Latest News

വഴിയോരത്ത് പഴക്കച്ചവടം ചെയ്ത് ഉപജീവന മാര്‍ഗം കണ്ടെത്തുന്ന മനുഷ്യനെ ജനക്കൂട്ടം കൊള്ളയടിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഡല്‍ഹിയില്‍ നിന്നുള്ള ഈ വീഡിയോ രോഷത്തോടെ പലരും ഇന്നലെ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഇതോടെ നഷ്ടപ്പെട്ടതിലും ഇരട്ടിപ്പണം അദ്ദേഹത്തിന്റെ അക്കൗണ്ടിലെത്തി. എട്ടുലക്ഷത്തോളം രൂപ ഇതിനോടകം അക്കൗണ്ടില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൈവണ്ടിയില്‍ മാമ്പഴക്കച്ചവടം ചെയ്തു ജീവിക്കുന്ന ഛോട്ടുവിനെയാണ് ജനക്കൂട്ടം കൊള്ളയടിച്ചത്. ഡല്‍ഹി ജഗത്പൂരിയിലെ ഒരു സ്‌കൂളിന് മുന്നിലായിരുന്നു ഛേട്ടുവിന്റെ കച്ചവടം.

കൊവിഡ് നിയന്ത്രണങ്ങളൊക്കെ ഉള്ളതിനാല്‍ ഒരു വിഭാഗം പേര്‍ ഉന്തുവണ്ടി ഇവിടെ നിന്ന് മാറ്റണം എന്ന് ഛോട്ടുവിനോട് ആവശ്യപ്പെട്ടു. ഇതു അനുസരിച്ച് ഉന്തുവണ്ടി മാറ്റിയിട്ട് തിരികെ വന്നപ്പോള്‍ ഇദ്ദേഹം വില്‍പ്പനയ്ക്കായി ഒരുക്കിയിരുന്ന 15 കൂട മാമ്പഴങ്ങള്‍ ജനക്കൂട്ടം കൊണ്ടുപോയിരുന്നു. ഏകദേശം 30,000 രൂപയുടെ മാമ്പഴമാണ് ഇത്തരത്തില്‍ ആളുകള്‍ കൊണ്ടുപോയത്.

ജനം തിക്കിത്തിരത്തി മാമ്പഴവുമായി പോകുന്നത് സമീപത്തെ ഒരാള്‍ മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.

ഈ വീഡിയോ വൈറലായതിന് പിന്നാലെ എന്‍ഡിടിവി ഛോട്ടുവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും വാര്‍ത്തയില്‍ ഉള്‍പ്പെടുത്തി. ഇതോടെയാണ് സഹായങ്ങള്‍ എത്താന്‍ തുടങ്ങിയത്.

 

അഞ്ചലില്‍ കിടപ്പു മുറിയില്‍ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു യുവതി മരിച്ച സംഭവത്തില്‍ സംഭവത്തില്‍ ഭര്‍ത്താവ് അടൂര്‍ പറക്കോട് സ്വദേശി സൂരജും രണ്ടു സഹായികളും പോലീസ് കസ്റ്റഡിയില്‍.

ഉറക്കത്തില്‍ ഉത്രയെ(25) പാമ്പിനെ കൊണ്ട് കടിപ്പിക്കുകയായിരുന്നെന്നാണു സൂചന. പാമ്പ് പിടുത്തക്കാരില്‍ നിന്നു പതിനായിരം രൂപയ്ക്ക് പാമ്പിനെ വിലയ്ക്കു വാങ്ങിയതാണെന്നു പോലീസിനു വിവരം ലഭിച്ചു.

മാര്‍ച്ച് രണ്ടാണ് സൂരജിന്റെ വീട്ടില്‍വച്ചു ഉത്രയ്ക്കു പാമ്പ് കടിയേറ്റത്. ചികിത്സയ്ക്കും വിശ്രമത്തിനുമായാണു ഉത്രയുടെ വീട്ടില്‍ എത്തിയത്. കഴിഞ്ഞ ഏഴിനു ഉത്രയ്ക്കു വീണ്ടും പാമ്പ് കടി ഏല്‍ക്കുകയായിരുന്നു.

സംഭവങ്ങള്‍ നടക്കുമ്പോള്‍ രണ്ടു പ്രാവശ്യവും ഭര്‍ത്താവ് സൂരജ് മുറിയില്‍ ഉണ്ടായിരുന്നു. ഉത്രയുടെ സ്വത്ത് തട്ടി എടുക്കാന്‍ കൊന്നതാണെന്നാണു സൂചന.

അതേസമയം, സൂരജ് ചില പാമ്പ് പിടുത്തക്കാരുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി സൈബര്‍ സെല്‍ കണ്ടെത്തിയിരുന്നു. തുറന്നിട്ട ജനാലയില്‍ കൂടി കയറിയ മൂര്‍ഖന്‍ പാമ്പ് ഉത്രയെ കടിച്ചെന്നാണു സൂരജിന്റെ വാദം.

ഇതു ശരിയാണോ എന്നറിയാന്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധന ആവശ്യമാണ്. തറ നിരപ്പില്‍നിന്ന് പാമ്പിന് എത്ര ഉയരാന്‍ കഴിയും എന്നതാണു പ്രധാനമായി കണ്ടെത്തേണ്ടത്. ഇക്കാര്യത്തില്‍ ജന്തുശാസ്ത്ര വിദഗ്ധരുടെയും പാമ്പ് പിടുത്തക്കാരുടെയും അറിവ് തേടുന്നുണ്ട്.

ഉറക്കത്തില്‍ വിഷപ്പാമ്പിന്റെ കടിയേറ്റാല്‍ ഉണരുമെന്നാണ് ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. എന്നാല്‍ ഉത്ര ഉണര്‍ന്നില്ല. അതിന്റെ കാരണം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അറിയാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണു പോലീസ്.

അതേസമയം, ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന ബാങ്ക് ലോക്കര്‍ മാര്‍ച്ച് 2നു രാവിലെ തുറന്നതായി പോലീസ് കണ്ടെത്തി. ഉത്രയുടെയും സൂരജിന്റെയും സംയുക്ത അക്കൗണ്ടിലാണ് ലോക്കര്‍.

ന്യൂജേഴ്‌സി: ലോക്ക് ഡൗൺ കാലത്ത് പ്രവാസികളുമായി കേരള മുഖ്യമന്ത്രി നടത്തിയ സൂം മീറ്റിംഗ് ചരിത്ര സംഭവമായി.മെയ് 23 ന് രാവിലെ 10.30 ന് ആണ് മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കൻ കാനഡ മലയാളികളെയും പ്രവാസി സംഘടന പ്രതിനിധികളെയും ഓൺലൈൻ സംഗമത്തിലൂടെ സംവദിച്ചത്.ഏറെ സാങ്കേതികത്തികവോടെയും മികച്ച അവതരണ ശൈലിയിലും സൂം മീറ്റിംഗിനെ സംഘാടകർ മികവുറ്റതാക്കി മാറ്റിയപ്പോൾ ഏറെ സമചിത്തയോടെ ഏതാണ്ട് രണ്ടു മണിക്കൂറോളം മുഖ്യമന്ത്രി ചെലവഴിച്ചു കൊണ്ട് പ്രവാസികളുടെ ആശങ്ക അകറ്റി.
മെയ് 24ന്  75 വയസ് പിന്നിടുന്ന  മുഖ്യമന്ത്രി പിണറായി വിജയൻ പ്രായത്തിന്റെ ആലസ്യമില്ലാതെ നാട്ടിൽ രാത്രി ഏറെ വൈകിയ നേരത്തും ഏറെ ഉത്സാഹത്തോടെയാണ് സൂം മീറ്റിഗിൽ പങ്കെടുത്തത്.വിവിധ മലയാളം ചാനലുകളിലൂടെയും  ,പ്രവാസി ചാനൽ, ഫേസ് ബുക്ക് -യു ട്യൂബ് തുടങ്ങിയവയിലൂടെ തത്സമയ ലൈവ്  ആയി കേരളത്തിലും  അമേരിക്ക,കാനഡ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലെ  ആയിരക്കണക്കിന് മലയാളികളാണ് മുഖ്യമന്തിയുടെ നോർത്ത് അമേരിക്കൻ മലയാളികളുമായുള്ള സമ്പർക്ക പരിപാടി തത്സമയം വീക്ഷിച്ചത്.
നോർത്ത് അമേരിക്കയിലെ എല്ലാ സംഘടനകളുടെയും  സംയുക്താഭിമുഖ്യത്തിൽ  ആയിരുന്നു മുഖ്യമന്ത്രി പിണറായി വിജയനുമായി സൂം മീറ്റിംഗ്  സംഘടിപ്പിച്ചത്.മാധ്യമപ്രവർത്തകർ ഉൾപ്പെടെ പലർക്കും കയറാൻ പറ്റാത്ത സാഹചര്യമുണ്ടായപ്പോൾ  മറ്റു തത്സമയ പ്രക്ഷേപണങ്ങൾ വഴി കാണുകയാണുണ്ടായത്.ഫൊക്കാന ട്രഷർ സജിമോൻ ആന്റണിയായിരുന്നു പ്രധാന മോഡറേറ്റർ.ജെസി റിൻസി സഹമോഡറേറ്റർ ആയിരുന്നു.ഫൊക്കാന പ്രസിഡണ്ട് മാധവൻ ബി. നായർ സ്വാഗതവും ഫൊക്കാന ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ  ഡോ. മാമ്മൻ സി.ജേക്കബ് നന്ദിയും പറഞ്ഞു.
കോവിഡ് 19 നെ തുരത്തുന്നതിൽ കേരളം എടുത്ത മാതൃകാപരമായ കാര്യങ്ങളും  അതിനെ നേതൃത്വം നൽകിയ മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീർത്തിച്ചുകൊണ്ടും  ചിക്കാഗോ ന്യൂസ്, ബി.ബി.സി, ദി ഗാർഡിയൻ, അൽജിസറാ ടി.വി. ന്യൂയോക്ക് ടൈംസ് തുടങ്ങിയ മാധ്യമങ്ങളിൽ വന്ന വാർത്തകളിലെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടാണ്  ഫൊക്കാനയുടെ മുൻ പ്രസിഡണ്ടും  നോർക്ക റൂട്ട്സ് ഡയറക്ടറും കേരള  ലോക സഭ സ്റ്റിയറിംഗ് കമ്മിറ്റി മെമ്പറുമായ ഡോ.എം.അനിരുദ്ധൻ നോർത്ത് അമേരിക്കൻ മലയാളികളുമായി അഭിസംബോധന ചെയ്യാനായി മുഖ്യമന്ത്രിയെ ക്ഷണിച്ചത്..
അമേരിക്ക ഉൾപ്പെടെയുള്ള എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ മലയാളികൾക്കും കൂടി അവകാശപ്പെട്ട നാടാണ് കേരളമെന്ന ആമുഖത്തോടെയാണ് പിണറായി വിജയൻ നോർത്ത് അമേരിക്കൻ മലയാളികളെ  അഭിസംബോധന ചെയ്‌തത്‌.കേരളം എന്നത് കേരളത്തിലുള്ളവരുടെ മാത്രം സ്വന്തമല്ല.നിങ്ങളുടേതുകൂടിയാണ്. തിരികെ വരാൻ ആഗ്രഹിക്കുന്നവരെ ഇരു കൈയും നീട്ടി സ്വാഗതം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
തുടന്ന് മീറ്റിംഗ് കോർഡിനേറ്റർ കൂടിയായ പോൾ കറുകപ്പള്ളിൽ, നൈനയെ പ്രതിനിധീകരിച്ചു ബോബി വർഗീസ്, എ.കെ.എം.ജി.മുൻ പ്രസിഡണ്ട് ഡോ. രവീന്ദ്ര നാഥ് , നോർക്ക റൂട്ട്സ് അമേരിക്ക പ്രതിനിധി അനുപമ വെങ്കിടേശ്വരൻ,നോർക്ക റൂട്ട്സ് കാനഡ പ്രതിനിധി കുര്യൻ പ്രക്കാനം എന്നിവർ ആശംസയർപ്പിച്ചു.തുടർന്ന് കോവിഡ് 19 മൂലം മരണമടഞ്ഞ നോർത്ത് അമേരിക്കയിലെ മലയാളികൾക്ക് ഫൊക്കാന സെക്രട്ടറി ടോമി കോക്കാട് അനുശോചന സന്ദേശം നൽകി. കോവിഡ് കാലത്തെ യഥാർത്ഥ ഹീറോകളായ ഹെൽത്ത് കെയർ വർക്കേഴ്സിന്  ഫൊക്കാന നേതാവ് ജോർജി വർഗീസ് അഭിവാദ്യമർപ്പിച്ചു.ഡോ എം. അനിരുദ്ധൻ, പോൾ കറുകപ്പള്ളിൽ, സജിമോൻ ആന്റണി, നോർക്ക ക്യാനഡ ഹെൽപ്പ് ലൈൻ കോർഡിനേറ്റർ കുര്യൻ പ്രക്കാനം എന്നിവരുടെ വിശ്രമ രഹിതമായ പ്രവർത്തനങ്ങൾ മീറ്റിംഗ് കുറ്റമറ്റതാക്കി.പ്രവീൺ തോമസ്,വിപിൻരാജ്, ജോർജി ജോർജ്,ഫിലിപ്പോസ് ഫിലിപ്പ്, ഡോ. മാമ്മൻ സി. ജേക്കബ്, നോർക്ക റൂട്ട്സ് യു.എസ് പ്രതിനിധി അനുപമ വെങ്കിടേശ്വരൻ,നോർക്ക റൂട്ട്സ് കാനഡ പ്രതിനിധികൾ, പ്രവാസി സംഘടന പ്രതിനിധികൾ തുടങ്ങിയവർ ചോദ്യങ്ങൾ മുൻകൂട്ടി വാങ്ങി അനുമതി നൽകിയതിനാൽ ഇരട്ടിപ്പുകളോ  ആശയക്കുപ്പഴപ്പങ്ങളോ ഇല്ലാതെ മികവുറ്റ രീതിയിൽ മീറ്റിംഗ് സംഘടിപ്പിക്കുവാൻ കഴിഞ്ഞു. പ്രവാസി സംഘടനകളെ പ്രതിനിധികരിച്ച് കേരളത്തിൽ നിന്നും ഡോ.ജോൺസൺ വി. ഇടിക്കുള സംബന്ധിച്ചു. പ്രവാസികളുടെ ആശങ്ക അകറ്റത്തക്ക നിലയിൽ മീറ്റിംങ്ങിൽ മറുപടി നല്കിയ മുഖ്യമന്ത്രിയെ നോർക്ക ക്യാനഡ ഹെൽപ്പ് ലൈൻ കോർഡിനേറ്റർ കുര്യൻ പ്രക്കാനം അഭിനന്ദിച്ചു.

ബോളിവുഡ് നടന്‍ കിരണ്‍ കുമാറിന് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. അതേസമയം രോഗലക്ഷണങ്ങളായ പനി, ചുമ ശ്വാസതടസ്സം ഒന്നും തന്നെ നടന്‍ പ്രകടിപ്പിച്ചിരുന്നില്ല. ചില ആരോഗ്യപരിശോധനകള്‍ക്കായി ആശുപത്രിയിലെത്തിയപ്പോള്‍ കൊവിഡ് പരിശോധന നടത്തിയതിനെ തുടര്‍ന്നാണ് രോഗം സ്ഥിരീകരിച്ചത് എന്നാണ് നടന്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞത്.

ഇന്നേക്ക് പത്തുദിവസമായി. ഇതുവരെയായി ലക്ഷണങ്ങളൊന്നും തന്നെ പ്രകടിപ്പിച്ചിട്ടില്ല. വീട്ടില്‍ ക്വാറന്റൈനില്‍ കഴിയാനാണ് നിര്‍ദേശം എന്നാണ് താരം വ്യക്തമാക്കിയത്.

നിലവില്‍ വീട്ടിലെ മൂന്നാംനിലയിലാണ് താരം ഇപ്പോള്‍ ക്വാറന്റൈനില്‍ കഴിയുന്നത്. നടന്റെ കുടുംബം രണ്ടാം നിലയില്‍ താമസിക്കുന്നുണ്ട്. അതേസമയം താരത്തിന്റെ രണ്ടാം ഘട്ട കൊവിഡ് പരിശോധന തിങ്കളാഴ്ച്ച നടന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മുഛ്സേ ദോസ്തീ കരോഗേ, ജൂലി, ധട്കന്‍ തുടങ്ങിയവയാണ് കിരണ്‍ കുമാര്‍ അഭിനയിച്ച ബോളിവുഡ് ചിത്രങ്ങള്‍. മിലി, ഗൃഹസ്തി, സിന്ദഗി തുടങ്ങിയ സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഗായിക കനിക കപൂര്‍, നിര്‍മ്മാതാവ് കരീം മൊറാനി, നടന്‍ പുരബ് കോഹ്ലി എന്നിവര്‍ക്കാണ് നേരത്തേ ബോളിവുഡില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

എറണാകുളം പെരുമ്പാവൂര്‍ പട്ടിമറ്റത്ത് പ്ലൈവുഡ് ഫാക്ടറിയുടെ പുകക്കുഴലിനുള്ളില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത് ഇന്നലെയാണ് . ആളെ ഇത് വരെ തിരിച്ചറിഞ്ഞിട്ടില്ല. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ചാരം വാരാനെത്തിയ തൊഴിലാളികളാണ് രാവിലെ മൃതദേഹം കണ്ടത്. കമ്പനിയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. പൊലീസ്, ഫോറന്‍സിക് വിഭാഗങ്ങള്‍ പരിശോധന നടത്തി.

ആറുമാസം കൂടുമ്പോഴാണ് പ്ലൈവുഡ് ഫാക്ടറിയുടെ പുകക്കുഴല്‍ വൃത്തിയാക്കാറുള്ളത്. അതുകൊണ്ട് തന്നെ എപ്പോഴാണ് മൃതദേഹം പുകക്കുഴലിന് അകത്ത് ഉപേക്ഷിച്ചതെന്ന് വ്യക്തമല്ല. മൃതദേഹം കത്തിക്കരിഞ്ഞതിനാല്‍ കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമേ പഴക്കം നിര്‍ണയിക്കാനാകൂ.

പ്ലൈവുഡ് കന്പനിയിലെ ജീവനക്കാരെ ആരെയും സമീപകാലത്ത് കാണാതായിട്ടില്ല. എന്നാല്‍ ഫാക്ടറിയുടെ പ്രവര്‍ത്തനത്തെ കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണ് മൃതദേഹം പുകക്കുഴലില്‍ ഉപേക്ഷിച്ചതെന്നാണ് നിഗമനം. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹം കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

പട്ടിമറ്റത്ത് അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം കൊലപാതകമെന്ന് പൊലീസ്. മൃതദേഹം പുരുഷന്റേതാണെന്നും നാല് ആഴ്ച മുതല്‍ എട്ട് ആഴ്ച്ച വരെ പഴക്കമുണ്ടെന്നും പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, കൊലപാതക കാരണത്തെക്കുറിച്ചു വ്യക്തമാകാന്‍ കൂടുതല്‍ പരിശോധനകള്‍ വേണമെന്ന് പൊലീസ് പറഞ്ഞു.

കൊലപാതകത്തെക്കുറിച്ച് പെരുമ്പാവൂര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘം അന്വേഷിക്കും. മരിച്ചത് ഇതര സംസ്ഥാനകാരനാണെന്നാണ് പ്രാഥമിക നിഗമനം. ലോക്ക് ഡൗണ്‍ തുടങ്ങിയ സമയത്താകാം കൊലപാതകം നടത്തിയിരിക്കുന്നത്.

ആളൊഴിഞ്ഞ സ്ഥലത്തു ഒളിപ്പിച്ച മൃതദേഹം ലോക്ക്ഡൗണ്‍ വിലക്കുകള്‍ പിന്‍വലിക്കുന്ന സമയത്താണ് കാണുന്നതും. ആളെ കാണാനില്ലെന്ന രീതിയില്‍ പ്രദേശവാസികളുടെ പരാതികള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. അതുകൊണ്ട് തന്നെയാണ് ഇതര സംസ്ഥാനക്കാരിലേക്കു അന്വേഷണം നീളുന്നത്.

കളമശേരി മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്മാര്‍ട്ടം നടത്തിയത്. ഇതിനിടെ കൊല്ലപ്പെട്ടത് സ്ത്രീ ആണെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ശനിയാഴ്ച രാവിലെയാണ് പട്ടിമറ്റത്തു മൃതദേഹം കണ്ടെത്തിയത്. വാള്‍ മാക്‌സ് പെയിന്റ് കമ്പനിക്ക് സമീപമുള്ള പ്ലൈവുഡ് കമ്പനിയുടെ പുക കുഴലിനുള്ളിലുള്ള ചാരക്കുഴിയിലാണ് മൃതദേഹം കണ്ടത്

ഐശ്വര്യ ലക്ഷ്മി.എസ്സ്.

ചന്ദ്രികാ വസന്തത്തിൻ നാളുകൾ അടരുകയാണു
ഒരുകോടി പുണ്യവുമായ്.
ദുനിയാവാകെ പുണ്യത്തിൻ നാളുകൾ ചൊരിഞ്ഞ് വന്നെത്തുകയായ് പുണ്യ റമദാൻ
അല്ലാഹ്……അക്ബർ….
പകലെല്ലാം വ്രതവുമായ് സക്കാത്തിൻ പുണ്യമാവോളം നേടി
ഇരവിൻ നക്ഷത്രങ്ങളെല്ലാം മാറുകയായ് പുത്തൻ പിറവിയായ്.
അള്ളാഹ് മുന്നിൽ അഞ്ചുനേരം നിസ്കാരവുമായ്
നോമ്പു തീർത്തു പാപങ്ങളൊക്കെയൊഴിച്ച്
പുണ്യവാനായ് മാറീടും നാളിതു.
ഇഹലോകത്തിൻ തിന്മകളെല്ലാം അകറ്റുവാനായൊരു മധുമാസം.
നോമ്പിൻ അലയാഴികളോരോന്നും നന്മതൻ കടലായ് മാറും
റമദാൻ മാസം പിരിയുമ്പോൾ
പൊള്ളും നോവുകളെല്ലാം കരുണയായ് ഉരുകിടുന്നൂ.
ഖുർആനും റബ്ബിൻ മൊഴികളുമായ് ഖൽബിനു
കുളിരായ് പിറക്കുന്നു ഈദുൽ ഫിത്ർ
മാറുന്നു മാനുഷമനമെല്ലാം
സ്നേഹറസൂലായ്.

 

ഐശ്വര്യ ലക്ഷ്മി.എസ്സ്.

സ്വദേശം പത്തനംതിട്ട ജില്ലയിലെ കുന്നന്താനം. തിരുവല്ലമാക്ഫാസ്റ്റ് കോളേജിലെ അവസാനവർഷ എം.സി.എ വിദ്യാർഥിനി ആണ് .അച്ഛൻ ശശിധരകൈമൾ.അമ്മ ഇന്ദു കുമാരി. ഇമെയിൽ: [email protected]

 

കൊല്ലം അഞ്ചലില്‍ യുവതി പാമ്പു കടിയേറ്റു മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി ക്രൈംബ്രാഞ്ച്. മരിച്ച ഉത്രയുടെ മാതാപിതാക്കളുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. ഉത്ര (25) മേയ് ഏഴിനാണ് പാമ്പുകടിയേറ്റു മരിച്ചത്. ഭര്‍ത്താവ് സൂരജിനൊപ്പം കിടന്നുറങ്ങുമ്പോഴായിരുന്നു പാമ്പുകടിയേറ്റത്.

റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ അശോകന്റെ നേതൃത്വത്തിലായിരുന്നു മൊഴിയെടുപ്പ് നടത്തിയത്. റൂറല്‍ എസ്പി ഹരിശങ്കറിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. കേസില്‍ പ്രാഥമിക റിപ്പോര്‍ട്ട് വൈകാതെ തന്നെ നല്‍കും. ഉത്രയുടെ മരണത്തില്‍ ദൂരൂഹതയുണ്ടെന്നും, വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഉത്രയുടെ മാതാപിതാക്കള്‍ കൊല്ലം റൂറല്‍ എസ്പി ഹരിശങ്കറിനു പരാതി നല്‍കിയിരുന്നു.

അതേസമയം മരണം സംഭവിച്ചതിന്റെ തലേന്ന് വലിയൊരു ബാഗുമായി സൂരജ് വീട്ടിലെത്തിയെന്ന് മാതാപിതാക്കള്‍ പറഞ്ഞു. സൂരജ് കൊണ്ടുവന്ന ബാഗില്‍ പാമ്പുണ്ടായിരുന്നെന്നാണ് സംശയം. സൂരജ് പാമ്പുകളെ കയ്യിലെടുത്ത് കളിപ്പിക്കാറുണ്ടെന്ന് ഉത്രയുടെ ബന്ധുക്കള്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. അടൂരിലെ ഭര്‍തൃവീട്ടിലും ഒരുതവണ ഉത്ര പാമ്പിനെ കണ്ടിരുന്നു.

സൂരജ് ഇതിനെ കൈകൊണ്ട് പിടിച്ചു ചാക്കിലാക്കിയതായി ഉത്ര പറഞ്ഞിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. ഉത്രയുടെ വീട്ടിലെ എസി മുറിയുടെ വാതിലും ജനലുകളും അടച്ചനിലയിലായിരുന്നു. എന്നിട്ടും പാമ്പ് എങ്ങനെ മുറിക്കകത്തെത്തി എന്നാണ് പൊലീസ് പരിശോധിക്കുന്നത്. മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഉത്രയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാട്ടുകാര്‍ മുറിക്കുള്ളില്‍ നടത്തിയ തിരച്ചിലിലാണ് മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയതും തല്ലിക്കൊന്നതും.

റമദാന്‍ വ്രതശുദ്ധിക്ക് ശേഷം സംസ്ഥാനത്ത് ഇസ്ലാംമത വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. കൊവിഡ് വ്യാപനവും അതേതുർന്നുള്ള ലോക്ക്ഡൗൺ മൂലവും ആഘോഷമില്ലാതെയാണ് ഇത്തവണത്തെ ചെറിയ പെരുന്നാൾ. പ്രധാന ചടങ്ങായ പെരുന്നാള്‍ നമസ്‌കാരം വീടുകളിലൊതുങ്ങുമെങ്കിലും ആഘോഷത്തിന് പൊലിമ കുറയാതെ നോക്കുകയാണ് വിശ്വാസികള്‍.

പെരുന്നാള്‍ ദിനത്തില്‍ ലോക്ക്ഡൗണിന് ഇളവ് നല്‍കിയെങ്കിലും ആഘോഷങ്ങള്‍ക്ക് നിയന്ത്രണമുണ്ടാകും. ‌ ഇത്തവണ റമസാന്‍ മുപ്പത് പൂര്‍ത്തിയാക്കിയാണ് വിശ്വാസികള്‍ ചെറിയ പെരുന്നാളിന് ഒരുങ്ങുന്നത്. കൊവിഡ് നിയന്ത്രണം പാലിച്ചായിരുന്നു ഈ നോമ്പ് കാലം. പെരുന്നാള്‍ ദിനത്തില്‍ ഭക്ഷണമൊരുക്കാനുള്ള അവശ്യസാധനങ്ങള്‍ വാങ്ങാനാണ് വിശ്വാസികള്‍ വീടിന് പുറത്തിറങ്ങിയത്.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളീയര്‍ക്ക് ഈദുല്‍ ഫിത്വര്‍ ആശംസ നേര്‍ന്നു. മനുഷ്യ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും സഹാനുഭൂതിയുടെയും മഹത്തായ സന്ദേശമാണ് ഈദുല്‍ ഫിത്വര്‍ നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ കൊവിഡ് കാലത്ത് രോഗബാധയോട് പൊരുതി നില്‍ക്കുന്ന ലോകത്തെമ്പാടുമുള്ള കേരളീയര്‍ക്ക് ഈദുല്‍ ഫിത്വര്‍ ആശംസകള്‍.

മനുഷ്യര്‍ സ്‌നേഹിക്കുകയും പരസ്പരം വിശ്വസിക്കുകയും സഹായിക്കുകയും ചെയ്യുന്ന സാഹചര്യത്തിലേക്ക് ഒരുമയോടെ മുന്നേറാന്‍ ഈദിന്റെ സന്ദേശം ഉപകരിക്കട്ടേയെന്ന് ആശംസിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമൂഹ്യ മാധ്യമമായ ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു പിണറായിയുടെ ആശംസ.

ഷിബു മാത്യൂ
പരിശുദ്ധ അമ്മയുടെ വണക്കമാസം കാലം കൂടാന്‍ ഇനി എട്ട് ദിവസം. മെയ് ഒന്നു മുതല്‍ മലയാളം യുകെ സ്പിരിച്വല്‍ ടീം തയ്യാറാക്കിയ ദൈവമാതാവിന്റെ വണക്കമാസ പ്രാര്‍ത്ഥനയിലുടനീളം കാണുവാന്‍ സാധിച്ചത് നല്ല മാതാവേ മരിയേ…എന്നുള്ള പരിശുദ്ധ അമ്മയോടുള്ള പ്രാര്‍ത്ഥനാ ഗാനമായിരുന്നു. ഈ ഗാനത്തിന് ഒരു പ്രത്യേകതയുണ്ട്. വല്യമ്മച്ചിമാര്‍ കൊച്ചു മക്കളെ മടിയിലിരുത്തി പാടി കേള്‍പ്പിച്ച ഗാനമാണിത്. ഇതവര്‍ പാടി കേള്‍പ്പിച്ചപ്പോള്‍, ഈ ഗാനത്തിന് വാദ്യോപകരണങ്ങളുടെ സംഗീതവും സൗന്ദര്യവും ഇല്ലായിരുന്നു. പല്ലു കൊഴിഞ്ഞ വല്യമ്മച്ചിമാര്‍ കൊച്ചു മക്കളെ മടിയില്‍ ഇരുത്തി തളര്‍ന്ന ഹൃദയം കുഞ്ഞു ഹൃദയത്തോട് ചേര്‍ത്ത് വെച്ച് പാടി കേള്‍പ്പിച്ചപ്പോഴുള്ള ഹൃദയത്തിന്റെ ചൂട് മാത്രമായിരുന്നു ഈ ഗാനത്തിന്റെ സംഗീതം.

ക്രൈസ്തവര്‍ക്ക് നിരവധി ഗാനങ്ങള്‍ സമ്മാനിച്ച പ്രശസ്ത സംഗീത സംവിധായകന്‍ ജോജി കോട്ടയം വാദ്യോപകരണങ്ങളുടെ അകമ്പടിയില്ലാതെ വണക്കമാസം കാലം കൂടുമ്പോള്‍ വിശ്വാസികള്‍ക്കായി സമര്‍പ്പിക്കുകയാണ് നല്ല മാതാവേ മരിയേ എന്നുള്ള ഗാനം. അദ്ദേഹത്തോടൊപ്പം വിശ്വാസത്തിന്റെ സൗന്ദര്യത്തില്‍
പാടുകയാണ് കേരള ക്രൈസ്തവര്‍ ഈ ഗാനം.
വണക്കമാസനാളില്‍ മലയാളം യുകെ സ്പിരിച്വല്‍ ഡെസ്‌ക്ക് പ്രസിദ്ധീകരിക്കുന്ന ജന്മപാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ എന്ന ആദ്ധ്യത്മിക ശുശ്രൂഷയയില്‍ പങ്കുകൊള്ളുന്ന എല്ലാ വിശ്വാസികളിളേയും പരിശുദ്ധ അമ്മ അനുഗ്രഹിക്കട്ടെ..

വാദ്യോപകരണങ്ങളുടെ അകമ്പടിയില്ലാതെ ജോജി കോട്ടയം പാടിയ മാതാവിന്റെ പ്രാര്‍ത്ഥനാ ഗാനം കേള്‍ക്കാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.

വാദ്യോപകരണങ്ങളുടെ അകംപടിയോടെ ഈ ഗാനം കേള്‍ക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

 

മോണ്‍. ഫാ. ജിനോ അരീക്കാട്ട് MCBS
പരിശുദ്ധ അമ്മയോടുള്ള ഭക്തിയും സ്‌നേഹവും ചെറുപ്പം മുതലേ എനിക്ക് ലഭിക്കാനുള്ള കാരണം എന്റെ കുടുംബാന്തരീക്ഷം തന്നെയാണ്. അപ്പച്ചനുള്‍പ്പെടെ ഏഴ് മക്കള്‍ അടങ്ങുന്ന തറവാടു കുടുംബമാണെന്റെത്. കുടുംബ പ്രാര്‍ത്ഥനയ്ക്ക് വലിയ സ്ഥാനമുണ്ടായിരുന്നു ഞങ്ങളുടെ തറവാട്ടില്‍. വൈകിട്ട് ഏഴു മണി എന്ന സമയത്ത് മക്കളും കുഞ്ഞുമക്കളും എല്ലാം പ്രാര്‍ത്ഥനയ്ക്കായി ഒരുമിച്ചുകൂടണമായിരുന്നു. അത് അമ്മാമയ്ക്ക് (വല്യമ്മ) നിര്‍ബന്ധമാണ്. വണക്കമാസ നാളുകള്‍, ഒക്ടോബറിലെ ജപമാലകള്‍ അങ്ങനെ പരിശുദ്ധ അമ്മയുടെ തിരുന്നാളുകള്‍ക്ക് പ്രത്യേകമായ ഒരു പ്രാധാന്യം ഞങ്ങളുടെ കുടുംബത്തില്‍ ഞങ്ങളുടെ അമ്മാമ കൊടുക്കുന്നുണ്ടായിരുന്നു. മാതാവിനെ കൂട്ടുപിടിച്ചാണ് മക്കളെയെല്ലാം വളര്‍ത്തി വലുതാക്കിയതെന്ന് എപ്പോഴും പറഞ്ഞു കൊണ്ടിരുന്ന അമ്മാമയുടെ സ്വരത്തിലാണ് ഇപ്പോഴും നല്ല മാതാവേ മരിയേ… എന്ന വണക്കമാസത്തിന്റെ ഗാനം എന്റെ ചെവിയില്‍ മുഴങ്ങുന്നത്..അത്രയേറെ പ്രാധാന്യത്തോട് കൂടി കുടുംബത്തെ മുഴുവനായി പരിശുദ്ധ അമ്മയ്ക്ക് സമര്‍പ്പിച്ചു കൊണ്ടുള്ള പ്രാര്‍ത്ഥനകളായിരുന്നു.

എന്റെ ഇടവക ദേവാലയം തന്നെ ജപമാല രാജ്ഞിയായിട്ടുള്ള പരിശുദ്ധ അമ്മയുടെ നാമധേയത്തിലുള്ളതാണ്. സെന്റ് മേരി ഓഫ് റൊസറി കാരൂര്‍ അതാണ് എന്റെ ഇടവക ദേവാലയം. വണക്കമാസം, കൊന്ത നമസ്‌കാരം മുതലായ പ്രാര്‍ത്ഥനകള്‍ക്ക് വളരെ പ്രാധാന്യം കൊടുക്കുകയും മാതാവിന്റെ എല്ലാ തിരുന്നാളുകളും പ്രത്യേകിച്ച് മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുന്നാള്‍ അത് ഏറ്റവും അഘോഷമായി ഇടവക തിരുന്നാള്‍ പോലെ ആഘോഷിക്കുകയും അങ്ങനെ പരിശുദ്ധ അമ്മയെപ്പറ്റി ധാരാളം കേള്‍ക്കാന്‍ ഇടവരികയും ചെയ്തിട്ടുണ്ട്. അതുപോലെ കുട്ടിക്കാലത്ത് വിശ്വാസ പരിശീലനത്തിന്റെ ഭാഗമായി CLC എന്ന ആത്മീയ സംഘടനയില്‍ അംഗമാകാനും, അമ്മയിലൂടെ ഈശോയിലേയ്ക്ക് എന്ന് ഞങ്ങളുടെ വിശ്വാസ പരിശീലകര്‍ പഠിപ്പിച്ച വാക്കുകളും ഇന്നും എന്റെ മനസ്സിലുണ്ട്. അപേക്ഷിച്ചാല്‍ ഉപേക്ഷിക്കാത്ത അമ്മയാണ് പരിശുദ്ധ അമ്മയെന്നും അമ്മ പറഞ്ഞു കഴിഞ്ഞാല്‍ നിരാകരിക്കാന്‍ ഈശോയ്ക്ക് പറ്റില്ല എന്നും ചെറുപ്പത്തിലെ പഠിപ്പിച്ച വാക്കുകള്‍ ഇപ്പോഴും മനസ്സില്‍ നില്ക്കുന്നതുകൊണ്ടാണ് സെമിനാരി ജീവിതത്തിലും തുടര്‍ന്നുള്ള പരോഹിത്യ ജീവിതത്തിലുടനീളം പ്രത്യേകമായി പരിശുദ്ധ അമ്മയെ കൂട്ടു പിടിക്കാനുള്ള കാരണം. സെമിനാരി ജീവിതത്തില്‍ ഞങ്ങളുടെ ഗുരുഭൂതരിലൂടെ പൗരോഹിത്യ പരിശീലനത്തിന്റെ സമയത്ത് എപ്പോഴും കൂടെ നടക്കുന്ന ഒരു മദ്ധ്യസ്ഥയായി പരിശുദ്ധ അമ്മയെ തെരെഞ്ഞെടുക്കണം എന്ന് പഠിപ്പിച്ചതൊക്കെ ഇപ്പോഴും മനസ്സിലുണ്ട്.
വിശ്വാസവുമായും ആത്മീയ ജീവിതവുമായും ബന്ധപ്പെട്ട തളര്‍ച്ചകളിലേയ്ക്ക് പോകുമ്പോള്‍ പരിശുദ്ധ അമ്മയുടെ കരം പിടിച്ചാല്‍ അമ്മ ഈശോയിലേയ്ക്ക് കൊണ്ടു പോകും എന്ന ഉറപ്പ് ഗുരുഭൂതരിലൂടെ എനിക്ക് ലഭിച്ചിട്ടുണ്ട്. അതേ സമയത്ത് തന്നെ 1996ലാണ് എന്റെ അമ്മച്ചിയുടെ ഇളയ സഹോദരി കഞ്ചിക്കോടുള്ള റാണി ജോണ്‍, മേമ്മ എന്നാണ് ഞങ്ങള്‍ വിളിക്കുക. ആ മേമ്മയിലൂടെ പരിശുദ്ധ അമ്മയുടെ വെളിപാടുകളും സന്ദേശങ്ങളുമൊക്കെ വായിക്കാന്‍ ഇടവരുത്തിയിട്ടുമുണ്ട്. പല അത്ഭുതങ്ങളും നേരില്‍ കാണുവാനും സാധിച്ചിട്ടുണ്ട്. ഒത്തിരിയേറെ സാന്നിധ്യത്തിലൂടെയും സഹവാസത്തിലൂടെയും അവരുമായിട്ടുള്ള സംസാരത്തിലൂടെയുമൊക്കെ പരിശുദ്ധ അമ്മ എത്രമാത്രം ഈ ലോകത്തെ ഈശോയുമായി അടുപ്പിക്കാനായിട്ട് ശ്രമിക്കുന്നുണ്ട് എന്നുള്ളത് വലിയൊരറിവായിരുന്നു.. അതുപോലെ സെമിനാരിയില്‍ നാല് മണിക്ക് ഒരു പ്രാര്‍ത്ഥനയുണ്ട്. അതിന്റെ അവസാനം ചൊല്ലുന്നത് ദിവ്യകാരുണ്യ നാഥേ ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ എന്നാണ്.. ആദ്യത്തെ സക്രാരിയായ പരിശുദ്ധ അമ്മയെ ദിവ്യകാരുണ്യനാഥയായിട്ട് ഹൃദയത്തില്‍ സ്വീകരിക്കണമെന്ന ഓര്‍മ്മപ്പെടുത്തലുണ്ട്. പൗരോഹിത്യത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ പ്രായത്തേക്കാള്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിക്കപ്പെട്ടപ്പോള്‍ ഞാന്‍ ആശ്രയിച്ചതും പരിശുദ്ധ അമ്മയില്‍ തന്നെയാണ്. കാരണം അപേക്ഷിച്ചാല്‍ ഉപേക്ഷിക്കില്ലെന്നും അമ്മ പറഞ്ഞാല്‍ ഈശോയ്ക്കത് നിരാകരിക്കാനാകില്ല എന്ന വലിയൊരു വിശ്വാസത്തിലാണ് ഓരോ കാര്യവും പരിശുദ്ധ അമ്മയുടെ വിമലഹൃദയം വഴി സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കാനായിട്ട് ഇടവന്നിട്ടുള്ളത്. തുടര്‍ന്നങ്ങോട്ട് യുകെയിലെ പ്രവാസ ജീവിതത്തിലും ഏതൊക്കെ ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിച്ചിട്ടുണ്ടോ, അപ്പോഴൊക്കെ കൈയ്യിലുള്ള ജപമാലയില്‍ ഒരു പിടുത്തം എപ്പോഴും ഉണ്ടായിട്ടുണ്ട്. അതുപോലെ തന്നെ പരിശുദ്ധ അമ്മയോട് അത്രയേറെ സ്‌നേഹവുമുണ്ട്. അമ്മയേക്കുറിച്ച് എന്തുമാത്രം പറയാന്‍ പറഞ്ഞാലും അത്രയേറെ സന്തോഷത്തോടെ ഞാനത് ചെയ്യും. കാരണം ഇതാ കര്‍ത്താവിന്റെ ദാസി എന്ന് പറഞ്ഞ് ഞങ്ങളെടുത്തിരിക്കുന്ന വ്രതങ്ങള്‍ ബ്രഹ്മചര്യവും ദാരിദ്രവും അനുസരണവും ഒറ്റവരിയില്‍ സമര്‍പ്പിച്ച അമ്മയെ കൂട്ട് പിടിച്ച് ഈ സന്യസ്ത ജീവിതം മുന്നോട്ട് പോകുമ്പോള്‍ എത്രയേറെ വീണുപോയാലും തകര്‍ന്നും തളര്‍ന്നും പോയാലും പരിശുദ്ധ അമ്മയുടെ കരം പിടിക്കുവാനുള്ള ഒരു ശ്രമം നടത്തിയാല്‍ അമ്മ നമ്മളേയും കൊണ്ട് ഈശോയിലേയ്ക്ക് പൊയ്‌ക്കോളും. അത്രയേറെ വിശ്വാസമുള്ളതുകൊണ്ടുതന്നെ എല്ലാവരോടുമുള്ള എന്റെ അഭ്യര്‍ത്ഥന ഇതാണ്. പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിലെയ്ക്ക് നിങ്ങളുടെ വ്യക്തി ജീവിതങ്ങളെയും കുടുംബത്തെയും സമൂഹത്തെയും രാജ്യത്തെയും എല്ലാം സമര്‍പ്പിച്ച് കൊണ്ട് പ്രാര്‍ത്ഥിക്കുക. അമ്മ നമ്മളെ മുഴുവനായി സ്വീകരിച്ച് ഈശോയുടെ തിരുഹൃദയത്തിലേയ്ക്ക് സമര്‍പ്പിക്കും.

ഒരുമിച്ച് പ്രാര്‍ത്ഥിക്കാം.
അപേക്ഷിച്ചാല്‍ ഉപേക്ഷിക്കാത്ത പരിശുദ്ധ അമ്മേ, എന്നും എപ്പോഴും ഞങ്ങളുടെ ജീവിതത്തിന്റെ കാവലായിരിക്കേണമെ. വിശുദ്ധി ഞങ്ങളുടെ ജീവിതത്തില്‍ കുറഞ്ഞു പോകുമ്പോള്‍ പരിശുദ്ധ അമ്മേ അങ്ങ് ഞങ്ങള്‍ക്ക് കൂട്ടിനുണ്ടാകേണമെ. ദു:ഖങ്ങള്‍, ദുരിതങ്ങള്‍, രോഗങ്ങള്‍, അസ്വസ്തതകള്‍, മാനസിക സംഘര്‍ഷങ്ങള്‍, ജീവിത പ്രതിസന്ധികള്‍ എന്നിവ ഞങ്ങളെ അലട്ടുമ്പോള്‍ പരി. അമ്മേ ഞങ്ങള്‍ക്ക് വേണ്ടി മാദ്ധ്യസ്ഥം അപേക്ഷിക്കാനുണ്ടാകേണമേ. നന്മ നിറഞ്ഞ പരിശുദ്ധ അമ്മേ എപ്പോഴും പാപികളായ ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ നീയുണ്ടാകേണമേ..
നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ എന്നേയ്ക്കും.
ആമ്മേന്‍.

സുകൃതജപം.
കൃപയുടെ നിറകുടമായ മറിയമേ! ഞങ്ങളില്‍ കാരുണ്യം നിറയ്ക്കണമേ…

എന്റെ അമ്മാമ എന്നെ പഠിപ്പിച്ച ഗാനം കേള്‍ക്കാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.

RECENT POSTS
Copyright © . All rights reserved