പ്രശസ്ത സംവിധായകൻ അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ചിത്രങ്ങളാണ് നേരവും പ്രേമവും. നിവിൻ പോളി നായകനായ ഈ രണ്ടു ചിത്രങ്ങളും സൂപ്പർ വിജയമാണ് നേടിയത്. അതിൽ തന്നെ പ്രേമം മലയാള സിനിമയുടെ അതിർത്തികൾ ഭേദിച്ച് വമ്പൻ വിജയമാണ് നേടിയെടുത്തത്. തമിഴ്‌നാട്ടിൽ ഏറ്റവും കൂടുതൽ ദിവസം പ്രദർശിപ്പിച്ച ചിത്രമെന്ന റെക്കോർഡ് വരെ സ്വന്തമാക്കിയ ഈ ചിത്രം പിന്നീട് തെലുങ്കിലേക്കു റീമേക്ക് ചെയ്യപ്പെട്ടിരുന്നു. എന്നാൽ ഈ ചിത്രം ഹിന്ദിയിലേക്ക് റീമേക് ചെയ്യാനുള്ള ഓഫർ വന്നിരുന്നു എന്നും പ്രശസ്ത ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹറാണ് ഈ ആവശ്യവുമായി തന്നെ സമീപിച്ചതെന്നും അൽഫോൻസ് പുത്രൻ പറഞ്ഞു. വരുൺ ധവാനെ നായകനാക്കി പ്രേമത്തിന്റെ ഹിന്ദി റീമേക്ക് താൻ തന്നെ സംവിധാനം ചെയ്യണമെന്നായിരുന്നു കരൺ ജോഹറിന്റെ ആവശ്യമെന്നും എന്നാൽ അതിനു സാധിക്കില്ല എന്ന് പറഞ്ഞു താൻ ഒഴിഞ്ഞു മാറിയതിന്റെ കാരണമെന്തെന്നും അൽഫോൻസ് പുത്രൻ ഇപ്പോൾ വ്യക്തമാക്കുന്നു.

താൻ ഒരു മലയാളി ആണെന്നും കേരളത്തിലിന്റെ സംസ്കാരത്തിൽ നിന്ന് വളരെ വലിയ വ്യത്യാസമാണ് മുംബൈയിലെ ജീവിതത്തിനും അവിടുത്തെ സംസ്കാരത്തിനും ഉള്ളതെന്നും അൽഫോൻസ് വിശദീകരിക്കുന്നു. അതൊട്ടും മനസ്സിലാക്കിയെടുക്കാൻ സാധിക്കാത്ത തനിക്കു അവിടുത്തെ പ്രേക്ഷകരുമായി സിനിമയിലൂടെ സംവദിക്കാൻ സാധിക്കില്ല എന്നും അൽഫോൻസ് പുത്രൻ പറയുന്നു. ഹിന്ദിയിൽ ആ ചിത്രം എഴുതി സംവിധാനം ചെയ്യുമ്പോഴുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ് അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രണയം മാത്രമല്ല ആ ചിത്രത്തിന്റെ വിഷയമെന്നും ഒരു പ്രത്യേക സംസ്കാരത്തിൽ ജനിച്ചു വളർന്ന ഒരാൾക്ക് തോന്നുന്ന വികാരം കൂടി അതിലുണ്ടെന്നും അൽഫോൻസ് പുത്രൻ വിശദീകരിച്ചു. കരൺ ജോഹർ എന്തായാലും ആ ചിത്രത്തിന്റെ റീമേക് അവകാശം വാങ്ങിയിട്ടുണ്ടെന്നും ആരാണ് അത് സംവിധാനം ചെയ്യുന്നതെന്നു തനിക്കറിയില്ലായെന്നും അൽഫോൻസ് പുത്രൻ പറഞ്ഞു.