ആസ്‌ട്രേലിയയിൽ ദന്ത ഡോക്ടർ ആയിരുന്ന പ്രീതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു; ഹോട്ടൽ മുറിയിലെ കൊലക്ക് ശേഷം സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിക്കുകയായിരുന്നു… സംഭവം ഇങ്ങനെ

ആസ്‌ട്രേലിയയിൽ ദന്ത ഡോക്ടർ ആയിരുന്ന പ്രീതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു; ഹോട്ടൽ മുറിയിലെ കൊലക്ക് ശേഷം സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിക്കുകയായിരുന്നു… സംഭവം ഇങ്ങനെ
June 24 20:05 2020 Print This Article

2019 മാർച്ചിൽ നിർത്തിയിട്ട കാറിനുള്ളിൽ സ്യൂട്ട്‌കേസിൽ കണ്ടെത്തിയ സിഡ്‌നിയിലെ ഡെന്റിസ്റ്റായ പ്രീതിയുടെത് കൊലപാതകമെന്ന് അന്വോഷണ റിപ്പോർട്ട്. കൊലക്ക് ശേഷം സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിക്കുമായായിരുന്നു എന്നാണ് പുറത്തുവന്ന റിപ്പോർട്ട് വ്യക്തമാക്കുന്നത്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് സിഡ്‌നിയിലെ പെൻറിത്തിലുള്ള ഡെന്റിസ്റ്റ് പ്രീതി റെഡ്ഡിയെ കാണാതാകുന്നത്. ഒരു ഡെന്റല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത ശേഷമായിരുന്നു ഇത്.

ഞായറാഴ്ച രാവിലെ വീട്ടുകാരെ വിളിച്ച പ്രീതി, പ്രഭാതഭക്ഷണത്തിനു ശേഷം പെൻറിത്തിലെ വീട്ടിലേക്കു തിരികെയെത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ രണ്ടു ദിവസത്തിനു ശേഷം കിംഗ്‌സ്‌ഫോര്‍ഡില്‍ ഒരു കാറിനുള്ളില്‍ സ്യൂട്ട്‌കേസിലാക്കിയ നിലയില്‍ പ്രീതിയുടെ മൃതദേഹം കണ്ടെത്തി. പ്രീതിയുടെ ശരീരത്തില്‍ നിരവധി കുത്തുകളേറ്റിരുന്നുവെന്ന് പൊലീസ് പറഞ്ഞിരുന്നു.

പ്രീതിയുടെ മുന്‍ കാമുകനും, ടാംവര്‍ത്തില്‍ ഡെന്റിസ്റ്റുമായ ഹര്‍ഷവര്‍ദ്ധന്‍ നാര്‍ഡെയ്‌ക്കൊപ്പമായിരുന്നു സിഡ്‌നിയിലെ ഒരു ഹോട്ടലില്‍ പ്രീതിയെ അവസാനം കണ്ടത്.

ഹോട്ടലിലെ ബാത്ത്‌റൂമില്‍ വച്ച് പ്രീതിയെ കൊലപ്പെടുത്തിയ ശേഷം ഹര്‍ഷ് നാര്‍ഡെ മൃതദേഹം സ്യൂട്ട് കേസിലാക്കി ഉപേക്ഷിക്കുകയായിരുന്നുവെന്ന് കൊറോണര്‍ അന്വേഷണത്തില്‍ കണ്ടെത്തി.

തലയ്ക്കടിയേറ്റും, കഴുത്തിലും പുറകിലും കുത്തേറ്റുമാണ് പ്രീതി മരിച്ചതെന്ന് ഡെപ്യൂട്ടി സ്‌റ്റേറ്റ് കൊറോണര്‍ കാര്‍മല്‍ ഫോര്‍ബ്‌സ് അറിയിച്ചു. സിഡ്‌നിയിലെ മാര്‍ക്കറ്റ് സ്ട്രീറ്റിലുള്ള സ്വിസോട്ടല്‍ എന്ന ഫൈവ് സ്റ്റാർ ഹോട്ടലിലെ ബാത്ത്‌റൂമില്‍ വച്ചാണ് കൊലപാതകം നടന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

ഇവര്‍ തമ്മിലുള്ള ബന്ധം പൂര്‍ണമായും അവസാനിപ്പിക്കുന്നതായി കോണ്‍ഫറന്‍സില്‍ വച്ച് പ്രീതി ഹര്‍ഷ് നാര്‌ഡെയെ അറിയിച്ചിരുന്നു. മറ്റൊരാളെ സ്‌നേഹിക്കുന്നതായും വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നതായുമാണ് പ്രീതി അറിയിച്ചത്. അതിനു ശേഷമാണ് ഇരുവരും ഒരുമിച്ച് ഭക്ഷണം കഴിക്കാന്‍ പോയതും, തുടര്‍ന്ന് ഹോട്ടല്‍ മുറിയില്‍ വച്ച് കൊലപാതകം നടന്നതും. കൊലയ്ക്കു ശേഷം ആണ് സ്യൂട്ട്‌കേസ് വാങ്ങിയത്. മാര്‍ച്ച് മൂന്ന് ഞായറാഴ്ച രാവിലെ 11.06നു ശേഷമാണ് കൊലപാതകം നടന്നത് എന്നാണ് കൊറോണര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നയാളെ ഹോട്ടലില്‍ വച്ച് പ്രീതി ഫോണില്‍ വിളിച്ചിരുന്നുവെന്നും, അതിനു പിന്നാലെയാണ് കൊലപാതകം നടന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തുടര്‍ന്ന് ഹോട്ടലിലെ താമസം ഒരു ദിവസം കൂടി നീട്ടാന്‍ ആവശ്യപ്പെട്ട ഡോ. നാര്‍ഡെ, ഉച്ചയ്ക്ക് പുറത്തു പോയി ഭക്ഷണം കഴിക്കുകയും, വലിയ സ്യൂട്ട് കേസും, ഗാര്‍ബേജ് ബാഗുകളും, ക്ലീനിങ് സാമഗ്രികളും അതോടൊപ്പം ടവൽ കൂടി വാങ്ങുകയും ചെയ്‌തിരുന്നു. ഇതെല്ലാം വാങ്ങിയത് ഫൈവ് സ്റ്റാർ ഹോട്ടൽ ആയ സിസ്സോട്ടലിൽ താമസിക്കുമ്പോൾ ആണ് എന്നും റിപ്പോർട്ട് പറയുന്നു.

ഈ സ്യൂട്ട്‌കേസിലാണ് മൃതദേഹം ഉപേക്ഷിച്ചത്. ഹോട്ടലിന്റെ ബാത്ത്‌റൂമില്‍ നിന്ന് പ്രീതി റെഡ്ഡിയുടെ രക്തക്കറ കണ്ടെത്തിയതായും കൊറോണര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു രാത്രി കൂടി തങ്ങാന്‍ ഹോട്ടലില്‍ ബുക്കിംഗ് നീട്ടിയെങ്കിലും, ഞായറാഴ്ച വൈകുന്നേരം തന്നെ നാര്‍ഡെ മുറിയൊഴിഞ്ഞു. ഹോട്ടല്‍ ജീവനക്കാരുടെ സഹായത്തോടെയാണ് സ്യൂട്ട്‌കേസ് കാറിലേക്ക് കൊണ്ടുപോയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് സി സി ടി വി യിലും തെളിഞ്ഞിരുന്നു. പ്രീതി റെഡ്ഡിയുടെ കാറില്‍ സ്യൂട്ട്‌കേസും ബാഗുകളും കിംഗ്‌സ്‌ഫോര്‍ഡില്‍ ഉപേക്ഷിച്ചു.

ഇതിനകം തന്നെ അന്വോഷണ ഉദ്യോഗസ്ഥർ ഡോക്ടർ പ്രീതിയുടെ തിരോധനത്തെക്കുറിച്ചു ഡോ. നാര്‍ഡെയോട് ചോദിച്ചിരുന്നു. ആ സമയം ഡോ. നാര്‍ഡെ വളരെ അസ്വസ്ഥനായിരുന്നു എന്നാണ് റിപ്പോർട്ട് പറയുന്നത്. തുടര്‍ന്ന് ടാക്‌സിയില്‍ വിമാനത്താവളത്തിലേക്ക് പോയ ഡോ. നാര്‍ഡെ, ടാംവര്‍ത്തിലേക്ക് ടിക്കറ്റ് കിട്ടാത്തതിനാല്‍ വാടകയ്‌ക്കെടുത്ത കാറില്‍ ടാംവര്‍ത്തിലേക്ക് ഡ്രൈവ് ചെയ്യുകയായിരുന്നു. തിങ്കളാഴ്ച രാത്രിയോടെ ഡോ. നാര്‍ഡെ ന്യൂ ഇംഗ്ലണ്ട് ഹൈവേയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. എതിരെ വന്ന ട്രക്കിലേക്ക് ഇയാള്‍ ബോധപൂര്‍വം കാറിടിച്ചുകയറ്റുകയായിരുന്നു എന്നാണ് പോലീസ് റിപ്പോർട്ട്.

നാര്‍ഡെ തന്നെയാണ് ഹോട്ടല്‍ മുറിയില്‍ വച്ച് കൊലപാതകം നടത്തിയത് എന്ന് ബോധ്യപ്പെട്ടതായി മജിസ്‌ട്രേറ്റ് ഫോര്‍ബ്‌സ് പറഞ്ഞു. മറ്റാരുടെയും പങ്കാളിത്തം ഈ കൊലപാതകത്തിൽ ഇല്ല എന്നും വ്യക്തമാക്കുന്നു. പങ്കാളികളോ, മുന്‍ പങ്കാളികളോ സ്ത്രീകളെ കൊലപ്പെടുത്തുന്ന നിരവധി സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles