ഡല്‍ഹിയില്‍ കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരേ വ്യാപകമായ സാമൂഹിക ബഹിഷ്‌കരണം. മലയാളി നഴ്‌സുമാര്‍ക്ക് കടയുടമ അവശ്യ വസ്തുക്കള്‍ നിഷേധിച്ചു. കൊറോണ രോഗം സ്ഥിരീകരിച്ച നഴ്‌സിന്റെ സഹപ്രവര്‍ത്തകരോട് വീടൊഴിയാനും ആവശ്യപ്പെട്ടു.
ഡല്‍ഹിയില്‍ കൊറോണ രോഗം സ്ഥിരീകരിച്ചവരില്‍ 25ല്‍ ഒരാള്‍ ആരോഗ്യപ്രവര്‍ത്തകരാണെന്നാണ് കണക്ക്. അതിനിടെയാണ് കൊറോണ രോഗികളെ ശുശ്രൂഷിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരേ സാമൂഹിക ബഹിഷ്‌കരണം നടക്കുന്നത്.
“ഭക്ഷണം വാങ്ങാന്‍ കടയില്‍ പോയിരുന്നു.ആശുപത്രിയില്‍ രോഗികളുമായി ഇടപഴകുന്നവരാണ് ഞങ്ങളെന്നതിനാൽ സാധനങ്ങള്‍ തരാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് കടയുടമ പറഞ്ഞത്”, ഡൽഹിയിലെ മലയാളിയായ ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാള്‍ പറയുന്നു.
ഇതേ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്‌സിനെ താമസസ്ഥലത്തു നിന്നും ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതിനു പിന്നാലെ സമീപത്ത് താമസിക്കുന്നവര്‍ സംഘടിച്ച് ആരോഗ്യപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും മലയാളികളുള്‍പ്പെടെയുള്ള നഴ്‌സുമാരോട് വീടൊഴിയാന്‍ ആവശ്യപ്പെടുകയും ചെയ്തു. നഴ്‌സുമാരുടെ വീടുകളില്‍ നിന്ന് മാലിന്യം ശേഖരിക്കാന്‍ ശുചീകരണ പ്രവര്‍ത്തകര്‍ എത്തുന്നില്ലെന്ന പരാതിയുമുണ്ട്.
പാനൂരിലെ വിവാദമായ പോക്സോ കേസിൽ പ്രതിയായ ബിജെപി നേതാവ് പത്മരാജൻ അറസ്റ്റിൽ. ബന്ധുവീട്ടിൽനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പാലത്തായിയിലെ സ്കൂളിൽ അധ്യാപകനായ പത്മരാജൻ വിദ്യാർഥിനിയെ പീഡിപ്പിച്ചുവെന്നാണു പരാതി. തൃപ്പങ്ങോട്ടൂര്‍ ബിജെപി പഞ്ചായത്ത് കമ്മിറ്റിയുടെ പ്രസിഡന്റ് കൂടിയാണ് കുനിയില്‍ പത്മരാജൻ.
അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. തലശ്ശേരി ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിൽ 11 പേർ അടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്. സംഭവം നടന്ന് ഒരുമാസം പിന്നിട്ടിട്ടും ബിജെപി നേതാവു കൂടിയായ അധ്യാപകനെ അറസ്റ്റ് ചെയ്യാത്തതിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു.
നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്നാണു കേസ്. അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധവുമായി നിരാഹാര സമരത്തിനെത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റിലായി. പാലത്തായി യുപി സ്കൂള്‍ അധ്യാപകനായിരുന്ന പത്മരാജന്‍ ഇതേ സ്കൂളിലെ വിദ്യാര്‍ഥിനിയെ ശുചിമുറിയില്‍ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി.
പത്മരാജനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. അധ്യാപകനെ അറസ്റ്റ് ചെയ്യാത്തത് പ്രതിഷേധാര്‍ഹമാണെന്ന് മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവറലി ശിഹാബ് തങ്ങളും അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ മാസം 17നാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ജനുവരിയിലും ഫെബ്രുവരിയിലുമായി മൂന്നു പ്രാവശ്യം അധ്യാപകന്‍ പീഡിപ്പിച്ചുവെന്നാണു വിദ്യാര്‍ഥിനിയുടെ മൊഴി.
കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍ താത്കാലിക കോവിഡ് ആശുപത്രിയാക്കി മാറ്റുന്നു. 3000 ബെഡുകളാണ് വേള്‍ഡ് ട്രേഡ് സെന്ററില്‍ ഒരുക്കുന്നത്. അതില്‍ 800 എണ്ണം തീവ്ര പരിചരണ വിഭാഗത്തിലേക്കാണെന്ന് എഞ്ചിനീയറിംഗ് ഡയറക്ടറായ അലി അബ്ദുല്‍ഖാദര്‍ അറിയിച്ചു.
കോവിഡ് പ്രതിരോധത്തിനായി 4000- 5000 ബെഡുകളുള്ള രണ്ട് താത്കാലിക ആശുപത്രികള്‍ ഒരുക്കുമെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഹുമൈദ് അല്‍ ഖത്താമി പറഞ്ഞിരുന്നു. ഏത് സാഹചര്യവും നേരിടാന്‍ ആരോഗ്യ വകുപ്പ് തയ്യാറാണ്.
ആശുപത്രിയുടെ അവസാന ഘട്ട പണികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന് ശേഷം ഡോക്ടര്‍മാരും നഴ്സുമാരും അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരെ ആശുപത്രിയില്‍ നിയമിക്കുമെന്നാണ് വിവരം.
ആശുപത്രി ഭാഗികമായി നാളെ തുറക്കും. 1000 ബെഡാണ് നാളേയ്ക്ക് തയ്യാറായിരിക്കുന്നത്. ഘട്ടം ഘട്ടമായാണ് ആശുപത്രി ഒരുക്കുക. ആവശ്യങ്ങള്‍ കൂടുന്നതിന് അനുസരിച്ച് ആശുപത്രിയുടെ പ്രവര്‍ത്തനം വര്‍ധിപ്പിക്കും.
കോവിഡ് രോഗികള്‍ക്കായി 10000 ബെഡുകളാണ് അധികൃതര്‍ ലക്ഷ്യം വയ്ക്കുന്നത്. രാജ്യാന്തര വാണിജ്യ വ്യവസായ പ്രദര്‍ശനങ്ങള്‍ നടക്കുന്ന ഇടമാണ് ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍. ബെഡുകളുടെ എണ്ണം ഉയര്‍ത്തുന്നതിനായി ഹോട്ടലുകളും ആശുപത്രികളാക്കിയേക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
കൊവിഡ് 19 ബാധിച്ച് ന്യൂയോര്‍ക്കില്‍ പത്തനംതിട്ട സ്വദേശി മരിച്ചു. റാന്നി അത്തിക്കയം മടന്തമണ്‍ സ്വദേശി അച്ചന്‍കുഞ്ഞാ(64)ണ് മരിച്ചത്. അച്ചന്‍കുഞ്ഞിന്റെ ഭാര്യക്കും മക്കള്‍ക്കും നേരത്തെ കോവിഡ് 19 പിടിപെട്ടിരുന്നു. ഇവരെ ശുശ്രൂഷിച്ചതിനു പിന്നാലെയാണ് ഇദ്ദേഹത്തിനും വൈറസ് ബാധ പടര്‍ന്നത്.
വര്‍ഷങ്ങളായി ന്യൂയോര്‍ക്കിലാണ് ഇദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും താമസം. യോങ്കേഴ്സിലെ സെന്റ് പീറ്റേഴ്സ് ക്നാനായ ചര്‍ച്ച് അംഗമായിരുന്നു. മലയാളി അസോസിയേഷന്‍ ഓഫ് സ്റ്റാറ്റന്‍ ഐലന്‍ഡ് സെക്രട്ടറിയും പ്രസിഡന്റുമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
മകൻ മരിച്ചതിനെ തുടർന്ന്നാട്ടിൽ അന്ത്യയാത്രയാക്കാൻ കഴിയാതെ മാതാപിതാക്കളും സഹോദരങ്ങളും. ഷാർജയിൽ കഴിഞ്ഞദിവസം മരിച്ച പത്തനംതിട്ട മല്ലശ്ശേരി ചാമക്കാലവിളയിൽ ജ്യുവൽ. ജി. ജോമെയുടെ (16) മൃതദേഹം ദുബായ് വിമാനത്താവളത്തിലേക്ക് അയച്ച ശേഷം സംസാരിക്കുകയായിരുന്ന പിതാവായ ജോമെ ജോർജ് വാക്കുകൾ മുഴുപ്പിക്കാതെ തന്നെ നിർത്തി. മാതാവായ ജെൻസിൽ, സഹോദരങ്ങളായ ജോഹൻ, ജൂലിയൻ എന്നിവർ നാട്ടിൽ പോകാൻ കഴിയാത്തതിന്റെ ദുഃഖത്തിൽ മുഹൈസിനയിലെ വീട്ടിൽ നീറുന്ന വേദന ഉള്ളിലടക്കി കഴിയുകയാണ്.
ക്യാൻസർ മൂലം അമേരിക്കൻ ഹോസ്പിറ്റലിൽ ചികിത്സയിൽ ഇരിക്കവെയാണ് ജ്യുവൽ മരിച്ചത്. ആ മരണത്തിനും ജനനത്തിനും ഏറെ പ്രത്യേകതയുണ്ട് എന്നാണ് അവർ പറയുന്നത്. 2004 ഈസ്റ്റർ ദിനത്തിൽ ജനിച്ച ജ്യുവൽ ഈ ദുഖഃവെള്ളിയാഴ്ചയാണ് മരിച്ചത് തന്നെ. ഷാർജാ ജെംസ് മില്ലേനിയം സ്കൂൾ പത്താംക്ലാസ് വിദ്യാർഥിയായിരുന്നു ജ്യുവൽ.
ഏഴുവർഷം മുമ്പ് ഇടതുകാലിനാണ് ആദ്യം ക്യാൻസർ ബാധിച്ചത്. ചികിത്സയും സർജറിയും എല്ലാം നടത്തി അഞ്ചു വർഷം മുമ്പ് രോഗം ഭേദമായിരുന്നു. എന്നാലിപ്പോൾ വലതുകാലിൽ വീണ്ടും ക്യാൻസർ പിടിപെടുകയായിരുന്നു. 17 തവണ ശസ്ത്രക്രിയകൾ വിധേയനായെങ്കിലും കഴിഞ്ഞദിവസം മരണം കീഴടക്കി. വീൽചെയറിലും ഊന്നുവടികളുപയോഗിച്ചുമാണ് ജ്യുവൽ സഞ്ചരിച്ചിരുന്നത്. തികഞ്ഞ വിശ്വാസിയായിരുന്ന ജ്യുവൽ ഓഗസ്റ്റിൽ കുടുംബത്തിനൊപ്പം ലൂർദിലും ലിസ്യുവിലും തീർഥയാത്രയും നടത്തി.
ഇത്രയും ധൈര്യപൂർവം ജീവിതത്തെ നേരിട്ട വിദ്യാർഥിയില്ലെന്നാണ് ജ്യുവലിനെക്കുറിച്ച് അധ്യാപകർക്കും സഹപാഠികൾക്കു പറയാനുള്ളത്. ബൈബിൾ വായനും പഠനവുമൊക്കെയായി വിശ്വാസജീവിത്തിലും സഹപാഠികൾക്ക് മാതൃകയായിരുന്നു. ജന്മദിനത്തിന് ഒരുദിനം കൂടി ബാക്കിനിൽക്കേ എല്ലാവരെയും ദുഃഖിപ്പിച്ച് യാത്രയായി. നാളെ രാവിലെ 9.30ന് വീട്ടിലെ ചടങ്ങുകൾക്ക് ശേഷം കോന്നി വാഴമുട്ടം കിഴക്ക് മാർ ഇഗ്നാത്തിയോസ് സുറിയാനി യാക്കോബായ ദേവാലയത്തിൽ സംസ്കാരം നടക്കും. അവന്റെ വല്ല്യപ്പച്ചന്മാരും അമ്മച്ചിമാരും അന്ത്യയാത്രയാക്കും-തൊണ്ടയിടറി ജോമെ പറഞ്ഞു.
പി.സി. ഏബിൾ, ബിജോയ് തുടങ്ങിയവർ എംബാമിങ് സെന്ററിൽ നടന്ന ശുശ്രൂഷകളിൽ പങ്കെടുത്തു. അഷറഫ് താമരശ്ശേരി, അഡ്വ. ഹാഷിഖ്, ഡബ്ല്യു എംസി മിഡിൽ ഈസ്റ്റ് പ്രസിഡന്റ് ചാൾസ് പോൾ തുടങ്ങിയവർ എംബാമിങിനും മൃതദേഹം വിമാനത്താവളത്തിലേക്ക് അയയ്ക്കുന്നതിനും സഹായമേകി. ഇന്ന് രാത്രിയിൽ മൃതദേഹം കൊച്ചിവിമാനത്താവളത്തിലെത്തും.
തന്റെ ജന്മദിനത്തിന് ഒരുദിനം കൂടി ബാക്കിനിൽക്കവേയാണ് എല്ലാവരെയും ദുഃഖത്തിലാഴ്ത്തി അവൻ യാത്രയായത്. എന്നാൽ തന്നെയും ഇത്രയും ധൈര്യപൂർവം ജീവിതത്തെ നേരിട്ട വിദ്യാർഥിയില്ലെന്നാണ് ജ്യുവലിനെക്കുറിച്ച് അധ്യാപകർക്കും സഹപാഠികൾക്കു പറയാനുള്ളത്. ബൈബിൾ വായനും പഠനവുമൊക്കെയായി വിശ്വാസജീവിത്തിലും സഹപാഠികൾക്ക് അവൻ വളരെ ഏറെ മാതൃകയായിരുന്നു.
ലോകമെമ്പാടും വ്യാപകമായി പടര്‍ന്നു പിടിക്കുന്ന കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ സര്‍ക്കാരിന് ശക്തമായ പിന്തുണയാണ് രാജ്യത്തെ വാഹന വ്യവസായ ലോകത്തു നിന്നും ലഭിക്കുന്നത്.ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ മറ്റൊരു സംഭാവന നല്‍കിയിരിക്കുകയാണ്.
രോഗികള്‍ക്ക് അതിവേഗത്തില്‍ ചികിത്സ ലഭ്യമാക്കുന്നതിന് രാജ്യത്തുടനീളം മൊബൈല്‍ ബൈക്ക് ആംബുലന്‍സുകള്‍ സംഭാവന ചെയ്യാനാണ് ഹീറോയുടെ തീരുമാനം.ബെഡ്, പ്രഥമശുശ്രൂഷ കിറ്റ്, ഓക്‌സിജന്‍ സിലിണ്ടര്‍, അഗ്‌നിശമന ഉപകരണങ്ങള്‍, സൈറണ്‍ തുടങ്ങി ആവശ്യമായ എല്ലാ അടിയന്തിര ഉപകരണങ്ങളും മെഡിക്കല്‍ കിറ്റുകളും ഈ മോട്ടോര്‍സൈക്കിളുകളില്‍ കമ്പനി ഒരുക്കിയിട്ടുണ്ട്.
ഗ്രാമീണ, വിദൂര പ്രദേശങ്ങളിലെ രോഗികളിലേക്ക് അതി വേഗം എത്തിച്ചേരുക എന്നതാണ് യൂട്ടിലിറ്റേറിയന്‍ മൊബൈല്‍ ആംബുലന്‍സിന്റെ ലക്ഷ്യം. അത്തരം പ്രദേശങ്ങളിലെ രോഗികളെ അടുത്തുള്ള ആശുപത്രിയിലേക്ക് വേഗം കൊണ്ടുപോകാനും ഈ ആംബുലന്‍സുകള്‍ക്ക് സാധിക്കും. ഈ ആംബുലന്‍സുകള്‍ രാജ്യത്തെ വിവിധ ആരോഗ്യ വകുപ്പുകള്‍ക്ക് കമ്പനി കൈമാറും.
ഇതിനുപുറമെ, രാജ്യത്ത് കോവിഡ് -19 വ്യാപിക്കുന്നതിനെ ചെറുക്കാന്‍ ഹീറോ ഗ്രൂപ്പ് 100 കോടി രൂപയും നല്‍കിയിട്ടുണ്ട്. ഇതില്‍ 50 കോടി രൂപ പ്രധാനമന്ത്രിയുടെ കൊറോണ വൈറസ് ദുരിതാശ്വാസ ഫണ്ടായ പി എം കെയേഴ്‌സിന് നല്‍കി. ബാക്കിയുള്ള 50 കോടി വിവിധ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും.
കൊച്ചിയില്‍ ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് കുര്‍ബാന നടത്തി. വെല്ലിങ്ടണ്‍ ഐലന്‍ഡ് പള്ളിയിലാണ് കുര്‍ബാന നടത്തിയത്. ഇതേതുടര്‍ന്ന് പള്ളിയിലെ വൈദികനായ ഫാ. അഗസ്റ്റിനെ പോലീസ് അറസ്റ്റ് ചെയ്തു. ആറ് വിശ്വാസികളെയും പോലീസ് അറസ്റ്റ് ചെയ്തു.
ഹാര്‍ബര്‍ പോലീസാണ് വൈദികനെയും വിശ്വാസികളെയും അറസ്റ്റ് ചെയ്തത്. ലോക്ക് ഡൗണ്‍ ലംഘിച്ച് കൂട്ടമായി പ്രാര്‍ത്ഥന നടത്തിയതിനെ തുടര്‍ന്നാണ് നടപടി എടുത്തത്. പകര്‍ച്ചവ്യാധി പ്രതിരോധ നിയന്ത്രണ നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം വൈദികനെയും അറസ്റ്റിലായ മറ്റുള്ളവരെയും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
കോവിഡ് ബാധിതർക്കായുള്ള ഗുജറാത്തിലെ സർക്കാർ ആശുപത്രി വാർഡിൽ മത വിവേചനം. അഹമ്മദാബാദ് സിവിൽ ആശുപത്രിയാണ് ഹിന്ദുക്കൾക്കും മുസ്ലിംകൾക്കും പ്രത്യേകം വാർഡ് ഒരുക്കിയത്. സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരമാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
1200 ബെഡ്ഡുകളുള്ള ആശുപത്രിയിൽ, ഹിന്ദുക്കൾക്കും മുസ്ലിംകൾക്കും പ്രത്യേകം വാർഡ് സജ്ജീകരിച്ചെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. ഗുണവന്ദ് എച്ച് റാത്തോഡ് പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. എന്നാൽ സംഭവം ആരോഗ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമായ നിതിൻ പട്ടേൽ നിഷേധിച്ചു.
ഹിന്ദുക്കളെയും മുസ്ലിംകളെയും പ്രത്യേക വാർഡ് തിരിച്ചാണ് ചികിത്സിക്കുന്നതെന്ന് കോവിഡ് ബാധിതരും സാക്ഷ്യപ്പെടുത്തുന്നു. എ ഫോർ വാർഡിൽ ഉണ്ടായിരുന്ന 28പേരെ സി ഫോർ വാർഡിലേക്ക് മാറ്റി. എല്ലാവരും ഒരേ മതസ്ഥരായിരുന്നു. എന്തിനാണ് മാറ്റിയതെന്ന് അധികൃതർ വ്യക്തമാക്കിയില്ലെന്ന് ഇവർ പറയുന്നു.
രണ്ട് വിഭാഗങ്ങളുടെയും ആശ്വാസത്തിന് വേണ്ടിയാണ് ഇങ്ങനെ ചെയ്തത് എന്നാണ് വാർഡിലെ ജീവനക്കാർ പറഞ്ഞെന്നും ഇവർ വ്യക്തമാക്കി. സാധാരണ, സ്ത്രീകൾക്കും പുരുഷൻമാർക്കും വേണ്ടി പ്രത്യേകം വാർഡ് തയ്യാറാക്കാറുണ്ട്. എന്നാൽ ഇത്തവണ മുസ്ലിംകൾക്കും ഹിന്ദുക്കൾക്കും പ്രത്യേകം വാർഡ് തയ്യാറാക്കിയെന്നും സൂപ്രണ്ട് പറഞ്ഞു.
ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ചുള്ള കേന്ദ്ര സര്‍ക്കാറിന്റെ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറങ്ങി. ഹോട്ടലുകളും പോസ്റ്റോഫീസുകളും തുറക്കാന്‍ അനുമതി നല്‍കി. രാജ്യത്തുടനീളം കൊറിയര്‍ സര്‍വീസുകള്‍ ഏപ്രില്‍ 20 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഏപ്രില്‍ 20 മുതലാണ് ഇളവുകള്‍ പ്രാബല്യത്തില്‍ വരിക.
എന്നാല്‍ പൊതുഗതാഗതത്തില്‍ ഒരു കാരണവശാലും ഇളവുകള്‍ അനുവദിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി. മതപരമായ ചടങ്ങുകളടക്കം ഒരു പൊതുപരിപാടികളും അനുവദിക്കില്ല. സംസ്‌കാരച്ചടങ്ങുകളില്‍ ഇരുപത് പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ലെന്നും അറിയിച്ചു. വിദ്യാഭ്യാസസ്ഥാപനങ്ങളോ കോച്ചിംഗ് കേന്ദ്രങ്ങളോ ഒരു കാരണവശാലും തുറക്കരുത്. ആരാധനാലയങ്ങളും തുറക്കാന്‍ പാടില്ല. മത, രാഷ്ട്രീയ, സാമൂഹ്യ, കായിക, വിനോദ, വിജ്ഞാന, സാംസ്‌കാരിക, മത പരിപാടികളൊന്നും പാടില്ലെന്നും പുതിയ മാര്‍ഗനിര്‍ദേശത്തിലുണ്ട്. വ്യോമ-റെയില്‍ ഗതാഗതം മെയ് മൂന്നുവരെ പുനരാരംഭിക്കില്ല. ലോക്ക് ഡൗണ്‍ കഴിയുന്നത് വരെ സംസ്ഥാനങ്ങള്‍ അമിത ഇളവ് നല്‍കരുതെന്ന നിര്‍ദേശവും കേന്ദ്രം നല്‍കിയിട്ടുണ്ട്.
പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇവയൊക്കെയാണ്,
1.റോഡ് നിര്‍മാണം, കെട്ടിട നിര്‍മാണം, ജലസേചന പദ്ധതി എന്നിവയ്ക്ക് അനുമതി
2.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കും തോട്ടങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി
3.കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങള്‍ അടഞ്ഞുതന്നെ കിടക്കും
4.വ്യോമ റെയില്‍ വാഹന ഗതാഗതം മെയ് മൂന്നുവരെ പുനരാരംഭിക്കില്ല
5.അവശ്യ വസ്തുക്കള്‍ക്ക് നിലവിലുള്ള ഇളവുകള്‍ തുടരും
6.വ്യാപാര സ്ഥാപനങ്ങളും വ്യവസായ ശാലകളും അടഞ്ഞു കിടക്കും
7.പൊതു ആരാധന നടത്താന്‍ പാടില്ലെന്ന് നിര്‍ദേശം
8.മദ്യം, സിഗരറ്റ് വില്‍പനയ്ക്ക് നിരോധനം
9.പൊതുസ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും മാസ്‌ക് നിര്‍ബന്ധം
10.മെഡിക്കല്‍ ലാമ്പുകള്‍ക്ക് തുറക്കാം
11.ആരാധനാലയങ്ങള്‍ തുറക്കരുത്
12.ബാറുകളും മാളുകളും തിയറ്ററുകളും തുറക്കരുത്
13.മരണം, വിവാഹ ചടങ്ങ് എന്നിവയ്ക്ക് നിയന്ത്രണം
14.ക്ഷീരം, മത്സ്യം, കോഴിവളത്തല്‍ മേഖലകളില്‍ യാത്രാനുമതി
കൊവിഡിനെ ഫലപ്രദമായി നേരിട്ട കേരളം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്ക് മാത്രമല്ല, ലോകത്തിന് തന്നെ മാതൃകയാണെന്ന് ചൂണ്ടിക്കാണിച്ച് ആഗോള ഗവേഷണ സർവകലാശാലയായ മസാച്ചുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി പ്രസിദ്ധീകരിക്കുന്ന എംഐടി ടെക്‌നോളജി റിവ്യൂ മാഗസിൻ. കേരളത്തെ ലോകം മാതൃകയാക്കണമെന്ന് ഏപ്രിൽ 13 ന് സോണിയ ഫലേയ്‌റെ എഴുതിയ ലേഖനത്തിലാണ് വിശദീകരിക്കുന്നത്.
കേംബ്രിഡ്ജ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മാഗസിനിലെ ഈ ലേഖനത്തിൽ കേരളത്തിന്റെ രോഗപ്രതിരോധ പ്രവർത്തനങ്ങളെ എടുത്തുപറഞ്ഞിരിക്കുന്നത്. നിപ്പയെ കേരളം നേരിട്ടതിനെക്കുറിച്ചും ലേഖനത്തിൽ പരാമർശമുണ്ട്. 120 വർഷമായി പുറത്തിറങ്ങുന്ന മാഗസിന്റെ എഡിറ്റർ ഗിഡിയോൺ ലിച്ചഫീൽഡാണ്.
രോഗപ്രതിരോധത്തിന് കേരളത്തിലെ ഭരണസംവിധാനങ്ങളും പൊതുജനങ്ങളും ക്രിയാത്മകമായി പ്രവർത്തിച്ചുവെന്ന് ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളും അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളും രോഗത്തിന് മുന്നിൽ പകച്ചുനിന്നപ്പോൾ ദ്രുതഗതിയിൽ കേരളം പ്രതിരോധപ്രവർത്തങ്ങളുമായി മുന്നോട്ട് പോവുകയായിരുന്നെന്നും ലേഖനത്തിലുണ്ട്. ജനുവരിയിൽ തന്നെ കേരളത്തിലെ നാല് വിമാനത്താവളങ്ങളിലും പരിശോധന കർശനമാക്കിയെന്നും ഇത് വഴി രോഗലക്ഷണമുള്ളവരെ ക്വാറന്റൈനിലാക്കിയെന്നും പറയുന്നുണ്ട്.
ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യസംവിധാനമാണ് കേരളത്തിലേത്. ലോകോത്തരനിലവാരമുള്ള മലയാളി നഴ്‌സുമാർ യൂറോപ്പിലും അമേരിക്കയിലും ജോലി ചെയ്യുന്നു- ലേഖനത്തിൽ പറയുന്നു. ഇന്ത്യയിൽ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ പ്രധാനമന്ത്രി മാധ്യമങ്ങളെ കാണാതിരിക്കുന്നു, അതേസമയം കേരള മുഖ്യമന്ത്രി പിണറായി വിജയൻ ദിവസേന വിലയിരുത്തലുമായി മാധ്യമങ്ങളെ കാണുന്നുവെന്നും ലേഖനത്തിൽ പറയുന്നു.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായാണ് കേരളത്തിന്റെ സഞ്ചാരമെന്നും കമ്മ്യൂണിസ്റ്റ് ആശയങ്ങളിലും കമ്മ്യൂണിസ്റ്റ് ഭരണത്തിലുമാണ് സംസ്ഥാനം മുന്നോട്ടുപോകുന്നതെന്നും ലേഖനത്തിൽ പരാമർശമുണ്ട്. തീവ്രദേശീയവാദിയായ പ്രധാനമന്ത്രി നരേന്ദ്രമോഡിയ്‌ക്കൊപ്പം രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളും നിലകൊണ്ടപ്പോൾ കേരളം സാമൂഹ്യക്ഷേമത്തിലാണ് ഊന്നൽനൽകിയതെന്നും ലേഖിക വിശദീകരിക്കുന്നുണ്ട്.