ഇന്ത്യയിൽ നിന്നെത്തുന്ന ചരക്കുവിമാനങ്ങളിൽ ഗൾഫ് നാടുകളിൽനിന്ന് പ്രവാസികളുടെ മൃതദേഹങ്ങൾ അയക്കുന്നതിനും കേന്ദ്ര സർക്കാരിന്റെ വിലക്ക്.
അടിയന്തരാവശ്യങ്ങളുള്ള പ്രവാസികൾക്കുവേണ്ടി പ്രത്യേക വിമാനങ്ങൾ ഏർപ്പെടുത്തണമെന്ന മുറവിളി ശക്തമാകുന്നതിനിടയിലാണ് മൃതദേഹങ്ങൾക്കും വിലക്ക് ഏർപ്പെടുത്തിയത്. കഴിഞ്ഞദിവസം ദുബായിൽ നിന്ന് എമിറേറ്റ്‌സ് വിമാനത്തിൽ ചെന്നൈയിലേക്കയച്ച രണ്ട് മൃതദേഹങ്ങൾ വീട്ടുകാർക്ക് വിട്ടുകൊടുക്കാനായിട്ടില്ല. മൃതദേഹങ്ങൾ ചെെന്നെ വിമാനത്താവളത്തിലെ കാർഗോ വിഭാഗത്തിൽ കിടക്കുകയാണ്. ഇറക്കിയ വിമാനം ദുബായിൽ തിരിച്ചെത്തി.
റാസൽഖൈമയിൽ മരിച്ച പ്രവാസിയുടെ മൃതദേഹം തിരുവനന്തപുരത്തേക്ക് അയക്കാനായി എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി ദുബായ് വിമാനത്താവളത്തിൽ എത്തിച്ചപ്പോഴാണ് പുതിയ വിലക്കിനെക്കുറിച്ച് അറിയുന്നത്. കുവൈത്തിൽ മരിച്ച മാവേലിക്കര സ്വദേശി വർഗീസ് ജോർജ്, കോഴിക്കോട് മണിയൂർ സ്വദേശി വിനോദ് എന്നിവരുടെ മൃതദേഹങ്ങൾ കുവൈത്ത് വിമാനത്താവളത്തിൽ എത്തിച്ചപ്പോഴും ഇത് ആവർത്തിച്ചു. മൃതദേഹങ്ങൾ കയറ്റാൻ പാടില്ലെന്ന നിർദേശമുണ്ടെന്നാണ് വിമാനക്കമ്പനി അധികൃതർ പറഞ്ഞത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി ഇതിന് ആവശ്യമാണെന്നാണ് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ എല്ലാ വിമാനത്താവളങ്ങളിലേക്കും വാക്കാൽ നിർദേശം നൽകിയിരിക്കുന്നത്. എന്നാൽ ഈ നടപടി താത്‌കാലികമാണെന്നും മൃതദേഹങ്ങൾ കൊണ്ടുവരുന്നത് സംബന്ധിച്ച മാർഗരേഖ തയ്യാറാക്കുന്നതിനായുള്ള നടപടിക്രമത്തിന്റെ ഭാഗമായാണ് വിലക്കെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ പറയുന്നു.
ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര വിമാന സർവീസുകളെല്ലാം നിശ്ചലമായതോടെയാണ് ഗൾഫ് നാടുകളിൽ മരിക്കുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കാനുള്ള വഴികളെല്ലാം അടഞ്ഞത്. പല മൃതദേഹങ്ങളും ഉറ്റവർക്ക് അവസാനമായൊന്ന് കാണാൻപോലും അവസരം ലഭിക്കാതെ ഗൾഫ് മണ്ണിൽ സംസ്കരിക്കുകയായിരുന്നു. അതിനിടെയാണ് ചെറിയൊരു ആശ്വാസമായി ഇന്ത്യയിൽനിന്ന് എത്തുന്ന ചരക്കുവിമാനങ്ങൾ തിരിച്ചുപോകുമ്പോൾ മൃതദേഹങ്ങളും കയറ്റിയയക്കാൻ അനുമതിയായത്. അതനുസരിച്ച് നിത്യവും രണ്ടും മൂന്നും മൃതദേഹങ്ങൾ ഇന്ത്യയിലെ പല നഗരങ്ങളിലേക്കും കൊണ്ടുപോകാനായി. പൂർണമായും അണുവിമുക്തമാണെന്ന സർട്ടിഫിക്കറ്റുമായാണ് ഗൾഫ് നാടുകളിൽനിന്നുള്ള മൃതദേഹങ്ങൾ നാട്ടിലേക്ക് അയച്ചുകൊണ്ടിരുന്നത്.
പുകവലിക്കാരെ കൊറോണ വൈറസ് പെട്ടെന്നു പിടികൂടുമെന്ന ധാരണ തിരുത്തുകയാണ് ഫ്രാന്‍സിലെ ചില പഠനങ്ങള്‍. എന്നാല്‍, വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട വൈറസ് ബാധ പുകവലിക്കാരെ എളുപ്പത്തില്‍ കീഴടക്കുമെന്നായിരുന്ന ചില ചൈനീസ് പഠനങ്ങളുടെ നിഗമനം.
പുകയിലയില്‍ അടങ്ങിയിരിക്കുന്ന നിക്കോട്ടിന് കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ സാധിക്കുമെന്നാണ് ഇപ്പോള്‍ ഗവേഷകരുടെ അനുമാനം. ഫ്രാന്‍സിലെ ഒരു സംഘം വിദഗ്ധരാണ് ഈ സാധ്യതയെക്കുറിച്ച് പഠനം നടത്തുന്നത്.
പാരിസിലെ പ്രമുഖ ആശുപത്രിയിലെത്തിയ 343 കോവിഡ്-19 രോഗികളില്‍ നടത്തിയ നിരീക്ഷണത്തെ തുടര്‍ന്നാണ് നിക്കോട്ടിന് വൈറസിനെ പ്രതിരോധിക്കാന്‍ സാധിക്കുമെന്ന നിഗമനത്തില്‍ വിദഗ്ധര്‍ എത്തിച്ചേര്‍ന്നത്. കുറഞ്ഞ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരേയും നിരീക്ഷിച്ചിരുന്നു. രാജ്യത്തെ 35 ശതമാനത്തോളം ജനങ്ങള്‍ക്ക് പുകവലി ശീലമുണ്ട്. എന്നാല്‍ രോഗികളില്‍ പുകവലിക്കാര്‍ കുറവായതാണ് ഗവേഷകരെ നിക്കോട്ടിന്റെ പ്രതിരോധശേഷിയെ കുറിച്ചുള്ള പഠനത്തിലേക്ക് നയിച്ചത്.
രോഗികളില്‍ അഞ്ച് ശതമാനത്തോളം മാത്രമായിരുന്നു പുകവലിക്കാരെന്നും ബാക്കി 95 ശതമാനം പുകവലിക്കാത്തവരില്‍ വൈറസ് ബാധയുണ്ടായതുമാണ് ഇക്കാര്യത്തെ കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. സഹീര്‍ അമോറ പറഞ്ഞു. ഇന്റേണല്‍ മെഡിസിന്‍ വിഭാഗത്തിലെ അധ്യാപകനാണ് ഇദ്ദേഹം. കോശസ്തരത്തില്‍ പറ്റിപ്പിടിക്കുന്ന നിക്കോട്ടിന്‍ കോശങ്ങളിലേക്കുള്ള വൈറസ് പ്രവേശനവും അതു വഴി ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള വൈറസ് വ്യാപനവും തടയുമെന്നു പാസ്ചര്‍ ഇന്‍സ്റ്റിട്യൂട്ടിലെ ന്യൂറോ ബയോളജിസ്റ്റായ ജീന്‍ പിയര്‍ ഷാങ്ക്‌സ് വിശദമാക്കി. ഇദ്ദേഹവും പഠനത്തില്‍ പങ്കാളിയായിരുന്നു.
കൂടുതല്‍ പഠനങ്ങള്‍ക്കായി ആരോഗ്യപ്രവര്‍ത്തകരില്‍ നിക്കോട്ടിന്‍ പരീക്ഷണത്തിനൊരുങ്ങുകയാണ് ഗവേഷകര്‍. ഈ പഠനം വിജയിച്ചാല്‍ കൂടുതല്‍ ഗവേഷണം നടത്തുമെന്നും ഇതിനായുള്ള അനുമതി കാത്തിരിക്കുകയാണെന്നും ഇവര്‍ വ്യക്തമാക്കി. എന്നാല്‍ നിക്കോട്ടിന്റെ ഉപയോഗം ഉളവാക്കുന്ന ദൂഷ്യഫലങ്ങളെ കുറിച്ച് ബോധവാന്മാരിയിരിക്കണമെന്നും അതിനാല്‍ ഇതിന്റെ ഉപയോഗം വര്‍ധിപ്പിച്ച് വൈറസിനെ പ്രതിരോധിക്കാന്‍ ശ്രമിക്കരുതെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
>ചൈനയില്‍ ആയിരം കോവിഡ് രോഗികളില്‍ പുകവലിക്കുന്നവര്‍ 12.6 ശതമാനം മാത്രമാണ് ഉള്‍പ്പെട്ടിരുന്നതെന്ന് ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിന്‍ മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് ചൈനയുടെ ജനസംഖ്യയുടെ 26 ശതമാനത്തോളം പേര്‍ സ്ഥിരം പുകവലിക്കാരാണ്. വൈറസ് ബാധിതരില്‍ കുറവ് ശതമാനം മാത്രം പുകവലിക്കാര്‍ ഉള്‍പ്പെട്ടത് പഠനറിപ്പോര്‍ട്ട് എടുത്തു പറഞ്ഞിരുന്നു.
കോവിഡ് വ്യാപനം ലോകത്തിന്റെ സർവ്വകോണുകളിലും എത്തിയതോടെ പലവിധ ദുരിതത്തിലാണ് ജനങ്ങളെല്ലാം. സ്വന്തം രാജ്യത്തേക്ക് പോലും പോകാൻ കഴിയാതെ കോവിഡ് ഭയത്തിൽ വിദേശ രാജ്യങ്ങളിൽ കുടുങ്ങിയവും നരിവധിയാണ്.
ഗൾഫ് രാജ്യങ്ങളിൽ ഇതേ പൊലെ ലക്ഷക്കണക്കിന് മലയാളികൾ ആണുള്ളത്. ഇതിൽ ഗർഭിണികളും കുട്ടികളും എല്ലാം ഉൾപ്പെടും. ഇപ്പോഴിതാ കോഴിക്കോട് സ്വദേശിനിയായ ഗർഭിണിയായ ആതിര എന്ന യുവതി നാട്ടിലെത്താൻ വേണ്ടി കേന്ദ്ര ഗവൺമെന്റിന്റേയും അടിയന്തിര നടപടികൾക്കായി ഇൻകാസ് യൂത്ത് വിങ് എന്റെ പേരിൽ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുകയാണ്.
ദുബായിലെ സ്വകാര്യകമ്പനിയിൽ ജോലി ചെയ്യുന്ന ആതിരയുടെ വാക്കുകൾ ഇങ്ങനെ ഞാൻ 7 മാസം ഗർഭിണിയാണ്. നാട്ടിലേക്ക് യാത്ര ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു. കോവിഡ് കാലത്ത് വിമാന സർവീസുകൾ നിലച്ചതും യാത്രാനുമതി നിഷേധിച്ചതും മൂലം ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. മാതാപിതാക്കളെ ഇവിടേക്ക് എത്തിക്കാൻ നിർവാഹമില്ല. എന്നെപ്പോലെ നിരവധി ഗർഭിണികൾ നാട്ടിലേക്ക് വരാനുള്ള കാത്തിരിപ്പിലാണ്.
കേന്ദ്ര ഗവൺമെന്റിന്റേയും അടിയന്തിര നടപടികൾക്കായി ഇൻകാസ് യൂത്ത് വിങ് എന്റെ പേരിൽ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തിട്ടുണ്ട്. എത്രയും പെട്ടെന്ന് പരിഹാരം കാണുമെന്നാണ് പ്രതീക്ഷ. ദുബായിലെ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന കോഴിക്കോട് മുയിപ്പോത്ത് സ്വദേശിനി ആതിര ഗീതാ ശ്രീധരന്റേതാണ് ഈ വാക്കുകൾ.
ലോക് ഡൗൺ അതിരുകൾ കൊട്ടിയടച്ചതോടെ നാട്ടിലേക്ക് പോകാൻ പോലുമാകാതെ അന്യനാട്ടിൽ കുടുങ്ങിയപ്പോയ ആയിരക്കണക്കിന് ഹതഭാഗ്യരിൽ ഒരാൾ. സാധാരണ തൊഴിലാളികൾ തൊട്ട് സന്ദർശക വിസയിൽ വരെയെത്തിയ നിരവധി പേരാണ് ഗൾഫ് നാടുകളിൽ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. അക്കൂട്ടത്തിൽ ഗർഭിണികളുടെ അവസ്ഥയാണ് വേദനിപ്പിക്കുന്നത്.
പ്രിയപ്പെട്ടവരുടെ സാന്ത്വനം പോലും നിഷേധിക്കപ്പെട്ട് അന്യനാട്ടിൽ അവർ വേദനയോടെ കഴിച്ചുകൂട്ടുന്നു. ഭർത്താവ് നിതിൻചന്ദ്രനൊപ്പം ദുബായിൽ താമസിക്കുന്ന ആതിരയാകട്ടെ ജൂലായ് ആദ്യ വാരം കുഞ്ഞിന് ജന്മം നൽകാനിരിക്കയാണ്. ഈ സാഹചര്യത്തിലാണ് തന്നെപ്പോലെ വേദന അനുഭവിക്കുന്ന ഗർഭിണികൾക്കു കൂടി വേണ്ടി ഹർജി ഫയൽ ചെയ്തത്. ഏഴ് മാസം കഴിഞ്ഞാൽ വിമാന യാത്ര അനുവദനീയമല്ലാത്തതിനാൽ തന്നെപ്പോലുള്ള ഗർഭിണികളെ എത്രയും പെട്ടെന്ന് ഇന്ത്യയിലെത്തിക്കണമെന്നാണ് അപേക്ഷ.
ദുബായിലെ കെട്ടിട നിർമാണ കമ്പനിയിലെ ഉദ്യോഗസ്ഥനായ നിതിൻ ഇക്കാര്യത്തിൽ തീർത്തും നിസഹായനാണ്. ഇവിടെ പ്രസവം നടത്താൻ വൻതുക ചെലവാകും എന്നതിനാലാണ് ഭാര്യയെ നാട്ടിലേക്ക് അയക്കാൻ നിർബന്ധിതനാകുന്നത്.
മാത്രമല്ല ആദ്യ പ്രസവമായതിനാൽ തന്നെ ബന്ധുക്കളുടെ പരിചരണവും ആഗ്രഹിക്കുന്നുണ്ട്. കേന്ദ്ര ഗവൺമെന്റും സിവിൽ വ്യോമയാന വകുപ്പും ഈ കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. മേയ് മൂന്നിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളാനാകൂ.
ഈ സാഹചര്യത്തിലാണ് സന്നദ്ധ സംഘടനയായ ഇൻകാസിന്റെ യൂത്ത് വിങ് ആതിരയുടെ പേരിൽ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തത്
അതിശക്തമായ കൊടുങ്കാറ്റിലും അലിപ്പഴവീഴ്ചയിലും തകര്‍ന്നത് 5500ല്‍ അധികം വീടുകള്‍ ത്രിപുരയിലാണ് ആയിരക്കണക്കിന് പേര്‍ ഭവനരഹിതരായത്. ദുരിതബാധിത മേഖല മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് അധികൃതരോടൊപ്പം വ്യാഴാഴ്ച സന്ദര്‍ശിച്ചു.
ത്രിപുരയിലെ സെപഹജല, ത്രിപുര, ഖൊവായ് എന്നീ ജില്ലകളിലാണ് ചൊവ്വാഴ്ച കൊടുങ്കാറ്റും ആലിപ്പഴ വര്‍ഷവുമുണ്ടായത്. സെപഹജല ജില്ലയിലാണ് ഏറ്റവും ദുരന്തം നേരിട്ടത്. ജില്ലയില്‍ പന്ത്രണ്ടോളം ദുരിതാശ്വാസക്യാമ്പുകള്‍ തുറന്നിട്ടുണ്ടെന്ന് അധിതര്‍ അറിയിച്ചു.
മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് അധികൃതരോടൊപ്പം വ്യാഴാഴ്ച ദുരിതബാധിത മേഖല സന്ദര്‍ശിച്ചു. 5000 ത്തോളം വീടുകള്‍ തകര്‍ന്നതായും 4,200 പേര്‍ ഭവനരഹിതരായതായും മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസിദ്ധീകരിച്ച വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ജനങ്ങളോട് നേരിട്ട് സംസാരിച്ച് കാര്യങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊറോണയ്‌ക്കെതിരെയുള്ള കടുത്ത പോരാട്ടത്തിലാണ് സര്‍ക്കാരെങ്കിലും കൊടുങ്കാറ്റിനെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവര്‍ക്ക് ആവശ്യമായ എല്ലാവിധ സഹായവും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവുമെന്നും ബിപ്ലബ് കുമാര്‍ ദേബ് വ്യക്തമാക്കി.
സെപഹജല ജില്ലയില്‍ 1,170 ഓളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. അടിയന്തരസഹായമായി അയ്യായിരം രൂപ വീതം ഓരോ കുടുംബത്തിനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും കൈമാറിയിട്ടുണ്ട്.
ലോക്ഡൗണ്‍ കാരണം മരണപ്പെട്ട വീട്ടുജോലിക്കാരിയുടെ മൃതദേഹം സ്വദേശത്ത് കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. മരണാനന്തരം കര്‍മങ്ങള്‍ ചെയ്തത് മുന്‍ ക്രിക്കറ്റ് താരവും എംപിയുമായ ഗൗതം ഗംഭീര്‍. അസുഖംഭാദിച്ച് വീട്ടില്‍ ജോലിയിലുണ്ടായിരുന്ന സ്ത്രീ മരിക്കുകയായിരുന്നു. ജന്മനാടായ ഒഡീഷയിലേക്ക് കൊണ്ടുപോകാന്‍ കഴിഞ്ഞില്ല.
കഴിഞ്ഞ ആറുവര്‍ഷമായി ഗൗതം ഗംഭീറിന്റെ വീട്ടില്‍ ജോലിക്ക് നിന്നിരുന്ന സ്ത്രീയാണ് മരിച്ചത്. ഒരു കുടുംബാംഗത്തെ പോലെയായിരുന്നുവെന്ന് ഗൗതം ഗംഭീര്‍ പറയുന്നു. സരസ്വതി പത്രയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കൊണ്ട് ഗൗതം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
എന്റെ കുഞ്ഞിനെ പരിപാലിക്കുന്നത് ഒരിക്കലും വീട്ട് ജോലിയല്ല. അവര്‍ ഞങ്ങളുടെ കുടുംബത്തിലെ ഒരംഗമായിരുന്നു. അവരുടെ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിക്കുക എന്നത് എന്റെ കടമയാണെന്നും ഗൗതം ഗംഭീര്‍ പറയുന്നു. ജാതിയിലോ മതത്തിലോ വിശ്വാസത്തിലോ പദവിയിലോ ഒന്നുമല്ല ഒരാളുടെ മഹത്വമിരിക്കുന്നത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതാണ് മെച്ചപ്പെട്ട സമൂഹം സൃഷ്ടിക്കാനുള്ള ഏക മാര്‍ഗം. അതാണ് ഇന്ത്യയെക്കുറിച്ചുള്ള എന്റെ ആശയം, ഓം ശാന്തി.. ഗംഭീര്‍ കുറിച്ചു.
Taking care of my little one can never be domestic help. She was family. Performing her last rites was my duty. Always believed in dignity irrespective of caste, creed, religion or social status. Only way to create a better society. That’s my idea of India! Om Shanti pic.twitter.com/ZRVCO6jJMd
— Gautam Gambhir (@GautamGambhir) April 23, 2020
ഓസ്‌ട്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പിന്റെ നടത്തിപ്പിനെ സംബന്ധിച്ച് കൂടുതല്‍ സാധ്യതകള്‍ മുന്നോട്ട് വെച്ച് ഐസിസി യോഗം. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മത്സരങ്ങള്‍ നടത്താന്‍ മൂന്ന് സാധ്യതകളാണ് ഐസിസി ചീഫ് എക്‌സിക്യൂട്ടീവ് യോഗം മുന്നോട്ട് വെച്ചത്. ഒന്ന് ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15വരെ നിശ്ചയിച്ച തീയതികളില്‍ തന്നെ ലോകകപ്പ് നടത്തുക, ഏതെങ്കിലും സാഹചര്യത്തില്‍ ലോകകപ്പ് നീട്ടിവെക്കേണ്ടിവന്നാല്‍ അടുത്തവര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി ലോകകപ്പ് നടത്തുക, മൂന്നാമത്തെതായി ലോകകപ്പ് 2022ലേക്ക് മാറ്റിവെക്കുക എന്നതാണ്.
ഐസിസിയിലെ 12 പൂര്‍ണ അംഗങ്ങളും മൂന്ന് അസോസിയേറ്റ് അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു. ഇവരില്‍ ഭൂരിഭാഗവും ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ ലോകകപ്പ് നടത്തുന്നതിനെ അനുകൂലിച്ചു. ലോകകപ്പ് നീട്ടിവെച്ചാല്‍ ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഐപിഎല്‍ നടത്താന്‍ ബിസിസിഐക്ക് വഴിയൊരുങ്ങും. മാര്‍ച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎല്‍ കൊവിഡ് മഹാമാരിയെത്തുടര്‍ന്ന് അനിശ്ചിതകാലത്തേക്ക് റദ്ദാക്കുകയായിരുന്നു. ലോകകപ്പിന് മുമ്പ് ഐപിഎല്‍ നടത്തുന്നത് കളിക്കാര്‍ക്ക് മത്സര പരിചയം ഉറപ്പുവരുത്തുമെന്നാണ് ബിസിസിഐ നിലപാട്. അതേസമയം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് പ്രധാന്യം കൊടുക്കണമെന്നും കൊവിഡ് മൂലം മാറ്റിവെച്ച പരമ്പരകളിലെ പോയന്റുകള്‍ പങ്കിടരുതെന്നും ബിസിസിഐ യോഗത്തില്‍ ആവശ്യപ്പെട്ടു.
രണ്ട് സന്യാസിമാരെയും അവരുടെ ഡ്രൈവറെയും മഹാരാരാഷ്ട്രയിലെ പാൽഘറിൽ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി സംഭവത്തിലെ രണ്ട് പ്രതികൾ ബിജെപി പ്രാദേശിക ഭാരവാഹികളാണെന്ന് കോൺഗ്രസ്. ബിജെപി അവരെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
കേസിലെ 61, 65ാം പ്രതികളായ ഈശ്വർ നികുലെ, ബാഹു സത്വേ എന്നിവരാണ് ബിജെപി ഭാരവാഹികളെന്ന് സംസ്ഥാന കോൺഗ്രസ് വക്താവ് സച്ചിൻ സാവന്ത് ആരോപിച്ചു. ദഹാനു മണ്ഡൽ ബിജെപിയുടെ ഫേസ്ബുക്ക് പേജിൽ ഈശ്വർ നികുലെയെ ബിജെപി ഭാരവാഹിയായി വിശേഷിപ്പിച്ചത് കാണാം.
ബാഹു സത്വേ ബൂത്ത് തലത്തിലുള്ള ഭാരവാഹിയാണെന്നും സച്ചിൻ സാവന്ത് പറഞ്ഞു.
നിരവധി ചിത്രങ്ങളിലൊന്നിൽ ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭരണ നേട്ടങ്ങൾ പ്രചരിപ്പിക്കാൻ ബിജെ.പി സംഘടിപ്പിച്ച യോഗത്തിൽ നികുലെ പങ്കെടുത്തത് കാണാമെന്നും സച്ചിൻ സാവന്ത് പറഞ്ഞു.
പ്രദേശത്തെ സർപഞ്ചിനെയും ഈ യോഗത്തിൽ കാണാമെന്നും ബിജെപിയാണ് കഴിഞ്ഞ പത്ത് വർഷമായി ഈ ഗ്രാമപഞ്ചായത്ത് ഭരിക്കുന്നതെന്നും സച്ചിൻ സാവന്ത് പറഞ്ഞു. സംസ്ഥാനം ഭരിക്കുന്ന മഹാ വികാസ് അഘാഡി സർക്കാർ സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ ആളുകളെയും നിയമത്തിന് മുമ്പിൽ കൊണ്ടു വരും.തന്നെ അത്ഭുതപ്പെടുത്തുന്നത് ബിജെപി ഈ പ്രതികൾക്കെതിരെ നടപടി സ്വീകരിക്കാത്തതാണെന്നും സച്ചിൻ സാവന്ത് പറഞ്ഞു.
ദുബായില്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ജീവനക്കാരനായ തൃശ്ശൂര്‍ ഏങ്ങണ്ടിയൂര്‍ ചേറ്റുവ സ്വദേശി കുറുപ്പത്ത് കുഞ്ഞിമുഹമ്മദ് ഹാജിയുടെ മകന്‍ ഷംസുദ്ധീന്‍ (65) ആണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്.ഇന്ന് പുലര്‍ച്ചെ ദുബായ് ക്വിസൈസ് അസ്റ്റര്‍ മെഡിസിറ്റിയില്‍ വെച്ചായിരുന്നു അന്ത്യം. കൊവിഡ് ലക്ഷണങ്ങളോടെ ഒരാഴ്ചയായി ചികിത്സയിലായിരുന്നു ഇയാള്‍.
ദുബായ് പോലീസിലെ മെക്കാനിക്കല്‍ മെയിന്റനന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ കഴിഞ്ഞ 48 വര്‍ഷമായി ജോലി ചെയ്യുകയായിരുന്നു. വിരമിക്കാനിരിക്കെയാണ് കൊറോണ വൈറസ് പിടിപെട്ടത്.
കൊവിഡ് 19 വൈറസ് ബാധമൂലം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരിച്ച കുഞ്ഞിനെ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നുവെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. കുട്ടിയുടെ മരണം സ്ഥിരീകരിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തുമ്പോള്‍ തന്നെ കുഞ്ഞിന്റെ നില അതീവ ഗുരുതരമായിരുന്നു. കുഞ്ഞിന് ശ്വാസ തടസം അനുഭവപ്പെട്ടതിനാല്‍ കൊവിഡ് സ്പെഷ്യല്‍ വാര്‍ഡിലേക്ക് മാറ്റുകയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുകയുമായിരുന്നുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു
ആദ്യ പരിശോധനാഫലം പോസിറ്റീവാണ്. രണ്ടാമത് പരിശോധിക്കുന്നതിന് മുമ്പ് തന്നെ കുട്ടി മരണത്തിന് കീഴടങ്ങി. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ പരമാവധി കിണഞ്ഞു പരിശ്രമിച്ചിരുന്നു. എന്നാല്‍ ഹൃദയവാല്‍വിന് ഉള്‍പ്പെടെ നിരവധി വൈകല്യങ്ങളുള്ള കുട്ടിയായതിനാല്‍ രക്ഷപ്പെടുത്താന്‍ പ്രയാസമായിരുന്നു. നമ്മുടെ കഴിവിന്റെ അപ്പുറത്തായിരുന്നു കുട്ടിയുടെ ആരോഗ്യനില എന്നുമാണ് ആരോഗ്യമന്ത്രി പറഞ്ഞത്. കുഞ്ഞിന്റെ മൃതദേഹം കൊറോണ പ്രോട്ടോക്കോള്‍ പ്രകാരമായിരിക്കും സംസ്‌കരിക്കുകയെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
അതേസമയം കുഞ്ഞിന് എങ്ങനെയാണ് വൈറസ് ബാധ ഉണ്ടായതെന്നത് പരിശോധിച്ചുവരികയാണ്. കുഞ്ഞിന്റെ മാതാപിതാക്കള്‍ക്കോ ബന്ധുക്കള്‍ക്കൊ കൊറോണ വൈറസ് ബാധയില്ല.
ഇടുക്കിയിയില്‍ നാലുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 14 ആയി. ഏലപ്പാറ-2, മണിയാറന്‍കുടി-1, പുഷ്പകണ്ടം-1 എന്നിങ്ങനെയാണ് പുതുതായി രോഗം ബാധിച്ചവര്‍. അതേ സമയം ജില്ലയിലെ നിലവിലുള്ള ഇളവുകള്‍ക്ക് മാറ്റമില്ലെന്ന് കളക്ടര്‍. അസുഖം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. ഒരാള്‍ക്ക് മകനില്‍ നിന്നാണ് രോഗം പടര്‍ന്നത്.
പുതിയ രോഗികളെല്ലാവരും വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. ഇവരെ ഇന്നലെ രാത്രി ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായും ഇടുക്കി കളക്ടര്‍ എച്ച്. ദിനേശന്‍ അറിയിച്ചു. എലപ്പാറയില്‍ 62 കാരിയായ അമ്മയ്ക്കും 35 കാരനായ മകനുമാണ് രോഗം ബാധിച്ചത്. മൈസൂരില്‍ നിന്ന് ബൈക്കില്‍ മാര്‍ച്ച് 25ന് ആണ് മകന്‍ വീട്ടിലെത്തിയത്. പിന്നീട് ക്വാറന്റൈനിലായിരുന്നു.
മകനില്‍ നിന്നാണ് അമ്മയ്ക്ക് രോഗം പകര്‍ന്നത്. 65 കാരനായ അച്ഛനും യുവാവിന്റെ ഭാര്യയും 9 മാസം പ്രായമായ കുട്ടിയുമാണ് വീട്ടിലുള്ളത്. ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ല. നെടുങ്കണ്ടം പുഷ്പകണ്ടത്ത് 30 കാരിക്ക് ചെന്നൈയില്‍ നിന്നാണ് രോഗം പിടിപെട്ടതെന്ന് സംശയിക്കുന്നു. പഠന ആവശ്യത്തിന് ചെന്നൈയില്‍ പോയിട്ട് മാര്‍ച്ച് 18ന് വീട്ടിലെത്തിയ ഇവര്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു.
മണിയാറന്‍കുടി സ്വദേശിയായ 35കാരന്‍ പൊള്ളാച്ചിയില്‍ നിന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ലോറിയില്‍ അങ്കമാലിയിലെത്തി അവിടെ നിന്ന് ഓട്ടോറിക്ഷയില്‍ വരുമ്പോള്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ പിന്നീട് ക്വാറന്റൈനിലാക്കി. നാല് പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് കളക്ടര്‍ പറഞ്ഞു. ജില്ലയില്‍ മുമ്പ് രോഗം സ്ഥിരീകരിച്ച 10 പേരും ഈ മാസം പാതിയോടെ ആശുപത്രി വിട്ടിരുന്നു. ബുധനാഴ്ച രോഗം സ്ഥിരീകരിച്ച പാലാ സ്വദേശി കോട്ടയത്തിന്റെ കണക്കിലാണ് വരിക.
ഏലപ്പാറയില്‍ രോഗം സ്ഥിരീകരിച്ച യുവാവിന്റെയും അവസ്ഥ. 29-ാമത്തെ ദിവസമാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. 27-ാമത്തെ ദിവസമാണ് സ്രവമെടുത്തത്. ഇത്തരത്തില്‍ ഏറെ വൈകി ലക്ഷണങ്ങള്‍ കാണിക്കുന്നത് ആരോഗ്യവകുപ്പിനേയും ഭയപ്പാടിലാക്കുകയാണ്. സാധാരണയായി 5-14 ദിവസം വരെയാണ് അസുഖം ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങുന്ന സമയമെങ്കിലും ഇത്രയധികം വൈകുന്നത് ജില്ലാ ഭരണകൂടത്തേയും ആശങ്കയിലാക്കുകയാണ്.