മുംബൈംയില്‍ 40 മലയാളി നഴ്‌സുമാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. മുംബൈ സെന്‍ട്രലിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇവരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
150 ഓളം പേര്‍ നിരീക്ഷണത്തിലാണ്. ആകെ 51 പേര്‍ക്കാണ് ആശുപത്രിയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 40 പേരും മലയാളി നഴ്സുമാരാണ്. നേരത്തെ ആശുപത്രിയിലെ ഏഴ് നഴ്സുമാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. മറ്റ് നഴ്സുമാരിലും രോഗ ലക്ഷണങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആശുപത്രിയിലെ 40 മലയാളി നഴ്സുകള്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
മൂന്ന് പേര്‍ കൊറോണ വൈറസ് ബാധിച്ച് ആശുപത്രിയില്‍ വച്ച് മരിച്ചു. ഇവരില്‍ നിന്നാകാം ആരോഗ്യ പ്രവര്‍ത്തകരിലേക്ക് രോഗം പകര്‍ന്നതെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്. ആശുപത്രിയിലെ സര്‍ജന്‍ ആയ ഒരു ഡോക്ടര്‍ക്കും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹം ധാരാവിയില്‍ താമസിക്കുന്ന വ്യക്തിയാണ്.
സൗദി അറേബ്യയിൽ വച്ച് കൊവിഡ് ബാധിച്ച് മരിച്ച മലപ്പുറം സ്വദേശി മരണത്തിന് മുൻപ് സുഹൃത്തിനയച്ച ഓഡിയോ പുറത്ത്. സൗദിയിൽ ചികിത്സയിലായിരുന്ന ചെമ്മാട് സ്വദേശി പുതിയകത്ത് സഫ്‌വാൻ ആണ് മരിച്ചത്.
സഫ്‌വാൻ സുഹൃത്തിനയച്ച സന്ദേശം:
…പണി പാളീന്ന് തോന്നുന്നു. കുറേ ദിവസമായി തലവേദനയും പനിയും തുടങ്ങിയിട്ട്. ആശുപത്രിയിൽ കാണിച്ച് രക്തവും മൂത്രവും പരിശോധിച്ചു. ഒരാഴ്ച മരുന്ന് കുടിച്ചു. മറ്റൊരു ആശുപത്രിയിൽ കാണിച്ച് എക്‌സറേ എടുത്തു. മരുന്നും കുടിച്ചു. എന്നിട്ടും ഒരു കുറവില്ല. രണ്ട് ദിവസമായി ശ്വാസംമുട്ടലുണ്ട്. ഇനി ഇപ്പോ എന്ത് ചെയ്യുമെന്ന് അറിയില്ല….
ടാക്‌സി ഡ്രൈവറായി ജോലി ചെയ്തിരുന്ന 41 കാരനായ മലപ്പുറം ചെമ്മാട് സ്വദേശി സഫ്‌വാൻ, ശക്തമായ ചുമയും പനിയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ എത്തിയത്. ന്യൂമോണിയ ബാധിച്ച് അവശനിലയിലായ ഇദ്ദേഹം റിയാദിലെ ജർമ്മൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് ഇന്നലെ രാത്രിയോടെ മരിച്ചത്. ഇദ്ദേഹത്തിന്റെ കൊവിഡ് 19 പരിശോധനാ ഫലം പോസിറ്റീവാണെന്ന് രണ്ട് ദിവസം മുൻപ് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വിവരം ലഭിച്ചിരുന്നു.
നിലവിൽ മരണം സംബന്ധിച്ചും രോഗം സംബന്ധിച്ചും ഔദ്യോഗിക വിശദീകരണങ്ങൾ സൗദി ഭരണകൂടം പുറത്ത് വിട്ടിട്ടില്ല. സൗദി ചട്ടമനുസരിച്ച് ആരോഗ്യ വിഭാഗത്തിന്റെ പരിശോധനക്ക് ശേഷം മാത്രമേ മരണ കാരണം സ്ഥിരീകരിക്കൂ. സന്ദർശക വിസയിൽ മാർച്ച് 10ന് റിയാദിലെത്തിയ ഭാര്യയും സഫ്‌വാന്റെ ഒപ്പമുണ്ട്. ഇവരും കൊവിഡ് ലക്ഷണങ്ങളോടെ നിരീക്ഷണത്തിൽ കഴിയുകയാണ്.
കൊവിഡ് ബാധിച്ച് തൊടുപുഴ സ്വദേശിയും അമേരിക്കയിൽ മരിച്ചു. ന്യൂയോർക്ക് മെട്രോപോളിറ്റൻ ട്രാൻസ്‌പോർട്ട് അതോറിറ്റി ഉദ്യോഗസ്ഥനായ തങ്കച്ചനാണ് മരിച്ചത്. കഴിഞ്ഞ കുറെ നാളുകളായി കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഇയാൾ ഇന്നലെയാണ് മരിച്ചത്.
രാജ്യത്ത് കോവിഡ് 19 വ്യാപനത്തിന് കാരണം തബ്ലീഗ് ജമാഅത്താണെന്ന് പറഞ്ഞ് തര്‍ക്കം. തുടര്‍ന്നുണ്ടായ വാക്കേറ്റത്തില്‍ ഒരാള്‍ വെടിയേറ്റുമരിച്ചു. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. വെടിയുതിര്‍ത്തയാളെ പൊലീസ് അറസ്റ്റുചെയ്തു.
ഞായറാഴ്ച രാവിലെ പ്രദേശത്തെ ഒരു ചായക്കടയില്‍ എത്തിയ രണ്ടുപേര്‍ തമ്മിലാണ് തര്‍ക്കമുണ്ടായത്.കൊറോണയെക്കുറിച്ചുള്ള ചര്‍ച്ച പിന്നീട് വാക്കേറ്റത്തിലെത്തുകയായിരുന്നു.
ഇതിനിടെ കൊല്ലപ്പെട്ടയാള്‍ കൊറോണ വൈറസ് വ്യാപനത്തിന് കാരണം തബ്ലീഗ് ജമാഅത്താണെന്ന് കുറ്റപ്പെടുത്തി. തൊട്ടുപിന്നാലെയാണ് പ്രതി ഇയാള്‍ക്ക് നേരേ വെടിയുതിര്‍ത്തത്. വെടിയുതിര്‍ത്തയാളെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു
ജോൺ കുറിഞ്ഞിരപ്പള്ളി
കോവിഡ് 19 ചൈനയിൽ പൊട്ടിപ്പുറപ്പെട്ട അവസരത്തിൽ കൊറോണ വൈറസ് വഴി മരിക്കുന്നതു പ്രായമായവരും രോഗികളും ആണെന്നത് പല വികസിത രാജ്യങ്ങളുടേയും പ്രത്യേക ശ്രദ്ധനേടുകയുണ്ടായി.
ഇന്ന് ഒട്ടുമിക്ക വികസിത രാജ്യങ്ങളും നേരിടുന്ന ഒരു പ്രശനമാണ് വൃദ്ധ ജനങ്ങൾ.
അറുപതു അറുപത്തഞ്ചുകഴിഞ്ഞവരുടെ പെൻഷനും മറ്റു സോഷ്യൽ സെക്യുരിറ്റികളും നടത്തിക്കൊണ്ട് പോകുവാൻ വികസിത രാജ്യങ്ങൾ കഷ്ടപ്പെടുകയാണ്.
ഇറ്റലിയും സ്പെയിനും ഇംഗ്ലണ്ടും അമേരിക്കയും എന്തുകൊണ്ടാണ് ഒരുതരം നിസ്സംഗത കൊറോണ വൈറസ് അക്രമണത്തോട് പുലർത്തുന്നത് എന്ന് ഈ പശ്ചാത്തലത്തിൽ ചിന്തിക്കുമ്പോൾ മനസ്സിലാകും.
എന്തിനധികം ഈ പ്രശനം വൃദ്ധരെയല്ലേ ബാധിക്കുന്നത് എന്ന് ഇംഗ്ളണ്ടും അമേരിക്കയും പറയാതെ പറഞ്ഞു.
ഇറ്റലിയുടെ കാര്യത്തിൽ ഭരണ നേതൃത്വം അലസമായി ഈ പ്രശനം കൈക്കാര്യം ചെയ്തു എന്ന് എല്ലാവരും ചിന്തിച്ചു.എന്നാൽ ഇറ്റലിയുടെ സമീപനവും അതുതന്നെ ആയിരുന്നു.കൊറോണ സ്പെയിനും കടന്ന് ഇംഗ്ളണ്ടിൽ എത്തിയപ്പോൾ ഒരു കാര്യം വ്യക്തമായിക്കഴിഞ്ഞിരുന്നു. യുറോപ്പിലെ ഒട്ടുമിക്ക രാജ്യങ്ങളും ഈ പ്രശനത്തിന് വേണ്ടത്ര പ്രാധാന്യം കൊടുക്കുന്നില്ല.
ഇതിന് ഏക അപവാദം ജർമ്മനി മാത്രമാണ്.
രാജ്യം അടച്ചുപൂട്ടി നിശ്ചലമാക്കി സാമ്പത്തികമേഖല താറുമാറാക്കി ഒരു കൂട്ടം വൃദ്ധ ജനനങ്ങൾക്കു വേണ്ടി നശിപ്പിക്കണമോ?
ഉത്പാദനക്ഷമത നഷ്ട്ടപെട്ട ഒരു കൂട്ടം വൃദ്ധജങ്ങളുടെ ജീവനോ ഒരു രാജ്യത്തിൻറെ സാമ്പത്തിക ഭദ്രതക്കോ ,ഏതിനാണ് പ്രാധാന്യം കൊടുക്കേണ്ടത്?
ഒന്നുകിൽ സമ്പദ്‌വ്യവസ്ഥ അല്ലെങ്കിൽ ആരോഗ്യം എന്ന നിലയിൽ എത്തുമ്പോൾ ഭരണകൂടങ്ങൾ ഏത് തിരഞ്ഞെടുക്കും എന്നത് വികസിത രാജ്യങ്ങൾ പറയാതെ പറയുകയാണ്.
കൊറോണ വൈറസ് കാരണം പൊതുജീവിതം പ്രായോഗികമായി നാശത്തിന്റെ വക്കിൽ ആണ്. സമ്പദ്‌വ്യവസ്ഥ മന്ദഗതിയിലാണ്. കമ്പനികൾ അതിജീവനത്തിന് പാടുപെടുകയാണ്. അതിനാൽ രാജ്യത്തിന് ഏറ്റവും നല്ലത് എന്താണെന്നതിനെക്കുറിച്ച് ചർച്ചകൾ ഗോസിപ്പുകൾ നടക്കുന്നു.കഴിയുന്നത്ര കൊറോണ രോഗികളെ രക്ഷിക്കുക അല്ലെങ്കിൽ ആഴത്തിലുള്ള മാന്ദ്യം അനുഭവിക്കുക .
സ്വിറ്റ്സർലൻഡ് ഏതുവഴിക്ക് ചിന്തിക്കുന്നു?
സ്വിറ്റ്‌സർലൻഡിന് ഈ ചോദ്യം എത്രയും വേഗം ചോദിക്കേണ്ടിവരുമെന്ന് സാമ്പത്തിക വിദക്തർ അഭിപ്രായപ്പെടുന്നു.
ഒരു മഹാമാരിയോടുള്ള ആദ്യ പ്രതികരണമെന്ന നിലയിൽ, പൊതുജനാരോഗ്യത്തിന് മുൻഗണന നൽകുന്നത് ശരിയാണ്. എന്നിരുന്നാലും, പ്രതിസന്ധി നീണ്ടുനിന്നാൽ മറ്റ് വശങ്ങൾ കൂടി കണക്കിലെടുക്കേണ്ടതുണ്ട് എന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്.
രണ്ട് തിന്മകളിൽ ഒന്ന് തിരഞ്ഞെടുക്കേണ്ടിവരുമ്പോൾ താരതമ്യേന ലഘുവായത് തിരഞ്ഞു എടുക്കേണ്ടിവരും എന്നാണ് പലരുംപറയാതെ പറഞ്ഞു വയ്ക്കുന്നത്.അതായത് സാമ്പത്തിക പ്രതിസന്ധിയിൽ ഒരു രാജ്യത്തെ നട്ടം തിരിയാൻ വിടണമോ അതെല്ലങ്കിൽ അപകടസാധ്യതയുള്ള ആളുകളുടെ ജീവിതം സംരക്ഷിക്കണമോ എന്നാണ് ചോദ്യം ഉയരുന്നത്.
സമ്പദ്‌വ്യവസ്ഥയ്ക്കായി ആളുകളെ ബലിയർപ്പിക്കണമോ ?ഉത്തരം ആരും പറയുന്നില്ല,പക്ഷെ അപകടകരമായ മൗനം ഒരു വിപത്തിലേക്കുള്ള ചൂണ്ടുപലകയായി നിൽക്കുന്നു.
ജോൺ കുറിഞ്ഞിരപ്പള്ളി
മുംൈബയിൽ സ്വകാര്യ ആശുപത്രിയിലെ 46 മലയാളി നഴ്സുമാർക്ക് കോവിഡ്. ഇതരസംസ്ഥാനക്കാരടക്കം ആകെ 53 ജീവനക്കാർക്കാണ് മുംബൈ സെൻട്രലിലെ ഇൗ സ്വകാര്യ ആശുപത്രിയിൽ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. രോഗബാധിതരിൽ മൂന്നു ഡോക്ടർമാരും ഉൾപ്പെടും. ഗുരുതരമായതിനെത്തുടർന്ന് ഒരു മലയാളി നഴ്സിനെ ബാന്ദ്രയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. നഴ്സുമാരടക്കമുള്ള ജീവനക്കാരുടെ പരിശോധനാഫലം പുറത്തു പോകാതിരിക്കാൻ കോവിഡ് പരിശോധനാഫലം ഇവർക്കു കൈമാറുന്നില്ല. പകരം, പോസിറ്റീവ് ആയവരോട് വാക്കാൽ അറിയിക്കുകയാണെന്ന് നഴ്സുമാർ പറഞ്ഞു.
ധാരാവിയിൽ ക്ലിനിക് നടത്തുന്ന ഡോക്ടർക്കു കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹം മുംബൈ സെൻട്രലിലെ ഇൗ സ്വകാര്യ ആശുപത്രിയിലും പ്രവർത്തിച്ചിരുന്നയാളാണ്. മുംബൈ സെൻട്രലിലെ ഇൗ ആശുപത്രിൽ മറ്റു രോഗങ്ങൾക്ക് ചികിൽസ േതടിയെത്തിയ ഒരാൾക്ക് പിന്നീട് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. അദ്ദേഹത്തെ പരിചരിച്ച നഴ്സുമാർക്കും മറ്റു ജീവനക്കാർക്കുമായി പത്തിലേറെപ്പേർക്ക് രോഗം ബാധിച്ചു. അവരിൽ നിന്നാണ് അൻപതിലേറെ പേരിലേക്ക് കോവിഡ് വ്യാപിച്ചിരിക്കുന്നത്.
ഹോസ്റ്റലിൽ കഴിയുന്ന മലയാളികളടക്കമുള്ള നഴ്സുമാരെ ഏതാനും ദിവസങ്ങളായി അവിടെ ഐസലേഷനിൽ ആക്കിയിരിക്കുകയാണ്. ആ സമയത്ത് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാർ തന്നെയാണ് ഇപ്പോഴും രാപ്പകലില്ലാതെ ഡ്യൂട്ടിയിൽ തുടരുന്നത്. ഇതിനിടെ, ഹോസ്റ്റലിൽ താമസിക്കുന്നവരിൽ കോവിഡ് പോസിറ്റീവ് ആകുന്നവരെ ആശുപത്രിയിലേക്കു മാറ്റുന്നുണ്ട്. തൊട്ടുരുമ്മി കഴിഞ്ഞിരുന്നവരാണെന്നതിനാൽ ഹോസ്റ്റലുകളിലുള്ള മറ്റുള്ളവരും വലിയ ആശങ്കയിലാണ്.
കോവിഡ് രോഗം ബ്രിട്ടനെ പിടിച്ചുലച്ച പശ്ചാത്തലത്തിൽ ബ്രിട്ടിഷ് ജനതയ്ക്ക് ആത്മധൈര്യം പകർന്ന് എലിസബത്ത് രാജ്ഞി. ബ്രിട്ടിഷ് സമയം രാത്രി എട്ടിനാണ് രാജ്ഞി രാജ്യത്തെ അഭിസംബോധന ചെയ്തത്. വിൻസർ കൊട്ടാരത്തിൽ മുൻകൂട്ടി റെക്കോർഡ് ചെയ്ത സന്ദേശം ടെലിവിഷൻ, റേഡിയോ, സോഷ്യൽ മീഡിയ എന്നിവയിലൂടെ പുറത്തുവിടുകയായിരുന്നു.‘ഈ വെല്ലുവിളിയോട് നമ്മൾ എങ്ങനെ പ്രതികരിച്ചുവെന്നതിൽ വരുംവർഷങ്ങളിൽ ഏവർക്കും അഭിമാനിക്കാനാകുമെന്നു കരുതുന്നു. നമ്മുടെ തലമുറ ശക്തരായിരുന്നെന്നു പിന്നാലെ എത്തുന്നവർ പറയും. ഇത് നമ്മുടെ സാധാരണ ജീവിതത്തെ ബാധിക്കുന്ന സമയമാണ്. ദുഃഖവും സാമ്പത്തിക ബുദ്ധിമുട്ടുകളും നിരവധി മാറ്റങ്ങളും രാജ്യത്തിന് വെല്ലുവിളിയുയർത്തുന്ന സമയം. ഈ വേളയിൽ നമുക്കു പിന്തുണ നൽകുന്ന ആരോഗ്യപ്രവർത്തകർക്ക് നന്ദി പറയാം. വീടുകളിൽ നിന്നകന്ന് സേവനരംഗത്ത് സജീവമായി അവർ നമ്മളെ തുണയ്ക്കുന്നു.
സാധാരണ നിലയിൽ രാജ്യത്തെ മടക്കിയെത്തിക്കാൻ ഓരോ മണിക്കൂറും പരിശ്രമിക്കുന്ന ആരോഗ്യപ്രവർത്തകരെ പിന്തുണയ്ക്കുന്നതിൽ രാജ്യവും എന്നൊടൊപ്പം ചേരുമെന്നതിൽ സംശയമില്ല. ഒന്നിച്ചാണ് നാം ഈ രോഗത്തെ നേരിടുന്നത്. ഐക്യത്തോടെ, പ്രതിജ്ഞാബദ്ധതയോടെ നിലകൊണ്ട് നമുക്കിത് മറികടക്കാനാകും. ഭൂതകാലത്തിൽ നമ്മൾ ആരായിരുന്നു എന്നതിലല്ല വർത്തമാനകാലത്തിലും ഭാവിയിലുമാണ് ആ അഭിമാനം ഉറപ്പിക്കേണ്ടത്. കോമൺവെൽത്ത് രാജ്യങ്ങളിലും ലോകമെമ്പാടുമുള്ള ജനം മറ്റുള്ളവരെ സഹായിക്കാൻ ഒത്തുചേരുന്ന കാഴ്ച ഹൃദയം കവരുന്നു.
ഭക്ഷണവും മരുന്നുമെത്തിക്കുന്നതിൽ തുടങ്ങി അയൽക്കാരെ കരുതുന്നതിലും ബിസിനസ് സംരംഭങ്ങൾ ദുരിതാശ്വാസത്തിനായി മാറ്റിവയ്ക്കുന്നതുമൊക്കെ നമുക്കു കാണാനാകും. മുൻപു നേരിട്ട ബുദ്ധിമുട്ടുകളെക്കാൾ ഏറെ വ്യത്യസ്തമാണ് കൊറോണ വൈറസ് ഉയർത്തുന്ന വെല്ലുവിളി. ലോകമെമ്പാടും ഉണ്ടായ ശാസ്ത്രമുന്നേറ്റവും സാന്ത്വനനീക്കങ്ങളുമെല്ലാം പൊതുവായ ഒരു ലക്ഷ്യത്തിനാണ്. ആഗോളതലത്തിൽ കൊറോണ വൈറസ് പ്രതിരോധിക്കാനുള്ള ആ നീക്കങ്ങളിൽ നമുക്കും പങ്കാളികളാവാം.’
ശുഭദിനങ്ങൾ മടങ്ങി വരുമെന്ന ശുഭാപ്തിവിശ്വാസത്തോടെയാണ് രാജ്ഞി അഭിസംബോധന അവസാനിപ്പിച്ചത്. രണ്ടാം ലോകമഹായുദ്ധ വേളയിൽ പ്രശസ്ത ഇംഗ്ലിഷ് ഗായിക വെറ ലിൻ പാടിയ പ്രശസ്തമായ ‘വീ വിൽ മീറ്റ് എഗെയ്ൻ’ എന്ന വരികൾ എടുത്തുപറഞ്ഞായിരുന്നു ഇത്.
Her Majesty The Queen addresses the UK and the Commonwealth in a special broadcast recorded at Windsor Castle. pic.twitter.com/HjO1uiV1Tm
— The Royal Family (@RoyalFamily) April 5, 2020
കോവിഡ് സൃഷ്ടിച്ച ഇരുട്ടിനെ വെളിച്ചത്തിന്റെ ശക്തികൊണ്ടു നേരിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് ദീപം തെളിയിക്കലിനിടെ പടക്കം പൊട്ടിക്കവേ കെട്ടിടത്തിന് തീപിടിച്ചു. രാജസ്ഥാനിലെ ജയ്പുരിലാണ് സംഭവം. മാധ്യമപ്രവര്‍ത്തകനായ മാഹിം പ്രതാപ് സിംഗാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും തീ ഉടന്‍തന്നെ അണച്ചതായും അദ്ദേഹം പറഞ്ഞു. കെട്ടിടത്തിന് തീപിടിക്കുന്ന വീഡിയോ മാഹിം ട്വിറ്ററില്‍ നല്‍കിയിട്ടുണ്ട്.
അതേസമയം ഞായറാഴ്ച രാത്രി ഒന്‍പതിന് വൈദ്യുതി വിളക്കുകള്‍ അണച്ചും ദീപങ്ങള്‍ തെളിച്ചും ജനങ്ങള്‍ കോവിഡിനെതിരായ പോരാട്ടത്തില്‍ അണിചേര്‍ന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ജനങ്ങള്‍ ദീപങ്ങള്‍ തെളിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ ഔദ്യോഗിക വസതികളില്‍ ലൈറ്റുകള്‍ അണച്ച് ദീപം തെളിച്ചു. തിരുവനന്തപുരത്ത് ക്ലിഫ് ഹൗസ് പരിസരത്തെ വിളക്കുകള്‍ അണയ്ക്കുകയും മുഖ്യമന്ത്രിമാരുടേയും മറ്റു മന്ത്രിമാരുടേയും ഓഫീസുകളിലെ ജീവനക്കാര്‍ ദീപം തെളിയിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരവ് അറിയിക്കുകയും ചെയ്തു.
രാത്രി 9 മണിക്ക് എല്ലാവരും 9 മിനിറ്റ് അവരുടെ വീടിന്‍റെ ലൈറ്റുകള്‍ അണച്ച് വാതിലിലോ മട്ടുപ്പാവിലോ വന്ന് മെഴുകുതിരി, വിളക്ക്, ടോര്‍ച്ച്, മൊബൈല്‍ വെളിച്ചം എന്നിവ തെളിച്ച് പ്രകാശം പരത്തുവാനാണ് പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തത്. രാഷ്ട്രപതി റാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തുടങ്ങിയവരെല്ലാം സ്വവസതികളില്‍ വിളക്കു തെളിച്ചു. കേന്ദ്രമന്ത്രിമാരായ ഹര്‍ഷവര്‍ധന്‍, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവു, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, യോഗ ഗുരു ബാബാ രാംദേവ് തുടങ്ങിയവര്‍ വിവിധ ദീപം തെളിയിക്കലില്‍ പങ്കുചേര്‍ന്നു.
Massive fire in a building in my neighborhood from bursting crackers for #9baje9mintues. Fire brigade just drove in. Hope everyone’s safe. pic.twitter.com/NcyDxYdeFW
— Mahim Pratap Singh (@mayhempsingh) April 5, 2020
കോവിഡ് 19 സ്ഥിരീകരിച്ച് 10 ദിവസം കഴിഞ്ഞിട്ടും നിരന്തരമായി രോഗ ലക്ഷണങ്ങള്‍ കാണിച്ചുകൊണ്ടിരിക്കുന്ന യു കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയെ ടെസ്റ്റുകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന് ഡൌണിങ് സ്ട്രീറ്റ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ മാര്‍ച്ച് 27നാണ് ബോറിസ് ജോണ്‍സണ് കോവിഡ് സ്ഥിരീകരിച്ചത്.
അതേസമയം കോവിഡ് വലിയ തോതില്‍ മരണം വിതയ്ക്കുന്ന യൂറോപ്പിലെ മറ്റൊരു രാജ്യമായി യു കെ മാറുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 621 പേരാണ് രാജ്യത്ത് മഹാമാരി ബാധിച്ച് മരിച്ചത്. ഇതോടെ യു കെയിലെ ആകെ മരണ സംഖ്യ 5000 കടന്നു.
അതേ സമയം കോവിഡ് പ്രതിരോധ നടപടികള്‍ ഡൊണാള്‍ഡ് ട്രംപ് ശക്തിപ്പെടുത്തി. മലേറിയ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിനിന്റെ 29 മില്ല്യണ്‍ ഡോസ് യു എസ് ഗവണ്‍മെന്‍റ് ഓര്‍ഡര്‍ നല്കി ക്കഴിഞ്ഞു. കോവിഡ് ചികിത്സയ്ക്കായി ഈ മരുന്ന് നിഷ്കര്‍ഷിക്കുന്നില്ലെങ്കിലും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗികളോട് അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്കും നല്‍കാന്‍ ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഇതിനകം മൂന്നര ലക്ഷം പേരാണ് അമേരിക്കയില്‍ കോവിഡ് ബാധിതരായിട്ടുള്ളത്. മരണ സംഖ്യ 10,000ത്തിനോട് അടുക്കുന്നതായാണ് ഏറ്റവു പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. അമേരിക്കയെ വേവലാതിപ്പെടുത്തുന്ന ഏറ്റവും പ്രധാന രോഗ മുക്തി നേടുന്നവരുടെ എണ്ണത്തിലുള്ള കുറവാണ്. ഇതുവരെ 18,000ഓളം ആളുകള്‍ മാത്രമാണു രാജ്യത്തു രോഗം ഭേദമായത്.
മാള്‍ട്ടയിലെ ഒരു കുടിയേറ്റ ക്യാമ്പില്‍ കോവിഡ് പടര്‍ന്ന് പിടിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ആയിരത്തോളം ആളുകളാണ് ദക്ഷിണ മാള്‍ട്ടയിലെ ഹല്‍ ഫാര്‍ ക്യാമ്പില്‍ ക്വാരന്‍റൈനില്‍ കഴിയുന്നത്. പോലീസും സൈന്യവും ക്യാമ്പിനെ വളഞ്ഞിരിക്കുന്നതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേ സമയം യൂറോപ്യന്‍ രാജ്യങ്ങളായ ഇറ്റലി, സ്പെയിന്‍, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ പടര്‍ച്ച കുറയുന്നതിന്റെ സൂചനകള്‍ പുറത്തുവരുന്നത് ആശ്വാസം പകരുന്ന വാര്‍ത്തയാണ്.
ഇറ്റലിയില്‍ മാര്‍ച്ച് 19നു ശേഷമുള്ള ഏറ്റവും കുറവ് മരണം ഇന്നലെ രേഖപ്പെടുത്തി. 525 പേരാണ് രാജ്യത്തു ഇന്നലെ മരണപ്പെട്ടത്. ഇതോടെ രാജ്യത്തു രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 15,000 കടന്നു.
കഴിഞ്ഞ 24 മണിക്കൂറില്‍ സ്പെയിനില്‍ 674 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇത് മാര്‍ച്ച് 24നു ശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും കുറഞ്ഞ പ്രതി ദിന മരണ സംഖ്യയാണ്. രാജ്യത്തു ഇപ്പോള്‍ 12,641 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു കഴിഞ്ഞു.
യൂറോപ്പില്‍ ഏറ്റവും മാരകമായി രോഗം ബാധിച്ച ഫ്രാന്‍സില്‍ ഇന്നലെ 357 പേരാണ് മരണപ്പെട്ടത്. ഇവിടെ ഇതുവരെ 8078 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ലോകത്താകെ 12, 73,499 പേര്‍ കോവിഡ് ബാധിച്ചതായാണ് കണക്ക്. ഇതുവരെ 69,451 പേര്‍ മരിച്ചു കഴിഞ്ഞു.
വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്നു യുവാവ് ബന്ധുവായ യുവതിയുടെ വീടിനു തീയിട്ടു. പൊള്ളലേറ്റ യുവാവും യുവതിയുടെ മാതാവും മരിച്ചു. തൃക്കടവൂർ മതിലിൽ മണി മന്ദിരത്തിൽ പരേതനായ പത്രോസിന്റെ മകൻ ശെൽവമണി (37), കാവനാട് മീനത്തുചേരി റൂബി നിവാസിൽ ഗേട്ടി രാജൻ (57) എന്നിവരാണു മരിച്ചത്.
ഞായർ പുലർച്ചെ 2നു ശേഷമായിരുന്നു സംഭവം. യുവതിയുടെ വീട്ടിലെത്തിയ ശെൽവമണി ആദ്യം വാതിലിനു തീയിട്ടു. ഇതു കണ്ടെത്തിയ വീട്ടുകാർക്കു നേരെയും പെട്രോൾ ഒഴിച്ചു. തൊട്ടുപിന്നാലെ തന്റെ ശരീരത്തിലേക്കും ഒഴിച്ചു തീ കൊളുത്തി. യുവതിയുടെ നേർക്കടുത്ത ഇയാളെ തടയാൻ ശ്രമിക്കുന്നതിനിടെ ഗേട്ടിക്കും ഗുരുതരമായി പൊള്ളലേൽക്കുകയായിരുന്നു.
ഭാര്യയുമായി പിണങ്ങിക്കഴിഞ്ഞിരുന്ന ശെൽവമണിയും ഭർത്താവുമായി വേർപിരിഞ്ഞു നിൽക്കുന്ന യുവതിയും തമ്മിൽ അടുപ്പമുണ്ടായിരുന്നെന്നു ശക്തികുളങ്ങര പൊലീസ് പറഞ്ഞു. യുവതിയെ കല്യാണം കഴിച്ചു കൊടുക്കണം എന്നാവശ്യപ്പെട്ട് ഒരു മാസം മുൻപ് ഇയാൾ വീട്ടിലെത്തിയിരുന്നു. എന്നാൽ വീട്ടുകാർ ഇത് അംഗീകരിച്ചില്ല. ഇതിന്റെ തുടർച്ചയായിട്ടായിരുന്നു അക്രമമെന്നാണു പൊലീസ് പറയുന്നത്.
ഓടിക്കൂടിയ നാട്ടുകാരാണു തീയണച്ചത്. പിന്നീടു കൊല്ലം ചാമക്കടയിൽ നിന്നെത്തിയ അഗ്നിരക്ഷാസേന തീ കെടുത്തി. ഗുരുതരമായി പരുക്കേറ്റ ശെൽവമണിയാണ് ആദ്യം മരിച്ചത്. പിന്നാലെ ഗേട്ടിയും മരിച്ചു. ഗേട്ടിയുടെ ഭർത്താവ് രാജൻ വിദേശത്താണ്. മേരി സിൽവറാണിയാണ് ശെൽവമണിയുടെ മാതാവ്. ശക്തികുളങ്ങര പൊലീസ് കേസെടുത്തു.
കോവിഡ് ബാധിച്ച് അമേരിക്കയില്‍ നാല് മലയാളികള്‍ കൂടി മരിച്ചു. ന്യൂയോര്‍ക്കില്‍ താമസിക്കുന്ന ജോസഫ് തോമസ്, ഉമ്മന്‍ കുര്യന്‍, ഏലിയാമ്മ ജോണ്‍, ശില്‍പ നായര്‍, എന്നിവരാണ് മരിച്ചത്. എഴുപതുകാരനായ ഉമ്മന്‍ കുര്യന്‍ കൊട്ടാരക്കര സ്വദേശിയാണ്. പിറവം സ്വദേശി ഏലിയാമ്മ ജോണ്‍ ന്യൂയോര്‍ക്ക് ക്വീന്‍സ് ആശുപത്രിയിലെ നഴ്സാണ്. ചെങ്ങന്നൂര്‍ സ്വദേശിയാണ് ശില്‍പ നായര്‍. ഇതോടെ അമേരിക്കയില്‍ മരിച്ച മലയാളികളുടെ എണ്ണം എട്ടായി.
അമേരിക്കയില്‍ കോവിഡ് വ്യാപനം പാരമ്യത്തിലേക്ക് എത്തുന്നു. ഇന്നലെയും മരണസംഖ്യ ആയിരത്തിന് മുകളിലാണ്. അടുത്ത രണ്ടാഴ്ച ഏറെ നിര്‍ണായകമാണെന്നും സാമൂഹ്യ അകലം പാലിക്കാന്‍ എല്ലാവരും തയാറാകണമെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ഇനിയും ഒട്ടേറെ മരണങ്ങള്‍ രാജ്യത്തുണ്ടാകുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പറഞ്ഞു. അതേസമയം കോവിഡ് ബാധിതര്‍ ഏറ്റവും കടുതലുള്ള ന്യൂയോര്‍ക്കില്‍ ഇന്നലെ മരണസംഖ്യ അല്‍പം കുറഞ്ഞു. എന്നാല്‍ വരും ദിവസങ്ങളിലും മരണനിരക്ക് കുറഞ്ഞാല്‍ മാത്രമെ ആശ്വസിക്കാന്‍ വകയുള്ളുവെന്ന് ന്യൂയോര്‍ക്ക് മേയര്‍ ആന്‍ഡ്ര്യൂ ക്യൂമോ പറഞ്ഞു. ചൈനയില്‍ നിന്നടക്കം കൂടുതല്‍ വെന്റിലേറ്ററുകള്‍ വൈകാതെ എത്തുമെന്നും മേയര്‍ പറഞ്ഞു.
അതേസമയം, ലോകത്ത് കോവിഡ് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 69000 കടന്നു. 69,416 പേരാണ് ഇതുവരെ മരിച്ചത്. 12,69,312 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ മരണസംഖ്യ അതിവേഗം ഉയരുകയാണ്. 24 മണിക്കൂറിനിടെ 1,157 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 9,608 ആയി ഉയര്‍ന്നു. 3,36,367 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇറ്റലിയില്‍ 15,887 പേരും സ്പെയിനില്‍ 12,641 പേരുമാണ് മരിച്ചത്. ഫ്രാന്‍സില്‍ മരണം 8,078 ആയി ഉയര്‍ന്നു. ബ്രിട്ടനില്‍ 4,934 പേരും ഇറാനില്‍ 3,603 പേരുമാണ് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്.