പ്രമേഹരോഗിയായ തബ്‌ലീഗ് പ്രവര്‍ത്തകന്‍ കൊവിഡ് നിരീക്ഷണകേന്ദ്രത്തില്‍ മരിച്ചു. നിസാമുദ്ദീനില്‍ നടന്ന തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത് വന്നതിനു ശേഷമാണ് ഇയാളെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ അദ്ദേഹത്തിന് വേണ്ട ചികിത്സ നല്‍കിയില്ലെന്ന ആരോപണം ഇതിനോടകം ഉയര്‍ന്ന് കഴിഞ്ഞു. നിരീക്ഷണ കേന്ദ്രത്തില്‍ ഒപ്പമുള്ള ഒരു സംഘം ആളുകളാണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു.
എന്നാല്‍, അധികൃതര്‍ ഈ ആരോപണം പാടെ തള്ളി കളഞ്ഞിട്ടുണ്ട്. മരിച്ചയാള്‍ തനിക്ക് പ്രമേഹമുള്ള കാര്യം അറിയിച്ചിരുന്നില്ലെന്നാണ് അധികൃതരുടെ വാദം. നിരീക്ഷണകേന്ദ്രത്തില്‍ പ്രവേശിപ്പിക്കുന്നയാളുടെ മറ്റ് രോഗങ്ങളെ കുറിച്ച് ചോദിച്ച് മനസിലാക്കാറുണ്ട്. എന്നാല്‍, മരിച്ചയാള്‍ പ്രമേഹമുണ്ടെന്ന് പറഞ്ഞിരുന്നില്ലെന്ന് അധികൃതര്‍ പറയുന്നു.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ. രാജീവ് ഗാന്ധി ആശുപത്രിയില്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയനായ ശേഷം തിങ്കളാഴ്ചയാണ് ഇയാളെ നിരീക്ഷണകേന്ദ്രത്തിലേക്ക് കൊണ്ട് വന്നത്. ബുധനാഴ്ച രാവിലെ എട്ട് മണിയോടെ നെഞ്ച് വേദന അനുഭവപ്പെട്ട ഇയാളെ കേന്ദ്രത്തിലുള്ള ഡോക്ടര്‍മാര്‍ പരിശോധിച്ചു. എന്നാല്‍, പത്ത് മണിയോടെ സ്ഥിതി വഷളാവുകയും ആശുപത്രിയിലേക്ക് കൊണ്ട് പോകും മുമ്പ് മരണപ്പെടുകയുമായിരുന്നു. ഇയാളുടെ കൊവിഡ് പരിശോധനാ ഫലം വന്നിട്ടില്ല.
കോവിഡ് ബാധിച്ച് അമേരിക്കയിൽ ഒരു മലയാളി കൂടി മരിച്ചു. മിഷിഗണിൽ താമസിക്കുന്ന ചങ്ങനാശ്ശേരി വലിയ പറമ്പിൽ ജോസഫ് മാത്യു (69) ആണ് മരിച്ചത്. ഡിട്രോയിറ്റ് മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റാണ്. ഇതോടെ കോവിഡ് ബാധിച്ച് വിദേശരാജ്യങ്ങളിൽ മരിച്ച മലയാളികളുടെ എണ്ണം 44 ആയി.
അമേരിക്കയിൽ ഇതുവരെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 47,750 ആയി. ഇതുവരെ രോഗം ബാധിച്ചത് 8,52,703 പേർക്കാണ്. കൊറോണ ബാധിച്ച് ഏറ്റവും അധികം മലയാളികൾ മരിച്ചത് അമേരിക്കയിലാണ്. ഗൾഫ് നാടുകളിലാകെ ഇതുവരെ മരിച്ചത് 16 മലയാളികളാണ്.
ആരോഗ്യ പ്രവര്‍ത്തകരുടെ സംരക്ഷണത്തിന് ഓര്‍ഡിനന്‍സ് പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് അതിശക്തമായ തീരുമാനം കേന്ദ്ര മന്ത്രിസഭ കൈക്കൊണ്ടത്.1897ലെ പകര്‍ച്ചവ്യാധി നിയമം ഭേദഗതി ചെയ്താണ് ഡോക്ടര്‍മാര്‍ മുതല്‍ ആശാ പ്രവര്‍ത്തകര്‍ വരെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കേന്ദ്രം സുരക്ഷ ഒരുക്കുന്നത്.
ഇതേതതുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചാല്‍ മൂന്ന് മാസം മുതല്‍ ഏഴുവര്‍ഷം വരെ തടവ് ലഭിക്കും. ആരോഗ്യ പ്രവര്‍ത്തകരോട് വീടുകള്‍ ഒഴിയാന്‍ ആവശ്യപ്പെടുന്നതടക്കം ഇനി കുറ്റമാകും. ഇവരെ അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്താല്‍ 3 മാസം മുതല്‍ 5 വര്‍ഷം വരെ ശിക്ഷ നല്‍കും. 50,000 രൂപ മുതല്‍ 2 ലക്ഷം രൂപയാണ് പിഴ.
കൂടാതെ, ഇവരെ ആക്രമിക്കുകയോ, മുറിവേല്‍പ്പിക്കുകയോ ചെയ്താല്‍ ശിക്ഷ 6 മാസം മുതല്‍ 7 വര്‍ഷം വരെയാകും. ഒരു ലക്ഷം മുതല്‍ 5 ലക്ഷം രൂപ വരെ പിഴ ഈടാക്കുകയും ചെയ്യും. വാഹനങ്ങളോ, വീടുകളോ തകര്‍ത്താല്‍ ജയില്‍ ശിക്ഷക്കൊപ്പം വലിയ നഷ്ടപരിഹാരവും നല്‍കേണ്ടിവരും.
ചെന്നൈയില്‍ മരിച്ച ഡോക്ടറുടെ സംസ്‌കാരം നടത്താന്‍ ജനക്കൂട്ടം അനുവദിക്കാത്തത് രാജ്യമാകെയുള്ള ആരോഗ്യപ്രവര്‍ത്തകരുടെ രോഷത്തിനിടയാക്കിയിരുന്നു.
സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയ്ക്കെതിരെ പരാതിയുമായി യുവതി രംഗത്ത്. സിനിമ ഓണ്‍ലൈനിലെത്തിയതിന് തൊട്ടുപിന്നാലെയാണ് സിനിമക്കെതിരെ ആരോപണമുന്നയിച്ച് യുവതി സമൂഹ മാധ്യമത്തിലൂടെ എത്തിയിരിക്കുന്നത്. സിനിമയിൽ അനുവാദം കൂടാതെ തന്റെ ചിത്രം ഉപയോഗിച്ചെന്ന് വ്യക്തമാക്കി ചേതന കപൂർ എന്ന യുവതിയാണ് രംഗത്തെത്തിയത്.
തന്റെ അനുവാദമില്ലാതെ തന്റെ ചിത്രങ്ങൾ സിനിമയില്‍ ഉപയോഗിച്ചുവെന്ന് ആരോപിച്ചായിരുന്നു യുവതിയുടെ ട്വീറ്റ്. ഇതിന് തൊട്ടു പിന്നാലെ യുവതിയോടെ ക്ഷമ ചോദിച്ച് കൊണ്ട് നടൻ ദുൽഖർ സൽമാൻ രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് നടന്റെ പ്രതികരണം.
സിനിമയിൽ ജോണി ആന്റണിയുടെ ഡോക്ടർ കഥാപാത്രം നടത്തുന്ന വെൽനസ് ക്ലിനിക്കിന്റെ മുൻപിൽ വെച്ചിരിക്കുന്ന പരസ്യ ബോർഡിൽ തന്റെ ചിത്രം സമ്മതമില്ലാതെ ഉപയോഗിച്ചുവെന്നാണ് യുവതിയുടെ ആരോപണം. സിനിമയിൽ ഉപയോഗിച്ച ചിത്രത്തിന്റെ സ്ക്രീൻ ഷോട്ട് സഹിതമാണ് ചേതന വിമർശനം ഉയർത്തിയത്. തന്റെ ചിത്രം അനുവാദം കൂടാതെ ഉപയോഗിച്ചു എന്ന് പറഞ്ഞാണ് ടാഗ് ചെയ്തത്. യുവതിയുടെ അറിവോ സമ്മതമോ കൂടാതെയാണ് ചിത്രത്തില്‍ അവരുടെ ചിത്രം കാണിച്ചത്. ദുല്‍ഖറിന്‍റെ സിനിമയില്‍ അവരെ ബോഡി ഷേം ചെയ്തതായി ആരോപിക്കുകയും, നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ ട്വിറ്ററിലൂടെ അറിയിച്ചു.
യുവതിയുടെ ട്വീറ്റ് ഇപ്രകാരം
എന്നെ സിനിമയിൽ കാണിച്ചതിന് നന്ദി. പക്ഷേ പൊതുവേദിയില്‍ നിന്നും ഉണ്ടാകാനിടയുള്ള ബോഡി ഷേമിങില്‍ നിന്നും എന്നെ ഒഴിവാക്കി തരണം. സിനിമയിലെ ഈ രംഗത്തിൽ ഉപയോഗിച്ചിരിക്കുന്ന എന്‍റെ ചിത്രങ്ങള്‍ എന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ല ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ ഉടമസ്ഥാവകാശം ക്ലെയിം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു’- യുവതി പറയുന്നു.
തുടര്‍ന്ന് മനപൂര്‍വം സംഭവിച്ചതല്ലെന്ന ക്ഷമാപണവുമായി നിര്‍മാതാവായ ദുല്‍ഖര്‍ സല്‍മാനും രംഗത്തെത്തി. അവരോട് പരസ്യമായി ട്വിറ്ററിലൂടെ ക്ഷമ ചോദിക്കുകയും ചെയ്തു. സിനിമയില്‍ അവരുടെ ചിത്രങ്ങള്‍ എങ്ങനെയാണ് ഉപയോഗിച്ചതെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. പിന്നീട് ചിത്രത്തിന്റെ സംവിധായകന്‍ അനൂപ് സത്യന്‍ വ്യക്തിപരമായി വിളിച്ച് മാപ്പ് ചോദിച്ചതിന് ശേഷം നിയമപരമായ വഴി സ്വീകരിക്കാനുള്ള ആശയം ഉപേക്ഷിച്ചതായി ദുല്‍ക്കറുടെ ക്ഷമാപണം അംഗീകരിച്ച ചേതന ട്വിറ്ററിലൂടെ പറഞ്ഞു.
ദുൽഖർ സൽമാൻ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ എം സ്റ്റാർ ഫിലിംസും വേ ഫെറർ ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചെന്നൈയിൽ സ്ഥിരതാമസമാക്കിയ രണ്ടുപേരുടെ കഥയാണ് ചിത്രം പറയുന്നത്. കല്യാണി, ശോഭന എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങലെ അവതരിപ്പിക്കുന്നത്. സുരേഷ് ഗോപിയും ദുൽഖറും മറ്റു പ്രധാനകഥാപാത്രങ്ങലുമായി ചിത്രത്തിൽ എത്തുന്നു. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ചിത്രം . സിന്ദൂരരേഖ, മണിച്ചിത്രത്താഴ്, രജപുത്രന്‍, കമ്മീഷ്ണര്‍ അങ്ങനെ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടിയ ഈ ജോടി പതിമൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷമാണ് വീണ്ടുമൊരു ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നത്. ഒരേ സമയം ദുൽഖർ നിർമിക്കുകയും അഭിനയിക്കുകയും ചെയ്യുന്ന സിനിമയ്ക്ക് തീയേറ്ററുകളിൽ നിന്നും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്
റിപ്പബ്ലിക് ടിവിയുടെ ചീഫ് എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിക്കും ഭാര്യക്കും നേരെ ആക്രമണം. ഏപ്രില്‍ 22ന് രാത്രി 10 മണിക്ക് നടന്ന ചാനല്‍ ചര്‍ച്ചകള്‍ക്ക് ശേഷം അര്‍ദ്ധരാത്രി 12.30ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം.
ഗോസ്വാമിയും ഭാര്യയും കാറില്‍ സഞ്ചരിക്കവെയാണ് മോട്ടോര്‍ ബൈക്കില്‍ എത്തിയ രണ്ട് പേര്‍ ചേര്‍ന്ന് ആക്രമിച്ചത്. ആക്രമണകാരികള്‍ അര്‍ണാബ് ഗോസ്വാമിയുടെ കാറിന് മുന്നില്‍ ബൈക്ക് ഇടിച്ചു നിര്‍ത്തിയെന്നാണ് റിപ്പബ്ലിക്ക് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇതോടെ ബൈക്കിനെ ഇടിക്കുമെന്ന ചിന്തയില്‍ അര്‍ണാബ് കാര്‍ നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ചാടിയിറങ്ങി ആക്രമിക്കുകയും ചെയ്തു. കാറിന്റെ ചില്ലുകള്‍ തകര്‍ക്കാന്‍ അവര്‍ ശ്രമിക്കുകയും കാറിനു നേരെ ആക്രമണം ആരംഭിക്കുകയും ചെയ്തു.
പിന്നീട് അക്രമികള്‍ കാറിന് മുകളില്‍ കരി ഓയില്‍ ഒഴിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നും അര്‍ണാബ് പറയുന്നു. അതേസമയം, ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ഗുണ്ടകളാണ് എന്നാണ് അര്‍ണാബ് ആരോപിക്കുന്നത്.
സോണിയാ ഗാന്ധിയും വദ്രാ കുടുംബവുമാണ് ആക്രമണത്തിന് പിന്നിലെന്ന് അര്‍ണാബ് പിന്നീട് ആരോപിച്ചു. സോണിയ ഗാന്ധിക്കെതിരെ പരാതി നല്‍കും എന്നാണ് അര്‍ണാബ് പറയുന്നു.
കേരളത്തിന് കൈത്താങ്ങുമായി നടന്‍ വിജയ്. സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി താരം പത്ത് ലക്ഷം രൂപ നല്‍കും. ഇതിനു പുറമെ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയായ പിഎം കെയറിലേക്ക് 25 ലക്ഷം രൂപയും തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപയും നല്‍കും.
ലോക്ക് ഡൗണ്‍ കാരണം ദുരിതത്തിലായ തമിഴ് സിനിമയിലെ ദിവസവേതനക്കാരെ സഹായിക്കുന്നതിനായി സിനിമാ പ്രവര്‍ത്തകര്‍ രൂപീകരിച്ച സഹായ നിധിയിലേക്ക് 25 ലക്ഷം രൂപയാണ് താരം നല്‍കിയത്. ഇതിനു പുറമെ കര്‍ണാടക, ആന്ധ്ര പ്രദേശ്, തെലങ്കാന, പോണ്ടിച്ചേരി സര്‍ക്കാരുകളുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് ലക്ഷം രൂപ വീതവും വിജയ് നല്‍കിയിട്ടുണ്ട്.
നേരത്തെ നടനും സംവിധായകനുമായ രാഘവ ലോറന്‍സ് പിഎം കെയറിലേക്ക് മൂന്ന് കോടി രൂപയും തല അജിത്ത് 1.25 കോടി രൂപയും രജനീകാന്ത് 40 ലക്ഷവും സംഭാവന നല്‍കിയിരുന്നു.
ആ അച്ഛന് മകളെ അവസാനമായി കണ്ട് യാത്രയാക്കാന്‍ ലോക്ഡൗണും തടസ്സമായില്ല. കേരളവും തമിഴ്‌നാടും ഒരുമിച്ച് നിന്ന് വഴിയൊരുക്കി കൊടുത്തു, ശാന്തന്
മകള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ ഓടിയെത്തി.
ഞായറാഴ്ചയാണ് പട്ടഞ്ചേരി മാങ്ങോട് ശാന്തന്‍ വല്‍സല ദമ്പതികളുടെ മകളായ അനുശ്രീ(10) മരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്നു ചികിത്സയിലായിരുന്ന അനുശ്രീ. അച്ഛന്‍ ശാന്തന് തമിഴ്‌നാട്ടിലെ കരൂരില്‍ ഇലക്ട്രീഷ്യനായിരുന്നു. ലോക്ഡൗണിനെത്തുടര്‍ന്ന് ശാന്തന് നാട്ടിലെത്താനായില്ല.
മകളുടെ മരണ വിവരം അറിഞ്ഞു ശാന്തന്‍ കരൂര്‍ ജില്ലാ കലക്ടറെ നേരില്‍ കണ്ടു കേരളത്തിലെത്താനുള്ള അനുമതി വാങ്ങി. മീനാക്ഷിപുരം അതിര്‍ത്തി ചെക്‌പോസ്റ്റില്‍ ശാന്തനെ കൂട്ടാന്‍ ആരോഗ്യ വകുപ്പ് നല്‍കിയ സുരക്ഷാ വസ്ത്രമണിഞ്ഞു ബൈക്കില്‍ സുഹൃത്ത് കാത്തുനിന്നു.
ശാന്തനും സുരക്ഷാ വസ്ത്രങ്ങള്‍ ധരിച്ചാണു വീട്ടിലെത്തിയത്. സുരക്ഷാ മുന്‍കരുതല്‍ നല്‍കി ആരോഗ്യ പ്രവര്‍ത്തകരും ശാന്തന്റെ വീട്ടിലുണ്ടായിരുന്നു. ചടങ്ങുകള്‍ ഒഴിവാക്കി ചിറ്റൂര്‍ ശോക ശാന്തിവനം വാതക ശ്മശാനത്തില്‍ സംസ്‌കാരം നടത്തി. തുടര്‍ന്നു നാട്ടുകാരുടെ സഹായത്തോടെ വീടും പരിസരവും അണുവിമുക്തമാക്കി. ചടങ്ങിന് ശേഷം കുടുംബാംഗങ്ങളെല്ലാം ക്വാറന്റീനിലായി.
സഹോദരന്‍: അഖില്‍
ചെലവ് ഏറിയ കൊവിഡ് പരിശോധനകൾക്ക് ഇനി വിട. കുറഞ്ഞ ചെലവിൽ കൊറോണ വൈറസ് പരിശോധന നടത്താവുന്ന സംവിധാനം ഇന്ത്യൻ ഗവേഷകർ വികസിപ്പിച്ചെടുത്തിരിക്കുകയാണ്. ഒരു മണിക്കൂറിൽ താഴെ സമയം മാത്രമേ ഈ പരിശോധനയ്ക്ക് ആവശ്യമുള്ളൂ.
സിഎസ്‌ഐആറിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജിയിലെ ശാസ്ത്രജ്ഞരാണ് പുതിയ സംവിധാനം വികസിപ്പിച്ചത്. ഇതിഹാസ ചലച്ചിത്രകാരൻ സത്യജിത് റേയുടെ കഥകളിലെ ഡിറ്റക്ടീവ് കഥാപാത്രമായ ‘ഫെലൂദ’യുടെ പേരിലാണ് ഇത് അറിയപ്പെടുക.
ദേബ്‌ജ്യോദി ചക്രവർത്തിയും സൗവിക് മൗതിയും ചേർന്നാണ് രോഗാണുവിന്റെ സാന്നിദ്ധ്യം കണ്ടെത്തുന്ന സംവിധാനം വികസിപ്പിച്ചതെന്ന് ഐജിഐബി ഡയറക്ടർ അനുരാഗ് അഗർവാൾ പറഞ്ഞു. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള വകുപ്പാണ് സിഎസ്‌ഐആർ.
പോലീസിനെയും അധികൃതരെയും വെല്ലുവിളിച്ച് കോഴിയെ ചുട്ട് കഴിച്ച് യുവാക്കള്‍ പിടിയിലായി. മലപ്പുറത്താണ് സംഭവം. കൂട്ടിലങ്ങാടിയിലാണ് കൂട്ടംചേര്‍ന്ന് യുവാക്കള്‍ കോഴിയിറച്ചി പാകം ചെയ്ത് കഴിച്ചത്. ലോക്ക്ഡൗണ്‍ ലംഘിച്ച് രാത്രിയില്‍ കൂട്ടംചേര്‍ന്ന് ഭക്ഷണം പാകംചെയ്ത് കഴിച്ച ഏഴ് പേരെയാണ് പോലീസ് പിടികൂടിയത്.
കഴിഞ്ഞദിവസം രാത്രിയിലാണ് ഇവര്‍ സംഘം ചേര്‍ന്ന് കോഴിയിറച്ചി ചുട്ട് കഴിച്ചത്. നിരോധനാജ്ഞ ലംഘിച്ച് കൂട്ടംകൂടിയതിന് പുറമേ, പോലീസിനെയും അധികൃതരെയും ഇവര്‍ വെല്ലുവിളിക്കുകയും അത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് ഇവര്‍ക്കെതിരെ നടപടി കൈകൊണ്ടത്.
കാൻസർ ബാധിച്ചു ഗുരുതരാവസ്ഥയിലുള്ള മലയാളി ബ്രിട്ടനിൽനിന്ന് ജന്മനാട്ടിലെത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കനിവുതേടുന്നു. കോട്ടയം സ്വദേശി പ്രസാദ് ദാസ് എലിമ്പാ(37)നാണ് ബ്രിട്ടനിലെ നോട്ടിങ്ഹാം യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ ചികിത്സയിലുള്ളത്. സാധ്യമായ ചികിത്സ നൽകിക്കഴിഞ്ഞെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയതിനാൽ തുടർചികിത്സയ്ക്ക് കേരളത്തിലെത്താനാണ് പ്രസാദിന്റെയും കുടുംബാംഗങ്ങളുടെയും ആഗ്രഹം. കോവിഡിനെത്തുടർന്ന് വിമാനസർവീസുകൾ മുടങ്ങിക്കിടക്കുന്നതിനാൽ അദ്ദേഹത്തെ നാട്ടിലെത്തിക്കാൻ മുൻകേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം മുൻകൈയെടുത്ത് നടപടികൾ ആരംഭിച്ചു. കേന്ദ്ര ആഭ്യന്തര-ആരോഗ്യ മന്ത്രാലയങ്ങളെയും കണ്ണന്താനം ഇതിനായി സമീപിച്ചു. കേരള സർക്കാർ സമ്മതിച്ചാൽ രോഗിയെ നാട്ടിലെത്തിക്കാമെന്നാണ് കേന്ദ്ര മന്ത്രാലയങ്ങളുടെ മറുപടി. പ്രസാദ് ദാസിനെ ബ്രിട്ടനിൽനിന്ന് എയർ ആംബുലൻസ് വഴി ഉടൻ നാട്ടിലെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കണ്ണന്താനം പറഞ്ഞു.
യു.എസ്. റ്റി ഗ്ലോബൽ എന്ന കമ്പനിയിൽ സോഫ്‌റ്റ്‌വേർ എൻജിനിയറാണ് എലിമ്പൻ. രണ്ടുവർഷമായി നോട്ടിങ്ഹാമിൽ കഴിയുന്നു. ഉദരത്തിൽ കാൻസർ ബാധിച്ചതിനെത്തുടർന്നാണ് ഇപ്പോൾ ആശുപത്രിയിൽ കഴിയുന്നത്. കോവിഡ് വ്യാപകമായതോടെ, കൂടുതൽ ചികിത്സയ്ക്കുള്ള സാധ്യതയടഞ്ഞു. കേരളത്തിൽ ചികിത്സ തുടർന്നാൽ രക്ഷപ്പെടുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് കുടുംബം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പാലിയേറ്റീവ് കെയർ ചികിത്സ നടത്താനും തീരുമാനിച്ചു. മലയാളി കൂട്ടായ്മയായ ഡിസ്ട്രസ് മാനേജ്‌മെന്റ് കളക്ടീവ് (ഡി.എം.സി.) എന്ന സംഘടനയുടെ മുമ്പാകെ ഈ വിഷയമെത്തി. ഡി.എം.സി.യുടെ രക്ഷാധികാരികളാണ് അൽഫോൻസ് കണ്ണന്താനവും സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫും. ഡി.എം.സി. ഗ്ലോബൽ ഹെൽപ് ഡെസ്‌ക് ബ്രിട്ടീഷ് അധികൃതരുമായി ബന്ധപ്പെട്ടു. ബ്രിസ്റ്റൾ ബ്രാഡ്‌ലി സ്റ്റോക്കിന്റെ മേയർ ടോം ആദിത്യ മുൻകേന്ദ്രമന്ത്രിയെന്ന നിലയിൽ ഔദ്യോഗികമായി തന്നെ അൽഫോൻസ് കണ്ണന്താനത്തിനു കത്തെഴുതി.
പ്രസാദ് ദാസ്, ഭാര്യ, നാലു വയസ്സുള്ള മകൾ എന്നിവരെ എയർ ആംബുലൻസിൽ കോഴിക്കോട്ടെത്തിക്കാനുള്ള എല്ലാ നടപടികളും ബ്രിട്ടനിൽനിന്നു ചെയ്യാമെന്ന് മേയർ വാഗ്ദാനം ചെയ്തു. എയർ ആംബുലൻസിൽ എത്തിക്കാനുള്ള ചെലവുകൾ കുടുംബവും സുഹൃത്തുക്കളും ചേർന്നു വഹിക്കാമെന്നുമേറ്റു. ഇതിനുള്ള അനുമതി ലഭ്യമാക്കണമെന്നും മേയർ അഭ്യർഥിച്ചു. അൽഫോൻസ് കണ്ണന്താനം ഉടൻ ആഭ്യന്തര-ആരോഗ്യ മന്ത്രാലയങ്ങൾക്ക് കത്തെഴുതുകയും വകുപ്പുമേധാവികളെ നേരിട്ടു വിളിക്കുകയും ചെയ്തു. വ്യോമയാന മന്ത്രാലയത്തെയും ബന്ധപ്പെട്ടു. കേരള സർക്കാർ സമ്മതിച്ചാൽ തങ്ങൾക്ക് എതിർപ്പില്ലെന്നാണ് അവരെല്ലാം അറിയിച്ചിട്ടുള്ള മറുപടി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിഷയത്തിൽ ധാരണയാവുന്നതോടെ ഏറ്റവും അടുത്ത ദിവസംതന്നെ പ്രസാദ് ദാസിനു നാട്ടിലെത്താൻ കഴിയുമെന്നും കണ്ണന്താനം പറഞ്ഞു.
കൂട്ടായ്മ രൂപവത്കരിച്ച ചൊവ്വാഴ്ച അമ്പതുദിവസം പൂർത്തിയായ ഡി.എം.സി.യുടെ പ്രവർത്തകർക്കാവട്ടെ ഇങ്ങനെയൊരു ഇടപെടൽ അഭിമാനമുഹൂർത്തവുമായി.