Latest News

ജയ്പുർ ∙ മദ്യപിക്കുന്നത് തൊണ്ടയിൽ നിന്ന് കൊറോണ വൈറസിനെ നശിപ്പിക്കുമെന്നും, അതിനാൽ മദ്യവിൽപനശാലകൾ തുറക്കണമെന്നും ആവശ്യപ്പെട്ട് രാജസ്ഥാനിലെ കോൺഗ്രസ് എം‌എൽ‌എ മുഖ്യമന്ത്രി അശോക് ഗെലോട്ടിന് കത്തെഴുതി. സാങ്കോഡിൽ നിന്നുള്ള കോൺഗ്രസ് എം‌എൽ‌എ ഭരത് സിങ് കുന്ദൻ‌പുർ ആണ് വ്യാഴാഴ്ച മുഖ്യമന്ത്രിക്ക് കത്തെഴുതിയത്. ലോക്ഡൗൺ കാരണം സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കെ, അനധികൃത മദ്യവിൽപനക്കാർ നേട്ടമുണ്ടാക്കുകയാണെന്നും അദ്ദേഹം കത്തിൽ പറയുന്നു.

‘വ്യാജമദ്യം കഴിച്ച് ജനങ്ങളുടെ ആരോഗ്യം അപകടത്തിലാണ്. അത് സർക്കാരിനും സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു. സർക്കാരിനെയും ജനങ്ങളെയും സഹായിക്കുന്നതിന്, സംസ്ഥാനത്തെ മദ്യവിൽപന ശാലകൾ വീണ്ടും തുറക്കുന്നതാണ് ബുദ്ധി. മദ്യം ഉപയോഗിച്ച് കൈകഴുകുമ്പോൾ കൊറോണ നശിക്കുന്നതുപോലെ, മദ്യം കഴിക്കുന്നത് തൊണ്ടയിലെ വൈറസിനെ നശിപ്പിക്കാൻ സഹായിക്കും. വ്യാജ മദ്യം കുടിക്കുന്നതിനേക്കാൾ നല്ലതാണ് ഇത്’– കത്തിൽ പറയുന്നു.

ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെ എക്‌സൈസ് തീരുവ 35 ശതമാനമായും ബിയർ ഉൾപ്പെടെയുള്ളവയുടെ തീരുവ 45 ശതമാനമായും സംസ്ഥാന സർക്കാർ ഉയർത്തിയതിന് തൊട്ടുപിന്നാലെയാണ് ഭരത് സിങ്ങിന്റെ കത്ത്. അതേസമയം, രാജസ്ഥാനിൽ മൂന്ന് കോവിഡ് 19 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 58 ആയി. 2584 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തലവടി :ലോക് ഡൗൺ കാലഘട്ടം അവിസ്മരണീയമാക്കി വിദ്യാർത്ഥിനി. ഉപയോഗശൂന്യമായി വലിച്ചെറിയുന്ന എന്തും ഉപയോഗപ്രദമാക്കുകയാണ് അശ്വതി അജികുമാർ.

തലവടി നടുവിലെമുറിയിൽ കലവറശ്ശേരിൽ അജികുമാറിൻ്റെയും ജൂനായുടെയും ഏകമകളാണ് അശ്വതി അജികുമാർ.ലോക് ഡൗൺ കാലം വീടിനുള്ളിൽ തന്നെ ആയിരുന്നെങ്കിലും ഒറ്റ നിമിഷം പോലും പാഴാക്കാതെ വർണ്ണങ്ങൾ ചാലിച്ച് ഉപയോഗശൂന്യമായ മുട്ടത്തോടുകൾ ,കുപ്പികൾ, ചിരട്ട തുടങ്ങിയ വസ്തുക്കളിൽ ചിത്ര പണികൾ ചെയ്ത് കൗതകകരമാക്കുകയായിരുന്നു അശ്വതി.

ചിത്രരചനയിലും കഴിവ് തെളിയിക്കപെട്ട അശ്വതി നിരവധി ചിത്രങ്ങൾ ഇതിനോടകം വരച്ചു കഴിഞ്ഞു.ലോക് ഡൗണിന് ശേഷം ഇവയുടെ എക്സിബിഷൻ നടത്തി ലഭിക്കുന്ന തുക പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസ നിധിയിലേക്ക് നല്കാനാണ് അശ്വതിയുടെ തീരുമാനം. എക്സിബിഷനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുക്കാമെന്ന് തലവടി തിരുപനയനൂർകാവ് ദേവിക്ഷേത്രം മുഖ്യ കാര്യദർശി ബ്രഹ്മശ്രീ ആനന്ദൻ നമ്പൂതിരി തിരുമേനി പറഞ്ഞിട്ടുണ്ടെന്ന് അശ്വതി പറഞ്ഞു.ക്ഷേത്രം മാനേജർ കൂടിയാണ് അശ്വതിയുടെ പിതാവ് അജികുമാർ കലവറശ്ശേരിൽ.

പ്ലസ് ടൂ പരീക്ഷ കാലയളവിൽ ലോക് ഡൗൺ ആരംഭിച്ചപ്പോൾ കൂട്ടുകാരുമായി സമ്പർക്കം ഒന്നും ഇല്ലാതെ വീട്ടിൽ കഴിയുന്ന സമയത്ത് ഒരു മുട്ടത്തോടിൽ നടത്തിയ പരീക്ഷണം വിജയിച്ചു.ഇതോടെ നിറങ്ങളെ കൂട്ടുപിടിച്ച് മനസ് നിറയെ വർണ്ണങ്ങളാക്കി ആ വര്‍ണങ്ങള്‍ പാഴ് വസ്തുക്കളിൽ ചേര്‍ത്ത് വച്ച് ബോട്ടില്‍ ആര്‍ട് ഉൾപെടെയുള്ളവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ നിരവധി കൗതുക വസ്തുകളാണ് നിര്‍മ്മിച്ചത്.ഗിറ്റാർ, പാവകൾ, കിളിക്കൂട്, നൈറ്റ് ലാംബ് ,ഫ്ളവർ ബേസ് തുടങ്ങിയ നിരവധി ഇനങ്ങൾ ഇതിനോടകം നിർമ്മിച്ചു കഴിഞ്ഞു.

മുട്ടാർ സെൻ്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി ആയ ആശ്വതി ഹൈസ്കൂൾ പഠന കാലയളവിൽ ജൂണിയർ റെഡ് ക്രോസ് അംഗവും കഴിഞ്ഞ രണ്ട് വർഷം എൻ.എസ്.എസ് വോളണ്ടിയറും ആയിരുന്നു.കൂടാതെ തലവെടി തിരുപനയനൂർകാവ് ദേവിക്ഷേത്ര വിദ്യാ രാജ്ഞി യജ്ഞത്തിൻ്റെ ലീഡർ കൂടിയാണ്. രണ്ടാം ക്ലാസ് മുതൽ നവരാത്രി വിദ്യാ രാജ്ഞി യജ്ഞത്തിൽ പങ്കെടുത്തിട്ടുള്ള അശ്വതിക്ക് ലഭിച്ച പരിശീലനവും പ്രോത്സാഹനവും ആണ് അശ്വതിയെ ഒരു ബഹുമുഖ പ്രതിഭയാക്കിയതെന്ന് മാതാപിതാക്കൾ പറഞ്ഞു.വാർത്ത വായന മത്സരങ്ങളിൽ മികവ് പുലർത്തുന്ന അശ്വതിക്ക് ഇംഗ്ലീഷ് അദ്ധ്യാപിക ആകാനാണ് താത്പര്യം.

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ മെയ് 21നകം കൊവിഡ് വ്യാപനം അവസാനിക്കുമെന്ന് പഠന റിപ്പോർട്ട്. സിങ്കപ്പുർ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ആൻഡ് ഡിസൈനിലെ ഗവേഷകരാണ് പഠന റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്. വിവിധ രാജ്യങ്ങളിൽനിന്നുള്ള രോഗബാധിതർ, രോഗബാധ സംശയിക്കുന്നവർ, രോഗവിമുക്തരായവർ തുടങ്ങിയവരുടെ വിവരങ്ങൾക്കൊപ്പം കൊറോണ വൈറസിന്റെ ജീവിത ചക്രത്തിന്റെ വിവരങ്ങളും ശേഖരിച്ച് നിർമിതബുദ്ധിയുടെ സഹായത്തോടെ അപഗ്രഥിച്ചാണ് ഗവേഷകർ പഠനം നടത്തിയത്.

ഗവേഷകരുടെ നിഗമനമനുസരിച്ച് മെയ് 21 ആകുമ്പോഴേക്കും ഇന്ത്യയിലെ കോവിഡ്-19 ന്റെ വ്യാപനം 97 ശതമാനവും കറയും. മെയ് 29 ആകുമ്പോഴേക്കും ലോകമാകെയുള്ള കോവിഡ് വ്യാപനത്തിന്റെ നിരക്കും വലിയ തോതിൽ കുറയും. ഡിസംബർ എട്ട് ആകുമ്പോഴേക്കും രോഗം പൂർണമായും അപ്രത്യക്ഷമാകുമെന്നും ഇവർ വിലയിരുത്തുന്നു. മെയ് 16 വരെ ലോക്ക് ഡൗൺ നീട്ടിയാൽ ഇന്ത്യയിൽ കൊറോണ രോഗികൾ പുതിയതായി ഉണ്ടാകില്ലെന്നും ഇവർ നേരത്തെ നടത്തിയ പഠനത്തിൽ പറഞ്ഞിരുന്നു.

അതേസമയം ഈ റംസാൻ കാലം കഴിയുന്നതോടെ ഇന്ത്യയിൽ രോഗവ്യാപനം ഇല്ലാതാകുമെന്നും സന്തോഷത്തിന്റെ ഈദ് ആഘോഷിക്കാൻ കഴിയുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയിൽ നിലവിൽ കൊവിഡ് 19 ബാധിതരുടെ എണ്ണം 26,496 ആണ്. 824 പേർ മരിക്കുകയും 5,803 പേർ രോഗമുക്തരാകുകയും ചെയ്തു.

ഹൃദയം നിറച്ച് സ്വീകരണം….. പൊട്ടിക്കരഞ്ഞ് ഡോക്ടർ, കോവി‍ഡ് രോഗികളെ ചികിത്സിക്കുന്ന ആശുപത്രിയിൽ തീവ്രപരിചരണ വാർഡിൽ ദിവസങ്ങളോളം ഡ്യൂട്ടി നോക്കി മടങ്ങിയ ഒരു വനിതാ ഡോക്ടറെ കുടുബാംഗങ്ങളും പരിസരവാസികളും സ്വീകരിക്കുന്നതാണ് വിഡിയോയയിൽ കാണുന്നത്.

പ്ലക്കാർഡുകൾ പിടിച്ചും പുഷ്പങ്ങൾ വര്‍ഷിച്ചുമാണ്‌ ഡോക്ടറെ അവർ സ്വീകരിക്കുന്നത്. വീടിനു മുന്നിൽ തന്നെ വരവേൽക്കാനെത്തിയവരെ കാണുമ്പോൾ സന്തോഷം കൊണ്ട് കണ്ണു നിറയുന്നുണ്ട് ഡോക്ടർക്ക്. അവർ പൊട്ടിക്കരയുന്നതും ഒരു ബന്ധു ചേർത്തു പിടിച്ച് അകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നതും കാണാം.

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ട്വിറ്റർ പേജിൽ വിഡിയോ പങ്കുവച്ചിട്ടുണ്ട്. ‘ഇതുപോലെയുള്ള നിമിഷങ്ങൾ ഹൃദയത്തെ സന്തോഷം കൊണ്ടു നിറയ്ക്കും. ഇതാണ് ഇന്ത്യയുടെ ചൈതന്യം. നമ്മൾ സധൈര്യം കോവിഡിനെതിരെ പോരാടും. ആ പോരാട്ടത്തിന്റെ മുൻ‌നിരയിൽ‌ പ്രവർത്തിക്കുന്നവരെക്കുറിച്ച് നമ്മൾ എന്നും അഭിമാനം കൊള്ളും’– മോദി ട്വിറ്ററിൽ കുറിച്ചു.

 

പ്രതിരോധത്തിനായി രാപ്പകലില്ലാതെ അധ്വാനിക്കുന്നവരാണ് ആരോഗ്യപ്രവർത്തകർ. ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടുന്ന ഒരുപറ്റം ആരോഗ്യപ്രവർത്തകരുടെ സംഘമാണ് സ്വജീവൻ പോലും നോക്കാതെ രോഗത്തെ രാജ്യത്തു നിന്നു തുടച്ചു നീക്കാൻ മണിക്കൂറുകളോളം പിപിഇ കിറ്റുകൾക്കും മുഖാവരണങ്ങൾക്കുമുള്ളിൽ അഹോരാത്രം പ്രവർത്തിക്കുന്നതും. എന്നാൽ ഇവർക്ക് അർഹിക്കുന്ന പരിഗണന കിട്ടുന്നുണ്ടോ എന്നത് മിക്കപ്പോഴും ചോദ്യചിഹ്നമാണ്. കോവിഡ് വാർഡിൽ നിന്ന് വീടുകളിലേക്ക് എത്തുന്ന പലരും തിക്താനുഭവൾ പങ്കുവയ്ക്കുമ്പോഴും അതിൽ നിന്നു വ്യത്യസ്തമാവുകയാണ് ഈ വീഡിയോ… ഇതുപോലെയുള്ള നിമിഷങ്ങൾ കാണുമ്പോൾ ഉറപ്പിക്കാം…. നമ്മൾ കോവിഡിനെ അതിജീവിക്കും

യുഎഇയില്‍ കൊറോണ വൈറസ് ബാധിച്ച് ഒരു മലയാളിക്ക് കൂടി ദാരുണാന്ത്യം. പത്തനംതിട്ട ഇടപെരിയാരം സ്വദേശി പ്രകാശ് ലക്ഷ്മണ്‍ ആണ് അബുദാബിയില്‍ മരിച്ചത്.യുഎഇയില്‍ കൊവിഡ് ബാധിച്ച് വ്യാഴാഴ്ച ഏഴുപേരാണ് മരിച്ചത്. 27,000ത്തോളം പേരെയാണ് വ്യാഴാഴ്ച മാത്രം പരിശോധനയ്ക്ക് വിധേയമാക്കിയത്.അതേസമയം, കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് യുഎഇ.

രാജ്യം കൊറോണ ഭീതിയില്‍ കഴിയുകയാണ്. കൊറോണ പ്രതിസന്ധി കാലത്ത് ശക്തമായ പ്രതിപക്ഷമാകുകയാണ് കോണ്‍ഗ്രസ്. കേന്ദ്രസര്‍ക്കാരിന് വിവിധ നിര്‍ദ്ദേശങ്ങള്‍ നല്‍കികൊണ്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇപ്പോള്‍ സജീവമായി രംഗത്തുണ്ട്.

ലോക് സഭാ തിരഞ്ഞെടുപ്പിലെ വമ്പന്‍ പരാജയത്തിന് ശേഷം ദേശീയ നേതൃത്വത്തില്‍ നിന്ന് മാറിനിന്ന രാഹുല്‍ഗാന്ധിക്ക് കൊറോണ പ്രതിസന്ധി തിരിച്ചുവരവിനുള്ള പാതയൊരുക്കിയിരിക്കുന്നു. രണ്ടാം വരവില്‍ രാഹുല്‍ ഗാന്ധി തന്റെ രീതിയിലുള്ള മാറ്റങ്ങള്‍ ആവര്‍ത്തിക്കുന്നു. രഘുറാം രാജനുമായി നടന്ന സംഭാഷണം ഇതിന്റെ തുടക്കം മാത്രമാണ്.

രാഹുല്‍ ഗാന്ധി രഘുറാം രാജനുമായി നടത്തിയ സംഭാഷണത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് സാമൂഹ്യപ്രവര്‍ത്തകയും എഴുത്തുകാരിയുമായ സുധ മേനോന്‍. രാഹുല്‍ ഗാന്ധിയും രഘുറാം രാജനും തമ്മിലുള്ള സംവാദം കേട്ടപ്പോള്‍ വല്ലാത്ത നഷ്ടബോധം തോന്നി. അത്രമേല്‍, മനോഹരമായിരുന്നു ആ സംഭാഷണമെന്നും നമ്മളെല്ലാവരും കേള്‍ക്കേണ്ട ഒന്നായിരുന്നെന്നും സുധ മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പ്രിയപ്പെട്ട രാഹുല്‍ ഗാന്ധി താങ്കള്‍ സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരണമെന്നും താങ്കളെ ഈ രാജ്യത്തിന് ഇനിയും ആവശ്യമുണ്ടെന്നും സുധമേനോന്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സാമൂഹ്യ-സാംസ്‌കാരിക മൂലധനങ്ങളില്‍ ഒന്ന് ആയിരുന്നു ‘ പപ്പു മോന്‍ ‘ നരേട്ടീവ്. രാഹുല്‍ ഗാന്ധിയെ വെറും രാജകീയ പ്രിവിലേജില്‍ അഭിരമിക്കുന്ന വിഡ്ഢിയായി ഇന്ത്യന്‍ ജനതക്ക് മുന്നില്‍ അവതരിപ്പിക്കുക എന്നത്
കൃത്യമായ പ്ലാനിങ്ങോടെ , അതിസൂക്ഷ്മമായി നടപ്പാക്കപ്പെട്ട ഒരു പദ്ധതി ആയിരുന്നു. ആണത്ത ദേശീയതയ്ക്ക് മാത്രമേ ദേശ സുരക്ഷ ഉറപ്പുവരുത്താന്‍ കഴിയുകയുള്ളൂ എന്ന പൊതുബോധം ‘ചൗക്കിദാര്‍ വേഴ്‌സസ് പപ്പുമോന്‍’ എന്ന നരേട്ടീവിലൂടെ കൃത്യമായി ഹിന്ദി ഹൃദയഭൂമിയില്‍ ഉഴുതു മറിക്കുന്നതില്‍ അവര്‍ വിജയിച്ചു.

ഇന്ന് രാഹുല്‍ ഗാന്ധിയും രഘുറാം രാജനും തമ്മിലുള്ള സംവാദം കേട്ടപ്പോള്‍ വല്ലാത്ത നഷ്ടബോധം തോന്നി. അത്രമേല്‍, മനോഹരമായിരുന്നു ആ സംഭാഷണം. നമ്മളെല്ലാവരും കേള്‍ക്കേണ്ട ഒന്ന്.

സത്യസന്ധതയുടെ ലളിതഭംഗിയും, അടിയുറച്ച നെഹ്രുവിയന്‍ മൂല്യബോധവും, സോഷ്യലിസ്‌റ് ചിന്തയുടെ സ്വാധീനവും രാഹുല്‍ഗാന്ധിയുടെ ചോദ്യങ്ങളില്‍ തിളങ്ങുന്നുണ്ടായിരുന്നു. നിലനില്‍ക്കുന്ന നിയോലിബറല്‍ വ്യവസ്ഥ കൂടുതല്‍ മാനവികവും, വികേന്ദ്രീകൃതവും, ശാക്തീകരണത്തില്‍ ഊന്നിയതും ആക്കാനുള്ള പ്രായോഗിക സമീപനങ്ങള്‍ ആയിരുന്നു രഘു രാം രാജന്‍ പങ്കു വെച്ചത്.

ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ സങ്കീര്‍ണ്ണതകളുടെ ആഴവും, പരപ്പും, ഘടനാപരമായ വൈവിധ്യങ്ങളും, അധികാരകേന്ദ്രീകരണമുണ്ടാക്കുന്ന അപചയങ്ങളും, വളര്‍ന്നു വരുന്ന സാമൂഹ്യഅകലങ്ങളും, ജാതിയും ഒക്കെ വളരെ വ്യക്തതയുടെ രാഹുല്‍ഗാന്ധിയുടെ സംഭാഷണത്തില്‍ കടന്നു വരുന്നുണ്ട്. അധികാരവികേന്ദ്രീകരണവും, പഞ്ചായത്തുകളുമാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ കൂടുതല്‍ കാര്യക്ഷമമാക്കിയത് എന്ന് എടുത്തു പറയുന്നുണ്ട് അദ്ദേഹം. സമഗ്രാധിപത്യത്തിന്റെ എല്ലാ രൂപങ്ങളെയും എതിര്‍ക്കുന്നതോടൊപ്പം,ആഗോളസമ്പത് വ്യവസ്ഥയുടെ അടിസ്ഥാന വൈരുധ്യങ്ങളും ചര്‍ച്ച ചെയ്യുന്ന സംവാദത്തില്‍, സമ്പത്തിന്റെ തുല്യമായ വിതരണം ആണ് ഇന്ത്യക്ക് അനിവാര്യം
എന്ന് രണ്ടുപേരും സമ്മതിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയിലെ ആ സോഷ്യലിസ്റ്റിനെ ആണ് നമുക്ക് ഇന്നാവശ്യം.

‘There is an infrastructure of division and an infrastructure of hatred, and that poses a big problem’ എന്ന് സമകാലിക ഇന്ത്യയെ രാഹുല്‍ഗാന്ധി സുവ്യക്തമായി അടയാളപ്പെടുത്തിയപ്പോള്‍, അതിനോട് യോജിച്ചുകൊണ്ട് സാമൂഹ്യ ഐക്യം ഒരു ‘പൊതുനന്മ’ ആണെന്ന് രഘുറാം രാജന്‍ ഉത്തരം പറഞ്ഞ നിമിഷം ആണ് എനിക്ക് അതിരില്ലാത്ത ആദരവ് ആ രണ്ടു മനുഷ്യരോടും തോന്നിയത്.

പൊതുജനാരോഗ്യം കമ്പോളവല്‍ക്കരിക്കാന്‍ പാടില്ലാത്ത ഒരു പൊതു നന്മ ആകുന്നത് പോലെത്തന്നെ പരമപ്രധാനമാണ് വൈവിധ്യങ്ങളുടെ ഈ നാട്ടില്‍ സമാധാനപരമായ സാമൂഹ്യസഹവര്‍ത്തിത്വവും ഒരു പൊതുനന്മയാകുന്നത് എന്ന് ഈ സംഭാഷണം നമ്മെ ഓര്‍മിപ്പിക്കുന്നു.അതിലുപരി എക്കാലവും എല്ലാ ഭരണാധികാരികള്‍ക്കും പ്രസക്തമാകേണ്ട മറ്റൊന്ന് കൂടി രാഹുല്‍ ഗാന്ധി പറയുന്നുണ്ട്. ഏകമാനമായ ഒരു പരിഹാരം ഇന്ത്യയില്‍ ഒരിക്കലും പ്രായോഗികമാകില്ലെന്ന ഉത്തമബോധ്യം. ഇന്ത്യയിലെ അസമത്വങ്ങളുടെയും, വൈവിധ്യങ്ങളുടെയും അന്തസത്ത മനസിലാക്കിക്കൊണ്ടുള്ള,
സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ, ഒരു വിശാല-വികേന്ദ്രീകൃതമോഡല്‍ ആണ് ഇനിയുള്ള കാലം ഇന്ത്യക്ക് ആവശ്യം എന്ന തിരിച്ചറിവ്…

പ്രിയപ്പെട്ട രാഹുല്‍ ഗാന്ധി താങ്കള്‍ സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരിക… താങ്കളെ ഈ രാജ്യത്തിന് ഇനിയും ആവശ്യമുണ്ട്..

കേരളത്തിലെ അതിഥി തൊഴിലാളികള്‍ക്കും ആശ്വാസം. ഇവര്‍ക്കായി പ്രത്യേക ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ആലുവയില്‍ നിന്ന് ഭുവനേശ്വറിലേക്കാണ് ആദ്യ സര്‍വീസ് നടത്തുന്നത്. ട്രെയിന്‍ ഇന്ന് വൈകുന്നേരം ആറിന് പുറപ്പെടും. ആദ്യഘട്ടത്തില്‍ 1200 പേരെ കൊണ്ടുപോകാനാണ് അധികൃതരുടെ തീരുമാനം.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച പ്രത്യേക ട്രെയിനാണിത്. അതിനാല്‍ തന്നെ മറ്റെവിടെയും ട്രെയിനിന് സ്റ്റോപ്പില്ല. ആലുവയില്‍ നിന്ന് പുറപ്പെട്ടാല്‍ ഭുവനേശ്വറില്‍ മാത്രമാണ് ട്രെയിന്‍ നിര്‍ത്തുക. ഒഡീഷയില്‍ നിന്നുള്ള തൊഴിലാളികളെയാവും കൊണ്ടുപോവുക. വിവിധ കാംപുകളില്‍ നിന്നായി പോകേണ്ടവരെ റെയില്‍വെ സ്റ്റേഷനില്‍ പൊലീസുകാര്‍ എത്തിക്കും.

ഇന്ന് ഒരു ട്രെയിന്‍ മാത്രമാണ് സര്‍വീസ് നടത്തുക. നാളെ മുതല്‍ കൂടുതല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്നും വിവരമുണ്ട്. ആരും തിരക്ക് കൂട്ടേണ്ടെന്നും ആഭ്യന്തര സെക്രട്ടറി അറിയിച്ചു. പ്രധാന സ്റ്റേഷനുകളില്‍ നിന്ന് ട്രെയിനുകള്‍ ഉണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. എല്ലാ ട്രെയിനുകളും നോണ്‍ സ്റ്റോപ്പ് ട്രെയിനുകളായിരിക്കും. വിവിധ ജില്ലകളിലുള്ള തൊഴിലാളികളെ റെയില്‍വെ സ്റ്റേഷനുകളില്‍ എത്തിക്കുന്ന കാര്യം അതത് ജില്ലാ ഭരണകൂടങ്ങള്‍ക്ക് തീരുമാനിക്കാമെന്നും ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കി.

ഫ്രഞ്ച് ലീഗ് ചാമ്പ്യന്‍മാരായി പിഎസ്ജി)യെ ചാമ്പ്യന്‍മാരായി പ്രഖ്യാപിച്ചു. കൊവിഡ് വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ലീഗ് ഉപേക്ഷിച്ചെങ്കിലും പോയിന്റ് പട്ടികയില്‍ മുന്നിലുള്ള പിഎസ്ജിയെ ചാമ്പ്യന്‍മാരായി പ്രഖ്യാപിക്കുകയായിരുന്നു. സെപ്റ്റംബറിന് മുമ്പ് ഫ്രഞ്ച് ഫുട്‌ബോള്‍ ലീഗോ റഗ്ബി ലീഗോ മറ്റ് കായിക മത്സരങ്ങളോ പുനരാരംഭിക്കാനാവില്ലെന്ന് പ്രധാനമന്ത്രി എഡ്വേര്‍ഡ് ഫിലിപ്പെ ഫ്രഞ്ച് പാര്‍ലമെന്റില്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് തീരുമാനം. രണ്ടാം സ്ഥാനത്തുള്ള ഒളിമ്പിക് മാഴ്‌സെയെക്കാള്‍ 12 പോയന്റ് ലീഡാണ് പിഎസ്ജിക്ക് ഉണ്ടായിരുന്നത്. കഴിഞ്ഞ എട്ട് സീസണില്‍ പി എസ് ജിയുടെ ഏഴാം കിരീടമാണിത്. ലീഗ് സീസണ്‍ അവസാനിപ്പിച്ചതോടെ രണ്ടാം സ്ഥാനത്തുള്ള മാഴ്‌സെയ്ക്കും മൂന്നാം സ്ഥാനത്തുള്ള സ്റ്റേഡ് റെന്നായിസിനും അടുത്തവര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗ് യോഗ്യതയും ഉറപ്പായി.

ഫ്രഞ്ച് ലീഗ് പുനരാരാംഭിക്കുന്ന കാര്യം അധികൃതര്‍ ചര്‍ച്ച ചെയ്യാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നത്. ജൂണില്‍ ലീഗ് മത്സരങ്ങള്‍ പുനരാരാംഭിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ലീഗ് അധികൃതര്‍. അടുത്തവര്‍ഷത്തെ ലീഗ് വണ്‍ സീസണ്‍ ഓഗസ്റ്റില്‍ ആരംഭിക്കേണ്ടതാണെങ്കിലും കൊവിഡിന്റെ പ്ശ്ചാത്തലത്തില്‍ നീട്ടിവെക്കാനാണ് സാധ്യത. കൊവിഡ് മൂലം രാജ്യത്ത് പൊതുപരിപാടികള്‍ സെപ്റ്റംബര്‍ ഒന്നുവരെ നിരോധിച്ച പശ്ചാത്തലത്തില്‍ ഈ സീസണിലെ ഡച്ച് ലീഗ് മത്സരങ്ങള്‍ നേരത്തെ ഉപേക്ഷിച്ചിരുന്നു. കൊവിഡിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ച യൂറോപ്പിലെ ഫുട്‌ബോള്‍ ലീഗുകളൊന്നും ഇതുവരെ പുനരാരാംഭിച്ചിട്ടില്ല. ലീഗ് മത്സരങ്ങള്‍ എപ്പോള്‍ പുനരാരാംഭിക്കാനാകുമെന്ന് മെയ് 25ന് മുമ്പ് അറിയിക്കണമെന്ന് യുവേഫ ലീഗ് അധികൃതര്‍ക്ക് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു

ലോക്ക്ഡൗണിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടന്ന ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനായി ആദ്യ ട്രെയിൻ ഓടിത്തുടങ്ങി. “ഒറ്റത്തവണ പ്രത്യേക ട്രെയിൻ” എന്ന് അറിയിച്ചിരിക്കുന്ന ട്രെയിൻ ഇന്ന് പുലർച്ചെ തെലങ്കാനയിൽ നിന്നാണ് ജാർഖണ്ഡിലേക്ക് പുറപ്പെട്ടത്.

1,200 തൊഴിലാളികളുമായി തെലങ്കാനയിലെ ലിംഗാംപള്ളിയിൽ നിന്നാണ് ജാർഖണ്ഡിലെ ഹതിയ ജില്ലയിലേക്ക് ട്രെയിൻ‌ യാത്ര നടത്തുന്നത്. ആരോഗ്യ മന്ത്രാലയം അനുശാസിക്കുന്ന മാനദണ്ഡങ്ങൾ ഉൾപ്പെടെ പാലിച്ചാണ് ട്രെയിൻ‌ സർവീസ് നടത്തുന്നത്.

24 കോച്ചാണ് ട്രെയിനിലുള്ളത്. എന്നാൽ സാധാരണയായി 72 പേരെ ഉൾക്കൊള്ളുന്ന ഒരു കമ്പാർട്ടുമെന്റിൽ സാമൂഹിക അകലം പാലിച്ചുകൊണ്ട് 54 പേർ മാത്രമേ യാത്ര ചെയ്യുന്നുള്ളു എന്നാണ് വാർത്താ ഏജൻസിയായ പിടിഐ വ്യക്തമാക്കുന്നത്. തെലങ്കാന സർക്കാറിന്റെ പ്രത്യേക ആവശ്യം പരിഗണിച്ചാണ് “ഒറ്റത്തവണ പ്രത്യേക ട്രെയിൻ” അനുവദിച്ചതെന്നാണ് റെയിൽവേ മന്ത്രാലയം നൽകുന്ന അറിയിപ്പ്. ഇത് ഒറ്റത്തവണയുള്ള പ്രത്യേക ട്രെയിൻ മാത്രമായിരുന്നു. റെയിൽ‌വേ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം മാത്രമേ കൂടുതൽ ട്രെയിനുകൾ ആസൂത്രണം ചെയ്യുകയുള്ളൂ എന്നും അധികൃതർ‌ വ്യക്തമാക്കുന്നു.

കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങളില്ലാത്ത ഇതര സംസ്ഥാന തൊഴിലാളികൾക്കും വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള മറ്റ് ആളുകൾക്കും നാട്ടിലേക്ക് മടങ്ങാൻ കേന്ദ്രം അനുമതി നൽകിയതിന് തൊട്ടുപിന്നാലെയാണ് ട്രെയിനിൽ സർവീസ് നടത്തുന്നത്. കേന്ദ്രത്തിന്റെ ഉത്തരവിന് പിന്നാലെ പഞ്ചാബ്, ബീഹാർ, രാജസ്ഥാൻ, മഹാരാഷ്ട്ര, എന്നിവയ്ക്ക് പുറമെ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഇത സംസ്ഥാന തൊഴിലാളികൾ‌ക്കായി ട്രെയിനുകൾ ആവശ്യപ്പെട്ടിരുന്നു. രാജ്യവ്യാപകമായി ലോക്ക്ഡൗൺ ഏർപ്പെടുത്തി അഞ്ച് ആഴ്ചകൾക്കുശേഷമാണ് രാജ്യത്ത് ഒരു പാസഞ്ചർ ട്രെയിൻ‌ സര്‍വീസ് നടക്കുന്നതെന്നതും ശ്രദ്ധേയമാണ്.

അബുദാബി: സ്കൂളിലെ മികച്ച, സ്‌നേഹമയിയായ അധ്യാപിക.. സ്നേഹത്തോടെ പുഞ്ചിരിതൂകി കുട്ടികളെ പഠിപ്പിക്കുന്ന അവരുടെ പ്രിയ ടീച്ചർ… ഇത് സ്‌കൂളിലെ കുട്ടികളുടെ പ്രിൻസി… എന്നാൽ തന്റെ പ്രിയ മക്കളുടെ എല്ലാമായിരുന്ന പ്രിൻസി എന്ന അമ്മയുടെ കൊറോണ ബാധിച്ചുള്ള  മരിണം…  അബുദാബിയിലെ മലയാളികളെ സംബന്ധിച്ചിടത്തോളം ഒരു വേദനയായി അവരുടെ മനസിലേക്ക്, ഹൃദയത്തിലേക്ക്‌ ആഴ്ന്നിറങ്ങുകയായിരുന്നു.

അബുദാബിലെ മലയാളികളുടെ കരളലയിപ്പിക്കുന്ന രംഗങ്ങള്‍ക്ക് ആണ് പ്രിൻസിയുടെ മരണാന്തര ചടങ്ങുകൾ സാക്ഷിയായത്. തങ്ങളുടെ എല്ലാമായിരുന്നു അമ്മയ്ക്ക് അന്ത്യ ചുംബനം നല്‍കാനാകാതെ എന്ത് സംഭവിക്കുന്നത് എന്ന് അറിയാതെ  എട്ടും പൊട്ടും തിരിയാത്ത കുട്ടികൾ ബന്ധുവിന്റെ വീട്ടിൽ… തന്റെ പാതിയായ പ്രിയതമയുടെ മുഖം അവസാനമായി ഒരു നോക്കു കാണാനാകാതെ ഭര്‍ത്താവ്, ഇവരെയെല്ലാം എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ ബന്ധുക്കളും സുഹൃത്തുക്കളും…  പത്തനംതിട്ട കോഴഞ്ചരി പേള്‍ റീന വില്ലയില്‍ പ്രിന്‍സി റോയ് മാത്യു(46)വിനെ ഉറ്റവര്‍ അന്ത്യ യാത്രയാക്കിയത് കാണാമറയത്തുനിന്ന്, പറഞ്ഞറിയിക്കാൻ കഴിയാത്ത വേദനയോടെ.

അബുദാബി ഇന്ത്യന്‍ സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ പ്രിന്‍സി ബുധനാഴ്ചയാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് തന്നെ അവരെ അബുദാബിയില്‍ സംസ്‌കരിച്ചു. യുഎഇ കോവിഡ് 19 പ്രോട്ടോകോള്‍ അനുസരിച്ച് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ മൃതശരീരം എത്ര അടുത്ത ബന്ധുക്കളെയും കാണിക്കാന്‍ പാടില്ല. അതുകൊണ്ട് തന്നെ പ്രിന്‍സിയുടെ ഭര്‍ത്താവ് റോയ് മാത്യു, സ്‌കൂള്‍ വിദ്യാര്‍ഥികളായ മക്കള്‍ സെറിള്‍ സാറ മാത്യു, റയാന്‍ സാമുവല്‍ മാത്യു, സിയാന്‍ ജേക്കബ് മാത്യു എന്നിവര്‍ക്കും അവസാനമായി കാണാന്‍ ഭാഗ്യമുണ്ടായില്ല.

പ്രിയതമയെ സംസ്‌കരിക്കാനായി മോര്‍ച്ചറിയില്‍ നിന്ന് ആംബുലന്‍സില്‍ കയറ്റി കൊണ്ടു പോകുന്നത് അകലെ നിന്ന് കാണാന്‍ മാത്രമായിരുന്നു റോയ് മാത്യുവിന്റെയും ബന്ധുക്കളുടെയും മറ്റും വിധി. മക്കള്‍ മൂന്നു പേരെയും മോര്‍ച്ചറിയുടെ അടുത്തേയ്ക്ക് കൊണ്ടുവന്നിരുന്നില്ല. അവര്‍ വീട്ടില്‍ ബന്ധുക്കളുടെ കൂടെയായിരുന്നു. അബുദാബി മാര്‍ തോമാ പള്ളി പ്രയര്‍ ഗ്രൂപ്പ് അംഗമായ പ്രിന്‍സി റോയ് മാത്യുവിന്റെ വിയോഗം ഏവരെയും ഏറെ ദുഃഖത്തിലാഴ്ത്തിയിരുന്നു.

എപ്പോഴും മുഖത്ത് ശാന്തത പ്രകടിപ്പിച്ചിരുന്ന, അധ്യാപനവൃത്തിയെ അത്രമാത്രം ഇഷ്ടപ്പെട്ടിരുന്ന പ്രിൻസിക്ക് അന്ത്യഞ്ജലി അർപ്പികുമ്പോൾ കലങ്ങിയ മനസ്സുമായി പ്രവാസി മലയാളികൾ… ഇനിയും വേദനകൾ തരരുതേ എന്ന പ്രാർത്ഥനയോടെ…

RECENT POSTS
Copyright © . All rights reserved