Latest News

ബിനോയ് എം. ജെ.

സാമ്പത്തിക പുരോഗതി ഉണ്ടാകുവാൻ വേണ്ടി നാം എന്ത് ചെയ്യണം ? പൗരന്മാർ ധാരാളം ജോലി ചെയ്തു തുടങ്ങിയാൽ സാമ്പത്തിക മണ്ഠലത്തിൽ തീർച്ചയായും ഒരു കുതിച്ചുചാട്ടം തന്നെ ഉണ്ടാകും. അതേസമയം ജോലി ഒരു കഷ്ടപ്പാടായി നമുക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ ക്രേശിച്ചുള്ള ഈ സാമ്പത്തിക പുരോഗതി ആർക്കുവേണ്ടി? ലോക മാസകലം കർമ്മം ചെയ്യുന്നു. പക്ഷേ ആരും തന്നെ സംതൃപ്തരല്ല. എവിടെയാണ് തെറ്റ് പറ്റിയിരിക്കുന്നത്? സൂക്ഷ്മമായി പരിശോധിച്ചാൽ കർമ്മത്തോടുള്ള നമ്മുടെ സമീപനത്തിലാണ് തെറ്റ് പറ്റിയിരിക്കുന്നതെന്ന് കാണുവാൻ കഴിയും. കർമ്മം ചെയ്യുന്നത് എന്തിനുവേണ്ടി ? ജീവിക്കുവാൻ വേറെ മാർഗ്ഗമില്ലാത്തതിനാൽ നാം സ്വയം സമ്മർദ്ദം ചെലുത്തി കർമ്മം ചെയ്യുന്നു.

മുതലാളിത്ത വ്യവസ്ഥിതി ആണെങ്കിലും സോഷ്യലിസ്റ്റ് വ്യവസ്ഥിതിയാണെങ്കിലും കർമ്മം ചെയ്യപ്പെടുന്നത് മനസ്സില്ലാ മനസ്സോടെ ആണ്. ഇവിടെയാണ് പ്രശ്നങ്ങളുടെ എല്ലാം ബീജം കിടക്കുന്നത്. ആരുംതന്നെ കർമ്മം ആസ്വദിക്കുന്നില്ല. ആസ്വാദനത്തിന് വേണ്ടി കർമ്മം ചെയ്യപ്പെടുമ്പോൾ ഒരാൾ 24 മണിക്കൂറും കർമ്മനിരതനും സംതൃപ്തനും ആയി കാണപ്പെടുന്നു. അയാൾക്ക് കർമ്മത്തെക്കുറിച്ചോ അതിന്റെ പ്രതിഫലത്തെക്കുറിച്ചോ യാതൊരു പരാതിയും ഉണ്ടാവില്ല. ഒരുപക്ഷേ അയാൾക്ക് പ്രതിഫലം കിട്ടുന്നുണ്ടോ എന്ന് പോലും അയാൾ ചിന്തിക്കുന്നു ഉണ്ടാവില്ല. അയാൾ നിഷ്കാമകർമ്മം ചെയ്യുന്നു !

നാം ഏതുതരം കർമ്മം ചെയ്താലും അതിനെ ആസ്വദിച്ചുകൊണ്ട് ചെയ്യുക എന്നൊരു വാദം ഇതിനോട്

അനുബന്ധിച്ച് പൊന്തി വരുന്നുണ്ട്. അത് ശരിയുമാണ്. എന്നാൽ കൃത്രിമമായ ഈ ആസ്വാദനം എത്രമാത്രം ഫലപ്രദമാണ് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. അത് തീർച്ചയായും ഒരു പരിധിവരെ ഫലപ്രദം തന്നെയാണ്. എന്നാൽ നാം അറിയാതെ തന്നെ കർമ്മത്തിൽ ലയിച്ചുചേരാൻ മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കുന്നത് നന്നായിരിക്കും. കർമ്മത്തിന്റെ പ്രകൃതത്തിൽ തന്നെ മാറ്റം വരുത്തുക ! ഇന്ന് നാം കർമ്മം ചെയ്യുന്നത് ആന്തരികമോ ബാഹ്യമോ ആയ സമ്മർദ്ദത്തിന് വഴങ്ങിയാണെന്ന് മുമ്പ് സൂചിപ്പിച്ചുവല്ലോ. അപ്രകാരം മനസ്സ് സമ്മർദ്ദത്തിന് വഴങ്ങുമ്പോൾ മനുഷ്യന്റെ ബുദ്ധിശക്തി നിഷ്ക്രിയമായി ഭവിക്കുന്നു. അവിടെ മനുഷ്യൻ ഒരു വണ്ടിക്കാളയെ പോലെ പണിയെടുക്കുന്നു. അവിടെ കർമ്മം ആസ്വദിക്കപ്പെടുന്നില്ല. എന്നാൽ കൈ പ്രവർത്തിച്ചു തുടങ്ങുന്നതിന്

മുമ്പേതന്നെ തലച്ചോർ പ്രവർത്തിച്ചു തുടങ്ങിയാൽ അടിമപ്പണിയെ വേരോടെ പിഴുതെറിയുവാൻ നമുക്ക് കഴിയും.

മനുഷ്യവംശത്തെ സംബന്ധിച്ചിടത്തോളം അവന്റെ ആസ്വാദനം മുഴുവൻ ബുദ്ധിശക്തിയെ വിനിയോഗിക്കുന്നതിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത് എന്ന് കാണുവാൻ കഴിയും. നമ്മുടെ സംസ്കാരം തന്നെ ബുദ്ധിശക്തിയുടെ ഒരു ആവിഷ്കാരമാണ്. ബുദ്ധിയാകട്ടെ സ്വയം പ്രവർത്തിച്ചു കൊള്ളും. നിങ്ങൾ വെറുതെയിരിക്കുമ്പോൾ നിങ്ങളുടെ മനസ്സിലേക്ക് ഒന്ന് കണ്ണോടിച്ചു നോക്കൂ. മനസ്സ് വളരെ വേഗത്തിൽ പല കാര്യങ്ങളെയും വിശകലനം ചെയ്യുന്നതായി കാണുവാൻ സാധിക്കും. ഇനി അത് ഏത് കാര്യങ്ങളെയാണ് വിശകലനം ചെയ്യുന്നത് എന്ന് പരിശോധിക്കുക. അവിടെ തുടങ്ങട്ടെ

നിങ്ങളുടെ കർമ്മാനുഷ്ഠാനം. നിങ്ങളുടെ കർമ്മത്തിന്റെ അടിസ്ഥാനം നിങ്ങളുടെ ബുദ്ധിയാകട്ടെ. ബുദ്ധിശക്തിയുടെ നിറവിൽ നിങ്ങൾ സ്വയം മറന്നു കർമ്മം ചെയ്യുന്നു.

ബുദ്ധിയും (അറിവും) കർമ്മവും ഉരുകി ഒന്നായി ചേരേണ്ടിയിരിക്കുന്നു. ഒരു ഗവേഷകന്റെ ഉത്സാഹത്തോടെ വേണം നിങ്ങൾ കർമ്മം ചെയ്യുവാൻ. ഓരോ തവണ കർമ്മം ചെയ്യുമ്പോഴും അത് കൂടുതൽ ഫലപ്രദമായും ആയാസരഹിതമായും അർത്ഥവ്യത്തായും ചെയ്യുവാൻ പരിശ്രമിക്കുവിൻ. അപ്പോൾ കർമ്മം ഒരു ആനന്ദ ലഹരിയായി മാറും. അറിവിനെയും കർമ്മത്തെയും രണ്ടായി വേർതിരിച്ച് അവ വെവ്വേറെ ആൾക്കാരെ ഏൽപ്പിക്കുന്നത് ഒട്ടും തന്നെ ശാസ്ത്രീയമല്ല. ഇവിടെ ചിലർ സുഖിമാന്മാരായും മറ്റു ചിലർ

കഷ്ടപ്പെടുന്നവർ ആയും കാണപ്പെടുന്നു. ഇത് സമ്പത്ത് വ്യവസ്ഥയുടെ പുരോഗതിക്ക് ഒട്ടും തന്നെ ഗുണകരമല്ല. ഇന്ന് ലോകമാസകലം ബൗദ്ധികമായി ജോലി ചെയ്യുന്നവരും ( White Collar Jobs)ശാരീരികമായ ജോലി ചെയ്യുന്നവരും (Blue Collar Jobs) ആയി രണ്ടു വിഭാഗക്കാർ ഉണ്ട്. എന്തുകൊണ്ട് ബൗദ്ധികമായ ജോലി ചെയ്യുന്നവർക്ക് അല്പം ശാരീരിക ജോലി കൂടി ചെയ്തു കൂടാ? അതുപോലെതന്നെ ശാരീരികമായ ജോലി ചെയ്യുന്നവർ ആ ജോലിയെ അവരുടെ ബുദ്ധിയുമായി കൂട്ടിയിണക്കിയാൽ അവർക്ക് ഗംഭീരമായി കർമ്മം ചെയ്യുവാൻ കഴിയും.

ഇനി മറ്റൊരു കാര്യം കൂടി പരിഗണിച്ചു നോക്കാം. കർമ്മം ചെയ്യാത്തവരായി ആരെങ്കിലും ഈ ലോകത്തിൽ ഉണ്ടോ?

എല്ലാവരും എന്തൊക്കെയോ ചെയ്തുകൊണ്ടിരിക്കുന്നവരാണ്. ശാരീരികമായി വെറുതെ ഇരിക്കുന്നവരായി കാണപ്പെടുന്നവർ മാനസികവും ബൗദ്ധികവുമായി എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കുന്ന വരാണ്. അപ്പോൾ ചില സമ്പദ് വ്യവസ്ഥകൾ മുന്നോട്ടു കുതിക്കുന്നതും മറ്റു ചിലവ പുറകോട്ട് അടിക്കുന്നതും എന്തുകൊണ്ടാണ് ? സംഘടിതമായ സമ്പദ് വ്യവസ്ഥകൾ അതിദ്രുതം മുന്നോട്ടു കുതിക്കുമ്പോൾ അസംഘടിതമായ സമ്പദ് വ്യവസ്ഥകൾ പുറകോട്ട് അടിക്കുന്നു. വെള്ളക്കോളർ ജോലികളും നീലക്കോളർ ജോലികളും തമ്മിലുള്ള അന്തരം വർദ്ധിക്കുമ്പോൾ സമ്പദ് വ്യവസ്ഥ സംഘടിതമായി നീങ്ങുവാനുള്ള സാധ്യതകൾ മങ്ങുകയാണ് ചെയ്യുന്നത്. ഇത്തരം സമ്പദ് വ്യവസ്ഥകളിൽ നിർബന്ധിതമായ ജോലി അനിവാര്യമായി വരുന്നു.

അധ്വാനിക്കാതെ ആഹാരവും വസ്ത്രവും പാർപ്പിടവും ആർജ്ജിച്ചെടുക്കുവാൻ ആവില്ലല്ലോ. സൃഷ്ടിപരമായും ആസ്വാദ്യകരമായും സ്വാതന്ത്ര്യത്തോടെയും കർമ്മം ചെയ്യുവാൻ നമുക്ക് കഴിയാതെ വരുമ്പോൾ നാം നിർബന്ധിത ജോലികൾക്ക് വിധിക്കപ്പെടുന്നു. ഇതാകുന്നു ആധുനിക മനുഷ്യന്റെ ഏറ്റവും വലിയ പ്രശ്നം. അതിനാൽ ജോലി ആസ്വദിക്കുവിൻ. സ്വാതന്ത്ര്യത്തോടെ നിങ്ങൾക്ക് ഇഷ്ടമുള്ളവയെല്ലാം ചെയ്തു തുടങ്ങുവിൻ. നിങ്ങളുടെ കൈകൾ പ്രവർത്തിച്ചു തുടങ്ങുന്നതിന് മുമ്പ് തന്നെ നിങ്ങളുടെ തലച്ചോർ പ്രവർത്തിച്ചു തുടങ്ങട്ടെ. ബുദ്ധിപൂർവ്വം കർമ്മം ചെയ്യുവിൻ. അപ്പോൾ കർമ്മം ഒരു ആനന്ദ ലഹരിയായി മാറും.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

സംസ്ഥാനത്ത് ഇന്ന് മുതൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.

സംസ്ഥാനത്ത് ഇന്ന് മഴ കനക്കുമെന്ന മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകുന്നത്. വരും മണിക്കൂറിൽ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റെല്ലാ ജില്ലകളിലും നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട്‌ മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ) ജില്ലകളിലെ തീരങ്ങളിൽ നാളെ (03/08/2025) വൈകുന്നേരം 05.30 മുതൽ 04/08/2025 രാത്രി 08.30 വരെ 1.5 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

കന്യാകുമാരി തീരത്ത് നാളെ (03/08/2025) പകൽ 11.30 മുതൽ 04/08/2025 പകൽ 11.30 വരെ 1.6 മുതൽ 1.9 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണംകടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

ലഹരി പരിശോധനക്കിടയിൽ പോലീസുകാരനെ ആക്രമിച്ച കേസിൽ പിടിയിലായ പി കെ ബുജൈറിനെ റിമാൻഡ് ചെയ്തു. കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ വസതിയിൽഹാജരാക്കിയ പി കെ ബുജൈറിനെ രണ്ടാഴ്ചക്കാണ് റിമാൻഡ് ചെയ്തത്. ഇന്ന് ഉച്ചക്കാണ് മെഡിക്കൽ പരിശോധനക്ക് വിധേയനാക്കിയ ശേഷം കുന്ദമംഗലം പൊലീസ് പ്രതിയെ മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയത്.

യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസിൻ്റെ സഹോദരനാണ് പിടിയിലായ പികെ ബുജൈർ. സഹോദരന്റെ അറസ്റ്റുമായി ബന്ധപ്പെട്ട കേസിൽ ഇടപെടില്ലെന്നും തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണമെന്നും പി.കെ. ഫിറോസ് പറഞ്ഞു. പൊലീസ് നടത്തുന്ന അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

ലഹരി ഇടപാട് നടത്തുന്നുണ്ടെന്ന വിവരത്തെ തുടർന്ന് നടന്ന പരിശോധക്കിടെയായിരുന്നു പി.കെ ബുജൈർ പിടിയിലായത്. ഇന്നലെ വൈകിട്ട് 6.40 ഓടെ കുന്നമംഗലത്തിന് സമീപമാണ് ആക്രമണമുണ്ടായത്. വാഹനം പരിശോധിക്കാൻ ശ്രമിക്കുന്നതിനിടെ ബുജൈർ പ്രകോപിതനാവുകയും പൊലീസുകാരന്റെ മുഖത്തടിക്കുകയായിരുന്നു. അൽപ്പ സമയത്തിനകം തന്നെ കോടതിയിൽ ഹാജരാക്കും.

പത്തനംതിട്ടയിൽ യുവാവ് ഭാര്യയെ കുത്തിക്കൊന്നു. പുല്ലാട് സ്വദേശിനി ശ്യാമ എന്ന ശാരിമോൾ (35) ആണ് മരിച്ചത്. ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ശ്യാമയുടെ പിതാവ് ശശി, ശശിയുടെ സഹോദരി രാധാമണി എന്നിവർക്കാണ് പരിക്കേറ്റത്. പത്തനംതിട്ട പുല്ലാട് ആലുംന്തറയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം.

ഒളിവിൽപ്പോയ പ്രതി അജിക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. സംശയത്തെത്തുടർന്നാണ് യുവതിയെ അജി കൊലപ്പെടുത്തിയതെന്നാണ് സൂചന. ആക്രമണ സമയത്ത് പ്രതി മദ്യലഹരിയിലായിരുന്നു. ശ്യാമയും അജിയും മക്കളും ശ്യാമയുടെ പിതാവുമായിരുന്നു ആലുംന്തറയിലെ വീട്ടിൽ താമസിച്ചിരുന്നത്.

ദമ്പതികൾ തമ്മിൽ പതിവായി വഴക്കുണ്ടാകാറുണ്ടായിരുന്നു. ഇന്നലെ വഴക്കിനൊടുവിൽ ഇയാൾ യുവതിയെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. പിടിച്ചുമാറ്റാനെത്തിയ ശശിയേയും ആക്രമിച്ചു. തൊട്ടടുത്ത വീട്ടിലായിരുന്നു രാധാമണി താമസിച്ചിരുന്നത്. നിലവിളി കേട്ട് ഓടിയെത്തിയ രാധാമണിയേയും പ്രതി ആക്രമിക്കുകയായിരുന്നു.

ആക്രമണം നടത്തിയ ശേഷം അജി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ മൂന്നു പേരെയും രാത്രി തന്നെ കോട്ടയം മെഡിക്കൽ കോളേജിലെത്തിച്ചു. പുലർച്ചെയോടെയാണ് ശ്യാമ മരിച്ചത്. ശശിക്ക് നെഞ്ചിലാണ് കുത്തേറ്റത്. അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമാണ്. കവിയൂർ ആണ് അജിയുടെ വീട്. കുറച്ചുകാലമായി ശ്യാമയുടെ വീട്ടിലായിരുന്നു താമസം. ഇയാൾ സ്ഥിരമായി മദ്യപിച്ച് പ്രശ്നമുണ്ടാക്കിയിരുന്നു. മുമ്പ് പൊലീസ് ഇടപെട്ട് കൗൺസലിംഗിന് വിധേയനാക്കിയിരുന്നു. ദമ്പതികൾക്ക് മൂന്ന് പെൺകുട്ടികളാണ്.

ജെയ്‌നമ്മ കൊലക്കേസിൽ അറസ്റ്റിലായ സെബാസ്റ്റ്യൻ നിരവധി സ്ത്രീകളെ വകവരുത്തിയതായി സംശയം. അഞ്ച് വർഷം മുമ്പ് കാണാതായ ചേർത്തല തെക്ക് പഞ്ചായത്ത് 13ാംവാർഡ് വള്ളാക്കുന്നത്ത് വെളി സിന്ധു(ബിന്ദു–43) അടക്കം 16 വർഷത്തിനിടെ കാണാതായ സ്ത്രീകളുടെ വിവരങ്ങൾ പരിശോധിക്കും.

അസ്ഥികൂടം കണ്ടെത്തിയ സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടിൽ വീണ്ടും പരിശോധന നടത്തും. ജെയ്നമ്മക്കു പുറമെ കടക്കരപ്പള്ളി സ്വദേശിനി ബിന്ദുപത്മനാഭൻ, ചേർത്തല ശാസ്താങ്കൽ സ്വദേശി ഐഷ എന്നിവരുടെ കേസുകളും സജീവമായതിനു പിന്നാലെയാണ് സിന്ധു അടക്കമുള്ളവരുടെ തിരോധാനവും പരിഗണിക്കുന്നത്.

ജെയ്നമ്മയെ കാണാതായ സംഭവത്തിൽ പള്ളിപ്പുറം ചൊങ്ങുംതറയിൽ സെബാസ്റ്റ്യന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ കത്തിക്കരിഞ്ഞ ശരീരാവശിഷ്ടങ്ങൾ ലഭിച്ചിരുന്നു. കാണാതായ മൂന്നു സ്ത്രീകൾക്കും സെബാസ്റ്റ്യനുമായി ബന്ധമുണ്ടായിരുന്നെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ഈ സാഹചര്യത്തിലാണ് സിന്ധുവിനെ കാണാതായ സംഭവത്തിലും വീണ്ടും അന്വേഷണ സാദ്ധ്യത തെളിഞ്ഞത്. അർത്തുങ്കൽ പൊലീസ് നാലുവർഷം അന്വേഷിച്ചു അവസാനിപ്പിച്ച കേസ് ജില്ലാ പൊലീസ് മേധാവി എം.പി. മോഹനചന്ദ്രന്റെ നിർദ്ദേശത്തിൽ വീണ്ടും പരിശോധിച്ചു. 2020 ഓക്ടോബർ 19ന് തിരുവിഴയിൽ നിന്നാണ് സിന്ധുവിനെ കാണാതായത്. മൊബൈൽ ഫോൺ വീട്ടിൽ വച്ചതിനുശേഷം ക്ഷേത്രദർശനത്തിനെന്നു പറഞ്ഞു പോയ സിന്ധു തിരിച്ചുവന്നില്ല. മകൾ നൽകിയ പരാതിയെത്തുടർന്ന് അർത്തുങ്കൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ സിന്ധു ക്ഷേത്രത്തിൽ എത്തി വഴിപാട് നടത്തിയെന്ന് കണ്ടെത്തി.തുടർന്ന് എങ്ങോട്ട് പോയെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പലതരത്തിൽ അന്വേഷണം നടത്തിയിട്ടും തെളിവുകൾ ഒന്നും ലഭിക്കാത്തതിനാലാണ് കഴിഞ്ഞ വർഷം കേസന്വേഷണം ഉപേക്ഷിച്ചത്.മകളുടെ വിവാഹ നിശ്ചയത്തിനു രണ്ടു ദിവസം മുമ്പാണ് സിന്ധുവിനെ കാണാതായത്.

മുഖപരിചയമുള്ളവർക്ക് മുന്നിലും പതറാതെ സെബാസ്റ്റ്യൻ. ഏറ്റുമാനൂർ സ്വദേശിനി ജെയ്നമ്മയെ കാണാതായ കേസിൽ ക്രൈംബ്രാഞ്ച് കൊലപാതകത്തിന് കേസെടുത്ത പള്ളിപ്പുറം ചൊങ്ങംതറ സെബാസ്റ്റ്യനെ(62) ശനിയാഴ്ചയാണ് ചേർത്തല നഗരത്തിൽ തെളിവെടുപ്പിനെത്തിച്ചത്. ഡ്രൈവറായും,വസ്തു ഇടനിലക്കാരനായും ചേർത്തല നഗരത്തിൽ സജീവമായിരുന്ന സെബാസ്റ്റ്യനെ കടുത്ത പൊലീസ് കാവലിലായിരുന്നു എത്തിച്ചത്. സെബാസ്റ്റ്യനെ എത്തിച്ചതറിഞ്ഞ് വലിയ കൂട്ടം ആളുകളും മാദ്ധ്യമങ്ങളും തെളിവെടുക്കുന്ന ഇടങ്ങളിൽ എത്തിയിരുന്നു. സൗഹൃദക്കൂട്ടത്തിനിടയിലും നാട്ടിലും അമ്മാവൻ എന്നു വിളിപ്പേരുള്ള സെബാസ്റ്റ്യൻ കൂസലില്ലാതെയാണ് കാര്യങ്ങളെല്ലാം വിശദീകരിച്ചത്. ഇയാളൊരു സീരിയൽ കില്ലറാണോയെന്നും സംശയിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം അന്തരിച്ച സിനിമ – മിമിക്രി താരം കലാഭവൻ നവാസിന്റെ മരണത്തിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ചോറ്റാനിക്കര പൊലീസാണ് കേസെടുത്തത്.

ഇന്ന് രാവിലെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടക്കും നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. കബറടക്കം വൈകിട്ട് 5. 30ന് ആലുവ ടൗൺ ജുമാ മസ്ജിദിൽ നടക്കും. പൊതുദർശനം വൈകിട്ട് 4 മുതൽ. നവാസിനെ കുഴഞ്ഞുവീണ് മരിച്ച നിലയിൽ കണ്ടെത്തി എന്നാണ് എഫ്ഐആർ.

ഇന്നലെ രാത്രിയോടെ എറണാകുളം ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിലാണ് നവാസിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. വിളിച്ചിട്ടും വാതിൽ തുറക്കാഞ്ഞതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാർ വാതിൽ തുറന്ന് അകത്ത് കയറിയപ്പോൾ തറയിൽ കിടക്കുന്ന നിലയിലായിരുന്നു നവാസിനെ കണ്ടെത്തിയത്.

പ്രകമ്പനം എന്ന സിനിമ ചിത്രീകരണത്തിനായാണ് ചോറ്റാനിക്കരയിൽ എത്തിയത്. നാടക-ചലച്ചിത്ര നടനായിരുന്ന അബൂബക്കറിൻ്റെ മകനാണ്. സഹോദരൻ നിയാസ് ബക്കറും ഹാസ്യ പരമ്പരകളിലൂടെ ശ്രദ്ധേയനാണ്. ചലച്ചിത്രതാരം രഹനയാണ് ഭാര്യ

എഴുത്തുകാരനും ചിന്തകനും സാഹിത്യവിമര്‍ശകനും അധ്യാപകനുമായ പ്രൊഫ. എം.കെ സാനു (98) അന്തരിച്ചു. എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് അന്ത്യം.

മലയാളഭാഷയിലെ മികച്ച ജീവചരിത്രകൃതികളെല്ലാം പ്രൊഫ എം.കെ സാനുവിന്റെ നിരീക്ഷണത്തില്‍ നിന്നും സംഭാവന ചെയ്യപ്പെട്ടതാണ്. മലയാളസാഹിത്യനിരൂപണ മേഖലമാത്രമല്ല, ഒരു കാലഘട്ടമൊന്നാകെ ഗുരുനാഥനായി ഏറ്റെടുത്ത പ്രതിഭാസം തന്നെയായിരുന്നു അദ്ദേഹം. മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും സാംസ്‌കാരിക കേരളത്തിന്റെയും ശബ്ദമായി മാറാന്‍ കഴിഞ്ഞ അപൂര്‍വം പ്രതിഭകളില്‍ ഒരാളായിരുന്നു അദ്ദേഹം. തന്റെ എഴുത്തുകാലമത്രയും, ഗൗരവപൂര്‍ണമായ പുസ്തകങ്ങള്‍ രചിച്ചുകൊണ്ട്, പകരം വെക്കാന്‍ ഭാഷയ്ക്ക് മറ്റൊരു പേരില്ലാത്തവിധം അടയാളപ്പെടുത്തപ്പെട്ടു അദ്ദേഹം. ആശയപരമായി ഇടതുപക്ഷത്ത് നിലയുറപ്പിച്ചപ്പോഴും അദ്ദേഹം സര്‍വകക്ഷി സമ്മതനായി മാറി.

ആലപ്പുഴ ജില്ലയിലെ തുമ്പോളിയിൽ 1928 ഒക്ടോബർ 27 ന് എം.സി. കേശവന്റെയും കെ.പി. ഭവാനിയുടെയും മകനായി ജനിച്ച സാനു കുട്ടിക്കാലം മുതൽ തന്നെ തനിക്കു ചുറ്റുമുള്ള ജാതി വിവേചനങ്ങൾ കണ്ടാണ് വളർന്നത്. അതുകൊണ്ടു കൂടിയായിരിക്കാം അദ്ദേഹത്തിന്റെ ജീവിത വീക്ഷണത്തിൽ നാരായണ ഗുരുവും ഗുരുദർശനങ്ങളും നിർണായകമായ സ്വാധീനത ചെലുത്തിയത്.തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് ഒന്നാം റാങ്കോടെ മലയാളത്തില്‍ എം.എ.ബിരുദം നേടിയ എം.കെ.സാനു കൊല്ലം ശ്രീനാരായണ കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1958-ല്‍ അഞ്ചു ശാസ്ത്ര നായകന്മാര്‍ എന്ന ആദ്യഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1960ല്‍ വിമര്‍ശനഗ്രന്ഥമായ കാറ്റും വെളിച്ചവും പുറത്തിറങ്ങി. 1983-ല്‍ അധ്യാപനത്തില്‍ നിന്ന് വിരമിച്ചു.1986-ല്‍ പുരോഗമന സാഹിത്യസംഘം പ്രസിഡണ്ടായി. കോണ്‍ഗ്രസ് നേതാവ് എ എല്‍ ജേക്കബിനെ പരാജയപ്പെടുത്തി 1987-ല്‍ എറണാകുളം നിയമസഭാ മണ്ഡലത്തില്‍ നിന്നും ഇടതുപക്ഷ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചു.

ഒരേസമയം സനാതനമായ മാനുഷികമൂല്യങ്ങളുടെ ഭാഗത്ത് ഹ്യൂമനിസ്റ്റ് പ്രത്യയശാസ്ത്രങ്ങളെ പ്രതിനിധാനം ചെയ്ത് നിലയുറപ്പിക്കുകയും ലിബറല്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത ധീഷണാശാലിയായ വിമര്‍ശകനായിരുന്നു അദ്ദേഹം. കാവ്യഭാഷയിലൂടെയായിരുന്നു അദ്ദേഹം സാഹിത്യനിരൂപണം അവതരിപ്പിച്ചിരുന്നത്.

വിമര്‍ശനം, വ്യാഖ്യാനം, ബാലസാഹിത്യം, ജീവചരിത്രം തുടങ്ങി വിവിധ സാഹിത്യശാഖകളിലായി നാല്പതോളം കൃതികളുടെ കര്‍ത്താവാണ് എം.കെ. സാനു. ശ്രീനാരായണ ഗുരു, സഹോദരന്‍ അയ്യപ്പന്‍, പി.കെ.ബാലകൃഷ്ണന്‍ എന്നിവരുടെ ജീവചരിത്രങ്ങള്‍ രചിച്ചിട്ടുണ്ട്. ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ വ്യക്തിജീവിതത്തെയും കാവ്യജീവിതത്തെയും സമഗ്രമായി വിശകലനം ചെയ്യുന്ന ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്നേഹഭാജനമാണ് ശ്രദ്ധേയമായ മറ്റൊരു ഗ്രന്ഥം. കര്‍മഗതി എന്നാണ് ആത്മകഥയുടെ പേര്.

മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം. ബിലാസ്പുരിലെ പ്രത്യേക എൻഐഎ കോടതിയാണ് ജാമ്യം നൽകിയത്. അറസ്റ്റിലായി ഒമ്പത് ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്.അറസ്റ്റിന് പിന്നാലെ ദുർഗ് ജയിലിൽ കഴിയുകയായിരുന്നു ഇവർ.

ഛത്തീസ്ഗഢിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍വെച്ചാണ് കന്യാസ്ത്രീകളായ സി. പ്രീതി മേരി, സി. വന്ദന ഫ്രാന്‍സിസ് എന്നിവര്‍ കഴിഞ്ഞ ഞായറാഴ്ച അറസ്റ്റിലായത്. ഒരു പറ്റം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കന്യാസ്ത്രീകളെ വളഞ്ഞ് ബഹളമുണ്ടാക്കിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. കണ്ണൂര്‍ ഉദയഗിരി ഇടവകാംഗമാണ് സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവകാംഗമാണ് സിസ്റ്റര്‍ പ്രീതി മേരി.

കന്യാസ്ത്രീകൾക്കൊപ്പം മൂന്നു പെൺകുട്ടികളും ഇവരിൽ ഒരു പെൺകുട്ടിയുടെ സഹോദരനും ഉണ്ടായിരുന്നു. ആഗ്രയിലേക്ക് യാത്ര പുറപ്പെടാൻ എത്തിയ ഇവരെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ ബജ്രംഗ്ദൾ പ്രവർത്തകർ തടയുകയായിരുന്നു. പെൺകുട്ടികളുടെ മാതാപിതാക്കളുടെ സമ്മതത്തോടെ സഭയുടെ ആശുപത്രികളിലേക്കും പള്ളിയിലേക്കും ജോലിക്കുവേണ്ടി കൊണ്ടുപോകുകയാണെന്ന് ഇവർ പോലീസിനോട് പറഞ്ഞു. തിരിച്ചറിയൽ രേഖകളക്കം തങ്ങളുടെ പക്കലുണ്ടെന്നും ഇവർ പോലീസിനെ അറിയിച്ചു. എന്നാൽ ബജ്രംഗ്ദൾ പ്രവർത്തകർ പ്രതിഷേധം കടുപ്പിച്ചതിന് പിന്നാലെ റെയിൽവേ പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് ലോക്കൽ പോലീസിന് കൈമാറുകയായിരുന്നു.

അറസ്റ്റിന് പിന്നാലെ വൻതോതിൽ പ്രതിഷേധങ്ങൾ കേരളത്തിലും രാജ്യതലസ്ഥാനത്തും ഉയർന്നിരുന്നു. പാർലമെന്റിനകത്തും പുറത്തും കോൺഗ്രസും സിപിഎമ്മും പ്രതിഷേധം ഉയർത്തിയിരുന്നു.

മെർലിൻ മേരി അഗസ്റ്റിൻ

ഓര്‍മ്മ ഇന്റര്‍നാഷണല്‍ (ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസോസിയേഷന്‍) ടാലന്റ് പ്രൊമോഷന്‍ ഫോറം സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ പ്രസംഗമത്സരം സീസണ്‍ 3 വിജയകരമായ മൂന്നു ഘട്ടങ്ങളും പൂര്‍ത്തിയാക്കി ഗ്രാന്‍ഡ് ഫിനാലേയിലേക്ക് കടക്കുന്നു. ആഗസ്റ്റ് 8, 9 തീയതികളില്‍ പാലായിലെ സെന്റ് തോമസ് കോളേജ് ഇന്റഗ്രേറ്റഡ് സ്പോര്‍ട്സ് കോംപ്ലക്സ് ഓഡിറ്റോറിയത്തില്‍ വെച്ചാണ് ഗ്രാന്‍ഡ് ഫിനാലെ നടക്കുന്നത്. കേരളത്തിന്റെ കൃഷി മന്ത്രിയും, വാഗ്മിയുമായ പി പ്രസാദ് ഗ്രാന്‍ഡ് ഫിനാലേ ഉദ്ഘാടനം ചെയ്യും.

കേരളത്തിന്റെ ഇന്റലിജിൻസ് വിഭാഗം മേധാവി എ ഡിജിപി, P വിജയൻ IPS മുഖ്യപ്രഭാഷണം നടത്തും. ജോസ് കെ മാണി എം പി, മാണി സി കാപ്പൻ എം എൽ എ, പാലാ മുൻസിപ്പൽ ചെയർമാൻ തോമസ് പീറ്റർ, പ്രശസ്ത സിനിമ സംവിധായകൻ ഭദ്രൻ മാട്ടേൽ, 24 ന്യൂസിലെ ന്യൂസ് അവതാരകൻ ഹാഷ്മി താജ് എന്നിവർ മുഖ്യ അതിഥികൾ ആയിരിക്കും. പ്രശസ്ത ഫിലിം ആര്ടിസ്റ് വിൻസി അലോഷ്യസ് ഫൈനലായിലെ വിജയികളെ പ്രഖ്യാപിക്കും. ആഗസ്റ്റ് 8, വെള്ളിയാഴ്ച രാവിലെ 11 മണി മുതല്‍ രാത്രി 9 മണി വരെ മത്സരാര്‍ത്ഥികള്‍ക്കുള്ള ട്രെയിനിംഗും മത്സരാർത്ഥികളുടെ കുടുംബങ്ങളുടെ കൂട്ടയ്മയും നടക്കും. പരിശീലനത്തിനായി എത്തുന്ന മത്സരാര്‍ത്ഥികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒരു ദിവസത്തെ താമസ സൗകര്യവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. യാതൊരു വിധ രജിസ്ട്രേഷന്‍ ഫീസും ഈടാക്കാതെയാണ് ഓര്‍മ്മ ടാലന്റ് പ്രൊമോഷന്‍ ഫോറം ഇവയെല്ലാം സംഘടിപ്പിച്ചിരിക്കുന്നത്.

ആഗസ്റ്റ് 9, ശനിയാഴ്ച രാവിലെ മുതല്‍ ഫൈനല്‍ റൗണ്ട് പ്രസംഗ മത്സരവും ഉച്ചയ്ക്കു ശേഷം അവാര്‍ഡ് ദാനവും നടക്കും. ആഗസ്റ്റ് 9ന് മത്സരാത്ഥികൾക്കും കുടുംബങ്ങൾക്കുമായി ടോപ് സിങ്ങർ താരങ്ങൾ ആയ ശ്രീ ഹരി പിവി, വൈഷ്ണവി പണിക്കർ എന്നിവർ പ്രതേക സംഗീത പരിപാടി അവതരിപ്പിക്കും. ഓര്‍മ്മ ഇന്റര്‍നാഷണല്‍ പ്രസംഗ മത്സരത്തിന്റെ സീസണ്‍ 1 ല്‍ മൂന്നു ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികള്‍ക്കായി നല്‍കിയതെങ്കില്‍ സീസണ്‍ 3ല്‍ സീനിയർ ജൂനിയർ വിഭാവങ്ങളിലായി പത്ത് ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ഫൈനല്‍ റൗണ്ടില്‍ വിജയികളാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഗ്രാന്‍ഡ് പ്രൈസായ ‘‘ഓര്‍മ്മ ഒറേറ്റര്‍ ഓഫ് ദി ഇയര്‍-2025’ പ്രതിഭയ്ക്ക് ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസും അവാര്‍ഡും പ്രശസ്തിപത്രവുമാണ് സമ്മാനമായി ലഭിക്കുക. സീനിയര്‍ വിഭാഗത്തില്‍ മലയാളം-ഇംഗ്ലീഷ് ഭാഷകളിലോരോന്നിലും ഒന്നാം സ്ഥാനം നേടുന്ന മത്സരാര്‍ത്ഥികള്‍ക്ക് 50,000 രൂപ വീതം ലഭിക്കും. 30,000 രൂപ വീതമുള്ള രണ്ട് രണ്ടാം സമ്മാനങ്ങളും 20,000 രൂപ വീതമുള്ള മൂന്ന് മൂന്നാം സമ്മാനങ്ങളും 10,000 രൂപ വീതം നാല് നാലാം സമ്മാനങ്ങളും 5000 രൂപ വീതം അഞ്ച് അഞ്ചാം സമ്മാനങ്ങളും യഥാക്രമം നല്‍കും.

ജൂനിയര്‍ വിഭാഗത്തില്‍ ഇംഗ്ലീഷ്-മലയാളം ഭാഷകളിലായി വിജയികളാകുന്ന മത്സരാര്‍ത്ഥികള്‍ക്ക് 25,000 രൂപ വീതമാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 15,000 രൂപ വീതം രണ്ട് രണ്ടാം സമ്മാനങ്ങളും 10,000 രൂപ വീതം മൂന്ന് മൂന്നാം സമ്മാനങ്ങളും 5000 രൂപ വീതം നാല് നാലാം സമ്മാനങ്ങളും 3000 രൂപ വീതം അഞ്ച് അഞ്ചാം സമ്മാനങ്ങളും വിജയികള്‍ക്ക് ലഭിക്കും. വേദിക് ഐഎഎസ് ട്രെയിനിംഗ് അക്കാദമി, കാര്‍നെറ്റ് ബുക്സ്, കരിയര്‍ ഹൈറ്റ്സ്, സെറിബ്രോ എഡ്യൂക്കേഷൻ എന്നിവയുമായി സഹകരിച്ചാണ് ഓര്‍മ്മ ഇന്റര്‍നാഷണല്‍ സീസണ്‍ 3 രാജ്യാന്തര പ്രസംഗ മത്സരം സംഘടിപ്പിച്ചത്.

മദ്രാസ് ഹൈക്കോടതി മുന്‍ ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഡോ. ജസ്റ്റിസ് കെ നാരായണക്കുറുപ്പ്, ഡിആര്‍ഡിഒ-എയ്‌റോ സിസ്റ്റംസ് മുൻ ഡയറക്ടർ ജനറൽ ഡോ. ടെസ്സി തോമസ്, അമേരിക്കയിലെ അർക്കാഡിയ യൂണിവേഴ്സിറ്റി പ്രസിഡൻ്റ് ഡോ. അജയ് നായര്‍, ഹോളി ഫാമിലി യൂണിവേഴ്സിറ്റി അക്കാദമിക് അഫ്ഫയെർസ് വൈസ് പ്രസിഡന്റ് ഡോ. ബിന്ദു ആലപ്പാട്ട്‌ , മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. ബാബു സെബാസ്റ്റ്യന്‍, പ്രശസ്ത മെന്റലിസ്റ് നിപിൻ നിരവത്ത്‌, ചലച്ചിത്ര സംവിധായകൻ ലാല്‍ ജോസ്, കോര്‍പ്പറേറ്റ് ട്രെയിനര്‍ ആന്‍ഡ് ബിസിനസ് കോച്ച് ഷമീം റഫീഖ് എന്നിവരാണ് ഓര്‍മ്മ അന്താരാഷ്ട്ര പ്രസംഗ മത്സരത്തിന്റെ അഡ്വൈസറി ബോർഡ് അംഗങ്ങൾ.

അമേരിക്കയില്‍ അദ്ധ്യാപകനും മോട്ടിവേറ്റര്‍ എഡ്യൂക്കേറ്ററുമായ ജോസ് തോമസ് ചെയര്‍മാനായുള്ള ഓര്‍മ്മ ഇന്റര്‍നാഷണല്‍ ടാലന്റ് പ്രൊമോഷന്‍ ഫോറമാണ് പ്രസംഗ മത്സരത്തിന് നേതൃത്വം നല്‍കുന്നത്. അറ്റോണി ജോസഫ് കുന്നേല്‍ (കുന്നേല്‍ ലോ, ഫിലാഡല്‍ഫിയ, ലീഗൽ കൗൺസിൽ ചെയർ), അലക്‌സ് കുരുവിള (മാനേജിംഗ് ഡയറക്ടര്‍, കാര്‍നെറ്റ് ബുക്‌സ്), ഡോ. ആനന്ദ് ഹരിദാസ് M.D, MMI, FACC (സ്‌പെഷ്യലിസ്റ്റ് ഇന്‍ ക്ലിനിക്കല്‍ കാര്‍ഡിയോവാസ്‌കുലര്‍ മെഡിസിന്‍), ഡോ. ജയരാജ് ആലപ്പാട്ട്‌(സീനിയർ കെമിസ്റ്) ഷൈന്‍ ജോണ്‍സണ്‍ (റിട്ട. HM, SH ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തേവര), എന്നിവരാണ് ഡയറക്ടര്‍മാര്‍. എബി ജെ ജോസ് (ചെയര്‍മാന്‍, മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍)-സെക്രട്ടറി, ഷാജി അഗസ്റ്റിന്‍ – ഫിനാന്‍ഷ്യല്‍ ഓഫീസര്‍, മിസ്. എയ്മിലിൻ റോസ് തോമസ് (യുഎന്‍ സ്പീച്ച് ഫെയിം ആന്‍ഡ് പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്)-യൂത്ത് കോര്‍ഡിനേറ്റര്‍.

സജി സെബാസ്റ്റ്യൻ (പ്രസിഡന്റ്), ക്രിസ്റ്റി എബ്രഹാം (ജനറല്‍ സെക്രട്ടറി), ജോസ് ആറ്റുപുറം (ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍), റോഷിന്‍ പ്ളാമൂട്ടില്‍ (ട്രഷറര്‍), പി ർ ഓ മെർലിൻ മേരി അഗസ്റ്റിൻ, പബ്ലിക് ആൻഡ് പൊളിറ്റിക്കൽ അഫ്ഫെയർ ചെയർ വിൻസെന്റ് ഇമ്മാനുവേൽ, ജോർജ് നടവയൽ (മുൻ പ്രസിഡന്റ്) ഓര്‍മ കേരള ചാപ്റ്റര്‍ പ്രസിഡന്റ് കുര്യാക്കോസ് മണിവയലില്‍ എന്നീ ഓര്‍മ്മ രാജ്യാന്തര ഭാരവാഹികളും ടീമിലുണ്ട്.

ഓര്‍മ്മയൊരുക്കുന്ന അന്താരാഷ്ട്ര പ്രസംഗ മത്സരത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പ്രൊമോട്ടര്‍മാരുടേയും ബിസിനസ് സ്‌പോണ്‍സര്‍മാരുടെയും പിന്തുണയുണ്ട്. 2009ല്‍ അമേരിക്കയിലെ ഫിലാഡല്‍ഫിയയിലാണ് ഓര്‍മ്മ ഇന്റര്‍നാഷണല്‍ എന്ന ഓവര്‍സീസ് റസിഡന്റ് മലയാളീ അസ്സോസിയേഷന്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ഏഴു റീജിനുകളിലായി നിരവധി പ്രൊവിൻസുകളും, അവക്കു കീഴിൽ ചാപ്റ്ററുകളും യൂണിറ്റുകളുമായി ലോകം മുഴുവൻ വ്യാപിച്ചുകിടക്കുന്ന ഒരു അന്താരാഷ്ട്ര സംഘടനയായി ഓർമ്മ വളർന്നുകൊണ്ടിരിക്കുന്നു.

റോമി കുര്യാക്കോസ്

യൂറോപ്പ്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ ജർമ്മനി, യു കെ, അയർലണ്ട്, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ്, പോളണ്ട് രാജ്യങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണം വികാരാർദ്രമായി.

കേരളത്തിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമായി രാഷ്ട്രീയ- സാമൂഹിക – സാംസ്കാരിക – മാധ്യമ രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചു കൊണ്ടു ‘ഓർമയിൽ ഉമ്മൻ‌ചാണ്ടി’ എന്ന തലക്കെട്ടിൽ ഓൺലൈനായി സംഘടിപ്പിച്ച സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം പ്രതിപക്ഷ നേതാവ് ശ്രീ. വി ഡി സതീശൻ, എം എൽ എ നിർവഹിച്ചു.

ഉമ്മൻ ചാണ്ടിയുടെ വിടവ് കേരള രാഷ്ട്രീയത്തിൽ നികത്താനാവാത്തതാണെന്നും താനുൾപ്പടെയുള്ളവർക്ക്‌ വഴികാട്ടിയായി മുൻപേ നടന്നു നീങ്ങിയ നേതാവായിരുന്നു ഉമ്മൻ‌ ചാണ്ടി എന്നും ശ്രീ. വി ഡി സതീശൻ അനുസ്മരണ സന്ദേശത്തിൽ പറഞ്ഞു. ജനക്ഷേമം ലക്ഷ്യമാക്കിയുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളാണ് അദ്ദേഹത്തെ ജനപ്രിയ നേതാവാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഐ ഒ സി യൂറോപ്പ് വൈസ് – ചെയർമാൻ ശ്രീ. സിറോഷ് ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐ ഒ സി ജർമ്മനി – കേരള ചാപ്റ്റർ പ്രസിഡന്റ് ശ്രീ. സണ്ണി ജോസഫ് സ്വാഗതം ആശംസിച്ചു.

എം എൽ എമാരായ റോജി എം ജോൺ, രാഹുൽ മാങ്കൂട്ടത്തിൽ, വീക്ഷണം ദിനപത്രം എംഡി അഡ്വ. ജെയ്‌സൺ ജോസഫ്, മനുഷ്യാവകാശ പ്രവർത്തകനും കെപിസിസി പബ്ലിക് റിസർച്ച് & പോളിസി വിഭാഗം ചെയർമാനുമായ ജെ എസ് അടൂർ, പൊതുപ്രവർത്തകയും ഉമ്മൻ ചാണ്ടിയുടെ പുത്രിയുമായ മറിയ ഉമ്മൻ, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സോയ ജോസഫ്, സാംസ്കാരിക പ്രവർത്തകനും മെഗാസ്റ്റാർ പദ്മശ്രീ. മമ്മൂട്ടിയുടെ പി ആർ ഓ റോബർട്ട്‌ കുര്യാക്കോസ്, ഐ ഓ സി ഗ്ലോബൽ കോഡിനേറ്റർ അനുരാ മത്തായി എന്നിവർ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുത്തു അനുസ്മരണ സന്ദേശങ്ങൾ നൽകി.

രാഷ്ട്രീയ- സാമൂഹിക – സാംസ്കാരിക – മാധ്യമ രംഗത്തെ പ്രമുഖരേയും, കക്ഷി – രാഷ്ട്രീയ ഭേദമന്യേ ഉമ്മൻ ചാണ്ടിയെ സ്നേഹിക്കുന്ന സുമനസുകളെയും ചേർത്തുകൊണ്ട് ക്രമീകരിച്ച അനുസ്മരണ പരിപാടികൾക്ക് പ്രോഗ്രാം കൺവീനറും ഐ ഒ സി ജർമ്മനി – കേരള ചാപ്റ്റർ പ്രസിഡന്റുമായ സണ്ണി ജോസഫ്, പ്രോഗ്രാം കോർഡിനേറ്ററും ഐ ഒ സി യു കെ – കേരള ചാപ്റ്റർ ജനറൽ സെക്രട്ടറിയുമായ റോമി കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകി.

ഐ ഒ സി അയർലണ്ട് പ്രസിഡന്റ്‌ ലിങ്ക്‌വിൻസ്റ്റർ മാത്യു, ഐ ഒ സി സ്വിറ്റ്സർലണ്ട് പ്രസിഡന്റ്‌ ജോയ് കൊച്ചാട്ട്, ഐ ഒ സി സ്വിറ്റ്സർലണ്ട് – കേരള ചാപ്റ്റർ പ്രസിഡന്റ്‌ ടോമി തൊണ്ടാംകുഴി, ഐ ഒ സി അയർലണ്ട് – കേരള ചാപ്റ്റർ പ്രസിഡന്റ്‌ സാഞ്ചോ മുളവരിക്കൽ, ഐ ഒ സി യു കെ – കേരള ചാപ്റ്റർ പ്രസിഡന്റുമാരായ സുജു ഡാനിയേൽ, ഷൈനു ക്ലെയർ മാത്യൂസ്, ഐ ഒ സി പോളണ്ട് പ്രസിഡന്റ്‌ ജിൻസ് തോമസ്, ഐ ഒ സി പോളണ്ട് ജനറൽ സെക്രട്ടറി ഗോകുൽ ആദിത്യൻ, വിവിധ രാജ്യങ്ങളിലെ ഐ ഒ സി നേതാക്കന്മാർ, യൂണിറ്റ് – റീജിയൻ പ്രതിനിധികൾ, പ്രവർത്തകർ തുടങ്ങിയവർ ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് സംസാരിച്ചു.

RECENT POSTS
Copyright © . All rights reserved