Latest News

പൂച്ചാക്കലിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടം ഇരുട്ടു വീഴ്ത്തിയത് അ​ഞ്ച് കുടുംബങ്ങളിലാണ്. സാമ്പത്തികബുദ്ധിമുട്ടുള്ള കുടുംബങ്ങളിലെ നാല് പെൺകുട്ടികളാണ് അപകടത്തിൽ പെട്ടത്. രണ്ട് കാലിനും ഒടിവുമായി എറണാകുളം ലിസി ആശുപത്രിയിൽ കഴിയുന്ന സാഗിയുടെ പിതാവ് സാബുവിന് പെയിന്റിങ് ജോലിയാണ്. അമ്മ സ്വകാര്യ ആശുപത്രിയിൽ നഴ്സ് ആണ്. സാഗിയുടെ സഹോദരി അഞ്ജന നഴ്സിങ് കോഴ്സ് പൂർത്തിയാക്കി 3 മാസമായി ഹൈദരാബാദിൽ പരിശീലനത്തിലാണ്. സാഗിയുടെ ശസ്ത്രക്രിയയ്ക്കായി 1.5 ലക്ഷത്തോളം രൂപ കടം വാങ്ങിയും സ്വർണം പണയം വച്ചുമാണു കണ്ടെത്തിയത്. ശസ്ത്രക്രിയ കഴിഞ്ഞു സാഗി തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്.

സാബുവിന്റെ കുടുംബം വീടുവയ്ക്കാനും അഞ്ജനയുടെ പഠനത്തിനും എടുത്ത വായ്പകൾ ബാധ്യതയായി നിൽക്കുകയാണ്. 10 സെന്റ് സ്ഥലം ചേർത്തല കാർഡ് ബാങ്കിൽ 15 വർഷത്തേക്ക് ഇൗടുവച്ചാണ് 2013ൽ വീടുപണിക്ക് 6 ലക്ഷം വായ്പയെടുത്തത്. മാസം 11,000 രൂപ തിരിച്ചടവുണ്ട്. അഞ്ജനയുടെ പഠനത്തിന് പൂച്ചാക്കൽ എസ്ബിഐയിൽനിന്ന് 2 ലക്ഷം രൂപ വായ്പയെടുത്തത് അടുത്തമാസം മുതൽ അടയ്ക്കണം.

എറണാകുളം കളമശേരി മെ‍‍ഡിക്കൽ കോളജ് ആശുപത്രിയിലാണ് ചന്ദന ചികിത്സയിലുള്ളത്. പിതാവ് പാണാവള്ളി പഞ്ചായത്ത് 16ാം വാർഡിൽ കോണത്തേഴത്ത് ചന്ദ്രബാബു തയ്യൽ തൊഴിലാളിയാണ്. ചന്ദനയുടെ ഇടതു തുടയെല്ലിനു തിങ്കളാഴ്ച ശസ്ത്രക്രിയ നിർദേശിച്ചിരിക്കുകയാണ്. മാതാവ് ഷീല വീട്ടമ്മയാണ്.

ചികിത്സാച്ചെലവു വഹിക്കാമെന്ന് ആരോഗ്യ വകുപ്പിൽനിന്ന് അറിയിച്ചിട്ടുണ്ടെന്നും ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രകാരം കാലിന് ഇടാനുള്ള സ്റ്റീൽ റോഡ് നൽകാമെന്ന് ആശുപത്രി അധികൃതർ അറിയിച്ചെന്നും ചന്ദ്രബാബു പറഞ്ഞു. വീടു വയ്ക്കാനും മൂത്ത 2 പെൺമക്കളുടെ വിവാഹത്തിനുമായി പൂച്ചാക്കൽ സഹകരണ ബാങ്കിൽ നിന്ന് 2013ൽ എടുത്ത 4 ലക്ഷം രൂപ പലിശ ഉൾപ്പെടെ ഇപ്പോൾ 8 ലക്ഷത്തിന്റെ ബാധ്യതയായി. മാസം 11,000 രൂപ തിരിച്ചടയ്ക്കണം. അതിനു പോലും കുടുംബം പ്രയാസത്തിലാണ്. അതിനിടെയാണ് അപകടം.

എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ കഴിയുന്ന അനഘയ്ക്ക് വലതുകാലിൽ ശസ്ത്രക്രിയ നടത്തിയിരുന്നു. 2 ലക്ഷത്തോളം രൂപയാണ് ഇതുവരെയുള്ള ചെലവ്. അതിൽ 40,000 രൂപ അടച്ചു. ചെത്തുതൊഴിലാളിയാണ് അച്ഛൻ ചന്ദ്രൻ. ഭാര്യ വൽസല എരമല്ലൂർ ഖാദി സ്പിന്നിങ് മിൽ തൊഴിലാളി. വീടു വയ്ക്കാൻ കടം വാങ്ങിയ 3 ലക്ഷത്തോളം രൂപ ഇപ്പോഴും ബാധ്യതയായി നിൽക്കുന്നു. സ്വർണം പണയം വച്ചും കടം വാങ്ങിയുമാണ് ആശുപത്രി ചെലവുകൾ നടത്തുന്നത്. അനഘയ്ക്ക് ഡോക്ടർമാർ ഒന്നര മാസം വിശ്രമം നിർദേശിച്ചിട്ടുണ്ട്.

കാർ ആദ്യം ഇടിച്ചു വീഴ്ത്തിയ അനീഷും പ്രതിസന്ധിയിലാണ്. വലതുകൈ ഒടിഞ്ഞു. കൽപ്പണിക്കാരനാണ് അനീഷ്. ഇനി മാസങ്ങളോളം ജോലി ചെയ്യാൻ കഴിയില്ല. ഭാര്യ ബിനി പൂച്ചാക്കലിലെ വസ്ത്രശാലയിൽ ജോലി ചെയ്യുന്നു. ലൈഫ് പദ്ധതിയിൽ ലഭിച്ച വീടിന്റെ നിർമാണജോലി തീർന്നിട്ടില്ല. 4 വയസ്സുള്ള മകൻ വേദവിനും അപകടത്തിൽ പരുക്കേറ്റിരുന്നു. അനീഷിന്റെ തണലിലാണ് മാതാവ് ഉൾപ്പെടെയുള്ള കുടുംബം.

മൂന്ന് വിദ്യാർഥിനികളെ ഇടിച്ചുതെറിപ്പിച്ചതിനു ശേഷം പാഞ്ഞെത്തിയ കാറാണ് തൈക്കാട്ടുശേരി മുരുക്കുംതറ വീട്ടിൽ അനിരുദ്ധന്റെ മകൾ പി.എസ്.അർച്ചനയെയും ഇടിച്ചിട്ടത്. ഇടിയുടെ ആഘാതത്തിൽ സൈക്കിളിൽ നിന്ന് തെറിച്ചു റോഡിൽ തലയിടിച്ചുവീണു.കാർ ഇടിക്കുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം ഫോണിൽ കണ്ടിരുന്നതായി അർച്ചന പറയുന്നു. കാൽമുട്ടിന്റെ പൊട്ടലിനു ശസ്ത്രക്രിയ നടത്തിയ ശേഷം എറണാകുളം ലൂർദ് ആശുപത്രിയിൽ നിന്ന് ഇന്നലെ വൈകിട്ടാണ് അർച്ചന തൈക്കാട്ടുശേരിയിലെ വീട്ടിലെത്തിയത്.

തലയിടിച്ച് റോഡിൽ വീണതിനെത്തുടർന്ന് തലയ്ക്കും ശരീരത്തിനും ഇപ്പോഴും വേദനയുണ്ട്. തുടർ പരിശോധനയ്ക്കായി അടുത്ത വ്യാഴാഴ്ച ആശുപത്രിയിലെത്താൻ നിർദേശിച്ചിട്ടുണ്ട്.3 മാസം വിശ്രമമാണു ഡോക്ടർമാർ നിർദേശിച്ചത്. സർക്കാൻ നിർദേശമുണ്ടായിരുന്നതിനാൽ ആശുപത്രിയിൽ ചെലവുണ്ടായില്ലെന്ന് അനിരുദ്ധൻ പറഞ്ഞു. അനിരുദ്ധന് മേസ്തിരിപ്പണിയാണ്. ഭാര്യ ഷിനിമോൾ കൊച്ചിൻ ഷിപ്‌യാർഡിൽ കരാർ ജോലിക്കാരി. കുടുംബത്തിന് ഒരു ലക്ഷത്തോളം രൂപ കടമുണ്ട്.

അമിത വേഗത്തിലെത്തിയ കാർ ഇടിച്ചു തെറിപ്പിച്ച വിദ്യാർഥിനികളുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തു. ചികിത്സയ്ക്കു ചെലവായ തുക കുടുംബങ്ങൾക്കു തിരികെ നൽകുമെന്ന് ആശുപത്രികളുടെ അധികൃതർ കുട്ടികളുടെ ബന്ധുക്കളെ അറിയിച്ചു.

കോവിഡ് 19 രോഗബാധയെ തുടർന്ന് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുകെ സ്വദേശി ദുബായിലേക്കുള്ള വിമാനത്തിൽ കയറിയതിനെ തുടർന്ന് വിമാനത്തിലെ മുഴുവൻ യാത്രക്കാരെയും തിരിച്ചിറക്കി. വിമാനത്തിലെ 270 യാത്രക്കാരെയും ആശുപത്രിയിൽ പരിശോധനയ്ക്കു വിധേയമാക്കുമെന്ന് സിയാൽ അധികൃതർ അറിയിച്ചു. വിമാനത്താവളം അടച്ചിടാൻ സാധ്യതയുണ്ട്.

മൂന്നാറിൽ അവധി ആഘോഷത്തിനെത്തിയ 19 അംഗ സംഘത്തിലുൾപ്പെട്ടയാളാണു യുകെ പൗരൻ. രോഗലക്ഷണങ്ങളെ തുടർന്ന് ഇയാൾ നിരീക്ഷണത്തിലായിരുന്നു. എന്നാൽ, ഇന്ന് രാവിലെ കൊച്ചിയിൽനിന്നു ദുബായിലേക്കുള്ള വിമാനം കയറാനായി ഇയാൾ നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. ഇയാൾ നിരീക്ഷണത്തിലുള്ളയാളാണെന്നു തിരിച്ചറിയാതെ അധികൃതർ വിമാനത്തിൽ കയറ്റിവിടുകയും ചെയ്തു.

സ്രവപരിശോധന ഫലത്തിൽ ഇയാളുടേത് പോസിറ്റീവാണെന്നു കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിലാണ് ഇയാൾ വിമാനത്തിൽ കയറിയെന്നു കണ്ടെത്തിയത്. തുടർന്ന് യാത്രക്കാരെ മുഴുവൻ തിരിച്ചിറക്കി പരിശോധന നടത്താനാണു അധികൃതരുടെ തീരുമാനം.

രോഗബാധിതനെ കണ്ടെത്തിയ സാഹചര്യത്തിൽ മൂന്നാറിൽ ജാഗ്രത പുലർത്തുന്നുണ്ട്. മൂന്നാറിലെ വിദേശികളുടെ പൂര്‍ണവിവരങ്ങള്‍ ശേഖരിക്കുന്നു. കോവിഡ‍് ബാധിതന്‍ സ്ഥലംവിടാന്‍ ഇടയായ പശ്ചാത്തലത്തിലാണ് പരിശോധന. അതേസമയം, വിദേശികൾ താമസിച്ചിരുന്ന കെടിഡിസി ടീ കൗണ്ടി ഹോട്ടല്‍ അടച്ചു. മന്ത്രി എം.എം.മണിയുടെ നേതൃത്വത്തില്‍ ഇടുക്കിയില്‍ ഉന്നതതലയോഗം ചേരുന്നു.

ഡല്‍ഹിയില്‍ ആലിപ്പഴ വീഴ്ചയോട് കൂടി കനത്ത മഴ. പലയിടങ്ങളിലും ഗതാതം തടസപ്പെട്ടു. ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ വലിയ ആലിപ്പഴ വീഴ്ചയോടും ഇടിമിന്നലോടും കൂടിയ മഴയുണ്ടായി. തിരക്കേറിയ പല പ്രധാന റോഡുകളിലും ഗതാഗതം തടസപ്പെട്ടു. ആലിപ്പഴ വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായി. ഡല്‍ഹിയില്‍ ഇത്തരത്തിലൊരു മഴ കണ്ടിട്ടില്ലെന്ന് ചിലര്‍ പറയുന്നു.

ബിജെപിയിൽ ചേർന്ന ജോതിരാദിത്യ സിന്ധ്യക്ക് പിന്തുണ അറിയിച്ച് മധ്യപ്രദേശിലെ 22 കോൺഗ്രസ് എംഎൽഎമാർ രാജി വച്ചതോടെ പ്രതിസന്ധിയിലായ കമല്‍നാഥ് സര്‍ക്കാര്‍ തിങ്കളാഴ്ച വിശ്വാസ വോട്ട് തേടണമെന്ന് ഗവർണർ. സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് ബോധ്യപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്‍ നിർദേശം മുന്നോട്ട് വച്ചത്. തിങ്കളാഴ്ച രാവിലെ 11ന് വിശ്വാസ വോട്ട് തേടണമെന്നാണ് നിർദേശം.

ഗവർണർക്ക് പ്രത്യേക അധികാരം വ്യവസ്ഥചെയ്യുന്ന ഭരണഘടനയുടെ അനുച്ഛേദം 175 പ്രകാരമാണ് ശനിയാഴ്ച രാത്രി 12 മണിയോടെ സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പ് തേടണമെന്നുള്ള കത്ത് ഗവര്‍ണറുടെ ഓഫീസ് പുറത്തുവിട്ടത്. മധ്യപ്രദേശ് നിയമസഭയുടെ ബജറ്റ് സമ്മേളനം തിങ്കളാഴ്ച തുടങ്ങാനിരിക്കെയാണ് ഗവർണറുടെ നടപടി.

22 എംഎൽഎമാർ രാജിവച്ചതോടെ സര്‍ക്കാറിന്റെ ഭൂരിപക്ഷം നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി ബിജെപി സംഘം നേരത്തെ ഗവർണറെ കണ്ടിരുന്നു. മുന്‍മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, നരോത്തം മിശ്ര, രാംപാല്‍ സിങ്, ഭൂപേന്ദ്ര സിങ് തുടങ്ങിയ നേതാക്കള്‍ ഇക്കാര്യം ആവശ്യപ്പെട്ട് ഗവർണർക്ക് കത്ത് നൽകുകയും ചെയ്തു. ന്യൂനപക്ഷ സര്‍ക്കാരാണ് നിലവിലുള്ളത്. ഭൂരിപക്ഷം തെളിയിക്കാതെ ബജറ്റ് സമ്മേളനം തുടങ്ങുന്നത് ശരിയല്ലെന്നും ചൂണ്ടിക്കാട്ടി ബിജെപി സംഘം ഗവർണർക്ക് നൽകിയ നിവേദനം നല്‍കുകയും ചെയ്തിരുന്നു.

ബിജെപിയുടെ ആവശ്യം അംഗീകരിച്ചാണ് ഗവർണറുടെ നടപടി. ബിജെപിയുടെ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഗവർണർ തിങ്കളാഴ്ച സഭ ചേരുമ്പോള്‍ തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാണ് മൂന്ന് പേജുള്ള കത്തില്‍ വ്യക്തമാക്കുന്നത്.

നേരത്തെ, കോണ്‍ഗ്രസിൽ നിന്നും രാജി വച്ച 22 വിമത എംഎല്‍എമാരില്‍ തുളസി സിലാവത്, ഗോവിന്ദ് സിങ് രാജ്പുത്, പ്രഭുറാം ചൗധരി, ഇര്‍മതി ദേവി, പ്രദ്യുമന്‍ സിങ് തോമര്‍, മഹേന്ദ്ര സിങ് സിസോദിയ എന്നിവരുടെ രാജി സ്പീക്കര്‍ എന്‍.പി. പ്രജാപതി ശനിയാഴ്ച സ്വീകരിച്ചിരുന്നു. ഇതിന് പുറമെ നേരിട്ട് തന്റെ മുന്നില്‍ ഹാജറാവാൻ ആവശ്യപ്പെട്ട് സ്പീക്കര്‍ വിമതര്‍ക്ക് നോട്ടീസയക്കുകയും ചെയ്തിരുന്നു.

സ്ഥിരീകരിച്ച കോവിഡ് 19 കേസുകളുടെ എണ്ണത്തില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്ര മുന്‍പില്‍. ഇന്നലെ മുംബയിലെ 4 കേസുകള്‍ കൂടി പോസിറ്റീവ് ആയതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 26 ആയി. ഇതേ തുടര്‍ന്ന് കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് മഹാരാഷ്ട്ര ഗവണ്‍മെന്‍റ്. മാളുകള്‍ മാര്‍ച്ച് 31 വരെ അടച്ചിടുമെന്ന് ആരോഗ്യ മന്ത്രി രാജേഷ് തോപേ പറഞ്ഞു. കൂടുതല്‍ ആളുകള്‍ ഒത്തുചേരുന്ന പരിപാടികളും മത ചടങ്ങുകളും സംസ്ഥാനത്ത് നിരോധിച്ചിട്ടുണ്ട്.

മുംബയില്‍ ഇതുവരെ 9 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ദുബായില്‍ നിന്നും മുംബയിലെത്തിയ യുവാവിനാന് ഏറ്റവും ഒടുവില്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാളെ കസ്തൂര്‍ബ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൂനെയില്‍ 10 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. നാഗ്പൂരില്‍ 4 പെര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനിടെ രോഗബാധയുണ്ട് എന്ന സംശയമുള്ള 5 രോഗികള്‍ നാഗ്പൂരിലെ മയോ ആശുപത്രിയില്‍ നിന്നും ചാടിപ്പോയി.

Also Read – ചിത്രം മോര്‍ഫ് ചെയ്ത് കൊറോണയാണെന്ന് പ്രചരിപ്പിച്ചു, പരാതിയുമായി പൂര്‍ണ്ണ ആരോഗ്യവതിയായ യുവതി പോലീസ് സ്റ്റേഷനില്‍

ഫെയ്‌സ്ബുക്കിലൂടെ ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കെതിരെ അശ്ലീല പരാമർശം നടത്തിയ യുവാവ് അറസ്റ്റിൽ. വെട്ടത്തൂർ മണ്ണാർമലയിലെ കൈപ്പിള്ളി വീട്ടിൽ അൻഷാദ് (35) ആണ് പോലീസ് പിടിയിലായത്. ഇയാളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടായ ‘അൻഷാദ് മലബാറി’യിലൂടെ മറ്റൊരു പോസ്റ്റിന് നൽകി കമന്റിലായിരുന്നു മന്ത്രിക്കെതിരായ അശ്ലീല പരാമർശം.

സംഭവത്തിൽ പ്രതിക്കെതിരെ സ്വമേധയാ കേസെടുത്താണ് പോലീസ് നടപടി സ്വീകരിച്ചത്. പ്രകോപനം സൃഷ്ടിച്ച് ലഹളയും ചേരിതിരിവും ഉണ്ടാക്കാൻ ശ്രമിച്ച കുറ്റത്തിനും അനാവശ്യ പരാമർശങ്ങൾ നടത്തി ശല്യപ്പെടുത്തിയ കുറ്റത്തിനും പ്രതിക്കെതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു. മേലാറ്റൂർ എസ്.ഐ പി.എം. ഷമീറും സംഘവുമാണ് അൻഷാദിനെ അറസ്റ്റ് ചെയ്തത്.

പ്രതിയുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടുള്ള സ്മാർട്ട്ഫോണും പിടിച്ചെടുത്തു. കൂടുതൽ അന്വേഷണത്തിനായി സൈബർ ഫോറൻസിക് വിഭാഗത്തിന് ഫോൺ കൈമാറുമെന്നും എസ്.ഐ. അറിയിച്ചു. അറസ്റ്റിലായ പ്രതിയെ പിന്നീട് ജാമ്യത്തിൽ വിട്ടു.

പ്രവാസിയായിരുന്ന അൻഷാദ് നിലവിൽ‌ നാട്ടിൽ ചെറിയ ബിസിനസ് ചെയ്യുകയാണ്. അതേസമയം, സംഭവത്തിന് പിന്നാലെ പരാമര്‍ശത്തിൽ ഖേദം പ്രകടിപ്പിച്ചും യുവാവ് രംഗത്തെത്തി. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ഇയാളുടെ ഖേദപ്രകടനം.

സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ ഭാര്യ ബെഗോണ ഗോമസിന് കോവിഡ്-19 സ്ഥിരീകരിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്. കൊറോണയെ പിടിച്ചുകെട്ടുന്നതിന് കടുത്ത നടപടികളാണ് സാഞ്ചസ് സർക്കാർ സ്വീകരിച്ചു വരുന്നത്. ഇന്നലെ മുതൽ പതിനഞ്ച് ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

193 പേരാണ് സ്‌പെയിനിൽ കൊറോണ ബാധിച്ച് ഇതുവരെ മരിച്ചത്. ഇറ്റലിക്ക് ശേഷം ഏറ്റവും കൂടുതൽ കൊറോണ മരണങ്ങൾ റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ യൂറോപ്യൻ രാജ്യമാണ് സ്‌പെയിൻ. 6250 പേരിൽ രോഗം സ്ഥിരീകരിചിട്ടുണ്ട്. അടുത്ത ആഴ്ചയോടെ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 10,000 കടക്കുമെന്നാണ് കണക്കുകൂട്ടുന്നതെന്ന് പെഡ്രോ സാഞ്ചെസ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. അതുകൊണ്ട് സ്ഥിതിഗതികൾ നിയന്ത്രണവിധേയമായില്ലെങ്കിൽ അടിയന്തരാവസ്ഥ നീട്ടും. ജനങ്ങളോട് അടിയന്തര സാഹചര്യങ്ങളിൽ ഒഴികെ പുറത്തിറങ്ങരുതെന്നു കർശന നിർദേശം നൽകിയിട്ടുണ്ട്. റെസ്റ്റോറന്റുകളും ബാറുകളും അടക്കം സകല കടകളും അടഞ്ഞു കിടക്കുകയാണ്.

അതേസമയം, ലോകത്താകെ കൊവിഡ് ബാധിതരുടെ എണ്ണം ഒന്നരലക്ഷം കടന്നു. ബ്രിട്ടനില്‍ 24 മണിക്കൂറിനിടെ കൊവിഡ് മരണം ഇരട്ടിയായി. വൈറസ് പടർന്നു പിടിക്കുന്നതി​ന്റെ പശ്ചാത്തലത്തിൽ ഫ്രാൻസ്, ജർമ്മനി, സ്‌പെയിൻ എന്നീ രാജ്യങ്ങളിലെ പൗരന്മാർ ഇന്ത്യയിൽ പ്രവേശിക്കുന്നതിന്​ വിലക്കേർപ്പെടുത്തിയിരുന്നു. ചൈനയില്‍ കൊവിഡ്-19 വ്യാപനത്തില്‍ കുറവുണ്ടായതിനു പിന്നാലെ യൂറോപ്പിലും നോര്‍ത്ത് അമേരിക്കയിലും പശ്ചിമേഷ്യയിലും രോഗം വ്യാപകമായി പടര്‍ന്നുപിടിക്കുകയാണ്. ചൈനയിൽ പോലും ഇപ്പോൾ സ്ഥിരീകരിക്കുന്ന മിക്ക കേസുകളും വിദേശത്ത് നിന്നും ചൈനയിലേക്ക് പോയവരിലാണ്.

എറണാകുളം പെരുമ്പാവൂരില എം.സി റോഡിലെ പുല്ലുവഴിയിലുണ്ടായ വാഹനാപകടത്തിൽ ഗർഭിണി ഉൾപ്പടെ മൂന്ന് പേർ മരിച്ചു. മലപ്പുറം വട്ടത്തറ മുളുത്തുളി വീട്ടിൽ ഹനീഫ മൗലവി (29), ഭാര്യ സുമയ്യ (20), ഹനീഫയുടെ സഹോദരൻ ഷാജഹാൻ (25) എന്നിവരാണ് മരിച്ചത്. സുമയ്യ ഗർഭിണിയാണ്.

മലപ്പുറത്തു നിന്നും പുഞ്ചവയലിലേക്കു വരുന്ന വഴിയിൽ നിർത്തിയിട്ട ലോറിയിൽ ഇവർ സഞ്ചരിച്ച മാരുതി കാർ ഇടിച്ച് കയറിയാണ് അപകടമെന്നാണ് വിവരം. സുമയ്യയുടെ മുണ്ടക്കയത്തെ പുഞ്ചവയലിലുള്ള വീട്ടിലേക്ക് പോവുകയായിരുന്നു.

പുഞ്ചവയൽ കുളമാക്കൽ മണ്ണാർത്തോട്ടം ഇസ്മായിൽ സക്കീന ദമ്പതികളുടെ മകളാണ് സുമയ്യ. നിലമ്പൂരിലെ അറബിക് കോളജ് അധ്യാപകനായിരുന്നു ഹനീഫ. മൃതദേഹങ്ങൾ പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ചാരുംമൂട്: കുടശ്ശനാട് ഗവ. എസ്. വി. എച്ഛ്. എസ്. സ്കൂളിൽ പാലമേൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഓമന വിജയന്റെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക കൂട്ടായ്മയിൽ പ്രശസ്ത സാഹിത്യകാരൻ കാരൂർ സോമന്റെ രണ്ട് നോവലുകൾ പ്രകാശനം ചെയ്തു. പ്രഭാത് ബുക്സ് പ്രസിദ്ധീകരിച്ച നോവൽ “കാലാന്തരങ്ങൾ” പ്രശസ്ത നാടകകൃത്ത് ഫ്രാൻസിസ് ടി. മാവേലിക്കര സാഹിത്യകാരൻ വിശ്വൻ പടനിലത്തിനും ജീവൻ പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച നോവൽ “കന്മദപ്പൂക്കൾ” ചുനക്കര ജനാർദ്ധനൻ നായർക്ക് നൽകി പ്രകാശനം ചെയ്തു.

നാലര പതിറ്റാണ്ടിലധികമായി കേരളത്തിലും പ്രവാസ സാഹിത്യരംഗത്തും സജീവ സാന്നിധ്യമായി നിലകൊള്ളുന്ന കാരൂർ സോമൻ വ്യത്യസ്തമാർന്ന മേഖലകളിൽ അൻപതോളം കൃതികളുടെ രചയിതാവാണ്. ലോകമെങ്ങുമുള്ള മലയാള മാധ്യമങ്ങളിൽ എഴുതുക മാത്രമല്ല അദ്ദേഹത്തിന്റ മിക്ക കൃതികളും സമൂഹത്തിന് വെളിച്ചം വിതറുന്നതാണെന്ന് ഫ്രാൻസിസ് ടി. മാവേലിക്കര പറഞ്ഞു. ഈ രണ്ട് നോവലുകളും ബ്രിട്ടനിലും അമേരിക്കയിലും നടക്കുന്ന സംഭവ ബഹുലമായ മലയാളി ജീവിതത്തെ വെളിപ്പെടുത്തുക മാത്രമല്ല അത് ജീവിതത്തിൽ ഒരു കെടാവിളക്കായി വഴി നടത്തുന്നുവെന്ന് വിശ്വൻ പടനിലം രണ്ട് നോവലുകളെ പരിചയപെടുത്തികൊണ്ടറിയിച്ചു.

അഡ്വ. സഫിയ സുധീർ, ശ്രീമതി. സലീന ബീവി. ആർ., ഉമ്മൻ തോമസ്, അശോക് കുമാർ ആശംസകൾ നേർന്നു. ജഗദീഷ് കരിമുളക്കൽ കവിത പാരായണവും, പ്രിൻസിപ്പൽ കെ. ആനμക്കുട്ടൻ ഉണ്ണിത്താൻ സ്വാഗതവും കാരൂർ സോമൻ, ചാരുംമൂട് നന്ദി പ്രകാശിപ്പിച്ചു.

കൊറോണ വൈറസ് മൂലമുള്ള കോവിഡ് -19 ചൈനീസ് നഗരമായ വുഹാനിൽനിന്നും പൊട്ടിപ്പുറപ്പെടുന്നത്. കാരണമെന്തന്നറിയാതെ ന്യൂമോണിയ പിടിപെട്ട് ഒരുപാടു പേര്‍ ആശുപത്രിയില്‍ എത്തിയതോടെയാണ് അസ്വാഭാവികമായി എന്തോ സംഭവിക്കുന്നതായി ഡോക്ടര്‍മാര്‍ മനസ്സിലാക്കുന്നത്. 2020 തുടങ്ങുമ്പോഴേക്കും എല്ലാം കൈവിട്ടുപോയിരുന്നു.

വൈകാതെ ന്യൂമോണിയയുടെ കാരണം ഒരു പുതിയ വൈറസാണെന്ന് കണ്ടെത്തി. വൈറസ് മൂലമുണ്ടാകുന്ന രോഗത്തെ കോവിഡ് -19 എന്ന് വിളിക്കാന്‍ തുടങ്ങി. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഇപ്പോൾ ഈ രോഗത്തെ ഒരു ആഗോള മഹാമാരിയായി പ്രഖ്യാപിച്ചിരിക്കുകയാണ്. കോവിഡ് -19 ബാധിക്കുന്ന ഭൂരിപക്ഷം ആളുകളും വലിയ ബുദ്ധിമുട്ടുകള്‍ ഒന്നും കൂടാതെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുന്നുണ്ട്.

കോവിഡ് -19 ഉള്ള 80% ആളുകളും സ്പെഷ്യല്‍ ചികിത്സകള്‍ ഒന്നും ആവശ്യമില്ലാതെ സുഖം പ്രാപിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ആറിലൊരാൾക്ക് മാത്രമേ ഗുരുതരമായ രോഗം വരൂ. ശ്വാസ തടസ്സമാണ് പ്രധാന പ്രശ്നം. അതുകൊണ്ട്, എങ്ങിനെയാണ് കോവിഡ് -19 ഗുരുതരമായ ന്യൂമോണിയയായി മാറുന്നത്? അത് നമ്മുടെ ശ്വാസകോശത്തിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങങ്ങളിലും എന്ത് മാറ്റം ഉണ്ടാക്കും?

 

വൈറസ് ജനങ്ങളെ എങ്ങനെയാണ് ബാധിക്കുന്നത്?

കോവിഡ് -19ന്‍റെ പ്രധാന സവിശേഷത മിക്കവാറും എല്ലാ കേസുകളും ഗുരുതരമാക്കുന്നത് ന്യൂമോണിയയാണ് എന്ന് റോയൽ ഓസ്‌ട്രേലിയൻ കോളേജ് ഓഫ് ഫിസിഷ്യൻസിന്റെ പ്രസിഡന്റും ശ്വസകോശ രോഗ വിദഗ്ധനുമായ പ്രൊഫ. ജോൺ വിൽസൺ പറയുന്നു. കോവിഡ് -19 പിടിപെടുന്ന ആളുകളെ നാല് വിശാലമായ വിഭാഗങ്ങളായി തരം തിരിക്കാം.

‘സബ് ക്ലിനിക്കൽ’ ആയ ആളുകളാണ് ഒരു വിഭാഗം. അവരില്‍ വൈറസ് ഉണ്ടെങ്കിലും രോഗലക്ഷണങ്ങളൊന്നും കാണില്ല. പനിയും ചുമയും അടക്കം ശ്വാസകോശത്തിന് അണുബാധ ഉള്ളവരാണ് രണ്ടാമത്തെ വിഭാഗം. മൂന്നാമത്തെ വിഭാഗമാണ് ഏറ്റവും കൂടുതല്‍. സാധാരണയായി ഇൻഫ്ലുവൻസ പോലുള്ള അസുഖങ്ങള്‍ പിടിപെടുകയും ആശുപത്രികളില്‍ പോകേണ്ട അവസ്ഥയില്‍ എത്തിനില്‍ക്കുന്നവരുമായ ആളുകളാണ് അവര്‍. ന്യൂമോണിയ ബാധിച്ച് രോഗം മൂര്‍ച്ചിച്ച അവസ്തയിലുള്ളവരാണ് നാലാമത്തെ വിഭാഗം.

വുഹാനിൽ, കൊറോണ പോസിറ്റീവ് ആയവരില്‍ 6% പേർക്കാണ് കടുത്ത അസുഖമുണ്ടായിരുന്നത് എന്ന് ജോൺ വിൽസൺ പറയുന്നു. ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ അല്ലെങ്കിൽ പ്രമേഹം തുടങ്ങിയ അസുഖങ്ങള്‍ ഉള്ളവര്‍ക്കും പ്രായമായവർക്കുമാണ് ന്യുമോണിയ വരാന്‍ സാധ്യത കൂടുതല്‍ എന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്.

ശ്വസനേന്ദ്രിയത്തിലെ വായു അറകളിൽ രോഗാണുക്കൾ പെരുകി ശ്വസനേന്ദ്രീയ മൃദൂതകത്തിൽ വീക്കവും പഴുപ്പും ഉണ്ടാകുന്ന അവസ്ഥയാണു ന്യുമോണിയ. ചുമ, കഫക്കെട്ട്, നെഞ്ചിൽപഴുപ്പ്, പനി, ശ്വാസമ്മുട്ടൽ, നെഞ്ചു വേദന എന്നിവയാണു ന്യുമോണിയയുടെ മുഖ്യ ലക്ഷണങ്ങൾ. ശ്വാസകോശത്തിലെ പഴുപ്പുബാധയുടെ സ്ഥാനമനുസരിച്ച് ലക്ഷണങ്ങൾ വ്യത്യാസപ്പെടാം. അണുബാധയെ നിയന്ത്രിക്കാൻ സഹായിക്കുന്ന ആന്റിബയോട്ടിക്കുകളാണു മുഖ്യമായും ന്യുമോണിയ ചികിത്സിക്കാനുപയോഗിക്കുന്നത്.

Copyright © . All rights reserved