കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ നീട്ടിവെച്ച ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് സെപ്റ്റംബർ അവസാനം ആരംഭിക്കാൻ ബിസിസിഐ പദ്ധതിയിട്ടതായി സൂചന. കഴിഞ്ഞ ദിവസം മുംബൈ മിററാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് മാറ്റുന്ന മുറയ്ക്ക് സെപ്റ്റംബർ 26 നും നവംബർ 8 നും ഇടയിൽ ഐപിഎൽ നടത്താൻ സാധ്യതയുണ്ടെന്നാണ് അവർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ക്രിക്കറ്റ് പ്രേമികൾക്ക് വലിയ ആവേശംസമ്മാനിക്കുന്ന വാർത്തയാണിത്.

അതേ സമയം ഐപിഎൽ ഈ സമയത്ത് നടക്കുകയാണെങ്കിൽ ചെന്നൈയും, ബാംഗ്ലൂരുമായിരിക്കും ടൂർണമെന്റിന്റെ വേദികളെന്നാണ് സൂചന. കോവിഡ് രോഗം വലിയ രീതിയിൽ ബാധിച്ച മുംബൈയിൽ മത്സരങ്ങൾ നടന്നേക്കില്ലെന്നാണ് പറഞ്ഞുകേൾക്കുന്നത്. തമിഴ്നാടിലേക്കും, കർണാടകയിലേക്കും മാത്രമായി ഐപിഎൽ ചുരുക്കിയാൽ തമിഴ്നാട് പ്രീമിയർ ലീഗിന്റേയും, കർണാടക പ്രീമിയർ ലീഗിന്റേയും വേദികളിൽ മത്സരങ്ങൾ നടത്താമെന്നുള്ള ആലോചനകളും സംഘാടകർക്കുണ്ടെന്ന് മുംബൈ മിററിന്റെ റിപ്പോർട്ടിൽ പറയുന്നു‌.