മെയ് മൂന്നിനാണ് രണ്ടാം ഘട്ട ലോക്ഡൗണ്‍ ഔദ്യോഗികമായി അവസാനിക്കുന്നത്. എന്നാല്‍ രാജ്യത്തെ കൊറോണ വൈറസ് രോഗബാധ ഉയരുന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ പിന്‍വലിക്കുന്നത് തിരിച്ചടിയാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഇത് നീട്ടണമെന്ന ആവശ്യവുമായി ആറു സംസ്ഥാനങ്ങള്‍ രംഗത്തെത്തി. ഡല്‍ഹി, ഒഡീഷ, പഞ്ചാബ്, ബംഗാള്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് ഈ ആവശ്യം ഉയര്‍ത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രിമാരുമായി നാളെ കൂടിക്കാഴ്ച നടക്കുന്നുണ്ട്. കഴിഞ്ഞ തവണത്തേതു പോലെ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് ഇതും നടക്കുക. ഈ യോഗത്തില്‍ വച്ച് ലോക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ തീരുമാനമായേക്കും എന്നാണ് കരുതുന്നത്. എന്നാല്‍ ദേശവ്യാപകമായി ലോക്ഡൗണ്‍ നീട്ടുന്നതിനേക്കാള്‍ സംസ്ഥാനങ്ങളുടെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കുന്ന കാര്യങ്ങള്‍ക്കായിരിക്കും പ്രാമുഖ്യം കിട്ടുക എന്നാണ് സൂചന.
ലോക്ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള ഈ ആറ് സംസ്ഥാനങ്ങളാണ് കോവിഡ്-19 എറ്റവും കൂടുതല്‍ ബാധിച്ചിട്ടുള്ളത്. ഇതിനുപുറമെ മുംബൈ, പൂനെ എന്നിവിടങ്ങളില്‍ മെയ് മൂന്നിനു ശേഷവും ലോക്ഡൗണ്‍ തുടരുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. മെയ് 18 വരെ ലോക്ഡൗണ്‍ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത് എന്നാണ് സംസ്ഥാന ആരോഗ്യ മന്ത്രി രാജേഷ് തോപ്പെ വ്യക്തമാക്കുന്നത്. സംസ്ഥാന വ്യാപകമായി ലോക്ഡൗണ്‍ 15 ദിവസം കൂടി നീട്ടുന്ന കാര്യവും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ അവതരിപ്പിക്കും എന്നും അദ്ദേഹം പറയുന്നു.
മേല്‍പ്പറഞ്ഞ ആറ് സംസ്ഥാനങ്ങള്‍ക്ക് പുറമെ ബംഗാള്‍, ഒഡീഷ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളും ലോക്ഡൗണ്‍ നീട്ടാന്‍ സാധ്യതയുണ്ട്. ഹൗറ, നോര്‍ത്ത് 24 ര്‍ഗാസ്, ഹൂഗ്ലി, ഈസ്റ്റ് മിഡ്‌നാപ്പൂര്‍, ഈസ്റ്റ് ബര്‍ദ്വാന്‍ തുടങ്ങിയ സ്ഥലങ്ങള്‍ കോവിഡ് ഹോട്‌സ്‌പോട്ടുകളായതിനാല്‍ ഇവിടെ ലോക്ഡൗണ്‍ നീട്ടാന്‍ ഇതിനകം തന്നെ തീരുമാനിച്ചിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേ സമയം, ബംഗാളില്‍ പൂര്‍ണമായി ലോക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചേക്കില്ല.
ഒഡീഷയില്‍ ഹോട്‌സ്‌പോട്ടുകളല്ലാത്ത സ്ഥലങ്ങളില്‍ ഘട്ടംഘട്ടമായി ലോക്ഡൗണ്‍ പിന്‍വലിക്കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്ന് സംസ്ഥാന ആരോഗ്യമന്ത്രി നാബ കിഷോര്‍ ദാസ് പറയുന്നു. പഞ്ചാബിലും ലോക്ഡൗണ്‍ പൂര്‍മായി പിന്‍വലിച്ചേക്കില്ല. രോഗബാധ രൂക്ഷമായിട്ടുള്ള മധ്യപ്രദേശിലെ ഇന്‍ഡോര്‍, ഭോപ്പാല്‍, ഉജ്ജയിന്‍, ജബല്‍പ്പൂര്‍, ഖാര്‍ഗാവോണ്‍ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ ലോക്ഡൗണ്‍ തുടര്‍ന്നേക്കും. മെയ് മൂന്ന് കഴിഞ്ഞാലും മിക്ക സ്ഥലങ്ങളിലും ഘട്ടം ഘട്ടമായി മാത്രം ലോക്ഡൗണ്‍ പിന്‍വലിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
ഡല്‍ഹിയില്‍ ലോക്ക് ഡൗണ്‍ മേയ് പകുതി വരെ നീട്ടാനാണ് ആലോചന. ഡല്‍ഹി സര്‍ക്കാര്‍ നിയോഗിച്ച കോവിഡ് 19 കമ്മിറ്റിയാണ് ഈ നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. മേയ് മൂന്ന് വരെയുള്ള ലോക്ക് ഡൗണ്‍ മേയ് പകുതിയെങ്കിലും നീട്ടിയാല്‍ മാത്രം കോവിഡ് കേസുകളെ നിയന്ത്രണവിധേയമാക്കാന്‍ കഴിയൂ എന്ന് സമിതി അഭിപ്രായപ്പെട്ടു. കേന്ദ്രം ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് മാര്‍ച്ച് 23ന് തന്നെ ഡല്‍ഹി സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. പെട്ടെന്ന് നിയന്ത്രണങ്ങള്‍ ഇളവ് ചെയ്താല്‍ അത് കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കാന്‍ കാരണമായേക്കുമെന്ന ആശങ്കയാണ് കമ്മിറ്റി മുന്നോട്ടുവച്ചിട്ടുള്ളത്. ഡല്‍ഹിയില്‍ കണ്ടെയ്ന്‍മെന്റ് സോണുകളുടെ എണ്ണം കൂടുതലായതിനാല്‍ ലോക്ക് ഡൗണ്‍ നീട്ടുന്നതായിരിക്കും ഉചിതമെന്ന് കോവിഡ് 19 കമ്മിറ്റി ചെയര്‍മാന്‍ ഡോ.എസ് കെ സരിന്‍ പറഞ്ഞു. മേയ് 16 വരെയെങ്കിലും ലോക്ക് ഡൗണ്‍ നീട്ടേണ്ടി വരും.
അതേ സമയം, ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ തീരുമാനം എന്താണോ അതനുസരിച്ച് പ്രവര്‍ത്തിക്കാം എന്ന നിലപാടാണ് ഗുജറാത്ത്, ആന്ധ്രാ പ്രദേശ്, തമിഴ്‌നാട്, ഹരിയാനന, ഹിമാചല്‍ പ്രദേശ്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങള്‍ തീരുമാനിക്കുന്നത്. മഹാരാഷ്ട്ര കഴിഞ്ഞാല്‍ രോഗബാധ ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് ഗുജറാത്ത്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം കേരളവും അസമും ലോക്ഡൗണ്‍ കാര്യത്തില്‍ തീരുമാനമെടുത്തേക്കും. കേരളത്തില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യാത്തതിനെ തുടര്‍ന്ന് ഗ്രീന്‍ സോണായി പ്രഖ്യാപിച്ചിരുന്ന കോട്ടയം, ഇടുക്കി ജില്ലകള്‍ കഴിഞ്ഞ ദിവസം രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഓറഞ്ച് സോണാക്കിയിരുന്നു. ഇപ്പോഴും റെഡ് സോണുകളായി തുടരുന്ന ജില്ലകളിലും അതോടൊപ്പം, ഹോട്‌സ്‌പോട്ടുകളിലും മെയ് മൂന്നിനു ശേഷം ലോക്ഡൗണ്‍ പിന്‍വലിക്കുമോ എന്നറിയാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും.
വടക്കന്‍ കൊറിയന്‍ നേതാവ് കിം ജോങ് യുന്‍ എവിടെയാണ് എന്നത് സംബന്ധിച്ച് അഭ്യൂഹങ്ങള്‍ തുടരുന്നു. കിം ജോങ് യുന്‍ രാജ്യത്തിന്റെ കിഴക്കന്‍ തീരദേശത്തെ ഒരു നഗരത്തിലുണ്ടെന്ന സൂചനയാണ് ഒടുവില്‍ പുറത്തുവരുന്നത്. എന്നാല്‍ അദ്ദേഹം അവിടെ ചികില്‍സയിലാണോ എന്ന കാര്യം വ്യക്തമല്ല.
വടക്കന്‍ കൊറിയയിലെ വുസാന്‍ എന്ന നഗരത്തിലെ ‘ലീഡര്‍ഷിപ്പ് സ്റ്റേഷനി’ല്‍ യുന്നിന്റെതെന്ന് തോന്നിക്കുന്ന ഒരു ട്രെയിന്‍ നിര്‍ത്തിയിട്ടിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. വാഷിങ്ടണ്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 38 നോര്‍ത്ത് എന്ന വടക്കന്‍ കൊറിയന്‍ നിരീക്ഷണ ഗ്രൂപ്പാണ് ഈ നിഗമനത്തില്‍ എത്തിയിരിക്കുന്നത്. സാറ്റലൈറ്റ് ദൃശ്യങ്ങളുപയോഗിച്ചാണ് ട്രെയിന്‍ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുന്നതായി കണ്ടെത്തിയത്. വടക്കന്‍ കൊറിയന്‍ ഭരണാധികാരിയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും മാത്രം ഉപയോഗിക്കാന്‍ വേണ്ടിയുള്ളതാണ് ഈ സ്‌റ്റേഷന്‍. വുസാന്‍ എന്ന സ്ഥലത്താണ് ട്രെയിന്‍ കണ്ടെത്. എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ചോ മറ്റോ ഉള്ള ഒരു സൂചനയും ലഭിച്ചിട്ടില്ല.
ട്രെയിന്‍ കണ്ടെത്തിയെന്നത് കൊണ്ട് കിം എവിടെയാണെന്ന് വ്യക്തമായി പറയാന്‍ കഴിയില്ലെന്ന് 38 നോര്‍ത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ചുള്ള സൂചനകളും ഇത് നല്‍കുന്നില്ല. എന്നാല്‍ അദ്ദേഹം ഈ പ്രദേശത്ത് എവിടെയങ്കിലും കഴിയുന്നുണ്ടാകാമെന്ന് ഊഹിക്കാന്‍ മാത്രമെ കഴിയുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ചൈനയില്‍നിന്നുള്ള ഡോക്ടര്‍മാരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ നേതാക്കളും ഉള്‍പ്പെട്ട സംഘം വടക്കന്‍ കൊറിയയിലേക്ക് പോയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. . ഇതേക്കുറിച്ച് ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞയാഴ്ചയാണ് തെക്കന്‍ കൊറിയയിലെ ചില മാധ്യമങ്ങള്‍ വടക്കന്‍ കൊറിയന്‍ നേതാവ് ഗുരുതരാവസ്ഥയില്‍ കഴിയുകയാണെന്ന് റിപ്പോര്‍ട്ട് ചെയ്തത്. അദ്ദേഹത്തിന് ഹൃദയ സംബന്ധമായ അസുഖമാണെന്നും ശസ്ത്രക്രിയ കഴിഞ്ഞുവെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ ചില പാശ്ചാത്യ മാധ്യമങ്ങളും പ്രസിദ്ധീകരിച്ചു. എന്നാല്‍ ഇതിനോട് പ്രതികരിക്കാന്‍ വടക്കന്‍ കൊറിയ തയ്യാറായിരുന്നില്ല. അവരുടെ ദേശീയ ചാനലില്‍ കിം ജോങ് യുന്‍ പങ്കെടുത്ത പരിപാടികളുടെ ദൃശ്യങ്ങള്‍ ആവര്‍ത്തിച്ചു കാണിക്കുകയാണ് ചെയ്തത്.
വടക്കന്‍ കൊറിയയുമായി ബന്ധമുള്ള ചൈനയും ഇക്കാര്യത്തില്‍ പ്രതികരണമൊന്നും നടത്തിയിരുന്നില്ല.ഈ മാസം 12-ാം തീയതി കിം ശസ്ത്രക്രിയക്ക് വിധേയനായി എന്നായിരുന്നു തെക്കന്‍ കൊറിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. ഇതേതുടര്‍ന്നാണ് അദ്ദേഹം ചില പരിപാടികളില്‍ പങ്കെടുക്കാതിരുന്നതെന്നുമായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ തെക്കന്‍ കൊറിയിലെ മാധ്യമത്തില്‍ വന്ന റിപ്പോര്‍ട്ട് അവിടുത്ത സര്‍ക്കാര്‍ സ്ഥിരീകരിച്ചിരുന്നില്ല. വടക്കന്‍ കൊറിയയില്‍ അസാധാരണമായ എന്തെങ്കിലും നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നായിരുന്നു തെക്കന്‍ കൊറിയന്‍ ഉദ്യോഗസ്ഥരും അമേരിക്കയും പ്രതികരിച്ചത്.
കിം ജോങ് യുന്നിന്റെ ആരോഗ്യവസ്ഥ മോശമാണെന്ന റിപ്പോര്‍ട്ടുകള്‍ ശരിയാവാന്‍ സാധ്യതയില്ലെന്ന് കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വ്യക്തമാക്കിയിരുന്നു. ചില ആരോഗ്യ പ്രശ്നങ്ങള്‍ കിമ്മിനുള്ളതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോഴത്ത റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കാന്‍ കഴിയില്ലെന്നാണ് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞത്.
ലോകത്ത് ഏറ്റവും ഒറ്റപ്പെട്ട് കിടക്കുന്ന രാജ്യങ്ങളിലൊന്നാണ് വടക്കന്‍ കൊറിയ. അവരുടെ നേതാക്കളുടെ ആരോഗ്യത്തെ പോലും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായാണ് അവിടുത്ത സര്‍ക്കാര്‍ കാണുന്നത്. ഏറ്റവും ശക്തമായ മാധ്യമ നിയന്ത്രണമുളള രാജ്യം കൂടിയാണ് വടക്കന്‍ കൊറിയ.
യുകെയില്‍ നിന്നും താന്‍ തിരിച്ചെത്തിയപ്പോള്‍ ക്വാറന്റൈനില്‍ കഴിയാതിരുന്നതിന് കാരണം അന്ന് അങ്ങനെയൊരു നിര്‍ദ്ദേശം സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിരുന്നില്ല എന്നതിനാലാണെന്ന് കനിക പുറത്തിറക്കിയ പ്രസ്താവന പറഞ്ഞു.
മുംബൈ എയര്‍പോര്‍ട്ടില്‍ വെച്ച് തന്നെ പരിശോധിച്ചിരുന്നെന്നും എന്നാല്‍ അന്ന് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളൊന്നും പുറത്തു വന്നിരുന്നില്ലെന്നും കനിക പറഞ്ഞു. മാര്‍ച്ച് 18നാണ് നിര്‍ദ്ദേശം വരുന്നത്. താന്‍ ബന്ധപ്പെട്ട ഒരാള്‍ക്കു പോലും കൊറോണ ബാധിച്ചില്ലെന്നും അവര്‍ വ്യക്തമാക്കി.
മാര്‍ച്ച് 11ന് തന്റെ കുടുംബാംഗങ്ങളെ കാണാന്‍ ലഖ്നൗവിലേക്കാണ് താരം പോയത്. ഇവിടെ ആഭ്യന്തര വിമാനങ്ങളായതു കൊണ്ട് പരിശോധനയൊന്നും ഉണ്ടായില്ലെന്ന് കനിക പറയുന്നു. മാര്‍ച്ച് 14നും 15നും സുഹൃത്തുക്കള്‍ക്കൊപ്പം ഉച്ചഭക്ഷണവും അത്താഴവും കഴിച്ചു. തനിക്കെതിരെ വിദ്വേഷം ചൊരിഞ്ഞതു കൊണ്ട് യാഥാര്‍ത്ഥ്യം ഇല്ലാതാകില്ലെന്നും അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
യുകെയില്‍ നിന്നും തിരിച്ചുവന്നതിനു ശേഷം പാര്‍ലമെന്റംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ വിളിച്ചുകൂട്ടി പാര്‍ട്ടി നടത്തുകയാണ് കനിക ചെയ്തത്. ഇതിനെ ചോദ്യം ചെയ്തവരോട് തന്റെ ജീവിതം താന്‍ തീരുമാനിക്കുമെന്ന് മറുപടി നല്‍കുകയും ചെയ്തു താരം. മാര്‍ച്ച് 9നാണ് ഇവര്‍ തിരിച്ചെത്തിയത്. ഇതിനകം തന്നെ രാജ്യം അതീവജാഗ്രതയിലേക്ക് നീങ്ങിയിരുന്നു. വിമാനത്താവളങ്ങളില്‍ പരിശോധനകള്‍ നടക്കുന്നുമുണ്ടായിരുന്നു. വിദേശങ്ങളില്‍ നിന്നും വരുന്നവര്‍ പുറത്താരോടും ഇടപഴകരുതെന്ന നിര്‍ദ്ദേശവും ഇതിനകം വന്നിരുന്നു. ആശുപത്രിയില്‍ സൗകര്യം പോരെന്നു പറഞ്ഞ് ആരോഗ്യപ്രവര്‍ത്തകരോട് കയര്‍ക്കുകയുമുണ്ടായി താരം. ഇക്കാര്യം ചൂണ്ടിക്കാട്ടി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പ്രതിഷേധിക്കുകയും ചെയ്തു.
കോടികള്‍ വഞ്ചന നടത്തി ഇന്ത്യയിലേക്ക് മുങ്ങിയ എന്‍എംസി, യുഎഇ എക്സ്ചേയ്ഞ്ച് എന്നീ സ്ഥാപനങ്ങളുടെ സ്ഥാപകനായ ഡോ. ബിആര്‍ ഷെട്ടിയ്‌ക്കെതിരെ കുരുക്ക് മുറുകുന്നു. ഷെട്ടിക്ക് നിക്ഷേപമുള്ള മുഴുവന്‍ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കാന്‍ യുഎഇ സെന്‍ട്രല്‍ ബാങ്ക് നിര്‍ദ്ദേശം നല്‍കി.
ഷെട്ടിയുമായി ബന്ധമുള്ള ഒട്ടനവധി കമ്പനികളെ സെന്‍ട്രല്‍ ബാങ്ക് കരിമ്പട്ടികയില്‍പ്പെടുത്തി. കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ നോട്ടീസിലാണ് ഫെഡറല്‍ അറ്റോര്‍ണി ജനറലിന്റെ തീരുമാനം ചൂണ്ടിക്കാട്ടിക്കൊണ്ട് ഷെട്ടിയുടെയോ കുടുംബാംഗങ്ങളുടെയോ പേരിലുള്ള അക്കൗണ്ടുകളെല്ലാം പരിശോധിക്കാനും നിക്ഷേപങ്ങളടക്കം മരവിപ്പിക്കാനും നിര്‍ദേശമുള്ളത്. ഗള്‍ഫ് ന്യൂസാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ഷെട്ടിയുടെ പേരിലുള്ള അക്കൗണ്ടുകളില്‍ നിന്ന് പണം കൈമാറുന്നതും നിക്ഷേപിക്കുന്നതും തടയണമെന്നും ധനകാര്യ സ്ഥാപനങ്ങള്‍ക്ക് സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം നല്‍കി. ഇപ്പോള്‍ ഇന്ത്യയിലുള്ള ഷെട്ടി നിരവധി ആരോപണങ്ങള്‍ നേരിടുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
യുഎഇയിലെ വിവിധ ബാങ്കുകളിലായി എന്‍എംസിക്ക് 8 ബില്യണ്‍ ദിര്‍ഹം കടബാധ്യതയുണ്ടെന്നാണ് വിവരം. എന്‍എംസിക്ക് ഏറ്റവും കൂടുതല്‍ വായ്പകള്‍ നല്‍കിയ അബുദാബി കൊമേഴ്സ്യല്‍ ബാങ്ക് (എഡിസിബി) അബുദാബിയിലെ അറ്റോര്‍ണി ജനറലുമായി ചേര്‍ന്ന് എന്‍എംസിയുമായി ബന്ധപ്പെട്ട ചില വ്യക്തികള്‍ക്കെതിരെ ക്രിമിനല്‍ നിയമ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഏകദേശം 981 മില്യണ്‍ ഡോളറിന്റെ ബാധ്യതയാണ് എന്‍എംസിക്ക് എഡിസിബിയില്‍ ഉള്ളത്.
അബുദാബി ഇസ്ലാമിക് ബാങ്ക്, ദുബായ് ഇസ്ലാമിക് ബാങ്ക്, ബെര്‍ക്ലെയ്സ്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് എന്നീ ബാങ്കുകളില്‍ നിന്നും എന്‍എംസിക്ക് വായ്പകള്‍ സ്വീകരിച്ചിട്ടുണ്ട്. മാത്രമല്ല, ഒമാന്‍ ആസ്ഥാനമായ ചില ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും എന്‍എംസിക്ക് ബാധ്യതകളുണ്ട്. മൊത്തത്തില്‍ എണ്‍പതോളം തദ്ദേശീയ, പ്രാദേശിക, അന്തര്‍ദേശീയ ധനകാര്യ സ്ഥാപനങ്ങള്‍ എന്‍എംസിക്ക് വായ്പ നല്‍കിയിട്ടുണ്ടെന്നാണ് കണ്ടെത്തലുകള്‍. ഏതാണ്ട് 6.6 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക ബാധ്യത എന്‍എംസിക്ക് ഉണ്ടെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍.
പുഞ്ചിരിച്ച് പടിപ്പുര കടന്നുപോയ ഗൃഹനാഥനെ കണ്ണീരോടെ കാത്തിരിക്കുകയാണ് മാനന്തവാടി വള്ളിയൂര്‍ക്കാവിലെ ആ കൊട്ടാരം വീട്. കഴിഞ്ഞദിവസം ദുബായില്‍ അന്തരിച്ച പ്രവാസി വ്യവസായി അറയ്ക്കല്‍ ജോയിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള പരിശ്രമത്തിലാണ് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും.
കേരളത്തിലെ ഏറ്റവും വലിയ വീടെന്ന തലക്കെട്ടുകളോടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്ന അറയ്ക്കല്‍ പാലസിന്റെ ഗൃഹനാഥനാണ് അകാലത്തില്‍ വിടപറഞ്ഞ ജോയി.
ജോയിയുടെ മരണ വിവരം അറിഞ്ഞപ്പോള്‍ തുടങ്ങിയ സന്ദര്‍ശക പ്രവാഹത്തിന് ഇനിയും കുറവ് വന്നിട്ടില്ല. കോവിഡ് നിയന്ത്രണങ്ങളുടെ സാഹചര്യത്തില്‍ പോലീസ് സന്ദര്‍ശനം കര്‍ശനമായി നിയന്ത്രിച്ചിരിക്കുകയാണ്.
ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്. വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ഇപെടലിലൂടെ അടുത്ത ദിവസം മൃതദേഹം എത്തിക്കാനാകുമെന്നാണ് ബന്ധുക്കളുടെ പ്രതീക്ഷ.
തന്റെ ജീവിതത്തിലെ നേട്ടങ്ങളെ അടയാളപ്പെടുത്തുംവിധം സമാനതകള്‍ ഇല്ലാത്ത ഒരു നിര്‍മ്മിതിയാകണം തന്റെ വീട് എന്നതായിരുന്നു ബിസിനസ്സുകാരനായ ജോയിയുടെ സ്വപ്നം. അതിന്റെ സാക്ഷാത്കാരമായിരുന്നു മാനന്തവാടിയിലെ അറയ്ക്കല്‍ പാലസ്.
എന്നാൽ ജോയിയുമായി അടുപ്പമുള്ളവരിൽ നിന്നും എന്നപേരിൽ വാട്സാപ്പുകളിൽ പ്രചരിക്കുന്ന വോയിസ് ക്ലിപ്പുകളിൽ ദുരൂഹത ഉണർത്തുന്ന പലകാര്യങ്ങളും പുറത്തു വരുന്നു. വൻ സാമ്പത്തിക ബാധ്യത മൂലം അറക്കൽ ജോയി ആത്മഹത്യാ ചെയ്തതാണെന്നും മരണം അന്വേഷിക്കണം എന്ന രീതിയിലും കാര്യങ്ങളിൽ വ്യക്തത വരാതെ പലപ്രവർത്തികളും പിന്നാമ്പുറത്തു നടക്കുന്നതായാണ് വിവരം. അദ്ദേഹത്തിന് സാമ്പത്തിക ഇടപാടുകൾ ഉള്ള ഷെട്ടി ഒളിവിലിൽ പോയതായും റിപോർട്ടുകൾ.
കേരളത്തിലെ ഏറ്റവും വലിയ വീടുകളില്‍ ഒന്നായ മാനന്തവാടിയിലെ അറയ്ക്കല്‍ പാലസിലേയ്ക്ക് 2018 ഡിസംബര്‍ 29നാണ് ജോയിയും സഹോദരന്‍ ജോണിയും കുടുംബസമേതം താമസം മാറ്റിയത്.
40000 ചതുരശ്രയടിയില്‍ മാനം മുട്ടെ ഉയര്‍ന്ന് നില്‍ക്കുന്ന അറയ്ക്കല്‍ പാലസ് നിര്‍മാണസമയത്തുതന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ധാരാളം അംഗങ്ങളുള്ള കുടുംബത്തിന് കൂട്ടുകുടുംബമായി ഒരു മേല്‍ക്കൂരയ്ക്ക് കീഴില്‍ താമസിക്കാന്‍ വേണ്ടി കൂടിയാണ് ജോയ് വീട് വിശാലമായി ഒരുക്കിയത്.
കൊളോണിയല്‍ ശൈലിയിലാണ് വീടിന്റെ രൂപകല്‍പന. റോഡുനിരപ്പില്‍ നിന്നും ഉയര്‍ന്നു നില്‍ക്കുന്ന വിശാലമായ നാലേക്കറിലാണ് വീടും ലാന്‍ഡ്‌സ്‌കേപ്പും ഒരുക്കിയത്.
അക്കൗണ്ടന്റായി യുഎഇയില്‍ എത്തി ലോകത്തെ ഏറ്റവും മികച്ച റിഫൈനറികളില്‍ ഒന്നിന്റെ ഉടമയായി മാറിയ ജോയിയുടെ ജീവിതവിജയം ഏറെ വെല്ലുവിളികള്‍ നേരിട്ട ശേഷമായിരുന്നു. മധ്യപൂര്‍വേഷ്യയിലേക്ക് പെട്രോളിയം ഉല്‍പന്നങ്ങള്‍ കൊണ്ടുപോകാനായി ചരക്കുകപ്പലുകള്‍ സ്വന്തമാക്കിയതോടെ കപ്പല്‍ജോയി എന്നത് അദ്ദേഹത്തന്റെ വിളിപ്പേരായി.
കഴിഞ്ഞ പ്രളയവും ഉരുള്‍പൊട്ടലും ഏറ്റവുമധികം നാശം വിളിച്ച വയനാട്ടിലെ ദുരിതബാധിതര്‍ക്കായി അറയ്ക്കല്‍ പാലസിന്റെ വാതിലുകള്‍ തുറന്നിട്ടിരുന്നു.
ആരോഗ്യ പ്രവര്‍ത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിന്റെ പേരില്‍ കോഴിക്കോട് ഇഖ്റ ആശുപത്രിയിലെ ജീവനക്കാര്‍ നേരിടുന്നത് വലിയ മാനസിക പീഡനം. ആശുപത്രിയില്‍ നിന്നു വീടുകളിലേക്ക് എത്തുന്ന ജീവനക്കാരെ നാട്ടുകാര്‍ തടയുകയാണ്. കുടുംബങ്ങളെ പോലും ഒറ്റപ്പെടുത്തുന്നതായി ജീവനക്കാര്‍ പറയുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടികാട്ടി കലക്ടര്‍ക്ക് പരാതി നല്‍കി.
എടച്ചേരി സ്വദേശിയായ രോഗിയില്‍ നിന്നായിരുന്നു ഇഖ്റ ആശുപത്രിയിലെ നഴ്സിനു കോവിഡ് പകര്‍ന്നത്. തുടര്‍ന്ന് ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരേയും നീരീക്ഷണത്തിലാക്കുകയും ചെയ്തു. ഇപ്പോള്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മുതല്‍ അറ്റന്‍ഡര്‍മാര്‍ വരെ മാനസിക പീഡനം അനുഭവിക്കുകയാണ്. കോവിഡ് ഐസലേഷന്‍ വാര്‍ഡുമായി ഒട്ടും ബന്ധപ്പെടാത്തവരാണ് ഇത്തരത്തില്‍ പീഡനം നേരിടുന്നത്. കഴിഞ്ഞ ദിവസം രാത്രി രണ്ടു ജീവനക്കാരെ നാട്ടുകാര്‍ തടഞ്ഞു.
ജീവനക്കാർ അവർ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടികാട്ടി കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. പ്രാദേശിക വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ മോശം രീതിയില്‍ ജീവനക്കാരെ കുറിച്ച് സന്ദേശങ്ങള്‍ കൈമാറുന്നതായും കുടുംബങ്ങളെ ഒറ്റപ്പെടുത്തുന്നതായും ഈ പരാതിയില്‍ പറയുന്നു. സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി ജോലിചെയ്യുന്നവരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടല്‍ വേണമെന്നാണ് ജീവനക്കാര്‍ ആവശ്യപ്പെടുന്നത്.
കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനീസ് നഗരം വുഹാനിലെ ആശുപത്രികളില്‍ ഇപ്പോള്‍ ഒറ്റ കൊവിഡ് രോഗികള്‍ ഇല്ലെന്ന് വ്യക്തമാക്കി ചൈന രംഗത്ത്. വുഹാനില്‍ കേസുകളൊന്നും ഇനി അവശേഷിക്കുന്നില്ലെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ പറയുന്നു. മാധ്യമങ്ങളോടായിരുന്നു അധികൃതരുടെ പ്രതികരണം.
ഏപ്രില്‍ 26 ആയപ്പോഴേക്കും വുഹാനിലെ കൊറോണ വൈറസ് രോഗികളുടെ എണ്ണം പൂജ്യത്തിലെത്തിയിരുന്നതായും ഇവര്‍ പറയുന്നു. വുഹാനിലെ ഒരു വെറ്റ് മാര്‍ക്കറ്റില്‍ നിന്നാണ് കൊറോണ ഉത്ഭവിച്ചതെന്നാണ് നിഗമനം. ഡിസംബറില്‍ പ്രത്യക്ഷപ്പെട്ട വൈറസ് അധികം വൈകാതെ തന്നെ ലോകമെമ്പാടും വ്യാപിക്കുകയായിരുന്നു.
ആഗോളതലത്തില്‍ ഏകദേശം 28 ലക്ഷം ആളുകള്‍ക്ക് രോഗം ബാധിച്ചതായും 197,872 പേര്‍ മരണമടഞ്ഞതായുമാണ് കണക്ക്. 46,452 കൊറോണ കേസുകളാണ് വുഹാനില്‍ റിപ്പോര്‍ട്ട് ചെയ്തത്. ചൈനയിലെ മൊത്തം കേസുകളുടെ 56 ശതമാനമാണിത്. 3869 മരണങ്ങളുമുണ്ടായി. ചൈനയിലെ മൊത്തം മരണങ്ങളുടെ 84 ശതമാനമാണിത്. ഇതോടെ വുഹാന്‍ ഉള്‍പ്പെടുന്ന ഹുബൈ പ്രവിശ്യ ജനുവരി അവസാനത്തോടെ പൂര്‍ണ്ണമായും അടച്ചിടുകയും ചെയ്തു.
സംസ്ഥാനത്തിന്റെ പല ഭാഗത്തും അടുത്ത ഒന്നുരണ്ടു മണിക്കൂർ ശക്തമായ മിന്നലിനു സാധ്യതയുണ്ടെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ്. ഞായർ വൈകിട്ട് 5 മുതൽ 7 വരെ ജാഗ്രത പാലിക്കണം എന്ന് അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ. ശേഖർ കുര്യാക്കോസ് വ്യക്തമാക്കി. സംസ്ഥാനത്ത് വേനൽമഴയോടനുബന്ധിച്ച് ഇടിമിന്നലോടു കൂടിയ മഴ അടുത്ത 5 ദിവസവും തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
26ന് ഇടുക്കിയിലും 27ന് കോട്ടയത്തും 28ന് പത്തനംതിട്ടയിലും 29ന് കോട്ടയത്തും 30ന് വയനാടും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ശക്തമായ മഴയാണ് പ്രവചിച്ചത്. ഏപ്രിൽ 26 മുതൽ 30 വരെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ചില നേരങ്ങളിൽ പൊടുന്നനെ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അറിയിച്ചു.കേരളത്തിൽ ഇപ്പോൾ ലഭിക്കുന്ന മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മുതൽ രാത്രി 10 വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത ഉണ്ട് (ചില സമയങ്ങളിൽ രാത്രി വൈകിയും ഇത് തുടർന്നേക്കാം). ഇത്തരം ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിച്ചേക്കാം.ഇടിമിന്നൽ: ജാഗ്രതാ നിർദേശങ്ങൾ
∙ ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.
∙ ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക.
∙ മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
∙ ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക.
∙ ജനലും വാതിലും അടച്ചിടുക.
∙ ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.
∙ ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.
∙ ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക.
∙ കഴിയുന്നത്ര ഗൃഹാന്തർഭാഗത്തെ ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കുക.
∙ ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ മരക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
∙ വീടിനു പുറത്താണെങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്.
∙ വാഹനത്തിനുള്ളിലാണെങ്കിൽ തുറസ്സായ സ്ഥലത്ത് നിർത്തി ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം.
∙ ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങുവാൻ പാടില്ല.
∙ പട്ടം പറത്താൻ പാടില്ല.
∙ തുറസായ സ്ഥലത്താണെങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല കാൽമുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
∙ ഇടിമിന്നലുള്ള സമയം പുറത്ത് അയയിൽ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങൾ എടുക്കാതിരിക്കുക.
∙ ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ് പ്രൊട്ടക്ടര്‍ ഘടിപ്പിക്കാം.
∙ വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുമ്പോള്‍ തുറസായ സ്ഥലത്തേക്ക് പോകരുത്
മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.
കോവിഡ് 19 അടക്കം സര്‍ക്കാര്‍ പ്രത്യേകം വിജ്ഞാപനം ചെയ്തിട്ടുള്ള രോഗങ്ങള്‍ മൂലം മരണപ്പെട്ടവരുടെ ശവസംസ്‌കാര ചടങ്ങ് തടസ്സപ്പെടുത്തുന്നത് ഇനി മുതല്‍ ക്രിമിനല്‍ കുറ്റം. മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിയ്ക്കും. തമിഴ്നാട് സര്‍ക്കാര്‍ ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു.
പ്രത്യേക രോഗം ബാധിച്ച് മരിച്ചവരുടെ ശവസംസ്‌കാരം തടയുന്നത് ക്രിമിനല്‍ കുറ്റമാക്കി മാറ്റുന്നതാണ് പുതിയ ഓര്‍ഡിനന്‍സ്. കുറ്റക്കാര്‍കക്കെതിരെ 1939ലെ തമിഴ്നാട് പബ്ലിക്ക് ഹെല്‍ത്ത് ആക്ടിലെ 74-ാം വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് ഓര്‍ഡിനന്‍സില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ചെന്നൈയില്‍ അടുത്തിടെ കോവിഡ് 19 ബാധിച്ച് മരിച്ച രണ്ട് ഡോക്ടര്‍മാരുടെ ശവസംസ്‌കാര ചടങ്ങ് തടസപ്പെടുത്തുകയും അക്രമാസക്തരായ ജനക്കൂട്ടം ആരോഗ്യ പ്രവര്‍ത്തകരെയും തദ്ദേശ സ്ഥാപന ജീവനക്കാരെയും ആക്രമിക്കുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ ഓര്‍ഡിനന്‍സ് ഇറക്കിയത്.
ചെന്നൈയില്‍ കോവിഡ് 19 ബാധിച്ച് മരിച്ച രണ്ട് ഡോക്ടര്‍മാരുടെയും ശവസംസ്‌കാര ചടങ്ങും അന്ത്യകര്‍മങ്ങളും നിശ്ചയിച്ചിരുന്ന സ്ഥലത്ത് നടത്താന്‍ കഴിഞ്ഞിരുന്നില്ല. അതിനു പുറമെ ഒരു ഓര്‍ത്തോപീഡിക് സര്‍ജന് സഹപ്രവര്‍ത്തകനായ ന്യൂറോ സര്‍ജന്റെ മൃതദേഹം ശ്മശാനത്തില്‍ രാത്രി രണ്ട് ആശുപത്രി ജീവനക്കാരുടെ സഹായത്തോടെ സ്വയം മറവുചെയ്യേണ്ടിയും വന്നിരുന്നു. മൃതദേഹം സംസ്‌കരിക്കാന്‍ എത്തിയവരെ ജനക്കൂട്ടം ഭയപ്പെടുത്തി ഓടിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.
സംഭവത്തില്‍ നിരവധി പേരെ അറസ്റ്റു ചെയ്തിരുന്നു. മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് തടയാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ഗുണ്ടാ ആക്ട് അടക്കമുള്ളവ ചുമത്തുമെന്ന് ഇതേത്തുടര്‍ന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഓസ്‌ട്രേലിയൻ മലയാളി മെജോ വര്‍ഗീസ് (36) ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. അങ്കമാലി നോര്‍ത്ത് കിടങ്ങൂര്‍ കുന്നപ്പിള്ളി കുടുംബാംഗമാണ് പരേതനായ മെജോ. സിഡ്‌നിയില്‍ നിന്നും മുന്നൂറ്റമ്പത് കിലോ മീറ്റര്‍ അകലെ ന്യൂ സൗത്ത് വെയില്‍സിലെ പോര്‍ട്ട് മക്വയറിലാണ് മെജോയും കുടുംബവും താമസിക്കുന്നത്.
പ്രഭാത സൈക്കിള്‍ സവാരിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു എന്നാണ് അറിയുന്നത്. എമർജൻസി പാരാമെഡിക്‌സ് എത്തുകയും തുടര്‍ന്ന് ആംബുലന്‍സില്‍ പോര്‍ട്ട് മക്വയര്‍ ബേസ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും എല്ലാവരെയും നിരാശപ്പെടുത്തി പതിനൊന്ന് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. പോര്‍ട്ട് മക്വയറിലുള്ള ഒരു നേഴ്‌സിംഗ് ഹോമില്‍ നേഴ്‌സായി ജോലി നോക്കി വരുകയായിരുന്നു പരേതനായ മെജോ. ഭാര്യ സൗമ്യാ പോര്‍ട്ട് മക്വയറിർ ഹോസ്പിറ്റലിൽ നേഴ്‌സായി ജോലി ചെയ്യുന്നു. അഞ്ചു വയസുള്ള ജോൺസ് മകനാണ്.
അയർലണ്ടിൽ നിന്നും 2013 അവസാനത്തോടെയാണ് ആണ് മെജോയും കുടുംബവും ഓസ്‌ട്രേലിയക്ക് പോയത്. അയര്‍ലണ്ടിലെ അറിയപ്പെടുന്ന ബാഡ്ടമിന്‍ടന്‍ താരമായിരുന്ന മെജോ കെ ബി സിയുടെ സജീവപ്രവര്‍ത്തകനും ആയിരുന്നു. അയര്‍ലണ്ടിലെ റാത്തോത്തിൽ താമസിച്ചിരുന്ന മെജോ ഹില്‍ ബ്രൂസ് നഴ്‌സിംഗ്‌ഹോമിലെ സ്റ്റാഫ് നഴ്‌സായിരുന്നു. മെജോയുടെ ആകസ്മിക വേര്‍പാടിന്റെ ഞെട്ടലിലാണ് ഓസ്‌ട്രേലിയൻ മലയാളികളും സുഹൃത്തുക്കളും. ശവസംസ്ക്കാരം സംബന്ധിച്ച വിവരങ്ങൾ ഒന്നും അറിവായിട്ടില്ല.