ഓസ്‌ട്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പിന്റെ നടത്തിപ്പിനെ സംബന്ധിച്ച് കൂടുതല്‍ സാധ്യതകള്‍ മുന്നോട്ട് വെച്ച് ഐസിസി യോഗം. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മത്സരങ്ങള്‍ നടത്താന്‍ മൂന്ന് സാധ്യതകളാണ് ഐസിസി ചീഫ് എക്‌സിക്യൂട്ടീവ് യോഗം മുന്നോട്ട് വെച്ചത്. ഒന്ന് ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15വരെ നിശ്ചയിച്ച തീയതികളില്‍ തന്നെ ലോകകപ്പ് നടത്തുക, ഏതെങ്കിലും സാഹചര്യത്തില്‍ ലോകകപ്പ് നീട്ടിവെക്കേണ്ടിവന്നാല്‍ അടുത്തവര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി ലോകകപ്പ് നടത്തുക, മൂന്നാമത്തെതായി ലോകകപ്പ് 2022ലേക്ക് മാറ്റിവെക്കുക എന്നതാണ്.
ഐസിസിയിലെ 12 പൂര്‍ണ അംഗങ്ങളും മൂന്ന് അസോസിയേറ്റ് അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു. ഇവരില്‍ ഭൂരിഭാഗവും ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ ലോകകപ്പ് നടത്തുന്നതിനെ അനുകൂലിച്ചു. ലോകകപ്പ് നീട്ടിവെച്ചാല്‍ ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഐപിഎല്‍ നടത്താന്‍ ബിസിസിഐക്ക് വഴിയൊരുങ്ങും. മാര്‍ച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎല്‍ കൊവിഡ് മഹാമാരിയെത്തുടര്‍ന്ന് അനിശ്ചിതകാലത്തേക്ക് റദ്ദാക്കുകയായിരുന്നു. ലോകകപ്പിന് മുമ്പ് ഐപിഎല്‍ നടത്തുന്നത് കളിക്കാര്‍ക്ക് മത്സര പരിചയം ഉറപ്പുവരുത്തുമെന്നാണ് ബിസിസിഐ നിലപാട്. അതേസമയം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് പ്രധാന്യം കൊടുക്കണമെന്നും കൊവിഡ് മൂലം മാറ്റിവെച്ച പരമ്പരകളിലെ പോയന്റുകള്‍ പങ്കിടരുതെന്നും ബിസിസിഐ യോഗത്തില്‍ ആവശ്യപ്പെട്ടു.
രണ്ട് സന്യാസിമാരെയും അവരുടെ ഡ്രൈവറെയും മഹാരാരാഷ്ട്രയിലെ പാൽഘറിൽ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി സംഭവത്തിലെ രണ്ട് പ്രതികൾ ബിജെപി പ്രാദേശിക ഭാരവാഹികളാണെന്ന് കോൺഗ്രസ്. ബിജെപി അവരെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
കേസിലെ 61, 65ാം പ്രതികളായ ഈശ്വർ നികുലെ, ബാഹു സത്വേ എന്നിവരാണ് ബിജെപി ഭാരവാഹികളെന്ന് സംസ്ഥാന കോൺഗ്രസ് വക്താവ് സച്ചിൻ സാവന്ത് ആരോപിച്ചു. ദഹാനു മണ്ഡൽ ബിജെപിയുടെ ഫേസ്ബുക്ക് പേജിൽ ഈശ്വർ നികുലെയെ ബിജെപി ഭാരവാഹിയായി വിശേഷിപ്പിച്ചത് കാണാം.
ബാഹു സത്വേ ബൂത്ത് തലത്തിലുള്ള ഭാരവാഹിയാണെന്നും സച്ചിൻ സാവന്ത് പറഞ്ഞു.
നിരവധി ചിത്രങ്ങളിലൊന്നിൽ ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭരണ നേട്ടങ്ങൾ പ്രചരിപ്പിക്കാൻ ബിജെ.പി സംഘടിപ്പിച്ച യോഗത്തിൽ നികുലെ പങ്കെടുത്തത് കാണാമെന്നും സച്ചിൻ സാവന്ത് പറഞ്ഞു.
പ്രദേശത്തെ സർപഞ്ചിനെയും ഈ യോഗത്തിൽ കാണാമെന്നും ബിജെപിയാണ് കഴിഞ്ഞ പത്ത് വർഷമായി ഈ ഗ്രാമപഞ്ചായത്ത് ഭരിക്കുന്നതെന്നും സച്ചിൻ സാവന്ത് പറഞ്ഞു. സംസ്ഥാനം ഭരിക്കുന്ന മഹാ വികാസ് അഘാഡി സർക്കാർ സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ ആളുകളെയും നിയമത്തിന് മുമ്പിൽ കൊണ്ടു വരും.തന്നെ അത്ഭുതപ്പെടുത്തുന്നത് ബിജെപി ഈ പ്രതികൾക്കെതിരെ നടപടി സ്വീകരിക്കാത്തതാണെന്നും സച്ചിൻ സാവന്ത് പറഞ്ഞു.
ദുബായില്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ജീവനക്കാരനായ തൃശ്ശൂര്‍ ഏങ്ങണ്ടിയൂര്‍ ചേറ്റുവ സ്വദേശി കുറുപ്പത്ത് കുഞ്ഞിമുഹമ്മദ് ഹാജിയുടെ മകന്‍ ഷംസുദ്ധീന്‍ (65) ആണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്.ഇന്ന് പുലര്‍ച്ചെ ദുബായ് ക്വിസൈസ് അസ്റ്റര്‍ മെഡിസിറ്റിയില്‍ വെച്ചായിരുന്നു അന്ത്യം. കൊവിഡ് ലക്ഷണങ്ങളോടെ ഒരാഴ്ചയായി ചികിത്സയിലായിരുന്നു ഇയാള്‍.
ദുബായ് പോലീസിലെ മെക്കാനിക്കല്‍ മെയിന്റനന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ കഴിഞ്ഞ 48 വര്‍ഷമായി ജോലി ചെയ്യുകയായിരുന്നു. വിരമിക്കാനിരിക്കെയാണ് കൊറോണ വൈറസ് പിടിപെട്ടത്.
കൊവിഡ് 19 വൈറസ് ബാധമൂലം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരിച്ച കുഞ്ഞിനെ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നുവെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. കുട്ടിയുടെ മരണം സ്ഥിരീകരിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തുമ്പോള്‍ തന്നെ കുഞ്ഞിന്റെ നില അതീവ ഗുരുതരമായിരുന്നു. കുഞ്ഞിന് ശ്വാസ തടസം അനുഭവപ്പെട്ടതിനാല്‍ കൊവിഡ് സ്പെഷ്യല്‍ വാര്‍ഡിലേക്ക് മാറ്റുകയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുകയുമായിരുന്നുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു
ആദ്യ പരിശോധനാഫലം പോസിറ്റീവാണ്. രണ്ടാമത് പരിശോധിക്കുന്നതിന് മുമ്പ് തന്നെ കുട്ടി മരണത്തിന് കീഴടങ്ങി. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ പരമാവധി കിണഞ്ഞു പരിശ്രമിച്ചിരുന്നു. എന്നാല്‍ ഹൃദയവാല്‍വിന് ഉള്‍പ്പെടെ നിരവധി വൈകല്യങ്ങളുള്ള കുട്ടിയായതിനാല്‍ രക്ഷപ്പെടുത്താന്‍ പ്രയാസമായിരുന്നു. നമ്മുടെ കഴിവിന്റെ അപ്പുറത്തായിരുന്നു കുട്ടിയുടെ ആരോഗ്യനില എന്നുമാണ് ആരോഗ്യമന്ത്രി പറഞ്ഞത്. കുഞ്ഞിന്റെ മൃതദേഹം കൊറോണ പ്രോട്ടോക്കോള്‍ പ്രകാരമായിരിക്കും സംസ്‌കരിക്കുകയെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
അതേസമയം കുഞ്ഞിന് എങ്ങനെയാണ് വൈറസ് ബാധ ഉണ്ടായതെന്നത് പരിശോധിച്ചുവരികയാണ്. കുഞ്ഞിന്റെ മാതാപിതാക്കള്‍ക്കോ ബന്ധുക്കള്‍ക്കൊ കൊറോണ വൈറസ് ബാധയില്ല.
ഇടുക്കിയിയില്‍ നാലുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 14 ആയി. ഏലപ്പാറ-2, മണിയാറന്‍കുടി-1, പുഷ്പകണ്ടം-1 എന്നിങ്ങനെയാണ് പുതുതായി രോഗം ബാധിച്ചവര്‍. അതേ സമയം ജില്ലയിലെ നിലവിലുള്ള ഇളവുകള്‍ക്ക് മാറ്റമില്ലെന്ന് കളക്ടര്‍. അസുഖം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. ഒരാള്‍ക്ക് മകനില്‍ നിന്നാണ് രോഗം പടര്‍ന്നത്.
പുതിയ രോഗികളെല്ലാവരും വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. ഇവരെ ഇന്നലെ രാത്രി ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായും ഇടുക്കി കളക്ടര്‍ എച്ച്. ദിനേശന്‍ അറിയിച്ചു. എലപ്പാറയില്‍ 62 കാരിയായ അമ്മയ്ക്കും 35 കാരനായ മകനുമാണ് രോഗം ബാധിച്ചത്. മൈസൂരില്‍ നിന്ന് ബൈക്കില്‍ മാര്‍ച്ച് 25ന് ആണ് മകന്‍ വീട്ടിലെത്തിയത്. പിന്നീട് ക്വാറന്റൈനിലായിരുന്നു.
മകനില്‍ നിന്നാണ് അമ്മയ്ക്ക് രോഗം പകര്‍ന്നത്. 65 കാരനായ അച്ഛനും യുവാവിന്റെ ഭാര്യയും 9 മാസം പ്രായമായ കുട്ടിയുമാണ് വീട്ടിലുള്ളത്. ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ല. നെടുങ്കണ്ടം പുഷ്പകണ്ടത്ത് 30 കാരിക്ക് ചെന്നൈയില്‍ നിന്നാണ് രോഗം പിടിപെട്ടതെന്ന് സംശയിക്കുന്നു. പഠന ആവശ്യത്തിന് ചെന്നൈയില്‍ പോയിട്ട് മാര്‍ച്ച് 18ന് വീട്ടിലെത്തിയ ഇവര്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു.
മണിയാറന്‍കുടി സ്വദേശിയായ 35കാരന്‍ പൊള്ളാച്ചിയില്‍ നിന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ലോറിയില്‍ അങ്കമാലിയിലെത്തി അവിടെ നിന്ന് ഓട്ടോറിക്ഷയില്‍ വരുമ്പോള്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ പിന്നീട് ക്വാറന്റൈനിലാക്കി. നാല് പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് കളക്ടര്‍ പറഞ്ഞു. ജില്ലയില്‍ മുമ്പ് രോഗം സ്ഥിരീകരിച്ച 10 പേരും ഈ മാസം പാതിയോടെ ആശുപത്രി വിട്ടിരുന്നു. ബുധനാഴ്ച രോഗം സ്ഥിരീകരിച്ച പാലാ സ്വദേശി കോട്ടയത്തിന്റെ കണക്കിലാണ് വരിക.
ഏലപ്പാറയില്‍ രോഗം സ്ഥിരീകരിച്ച യുവാവിന്റെയും അവസ്ഥ. 29-ാമത്തെ ദിവസമാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. 27-ാമത്തെ ദിവസമാണ് സ്രവമെടുത്തത്. ഇത്തരത്തില്‍ ഏറെ വൈകി ലക്ഷണങ്ങള്‍ കാണിക്കുന്നത് ആരോഗ്യവകുപ്പിനേയും ഭയപ്പാടിലാക്കുകയാണ്. സാധാരണയായി 5-14 ദിവസം വരെയാണ് അസുഖം ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങുന്ന സമയമെങ്കിലും ഇത്രയധികം വൈകുന്നത് ജില്ലാ ഭരണകൂടത്തേയും ആശങ്കയിലാക്കുകയാണ്.
മറ്റൊരു യുവതിയുമായി അടുപ്പമുണ്ടെന്ന ഭാര്യയുടെ പരാതിയിൽ പൊലീസ് സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയ യുവാവ് വീട്ടിൽ മടങ്ങിയെത്തി ജീവനൊടുക്കി. വിവരം അറിഞ്ഞ് ഇയാളുമായി അടുപ്പമുണ്ടായിരുന്ന യുവതി പമ്പാനദിയിൽ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചെങ്കിലും നാട്ടുകാർ രക്ഷപ്പെടുത്തി. ആൽത്തറ ജംക്‌ഷനു സമീപം വാടകയ്ക്കു താമസിക്കുന്ന ഇരുപത്തൊൻപതുകാരനാണ് തൂങ്ങിമരിച്ചത്.
ഭർത്താവിന് മറ്റൊരു യുവതിയുമായുള്ള അടുപ്പം സംബന്ധിച്ച് ഭാര്യയുടെ പരാതിയിൽ മൂവരെയും ഇന്നലെ ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ചിരുന്നു. സ്റ്റേഷനിൽനിന്നു ഭാര്യയെ കൂട്ടാതെ ബൈക്കിൽ മടങ്ങിയ യുവാവ് വീട്ടിലെത്തി ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു. വിവരം അറിഞ്ഞ യുവതി മിത്രപ്പുഴക്കടവ് പാലത്തിൽ നിന്നു പമ്പയാറ്റിലേക്കു ചാടി. എന്നാൽ നാട്ടുകാർ ഇവരെ രക്ഷപ്പെടുത്തി. യുവതിയെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗൾഫിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലേക്കുകൊണ്ടുപോകുന്നതിനു വിലക്ക് തുടരുന്നതിൽ ആശങ്കയോടെ പ്രവാസികൾ. യുഎഇയിൽ മാത്രം ഇരുപതിലധികം ഇന്ത്യക്കാരുടെ മൃതദേഹങ്ങളാണ് മോർച്ചറികളിൽ സൂക്ഷിച്ചിരിക്കുന്നത്. ഇന്നലെ ഉച്ചയോടെയാണ് കേരളത്തിലേതടക്കമുള്ള വിമാനത്താവളങ്ങളിൽ മൃതദേഹം സ്വീകരിക്കുന്നതിനു കേന്ദ്രസർക്കാർ അപ്രഖ്യാപിത വിലക്കേർപ്പെടുത്തിയത്.
ഇന്ത്യയിലേക്കു യാത്രാവിമാനങ്ങൾക്കു പ്രവേശനവിലക്കേർപ്പെടുത്തിയതു മുതൽ കാർഗോ വിമാനത്തിലാണ് ഗൾഫിൽ നിന്നും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചിരുന്നത്. എന്നാൽ ഇന്നലെ മുതൽ ഗൾഫിൽ നിന്ന് മൃതദേഹം കൊണ്ട് വരരുതെന്ന് വിമാന കമ്പനികൾക്കും ഇന്ത്യയിലെ വിമാനത്താവളങ്ങൾക്കും കേന്ദ്രസർക്കാർ നിർദേശം നൽകിയതായാണ് കാർഗോയെ സമീപിക്കുന്ന പ്രവാസികൾക്കു ലഭിക്കുന്ന മറുപടി. ഇന്ത്യൻ എംബസിയുടേയും ഗൾഫിലെ പൊലീസ് വകുപ്പിൻറേയുമെല്ലാം അനുമതി ലഭിച്ച് എംബാംമിങ് പൂർത്തിയാക്കിയ മൃതദേഹങ്ങൾ വരെ അധികൃതരുടെ കനിവ് കാത്തു കിടക്കുകയാണ്.
എന്തുകൊണ്ടാണ് ഇങ്ങനെയൊരു നിലപാടെന്ന കാര്യത്തിൽ കേന്ദ്രസർക്കാർ കൃത്യമായ വിശദീകരണം പോലും നൽകിയിട്ടില്ലെന്നാണ് പ്രവാസിസംഘടനകളുടെ പരാതി. നിലവിൽ കോവിഡ് ബാധിതരുടേയോ സംശയിക്കുന്നവരുടേയോ മൃതദേഹങ്ങൾ നാട്ടിലേക്കു അയക്കാതെ ഗൾഫിൽ അതാത് വിശ്വാസപ്രകാരം സംസ്കരിക്കുകയാണ് പതിവ്. ഒപ്പം നാട്ടിലേക്കയക്കുന്ന മൃതദേഹങ്ങൾ കോവിഡ് ഫലം നെഗറ്റീവായവരുടേതാണെന്നു ഉറപ്പുവരുത്തുന്നുമുണ്ട്. അതിനാൽ അത്തരമൊരു ആശങ്കയ്ക്ക് അടിസ്ഥാനമില്ല. യാത്രാവിമാനസർവീസ് പുനരാരംഭിക്കാത്ത സാഹചര്യത്തിൽ മൃതദേഹമെങ്കിലും കയറ്റിഅയക്കാൻ അനുമതി നൽകണമെന്നാണ പ്രവാസികളുടെ അഭ്യർഥന.
കോഴിക്കോട് കോവിഡ് ചികില്‍സയിലായിരുന്ന നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. മഞ്ചേരി പയ്യനാട് സ്വദേശികളുടെ മകളാണ്. മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന കുഞ്ഞിന്റെ നില കഴിഞ്ഞ ദിവസം മുതൽ ഗുരുതരമായിരുന്നു. ജൻമനാ ഹൃദ്രോഗിയാണ് കുട്ടി.
കുട്ടിക്ക് രോഗം പടർന്നത് എങ്ങനെയെന്ന് ഇതുവരേക്കും സ്ഥിരീകരിച്ചിട്ടില്ല. കുട്ടിയുടെ ബന്ധുവിന് കോവിഡ് വന്ന് ഭേദമായിരുന്നു. പക്ഷേ ഇയാൾ കുട്ടിയുമായി ഇടപഴകിയിട്ടുണ്ടായിരുന്നില്ല. കുഞ്ഞിന്റെ മാതാപിതാക്കളുടെ ഫലം ഇന്ന് വരും.അതേസമയം കുഞ്ഞിനെ ചികിൽസിച്ച മഞ്ചേരിയിലെ രണ്ട് ആശുപത്രികളിലെ അഞ്ച് ഡോക്ടർമാരെ നിരീക്ഷണത്തിലാക്കി.
ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന്റെ പരീക്ഷണം മനുഷ്യരിൽ ആരംഭിച്ചു. എലീസ ഗ്രനാറ്റോ എന്ന യുവതിക്കാണ് ആദ്യത്തെ ഡോസ് നൽകിയത്. ആത്മവിശ്വാസത്തോടെയാണ് താൻ ഇതിനു സമ്മതിക്കുന്നതെന്ന് ശാസ്ത്രജ്ഞകൂടിയായ യുവതി വ്യക്തമാക്കി. തിരഞ്ഞെടുക്കപ്പെട്ട 800 വൊളന്റിയർമാരിൽ രണ്ടുപേരിലാണ് ഇന്നലെ വാക്സിൻ കുത്തിവച്ചത്.
മൂന്നുമാസത്തെ ഗവേഷണത്തിനൊടുവിലാണ് ഓക്സ്ഫഡ് സർവകലാശാലയിലെ ജെന്നർ ഇൻസ്റ്റിറ്റ്യട്ടിലെ വാക്സിനോളജി പ്രഫസർ സാറാ ഗിൽബർട്ടിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞന്മാരുടെ സംഘം വാക്സിൻ വികസിപ്പിച്ചെടുത്തത്. വാക്സിന്റെ വിജയത്തിൽ എൺപതു ശതമാനവും തനിക്ക് പൂർണ വിശ്വസമുണ്ടെന്നാണ് പ്രഫ. ഗിൽബർട്ട് വ്യക്തമാക്കുന്നത്. പ്രായഭേദമന്യേ അയ്യായിരത്തോളം വൊളന്റിയർമാരിൽ വരും മാസങ്ങളിൽ വാക്സിന്റെ പരീക്ഷണം നടത്താനാണ് പദ്ധതി. പരീക്ഷണത്തിന്റെ ഭാഗമായി വിവിധ ഭൂഖണ്ഡങ്ങളിലെ തിരഞ്ഞെടുത്ത രാജ്യങ്ങളിലും ട്രയൽസ് നടത്തും.
ട്രയൽസിന് വിധേയരാകുന്ന വൊളന്റിയർമാരെ നിരന്തരം നിരീക്ഷണത്തിനു വിധേയരാക്കും. ഇവർക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകാനുള്ള സാധ്യത ഏറെയാണെന്നും എന്നാൽ അപകട സാധ്യത ഇല്ലെന്നുമാണ് ശാസ്ത്രജ്ഞന്മാർ വെളിപ്പെടുത്തുന്നത്. എങ്കിലും ഇതിന്റെ തിയറിറ്റിക്കൽ റിസ്ക് ബോധ്യപ്പെടുത്തിയ ശേഷമാണ് ഇവരെ ട്രയൽസിനായി ഉപയോഗിക്കുന്നത്. പരീക്ഷണം വിജയകരമായാൽ സെപ്റ്റംബർ മാസത്തോടെ പത്തുലക്ഷം ഡോസുകൾ ലഭ്യമാക്കത്തക്കവിധമുള്ള ഒരുക്കമാണ് ഓക്സ്ഫഡ് സർവകലാശാല നടത്തുന്നത്.
അതേസമയം രാജ്യത്ത് കോവിഡ് ടെസ്റ്റുകൾ കൂടുതൽ വേഗത്തിലാക്കാനും ആവശ്യമുള്ള ആരോഗ്യ പ്രവർത്തകർക്കെല്ലാം പരിശോധന ഉറപ്പുവരുത്താനുമുള്ള നടപടികൾ ഇന്നലെ പ്രഖ്യാപിച്ചു. ദിവസേന 51,000 പേരെ പരിശോധനയ്ക്കു വിധേയരാക്കാനുള്ള സംവിധാനമാണ് ഇപ്പോൾ സർക്കാരിനുള്ളത്. ഇതു മാസാവസാനത്തോടെ ഒരു ലക്ഷമാക്കും. ഇംഗ്ലണ്ടിലെ ആരോഗ്യ പ്രവർത്തകർക്കും മറ്റ് അവശ്യസേന മേഖലയിൽ ജോലിചെയ്യുന്നവർക്കും അവരുടെ വീടുകളിലുള്ളവർക്കും ഇന്നുമുതൽ ഓൺലൈൻ റജിസ്ട്രേഷനിലൂടെ ടെസ്റ്റിങ്ങിനു വിധേയരാകാൻ സാഹചര്യമൊരുക്കും. ഇത്തരം തൊഴിൽ മേഖലയിൽ മാനേജ്മെന്റിനും തങ്ങളുടെ സ്റ്റാഫിനെ പരിശോധനയ്ക്കു വിധേയരാക്കാൻ ആവശ്യപ്പെടാം.
ലാബിലും ആശുപത്രികളിലും ഉള്ള പരിശോധനകൾക്കു പുറമേ മൊബൈൽ യൂണിറ്റുകളിലൂടെ വീടുകളിലെത്തിയുമാണ് പരിശോധന വ്യാപകമാക്കുക. ഇപ്പോൾ ഐസലേഷനുള്ള എൻഎച്ച്എസ് സ്റ്റാഫിനെ വേഗം പരിശോധനയ്ക്കു വിധേയമാക്കുന്നതുവഴി ഇവരെ എളുപ്പത്തിൽ ജോലിയിൽ തിരികെയെത്തിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. നിലവിൽ 31 ഡ്രൈവ് ത്രൂ ടെസ്റ്റിങ് സെന്ററുകളാണ് രാജ്യത്തു പ്രവർത്തിക്കുന്നത്. ഇത് 48 ആക്കും. ആർമിയുമായി സഹകരിച്ച് പോപ് അപ് മൊബൈൽ ടെസ്റ്റിങ് സംവിധാനവും ഏർപ്പെടുത്തുമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് വ്യക്തമാക്കി.
പിങ്കി . എസ്.
തുണിക്കെട്ടിൽ ഒരു കൊച്ചു പട്ടാളവും, കൂടെ ചേച്ചിക്കുട്ടിയും.പേറ്റു നോവു കഴിഞ്ഞുള്ള ആലസ്യം പേറുന്ന അമ്മയ്ക്കരികിൽ നിൽക്കുന്ന ഒരു മനോഹര ചിത്രം ഞാൻ സങ്കൽപ്പിക്കുകയായിരുന്നു. ഓരോ വായനയിലൂടെയും നമുക്കിങ്ങനെ നേരിട്ട് കാണാനാവാത്ത പലതും കാണാൻ കഴിയുക ഭാഗ്യമാണല്ലോ, പ്രത്യേകിച്ച് നമ്മുടെ മനസ്സിനൊപ്പം ചേർന്ന് നിൽക്കുന്നവരെക്കുറിച്ച് ആകുമ്പോൾ … വാക്കുകൾക്ക് ജീവൻ വെക്കുന്നു. ചിന്തകൾ പറന്ന് പറന്ന് ഭൂതകാലത്തിലേയ്ക്ക്. അവിടെയാ പൊന്നുണ്ണി പിച്ച വെക്കുന്നു. കൊച്ചരിപ്പല്ലുകൾ കാട്ടി ചിരിക്കുന്നു. വീണ്ടും കാലം മുന്നോട്ട്.
അരുത് മോനേ, അത് വായിലിടരുത്… അമ്മ ശാസിക്കുന്നുണ്ട്. കൊച്ചു കുസൃതികളുമായി ,ബാല്യത്തിമിർപ്പിലാണ് ഉണ്ണി . തൊടിയും വീടും വിറപ്പിച്ച കുസൃതികൾ ചിലപ്പോഴൊക്കെ അമ്മയുടെ കണ്ണുകൾ നനയിപ്പിച്ചിട്ടുണ്ട്.
പിതാവിന്റെ കണിശതയ്ക്കൊപ്പം ജീവിത മൂല്യങ്ങളും അതിശക്തമായിരുന്നു. വിശാലമായ കാഴ്ചപ്പാട് എല്ലാ കാര്യത്തിലും വച്ചു പുലർത്തിയിരുന്നു. എന്തുമേതും അളന്നു നോക്കിയേ വീതം വെക്കാൻ കഴിയുമായിരുന്നുള്ളൂ, സർവേയർ കൂടിയായിരുന്ന പിതാവിന്. അവധി നാളുകളിൽ ദൂരത്ത് നിന്ന് ബസ്സിലേറി വരുന്ന അദ്ദേഹത്തിന്റെ കയ്യിൽ കോഴിക്കോടൻ ഹൽവ ഉണ്ടാകും, നിറവും മണവും രുചിയും നിറച്ച മധുരം… അളന്നു മുറിച്ച് വീതം വച്ച് കുടുംബാംഗങ്ങൾക്ക് നൽകിയ ശേഷം, കരുതി വയ്ക്കുന്ന ബാക്കി ഹൽവ , അടുക്കളയിൽ കൊതികൂട്ടിയിരിക്കും. നമ്മുടെ കുരുത്തം കെട്ട നായകൻ അതിവിദഗ്‌ധമായി അരികുകൾ അരിഞ്ഞ് കട്ടെടുത്ത് കഴിക്കും. അച്ഛന്റെ അളവുകളെ തോൽപ്പിക്കാനുള്ള പാടവം കൊച്ചു പട്ടാളം കൈവരിച്ചിരുന്നു. കൊതിയെ പൂട്ടി വയ്ക്കാത്ത സത്യസന്ധത, ഹൽവയോട് വേണ്ടതുണ്ടോ?
പകർത്തെഴുത്ത്, കയ്യക്ഷരം നന്നാകാനായി അച്ഛൻ നിഷ്കർഷിച്ച ഗൃഹപാഠമാണ്, ദിവസവും എഴുതണം. കളിച്ച് തീർക്കാൻ കൂടി സമയമില്ലാത്ത വികൃതി, അച്ഛൻ വരുന്നതിന്റെ തലേന്ന് ഒറ്റയിരുപ്പാൽ പകർത്തെഴുത്ത് താളുകൾ നിറയ്ക്കും. അതായിരുന്നില്ലേ ശരിക്കും കേമത്തം !
കള്ളത്തരങ്ങൾ കയ്യോടെ പിടിക്കുന്ന ദിവസം ചൂരൽ കഷായത്തിന്റെ കയ്പ്പു നീരും കുടിച്ച് അച്ഛന്റെ മുമ്പിൽ മുഖം കുനിച്ച് കുറ്റവാളിയെപ്പോലെ നിൽക്കേണ്ടി വന്നിരുന്നു. അമ്മയായിരുന്നു വടിയെടുത്തിരുന്നതെങ്കിൽ പിടി ഉഷയെ തോൽപ്പിക്കും വേഗത്തിൽ രക്ഷപെടാൻ കഴിഞ്ഞിരുന്നു.
മക്കളുടെ പഠന നിലവാരം ഉറപ്പുവരുത്താനായി, മൂന്ന് കുട്ടികളേയും നിരത്തിയിരുത്തി, അവരോട് പാഠഭാഗങ്ങൾ ഉറക്കെ വായിക്കാനായി ആവശ്യപ്പെടാറുണ്ട്. തനിക്കറിയാവുന്ന വിഷയങ്ങൾ വായിച്ച് കേൾക്കുമ്പോൾ, അച്ഛൻ ഇടപെട്ട് ചോദ്യങ്ങൾ ചോദിക്കും. ഉത്തരങ്ങൾ പറയാതിരുന്നാൽ ശകാരം കിട്ടും. അതിനാൽ ഹിന്ദി എടുത്ത് ഉറക്കെ പയറ്റും.തെറ്റ് തിരുത്താനാവാതെ അച്ഛനെ കുഴയ്ക്കുക, അതും ഒരു രസമായിരുന്ന കാലം.
ഇളയ സഹോദരിക്കൊപ്പം ടോം ആൻറ് ജെറി കളി നിത്യസംഭവമായിരുന്നു. എല്ലാ കുരുത്തക്കേടുകൾക്കും കൂട്ടു നിൽക്കുകയും, പിണങ്ങുമ്പോൾ, പീലാത്തോസിനെ പോലെ കൈ കഴുകി, അച്ഛൻ വരുമ്പോൾ പഴി മുഴുവൻ സഹോദരന്റ തലയിൽ കെട്ടിവെച്ച് നിഷ്കളങ്കതയുടെ ശാലീന രൂപമായി നിൽക്കുന്ന ഒരു പെൺകുട്ടിയുടെ വാങ്മയ ചിത്രം സങ്കൽപ്പിക്കാൻ ശ്രമിക്കൂ, പോയ ബാല്യം തിരികെ വരാത്തതിൽ വിഷമിക്കുന്നുണ്ടാവുമല്ലേ?
സഹോദരൻ ചെയ്യുന്ന കുസൃതികൾ തീയതിയും സമയവും ചേർത്ത് കുറിച്ച് വയ്ക്കുന്ന ശീലം പെൺകുട്ടിയുടെ കൃത്യ നിഷ്ഠയുള്ള ജീവിതത്തിന് സഹായകരമായത് തികച്ചും സന്തോഷമുള്ള കാര്യം തന്നെ.
ബാല്യത്തിൽ നിന്നുള്ള കുതിച്ച് ചാട്ടമാണല്ലോ കൗമാരം..രണ്ട് പെൺകുട്ടികളുടെ പുന്നാര ആങ്ങളയ്ക്ക് ഉത്തരവാദിത്വങ്ങൾക്ക് കുറവുണ്ടാകില്ലല്ലോ. അതിന് മുൻതൂക്കം നൽകിയത് സ്വാഭാവികം. സമപ്രായക്കാർ കളിക്കുമ്പോൾ, പെങ്ങന്മാർക്ക് കൂട്ടു പോകാനുള്ള ഉത്തരവാദിത്വം തെല്ലൊരമർഷത്തോടെ ഏറ്റെടുത്തു. ആഴ്ച തോറുമുള്ള ചിറക്കര -കല്ലട യാത്രകൾ, ചിലപ്പോഴൊക്കെ തെങ്ങിൻ തൈയ്യുകളുമായിട്ടുള്ളത് വളരെ ക്ലേശകരമായിരുന്നു.
അവിടെ പറമ്പ് പണി നോക്കാനും സഹായിക്കാനുമായി വേണ്ടിവന്ന യാത്രകൾ പക്ഷേ, അധ്വാനശീലം വളർത്തുകയായിരുന്നു, സ്വയമറിയാതെ തന്നെ …
അച്ഛന്റെ ശാസനകൾ അമ്മയുടെ വാത്സല്യത്തിനും മീതെയായപ്പോൾ സ്വയം ജയിക്കാനായി ഒരു ഒളിച്ചോട്ടം.ആ യാത്രയിൽ പഠിക്കാൻപലതുണ്ടായിരുന്നു. ജീവിതത്തിലെ യാഥാർത്ഥ്യങ്ങളും സങ്കൽപ്പങ്ങളും തമ്മിലുള്ള അന്തരം ബോധ്യപ്പെടുകയായിരുന്നു. ബന്ധങ്ങളിലെ ദൃഢതയാർന്ന കാണാച്ചരടുകൾ കെട്ടിവലിച്ച് തിരികെ നാട്ടിലെത്തിക്കുകയായിരുന്നു.
ജീവിത പ്രതിസന്ധികളിൽ എവിടെയെങ്കിലും ജയിക്കണമെന്ന വാശി വ്യോമസേനയിൽഎത്തിച്ചു. ദേശാഭിമാനബോധത്തോടെ രാജ്യ സംരക്ഷകനായി. കൃത്യനിഷ്ഠ എന്നത് സേനയുടെ അച്ചടക്കത്തിന്റെ തന്നെ ഭാഗമാണല്ലോ, അതില്ലാത്ത സ്വഭാവം നമ്മുടെ നായകനെ ഒട്ടൊന്നുമല്ല വലച്ചത്. ജന്മസിദ്ധമായ നയതന്ത്ര പാടവം പലപ്പോഴും ശിക്ഷാ നടപടികളിൽ നിന്ന് രക്ഷപ്പെടാൻ തുണയേകി. വീടുവിട്ടുള്ള ഒറ്റപ്പെട്ട ജീവിതം , പുതിയ കാഴ്ചപ്പാടിലൂടെ ജീവിതത്തെ കാണാൻ പഠിപ്പിക്കുകയായിരുന്നു.
നൂറു കണക്കിന് മനുഷ്യർ, അവരുടെ ജീവിത പ്രശ്‌നങ്ങൾ, ഇടപെടലുകൾ, തീർപ്പുകൾ… അങ്ങനെ മുന്നേറുന്നു. ജീവിത പ്രതിസന്ധികളോട് മനക്കരുത്തുമായി പടവെട്ടി . വീണുടയുമായിരുന്ന സ്ഫടിക പത്രത്തിൽ പല വർണ്ണങ്ങൾ ചാലിച്ച് അഴകുറ്റതാക്കി.
പട്ടാളത്തിൽ തുടങ്ങിയ ഔദ്യോഗിക ജീവിതം ബാങ്കിലെത്തി നിൽക്കുന്നു., പുതിയ ഉത്തരവാദിത്വങ്ങളുമായി .
എവിടെയെങ്ങനെ എത്തിയാലും, ആരായി വളർന്നാലും, ബാല്യകാലമാണ് ഒരു മനുഷ്യന്റെ ജീവിത അടിത്തറ. ഒരിക്കലും തിരികെ നടന്ന് എത്താനാകാത്ത ബാല്യത്തെ സ്നേഹിക്കാതിരിക്കാൻ നമുക്ക് ആവില്ലല്ലോ! നമ്മെ നാമായി വാർത്തെടുത്ത ബാല്യത്തിനാട്ടെ, ബിഗ് സല്യൂട്ട്.
പിങ്കി .എസ്. കൊല്ലം ഇരവിപുരം സ്വദേശി . വിദ്യാഭ്യാസം- ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ എഞ്ചിനീയറിoഗ്, ബിടെക് ഇൻ കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിംഗ് . എസ്ബിഐ യുടെ കടപ്പാക്കട ശാഖയിൽ ജോലി ചെയ്യുന്നു. സ്കൂൾ തലത്തിൽ വെച്ച് കഥാരചനാ മത്സരങ്ങളിലും, ഉപന്യാസ മത്സരങ്ങളിലും പങ്കെടുത്ത് സമ്മാനം നേടിയിട്ടുണ്ട്. ഹൈസ്കൂൾ തല ക്വിസ് മത്സരം-സംസ്ഥാനത്ത് ഒന്നാം സ്ഥാനം. ബാങ്കു ജീവനക്കാരുടെ മാഗസിനായ ലേബർ ലൈഫിൽ – ‘ഉയരെ’ സിനിമയെക്കുറിച്ചുള്ള റിവ്യൂ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഓർമ്മചെപ്പു തുറന്നപ്പോൾ: ഡോ.ഐഷ . വി. എഴുതുന്ന ഓർമ്മക്കുറിപ്പുകൾ- അധ്യായം 2