സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. ഏറ്റുമാനൂര്‍ തെള്ളകത്താണ് സംഭവം. പേരൂര്‍ തച്ചനാട്ടേല്‍ അഡ്വ. ടിഎന്‍ രാജേഷിന്റെ ഭാര്യ അരീപ്പറമ്പ് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപിക ജിഎസ് ലക്ഷ്മി (41)യാണ് മരിച്ചത്. പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ ശേഷമാണ് യുവതി മരണപ്പെട്ടത്. സംഭവത്തില്‍ ചികിത്സാ പിഴവ് ചൂണ്ടിക്കാണിച്ച് ബന്ധുക്കള്‍ ഏറ്റുമാനൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.
വ്യാഴാഴ്ചയാണ് ലക്ഷ്മിയെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച നാലരയോടെയാണ് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സാധാരണ പ്രസവം ആയിരുന്നുവെന്നും അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്നും ആദ്യം ഡോക്ടര്‍ ബന്ധുക്കളെ അറിയിച്ചു. എന്നാല്‍ അഞ്ചരയോടെ ലക്ഷ്മിക്ക് രക്തസ്രാവം ഉണ്ടായി. രക്തം ആവശ്യമുണ്ടെന്നും ആശുപത്രിയില്‍ നിന്ന് തന്നെ രക്തം തത്ക്കാലം നല്‍കാമെന്നും അധികൃതര്‍ പറഞ്ഞതായി ലക്ഷ്മിയുടെ ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കി.
അതിന് ശേഷം ഏഴ് മണിയോടെ രക്തസ്രാവം നിലയ്ക്കുന്നില്ലെന്നും ഇതിനിടെ രണ്ട് തവണ ഹൃദയസ്തംഭനം ഉണ്ടായെന്നും അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു. രക്തസ്രാവം നിലയ്ക്കാത്തതിനാല്‍ ഗര്‍ഭപാത്രം നീക്കിയെന്ന് ഏഴരയോടെ ഡോക്ടര്‍ അറിയിച്ചതായും ബന്ധുക്കള്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിൽ പറയുന്നു. പിന്നീട് ലക്ഷ്മി മരിച്ചുവെന്നാണ് അധികൃതര്‍ പറഞ്ഞതെന്നും ബന്ധുക്കള്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഏറ്റുമാനൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. എസ്എംവി ഗ്ലോബല്‍ സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ശ്രീലക്ഷ്മി മകളാണ്.
കൊവിഡ് മൂലമുള്ള യാത്രാ വിലക്കില്‍പെട്ട് വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ രാജ്യം തയ്യാറെടുക്കുന്നു. പ്രവാസികളെ തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് വിദേശകാര്യ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു.
വിദേശത്ത് നിന്ന് എത്തിക്കുന്നവരെ ക്വാറന്റൈന്‍ ചെയ്യുന്നത് അടക്കമുള്ള സംസ്ഥാനങ്ങളുടെ തയ്യാറെടുപ്പുകളുടെ വിശദാംശങ്ങള്‍ ആരാഞ്ഞുകൊണ്ടാണ് കത്തയച്ചത്. കത്തിനു കേരളസര്‍ക്കാര്‍ മറുപടി നല്‍കിയിട്ടുണ്ട്. കേരളം പ്രവാസികളെ സ്വീകരിക്കാന്‍ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയതായി മുഖ്യമന്ത്രി നേരത്തെ തന്നെ കേന്ദ്രത്തെ അറിയിച്ചിരുന്നു. എന്നാല്‍ മറ്റു സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ എന്തു നടപടി സ്വീകരിച്ചു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും കേന്ദ്രം തീരുമാനമെടുക്കുക
വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗോബയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേരും. വിദേശകാര്യമന്ത്രാലയം ഗള്‍ഫിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഉള്ള ഇന്ത്യക്കാരുടെ കണക്ക് എംബസികള്‍ മുഖേന ശേഖരിച്ചിട്ടുണ്ട്. ഇതുകൂടി അടിസ്ഥാനമാക്കിയാക്കിയായിക്കും കേന്ദ്ര നടപടികള്‍.
‘അടച്ചിട്ട ആശുപത്രിയുടെ മുന്നിലെ ഫുട്പാത്തില്‍ കാത്ത് നിന്ന് 69ഓളം കൊവിഡ് രോഗികള്‍’ ഈ ദാരുണമായ കാഴ്ച മറ്റെവിടെയുമല്ല, ഉത്തര്‍പ്രദേശിലാണ്. ഉത്തര്‍പ്രദേശിലെ ഈശ്വര്‍ ജില്ലയിലെ സയ്ഫായി മെഡിക്കല്‍ കോളേജിനു മുന്നില്‍ ആശുപത്രി പ്രവേശനത്തിനായാണ് ഇവര്‍ മണിക്കൂറോളം കാത്തു നിന്നത്.
പ്രത്യേക വാര്‍ഡിലേക്ക് ഇവരെ മാറ്റുന്നതില്‍ ഉണ്ടായ താമസമാണ് രോഗികള്‍ പുറത്തിറങ്ങി ഫുട്പാത്തില്‍ നില്‍ക്കാന്‍ ഇടയാക്കിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് പുറംലോകം അറിഞ്ഞത്. രോഗികള്‍ക്കൊപ്പം ആഗ്രയില്‍ നിന്ന് ഒരു എസ്‌കോര്‍ട്ട് ടീമിനെയും പറഞ്ഞു വിട്ടിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സിസിടിവി ദൃശ്യങ്ങളില്‍ ഹോസ്പിറ്റല്‍ ഗേറ്റ് അടഞ്ഞു കിടക്കുന്നതും രോഗികള്‍ പുറത്ത് കാത്ത് നില്‍ക്കുന്നതും വ്യക്തമാണ്. കേവലം മാസ്‌ക് മാത്രം ധരിച്ചാണ് രോഗികള്‍ 112 കിലോമീറ്റര്‍ സഞ്ചരിച്ച് ആഗ്രയില്‍ നിന്ന് സയ്ഫായിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിയത്. ഇത് വലിയ ആശങ്കയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. വീഡിയോയില്‍ തന്നെ സ്ഥലത്തെ പോലീസ് ഉദ്യോഗസ്ഥനായ ചന്ദ്രപാല്‍ സിങ്ങ് മറ്റെങ്ങോട്ടും പോകരുതെന്ന് രോഗികള്‍ക്ക് നിര്‍ദേശം കൊടുക്കുന്നതും കാണാം.
രോഗികളെത്തുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിഞ്ഞിരുന്നില്ലെന്ന് ആശുപത്രി അധികൃതരും കൂട്ടിച്ചേര്‍ത്തു. അതുകൊണ്ടാണ് സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ വൈകിയതെന്നും ഇതില്‍ ആശുപത്രിയെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും അധികൃതരും അറിയിച്ചു. അരമണിക്കൂറിനുള്ളില്‍ രോഗികളെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയെന്നും വിഷയത്തില്‍ ആശുപത്രി അധികൃതര്‍ പ്രതികരിച്ചു.
കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ശരീരത്തില്‍ അണുനാശിനി കുത്തിവെച്ച് പരീക്ഷിക്കാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതിന് പിന്നാലെ നിരവധി തെറ്റായ നിര്‍ദേശങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെയും മറ്റും പ്രചരിച്ചിരുന്നു. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് അണുനശീകരണ ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്ന കമ്പനികള്‍.
തെറ്റായ നിര്‍ദേശങ്ങള്‍ കേട്ട് തങ്ങളുടെ ഉത്പന്നങ്ങള്‍ കഴിക്കരുതെന്ന് ലൈസോള്‍, ഡെറ്റോള്‍ തുടങ്ങിയ അണുനശീകരണ ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്ന കമ്പനികള്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. വീര്യമേറിയ പ്രകാശരശ്മികള്‍ ഉപയോഗിച്ച് രോഗിയുടെ ശരീരത്തിലെ വൈറസിനെ ഇല്ലാതാക്കാന്‍ സാധിക്കില്ലേ എന്ന കാര്യം പരീക്ഷിക്കണമെന്ന് കഴിഞ്ഞ ദിവസം ട്രംപ് ശാസ്ത്രജ്ഞരോട് ആവശ്യപ്പെട്ടിരുന്നു.
ശ്വാസകോശത്തിലാണ് കൊറോണ വൈറസ് പ്രവേശിക്കുന്നതും പെരുകുന്നതും എന്നത് കൊണ്ട് തന്നെ കുത്തിവെപ്പ് പോലുള്ള എന്തെങ്കിലും മാര്‍ഗം ഉപയോഗിച്ച് വൈറസിനെ ഇല്ലാതാക്കി, ശരീരം പൂര്‍ണമായും ശുദ്ധീകരിക്കാന്‍ കഴിയുമോ എന്നാണു പരീക്ഷിക്കേണ്ടതെന്നും ട്രംപ് പറഞ്ഞിരുന്നു.
വാര്‍ത്താസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ട്രംപിന്റെ പ്രസ്താവനയ്ക്കു ശേഷം നിരവധി വ്യാജ സന്ദേശങ്ങളാണ് അമേരിക്കയില്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചത്. ഇതിന് പിന്നാലെയാണ് തങ്ങളുടെ ഉത്പന്നങ്ങള്‍ കഴിക്കരുതെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ അണുനശീകരണ ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്ന കമ്പനികള്‍ നിര്‍ബന്ധിതരായത്.
ഒരു കാരണവശാലും അണുനാശിനികള്‍ ശരീരത്തില്‍ കുത്തിവെക്കുകയോ കഴിക്കുകയോ ചെയ്യരുതെന്ന് ട്രംപ് ഭരണത്തിനു തന്നെ കീഴിലുള്ള ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ മേധാവി സ്റ്റീഫന്‍ ഹാന്‍ മുന്നറിയിപ്പു നല്കുന്നു.
റെക്കിറ്റ് ബെന്ക്കിസര്‍ എന്ന ബ്രിട്ടീഷ് കമ്പനിയും അണുനാശിനികള്‍ കുടിക്കുന്നത് അപകടകരമാണെന്ന മുന്നറിയിപ്പ് പരസ്യമായി നല്കിയിട്ടുണ്ട്.
‘ആരോഗ്യവുമായും ശുചീകരണവുമായും ബന്ധപ്പെട്ട ഉത്പന്നങ്ങളുടെ ആഗോള നായകരെന്ന നിലയ്ക്ക് തങ്ങള്‍ പറയുകയാണ്, ഒരു സാഹചര്യത്തിലും തങ്ങളുടെ അണുനശീകരണ ഉത്പന്നങ്ങള്‍ മനുഷ്യശരീരത്തിലേക്ക് ഇന്‍ജക്ഷന്‍ വഴിയോ വായിലൂടെയോ ശരീരത്തില്‍ പ്രയോഗിക്കരുത് ‘, എന്ന് കമ്പനി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.’പ്രമുഖ പൊതുജനാരോഗ്യ വിദഗ്ധരുടെ ഉപദേശപ്രകാരം ഉപയോക്താക്കള്‍ക്ക് കൃത്യവും കാലികവുമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതില്‍ ഞങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്’, എന്ന് പറഞ്ഞാണ് കമ്പനി പ്രസ്താവനയിറക്കിയത്.
യുഎഇയില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചതോടെ ദുബായ് ഷോപ്പിങ് മാള്‍ തുറക്കാന്‍ ഒരുങ്ങുകയാണ്. ഏപ്രില്‍ 28ന് തുറക്കാന്‍ ആണ് തീരുമാനം ആയിരിക്കുന്നത്. ഉച്ചക്ക് 12 മുതല്‍ രാത്രി 10 വരെയായിരിക്കും മാള്‍ തുറന്ന് പ്രവര്‍ത്തിക്കുക.
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിപുലമായ സുരക്ഷാമുന്നൊരുക്കങ്ങളാണ് മാള്‍ അധികൃതര്‍ നടത്തുന്നത്. സന്ദര്‍ശകര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണമെന്നാണ് പ്രധാനമായും മുന്‍പോട് വെയ്ക്കുന്ന നിര്‍ദേശം. എന്നാല്‍ 60 വയസ്സിന് മുകളിലുള്ളവര്‍ക്കും 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും മാളുകളിലേക്ക് പ്രവേശനമില്ല.
കൊറോണ വൈറസ് എന്ന മഹാമാരിയെ നേരിടാന്‍ രാജ്യത്തിനൊപ്പം ബോളിവുഡ് താരങ്ങളും രംഗത്തുണ്ട്. ഇപ്പോഴിതാ തങ്ങളുടെ നാല് നില കെട്ടിടം ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കായി വിട്ടുകൊടുത്തിരിക്കുകയാണ് നടന്‍ ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനും.
ബ്രിഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ നിര്‍ദ്ദേശാനുസരണം എന്‍ജിഒ മിയര്‍ ഫൗണ്ടേഷന്റെ സഹായത്തോടെ ഈ കെട്ടിടം പൂര്‍ണ്ണമായും ക്വാറന്റൈന്‍ സൗകര്യത്തോടെ തയ്യാറാക്കി കഴിഞ്ഞു. ഇന്റീരിയര്‍ ഡിസൈനറായ ഗൗരി ഖാന്‍ തന്റെ ഓഫീസ് എങ്ങനെ ഉണ്ടെന്ന വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു.
നാല് നില ഓഫീസ് കെട്ടിടത്തെ എങ്ങനെ ക്വാറന്റൈന്‍ സൗകര്യത്തോടെ ഒരുക്കിയെന്ന് ഈ വീഡിയോയിലൂടെ വ്യക്തമാകും. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 24000 പിപിഇ കിറ്റുകള്‍ ഷാരൂഖ് നല്‍കിയിരുന്നു. മഹാരാഷ്ട്രയിലെ ആരോഗ്യമന്ത്രി രാജേഷ് ടോപ്പ് ഷാരൂഖിന് നന്ദി അറിയിച്ചിരുന്നു.
മാത്രമല്ല, നടന്‍ സോനു സൂദും ജുഹുവിലുള്ള തന്റെ ഹോട്ടല്‍ ആരോഗ്യപ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ക്കായി വിട്ടുനല്‍കാമെന്ന് അറിയിച്ചിരുന്നു. മുംബൈ പോലീസിനുള്ള ക്വാറന്റൈന്‍ സെന്ററായി തന്റെ ഹോട്ടലിനെ നടി ആയിഷ ടാക്കിയയും ഭര്‍ത്താവ് ഫര്‍ഹാന്‍ ആസ്മിയും വിട്ടുകൊടുത്തിരുന്നു.
വർഷങ്ങൾക്ക് മുമ്പേ വാർത്തകളിൽ നിറഞ്ഞു നിന്നതായിരുന്നു ഒരമ്മയുടെ വയറ്റിൽൽ ഒന്നിച്ച് പിറന്ന ആ അഞ്ച് പേർ. അവരുടെ ജനനത്തെക്കുറിച്ചും വിദ്യാഭ്യാസത്തെക്കുറിച്ചുമെല്ലാം എന്നും വാർത്തകൾ വന്നുകൊണ്ടേയിരുന്നു.
ഇപ്പോൾ അവരുടെ വിവാഹം ഉറപ്പിച്ചതും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ നാളെ 10. 30ന് ഗുരുവായൂരിൽ വെച്ച് നടത്താനിരുന്ന അവരുടെ വിവാഹം മാറ്റി. ഒമാനിലും, കുവൈറ്റിലും കുടുങ്ങിയ വരൻമാർക്ക് ലോക്ക് ഡൗൺ വന്നതോടെ എത്താൻ സാധിക്കാത്തതിനാലാണ് വിവാഹം മാറ്റിവെച്ചത്.
മസ്‌കറ്റിൽ ഹോട്ടൽ മാനേജരായ ആയൂർ സ്വദേശി കെ.എസ്. അജിത്കുമാർ ഫാഷൻ ഡിസൈനറായ ഉത്രയെയും, കുവൈത്തിൽ അനസ്തീഷ്യാ ടെക്നിഷ്യനായ പത്തനംതിട്ട സ്വദേശി ആകാശ് കൊച്ചി അമൃത മെഡിക്കൽ കോളേജിൽ അനസ്തീഷ്യാ ടെക്നിഷ്യയായ ഉത്രജയെയും, കോഴിക്കോട് സ്വദേശിയായ മാധ്യമപ്രവർത്തകൻ മഹേഷ് ഓൺലൈൻ മാധ്യമപ്രവർത്തന രംഗത്തുള്ള ഉത്തരയെയും, മസ്‌കറ്റിൽ അക്കൗണ്ടന്റായ വട്ടിയൂർക്കാവ് സ്വദേശി വിനീത് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ അനസ്സ്തീഷ്യാ ടെക്നീഷ്യയായ ഉത്തമയെയുമാണ് വിവാഹം കഴിക്കുന്നത്.
മെയ് മൂന്നിന് ലോക് ഡൗൺ അവസാനിക്കുകയും വിദേശത്തുള്ള വിനീതും, അജിത്ത്കുമാറും ആകാശും നാട്ടിലെത്തുകയും ചെയ്താൽ സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച്് ജൂലൈയിൽ സാധ്യമായ ദിവസം വിവാഹം നടത്താമെന്ന പ്രതീക്ഷയിലാണ് പഞ്ചരത്നങ്ങളുടെ അമ്മ രമാദേവിയും വരൻമാരുടെ രക്ഷിതാക്കളും.
1995 വൃശ്ചികമാസത്തിലെ (നവംബർ 18) ഉത്രം നാളിൽ നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് പ്രേംകുമാർ രമാദേവി ദമ്പതികളുടെ മക്കളായി ഒരേ പ്രസവത്തിൽ , പിന്നീട് പഞ്ചരത്നങ്ങൾ എന്നു പേരു വീണ അഞ്ചു പേരുടെയും ജനനം. ഇവർക്ക് ഒമ്പത് വയസ്സുള്ളപ്പോൾ പിതാവ് അപ്രതീക്ഷിതമായി മരിച്ചു.
തുടർന്ന് ആ വേർപാടിന് ശേഷം പേസ്‌മേക്കറിൽ തുടിക്കുന്ന ഹൃദയവുമായി മക്കൾക്ക് താങ്ങും തണലുമായി രമാദേവി എന്ന അമ്മ ജീവിച്ചു. ജീവിതത്തിൽ സംഭവിച്ച തിരിച്ചടികളെ ജീവിച്ചു തോൽപ്പിക്കാൻ ഈ അമ്മ കുടിക്കാത്ത കണ്ണുനീരില്ല. അപ്പോഴൊക്കെ മലയാളികൾ ഇവരോടു ചേർന്നു നിന്നു.
സന്തോഷങ്ങൾക്കിടയിലേക്കുള്ള ഇടിത്തീയായിരുന്നു കുട്ടികളുടെ അച്ഛൻ പ്രേമകുമാറിന്റെ മരണം. പക്ഷേ, മക്കളെ ചേർത്തുപിടിച്ച് തളരാതെ നിന്ന രമാദേവിയെ ഹൃദയം അപ്പോഴേക്കും തളർത്താൻ തുടങ്ങിയിരുന്നു. പ്രതിസന്ധികളെ തൂത്തെറിയാൻ പല ദിക്കുകളിൽ നിന്ന് കരങ്ങൾ നീണ്ടു.
കടങ്ങൾ വീട്ടി. ജില്ലാ സഹകരണ ബാങ്കിൽ രമയ്ക്ക് സർക്കാർ ജോലി നൽകി. ഇതോടെയാണ് രമാദേവിയും മക്കളും വീണ്ടും ജീവിച്ചു തുടങ്ങിയത്. സഹകരണ ബാങ്കിന്റെ പോത്തൻകോട് ശാഖയിൽ ജോലിയുള്ള രമാദേവിയെ ഇപ്പോഴും ഹൃദയം ഓർമിപ്പിക്കാറുണ്ട്, ഒന്നു സൂക്ഷിക്കണമെന്ന്.
അമേരിക്കയില്‍ കൊവിഡ് 19 എടുത്തത് മലയാളി കുടുംബത്തിലെ മൂന്ന് ജീവനുകളാണ്. തിരുവല്ല പുറമറ്റം വെള്ളിക്കര മാളിയേക്കല്‍ വീട്ടില്‍ ഏലിയാമ്മ ജോസ് കൂടി മരിച്ചതോടെയാണ് മരണം മൂന്നായി ഉയര്‍ന്നത്.
ഭര്‍ത്താവ് കെജെ ജോസഫ്. ഭര്‍തൃസഹോദരന്‍ ഈപ്പന്‍ ജോസഫ് എന്നിവരും നേരത്തെ കൊറോണ ബാധിച്ച് മരിച്ചിരുന്നു. ഏലിയാമ്മ ജോസഫിന്റെ രണ്ട് മക്കള്‍ കൊറോണ ബാധിച്ച് ന്യൂയോര്‍ക്കില്‍ ചികിത്സയിലാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേയ്ക്കുമോ എന്ന ആശങ്കയാണ് നിലവില്‍ ഉള്ളത്.
കോഴിക്കോട് : കോവിഡ് കടമ്പകള്‍ കടന്ന് വിദഗ്ധ ചികിത്സയ്ക്കായ് മലയാളി യുവാവ് കോഴിക്കോട് ആസ്റ്റര്‍ മിംസിലെത്തി. സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും പ്രത്യേക അനുമതിയോടെ വടകര സ്വദേശിയായ പ്രസാദ് ദാസാണ് ഇന്ന് രാവിലെ കോഴിക്കോട്ടെത്തിയത്. ബ്രിട്ടനിലെ നോട്ടിങ്ങ്ഹാമില്‍ നിന്നും പ്രത്യേകം ചാര്‍ട്ട് ചെയ്ത വിമാനത്തില്‍ രാവിലെ ഒമ്പതോടെയാണ് പ്രസാദും കുടുംബവും എത്തിയത്. വിമാനത്താവളത്തില്‍ നിന്നു തന്നെ പ്രാഥമിക കോവിഡ് ടെസ്റ്റുകള്‍ നടത്തിയ ശേഷം പ്രത്യേകം സജ്ജീകരിച്ച ആംബുലന്‍സിലാണ് മിംസിലെത്തിച്ചത്. നോട്ടിങ്ങ്ഹാമില്‍ ഐ ടി മേഖലയില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം കുറച്ച് നാളുകളായി ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് അവിടെ ചികിത്സയിലായിരുന്നു.

കൊറോണ വ്യാപനത്തിന്റെ വ്യാപ്തി അനുദിനം വര്‍ദ്ധിച്ച് വരുന്നതും ആശുപത്രിയിലുള്‍പ്പെടെ കൊറോണ പ്രതിരോധത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതുമാണ് കേരളത്തിലേക്കെത്തി ചികിത്സ നല്‍കുവാന്‍ കുടുംബത്തെ പ്രേരിപ്പിച്ചത്.ഡോ. അഭിഷേക് രാജന്‍, ഡോ. അനീഷ് കുമാര്‍, ഡോ. സജീഷ് സഹദേവന്‍, ഡോ. സീതാലക്ഷ്മി, ഡോ. നൗഷിഫ് എന്നിവര്‍ ചികിത്സയ്ക്ക് മേല്‍നോട്ടം വഹിക്കും.
ബാല സജീവ് കുമാർ
കൊറോണ രോഗ ബാധയും ദുരന്തഫലങ്ങളും ലോക ജനതയെ ആകമാനം ആശങ്കയിലാഴ്ത്തിയിരിക്കുകയും, സാധാരണ ജീവിതത്തിന് തടയിട്ടിരിക്കുകയും ചെയ്യുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ ഇതോടനുബന്ധിച്ച് പുതിയ വിവാദങ്ങളും ഉയർന്നുവരികയാണ്. യു കെ യിൽ NHS ഹോസ്പിറ്റലുകളിൽ ഇന്നലെവരെയുള്ള കണക്കനുസരിച്ച് പതിനേഴായിരത്തിനു മുകളിൽ ആൾക്കാർ മരിക്കുകയും, അത്രയും തന്നെ പേർ ചികിത്സയിലിരിക്കുകയും ചെയ്യുന്നതായാണ് ഗവണ്മെന്റ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. യു കെ യിലെ പ്രമുഖ മാദ്ധ്യമങ്ങളായ സ്കൈ ന്യൂസ്, ഗാർഡിയൻ, ദി ടെലിഗ്രാഫ്, ഡെയ്‌ലി മെയിൽ എന്നിവരുടെ വാർത്താവിശകലനങ്ങളിൽ വ്യക്തമാകുന്നത് യു കെയിലെ കോവിഡ് ബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും, വെളുത്ത വംശക്കാരെക്കാൾ കൂടുതലായി വംശീയ ന്യൂനപക്ഷങ്ങളാണ് ഇരയായിരിക്കുന്നത് എന്നാണ്.
യു കെ യിൽ കോവിഡ് രോഗബാധ കാരണം മരണമടഞ്ഞ ആദ്യ പത്തു ഡോക്ടർമാരും ഏഷ്യൻ-ആഫ്രിക്കൻ വംശജരായ വംശീയ ന്യൂനപക്ഷണങ്ങളായിരുന്നു എന്നതും, രോഗബാധയേറ്റ നേഴ്സുമാരും മറ്റ് ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരും ആനുപാതികമായി വെളുത്ത വംശജരെക്കാൾ കൂടുതലാണ് എന്നതും ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷന്റെയും, പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് , NHS എന്നിവരുടെയും അന്വേഷണത്തിന് കാരണമായിരിക്കുകയാണ്. അതോടൊപ്പം തന്നെ ബ്ലാക്ക് ആൻറ് ഏഷ്യൻ എത്നിക് മെനോറിറ്റിയെ (BAME) പ്രതിനിധാനം ചെയ്യുന്ന ആക്ടിവിസ്റ്റുകൾ യു കെ ഹോസ്പിറ്റലുകളിൽ ന്യൂനപക്ഷവംശജരായ സ്റ്റാഫിനെ താരതമ്യേന അപകടകരമായ ജോലികൾക്ക് നിർബന്ധപൂർവം അയക്കുന്നതായി ആക്ഷേപമുയർത്തിയിട്ടുമുണ്ട്. പതിനായിരക്കണക്കിന് മലയാളികൾക്ക് തുല്യ അവകാശങ്ങളോടെയും, തുല്യ നീതിയോടെയും ജോലിയും, ജോലിയിലെ ഉയർച്ചാസാദ്ധ്യതകളും നൽകുന്ന നാഷണൽ ഹെൽത്ത് സർവീസിനെപ്പറ്റിയുള്ള അസമത്വ ആക്ഷേപം ഒറ്റപ്പെട്ട നിരീക്ഷണങ്ങളായിരിക്കുമെങ്കിലും യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ ‘ഫൈറ്റ് എഗൈൻസ്റ്റ് കോവിഡ് 19 ‘ പ്രോജക്ടിന്റെ ഭാഗമായി ഏർപ്പെടുത്തിയിരിക്കുന്ന 02070626688 എന്ന ഹെൽപ്പ്ലൈൻ നമ്പറിലേക്ക് വരുന്ന നിരവധി കോളുകളും ജോലി സംബന്ധമായ പ്രശ്നങ്ങളും സംശയങ്ങളും ഉൾക്കൊള്ളുന്നതാണ്.
കോവിഡ് ബാധ സ്ഥിരീകരിച്ച നേഴ്സിനോട് രോഗം മാറിയോ എന്ന് പരിശോധിക്കാതെ പനി മാറിയെങ്കിൽ ജോലിക്ക് വരാൻ ആവശ്യപ്പെട്ടതും, ക്യാൻസറിന് ചികിത്സയിലുള്ള ഹൈ റിസ്ക് വിഭാഗത്തിൽ പെടുന്ന ഭാര്യയേയും, 8 വയസ്സുള്ള കുഞ്ഞിനേയും തനിച്ചാക്കി ഹോസ്പിറ്റൽ അക്കൊമഡേഷനിൽ താമസിച്ച് ജോലി ചെയ്യാൻ ഭർത്താവിനോട് ആവശ്യപ്പെട്ടതും, കോവിഡ് രോഗബാധയുടെ ലക്ഷണങ്ങളെ തുടർന്ന് ഹോസ്പിറ്റലിൽ അറിയിച്ചപ്പോൾ പുതുതായി വന്ന നേഴ്‌സുമാരോട് അവരുടെ ആരോഗ്യസ്ഥിതി പോലും കണക്കിലെടുക്കാതെ, പബ്ലിക് ട്രാൻസ്‌പോർട്ട് ഉപയോഗിക്കരുത് എന്ന താക്കീതോടെ നടന്ന് ആശുപത്രിയിൽ എത്തി ടെസ്റ്റിന് വിധേരാകാൻ ആവശ്യപ്പെട്ടതും ഒക്കെ ഒറ്റപ്പെട്ട സംഭവങ്ങളായിരിക്കാം. എങ്കിലും, പരിചയക്കുറവോ, ജോലിസ്ഥലത്തെ അവകാശങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയോ, ഭീതിയോ പലതരത്തിലും ചൂഷണം ചെയ്യപ്പെടുന്നു എന്നത് വ്യക്തമാക്കുകയാണ്.
ജോലി സ്ഥലത്ത് ഇപ്രകാരം ഒരു അസമത്വം നിലനിൽക്കുന്നു എങ്കിൽ അതിനെ എങ്ങിനെ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യാം എന്നതിനെക്കുറിച്ച് ഉത്തരവാദിത്തപ്പെട്ട ഒരു സംഘടന എന്ന നിലക്ക് യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ ഉണർവ് ടെലിമെഡിസിൻ എന്ന വെബ് പ്ലാറ്റ്‌ഫോമിന്റെ സഹായത്തോടെ ക്ലിനിക്കൽ, ലീഗൽ, പ്രൊഫഷണൽ വോളന്റിയർമാരുടെ വീഡിയോ കോൺഫറൻസിലൂടെ കാര്യങ്ങൾ ചർച്ച ചെയ്തു. പബ്ലിക്ക് ഹെൽത്ത് ഇംഗ്ലണ്ടും, നാഷണൽ ഹെൽത്ത് സർവീസും വ്യക്തമായ മാർഗ്ഗരേഖകൾ ഇക്കാര്യത്തിൽ പുറപ്പെടുവിച്ചിട്ടുണ്ട് എന്ന് സീനിയർ നേഴ്‌സുമാരുടെ പാനൽ വ്യക്തമാക്കി. കൂടാതെ കൊറോണ ബാധ കാരണം ആരോഗ്യപ്രവർത്തകരുടെ ക്ഷാമം ഉണ്ടെങ്കിലും, യുകെയിലെ എല്ലാ ഹോസ്പിറ്റലുകളിലും ഇപ്രകാരമുള്ള അസമത്വം നിലവിലില്ല എന്നും, എന്നാൽ ചിലയിടങ്ങളിൽ ചൂഷണം നടക്കുന്നുണ്ട് എന്നും വിലയിരുത്തി. കൂടുതലായും ഫോൺ കോളുകളിലൂടെയാണ് ജോലിക്ക് ചെല്ലാൻ നിർബ്ബന്ധിക്കുന്നത് എന്നും, ഇമെയിൽ പോലുള്ള രേഖാപരമായ മാർഗ്ഗങ്ങൾ അവലംബിക്കുന്നില്ല എന്നതും ചർച്ചയായി. പുതുതായി വന്നിരിക്കുന്ന നേഴ്സുമാരും, ബാൻഡ് 5-6 നേഴ്സുമാരുമാണ് കൂടുതലായും ഇപ്രകാരമുള്ള നിർബന്ധങ്ങൾക്ക് ഇരയാകുന്നത് എന്നതും ശ്രദ്ധിക്കപ്പെട്ടു. ഇപ്രകാരം വിഷമവൃത്തത്തിലാകുന്നവരെ സഹായിക്കാനായി ക്ലിനിക്കൽ, ലീഗൽ, പ്രൊഫഷണൽ വോളണ്ടിയർമാരെ കൂട്ടിച്ചേർത്ത് യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ ഹെൽപ്പ്ലൈൻ കൂടുതൽ കാര്യക്ഷമമാക്കി.
കൊറോണ രോഗബാധ മൂലമുള്ള കടുത്ത തിരക്കും, ജോലിക്കാരുടെ ക്ഷാമവും മൂലം വിഷമവൃത്തത്തിലായിരിക്കുന്ന നാഷണൽ ഹെൽത്ത് സർവീസിനെ പരിരക്ഷിക്കുന്നതോടൊപ്പം നമ്മളോരോരുത്തരുടെയും സുരക്ഷയും പ്രധാനമാണ്.ആതുരസേവനരംഗത്ത് അന്താരാഷ്‌ട്ര പ്രസിദ്ധിയുള്ള മലയാളി സേവനമനഃസ്ഥിതി തുടരുക. എന്നാൽ ജോലിസംബന്ധമായ കാര്യങ്ങളിൽ ഉള്ള സംശയങ്ങൾക്ക് കാര്യക്ഷമമായ ഉപദേശങ്ങൾക്കും, ആരോഗ്യപരമായ പൊതു ഉപദേശങ്ങൾക്കോ അന്യസമ്പർക്കമില്ലാതെ ജീവിക്കേണ്ടിവന്നിരിക്കുന്ന അവസ്ഥയിൽ വേണ്ടിവരുന്ന ചെറിയ സഹായങ്ങൾക്കോ യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ ഫൈറ്റ് എഗൈൻസ്റ്റ് കോവിഡ് 19 ഹെൽപ്പ്ലൈൻ നമ്പറിൽ ബന്ധപ്പെടുക. ഹെൽപ്പ്ലൈൻ നമ്പർ 02070626688