Latest News

തൃശ്ശൂര്‍: ലോക്ഡൗണ്‍ കാലത്ത് നാട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തിയ ബ്ലാക്ക്മാന്‍മാരില്‍ ഒരാളെ കൈയോടെ പിടികൂടിയെന്നാണ് വാര്‍ത്ത പരന്നത്. പക്ഷേ, ബ്ലാക്ക്മാനെ പിടികൂടാന്‍ ചുമതലപ്പെട്ട സേനയിലെ ഒരാളാണ് സ്വയം പിടിയിലായത് എന്നറിഞ്ഞപ്പോള്‍ പിന്നാലെയെത്തി സസ്‌പെന്‍ഷന്‍. കേരള പോലീസ് അക്കാദമിയുടെ ടാങ്കോ ഫോര്‍ കമ്പനിയിലെ ഹവില്‍ദാര്‍ ആലപ്പുഴ സ്വദേശി സനല്‍കുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി കര്‍ശനനിരീക്ഷണം നടത്തുന്ന പോലീസ് അക്കാദമിയില്‍നിന്ന് ഇയാള്‍ വ്യാഴാഴ്ച രാത്രി പത്തോടെ ബൈക്കില്‍ പുറത്തിറങ്ങി മണ്ണുത്തിക്കടുത്ത് പൊങ്ങണങ്കാട്ടിലെ ഒരു വീട്ടിലെത്തി. ഇയാള്‍ക്ക് പരിചയമുള്ള സ്ത്രീയുടെ വീടായിരുന്നു ഇത്. വാതിലില്‍ തട്ടിയിട്ടും തുറക്കാതിരുന്നപ്പോള്‍ ജനലില്‍ തട്ടി. എന്നിട്ടും തുറക്കാതായപ്പോള്‍ ശക്തിയില്‍ തട്ടി ജനല്‍ച്ചില്ലുടച്ചു. ഈ ശബ്ദം കേട്ട് അയല്‍ക്കാര്‍ ഉണര്‍ന്നതോടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പിന്തുടര്‍ന്നു. മാടക്കത്തറ പഞ്ചായത്ത് ഓഫീസിന് സമീപം പിടികൂടി.

മദ്യപിച്ച നിലയിലായിരുന്നു ഇയാള്‍. പിടിയിലായപ്പോള്‍ പോലീസ് ആണെന്നു പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചു. സംശയം തോന്നിയ നാട്ടുകാര്‍ പോലീസ് അസോസിയേഷന്‍ മുന്‍ സംസ്ഥാന നേതാവിനെ ബന്ധപ്പെട്ടു. നേതാവ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ പോലീസ് ആണെന്നു കണ്ടെത്തി. തുടര്‍ന്ന് മണ്ണുത്തി പോലീസിന് കൈമാറി.

സംഭവത്തെപ്പറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്മേലാണ് സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തത്. അതിജാഗ്രത പുലര്‍ത്തുന്ന പോലീസ് അക്കാദമിയില്‍നിന്ന് ബൈക്ക് സഹിതം ഒരു ഹവില്‍ദാര്‍ എങ്ങനെ പുറത്തിറങ്ങിയെന്നും മദ്യം ലഭ്യമല്ലാത്ത സമയത്ത് എവിടെനിന്ന് ഇയാള്‍ക്ക് മദ്യം കിട്ടിയെന്നും റോഡിലെ പോലീസ് വാഹനപരിശോധന മറികടന്ന് എങ്ങനെ പൊങ്ങണങ്കാട് വരെയെത്തിയെന്നും അന്വേഷിക്കുന്നുണ്ട്.

ജിബിൻ ആഞ്ഞിലിമൂട്ടിൽ

പ്രവാസികൾ നമ്മുടെ സഹോദരങ്ങൾ…. ജീവിക്കാൻ വേണ്ടി സ്വന്തം നാട്ടിൽ നിന്നും വിദേശനാടുകളിലേക്ക് പോയവർ ആണ് നമ്മുടെ പ്രവാസി സഹോദരങ്ങൾ. അവർക്കു കിട്ടുന്ന ഒരു വിഹിതം നമ്മുടെ നാടിനായി അവർ തരാറുമുണ്ട്.മുഖ്യമന്ത്രി പറഞ്ഞത് പോലെ നാടിന്റെ നട്ടെല്ല് പ്രവാസികൾ ആണ്. കോവിഡ് ഭീതിയിൽ കഴിയുന്ന നമ്മുടെ പ്രവാസി സഹോദരങ്ങളെ എത്രയും വേഗം മടക്കി കൊണ്ടുവരണം. കോറന്റൈനിൽ ഇരിക്കാൻ തയ്യാറാണ് എന്ന് അവർ പറയുന്നുമുണ്ട്. നമ്മുടെ സഹോദരങ്ങൾ ആണ് അവർ. വിദേശരാജ്യങ്ങളിൽ നമ്മുടെ പ്രവാസി സഹോദരങ്ങളിൽ പലരും കോവിഡ് ബാധയെത്തുടർന്ന് മരണപ്പെടുന്ന കാഴ്ചകൾ നാം കാണുന്നുണ്ട് ഈ ദിവസങ്ങളിൽ. വേദനാജനകമായ കാഴ്ചയാണത്.

പ്രവാസികളായ മലയാളികളുടെ കാര്യം വലിയ കഷ്ടമാണ്. കഴിഞ്ഞ ദിവസമാണ് വിവാഹം കഴിഞ്ഞ് രണ്ടു മാസം ആയ ഒരു നവവരൻ ദുബായിൽ കോവിഡ് ബാധിച്ചു മരിച്ചത്. നാട്ടിലായിരുന്ന ഭാര്യ തന്റെ പ്രിയതമന്റെ മൃതദേഹം ഒരു നോക്കുപോലും കാണാൻ സാധിക്കാതെ മൃതദേഹം അവിടെത്തന്നെ സംസ്കരിക്കാൻ സമ്മതപത്രം അയച്ചു കൊടുത്ത വാർത്ത വളരെ ഹൃദയഭേദകമായ സംഭവമായിരുന്നു. ഇതുപോലെ അനേകം മലയാളികൾ ഓരോ ദിവസവും മരണപ്പടുന്ന വാർത്തകൾ നാം കാണുകയാണ്. ഉറ്റവരെ കാണാതെ വിഷമിക്കുന്ന പ്രവാസി സഹോദരങ്ങളും,സ്വന്തം സഹോദരങ്ങളെ കാണാൻ കഴിയാതെ വിഷമിക്കുന്നവരും അവരുടെ മാതാപിതാക്കളും,ഭാര്യാ ഭർത്താക്കന്മാരും നമ്മുടെ വേദന തന്നെയാണ്. സ്വന്തം നാട്ടിൽ നമ്മൾ എല്ലാവരും സുരക്ഷിതരാണെന്ന ഉത്തമ ബോധ്യം നമുക്ക് ഉണ്ട്. ആ സുരക്ഷിതത്വം നമ്മുടെ പ്രവാസി സഹോദരങ്ങൾക്കും ലഭ്യമാകണം. അതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഇടപെടൽ അനിവാര്യമാണ്. കോവിഡ് ഭീതിയിൽ പ്രവാസലോകം ആയിരിക്കുമ്പോൾ നമ്മുടെ പ്രവാസി സഹോദരങ്ങളെ മരണത്തിന് വിട്ടു കൊടുക്കാൻ ആവില്ല.അവർക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തു നൽകാൻ ഇന്ത്യൻ എംബസി ഉൾപ്പെടെ സമ്മർദ്ദം ചെലുത്തണം.

ഇനി അവരെ കൊണ്ടുവരാനുള്ള സാഹചര്യം ഒരുങ്ങുന്നു എങ്കിൽ, ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്. നമ്മൾ പൂർണ്ണ സജ്ജരാണെന്നതിന്റെ അടയാളപ്പെടുത്തലുകൾ ഇന്ന് കേരളം ലോകത്തിനു മുൻപിൽ കാട്ടിക്കൊടുക്കുകയാണ്. കേന്ദ്ര സർക്കാർ ഇപ്പോഴും പ്രവാസികളുടെ വിഷയം ഗൗരവമായി എടുക്കുന്നില്ല എന്നതാണ് മനസ്സിലാക്കുന്നത്. അതുകൊണ്ട് കേന്ദ്ര സർക്കാർ വിഷയത്തിൽ ഇനിയെങ്കിലും മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കാൻ തയ്യാറാവണം.-

ഒളിവില്‍ കഴിയവെ അഭിഭാഷകയുമായുള്ള ബന്ധത്തില്‍ വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജ് രണ്ട് കുട്ടികളുടെ പിതാവായെന്ന് റിപ്പോര്‍ട്ടുകള്‍. ജൂലിയന്‍ അസാഞ്ജുമായുള്ള രഹസ്യബന്ധം വെളിപ്പെടുത്തി അഭിഭാഷകയായ സ്റ്റെല്ല മോറിസ് തന്നെയാണ് രംഗത്ത് വന്നിരിക്കുന്നത്.

അഫ്ഗാനിസ്താന്‍, ഇറാഖ് എന്നിവിടങ്ങളിലെ അമേരിക്കന്‍ സൈന്യവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തിയതിനെ തുടര്‍ന്ന് അസാഞ്ജിനെതിരെ അമേരിക്ക ചാരവൃത്തി കുറ്റം ആരോപിച്ച് കേസെടുത്തിരുന്നു. തുടര്‍ന്ന് 2012ല്‍ ഇദ്ദേഹം ഇക്വഡോര്‍ എംബസിയില്‍ അഭയം തേടി.

എംബസിയില്‍ ഒളിവില്‍ കഴിയവെ നിയമപരമായ വഴികള്‍ തേടുന്നതിനിടെയാണ് അസാഞ്ജും സ്റ്റെല്ലയും തമ്മില്‍ കണ്ടുമുട്ടിയതും പിന്നീട് അടുപ്പത്തിലായതും. തുടര്‍ന്ന് ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ 2016 ല്‍ ആദ്യത്തെ കുട്ടി പിറന്നു. രണ്ടുകുട്ടികളുടെയും ജനനം ഇദ്ദേഹം ലൈവ് വീഡിയോ വഴി കണ്ടിരുന്നു.

ഒളിവില്‍ കഴിയുന്നതിനിടെ കഴിഞ്ഞ വര്‍ഷമാണ് അസാഞ്ജിനെ പോലീസ് പിടികൂടിയത്. നിലവില്‍ ലണ്ടനിലെ ബെല്‍മാര്‍ഷ് ജയിലിലാണ് അസാഞ്ജ്. ചാരവൃത്തി ആരോപിച്ച് അസാഞ്ജിനെതിരെ അമേരിക്ക കേസെടുത്തിരുന്നു. ഇതില്‍ വിചാരണക്കായി അസാഞ്ജിനെ വിട്ടുകിട്ടണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്.

അതിനിടെയാണ് തങ്ങളുടെ രഹസ്യബന്ധം പുറത്തുവിട്ട് സ്റ്റെല്ല പുറത്തുവിട്ടത്. ഇത്രയും കാലം രഹസ്യമാക്കി വെച്ചിരുന്ന ബന്ധം സ്റ്റെല്ല മോറിസ് പുറത്തുവിട്ടതിന് പിന്നില്‍ അസാഞ്ജിന്റെ ജീവന്‍ അപകടത്തിലാണെന്ന ഭയത്താലാണെന്നാണ് വിവരങ്ങള്‍.

ലോകത്തെങ്ങും വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊറോണ ജയിലില്‍ പടര്‍ന്നാല്‍ അസാഞ്ജിന്റെ ജീവന്‍ അപകടത്തിലാകുമെന്നാണ് സ്റ്റെല്ലാ മോറിസ് പറയുന്നത്. കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് ചില തടവുകാരെ ബ്രിട്ടീഷ് സര്‍ക്കാര്‍ താത്കാലികമായി മോചിപ്പിക്കാന്‍ ആലോചിക്കുന്നുണ്ട്.

ഈ ആനുകൂല്യം അസാഞ്ജിന് നല്‍കണമെന്നാണ് സ്റ്റെല്ല ആവശ്യപ്പെടുന്നത്. വൈറസ് ബാധയേറ്റേക്കാമെന്ന സാധ്യത ചൂണ്ടിക്കാട്ടി അസാഞ്ജ് ജാമ്യം നേടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇത് പരാജയപ്പെട്ടു. ഇതോടെയാണ് രഹസ്യബന്ധം വെളിപ്പെടുത്തി സ്റ്റെല്ല രംഗത്തെത്തിയത്. സ്റ്റെല്ലാ മോറിസും അസാഞ്ജും വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിലാണെന്നുള്ള വിവരങ്ങളും അതിനിടെ പുറത്തുവരുന്നു.

ലോക്ക് ഡൗണ്‍ വിലക്ക് ലംഘിച്ച് ഗംഗാതീരത്ത് കറങ്ങി നടന്ന വിദേശകളെ കൊണ്ട് ഇംപോസിഷന്‍ എഴുതിച്ച് പോലീസ്. ഉത്തരാഖണ്ഡ് പോലീസിന്റേതാണ് നടപടി. ഋഷികേശിലെ തപോവന്‍ മേഖലയില്‍ ഗംഗാനദിക്ക് സമീപം അലഞ്ഞുതിരിയുകയായിരുന്ന വിവിധ രാജ്യക്കാരായ പത്തുവിദേശികളെ കൊണ്ടാണ് പോലീസ് ഇംപോസിഷന്‍ എഴുതിച്ചത്.

ഇസ്രയേല്‍, ഓസ്ട്രേലിയ, മെക്സികോ, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് വിദേശികളെന്ന് പോലീസ് അറിയിച്ചു. ‘ഞാന്‍ ലോക്ക് ഡൗണ്‍ നിയമങ്ങള്‍ പാലിച്ചില്ല, എന്നോട് ക്ഷമിക്കണം’ എന്ന് ഇവരെക്കൊണ്ട് 500 തവണയാണ് പോലീസ് എഴുതിച്ചത്. മേഖലയില്‍ ഏതാനും വിദേശികള്‍ ഉണ്ടെന്നും ഇവര്‍ ലോക്ക് ഡൗണ്‍ നിയമങ്ങള്‍ കാറ്റില്‍പറത്തി പുറത്ത് കറങ്ങി നടക്കുന്നുണ്ടെന്നും പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

ലോക്ക് ഡൗണില്‍ കാരണമില്ലാതെ പുറത്തിറങ്ങി നടന്നത് എന്തിനാണെന്ന പോലീസിന്റെ ചോദ്യത്തിന് രാവിലെ ഏഴുമുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ പുറത്തിറങ്ങാമെന്നാണ് തങ്ങള്‍ കരുതിയതെന്നാണ് ഇവര്‍ നല്‍കിയ മറുപടി. എന്നാല്‍ ഇത്തരം ഇളവ് നല്‍കുന്നത് അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനായി പുറത്തിറങ്ങുന്നവര്‍ക്കാണെന്ന് പോലീസ് പറഞ്ഞ് മനസിലാക്കുകയും ചെയ്തു. ശേഷം ഇംപോസിഷന്‍ എഴുതിക്കുകയായിരുന്നു.

ലോക്ക് ഡൗണ്‍ സമയത്ത് അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന നടത്താന്‍ ആര്‍എസ്എസിന് അനുവാദം നല്‍കിയിട്ടില്ലെന്ന് തെലങ്കാന പോലീസ്. ആര്‍എസ്എസ് യൂണിഫോം ധരിച്ച ആളുകള്‍ ലാത്തിയുമായി ഹൈദരാബാദിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ വാഹനങ്ങളില്‍ പരിശോധന നടത്തുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു പോലീസ്.

യദാദ്രി ഭുവനഗിരി ചെക്ക് പോയിന്റുകളില്‍ 12 മണിക്കൂറോളം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പോലിസിനെ സഹായിക്കുന്നുവെന്ന കുറിപ്പോടെ ട്വിറ്ററില്‍ ആണ് ഈ ഫോട്ടോ പോസ്റ്റ് ചെയ്തത്. @ഫ്രണ്ട്‌സ് ഓഫ് ആര്‍എസ്എസ് എന്ന അക്കൗണ്ടില്‍ നിന്നായിരുന്നു പോസ്റ്റ്. പോസ്റ്റ് വൈറലായതിന് പിന്നാലെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്ത് വന്നിരുന്നു.

ആരാണ് ആര്‍എസ്എസിന് ഇങ്ങനെ ഒരു ഔദ്യോഗിക പദവി നല്‍കിയതെന്നായിരുന്നു വ്യാപകമായി ഉയര്‍ന്ന ചോദ്യം. ഇതോടയൊണ് പോലീസ് വിശദീകരണവുമായി രംഗത്ത് വന്നത്. സംഭവത്തില്‍ അന്വേഷണം നടത്തിയെന്നും, പോലീസ് ആര്‍ക്കും പരിശോധനയ്ക്ക് അനുവാദം നല്‍കിയിട്ടില്ലെന്നും രചകൊണ്ട പോലീസ് കമ്മീഷണര്‍ മഹേഷ് ഭഗവത് പറഞ്ഞു.

അതെസമയം, ലോക്കല്‍ പോലീസുമായി ചേര്‍ന്നാണ് ആര്‍എസ്എസ് പരിശോധനയ്ക്ക് ഇറങ്ങിയത് എന്നാണ് തെലങ്കാന ആര്‍എസ്എസ് പ്രാന്ത് പ്രചാര്‍ പ്രമുഖ് ആയുഷ് നടിമ്പള്ളി പറയുന്നത്. എന്നാല് ചിലര്‍ അതിനെതിരെ ശബ്ദമുയര്‍ത്തി. അതോടെ പോലീസ് സമ്മര്‍ദ്ദത്തിലായെന്നും ആയുഷ് നടിമ്പള്ളി കൂട്ടിച്ചേര്‍ത്തു.

തനിക്കെതിരെ പരിഹാസം ചൊരിഞ്ഞ യൂത്ത് കോൺഗ്രസ് നേതാക്കളെ അതേ രീതിയിൽ തേച്ചൊട്ടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. യൂത്ത് കോൺഗ്രസ് നേതാക്കൾ പറയുന്നതൊക്കെ ആരു കേൾക്കാൻ രമേശ് ചെന്നിത്തലയോ മുല്ലപ്പള്ളിയോ പറയുകയാണെങ്കിൽ കേൾക്കാമെന്നായിരുന്നു സുരേന്ദ്രന്റെ മറുപടി. കോൺഗ്രസിന്റെ ഈ ട്രോളുകളെയൊക്കെ ആര് ശ്രദ്ധിക്കാനാണെന്നും അദ്ദേഹം പ്രതികരിച്ചതായി സ്വകാര്യ ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

‘കോൺഗ്രസ് യുവനേതാക്കളുടെ ഈ ട്രോളുകളെയൊക്കെ ആര് ശ്രദ്ധിക്കാനാണ്, പ്രതിപക്ഷത്തിനെതിരേ താൻ ഉന്നയിച്ച ആരോപണത്തിനെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോ മുല്ലപ്പള്ളി രാമചന്ദ്രനോ എന്തെങ്കിലും പറയുകയാണെങ്കിൽ കേൾക്കാം. അതല്ലാതെ കോൺഗ്രസിന്റെ യുവനേതാക്കളെ ആരാണ് കേൾക്കുക’- കെ സുരേന്ദ്രന്റെ വാക്കുകൾ ഇങ്ങനെ.

കഴിഞ്ഞദിവസം സംസ്ഥാന സർക്കാരിനെ നിരന്തരം വിമർശിക്കുന്ന പ്രതിപക്ഷത്തെ കെ സുരേന്ദ്രൻ പരിഹസിച്ചിരുന്നു. ഇതാണ് യൂത്ത് കോൺഗ്രസ് നേതാക്കളെ ചൊടിപ്പിച്ചത്. കൊറോണ വൈറസിനെതിരായ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാരിനെ നിരന്തരം വിമർശിക്കുന്ന പ്രതിപക്ഷത്തിന്റെ രീതി ശരിയല്ല. സർക്കാരിനെ വിമർശിക്കാൻ വേണ്ടി മാത്രം എല്ലാ ദിവസവും രാവിലെ കുളിച്ച് കുപ്പായവുമിട്ട് ഇറങ്ങുന്ന രീതി ശരിയല്ല. വിമർശിക്കാൻ വേണ്ടി മാത്രം സർക്കാരിനെ വിമർശിക്കുന്ന രീതി ശരിയല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് എതിരെ രാഹുൽ ഗാന്ധി ചെയ്യുന്നതാണ് കേരളത്തിലെ കോൺഗ്രസിന്റെ നിലപാടെന്നും കെ സുരേന്ദ്രൻ വിമർശിച്ചിരുന്നു.

ഇതിനെതിരേയാണ് ട്രോളുമായി കോൺഗ്രസ് യുവനേതാക്കളായ ടി സിദ്ധീഖ്, ജോതികുമാർചാമക്കാല, പിസി വിഷ്ണുനാഥ് തുടങ്ങിയവർ രംഗത്തെത്തിയത്. ‘സ്ഥിരബുദ്ധിക്ക് എന്തോ കുഴപ്പം പറ്റിയിട്ടുണ്ട്. പിആർ വർക്കല്ലാതെ മറ്റൊന്നും പിണറായി സർക്കാർ ചെയ്യുന്നില്ലെന്ന് പറഞ്ഞ സുരേന്ദ്രനെക്കൊണ്ട് തനിക്കു വേണ്ടി പിആർ വർക്ക് ചെയ്യിക്കാൻ കഴിഞ്ഞു എന്നതാണ് പിണറായി വിജയന്റെ മിടുക്ക്’ എന്നൊക്കെയായിരുന്നു യൂത്ത് കോൺഗ്രസ് നേതാക്കളുട വിമർശനം.

ബോളിവുഡിലെ എക്കാലത്തേയും മികച്ച നടന്മാരില്‍ ഒരാളാണ് ബിഗ് ബി എന്ന് ആരാധകര്‍ വിളിക്കുന്ന അമിതാഭ് ബച്ചന്‍. താരത്തിന്റെ ബ്ലോഗില്‍ എഴുതിയ ഒരു കുറിപ്പാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ആശങ്കകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. തന്നെ അന്ധത ബാധിക്കുന്നുണ്ടോയെന്ന് സംശയിക്കുന്നെന്ന് തുറന്നെഴുതിയിരിക്കുകയാണ് ബിഗ് ബി.

അമിതാഭ് ബച്ചന്‍ തന്റെ നിലവിലെ ആരോഗ്യ സ്ഥിതിയെക്കുറിച്ചുള്ള ആശങ്ക പങ്കുവച്ചിരിക്കുകയാണ് ബ്ലോഗിലൂടെ. ‘മങ്ങിയ കാഴ്ചകളാണ് ഇപ്പോള്‍ കാണുന്നത്. പലപ്പോഴും കാഴ്ചകള്‍ ഇരട്ടിക്കുന്നതായും അനുഭവപ്പെടുന്നു. എന്നെ പിടികൂടിയിരിക്കുന്ന നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പുറമേ അന്ധതയും ബാധിച്ചു തുടങ്ങിയെന്ന യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടാനുള്ള ശ്രമത്തിലാണ് ഞാനിപ്പോള്‍” എന്ന് അദ്ദേഹം കുറിച്ചു.

കുട്ടിക്കാലത്ത് അമ്മ സാരിത്തലപ്പ് ചെറുതായി ചുരുട്ടി ചൂടാക്കി കണ്ണില്‍ വെച്ചുതരുമ്പോള്‍ പ്രശ്‌നം പരിഹരിക്കപ്പെടാറുണ്ടെന്നും ,കണ്ണിന് എന്തെങ്കിലും പ്രശ്‌നങ്ങള്‍ തോന്നുമ്പോള്‍ കുട്ടിക്കാലത്ത് അമ്മ ചെയ്ത് തരാറുണ്ടായിരുന്ന പൊടിക്കൈകള്‍ എല്ലാം ഇപ്പോഴും ചെയ്യാറുണ്ടെന്നും ബച്ചന്‍ പറയുന്നു.

അമ്മ ചെയ്യാറുള്ളതുപോലെ ചൂടുവെള്ളത്തില്‍ ടവല്‍ മുക്കി കണ്ണില്‍ വെക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. തന്നെ അന്ധത ബാധിച്ചു തുടങ്ങിയിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ ഉറപ്പ് നല്‍കുന്നുണ്ടെന്നും മരുന്നുകള്‍ കണ്ണിലൊഴിക്കുന്നുണ്ടെന്നും ബോളിവുഡിന്റെ സ്വന്തം ബിഗ് ബി ബ്ലോഗില്‍ കുറിച്ചു.

ഏപ്രില്‍ 13ന് രാത്രി 11.30 വരെയുള്ള സമയത്ത് വേലിയേറ്റത്തിന് സാധ്യത. ഇതുമൂലം തീരത്തോട് ചേര്‍ന്നുള്ള കടല്‍ മേഖല പ്രക്ഷുബ്ധമാകുമെന്നും റിപ്പോര്‍ട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വേലിയേറ്റ സമയങ്ങളില്‍ വെള്ളം കയറാന്‍ സാധ്യതയുണ്ടെന്നും ദേശീയ സമുദ്ര പഠന കേന്ദ്രം അറിയിച്ചു.

തീരമേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കാനും അധികൃതര്‍ നിര്‍ദേശം നല്‍കി. വള്ളങ്ങളും മത്സ്യബന്ധന ഉപകരണങ്ങളും കെട്ടിയിട്ട് സംരക്ഷിക്കാന്‍ ശ്രദ്ധിക്കണം. കടലാക്രമണ ഭീഷണി നിലനില്‍ക്കുന്നയിടങ്ങളിലും താഴ്ന്ന-വെള്ളം കയറാന്‍ സാധ്യതയുള്ള ഇടങ്ങളിലും താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശമനുസരിച്ച് മാറിത്താമസിക്കാന്‍ തയ്യാറാവേണ്ടതാണെന്നും അധികൃതര്‍ അറിയിച്ചു. എന്നാല്‍ കേരളതീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കൂട്ടമായി ആളുകള്‍ പുറത്തിറങ്ങുന്നത് തടയാന്‍ പതിനെട്ടാമത്തെ അടവും പയറ്റുകയാണ് കേരള പൊലീസ്. നിയമലംഘനം നടത്തുന്നവരെ കണ്ടെത്തി വീട്ടിലേക്കോടിക്കാന്‍ ഇപ്പോള്‍ ഡ്രോണുകളാണ് പോലീസ് ഉപയോഗിക്കുന്ന്.

ഡ്രോണ്‍ കാണുമ്പോഴേ തങ്ങളുടെ മുഖം അതില്‍ പതിയാതിരിക്കാന്‍ മുഖവും മറച്ചുകൊണ്ട് ആളുകള്‍ ഓടാന്‍ തുടങ്ങും. ഡ്രോണ്‍ വീഡിയോകള്‍ കേരള പൊലീസ് സമൂഹമാധ്യമങ്ങളില്‍ മുന്‍പും പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ പൊലീസിന്റെ ഡ്രോണ്‍ ചരിതം രണ്ടാം ഭാഗമാണ് സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തുന്നത്.

ഡ്രോണ്‍ ക്യാമറയില്‍നിന്ന് രക്ഷപെടാന്‍ ശരവേഗത്തിലാണ് പലരുടേയും ഓട്ടം. ഇതെല്ലാം ചേര്‍ത്തുവച്ച് ഒരു ട്രോള്‍ വീഡിയോ ആക്കിയിരിക്കുകയാണ് കേരള പൊലീസ്.

അതേസമയം, ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് നിരവധി പേരാണ് ദിവസവും പുറത്തിറങ്ങുന്നത്. വലിയൊരു വിഭാഗം ആളുകള്‍ നിയന്ത്രണങ്ങളോട് സഹകരിക്കുമ്പോള്‍ ചെറിയ ഒരു വിഭാഗം ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളോട് നിസഹകരിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

നിയന്ത്രണങ്ങള്‍ ലംഘിച്ചതിനു സംസ്ഥാനത്ത് ഇന്നുമാത്രം 2431 പേര്‍ക്കെതിരെ കേസെടുത്തു. 2236 പേരെ പൊലീസ് വിവിധ ജില്ലകളിലായി അറസ്റ്റ് ചെയ്തു. 1634 വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുത്തു.

”ഈസ്റ്റര്‍ ആയതിനാല്‍ ആരും നിയന്ത്രണങ്ങള്‍ ലംഘിക്കരുത്. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമായേ പുറത്തിറങ്ങാവൂ. വളരെ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. എല്ലാവരും ഒത്തൊരുമിച്ച് നില്‍ക്കണം. കൈവിട്ടുപോയാല്‍ കോവിഡ് എന്ന മഹാമാരി എന്തുമാകാം. ഇപ്പോഴുള്ള ജാഗ്രത ഇനിയും തുടരണം. രോഗബാധിതരുടെ എണ്ണം കുറയുകയും രോഗമുക്തി നേടിയവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുന്നത് ശുഭസൂചനയാണ്. എന്നുകരുതി ജാഗ്രത കുറവ് ഉണ്ടാകരുത്.” പിണറായി വിജയന്‍ പറഞ്ഞു.

 

ശ്യൂന്യമായിരുന്നു സെന്റ്പീറ്റേഴ്സ് ബസലിക്ക, ഇവിടെ വച്ചായിരുന്നു ലോകമെങ്ങുമുള്ള വിശ്വാസികൾക്കായി ഫ്രാൻസിസ് മാർപാപ്പ ഇത്തവണ ഈസ്റ്റർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകിയത്. ലോകം കോവിഡ് മഹാമാരിയുടെ ഭീതിയിൽ കഴിയുന്നതിനിടെയെത്തിയ ഈസ്റ്ററായിരുന്നു ഇത്തവണ. ‘ഭയപ്പെടരുത്’ എന്നായിരുന്നു പ്രാർത്ഥനാ ചടങ്ങുകൾക്കിടെ ലോകത്തോടായി മാർപ്പാപ്പ പറഞ്ഞത്. യേശു ക്രിസ്തുവിന്റെ ഉയർ‌ത്തെഴുന്നേൽപ്പിനെ ഉദ്ധരിച്ചുകൊണ്ടായിരുന്നു മാർ‌പ്പാപ്പയുടെ സന്ദേശം.

“ഭയപ്പെടേണ്ട, ഭയപ്പെടരുത്. ഇത് പ്രത്യാശയുടെ സന്ദേശമാണ്. ഈ രാത്രിയിൽ ദൈവം നമ്മോട് ആവർത്തിക്കുന്ന വാക്കുകളാണിത്. ഇന്ന് നമ്മെ ഈ വാചകങ്ങൾ അഭിസംബോധന ചെയ്യുന്നു. എല്ലാവരും സഹോദരീസഹോദരന്മാരാണ് – ജീവിതമാവുന്ന ഗാനം നമുക്ക് തിരികെ കൊണ്ടുവരാനാവട്ടെ,” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുക്കൾ. മരണ സമയത്ത് ദൈവ ദൂതന്മാരുടെ ജീവിതവും സമാനമായിരുന്നു. ഇരുണ്ട കാലത്ത് പ്രതീക്ഷയുടെ സന്ദേശമാണ് ഈസ്റ്റർ നൽകുന്നതെന്നും മാർപ്പാപ്പ പറഞ്ഞു.

ലോകത്തെ ആയുധവ്യാപാരത്തെകുറിച്ചും അദ്ദേഹം സന്ദേശത്തിൽ പരാമർശിച്ചു. “മരണത്തിന്റെ നിലവിളി നമുക്ക് നിശബ്ദമാക്കാം, ഇനി യുദ്ധങ്ങളില്ല! ആയുധങ്ങളുടെ ഉൽപാദനവും കച്ചവടവും അവസാനിപ്പിക്കാം, കാരണം നമുക്ക് തോക്കുകളല്ല, ഭക്ഷണമാണ് വേണ്ടത്.” എന്നും മാർപ്പാപ്പ ലോകത്തോട് ആഹ്വാനം ചെയ്തു.

ആരിക്കണക്കിന് വിശ്വാസികൾ പങ്കെടുക്കേണ്ട ചടങ്ങുകളാണ് കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ ആളൊഴി‍ഞ്ഞ് നടന്നത്. ടി.വിയിലൂടെയും ഓൺലൈനിലൂടെയുമാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള വിശ്വാസികൾ ബസിലിക്കയിലെ പ്രാർഥനകളിൽ പങ്കാളികളായത്.

RECENT POSTS
Copyright © . All rights reserved