതയെ കുറിച്ചോ പറയാന്‍ പോലും പറ്റാത്തവിധം സ്ത്രീകളുടെ നാവുകള്‍ക്ക് നിരവധി വിലക്കുകളാണ്. ആരെങ്കിലും അതു തുറന്നു പറഞ്ഞാല്‍ അവരെ ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന സമൂഹമാണ് നമ്മുടേത്. അവിടെ എന്റെ പ്രവൃത്തി ധീരമായ രാഷ്ട്രീയ പ്രവര്‍ത്തനമാണ് എന്നുതന്നെയാണ് പറയാനുള്ളത്.

യഥാര്‍ഥത്തില്‍ സംഭവിച്ചത്, എനിക്കു കണ്ണിനു സുഖമില്ലാതെ കിടക്കുമ്പോള്‍ ആശ്വസിപ്പിക്കാനെത്തിയ അവന്‍ പെയിന്റുകൊണ്ട് ശരീരത്തില്‍ വരച്ചപ്പോള്‍ അതിന് അനുവദിക്കുകയായിരുന്നു. മുമ്പും ശരീരത്തില്‍ ബോഡി ആര്‍ട് ചെയ്തിട്ടുള്ളതാണ്. അത് അവന്‍ കണ്ടിട്ടുമുണ്ട്. അതുകൊണ്ടുതന്നെ അവന്‍ താല്‍പര്യപ്പെട്ടപ്പോള്‍ നിരുല്‍സാഹപ്പെടുത്തിയില്ല. മകന്‍ നന്നായി ചിത്രം വരയ്ക്കും. വീട്ടില്‍ ഭിത്തികളിലും കുപ്പികളിലുമെല്ലാം വരച്ചിട്ടുണ്ട്. എന്റെ ശരീരത്തില്‍ വരച്ചപ്പോള്‍ അത് വിഡിയോയില്‍ പകര്‍ത്തി. നാലു പേര്‍ അവന്റെ കഴിവു കാണട്ടെ എന്നു കരുതിത്തന്നെയാണ് ചാനലില്‍ പോസ്റ്റ് ചെയ്തത്.