Latest News

യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകളില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് ലീഡ് ചെയ്യുന്ന കാഴ്ചയാണ് അമേരിക്കയില്‍നിന്ന് വന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇത് അവസാനഫലത്തിന്റെ കൃത്യമായ സൂചന ആയിക്കൊള്ളണമെന്നില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. കാരണം പരമ്പരാഗതമായി ഏത് പാര്‍ട്ടിക്കൊപ്പമാണോ സംസ്ഥാനങ്ങള്‍ നിലകൊള്ളുന്നത് ആ സ്ഥിതി തന്നെ തുടരുന്നുവെന്നാണ് പ്രാഥമികഫലം തരുന്ന സൂചന. അതുകൊണ്ട് തന്നെ സ്വിങ് സ്റ്റേറ്റസ് തന്നെയാകും ഇക്കുറിയും വിജയിയെ തീരുമാനിക്കുക.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് മേധാവിത്വമുള്ള ഫ്‌ളോറിഡ, ടെക്‌സസ്‌, ഇന്ത്യാന, കെന്റക്കി സംസ്ഥാനങ്ങള്‍ ട്രംപിനൊപ്പമാണ്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കോട്ടയായ വെര്‍മോണ്ട്, വാഷിങ്ടണ്‍, കലിഫോര്‍ണിയ സംസ്ഥാനങ്ങള്‍ കമലയ്ക്കുമൊപ്പമാണ്. തുടര്‍ച്ചയായ മൂന്നാം തിരഞ്ഞെടുപ്പിലും ടെക്‌സസിലെ നാല്‍പ്പത് ഇലക്ടറല്‍ കോളേജ് വോട്ടുകളും ട്രംപ് ഉറപ്പാക്കികഴിഞ്ഞു. ഒഹിയോയിലെ 17 വോട്ടുകളും ട്രംപിന് അനുകൂലമാകും. അതേസമയം ന്യൂയോര്‍ക്കിലെ 28 ഇലക്ടറല്‍ കോളേജ് വോട്ടുകളും കമലയ്ക്കാണ് ലഭിച്ചത്. റിപ്പബ്ലിക്കന്‍സിന്റെ കോട്ടയായ ഫ്ളോറിഡയിലും ട്രംപ് തുടക്കം മുതല്‍ മുന്നേറുന്ന കാഴ്ചയാണ്.

ഇത്തവണയും നിര്‍ണായകമാകുക സ്വിങ് സ്റ്റേറ്റ്‌സ് എന്ന് അറിയപ്പെടുന്ന ചാഞ്ചാട്ടം പ്രകടിപ്പിക്കുന്ന ഏഴ് സംസ്ഥാനങ്ങളിലെ (പെന്‍സില്‍വാനിയ, അരിസോണ, ജോര്‍ജിയ, മിഷിഗണ്‍, നെവാദ, നോര്‍ത്ത് കരോലിന, വിസ്‌കോന്‍സിന്‍) വോട്ടുകളായിരിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നോര്‍ത്ത് കരോലിന ഒഴികെ ആറ് സംസ്ഥാനങ്ങളും ജോ ബൈഡനൊപ്പമാണ് നിലയുറപ്പിച്ചത്. ഇത്തവണ പെന്‍സില്‍വാനിയയില്‍ ട്രംപ് മുന്‍തൂക്കം നേടിയിട്ടുണ്ട്. 19 ഇലക്ടറല്‍ വോട്ടുകളുണ്ട് പെന്‍സില്‍വാനിയയില്‍. ജോര്‍ജിയയിലും ട്രംപിനാണ് ലീഡ്. ഇവിടെ 66 ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ ജോര്‍ജിയ ട്രംപിനൊപ്പം നില്‍ക്കുന്ന കാഴ്ചയാണുള്ളത്. 16 വോട്ടുകളുള്ള ജോര്‍ജിയ പിടിക്കാനായാല്‍ അത് റിപ്പബ്ലിക്കന്‍സിന് ഏറെ നിര്‍ണായകമാകും. 11 ഇലക്ടറല്‍ വോട്ടുകളുള്ള അരിസോണയിലും 15 ഇലക്ടറല്‍ വോട്ടുകളുള്ള മിഷിഗണിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നതെങ്കിലും നേരിയ മുന്‍തൂക്കം ട്രംപിനുണ്ട്. ഈ സ്വിങ് സ്റ്റേറ്റുകളിലെ സൂചനകള്‍ ഇതേ നില തുടര്‍ന്നാല്‍ ട്രംപിന് തിരിച്ചുവരവിനുള്ള സാധ്യതകള്‍ തെളിയും.

അതേസമയം ഇല്ലിനോയിയിലെ 19 ഇലക്ടറല്‍ കോളേജ് വോട്ടുകളും കമലയ്ക്കാണ്. ന്യൂജേഴ്‌സിയിലെ 14 വോട്ടുകളും കമലയ്ക്ക് ലഭിച്ചു.

കോണ്‍ഗ്രസ് നേതാക്കളുടെ മുറിയില്‍ പരിശോധിച്ചിട്ട് എത്ര ചാക്ക് കള്ളപ്പണം കിട്ടിയെന്ന് പരിഹസിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. പരിശോധന നടത്തിയിട്ട് പൊലീസ് രണ്ട് ചാക്ക് കള്ളപ്പണം കൊണ്ടുപോയോ എന്നും കെ. സുധാകരന്‍ ചോദിച്ചു. കള്ളപ്പണത്തിന്റെയൊന്നും ഉടമസ്ഥന്മാര്‍ കോണ്‍ഗ്രസുകാരല്ല. കള്ളപ്പണം ഉണ്ടാക്കുന്നതും കള്ളപ്പണം സൂക്ഷിക്കുന്നതും പിണറായി വിജയനും, പിണറായി വിജയന്റെ പാര്‍ട്ടിയും കെ. സുരേന്ദ്രന്റെ ബിജെപിയുമാണ്. പരിശോധന നടത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും കെ. സുധാകരന്‍ ആവശ്യപ്പെട്ടു.

തോന്നിയ പോലെ ചെയ്യാന്‍ പൊലീസിനെ സര്‍ക്കാര്‍ കയറൂരി വിട്ടിരിക്കുകയാണ്. ഈ ഭരണകൂടത്തിനെതിരെ കോണ്‍ഗ്രസ് പോരാട്ടം ശക്തമാക്കാന്‍ പോകുകയാണ്. സമരമുഖത്ത് തങ്ങള്‍ കാണും. ഈ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം. ഇല്ലെങ്കില്‍ പാര്‍ട്ടി കോടതിയെ സമീപിക്കും. ഈ പൊലീസുകാരെ പാഠം പഠിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞു.

രാത്രി കോണ്‍ഗ്രസ് നേതാക്കളുടെ മുറിയില്‍ പരിശോധിക്കാനെത്തിയ പൊലീസുകാരെ മുറിയില്‍ പൂട്ടിയിടുകയായിരുന്നു വേണ്ടിയിരുന്നത്. അതിന് അവര്‍ക്ക് സാധിച്ചില്ല. ഏത്രയോ കാലമായി കേരളത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന രണ്ട് കോണ്‍ഗ്രസ് വനിതാ നേതാക്കളുടെ മുറിയില്‍ പാതിരാ നേരത്തു പരിശോധിക്കുന്നതില്‍ പൊലീസിന് എന്തു ന്യായീകരണമാണുള്ളതെന്ന് കെ. സുധാകരന്‍ ചോദിച്ചു.

പതിറ്റാണ്ടുകളായി സജീവ രാഷ്ട്രീയത്തില്‍ നിറഞ്ഞു നില്‍ക്കുന്ന വനിതാ നേതാക്കളെ അപമാനിക്കുന്നതിന് പരിധിയില്ലേയെന്നും അദേഹം ചോദിച്ചു. പരാതി കിട്ടിയിട്ട് അന്വേഷിക്കാന്‍ വന്നതെന്നാണ് പൊലീസ് ആദ്യം പറഞ്ഞത്. പിന്നീട് പറഞ്ഞു സാധാരണ ഗതിയിലുള്ള പരിശോധനയാണെന്ന്. എന്നാല്‍ ഇതിന് ഒരു അര്‍ത്ഥവുമില്ലെന്ന് തെളിഞ്ഞിരിക്കുകയാണ്.

അന്തസില്ലാത്ത, അഭിമാനബോധമില്ലാത്ത, ആണത്തമില്ലാത്ത പൊലീസ് തെമ്മാടിത്തമാണ് കാണിച്ചത്. പൊലീസിന്റെ നടപടി ആസൂത്രിതമാണ്. പരിശോധന നടക്കുന്നതിനിടെ സിപിഎം, ബിജെപി പ്രവര്‍ത്തകര്‍ പുറത്തു വന്ന് മുദ്രാവാക്യം വിളിച്ചത് ഇവര്‍ക്ക് മുന്‍കൂട്ടി അറിവു ലഭിച്ചു എന്നതിന് തെളിവാണെന്നും അദേഹം പറഞ്ഞു. അവര്‍ പ്രശ്നമുണ്ടാക്കിയതെല്ലാം ആസൂത്രിതമായിട്ടാണ്. മറ്റ് പാര്‍ട്ടിക്കാരുടെ മുറിയിലൊന്നും പോയിട്ടില്ലെന്നും കെ. സുധാകരന്‍ പറഞ്ഞു.

അനധികൃത ഇടപാടില്ലെങ്കില്‍ എന്തിനാണ് പൊലീസ് റെയ്ഡിനെ എതിര്‍ക്കുന്നതെന്ന എല്‍ഡിഎഫ് കണ്‍വീനറുടെ പ്രസ്താവനയെ കെ സുധാകരന്‍ രൂക്ഷമായി വിമര്‍ശിച്ചു. അയാളുടെ മുറിയില്‍ കയറുമ്പോള്‍ അറിയാം. സാമാന്യബുദ്ധിയും വിവരവും വിവേകവും വേണം നേതാക്കന്മാര്‍ക്ക്. അതില്ലാത്ത മരമണ്ടന്മാര്‍ക്ക് വായില്‍ തോന്നിയത് പറയാനുള്ളതല്ല രാഷ്ട്രീയം. ഇതോര്‍ത്ത് സംസാരിക്കണമെന്ന് ടി.പി രാമകൃഷ്ണന് മുന്നറിയിപ്പ് നല്‍കുകയാണെന്നും സുധാകരന്‍ പറഞ്ഞു.

അധികാരം ഉപയോഗിച്ച് കോടാനുകോടികളാണ് പിണറായി വിജയന്‍ ഉണ്ടാക്കുന്നത്. നാടു നന്നാക്കലല്ല, കുടുംബത്തെ നന്നാക്കലാണ് പിണറായിയുടെ ലക്ഷ്യം. പാലക്കാട്ടേക്ക് പോകുകയാണെന്നും നേതാക്കന്മാരുമായി സംസാരിച്ച് തുടര്‍നടപടി എടുക്കുമെന്നും കെ സുധാകരന്‍ വ്യക്തമാക്കി.

കൊഴിഞ്ഞാമ്പാറയിൽ മുത്തശ്ശിക്കൊപ്പം ഉറങ്ങാൻ കിടന്ന 8 വയസ്സുകാരി പാമ്പു കടിയേറ്റ് മരിച്ചു. വണ്ണാമട മൂലക്കട സ്വദേശി മുഹമ്മദ് ജുബീറലി-സബിയ ബീഗം ദമ്പതികളുടെ മകൾ അസ്ബിയ ഫാത്തിമയാണ് മരിച്ചത്.

ഉറങ്ങാൻ കിടന്ന മുത്തശ്ശി റഹമത്തിനെ (45) പാമ്പ് കടിച്ചിരുന്നു. ഉടൻ തന്നെ നാട്ടുകാരും വീട്ടുകാരും ചേർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടയിൽ അസ്ബിയ ഫാത്തിമ തളർന്നു വീണു. ഇതേതുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിക്കും പാമ്പു കടിയേറ്റ വിവരം അറിയുന്നത്. പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

കണ്ണൂര്‍ എഡിഎം കെ. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പി.പി ദിവ്യയുടെ ജാമ്യപേക്ഷയില്‍ വിധി പറയാന്‍ വെള്ളിയാഴ്ചത്തേക്ക് മാറ്റി. സെഷന്‍സ് ജഡ്ജി കെ.ടി നിസാര്‍ അഹമ്മദ് മുന്‍പാകെയാണ് വാദം നടന്നത്.

കൈക്കൂലി വാങ്ങി എന്നത് സംബന്ധിച്ച് എഡിഎം കുറ്റസമ്മതം നടത്തിയെന്നും തെറ്റുപറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞതായുള്ള കളക്ടറുടെ മൊഴി നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്നതിന് തെളിവാണന്നും പ്രതിഭാഗം വാദിച്ചു. ദിവ്യയുടെ പ്രസംഗത്തില്‍ ആത്മഹത്യാ പ്രേരണയില്ലെന്നും അന്വേഷണത്തോട് ദിവ്യ സഹകരിച്ചെന്നും ദൃശ്യങ്ങള്‍ മനപൂര്‍വം പ്രചരിപ്പിച്ചിട്ടില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

പ്രശാന്തന്‍ കൈക്കൂലി നല്‍കിയെന്നാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നതെന്നും നവീന്‍ ബാബു കൈക്കൂലി വാങ്ങി എന്നതിന് തെളിവായി ഈ രേഖ സ്വീകരിക്കണം എന്നുമാണ് ദിവ്യയുടെ അഭിഭാഷകന്റെ ആവശ്യം.

സ്വര്‍ണം പണയം വെച്ച് ഒരുലക്ഷം രൂപ വാങ്ങിയതിനുള്ള തെളിവും ഹാജരാക്കി. ഈ പണം കൈക്കൂലി കൊടുക്കാന്‍ ഉപയോഗിച്ചതാണെന്നാണ് ഉന്നയിച്ച വാദം. നവീന്‍ ബാബു പലതവണ പ്രശാന്തനെ വിളിച്ചെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. ഇതിന്റെ തെളിവായി ഫോണ്‍ രേഖകള്‍ ഹാജരാക്കി. കൂടാതെ പ്രശാന്തനും നവീന്‍ ബാബുവും തമ്മില്‍ കണ്ടെന്ന വാദത്തിന് തെളിവായി ചില സിസിടിവി ദൃശ്യങ്ങളും ഹാജരാക്കി.

നവീന്‍ ബാബു കൈക്കൂലി വാങ്ങി എന്നതിന് തെളിവില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കോള്‍ രേഖകള്‍ തെളിവായി കണക്കാക്കാനാകില്ല. ജാമ്യം നല്‍കിയാല്‍ ദിവ്യ സാക്ഷികളെ സ്വാധീനിക്കുമെന്നും അന്വേഷണം അട്ടിമറിക്കപ്പെടുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

നവീനെതിരേ ഇതുവരെ അഴിമതി ആരോപണങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇപ്പോള്‍ ഉള്ളത് പ്രശാന്തിന്റെ ആരോപണങ്ങള്‍ മാത്രമാണ്. യാത്രയയപ്പ് ചടങ്ങിലെ ദൃശ്യങ്ങള്‍ മനപൂര്‍വം പ്രചരിപ്പിക്കുകയായിരുന്നെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. അജിത്ത്കുമാറാണ് വാദം നടത്തിയത്. അന്വേഷണ റിപ്പോര്‍ട്ട് പ്രോസിക്യൂട്ടര്‍ കോടതിയില്‍ നല്‍കി. ദിവ്യയ്ക്കു വേണ്ടി ജാമ്യാപേക്ഷ നല്‍കിയ അഡ്വ. കെ. വിശ്വനും നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്കുവേണ്ടി അഡ്വ. ജോണ്‍ എസ്.റാല്‍ഫും കോടതിയില്‍ ഹാജരായി.

ഒക്ടോബര്‍ 29 നാണ് ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളിയത്. അന്ന് ഉച്ചയ്ക്കാണ് അന്വേഷണ സംഘം ദിവ്യയെ കസ്റ്റഡിയിലെടുത്തത്.

സീറോ മലബാര്‍ സഭയുടെ ഇന്ത്യക്ക് പുറത്തുള്ള രണ്ടാമത്തെ രൂപതയായ ഓസ്‌ട്രേലിയായിലെ മെല്‍ബണ്‍ രൂപതയുടെ കത്തീഡ്രല്‍ ദൈവാലയത്തിന്റെ കൂദാശ നവംബര്‍ 23 ന് നടക്കുന്നു. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലാണ് സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ദൈവാലയത്തിന്റെ കൂദാശ കര്‍മ്മം നിര്‍വ്വഹിക്കുന്നത്. സ്വന്തമായ ഒരു ദൈവാലയം എന്ന കത്തീഡ്രല്‍ ഇടവാകാംഗങ്ങളുടെ വര്‍ഷങ്ങളായുള്ള പ്രാര്‍ത്ഥനകളുടെയും കാത്തിരിപ്പിന്റെയും പരിസമാപ്തിയിലാണ് സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ദൈവാലയം കൂദാശക്കായി ഒരുങ്ങുന്നത്. 2013 ഡിസംബര്‍ 23 നാണ് മെല്‍ബണ്‍ ആസ്ഥാനമായും മെല്‍ബണ്‍ നോര്‍ത്ത് ഇടവക രൂപതയുടെ കത്തീഡ്രലായും മെല്‍ബണ്‍ സെന്റ് തോമസ് സീറോ മലബാര്‍ രൂപത ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചത്.

രൂപതാസ്ഥാപനത്തിന്റെ 10-ാം വാര്‍ഷികവേളയിലാണ് മെല്‍ബണ്‍ സീറോ മലബാര്‍ രൂപത കുടുംബത്തിലെ ഓരോ അംഗങ്ങളുടെയും ഇടവകസമൂഹങ്ങളുടെയും സ്വപ്‌നമായിരുന്ന കത്തീഡ്രല്‍ ദൈവാലയം പൂര്‍ത്തീകരിക്കപ്പെടുന്നത്. 550 ഓളം കുടുംബങ്ങളുള്ള കത്തീഡ്രല്‍ ഇടവകയിലെ വിശ്വാസീസമൂഹത്തിന്റെ കഴിഞ്ഞ 15 വര്‍ഷങ്ങളായുള്ള പ്രാര്‍ത്ഥനയുടെയും ത്യാഗത്തിന്റെയും കൂട്ടായ്മയുടെയും ഫലമാണ് സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ദൈവാലയം. 2020 ജൂലൈ മൂന്നിനാണ് മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ രൂപതാധ്യക്ഷന്‍ ബോസ്‌കോ പുത്തൂര്‍ കത്തീഡ്രല്‍ ദൈവാലയത്തിന്റ ശിലാസ്ഥാപനം നിര്‍വ്വഹിച്ചത്. മെല്‍ബണ്‍ സിറ്റിയില്‍ നിന്നും മെല്‍ബണ്‍ എയര്‍പ്പോര്‍ട്ടില്‍ നിന്നും അധികം ദൂരത്തിലല്ലാതെ, എപ്പിങ്ങില്‍ ഹ്യും ഫ്രീവേക്ക് സമീപത്ത് 53 മക്കെല്ലാര്‍ വേയില്‍, കത്തീഡ്രല്‍ ഇടവക സ്വന്തമാക്കിയ മൂന്ന് ഏക്കറോളം വരുന്ന സ്ഥലത്താണ് കത്തീഡ്രല്‍ ദൈവാലയം പണി പൂര്‍ത്തിയായിരിക്കുന്നത്.

1711 സ്‌ക്വയര്‍ മീറ്ററില്‍ പൗരസ്ത്യപാരമ്പര്യ തനിമയോടെ അതിമനോഹരമായാണ് കത്തീഡ്രല്‍ ദൈവാലയം പണികഴിപ്പിച്ചിരിക്കുന്നത്. ബാല്‍ക്കണിയിലും കൈകുഞ്ഞുങ്ങളുള്ള മാതാപിതാക്കള്‍ക്കുള്ള മുറിയിലും ഉള്‍പ്പെടെ 1000 ഓളം പേര്‍ക്ക് ഒരേസമയം തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാനുള്ള സൗകര്യം കത്തീഡ്രലിലുണ്ട്. പള്ളിയുടെ ഭാഗമായി തന്നെ നൂറോളം പേര്‍ക്കിരിക്കാവുന്ന ഒരു ചാപ്പലും 150 ഓളം കാര്‍ പാര്‍ക്കിങ്ങ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വിശ്വാസപരിശീലനത്തിനു വേണ്ടിയുള്ള ക്ലാസ് മുറികളും അനുബന്ധ സൗകര്യങ്ങളും ദൈവാലയത്തോട് ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്നു. 500 ഓളം പേര്‍ക്കിരിക്കാവുന്നതും സ്റ്റേജും ആധുനിക സൗകര്യങ്ങളോട് കൂടിയ അടുക്കളയുമുള്ള പാരീഷ് ഹാള്‍, നിര്‍മ്മാണം പൂര്‍ത്തിയാക്കി 2022 നവംബറില്‍ വെഞ്ചിരിച്ചിരുന്നു.

ഓസ്‌ട്രേലിയയിലെ പ്രമുഖ കണ്‍സ്‌ട്രെക്ഷന്‍ ഗ്രൂപ്പായ ലുമെയിന്‍ ബില്‍ഡേഴ്‌സിനാണ് കത്തീഡ്രലിന്റെ നിര്‍മാണ ചുമതല നല്കിയിരുന്നത്. മെല്‍ബണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ പനംതോട്ടത്തില്‍, മെല്‍ബണ്‍ രൂപതയുടെ പ്രഥമ ബിഷപ് മാര്‍ ബോസ്‌കോ പുത്തൂര്‍, ഉജ്ജയിന്‍ രൂപത ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, മാനന്തവാടി രൂപത ബിഷപ് മാര്‍ ജോസ് പൊരുന്നേടം, കോതമംഗലം രൂപത ബിഷപ് മാര്‍ ജോര്‍ജ് മഠത്തികണ്ടത്തില്‍, യു.കെ. പ്രസ്റ്റണ്‍ രൂപത ബിഷപ് ജോസഫ് സ്രാമ്പിക്കല്‍, പാലക്കാട് രൂപത മുന്‍ ബിഷപ് ജേക്കബ് മനത്തോടത്ത്, മെല്‍ബണിലെ ഉക്രേനിയന്‍ രൂപത ബിഷപ്പും നിയുക്ത കര്‍ദിനാളുമായ ബിഷപ് മൈക്കോള ബൈചോക്ക്, മെല്‍ബണ്‍ ആര്‍ച്ചുബിഷപ് പീറ്റര്‍ കമെന്‍സോളി, ബ്രിസ്‌ബെന്‍ ആര്‍ച്ചുബിഷപ് മാര്‍ക്ക് കോള്‍റിഡ്ജ്, കാന്‍ബെറ ആര്‍ച്ചുബിഷപ് ക്രിസ്റ്റഫര്‍ പ്രൗസ്, ടുവൂംബ രൂപത ബിഷപ് കെന്‍ ഹൊവല്‍, ഓസ്‌ട്രേലിയന്‍ കാല്‍ദീയന്‍ രൂപത ബിഷപ് അമേല്‍ ഷാമോന്‍ നോണ, ഓസ്‌ട്രേലിയന്‍ മാറോനൈറ്റ് രൂപത ബിഷപ് ആന്റൊയിന്‍ ചാര്‍ബെല്‍ റ്റരാബെ, ഓസ്‌ട്രേലിയന്‍ മെല്‍ക്കൈറ്റ് രൂപത ബിഷപ് റോബര്‍ട്ട് റബാറ്റ്, ഓസ്‌ട്രേലിയന്‍ കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സിലെ മെത്രാന്മാര്‍ എന്നിവര്‍ കൂദാശ കര്‍മത്തില്‍ സന്നിഹിതരായിരിക്കും.

കൂടാതെ മെല്‍ബണ്‍ രൂപത വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ഫ്രാന്‍സിസ് കോലഞ്ചേരി, ചാന്‍സിലര്‍ ഫാ. സിജീഷ് പുല്ലന്‍കുന്നേല്‍, മെല്‍ബണ്‍ രൂപതയില്‍ സേവനം ചെയ്യുന്ന വൈദികര്‍, ഓസ്‌ട്രേലിയയില്‍ മറ്റു രൂപതകളില്‍ സേവനം ചെയ്യുന്ന മലയാളി വൈദികര്‍, ഫെഡറല്‍ സ്റ്റേറ്റ് മന്ത്രിമാര്‍, എം.പി.മാര്‍, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍, മെല്‍ബണ്‍ രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നും മിഷനുകളില്‍ നിന്നുമുള്ള പ്രതിനിധികള്‍, ഹ്യും സിറ്റി വിറ്റല്‍സീ സിറ്റി കൗണ്‍സിലിലെ കൗണ്‍സിലേഴ്‌സ് എന്നിവരും പങ്കെടുക്കും. നവംബര്‍ 23 ന് രാവിലെ 9 മണിക്ക് മെത്രാന്മാരെ ദൈവാലയത്തിലേക്ക് സ്വീകരിച്ചാനയിക്കും. 9.30 ന് കത്തീഡ്രല്‍ ദൈവാലയത്തിന്റെ കൂദാശയും തുടര്‍ന്ന് മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷപൂര്‍വമായ വിശുദ്ധ കുര്‍ബാനയും അര്‍പ്പിക്കും.

മാര്‍ ജോണ്‍ പനംതോട്ടത്തില്‍, മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി, ഫാ. സിജീഷ് പുല്ലന്‍കുന്നേല്‍, കത്തീഡ്രല്‍ ഇടവക വികാരി ഫാ. വര്‍ഗീസ് വാവോലില്‍, കൈക്കാരന്മാരായ ആന്റോ തോമസ്, ക്ലീറ്റസ് ചാക്കോ, ജനറല്‍ കണ്‍വീനര്‍ ഷിജി തോമസ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ കത്തീഡ്രലിന്റെ കൂദാശകര്‍മം മനോഹരമായും ഭക്തിനിര്‍ഭരമായും നടത്തുവാന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയുടെ കത്തീഡ്രല്‍ ദൈവാലയം എന്ന സ്വപ്‌ന സാക്ഷാല്‍ക്കാരത്തിനായി പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും സാമ്പത്തികമായി സഹകരിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി പറയുന്നതോടൊപ്പം ആത്മീയ ചൈതന്യം തുളുമ്പുന്ന കത്തീഡ്രല്‍ ദൈവാലയ കൂദാശകര്‍മങ്ങളിലേക്ക് ഏവരേയും ക്ഷണിക്കുന്നതായും മാര്‍ ജോണ്‍ പനംതോട്ടത്തില്‍, ഫാ. വര്‍ഗീസ് വാവോലില്‍ എന്നിവര്‍ അറിയിച്ചു.

ഡോക്ടർ മനോ ജോസഫ്

ഇംഗ്ലണ്ടിലും വെയിൽസിലും ദയാവധം നടപ്പാക്കാനുള്ള ശ്രമം പല പ്രമുഖ രാഷ്ടീയക്കാരുടേയും നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അതിനെതിരെ പ്രതിഷേധിക്കാനും, നിയമം വീണ്ടും പാർലമെൻറ് ചർച്ച ചെയ്യുകയും വോട്ടിനിടുകയും ചെയ്യുന്ന നവംബർ 29 ന് മുൻപായി വിവിധ കർമ്മപരിപാടികൾ ആസൂത്രണം ചെയ്യാനുമായി ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ ഡോക്ടർസ് ഫോറം, ഫാമിലി അപോസ്റ്റലേറ്റ്, കുടുംബകൂട്ടായ്മ, വിമെൻസ് ഫോറം, എസ് എം വൈ എം എന്നിങ്ങനെ വിവിധ ഭക്തസംഘടനകൾ സമ്മേളിക്കുന്നു. ഇതിനായുള്ള ഒരുക്കങ്ങൾ ഡോക്ടർസ് ഫോറം എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

നവംബർ 15 വെള്ളിയാഴ്ച വൈകുന്നേരം ചേരുന്ന സമ്മേളനം ഗ്രേറ്റ് ബ്രിട്ടൻ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്‌ഘാടനം ചെയ്യും. തുടർന്ന് ഡോക്ടർ ബിനുമോൾ അബ്രഹാം വിഷയമവതരിപ്പിച്ചു സംസാരിക്കും. ചർച്ചകൾക്ക് ഡോക്ടർ മനോ ജോസഫ് അദ്ധ്യക്ഷത വഹിക്കും. രൂപതയുടെ പാസ്‌റ്ററൽ കോർഡിനേറ്റർ റെവ ഡോക്ടർ ടോം ഒലിക്കരോട്ട് , ഡോക്ടർസ് ഫോറം എക്സിക്യൂട്ടീവ് അംഗങ്ങളായ ഡോക്ടർ മാർട്ടിൻ തോമസ് ആൻ്റണി, ഡോക്ടർ മിനി നെൽസൺ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകും. തുടർ നടപടികൾക്കുള്ള രൂപരേഖ തയ്യാറാക്കി സമ്മേളനം പിരിയും.

ഓൺലൈനായി നടക്കുന്ന ഈ ചർച്ചകളിലേക്കും സമ്മേളനത്തിലേക്കും ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ എല്ലാ വിശ്വാസികളെയും ഡോക്ടർസ് ഫോറം സ്പിരിച്യുൽ ഡയറക്ടർ റെവ. ഫാ. ജെയിംസ് ജോൺ കോഴിമല അച്ചൻ സ്വാഗതം ചെയ്യുന്നു. മീറ്റിംഗിൽ പങ്കെടുക്കാനുള്ള Zoom ലിങ്കും മറ്റു വിശദാംശങ്ങളും തുടർദിവസങ്ങളിൽ അറിയിക്കുന്നതാണ്.

അപ്പച്ചൻ കണ്ണഞ്ചിറ

സ്റ്റീവനേജ്: സർഗ്ഗം സ്റ്റീവനേജ് മലയാളി അസ്സോസ്സിയേഷൻ സംഘടിപ്പിക്കുന്ന ‘മ്യൂസിക് &, ഡീ ജെ നൈറ്റ്’ നവംബർ 10 ന് ഞായറാഴ്ച സ്റ്റീവനേജ് ഓവൽ കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് നടത്തപ്പെടും. സംഗീതാസ്വാദകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സംഗീതമേള ഞായറാഴ്ച ഉച്ചകഴിഞ്ഞു മൂന്ന് മണി മുതൽ രാത്രി എട്ടരവരെ നീണ്ടു നിൽക്കും. തുടർന്ന് ഡീ ജെക്കുള്ള അവസരമൊരുങ്ങും

ലൈവ് സംഗീത നിശയിൽ, ഐഡിയ സ്റ്റാർ സിംഗർ സീസൺ 6 റണ്ണർ അപ്പ് രാജീവ് രാജശേഖരൻ അടക്കം യു കെ യിലെ പ്രശസ്ത ഗായകർ അതിഥികളായി, സർഗം ഗായക പ്രതിഭകളോടൊപ്പം ചേർന്ന് സ്റ്റീവനേജ് സംഗീതസദസ്സിൽ ഗാനവിസ്മയം തീർക്കും.

തിരക്കുപിടിച്ച പ്രവാസ ജീവിത പിരിമുറുക്കങ്ങളിലും സമ്മർദ്ധങ്ങളിലും മനസ്സിന് സന്തോഷവും ശാന്തതയും ആരോഗ്യവും പകരാനും ഒപ്പം വിനോദത്തിനും ആഹ്ലാദത്തിനും അവസരം ഒരുക്കുന്ന ഗാനനിശയിൽ സംഗീത സാന്ദ്രമായ മണിക്കൂറുകൾ ആണ് ആസ്വാദകർക്കായി ക്രമീകരിച്ചിരിക്കുന്നത്.

സ്റ്റാർ സിംഗർ ഫെയിം രാജീവ് രാജശേഖരനോടൊപ്പം യൂ കെ യിലെ പ്രശസ്ത ഗായകരായ നിധിൻ ശ്രീകുമാർ, കാർത്തിക് ഗോപിനാഥ് (കേംബ്രിഡ്ജ്) അൻവിൻ കെടാമംഗലം, സജിത്ത് വർമ്മ (നോർത്തംപ്റ്റൻ) ഹരീഷ് നായർ (ബോറാംവുഡ്) ഡോ. ആശാ നായർ (റിക്സ്മാൻവർത്ത്) ആനി അലോഷ്യസ് (ലൂട്ടൻ) ഡോ. രാംകുമാർ ഉണ്ണികൃഷ്ണൻ (വെൽവിൻ ഗാർഡൻ സിറ്റി) എന്നിവർ അതിഥി താരങ്ങളായി ഗാനനിശയിൽ സംഗീത വിരുന്നൊരുക്കും. യു കെ യിലെ വിവിധ വേദികളിൽ ഗാനാലാപനത്തിലൂടെ ശ്രദ്ധേയരായ സർഗ്ഗം സ്റ്റീവനേജിന്റെ അനുഗ്രഹീത ഗായകരായ ജെസ്ലിൻ വിജോ, ബോബൻ സെബാസ്റ്റ്യൻ, ഡോ ആരോമൽ, ആതിരാ ഹരിദാസ്, നിസ്സി ജിബി, ടാനിയ ഹോർമീസ്, ഡോ. അബ്രാഹം സിബി, ഹെൻട്രിൻ എന്നിവർ സംഗീത സദസ്സിൽ ഗാന വിസ്മയം തീർക്കും.

സംഗീത നിശയോട് അനുബന്ധിച്ചു നടത്തുന്ന ഡീ ജെ യിൽ മനസ്സും ശരീരവും സംഗീത രാഗലയ താളങ്ങളിൽ ലയിച്ച് ആനന്ദ ലഹരിയിൽ ആറാടുവാനും, ഉള്ളംതുറന്ന് ചുവടുകൾ വെച്ച് ആഹ്ളാദിക്കുവാനുമുള്ള സുവർണ്ണാവസരമാവും സർഗ്ഗം ഒരുക്കുന്നത്.

സർഗം സ്റ്റീവനേജ് മലയാളി അസ്സോസ്സിയേഷൻ മെംബർമാർക്ക് ‘സർഗ്ഗം സംഗീത നിശ’യിൽ സൗജന്യ പ്രവേശനം അനുവദിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്:
സജീവ് ദിവാകരൻ : 07877902457
വിത്സി പ്രിൻസൺ : 07450921739
പ്രവീൺ തോട്ടത്തിൽ:07917990879

ലണ്ടൻ: യു കെയിലെ വിവിധ ഗായക സംഘങ്ങളെ അണിനിരത്തിക്കൊണ്ട് ഗർഷോം ടി വി യും ലണ്ടൻ അസാഫിയൻസും ചേർന്ന് കഴിഞ്ഞ ആറ് സീസണുകളായി നടത്തിവരുന്ന ക്രിസ്‌മസ്‌ കരോൾ ഗാനമത്സരത്തിന്റെ ഏഴാം സീസൺ 2024 ഡിസംബർ 7 ശനിയാഴ്ച കവൻട്രി വില്ലൻ ഹാൾ സോഷ്യൽ ക്ലബ്ബിൽ വച്ചു നടക്കും. ഉച്ചയ്ക്ക് 12 മണി മുതൽ സംഘടിപ്പിക്കുന്ന സംഗീത വിരുന്ന് വിവിധ ഗായകസംഘങ്ങളുടേയും ക്വയർ ഗ്രൂപ്പുകളുടെയും യുവഗായകരുടെയും ഒത്തുചേരലിനു വേദിയാകും. പരിപാടിയിൽ സംഗീത സാംസ്‌കാരിക ആത്മീയ മേഖലകളിൽ നിന്നുള്ള വിശിഷ്ട വ്യക്തികൾ പങ്കെടുക്കും. കരോൾ ഗാന മത്സരങ്ങൾക്ക് ശേഷം പ്രമുഖ ഗായകരെയും സംഗീതജ്ഞരെയും അണിനിരത്തികൊണ്ട് ലണ്ടനിലെ പ്രമുഖ സംഗീത ബാൻഡായ ലണ്ടൻ അസാഫിയൻസ് അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക്കൽ ഷോയും നടക്കും.

കഴിഞ്ഞവർഷങ്ങളിലേതുപോലെ തന്നെ തന്നെ കരോൾ ഗാന മത്സരത്തിൽ വിജയികളാകുന്നവരെ കാത്തിരിക്കുന്നത് അത്യാകർഷകങ്ങളായ ക്യാഷ് അവാർഡുകളും ട്രോഫികളുമാണ്. ഒന്നാം സമ്മാനമായി 1000 പൗണ്ടും, രണ്ടാം സമ്മാനമായി 500 പൗണ്ടും, മൂന്നാം സമ്മാനമായി 250 പൗണ്ടുമാണ് വിജയിക്കുന്ന ടീമുകൾക്ക് ലഭിക്കുക. കൂടാതെ സ്പെഷ്യൽ ക്യാറ്റഗറികളിലായി വിവിധ സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

കരോൾ സംഗീതത്തിന്റെ അവിസ്മരണീയ നിമിഷങ്ങൾ സമ്മാനിച്ച ‘ജോയ് ടു ദി വേൾഡ്’ ആറാം പതിപ്പിൽ കിരീടം ചൂടിയത് കവൻട്രി വർഷിപ്പ് സെന്റർ ആയിരുന്നു. ഹെർമോൻ മാർത്തോമാ ചർച്ച് മിഡ്ലാൻഡ്സ് രണ്ടാം സ്ഥാനവും, ഹാർമണി ഇൻ ക്രൈസ്റ്റ് ക്വയർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സെന്റ് ജെയിംസ് മാർത്തോമാ ചർച്ച് ലണ്ടൻ നാലാം സ്ഥാനവും, സഹൃദയ ടൺബ്രിഡ്ജ് വെൽസ് അഞ്ചാം സ്ഥാനവും നേടി. ഏറ്റവും നല്ല അവതരണത്തിനുള്ള ‘ബെസ്ററ് അപ്പിയറൻസ്’ അവാർഡിന് ബിർമിംഗ്ഹാം ക്നാനായ കാത്തലിക് അസോസിയേഷൻ അർഹരായി.

യുകെയിലെ വിവിധ ഗായകസംഘങ്ങളുടെയും ക്വയർ ഗ്രൂപ്പുകളുടെയും, ചർച്ചുകളുടെയും സഹകരണത്തോടെ നടത്തപ്പെടുന്ന ഈ സംഗീത മത്സരത്തിൽ പങ്കെടുക്കുവാൻ താല്പര്യം ഉള്ള ഗായക സംഘങ്ങൾ രെജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി ഭാരവാഹികളുമായി ബന്ധപ്പെടുക. മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾക്ക് രെജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കും. കരോൾ ഗാനമത്സരത്തിന്റെ രെജിസ്ട്രേഷനുള്ള അവസാനതീയതി നവംബർ 20 ആയിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Contact numbers: 07958236786 / 07720260194 / 07828456564

ആവേശകരമായ യൂണിറ്റ് സമ്മേളനങ്ങൾ പൂർത്തിയാക്കി സമീക്ഷ യുകെ ഏരിയ സമ്മേളനങ്ങളിലേക്ക് കടക്കുന്നു. അടുത്ത ശനിയാഴ്ചയോടെ ഏരിയ സമ്മേനങ്ങൾക്ക് തുടക്കം കുറിക്കും. ലണ്ടൻ, മാഞ്ചസ്റ്റർ, ബെർമിംഗ്ഹാം, വെയിൽസ് തുടങ്ങീ നാല് ഏരിയ സമ്മേളനങ്ങളും ഈ മാസം വിവിധ തീയതികളിലായി ചേരും. നോർത്തേൺ അയർലണ്ടിൽ പുതിയ ഏരിയ കമ്മിറ്റി രൂപീകരിക്കും. സംഘടനയെ മികവുറ്റതാക്കാൻ യൂണിറ്റ് സമ്മേളനങ്ങളിൽ നിന്നും ലഭിച്ച ക്രിയാത്മക നിർദ്ദേശങ്ങൾ ഏരിയ സമ്മേളനം ചർച്ച ചെയ്യും. വിവിധ യൂണിറ്റുകളിൽ നിന്നുള്ളവർ സമ്മേളന പ്രതിനിധികളാകും. ഭാവിപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ഊർജ്ജ്വസ്വലരായ പുതിയ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുക്കും. അതിനിടെ ദേശീയ സമ്മേളനത്തിന് മുന്നോടിയായുള്ള യൂണിറ്റ് സമ്മേളനങ്ങൾ അവസാന ഘട്ടത്തിലാണ്.

ജൂലൈ 31ന് നോർത്താംപ്റ്റണിലായിരുന്നു ഇത്തവണത്തെ ആദ്യ യൂണിറ്റ് സമ്മേളനം. ബ്രിട്ടനിൽ ആകെ സമീക്ഷയ്ക്ക് 33 യൂണിറ്റുകളാണ് ഉള്ളത്. കരുത്തുറ്റ കമ്മിറ്റികൾ എല്ലായിടത്തും പ്രാബല്യത്തിൽ വന്നു. യുവാക്കൾക്കും വനിതകൾക്കും പ്രാധാന്യം നൽകിയാണ് കമ്മിറ്റികൾ രൂപീകരിച്ചത്. ദേശീയ സമ്മേളനം വിജയിപ്പിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങളുമായി യൂണിറ്റ് കമ്മിറ്റികൾ സജീവമാണ്. ഈ മാസം 30ന് ബെർമിംഗ്ഹാമിലാണ് ദേശീയ സമ്മേളനം. നേം പാരിഷ് സെന്‍റർ ഹാളാണ് വേദി. ഇരുന്നൂറോളം പ്രതിനിധികൾ ദേശീയ സമ്മേളത്തിൻ്റെ ഭാഗമാകും.

കഴിഞ്ഞ രണ്ട് വർഷത്തെ പ്രവർത്തനം വിലയിരുത്തുന്ന സമ്മേളനം, അടുത്ത സമ്മേളന കാലയളവ് വരെയുള്ള നയപരിപാടികള്‍ ആസൂത്രണം ചെയ്യും. ചൂരൽമലയുടെ പുനർനിർമാണത്തിന് പണം സ്വരൂപിക്കുന്നതിന്‍റെ ഭാഗമായി ദേശീയ സമ്മേളനം ഒരു ദിവസത്തേക്ക് ചുരുക്കിയിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ ആഘോഷ പരിപാടികള്‍ ഉള്‍പ്പടെ രണ്ട് ദിവസമായിരുന്നു സമ്മേളനം. രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖർ സമ്മേളനത്തെ അഭിസംബോധന ചെയ്യും.

കൊടകരയില്‍ കവര്‍ന്ന മൂന്നരക്കോടി രൂപയുടെ കുഴല്‍പ്പണത്തില്‍ പ്രതികള്‍ 1.4 കോടി രൂപ ധൂര്‍ത്തടിച്ചെന്ന് പോലീസ്. ഈ പണമാണ് പ്രതികളില്‍നിന്ന് കണ്ടെടുക്കാനാകാതെപോയത്. ഭാര്യക്കും ബന്ധുക്കള്‍ക്കും പ്രതികള്‍ സ്വര്‍ണം വാങ്ങിക്കൊടുത്തത് 30.29 ലക്ഷത്തിനാണ്. ഈ സ്വര്‍ണം പോലീസ് കണ്ടെടുത്ത് തൊണ്ടിമുതലായി വകയിരുത്തി.

കൊടകരയില്‍ കുഴല്‍പ്പണം കവര്‍ന്നശേഷം പ്രതികള്‍ ചെലവേറിയ സ്ഥലങ്ങളില്‍ ഒളിവില്‍ താമസിക്കുകയും വിലകൂടിയ വാഹനങ്ങളില്‍ യാത്രചെയ്യുകയും ചെയ്തു. ഇതിനായി നല്ലതുക ചെലവിട്ടു. ചില പ്രതികള്‍ വേണ്ടപ്പെട്ടവര്‍ക്കും കടംവാങ്ങിയവര്‍ക്കും പണം നല്‍കി. ഇത് കിട്ടിയവര്‍ ചെലവാക്കി. അതുകൊണ്ട് തിരിച്ചുപിടിക്കാനായില്ല. ഇക്കാര്യമെല്ലാം കുറ്റപത്രത്തിലുണ്ട്.

കവര്‍ച്ചയ്ക്കുശേഷം പണം പങ്കിട്ടുകഴിഞ്ഞ് 15-ാം പ്രതിയായ ഷിഗില്‍ 22-ാം പ്രതിയായ റാഷിദുമൊത്ത് കുളു, മണാലി, ചെന്നൈ, തിരുപ്പതി എന്നിവിടങ്ങളില്‍ പോകുകയും താമസിക്കുകയും ചെയ്തു. 13-ാം പ്രതി അബ്ദുള്‍സലാം, 16-ാം പ്രതി റഷീദ്, 17-ാം പ്രതി റൗഫ് എന്നിവര്‍ കവര്‍ച്ചയ്ക്കുശേഷം കര്‍ണാടകത്തിലെ കുടകില്‍ താമസിച്ചു.

മൂന്നാംപ്രതി രഞ്ജിത്ത് കവര്‍ച്ചപ്പണത്തില്‍ 17 ലക്ഷം ഭാര്യയായ ദീപ്തിക്ക് നല്‍കി. പത്താംപ്രതി ഷാഹിദ് കവര്‍ച്ചപ്പണത്തില്‍ പത്തുലക്ഷം ഭാര്യ ജിന്‍ഷയ്ക്ക് നല്‍കി. ഇതില്‍ ഒന്‍പതുലക്ഷം ജിന്‍ഷ ഉമ്മൂമ്മയ്ക്ക് നല്‍കി. ഇതില്‍ ചെലവാക്കാതെ ബാക്കിയായ പണം പോലീസ് തിരിച്ചുപിടിച്ചു

Copyright © . All rights reserved