Latest News

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ തട്ടിച്ച് സർക്കാർ ജീവനക്കാർ. 1458 സർക്കാർ ജീവനക്കാർ ചട്ടങ്ങൾ മറികടന്ന് സാമൂഹിക സുരക്ഷാ പെൻഷൻ കൈപ്പറ്റുന്നതായി കണ്ടെത്തൽ. ധനവകുപ്പ്‌ നിർദേശ പ്രകാരം ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിലാണ്‌ തട്ടിപ്പ്‌ കണ്ടെത്തിയത്‌. കോളജ്‌ അസിസ്‌റ്റന്റ്‌ പ്രഫസർമാരും ഗസറ്റഡ്‌ ഉദ്യോഗസ്ഥരും അടക്കമാണ്‌ അനർഹമായി പെൻഷൻ കൈപ്പറ്റുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഹയർ സെക്കൻഡറി വകുപ്പിൽ ഉൾപ്പെടെ ജോലി ചെയ്യുന്നവരും ഇതിലുൾപ്പെടും.

അനധികൃമായി കൈപ്പറ്റിയ തുക പലിശയടക്കം ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കണമെന്നാണ് ധനവകുപ്പിന്റെ നിർദേശം. കുറ്റക്കാർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കണമെന്നും മന്ത്രി കെഎൻ ബാലഗോപാൽ നിർദേശിച്ചു. തട്ടിപ്പ് നടത്തിയ രണ്ട് അസിസ്റ്റന്റ് പ്രൊഫസർമാരിൽ ഒരാൾ തിരുവനന്തപുരത്തെ സർക്കാർ കോളേജിലും മറ്റേയാൾ പാലക്കാടുള്ള കോളേജിലുമാണ് ജോലി ചെയ്യുന്നത്.

ഏറ്റവും കൂടുതൽ തട്ടിപ്പ് നടന്നത് ആരോഗ്യ വകുപ്പിലാണെന്നും കണ്ടെത്തിയിട്ടുണ്ട്. 373പേർ ആരോഗ്യ വകുപ്പിലും 224 പേർ പൊതുവിദ്യാഭ്യാസ വകുപ്പിലും 124പേർ മെഡിക്കൽ എജ്യൂക്കേഷൻ വകുപ്പിലും 114പേർ ആയുർവേദ വകുപ്പിലും 74 പേർ മൃഗസംരക്ഷണ വകുപ്പിലും 47പേർ പൊതുമരാമത്ത് വകുപ്പിലുമാണ് ക്ഷേമ പെൻഷൻ കൈപ്പറ്റുന്നത്.

എ.ഡി.എം. നവീന്‍ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ. അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. മരണത്തില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് നവീന്‍ബാബുവിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയായിരുന്നു സി.പി.എം. സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. സി.ബി.ഐ. എന്നത് അന്വേഷണത്തിന്റെ അവസാനവാക്കല്ലെന്നും അദ്ദേഹം പറഞ്ഞു.

സി.ബി.ഐ. ആണ് എല്ലാത്തിന്റെയും അവസാനവാക്ക് എന്നത് തങ്ങള്‍ ഒരിക്കലും അംഗീകരിച്ചിട്ടില്ല. ഇന്നലെയും അത് അംഗീകരിച്ചിട്ടില്ല, ഇന്നും അത് അംഗീകരിക്കുന്നില്ല, നാളെയും അംഗീകരിക്കില്ല. സുപ്രീംകോടതി പറയുന്നപോലെ കൂട്ടിലടച്ച തത്തയാണ് സി.ബി.ഐ. കേന്ദ്രസര്‍ക്കാര്‍ എന്താണ് പറയുന്നത്, അത് ചെയ്യുന്നതാണ് സി.ബി.ഐയെന്നും എം.വി. ഗോവിന്ദന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

നവീന്‍ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യയാണ് കഴിഞ്ഞദിവസം ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. സി.പി.എം. നേതാവ് പ്രതിയായ കേസില്‍ കൃത്യമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയില്ലെന്നും അതിനാല്‍ സി.ബി.ഐ. അന്വേഷണം നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. നവീന്‍ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന സംശയമുണ്ടെന്നും സംഭവത്തില്‍ പി.പി. ദിവ്യയുടെ പങ്കിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തിയില്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

ബുധനാഴ്ച ഹര്‍ജി പരിഗണിച്ച ഹൈക്കോടതി എ.ഡി.എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ഡയറി ഹാജരാക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി. ഡിസംബര്‍ ആറാം തീയതി കേസ് ഡയറി ഹാജരാക്കാനാണ് കോടതിയുടെ നിര്‍ദേശം. ഇതിനുശേഷം ഹര്‍ജിയില്‍ ഡിസംബര്‍ ഒന്‍പതാം തീയതി കോടതി വിശദമായ വാദം കേള്‍ക്കും.

യുവാവിനോടും കുടുംബത്തോടുമുളള മുന്‍വൈരാഗ്യത്തെ തുടർന്ന് അയല്‍വാസിയായ യുവാവിനെ വധിക്കാന്‍ ന്യൂസിലന്‍ഡില്‍ ഇരുന്ന് ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പെടുത്തി. കേസിലെ അഞ്ചാം പ്രതിയെ ഒരു വര്‍ഷത്തിന് ശേഷം മുംബൈയില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തു.

കവിയൂര്‍ ആഞ്ഞിലിത്താനം മാകാട്ടി കവല തെക്കേ മാകാട്ടില്‍ അനീഷ് എന്‍. പിള്ള (42) യെയാണ് മുംബൈ വിമാനത്താവളത്തില്‍ വച്ച്‌ അറസ്റ്റ് ചെയ്തത്. കവിയൂര്‍ ആഞ്ഞിലിത്താനം പഴമ്ബള്ളില്‍ മനീഷ് വര്‍ഗീസിനെ കൊല്ലാന്‍ നാലംഗ സംഘത്തിന് ക്വട്ടേഷന്‍ കൊടുത്തുവെന്നാണ് കേസ്. മനീഷിനോടും കുടുംബത്തോടുമുളള മുന്‍വൈരാഗ്യമായിരുന്നു ക്വട്ടേഷന് പിന്നില്‍.

കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 12 ന് വൈകിട്ട് മൂന്നരക്ക് പഴമ്ബള്ളില്‍ ജങ്ഷനിലാണ് സംഭവം. ബൈക്കില്‍ മാകാട്ടി കവല റോഡില്‍ സഞ്ചരിച്ച യുവാവിനെ കാറിലെത്തിയ ഒന്നുമുതല്‍ നാലുവരെ പ്രതികള്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. മുഖത്ത് മുളകുപൊടി വിതറിയശേഷം ഇരുമ്ബ് പൈപ്പ് കൊണ്ട് തലക്കടിച്ചു വീഴ്ത്തി. തുടര്‍ന്ന് തറയിലിട്ട് മര്‍ദ്ദിച്ചു. മോട്ടോര്‍ സൈക്കിള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു.

മനപ്പൂര്‍വമല്ലാത്ത നരഹത്യ ശ്രമത്തിനാണ് ആദ്യം കേസെടുത്തതെങ്കിലും തുടരന്വേഷണത്തില്‍ വധശ്രമമാണെന്ന് കണ്ടെത്തി. എസ്.എച്ച്‌.ഓ ബി.കെ.സുനില്‍ കൃഷ്ണന്റെ നേതൃത്വത്തില്‍ പ്രതികള്‍ക്കായി തെരച്ചില്‍ നടത്തി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ പ്രതികള്‍ സഞ്ചരിച്ച കാര്‍ തിരിച്ചറിഞ്ഞു. ഒന്നുമുതല്‍ നാലുവരെ പ്രതികളായ അനില്‍ കുമാര്‍, വിഷ്ണു, സതീഷ് കുമാര്‍, റോയ് എന്നിവരെ ഒക്ടോബര്‍ 23 ന് രാത്രി അറസ്റ്റ് ചെയ്തു.

ആറാം പ്രതി അഭിലാഷ് മോഹന്‍, ഏഴാം പ്രതി സജു എന്നിവരെ ജനുവരി 10 നും മാര്‍ച്ച്‌ 12 നുമായി അന്വേഷണസംഘം പിടികൂടുകയും ചെയ്തു. അഭിലാഷ് മോഹന്‍, സജു എന്നിവരുമായി അനീഷ് ഗൂഢാലോചന നടത്തിയതായി അന്വേഷണത്തില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് അനില്‍ കുമാര്‍, വിഷ്ണു, സതീഷ് കുമാര്‍, റോയ് എന്നിവരെ കൃത്യം നടത്താന്‍ ഏല്‍പ്പിച്ചു. പ്രതികള്‍ നടത്തിയ സാമ്ബത്തിക ഇടപാടുകള്‍ സംബന്ധിച്ച ബാങ്ക് രേഖകളും വാട്സ്‌ആപ് സന്ദേശങ്ങളും പോലീസ് ശേഖരിച്ചു. അനീഷ് അഭിലാഷ് മോഹന്‍, സജു എന്നിവരുമായി നടത്തിയ സാമ്ബത്തിക ഇടപാട് പോലീസ് കണ്ടെത്തി. പിന്നീട് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി പോലീസ് ഇന്‍സ്പെക്ടര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

ന്യൂസിലാന്‍ഡില്‍ കഴിയുന്ന അനീഷിനു വേണ്ടി ലുക്ക് ഔട്ട് സര്‍ക്കുലര്‍ പോലീസ് പുറപ്പെടുവിപ്പിച്ചു. നാട്ടിലേക്കുള്ള യാത്രയ്ക്കിടെ മുംബൈ എയര്‍പോര്‍ട്ടില്‍ ഇയാളെ തടഞ്ഞു വയ്ക്കുകയായിരുന്നു. എയര്‍പോര്‍ട്ട് ഇമിഗ്രേഷനില്‍ നിന്ന് വിവരം അറിയിച്ചതനുസരിച്ച്‌ പോലീസ് സംഘം അവിടെയെത്തി കസ്റ്റഡിയിലെടുത്തു.

എസ്.ഐ മുഹമ്മദ് സാലിഹ്, എസ്.സി.പി.ഓ അഖിലേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ ഏറ്റുവാങ്ങിയത്. മുംബൈ സഹര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്ത ശേഷം അന്ധേരി ജെ എഫ് എം കോടതിയില്‍ ഹാജരാക്കി, ട്രാന്‍സിറ്റ് വാറന്റ് വാങ്ങി പ്രതിയുമായി പോലീസ് സംഘം തിരുവല്ലയിലെത്തി. തുടര്‍ നടപടികള്‍ക്ക് ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കി.

ഇസ്രയേൽ-ഹിസ്ബുള്ള യുദ്ധമവസാനിപ്പിക്കാനുള്ള സമാധാനക്കരാറിന് തന്റെ നേതൃത്വത്തിലുള്ള സുരക്ഷാ മന്ത്രിസഭ അനുമതി നൽകിയതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. ഹിസ്ബുള്ളയുടെ മുതിർന്ന നേതാക്കളെ വധിച്ചതിലൂടെയും അവരുടെ തന്ത്രപ്രധാനകേന്ദ്രങ്ങൾ തകർത്തതിലൂടെയും ലക്ഷ്യം പൂർത്തീകരിച്ചതായി അദ്ദേഹം പറഞ്ഞു.

വെടിനിർത്തൽക്കരാർ ഹിസ്ബുള്ള ലംഘിച്ചാൽ പ്രതികരിക്കുമെന്ന് നെതന്യാഹു പറഞ്ഞു. അന്തിമ അംഗീകാരത്തിനായി കരാർ മന്ത്രിസഭയുടെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. തങ്ങൾക്കെതിരേ യുദ്ധം തുടങ്ങിയത് ഹിസ്ബുള്ളയാണ്. യുദ്ധലക്ഷ്യങ്ങളിൽ പലതും കൈവരിച്ചു. അവരുമായുള്ള സംഘർഷത്തിനിടെ വടക്കൻ ഇസ്രയേലിൽനിന്ന് കുടിയിറക്കപ്പെട്ട ഇസ്രയേൽ ജനതയെ അവരുടെ വീടുകളിലേക്ക് തിരിച്ചെത്തിക്കും. ഗാസയിലെ ഹമാസിനെതിരായ യുദ്ധത്തെ കരാർ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വെടിനിർത്തൽക്കരാർ ഉടനെ നടപ്പാക്കണമെന്ന് ലെബനൻ പ്രധാനമന്ത്രി നജീബ് മിക്കാറ്റി അറിയിച്ചു. യു.എസിന്റെയും ഫ്രാൻസിന്റെയും മധ്യസ്ഥതയിൽ കൊണ്ടുവരുന്ന വെടിനിർത്തൽക്കരാറിനാണ് അനുമതി നൽകിയത്. കരാറിന് ഹിസ്ബുള്ളയുടെ പിന്തുണയുണ്ടെന്ന് ലെബനീസ് അധികൃതർ പറഞ്ഞു. രണ്ടുമാസത്തെ വെടിനിർത്തൽ, ഹിസ്ബുള്ളയുടെ സായുധവിഭാഗത്തിന്റെ തെക്കൻ ലെബനനിലെ പ്രവർത്തനം പൂർണമായും അവസാനിപ്പിക്കൽ, ലെബനനിൽനിന്നുള്ള ഇസ്രയേൽസേനയുടെ പിന്മാറ്റം എന്നിവയാണ് കരാറിലെ പ്രധാന വ്യവസ്ഥകളെന്നാണ്‌ വിവരം.

തെക്കൻ അതിർത്തിയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ലെബനീസ് സൈന്യത്തെയും ലെബനനിലെ യു.എൻ. സമാധാനസേനയെയും (യൂണിഫിൽ) വിന്യസിക്കും. യു.എസിന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്രസമിതിക്കായിരിക്കും നിരീക്ഷണച്ചുമതല. അതേസമയം, കരാറിന്റെ പ്രായോഗികത സംബന്ധിച്ച് ആശങ്കകൾ നിലനിൽക്കുന്നുണ്ട്.

ഹിസ്ബുള്ള വാക്കുതെറ്റിച്ചാൽ സ്വയംപ്രതിരോധിക്കാനുള്ള അവകാശം ഉറപ്പാക്കണമെന്ന് ഇസ്രയേൽ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അക്കാര്യം കരാറിൽ ചേർക്കാൻ ലെബനൻ സമ്മതിച്ചിട്ടില്ല. കരാർ നടപ്പാക്കുന്നതിൽ യൂണിഫിലിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായാൽ ഹിസ്ബുള്ളയ്ക്കുനേരേ ആക്രമണം തുടരുമെന്ന് ഇസ്രയേൽ വിദേശകാര്യമന്ത്രി കാറ്റ്സ് ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു.

കരാറിന് അംഗീകാരം നൽകുന്നത് ഹിസ്ബുള്ളയെ തുടച്ചുനീക്കാനുള്ള ചരിത്രപരമായ അവസരം നഷ്ടപ്പെടുത്തലാകുമെന്ന് ഇസ്രയേൽ ദേശസുരക്ഷാമന്ത്രി ഇതാമർ ബെൻ ഗ്വിർ പറഞ്ഞു.

ഗാസയിലെ യുദ്ധത്തിനു സമാന്തരമായി 13 മാസമായി ഇസ്രയേലും ഹിസ്ബുള്ളയും തമ്മിൽ നടക്കുന്ന സംഘർഷത്തിനിടെ 3760 പേരാണ് ലെബനനിൽ കൊല്ലപ്പെട്ടത്. ഇസ്രയേലിന് 82 പട്ടാളക്കാരെയും 47 പൗരരെയും നഷ്ടപ്പെട്ടു. പേജർ സ്ഫോടനപരമ്പരയ്ക്കുപിന്നാലെ സെപ്റ്റംബർ അവസാനമാണ് ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ഇസ്രയേൽ ലെബനനിൽ പൂർണതോതിലുള്ള യുദ്ധമാരംഭിച്ചത്.

വെടിനിർത്തൽക്കരാറിന് അനുമതി നൽകുന്നതിനുമുന്നോടിയായി ലെബനനിൽ ഇസ്രയേൽ ആക്രമണം ശക്തമാക്കിയിരുന്നു. മധ്യ ബയ്റുത്തിലും നഗരത്തിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലും ഇസ്രയേലി പോർവിമാനങ്ങൾ ശക്തമായ ബോംബാക്രമണം നടത്തി. ബയ്റുത്തിലെ 20 കെട്ടിടങ്ങൾകൂടി ഒഴിയാൻ സൈന്യം നിർദേശിച്ചു. വെടിനിർത്തലിനുള്ള തീരുമാനം വരുംമുൻപ് ഹിസ്ബുള്ളയുടെ കൂടുതൽ ശക്തികേന്ദ്രങ്ങൾ തകർക്കുകയാണ് ലക്ഷ്യമെന്നാണ് വിലയിരുത്തൽ. തിങ്കളാഴ്ച ലെബനനിലുണ്ടായ ഇസ്രയേൽ ആക്രമണങ്ങളിൽ 31 പേർ കൊല്ലപ്പെട്ടു.

യുകെയിൽ നഴ്‌സിങ് അസിസ്‌റ്റന്‍റ് ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് വാഗ്‌ദാനം ചെയ്‌ത ശേഷം 50,000 രൂപ തട്ടിയ കേസിൽ ഒന്നാം പ്രതിയെ റാന്നി പൊലീസ് അറസ്‌റ്റ് ചെയ്‌തു. കോഴിക്കോട് കരിക്കുറ്റി സ്വദേശിനിയെ കബളിപ്പിച്ച കേസിലാണ് അറസ്‌റ്റ്. ഇടുക്കി അണക്കര രാജാക്കണ്ടം വണ്ടൻമേട് കല്ലട വാഴേപ്പറമ്പിൽ വീട്ടിൽ ജോമോൻ ജോൺ (42) ആണ് പിടിയിലായത്.

കഴിഞ്ഞ വർഷം ഡിസംബർ 22 ന് യുവതിയുടെ കോഴിക്കോട് ഗോവിന്ദപുരത്തുള്ള പഞ്ചാബ് നാഷണൽ ബാങ്ക് ശാഖയിലെ അക്കൗണ്ടിൽ നിന്നും, ജോമോന്‍റെ കൂട്ടുകാരനും രണ്ടാം പ്രതിയുമായ മനു മോഹൻ മുഖേന ഒന്നാം പ്രതിയുടെ റാന്നിയിലുള്ള സ്ഥാപനത്തിന്‍റെ അക്കൗണ്ടിലേക്ക് പണം കൈപ്പറ്റിയത്.

റാന്നി പാലത്തിനടുത്താണ് ജോമോൻ നടത്തുന്ന ഹോളി ലാൻഡ് കൺസൾട്ടൻസി എന്ന സ്ഥാപനം പ്രവർത്തിക്കുന്നത്. സ്ഥാപനത്തിന്‍റെ ഫെഡറൽ ബാങ്ക് അക്കൗണ്ട് മുഖേനയാണ് യുവതിയിൽ നിന്നും പണം കൈപ്പറ്റിയത്. തുടർന്ന് ജോലി തരപ്പെടുത്തി കൊടുക്കുകയോ വാങ്ങിയ പണം തിരികെ നൽകുകയോ ചെയ്‌തില്ല എന്നാണ് പരാതി. ഈ മാസം രണ്ടിന് റാന്നി പൊലീസ് സ്റ്റേഷനിൽ എത്തി യുവതി വിവരം പറഞ്ഞതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് മൊഴി രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു.

തുടർന്ന് അന്വേഷണം ആരംഭിച്ച പൊലീസ്, റാന്നി പഴവങ്ങാടി ബ്രാഞ്ചിൽ ഉള്ള ജോമോന്‍റെ ബാങ്ക് അക്കൗണ്ടിന്‍റെ 2023 ഓഗസ്റ്റ് ഒന്ന് മുതലുള്ള ഇടപാടുകളുടെയും കെ വൈ സി സംബന്ധിച്ചതുമായ വിവരങ്ങളും ശേഖരിച്ചു. യുവതി രണ്ടാം പ്രതി മുഖേന പണം അയച്ചതിന്‍റെ തെളിവിലേക്ക്, ഇയാളുടെ പേരിൽ റാന്നി പഴവങ്ങാടി ശാഖയിലെ കഴിഞ്ഞവർഷം ഡിസംബർ ഒന്നുമുതലുള്ള ഇടപാടുകയുടെ രേഖകളും, കെ വൈ സി വിവരങ്ങളും, യുവതിയുടെ പഞ്ചാബ് നാഷണൽ ബാങ്ക് അക്കൗണ്ട് ഇടപാടുകൾ സംബന്ധിച്ച രേഖകളും മറ്റും ലഭ്യമാക്കി വിശദമായി പരിശോധിച്ചു.

പിന്നീട് നടത്തിയ അന്വേഷണത്തിൽ ജോമോനെ ഇപ്പോൾ താമസിക്കുന്ന റാന്നി നെല്ലിക്കാമണ്ണിലെ വീടിന് സമീപത്തു നിന്നും പിടികൂടുകയായിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്‌തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. ഇസ്രായേൽ, യുകെ എന്നിവടങ്ങളിലേക്ക് ജോലി തരപ്പെടുത്താമെന്ന് പറഞ്ഞാണ് ഇയാൾ തട്ടിപ്പ് ഏറെയും നടത്തുന്നതെന്ന് അന്വേഷണത്തിൽ പൊലീസിന് വ്യക്തമായി.

ഇയാൾക്കെതിരെ മറ്റൊരു പരാതിയുടെ അടിസ്ഥാനത്തിൽ ഒരു കേസ് കൂടി രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്. സമാനമായ നിരവധി പരാതികൾ സ്റ്റേഷനിലും, ജില്ലാ പൊലീസ് മേധാവിക്കും ലഭിക്കുന്നുണ്ട്. രണ്ടാമത് എടുത്ത കേസിൽ ബാങ്ക് രേഖകൾ കിട്ടുന്നതിന് അപേക്ഷ നൽകിയതായും , കിട്ടുന്ന മുറക്ക് തുടർനടപടി കൈക്കൊള്ളുന്നതിന് നിർദേശം നൽകിയതായും ജില്ലാ പൊലീസ് മേധാവി വി ജി വിനോദ് കുമാർ പറഞ്ഞു.

കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. റാന്നി ഡി വൈ എസ് പി ആർ ജയരാജിന്‍റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. പൊലീസ് ഇൻസ്‌പെക്‌ടര്‍ ജിബു ജോണിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിൽ എ എസ് ഐ അജു കെ അലി, എസ് സി പി ഓമാരായ അജാസ് ചാരുവേലിൽ,
ഗോകുൽ എന്നിവരാണ് ഉള്ളത്.

പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച പ്ലസ്ടു വിദ്യാര്‍ഥിനി ഗര്‍ഭിണിയെന്ന് കണ്ടെത്തല്‍. പത്തനംതിട്ട സ്വദേശിനിയായ 17 വയസ്സുകാരി അഞ്ചുമാസം ഗര്‍ഭിണിയാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയത്. ഇതോടെ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

മരിച്ച 17-കാരി പത്തനംതിട്ടയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്ലസ്ടു വിദ്യാര്‍ഥിനിയാണ്. പനി ബാധിച്ച പെണ്‍കുട്ടി ഒരാഴ്ചയോളം പത്തനംതിട്ടയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. നവംബര്‍ 22-ാം തീയതിയാണ് പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ മരണത്തില്‍ അസ്വാഭാവികത തോന്നിയതിനാലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ തീരുമാനിച്ചത്. പോസ്റ്റ്മോർട്ടത്തിലാണ് പെണ്‍കുട്ടി അഞ്ചുമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. പെണ്‍കുട്ടി അമിതമായ അളവില്‍ മരുന്ന് കഴിച്ചതായും സംശയിക്കുന്നുണ്ട്. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയതോടെ സംഭവത്തില്‍ പോക്‌സോ വകുപ്പുള്‍ കൂടി ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

റോമി കുര്യാക്കോസ്

യു കെ: കേരളത്തിലെ ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥികൾ നേടിയ അവിസ്മരണീയ വിജയത്തിൽ ഒ ഐ സി സി (യു കെ) യുടെ ആഭിമുഖ്യത്തിൽ യു കെയിലെ വിവിധ സ്ഥലങ്ങളിൽ ആഹ്ളാദ പ്രകടനങ്ങളും മധുര വിതരണവും സംഘടിപ്പിച്ചു. പലയിടങ്ങളിലും പ്രവർത്തകർ കേക്ക് മുറിച്ചു സന്തോഷം പങ്കിടുകയും കൊടിതോരണങ്ങളും മുദ്രാവാക്യം വിളികളുമായി ആഹ്ളാദപ്രകടനം സംഘടിപ്പിക്കുകയും ചെയ്തു. യു കെയിലെ മാഞ്ചസ്റ്ററിലും ബാസിൽഡണിലും സംഘടിപ്പിച്ച വിജയാഘോഷ പരിപാടികൾ ഒ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്തു.

മാഞ്ചസ്റ്റർ റീജിയന്റെ ആഭിമുഖ്യത്തിൽ ബോൾട്ടനിൽ സംഘടിപ്പിച്ച ആഘോഷങ്ങൾക്ക് ഒ ഐ സി സി (യു കെ) ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് നേതൃത്വം നൽകി. നാഷണൽ കമ്മിറ്റി അംഗം ബേബി ലൂക്കോസ്, റീജിയൻ പ്രതിനിധികളായ ജിപ്സൺ ജോർജ് ഫിലിപ്സ്, സജി വർഗീസ് എന്നിവർ പ്രസംഗിച്ചു. യു ഡി എഫ് നേടിയ ഗംഭീര വിജയം പ്രവർത്തകർ കേക്ക് മുറിച്ചും മധുരവിതരണം നടത്തിയും കൊടിതോരണങ്ങളും മുദ്രാവാക്യം വിളികളുമായാണ് ആഘോഷമാക്കിയത്. ഋഷിരാജ്, റോബിൻ, ബിന്ദു ഫിലിപ്പ്, ജിൽജോ, റിജോമോൻ റെജി, എൽദോ നെല്ലിക്കൽ ജോർജ്, ജേക്കബ് വർഗീസ്, അനുരാജ്, റീന റോമി, ഹെയ്സൽ മറിയം തോമസ് തുടങ്ങിയവർ പങ്കെടുത്തു.

ഒ ഐ സി സി (യു കെ) വൈസ് പ്രസിഡന്റ്‌ ഫിലിപ്പ് കെ ജോൺ നേതൃത്വം നൽകിയ ബാസിൽഡൺ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികളിൽ സംഘടനയുടെ നാഷണൽ / റീജിയൻ ഭാരവാഹികളും മറ്റു പ്രവർത്തകരും പങ്കെടുത്തു.

വർഗീയതയ്ക്കും സ്വജനപക്ഷപാതത്തിനും എതിരെ ജനനങ്ങൾ കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്ക് നൽകിയ ശക്തമായ താക്കീതാണ് യു ഡി എഫ് നേടിയ മിന്നും വിജയമെന്ന് നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് പറഞ്ഞു. വരും ദിവസങ്ങളിൽ യു കെയിലെ മറ്റു സ്ഥലങ്ങളിലും സമാനമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്നും കൂട്ടിച്ചേർത്തു.

ഉപതെരഞ്ഞെടുപ്പിന്റെ പ്രചരണ വേളയിൽ പാലക്കാട്‌, ചേലക്കര, വയനാട് മണ്ഡലങ്ങളിൽ ഓ ഐ സി സി (യു കെ)യുടെ നേതൃത്വത്തിൽ രൂപീകരിച്ച 50 അംഗ കർമ്മസേനയുടെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനം ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയിരുന്നു. നേരിട്ടുള്ള വോട്ടഭ്യർത്ഥന, ഗൃഹ സന്ദർശനം, വാഹന പര്യടനം തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ ശക്തമായ പ്രചരണമാണ് യു ഡി എഫ് സ്ഥാനാർഥികളുടെ വിജയത്തിനായി സംഘടന നടത്തിയത്. പ്രചാരണ പ്രവർത്തനങ്ങൾക്ക് മാത്രമായി നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ്, ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് എന്നിവർ യു കെയിൽ നിന്നും കേരളത്തിൽ എത്തിയിരുന്നു. വയനാട് മണ്ഡലത്തിലെ പ്രവർത്തനങ്ങളിൽ വൈസ് പ്രസിഡന്റ്‌ ഫിലിപ്പ് കെ ജോണും സജീവ സാന്നിധ്യമായിരുന്നു.

വയനാട്ടില്‍ വോട്ട് കുറഞ്ഞതില്‍ സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി സിപിഐ. സിപിഎം പ്രവര്‍ത്തകര്‍ പോലും കൃത്യമായി വോട്ട് ചെയ്തില്ലെന്നാണ് സിപിഐയുടെ ആരോപണം.

മണ്ഡല രൂപീകരണത്തിന് ശേഷം ഏറ്റവും കുറഞ്ഞ വോട്ടുകളാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ സത്യന്‍ മൊകേരിക്ക് നേടാനായത്. 2014 ല്‍ നേടിയ ഏറ്റവും കൂടുതല്‍ വോട്ടിനേക്കാള്‍ 1.4 ലക്ഷത്തോളം വോട്ടിന്റെ കുറവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സിപിഎം പുലര്‍ത്തിയ നിസംഗതയാണ് കനത്ത തിരിച്ചടിക്ക് കാരണമായതെന്നാണ് സിപിഐ വിലയിരുത്തല്‍.

പ്രചാരണ വേളയില്‍ സിപിഎം പ്രവര്‍ത്തകരുടെ മുഴുവന്‍ ശ്രദ്ധയും പാര്‍ട്ടി സമ്മേനങ്ങളിലായിരുന്നുവെന്നാണ് സിപിഐയുടെ ആരോപണം. ഇത് പരാജയത്തിന്റെ ആഘാതം കൂട്ടി. ഭവന സന്ദര്‍ശനങ്ങള്‍ നടുത്തുന്നതിലും കുടുംബയോഗങ്ങള്‍ വിളിക്കുന്നതിലും അലംഭാവം കാട്ടി.

സിപിഐക്ക് സ്വാധീനം കുറവുള്ള മേഖലകളില്‍ അഭ്യര്‍ത്ഥന വിതരണം പോലും താളം തെറ്റിയിരുന്നു. ബത്തേരിയിലെ 97 ബൂത്തുകളിലും മാനന്തവാടിയില്‍ 39 ബൂത്തുകളിലും കല്‍പ്പറ്റയില്‍ 35 ബൂത്തുകളിലും എല്‍ഡിഎഫ് മൂന്നാം സ്ഥാനത്താണുള്ളത്. മന്ത്രി ഒ.ആര്‍ കേളുവിന്റെ തിരുനെല്ലി പഞ്ചായത്തില്‍ പോലും സത്യന്‍ മൊകേരിക്ക് ലീഡ് നേടാനായില്ല.

എന്നാല്‍ സിപിഐ ആരോപണം തള്ളി എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍ രംഗത്ത് വന്നു. തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സിപിഎം സജീവമായിരുന്നു എന്നാണ് അദേഹത്തിന്റെ പക്ഷം. മുഖ്യമന്ത്രി അടക്കമുള്ള മുതിര്‍ന്ന സിപിഎം നേതാക്കള്‍ മണ്ഡലത്തിലെ പ്രചാരണത്തില്‍ പങ്കെടുത്തെന്ന് ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.

പ്രിയങ്ക ഗാന്ധിക്കെതിരെ മികച്ച പോരാട്ടം കാഴ്ചവയ്ക്കണമെന്ന എല്‍ഡിഎഫ് തീരുമാനത്തിലാണ് മുതിര്‍ന്ന നേതാവായ സത്യന്‍ മൊകേരിയെ രംഗത്ത് ഇറക്കിയത്. 2009 ലെ മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം എല്‍ഡിഎഫിന് വേണ്ടി ഏറ്റവും കൂടുതലും ഏറ്റവും കുറഞ്ഞ വോട്ടും നേടിയ സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിയാണ്.

മഹാഭൂരിപക്ഷത്തില്‍ മഹാരാഷ്ട്രയില്‍ അധികാരം നേടിയ മഹായൂതി സഖ്യത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി തര്‍ക്കം. മുഖ്യമന്ത്രി പദവി രണ്ടര വര്‍ഷം വീതം പങ്കിടണമെന്നാണ് ഏക്നാഥ് ഷിന്‍ഡേ വിഭാഗത്തിന്റെ ആവശ്യം. ആദ്യ ടേം തങ്ങള്‍ക്ക് നല്‍കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

എന്നാല്‍ 288 അംഗ നിയമസഭയില്‍ സ്വന്തമായി കേവല ഭൂരിപക്ഷത്തോടടുത്ത 132 സീറ്റുള്ള ബിജെപി, മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് തീരുമാനിച്ചിട്ടുള്ളത്.

സഖ്യത്തില്‍ 57 സീറ്റുള്ള ഷിന്‍ഡേ വിഭാഗത്തിന് മുഖ്യമന്ത്രി സ്ഥാനം ചോദിക്കാന്‍ അവകാശമില്ലെന്ന വിലയിരുത്തലാണ് ബിജെപി നേതൃത്വത്തിനുള്ളത്. മാത്രമല്ല എന്‍സിപി നേതാവ് അജിത് പവാറിന്റെ പിന്തുണയും ഫഡ്നാവിസിനുണ്ട്.

മുഖ്യമന്ത്രി സ്ഥാനം രണ്ടര വര്‍ഷമായി പങ്കുവെക്കണമെന്ന് ഏക്നാഥ് ഷിന്‍ഡേ ആവശ്യപ്പെട്ട സാഹചര്യത്തില്‍ മുന്നണിയിലെ പ്രമുഖ നേതാക്കളായ ദേവേന്ദ്ര ഫഡ്നാവിസ്, ഏക്നാഥ് ഷിന്‍ഡേ, അജിത് പവാര്‍ എന്നിവര്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും. ഇതിന് ശേഷമായിരിക്കും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുക.

മഹാരാഷ്ട്ര എന്‍സിപി എംഎല്‍എമാര്‍ അജിത് പവാറിനെയും ശിവസേന എംഎല്‍എമാര്‍ ഏക്‌നാഥ് ഷിന്‍ഡേയെയും അതത് പാര്‍ട്ടികളുടെ നിയമസഭാ കക്ഷിനേതാക്കളായി കഴിഞ്ഞ ദിവസം തിരഞ്ഞെടുത്തിരുന്നു. ബിജെപി നേതാവിനെ കേന്ദ്ര നേതൃത്വം പ്രഖ്യാപിക്കുമെന്നാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെ അറിയിച്ചത്.

ഫഡ്‌നവിസിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ആര്‍എസ്എസ് നേതൃത്വം ബിജെപിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ശിവസേനയെ പിളര്‍ത്തി വന്ന ഷിന്‍ഡേയെ കേന്ദ്ര നേതൃത്വം മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിയോഗിച്ചത് അന്നത്തെ പ്രത്യേക സാഹചര്യത്തിലാണെന്നും ഇനിയും അവസരം നല്‍കേണ്ടതില്ലെന്നുമാണ് സംസ്ഥാന ബിജെപി നേതാക്കളുടെ നിലപാട്.

മുഖ്യമന്ത്രിയായി സംസ്ഥാന നേതൃത്വത്തിന് ദേവേന്ദ്ര ഫഡ്‌നവിസിന്റെ പേരു മാത്രമേ നിര്‍ദേശിക്കാനുള്ളൂവെന്ന് ബവന്‍കുലെ വ്യക്തമാക്കി.

നിയമസഭയിലെ കക്ഷിനില:

ബിജെപി-132, ശിവസേന-57, എന്‍സിപി- 41, ശിവസേന (യുബിടി)- 20, കോണ്‍ഗ്രസ്-16, എന്‍സിപി (എസ്.പി) 10, സമാജ് വാദി പാര്‍ട്ടി-2, ജന്‍ സുരാജ്യ ശക്തി-2, രാഷ്ട്രീയ യുവ സ്വാഭിമാനി പാര്‍ട്ടി -1, രാഷ്ട്രീയ സമാജ് പക്ഷ -1, എഐഎംഐഎം-1, സിപിഎം-1, പിഡബ്ല്യുപി-1, സ്വതന്ത്രര്‍-2.

ജിമ്മി ജോസഫ്

സ്കോട്ട് ലാൻഡിലെ മലയാളി സമൂഹത്തിന്റെ വളർച്ചയുടെ നാൾവഴികളിൽ മറ്റൊരു തിലകക്കുറി ചാർത്തി കൊണ്ട്, മാധ്യമ രംഗത്ത് യൂറോപ്പിൽ മുൻനിരയിലെത്തിയ മലയാളം യുകെ ന്യൂസ് മീഡിയാ പാർട്ണറായി ചേർന്നുകൊണ്ട് ഐഡിയലിസ്റ്റിക്ക് ഫിനാൻഷ്യൻസ് ലിമിറ്റഡിൻ്റെ സഹകരണത്തോടെ സ്കോട്ട് ലാൻഡിലെ യുസ്മയുടെ നേതൃത്വത്തിൽ സ്കോട്ട് ലാൻഡിലെ ഒരു ഡസനിലേറെ മലയാളി സംഘടനകൾ ചേർന്ന് നടത്തുന്ന യുസ്മ അവാർഡ് നൈറ്റും യുസ്മ നാഷണൽ കലാമേളയും ലീവിംഗ് സ്റ്റണിലെ അർമാഡൈൽ അക്കാഡമിയിൽ നവംബർ 30 ന് ശനിയാഴ്ച രാവിലെ 11 മണി മുതൽ അരങ്ങേറുന്നു.

സ്കോട്ട് ലാൻ്റ് മലയാളികളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ രൂപം കൊണ്ട യുസ്മ (United Scotland Malayalee Association) യുടെ നാഷണൽ കലാമേളയാണ് അവാർഡ് നൈറ്റിനോടൊപ്പം നടത്തപ്പെടുന്നത്.
യുസ്മ നാഷണൽ കലാമേള മത്സരത്തിൽ വിജയിക്കുന്നവർക്ക് അന്നേ ദിവസം നടക്കപ്പെടുന്ന അവാർഡ് നൈറ്റിൽ ക്ഷണിക്കപ്പെട്ട സദസ്സിന് മുമ്പാകെ നമ്മാനങ്ങൾ നൽകപ്പെടും.

സ്റ്റേജ് നിറഞ്ഞ് നിൽക്കുന്ന എൽഇഡി സ്ക്രീൻ, കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റിംഗ് സംവിധാനങ്ങൾ, സാങ്കേതിക വിദ്യയോടെയുള്ള ശബ്ദ നിയന്ത്രണം, പരിചയ സമ്പന്നരായ ടെക്നീഷ്യൻമാരുടെ സഹകരണം ,മികച്ച ജഡ്ജിംങ് പാനൽ ഇതെല്ലാം യുസ്മ കലാമേളയ്ക്കും അവാർഡ് നിശയ്ക്കും കൊഴുപ്പേകും. സ്കോട്ട് ലാൻഡ് മലയാളി കുടിയേറ്റ ചരിത്രത്തിൽ മറ്റൊരു നാഴികകല്ലായി നടത്തപ്പെടുന്ന കലാമേളയ്ക്കുള്ള ഒരുക്കങ്ങൾ എല്ലാം അണിയറയിൽ പൂർത്തിയായി കഴിഞ്ഞു.

സ്കോട്ട് ലാൻഡിലെ മലയാളികളുടെ കലാഭിരുചി വളർത്താനും, പ്രോത്സാഹിപ്പിക്കാനും, അർഹമായ അഗീകാരങ്ങൾ നൽകി ആദരിക്കാനുമായി നടത്തപ്പെടുന്ന ഈ സംരഭത്തിന് സ്കോട്ട് ലാൻഡിലെ എല്ലാ വ്യക്തികൾക്കും അവർ പ്രതിനിധാനം ചെയ്യുന്ന സംഘടനയുടെ ഭാഗമായോ അല്ലാതെയോ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. യുസ്മ കലാമേളയിൽ സ്കോട്ട് ലാൻഡിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും പങ്കെടുക്കുന്ന മത്സരാർത്ഥികൾക്കായി വിവിധ പ്രായ പരിധിയിലുള്ളവർക്കായി വ്യക്തിഗത , ഗ്രൂപ്പിനങ്ങളിലായി നടത്തപ്പെടുന്ന മത്സര ഇനങ്ങൾ :

സോളോ സോംഗ്, സിംഗിൾ ഡാൻസ്, ഉപകരണ സംഗീതം (കീബോർഡ് ) ( ഗിത്താർ ), മലയാളം പദ്യം ചൊല്ലൽ, പ്രസംഗം (മലയാളം) (ഇംഗ്ലീഷ്), മിമിക്രി, മോണോ ആക്ട്, പെയ്ൻ്റിംഗ്, ഡ്രോയിംങ്, ഫാൻസി ഡ്രസ്സ്, തിരുവാതിര, ഒപ്പന, മാർഗ്ഗം കളി, ഗ്രൂപ്പ് ഡാൻസ്, ഗ്രൂപ്പ് സോംഗ്, സ്കിറ്റ്

നവംബർ 30 ന് ശനിയാഴ്ച ഉച്ചയ്ക്ക് 11 മുതൽ ലിവിംഗ്സ്റ്റൺ അർമാഡൈൽ അക്കാദമി ഓഡിറ്റോറിയത്തിൽ പ്രത്യേകം സജ്ജമാക്കിയ വിവിധ സ്റ്റേജുകളിലായിരിക്കും മത്സരങ്ങൾ നടത്തപ്പെടുക. കലാമേളയുടെയും അവാർഡ് നിശയുടെയും വിജയത്തിനായി അംഗ അസോസിയേഷനുകളുടെ സഹകരണത്തോടെ യുസ്മ ഭരണ സമതിയുടെ നേത്രത്വത്തിൽ എല്ലാ സജ്ജീകരണങ്ങളും തയ്യാറായി കഴിഞ്ഞതായി സംഘാടകർ അറിയിച്ചു.

 

Copyright © . All rights reserved