Latest News

വർഷങ്ങളായി കേരളത്തിൽ നിന്നും യു കെ യുടെ മണ്ണിലേക്ക്‌ കുടിയേറി പാർത്ത പതിനായിരത്തോളം കുടുംബങ്ങളെ ഉൾക്കൊള്ളുന്നതാണ് ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത. ജനിച്ചുവളർന്ന നാടിനേയും കുടുംബക്കാരെയും പ്രിയ സുഹൃത്തുക്കളേയും നാട്ടുകാരേയുമൊക്കെ വിട്ടിട്ട് പുതിയ മണ്ണിൽ വേരുറയ്‌ക്കാനുള്ള തത്രപ്പാടിൽ ഈ കുടുംബങ്ങൾ കടന്നുപോകുന്നത് വളരെ ബുദ്ധിമുട്ടേറിയ ജീവിതാനുഭവങ്ങളിലൂടെയാണ്. സാമ്പത്തിക ബുദ്ധിമുട്ടുകൾ, ജോലി കണ്ടത്താനുള്ള ബുദ്ധിമുട്ടുകൾ, കണ്ടെത്തിയ ജോലി സ്ഥിരപ്പെടുത്താനുള്ള ബുദ്ധിമുട്ടുകൾ, സഹപ്രവർത്തകരിൽ നിന്നും അധികാരികളിൽ നിന്നും നേരിടേണ്ടി വരുന്ന വംശീയാധിക്ഷേപങ്ങൾ, ബുള്ളിയിങ്, അവഗണനകൾ, ഒറ്റപ്പെടുത്തലുകൾ എന്നിങ്ങനെ നിരവധി പ്രശ്നങ്ങൾ. വിസ ക്യാൻസലാവുമോ, തിരിച്ചുപോകേണ്ടിവരുമോ, അങ്ങനെ വന്നാലുള്ള സാമ്പത്തിക പ്രശ്നങ്ങൾ തുടങ്ങിയവ വേറെ. പെട്ടെന്നുണ്ടാകുന്ന ഗുരുതരമായ അസുഖങ്ങളും മരണങ്ങളും ഏൽപ്പിക്കുന്ന ആഘാതങ്ങൾ വളരെ വലുതാണ്. കുട്ടികൾ നേരിടുന്ന പ്രശ്‌നങ്ങൾ ഇതിലും സങ്കീർണമാണ്. കുട്ടികളിലും യുവതലമുറയിലുമുള്ള മാനസിക സംഘർഷങ്ങളും രോഗങ്ങളും മയക്കമരുന്നിലേക്കും ചീത്ത കൂട്ടുകെട്ടുകളിലേയ്ക്കും അക്രമവാസനയിലേയ്ക്കും കുറ്റകൃത്യങ്ങളിലേക്കും നയിക്കുന്നത് നാം കാണാറുമുണ്ട്.

ഈ സാഹചര്യത്തിലാണ് അനേക വർഷങ്ങളായി മനഃശാസ്ത്രജ്ഞനായി സേവനമനുഷ്ഠിച്ച് ഈ വിഷയങ്ങളിൽ അഗാധമായ അറിവും പ്രവർത്തി പരിചയവും നേടിയിട്ടുള്ള ഡോക്ടർ മാത്യൂ ജോസഫ് പ്രവാസി സമൂഹത്തിൽ കാണപ്പെടുന്ന ഇത്തരം മാനസിക സംഘർഷങ്ങളെ കത്തോലിക്കാ വിശ്വാസത്തിൽ അധിഷ്ഠിതമായി എങ്ങനെ പ്രതിരോധിക്കാം, അതിനായി നമ്മുടെ മനസ്സുകളെ എങ്ങനെ ശക്തിപ്പെടുത്താം, ദുർബലമനസുള്ളവർക്ക് എങ്ങനെ മനോധൈര്യം നേടാം എന്നിങ്ങനെ അനുദിനജീവിതത്തിൽ പ്രവർത്തികമാക്കാവുന്ന ചെറിയ ചെറിയ അറിവുകളും ശീലങ്ങളും പങ്കുവയ്ക്കുന്നു. എപ്പോഴാണ് ഒരു പ്രൊഫഷണൽ സൈക്കോളജിസ്റ്റിനെ അഥവാ സൈക്കാർട്ടിസ്റ്റിനെ സമീപിക്കേണ്ടത്, എങ്ങനെയാണ് ജീവിതപങ്കാളിയിൽ അഥവാ കുട്ടികളിൽ മാനസികബുദ്ധിമുട്ടുകൾ നേരത്തേ കണ്ടെത്താൻ സാധിക്കുക? അങ്ങനെയുള്ള അവസരങ്ങളിൽ അവരെ എങ്ങിനെ സഹായിക്കാം എന്നിങ്ങനെ നാം അറിഞ്ഞിരിക്കേണ്ടതും നമുക്ക് പ്രയോജനപ്പെടുന്നതുമായ പല പ്രധാനവിഷയങ്ങളും ചർച്ച ചെയ്യപ്പെടും.

ക്ലാസ്സുകളുടെ അവസാനം മനഃശാസ്ത്ര വിദഗ്ദ്ധനോടു ചോദ്യങ്ങൾ ചോദിച്ച് സംശയനിവാരണം വരുത്തുന്നതിനും അവസരമുണ്ടായിരിക്കുന്നതാണ്. ഗ്രേറ്റ് ബ്രിട്ടൺ രൂപത എല്ലാ വിശ്വാസികൾക്കുമായി ഒരുക്കിയിരിക്കുന്ന ഈ ക്ലാസ്സിലേക്കും ചോദ്യോത്തരപരിപാടിയിലേക്കും എല്ലാവരേയും സ്വാഗതം ചെയ്യുന്നു.

മെയ് ഇരുപത്തിനാലാം തീയതി രാത്രി എട്ട് മുപ്പതിന് ആരംഭിക്കുന്ന ഓൺലൈൻ ക്ലാസിൽ സൗജന്യമായി പങ്കെടുക്കാവുന്നതാണ്. zoom ലിങ്ക് പ്രോഗ്രാം അറിയിപ്പിൽ ചേർത്തിരിക്കുന്നത് ശ്രദ്ധിക്കുക.

പാകിസ്ഥാന് വേണ്ടി ചാര പ്രവര്‍ത്തനം നടത്തിയ യുട്യൂബര്‍ ഉള്‍പ്പെടെ എട്ടുപേര്‍ അറസ്റ്റില്‍. പ്രമുഖ ട്രാവല്‍ വ്‌ളോഗറും ഹരിയാന ഹിസാര്‍ സ്വദേശിയുമായ ജ്യോതി മല്‍ഹോത്രയടക്കം ഉള്ളവരെയാണ് ഹരിയാനയും പഞ്ചാബും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പിടികൂടിയത്.

പാകിസ്ഥാന്റെ രഹസ്യാന്വേഷണ വിഭാഗത്തിന് ഇവര്‍ തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ് കണ്ടെത്തല്‍. അറസ്റ്റിലായ പ്രതികളെ അഞ്ച് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ചാര പ്രവര്‍ത്തനം കണ്ടെത്താന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവര്‍ അറസ്റ്റിലായത്.

മൂന്നരലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള വ്‌ളോഗറാണ് അറസ്റ്റിലായ ജ്യോതി മല്‍ഹോത്ര. 2023 ല്‍ പാകിസ്ഥാന്‍ സന്ദര്‍ശിച്ച് പോസ്റ്റ് ചെയ്തിട്ടുണ്ട്. യുവതിക്ക് പാകിസ്ഥാനിലേക്ക് പോകാന്‍ വേണ്ട സഹായം ചെയ്തത് പാക് ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥനായ ഡാനിഷാണ്.

ഐ.എസ്.ഐ ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യയിലെ വിവിധ മേഖലകളെ കുറിച്ച് ഇവര്‍ വിവരം നല്‍കിയെന്നും അന്വേഷണ ഏജന്‍സികള്‍ പറയുന്നു. പാകിസ്ഥാനെ പുകഴ്ത്തി വീഡിയോ പങ്കുവച്ചതും അറസ്റ്റിന് കാരണമായി. പഞ്ചാബിലെ പട്യാല കന്റോണ്‍മെന്റടക്കം തന്ത്രപ്രധാന കേന്ദ്രങ്ങളുടെ ദൃശ്യങ്ങളെടുത്ത് പാക് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയ കൈതാള്‍ സ്വദേശിയായ ദേവേന്ദര്‍ സിങ് ധില്ലനെ ഇന്നലെ പൊലീസ് പിടികൂടിയിരുന്നു.

കഴിഞ്ഞയാഴ്ച പാനിപ്പത്തില്‍ ചാരവൃത്തി നടത്തിയ യു.പി സ്വദേശിയും പിടിയിലായി. ഈ മാസം മൂന്നിന് പഞ്ചാബിലെ അമൃത്സറില്‍ വ്യോമ താവളങ്ങളുടെയും സൈനിക കേന്ദ്രങ്ങളുടെയും ചിത്രങ്ങളെടുത്ത് ഐ.എസ്.ഐക്ക് കൈമാറിയ രണ്ട് യുവാക്കളെയും അറസ്റ്റ് ചെയ്തു.

പാക്ക് ഹൈകമ്മീനിലെ ഉദ്യോഗസ്ഥനുമായി സമ്പര്‍ക്കത്തിലായിരുന്ന പഞ്ചാബ് മലേര്‍കോട്‌ല സ്വദേശിയായ യുവതിയുള്‍പ്പടെ രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എല്ലാവരുടെയും ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. ഇവരുടെ സാമ്പത്തിക ഇടപാടുകള്‍ അടക്കം പരിശോധിച്ചു വരികയാണന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ശേഷം യുവതിയില്‍ നിന്നും സ്വര്‍ണ്ണം തട്ടിയെടുത്ത് മുങ്ങിയ കേസിലെ പ്രതികള്‍ അറസ്റ്റില്‍. വടകര മയ്യന്നൂര്‍ പാലോലപറമ്പത്ത് വീട്ടില്‍ മുഹമ്മദ് നജീര്‍(29), ഇരിട്ടി ഉളിക്കല്‍ പൂമനിച്ചി വീട്ടില്‍ മുബഷീര്‍(31) എന്നിവരെയാണ് പട്ടാമ്പി പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്. അന്‍ഷാദിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം നടിച്ച ശേഷം പട്ടാമ്പി കൂട്ടുപാത സ്വദേശിയായ യുവതിയില്‍നിന്നും 35 പവന്‍ സ്വര്‍ണ്ണം തട്ടിയെടുത്ത പരാതിയിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

ജ്വല്ലറി ഉടമയെന്ന വ്യാജേന ഇൻസ്റ്റഗ്രാമിൽ കൂടിയാണ് വടകര സ്വദേശി നജീർ യുവതിയെ പരിചയപ്പെടുന്നത്. ശേഷം, പഴയ സ്വർണം കാണിച്ചു കൊടുത്താൽ പകരം പണവും കൊടുത്ത സ്വർണവും നൽകാമെന്ന് യുവതിയ പറഞ്ഞ് വിശ്വസിപ്പിച്ചു. പിന്നീട് മുബഷിറിനൊപ്പം ഇയാൾ പട്ടാമ്പിയിലെത്തി യുവതിയിൽനിന്നും 35 പവൻ സ്വർണം കൈക്കലാക്കി കടന്നു കളയുകയായിരുന്നു.

യുവതിയുടെ പരാതിയെത്തുടർന്ന് ജില്ലാ പോലീസ് മേധാവി അജിത് കുമാർ കേസന്വേഷണത്തിന് വേണ്ടി എസ്. അൻഷാദിന്റെ നേതൃത്വത്തിൽ പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ചു. രണ്ട് സംഘമായി തിരിഞ്ഞ് ബംഗളൂരു, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ അന്വേഷണ സംഘം പരിശോധിച്ചു വരികയായിരുന്നു. പ്രതികൾ ബംഗളൂരുവിലേക്ക് കടന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു. പോലീസിനെ കണ്ട ഒരു പ്രതി കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും അടുത്തുള്ള തെങ്ങിലേക്ക് ചാടി ഊര്‍ന്ന് ഇറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് പുറകെ ഓടി പിന്തുടര്‍ന്ന് പിടികൂടുകയുമായിരുന്നു.

ഈ വര്‍ഷം അവസാനം തദ്ദേശ ഭരണ തെരഞ്ഞെടുപ്പും അതിനു പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ സംസ്ഥാനത്ത് മന്ത്രിസഭാ പുനസ്സംഘടന ഉണ്ടാവുമെന്ന് സൂചന. ഏതാനും നാളായി ഇതു സംബന്ധിച്ച അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും, എ പ്രദീപ് കുമാര്‍ അപ്രതീക്ഷിതമായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയോഗിക്കപ്പെട്ടതോടെ പുനസ്സംഘടനാ ചര്‍ച്ച വീണ്ടും സജീവമായി.

സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാനിരിക്കെ പുതിയ നിയമനം ഉണ്ടാവില്ലെന്ന വിലയിരുത്തലിനിടെയാണ്, പ്രദീപ് കുമാറിനെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കു നിയോഗിച്ചുകൊണ്ടുള്ള തീരുമാനം.

എല്‍ഡിഎഫിനു തുടര്‍ച്ചയായ മൂന്നാം ടേം ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടുതല്‍ രാഷ്ട്രീയ നീക്കങ്ങളിലേക്കു കടക്കുമെന്നാണ് ഇടതു രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. മന്ത്രിസഭാ പുനസ്സംഘടന അതിലൊന്നായിരിക്കുമെന്നും അവര്‍ കരുതുന്നു.

പൊതുമരാമത്ത്, ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസിനെയും ഫിഷറീസ് മന്ത്രി സജി ചെറിയാനെയും മന്ത്രി സ്ഥാനത്തു നിന്നു മാറ്റി പാര്‍ട്ടിയില്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിക്കുന്നത് പിണറായി പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

മകളുടെ ഭര്‍ത്താവ് കൂടിയായ റിയാസ് മുതിര്‍ന്ന നേതാക്കളെ മറികടന്നാണ് മന്ത്രിപദത്തില്‍ എത്തിയതെന്ന വിമര്‍ശനം എതിരാളികള്‍ ഉന്നയിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിനു മുമ്പായി ഇതിന്റെ മുനയൊടിക്കാന്‍ പുനസ്സംഘടയിലൂടെയാവും. റിയാസിനൊപ്പം പാര്‍ട്ടിയില്‍ വിശ്വസ്തനായ സജി ചെറിയാനും തെരഞ്ഞെടുപ്പു ലക്ഷ്യമിട്ട് കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ നല്‍കിയേക്കും.

സ്പീക്കര്‍ എഎന്‍ ഷംസീറിനെ മന്ത്രിസഭയില്‍ എത്തിച്ച്‌ കെകെ ശൈലജയെ സ്പീക്കറാക്കുമെന്നാണ് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. സജി ചെറിയാനു പകരം പിപി ചിത്തരഞ്ജന്‍ മന്ത്രിസഭയില്‍ എത്തിയേക്കും. തോട്ടത്തില്‍ രവീന്ദ്രന്‍, കെ ആന്‍സലന്‍ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്.

സാമുദായിക സന്തുലനം പ്രകടമായിത്തന്നെ പാലിച്ച്‌ കോണ്‍ഗ്രസ് നേതൃത്വ പുനസ്സംഘടന നടത്തിയത് തെരഞ്ഞെടുപ്പു രാഷ്ട്രീയത്തെ എങ്ങനെ സ്വാധീനിക്കുമെന്ന് സിപിഎം പരിശോധിക്കുന്നുണ്ട്. ഇതു കൂടി മനസ്സില്‍ വച്ചാവും മന്ത്രിസഭാ പുനസ്സംഘടനയെന്നാണ് സൂചനകള്‍

ഇന്ത്യക്കാരുള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് വന്‍തിരിച്ചടിയാകുന്ന നീക്കവുമായി അമേരിക്ക. യുഎസ് പൗരന്മാര്‍ അല്ലാത്തവര്‍, യുഎസിന് പുറത്തേക്ക് അയക്കുന്ന പണത്തിനുമേല്‍ അഞ്ചുശതമാനം നികുതി ഏര്‍പ്പെടുത്താനൊരുങ്ങുകയാണ് ട്രംപ് ഭരണകൂടം. ഇതുമായി ബന്ധപ്പെട്ട ബില്ല്, യുഎസ് ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ചു.

യുഎസില്‍ ഏറ്റവും കൂടുതലുള്ള മൂന്ന് പ്രവാസിസമൂഹങ്ങളില്‍ ഒന്ന് ഇന്ത്യക്കാരാണ്. വിവിധ വിസകള്‍ക്കു കീഴിലായി ഏകദേശം 23 ലക്ഷം ഇന്ത്യക്കാരാണ് യുഎസില്‍ ജോലി ചെയ്യുന്നത്. ഇന്ത്യയിലേക്ക് പ്രവാസിപണം ഏറ്റവും കൂടുതല്‍ എത്തുന്നതും അമേരിക്കയില്‍ നിന്നാണ്‌. 2023-ല്‍ മാത്രം 2300 കോടി ഡോളറാണ് ഇന്ത്യയിലേക്ക് എത്തിയതെന്ന് കണക്കുകള്‍ പറയുന്നു.

ബില്ല് നിയമമാകുന്ന പക്ഷം, എച്ച് 1 ബി, എഫ് 1, ഗ്രീന്‍ കാര്‍ഡ് വിസ ഉടമകളെ മാത്രമല്ല ഇത് ബാധിക്കുക. പകരം, നിക്ഷേപങ്ങളില്‍ നിന്നോ ഓഹരിവിപണിയില്‍നിന്നോ ഉള്‍പ്പെടെ യുഎസില്‍നിന്ന് ഏത് വിധത്തിലും എന്‍ആര്‍ഐകള്‍ സമ്പാദിക്കുന്ന പണത്തിനുമേല്‍ ഈ നികുതി ചുമത്തപ്പെടും. ദ വണ്‍, ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ എന്ന പേരില്‍ തയ്യാറാക്കിയിരിക്കുന്ന ബില്ലിലാണ് ഈ വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നികുതി ചുമത്താനുള്ള ചുരുങ്ങിയ തുക ബില്ലില്‍ പറയുന്നില്ല, അതുകൊണ്ടു തന്നെ എത്ര ചെറിയ തുക അയച്ചാലും അതിന് നികുതി നല്‍കേണ്ടിവരുമെന്നാണ് സൂചന.

ഭീകര പ്രസ്ഥാനങ്ങളെ വളര്‍ത്തുന്നതില്‍ പാകിസ്ഥാന് പിന്തുണ നല്‍കുന്ന തുര്‍ക്കിക്കെതിരായ നിലപാട് കടുപ്പിച്ച് ഇന്ത്യ. തുര്‍ക്കിയുടെ ഇന്ത്യയിലെ പുതിയ സ്ഥാനപതിക്ക് അംഗീകാരം നല്‍കുന്നത് രാഷ്ട്രപതി മാറ്റി വച്ചു.

തുര്‍ക്കിയിലേക്കുള്ള യാത്ര പലരും ഒഴിവാക്കിയതിന് പിന്നാലെ തുര്‍ക്കിയുടെ ഉല്‍പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കണം എന്ന ആവശ്യവും ശക്തമാകുകയാണ്. അതേസമയം പാകിസ്ഥാനോട് തെറ്റി നില്‍ക്കുന്ന താലിബാന്‍ ഭരണകൂടവുമായി സഹകരണം ശക്തമാക്കാനുള്ള ശ്രമം ഇന്ത്യ ആരംഭിച്ചു.

ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നയം മാറ്റം വ്യക്തമാക്കുന്നതാണ് പുതിയ സംഭവ വികാസങ്ങള്‍. ഇന്ത്യയിലെ തുര്‍ക്കി സ്ഥാനപതിയായി അലി മുറാത് എര്‍സോയിയെ അംഗീകരിക്കുന്ന ചടങ്ങ് രാഷ്ട്രപതി ഭവനില്‍ ഇന്ന് നടത്താനായിരുന്നു നിശ്ചയിച്ചത്. എന്നാല്‍ ചടങ്ങ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നീട്ടിയെന്ന് അവസാന നിമിഷം വിദേശകാര്യ മന്ത്രാലയം അറിയിക്കുകയായിരുന്നു.

പത്ത് ദിവസം മുന്‍പ് നിശ്ചയിച്ച ക്രഡന്‍ഷ്യല്‍ ചടങ്ങ് റദ്ദാക്കിയത് തുര്‍ക്കിയുടെ പാക് അനുകൂല നിലപാടിന്റെ പശ്ചാത്തലത്തില്‍ തന്നെയെന്നാണ് സൂചന. തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ പാകിസ്ഥാനെ പരസ്യമായി പിന്തുണയ്ക്കുകയും ആയുധങ്ങള്‍ എത്തിച്ചു നല്‍കുകയും ചെയ്തതില്‍ കടുത്ത അതൃപ്തിയാണ് ഇന്ത്യ പ്രകടമാക്കുന്നത്. സംഭവത്തില്‍ തുര്‍ക്കി ഇതുവരെ പ്രതികരിച്ചിട്ടില്ല.

രാജ്യത്തെ ഒമ്പത് വിമാനത്താവളങ്ങളില്‍ എയര്‍ കാര്‍ഗോ കൈകാര്യം ചെയ്തിരുന്ന തുര്‍ക്കി ബന്ധമുള്ള സെലെബി എന്ന കമ്പനിയെ ഇന്നലെ കേന്ദ്രം വിലക്കിയിരുന്നു. പ്രസിഡന്റ് എര്‍ദോഗന്റെ മകളുടെ കമ്പനി എന്ന പ്രചാരണം സെലെബി നിഷേധിച്ചു. തുര്‍ക്കിയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ആപ്പിള്‍, ഡ്രൈ ഫ്രൂട്ട്‌സ് എന്നിവ ബഹിഷ്‌ക്കരിക്കാന്‍ വ്യാപാരികളുടെ സംഘടന തീരുമാനിച്ചിട്ടുണ്ട്.

അഫ്ഗാനിലെ താലിബാന്‍ ഭരണകൂടത്തെ ഇന്ത്യ ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നിരിക്കെയാണ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ അഫ്ഗാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്താഖിയുമായി ഇന്നലെ സംസാരിച്ചത്. ആദ്യമായി നടന്ന മന്ത്രിതല ചര്‍ച്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള പരമ്പരാഗത ബന്ധം എസ്. ജയശങ്കര്‍ പരാമര്‍ശിച്ചതോടെ, സഹകരണം ശക്തമാകുമെന്ന സന്ദേശം വ്യക്തമായി.

പഹല്‍ഗാം ആക്രമണത്തെ താലിബാന്‍ സര്‍ക്കാര്‍ അപലപിച്ചതും ഇന്ത്യ അഫ്ഗാനിലേക്ക് മിസൈല്‍ ആക്രമണം നടത്തിയെന്ന പാക് പ്രചാരണം തള്ളിയതുമാണ് ഇന്ത്യയെ അഫ്ഗാനുമായി അടുപ്പിക്കാന്‍ വഴിയൊരുക്കിയത്.

അഫ്ഗാന്‍ പൗരന്മാര്‍ക്ക് കൂടുതല്‍ വിസ അനുവദിക്കണം, ഇന്ത്യന്‍ ജയിലുകളിലെ അഫ്ഗാനിസ്ഥാന്‍കാരെ മോചിപ്പിക്കണം എന്നീ ആവശ്യങ്ങള്‍ അഫ്ഗാന്‍ വിദേശകാര്യ മന്ത്രി ചര്‍ച്ചയില്‍ ഉന്നയിച്ചു. ഇക്കാര്യങ്ങളില്‍ തീരുമാനം വൈകുമെങ്കിലും പാകിസ്ഥാനുമായി ഇടഞ്ഞു നില്‍ക്കുന്ന താലിബാനെ തല്‍കാലം ഒപ്പം നിര്‍ത്താനാണ് ഇന്ത്യയുടെ തന്ത്രപരമായ നീക്കം.

ഇടുക്കി വണ്ണപ്പുറം കോട്ടപ്പാറ വ്യൂ പോയിന്റില്‍ യുവാവ് കൊക്കയില്‍ വീണു. ചീങ്കല്‍ സിറ്റി സ്വദേശി സാംസണ്‍ (23) ആണ് അപകടത്തിലകപ്പെട്ടത്. ഉടൻ തന്നെ തൊടുപുഴ ഫയർഫോഴ്സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയതിനാല്‍ യുവാവിനെ രക്ഷിക്കാനായി.

ഇന്ന് പുലർച്ചെയാണ് സുഹൃത്തുക്കള്‍ക്കൊപ്പം സാംസണ്‍ കോട്ടപ്പാറയിലെത്തിയത്. പാറയില്‍ തെന്നി എഴുപത് അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.

ഒപ്പമുണ്ടായിരുന്നവരാണ് പൊലീസിനെയും ഫയർഫോഴ്‌സിനെയും വിവരമറിയിച്ചത്. പരിക്കേറ്റ സാംസണെ തൊടുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബെന്നി അഗസ്റ്റിൻ കാർഡിഫ്

കാർഡിഫിന്റെ പ്രിയ പുത്രി ആൻ സണ്ണി ഇപ്പോൾ ഒരു പ്രൊഫഷണൽ ഭരതനാട്യം ഡാൻസർ ആയിരിക്കുന്നു. കഴിഞ്ഞ ദിവസം കാർഡിഫിലെ പെനാർത്തിലെ സെന്റ് സൈറീസ് സ്കൂൾ ഹാളിൽ വച്ച് ആനിന്റെ അരങ്ങേററം നടന്നിരുന്നു. രണ്ട് മണിക്കൂർ നീണ്ട അരങ്ങേറ്റം ആസ്വദിക്കാൻ കാർഡിഫിലെ മലയാളികളും തമിഴ് സുഹൃത്തുക്കളുമായ ധാരാളം പേർ വന്നിരുന്നു. ആൻ വളരെ ചെറുപ്രായത്തിലെ തന്നെ ജിഷ മധുവിന്റെ ശിക്ഷണത്തിൽ ഡാൻസ് പരിശീലിക്കാൻ തുടങ്ങിയിരുന്നു. പിന്നീട് കലാമണ്ഡലം ശ്രുതിയുടെയും അതിനുശേഷം കഴിഞ്ഞ ആറു വർഷമായി സമർപ്പൺ ഡാൻസ് സ്ഥാപനത്തിലെ ഡോക്ടർ സന്തോഷ് ജി നായരുടെ ശിക്ഷണത്തിലും ക്ലാസിക്കൽ ഡാൻസ് പരിശീലിച്ചു വന്നിരുന്നു. ആൻ ഓറിയന്റൽ ബോർഡ് ഓഫ് ലണ്ടനിൽ നിന്നും ഏഴാം ഗ്രേഡ് കരസ്ഥമാക്കിയിരിക്കുന്നു.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി വെയിൽസിലെ പല സ്റ്റേജുകളിലും ആൻ തന്റെ ഡാൻസിലുള്ള മികവ് പ്രദർശിപ്പിച്ചുരുന്നു. ഡാൻസ് കൂടാതെ ആൻ വെയിറ്റ് ലിഫ്റ്റിങ്ങിലും സംഗീതത്തിലും ട്രെയിനിങ് ചെയ്യുന്നു. ആൻ ദേശിയ യൂത്ത് ഓർക്കസ്ട്രയിലും മെമ്പർ ആണ്. യുകെയിൽ ജനിച്ചു വളർന്ന ഒരു കുട്ടി ഭരതനാട്യം പഠിക്കുകയും അതുപോലെ പുഷ്പാഞ്ജലി, നരസിംഹ കൗത്വം, വർണം, ദേവി സ്തുതി,രാഗമാലിക താളമാലിക, അഭംഗ് വനമാലി വാസുദേവ , തില്ലാന ഇവയെല്ലാം പഠിക്കണമെങ്കിൽ വളരെ ചെറിയ കാര്യം അല്ല. അതിന്റെ പുറകിലുള്ള ആനിന്റെ തീവ്രമായ കഠിന പ്രയത്നവും, നിശ്ചയദാഢ്യവും വളരെ പ്രശംസനീയമാണ്. ഒരു ക്ലാസിക്കൽ നർത്തകി എന്ന നിലയിൽ അവളുടെ മൂർച്ചയുള്ളതും കൃത്യവുമായ പ്രകടനങ്ങൾ എടുത്തുകാണിക്കുന്നു. മനോഹരമായ ഈ നൃത്ത പ്രകടനത്തിന് പ്രേക്ഷകരുടെ ഉജ്ജ്വലമായ സാന്നിധ്യം വളരെ മാറ്റുകൂട്ടി.

കാർഡിഫിലെ ആദ്യകാല കുടിയേറ്റക്കാരായ സണ്ണി പൗലോസിന്റെയും അന്നമ്മയുടെയും മകളാണ് ആൻ. കാർഡിഫിലെ ലിറ്റിൽ കൊച്ചി റെസ്റ്റോറന്റ് നടത്തുന്ന ആൽബിൻ സണ്ണി സഹോദരനാണ്. യുകെയിൽ ജനിച്ചു വളർന്ന ആൻ സണ്ണി, സ്വാൻസി യൂണിവേഴ്സിറ്റിയിൽ എക്കണോമിക്സ് പഠിക്കുന്നു.

പാകിസ്താന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരതയെ ആഗോളതലത്തില്‍ തുറന്നുകാട്ടുന്നതിനായി അടുത്തയാഴ്ച വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന പ്രതിനിധിസംഘത്തില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെയും ഉള്‍പ്പെടുത്തി കേന്ദ്രം. ഇന്ത്യയിലെ വിദേശകാര്യ പാര്‍ലമെന്ററി പാനലിന്റെ തലവന്‍ കൂടിയായ ശശി തരൂര്‍ പ്രതിനിധി സംഘത്തെ നയിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രതിനിധി സംഘത്തെ നയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശശി തരൂരിനെ സമീപിച്ചതായി അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി.

ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നിലപാടിനു വിരുദ്ധമായ അഭിപ്രായപ്രകടനങ്ങള്‍ നടത്തിയതിന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം തരൂരിനെ താക്കീത് ചെയ്‌തെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് മോദി സര്‍ക്കാര്‍, തങ്ങളുടെ സര്‍വകക്ഷി സംഘത്തെ നയിക്കാന്‍ അദ്ദേഹത്തെ സമീപിച്ചിരിക്കുന്നത്. അതേസമയം, തന്നെ താക്കീത് ചെയ്തുവെന്ന തരത്തില്‍ വന്ന റിപ്പോര്‍ട്ടുകള്‍ പ്രവര്‍ത്തകസമിതിയംഗം കൂടിയായ തരൂര്‍ നിഷേധിച്ചിരുന്നു.

ഭീകരതയെ പിന്തുണക്കുന്ന പാകിസ്താനെ കുറിച്ചുള്ള ഇന്ത്യയുടെ നിലപാട് അന്താരാഷ്ട്ര സമൂഹത്തിന് വ്യക്തമാക്കുന്നതിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഈ നയതന്ത്ര നീക്കം. തരൂരിനെ കൂടാതെ കോണ്‍ഗ്രസില്‍നിന്ന് മനീഷ് തിവാരി, സല്‍മാന്‍ ഖുര്‍ഷിദ്, അമര്‍ സിങ് തുടങ്ങിയ എംപിമാരെയും സര്‍ക്കാര്‍ സമീപിച്ചിട്ടുണ്ട്.

നയതന്ത്ര ദൗത്യത്തില്‍ പങ്കാളിത്തം ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ ഉള്‍പ്പെടെ ഒന്നിലധികം രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്നുള്ള എംപിമാരെ സര്‍ക്കാര്‍ സമീപിച്ചിട്ടുണ്ട്. പ്രതിനിധികളുടെയും പങ്കാളികളുടെയും കൃത്യമായ എണ്ണം ഇപ്പോഴും വ്യക്തമല്ലെങ്കിലും, 30-ലധികം എംപിമാര്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ്, ടിഎംസി, ഡിഎംകെ, എന്‍സിപി (എസ്പി), ജെഡിയു, ബിജെഡി, സിപിഎം പാര്‍ട്ടികളില്‍ നിന്നുള്ള എംപിമാര്‍ പ്രതിനിധി സംഘത്തില്‍ ഉണ്ടാകുമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

മദ്യവും കഞ്ചാവും നൽകി വിദ്യാർഥികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ബാർബർ ഷോപ്പ് ഉടമ അറസ്റ്റിൽ. താനാളൂർ ചാക്കുംകാട്ടിൽ വീട്ടിൽ അഹമ്മദ് കബീറിനെയാണ് (36) താനൂർ പോലീസ് പിടികൂടിയത്.

താനാളൂരിൽ ബാർബർ ഷോപ്പ് നടത്തുന്ന കബീർ കാറും മോട്ടോർ സൈക്കിളും ഓടിക്കാൻ നൽകി കുട്ടികളുമായി സൗഹൃദം സ്ഥാപിച്ച ശേഷം കഞ്ചാവും മദ്യവും നൽകി കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയായിരുന്നു. താനാളൂർ ബ്യൂട്ടി ഹെയർ സലൂൺ എന്ന ബാർബർ ഷോപ്പിൽ വെച്ചാണ് ഇയാൾ കുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്.

നാല് കുട്ടികളുടെ പരാതിയിൽ പ്രതിയെ പോക്സോ ചുമത്തിയാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. താനൂർ ഡിവൈ.എസ്.പി പി. പ്രമോദ്, സി.ഐ ടോണി ജെ. മറ്റം, എസ്.ഐ എൻ.ആർ. സുജിത്, എ.എസ്.ഐമാരായ കെ. സലേഷ്, നിഷ, സജിനി, സീനിയർ സി.പി.ഒ പ്രദീപ്, പ്രകാശൻ, സി.പി.ഒമാരായ സക്കീർ, ഷൈൻ എന്നിവരാണ് അന്വഷണ സംഘത്തിലുണ്ടായിരുന്നത്.

RECENT POSTS
Copyright © . All rights reserved