റോമി കുര്യാക്കോസ്
മാഞ്ചസ്റ്റർ: കൊച്ചി – യു കെ യാത്രയ്ക്കായി എയർ ഇന്ത്യ വിമാന സർവീസുകളെ ആശ്രയിക്കുന്ന പ്രവാസി മലയാളികളുടെ നീണ്ട കാലത്തെ ആവശ്യങ്ങളിൽ സജീവ ഇടപെടൽ നടത്തിയിരിക്കുകയാണ് പ്രവാസി മലയാളികളുടെ പ്രബല സംഘടനകളിൽ ഒന്നായ ഒ ഐ സി സിയുടെ യു കെ ഘടകം. ഈ റൂട്ടിലെ എയർ ഇന്ത്യയുടെ പ്രതിവാര സർവീസുകൾ വർധിപ്പിക്കുക, ഇപ്പോൾ ഗാറ്റ്വിക് എയർപോർട്ടിൽ അവസാനിക്കുന്ന സർവീസുകൾ ബിർമിങ്ങ്ഹം / മാഞ്ചസ്റ്റർ എയർപോർട്ട് വരെ നീട്ടുക തുടങ്ങിയ ആവശ്യങ്ങൾ അടങ്ങിയ നിവേദനമാണ് കഴിഞ്ഞ ദിവസം ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമർപ്പിക്കപ്പെട്ടത്.
എയർ ഇന്ത്യ സി ഇ ഒ & എം ഡി ക്യാമ്പെൽ വിൽസൺ, കേന്ദ്ര വ്യോമയാന മന്ത്രി വ്യോമയാന മന്ത്രി കിഞ്ചരാപ്പൂ റാം മോഹൻ നായ്ഡു, കോൺഗ്രസ് നേതാവും ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി, കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ എം പി , പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എം എൽ എ, ഫ്രാൻസിസ് ജോർജ് എം പി എന്നിവർക്കാണ് ആവശ്യങ്ങൾ അടങ്ങിയ നിവേദനം ഒ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസിന്റെ നേതൃത്വത്തിൽ സമർപ്പിച്ചത്.
നിവേദനം ലഭിച്ച ഉടനെ കെ സുധാകരൻ എം പി കാര്യങ്ങൾ ചോദിച്ചറിയുകയും പ്രവാസി മലയാളികളുടെ ആശങ്കകളും അറിയിച്ചുകൊണ്ടും ആവശ്യങ്ങൾ ശ്രദ്ധയിൽ പെടുത്തിക്കൊണ്ടുമുള്ള വിശദമായ കത്ത് കേന്ദ്ര വ്യോമയാന മന്ത്രിക്ക് കൈമാറി. കെ പി സി സി അധ്യക്ഷന്റെ സമയോചിതമായ ഇടപെടൽ പ്രവാസി മലയാളികൾക്ക് ഒരു ഉണർവ്വും പ്രതീക്ഷയും പകർന്നിട്ടുണ്ട്.
വളരെ തിരക്ക് പിടിച്ചതും വരുമാനം കൂടുതലുള്ളതുമെങ്കിലും ഇപ്പോൾ കൊച്ചി – യു കെ വ്യോമ റൂട്ടിൽ മൂന്ന് പ്രതിവാര സർവീസുകൾ മാത്രമാണ് എയർ ഇന്ത്യ നടത്തുന്നത്. മലയാളി യാത്രക്കാരിൽ കുറെയേറെ പേർ എയർ ഇന്ത്യ വിമാന സർവീസുകളെ ആശ്രയിച്ചു യാത്ര ചെയ്യുന്നവരാണ്. ശൈത്യകാലത്തിന്റെ തുടക്കത്തിൽ തന്നെ ഇന്ത്യയിൽ നിന്നും യു കെയിലേക്കുള്ള പ്രതിവാര സർവീസുകൾ വർധിപ്പിക്കുന്നതിനായി ഗവർമെന്റുകൾ തമ്മിൽ ധാരണയിൽ എത്തിയിരുന്നു. അതനുസരിച്ചു എയർ ഇന്ത്യ തങ്ങളുടെ ഡൽഹി / മുംബൈ / ബാംഗ്ലൂർ / ഗോവ എന്നിവിടങ്ങളിൽ നിന്നും യു കെയിലേക്കുള്ള പ്രതിവാര സർവീസുകൾ വർധിപ്പിച്ചുവെങ്കിലും കൊച്ചിയെ അവഗണിക്കുകയായിരുന്നു. ഈ കാര്യം നിവേദനത്തിൽ എടുത്തു കാട്ടിയിട്ടുണ്ട്.
കൂടാതെ കൊച്ചിയിൽ നിന്നും ആരംഭിച്ച് ഇപ്പോൾ ഗാറ്റ്വിക്കിൽ അവസാനിക്കുന്ന എയർ ഇന്ത്യ സർവീസുകൾ ബിർമിങ്ങ്ഹം, മാഞ്ചസ്റ്റർ എന്നീ എയർപോർട്ടുകൾ വരെ നീട്ടിയാൽ വടക്ക് – മദ്ധ്യ യു കെയിൽ താമസിക്കുന്ന
മലയാളികൾ ഉൾപ്പടെയുള്ള നിരവധി യാത്രക്കാരുടെ യാത്രാ ദൈർഖ്യം കുറയ്ക്കാനാകുമെന്ന വസ്തുതയും നിവേദനത്തിൽ മുന്നോട്ട് വച്ചിട്ടുണ്ട്.
കാർഡിഫ് : സെയിന്റ് അന്തോണീസ് ക്നാനായ കാത്തലിക് പ്രൊപോസ്ഡ് മിഷനിൽ കൊന്ത മാസ ആചരണത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച കൊന്തയലങ്കാര മത്സരവും പ്രദർശനവും ഏവർക്കും നവ്യാനുഭവമായി മാറി. സൺഡേ സ്‌കൂളിലെ കുട്ടികൾ നിർമിച്ചുകൊണ്ടു വന്ന ജപമാലയെ കുറിച്ചുള്ള പോസ്റ്ററുകളുടെ പ്രദർശനം പള്ളി ഹാളിൽ ഒരുക്കി.
ജപമാലകൾ വിവിധ രീതിയിൽ അലങ്കരിച്ചും ജപമാലകളെകുറിച്ചുള്ള വിവരണങ്ങൾ ഉൾപെടുത്തിയും നടത്തിയ പ്രദർശനം ഏവർക്കും നയനാനന്ദകരവും വിജ്ഞാനപ്രദവും ആയിരുന്നു. കൊന്ത മാസത്തിൽ ജപമാലയോടുള്ള ഭക്തിയും സ്നേഹവും ഏവരിലും ഉണർത്തുക എന്ന ലക്ഷ്യത്തോടെയാണ് ജപമാല പോസ്റ്റർ നിർമ്മിക്കുകയും പ്രദർശിപ്പിക്കുകയും അവയുടെ സന്ദേശം പ്രദർശിപ്പിക്കുകയും ചെയ്തത്. മിഷൻ കോർഡിനേറ്റർ ഫാ അജൂബ് തോട്ടനാനിയിലും, സൺഡേ സ്കൂൾ ഹെഡ് ടീച്ചർ തോമസ് ഉതുപ്പ്കുട്ടിയും കുട്ടികളുടെ മഹനീയ പ്രവർത്തനത്തെ പ്രത്യേകം പ്രശംസിച്ചു.
നടനും എംഎല്‍എയുമായ മുകേഷ് അറസ്റ്റിലായി. ആലുവ സ്വദേശിനിയായ നടി നല്‍കിയ പരാതിയിലാണ് മുകേഷിനെ വടക്കാഞ്ചേരി പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു. ഇന്നലെ രാത്രിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെങ്കിലും അറസ്റ്റ് വിവരം പോലീസ് പുറത്തുവിട്ടിരുന്നില്ല.
2011 ല്‍ തൃശൂര്‍ വാഴാനിക്കാവില്‍ വെച്ച് നടന്ന ഒരു സംഭവത്തില്‍ ആലുവാ സ്വദേശിയായ യുവതി നല്‍കിയ പരാതിയിലാണ് ഇന്നലെ മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വടക്കാഞ്ചേരി പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശേഷം മറ്റ് നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി വിട്ടയക്കുകയായിരുന്നു.
2011 ല്‍ വാഴാനിക്കാവില്‍ ഒരു സിനിമാ ചിത്രീകരണ സമയത്ത് ഒരു ഹോട്ടല്‍ മുറിയില്‍ വെച്ച് നടിയോട് അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. അടുത്തിടെയാണ് സംഭവത്തില്‍ യുവതി പരാതി നല്‍കിയത്. തുടര്‍ന്ന് വടക്കാഞ്ചേരി പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഈ പരാതി ഉള്‍പ്പെടെ സിനിമാ മേഖലയില്‍ നിന്നുള്ള പരാതികള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം എത്തി. അതിന് ശേഷമുള്ള സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമായാണ് ഇപ്പോള്‍ മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മുന്‍കൂര്‍ ജാമ്യവും മുകേഷിനുണ്ട്.
കൊല്ലം കുന്നിക്കോട് മോഷണ ശ്രമം തടയാൻ ശ്രമിച്ച വീട്ടമ്മയുടെ തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചു. കുന്നിക്കോട് ചേത്തടി സ്വദേശി അനിതയാണ് അക്രമണത്തിന് ഇരയായത്. അനിതയുടെ നിലവിളി കേട്ട് ഭർത്താവ് എത്തിയതോടെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴരയോടെ അനിത വീട്ടുകാർക്കൊപ്പം ടെലിവിഷൻ പരിപാടി കാണുമ്പോഴാണ് സംഭവം.
ടിവി കണ്ടുകൊണ്ടിരിക്കേ പെട്ടെന്ന് വീട്ടിൽ കറൻ്റ് പോയി. എന്നാൽ വീടിന് സമീപത്തെ തെരുവുവിളക്ക് അണഞ്ഞില്ല. അയൽവീട്ടിലും വെളിച്ചമുണ്ടായിരുന്നു. ഫ്യൂസ് പോയതാകാം എന്ന് കരുതി അനിത മെയിൽ സ്വിച്ചിന് അടുത്തെത്തി. തുടർന്നാണ് മെയിൻ സ്വിച്ചിന് സമീപം പതുങ്ങിയിരുന്ന മോഷ്ടാവ് തടികക്ഷണം കൊണ്ട് അനിതയുടെ തലയ്ക്ക് അടിച്ചത്. വേദനയിലും ഭയപ്പാടിലും അനിത നിലവിളിച്ചതോടെ ഭർത്താവ് ഓടി എത്തി.
മോഷ്ടാവ് ആദ്യം ഭർത്താവിനെയും ആക്രമിക്കാൻ ശ്രമിച്ചു. പിന്നാലെ ഓടി രക്ഷപ്പെട്ടു. ബഹളം കേട്ട് അയൽവാസികൾ എത്തിയാണ് അനിതയെ അശുപത്രിയിലേക്ക് മാറ്റിയത്.പിന്നാലെ കുന്നിക്കോട് പൊലീസിനെ വിവരം അറിയിച്ചു. ഇരുപത്തിയഞ്ച് വയസ് പ്രായം തോന്നിക്കുന്നയാളാണ് മോഷ്ടാവ്. വീട്ടുകാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
പോലീസ് ഉദ്യോഗസ്ഥരുടെ വ്യാജ അക്കൗണ്ടുകൾ വഴി സമൂഹമാധ്യമങ്ങളിൽ തട്ടിപ്പ്. ചേർത്തല സ്വദേശിയായ പോലീസ് ഇൻസ്പെക്ടർ അനന്ത ലാലിന്റെ വ്യാജ ഫേസ്ബുക് അക്കൗണ്ടിലൂടെ അജ്ഞാതൻ അയച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ മാരാരിക്കുളം സ്വദേശിനിയായ എസ്.സീമയുടെ 70000 രൂപ തട്ടിയെടുത്തു.
കഴിഞ്ഞ 14നാണു വീട്ടമ്മയ്ക്ക് മെസഞ്ചറിലൂടെ പോലീസ് ഉദ്യോഗസ്ഥന്റേതെന്ന വ്യാജേന സന്ദേശം ലഭിച്ചത്. സിആർപിഎഫിൽ ജോലിയുള്ള സുഹൃത്ത് സുമിത്തിന് പെട്ടെന്ന് ജമ്മുവിലേക്ക് സ്‌ഥലം മാറ്റം കിട്ടിയെന്നും അദ്ദേഹത്തിന്റെ 1,25,000 രൂപ വിലയുള്ള ഫർണിച്ചർ അടിയന്തരമായി വിൽക്കാനുണ്ടെന്നും അടുത്ത പരിചയക്കാർക്ക് 70000 രൂപയ്ക്ക് വിൽക്കുമെന്നുമാണു പറഞ്ഞത്.
പരാതിക്കാരിക്ക് പോലീസ് ഉദ്യോഗസ്‌ഥനെ നേരിട്ട് പരിചയമുള്ളതിനാൽ സന്ദേശം സത്യമാണെന്ന് ധരിച്ച് 70000 രൂപ സന്ദേശത്തിൽ പറഞ്ഞ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു. എന്നാൽ പിന്നീട് ഫർണിച്ചർ വീട്ടിലെത്തിക്കാൻ 31,500 രൂപ വാഹന വാടകയിനത്തിൽ അയച്ചു കൊടുക്കണമെന്നു കൂടി പറഞ്ഞതോടെ സംശയം തോന്നി പോലീസിൽ അറിയിക്കുകയായിരുന്നു. ഇതര സംസ്ഥാനങ്ങളിലുള്ള ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം അയച്ചിരിക്കുന്നതെന്നും സൈബർ സെൽ വഴി അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.
എഡിഎം നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്ന് വെളിപ്പെടുത്തിയ പരിയാരം മെഡിക്കല്‍ കോളജിലെ ജീവനക്കാരന്‍ ടി.വി പ്രശാന്തനെതിരെ ആരോഗ്യ വകുപ്പിന്റെ അന്വേഷണം. പ്രശാന്തന്‍ സര്‍ക്കാര്‍ ജീവനക്കാരനല്ല, കരാര്‍ ജീവനക്കാരന്‍ മാത്രമാണ്.
എങ്കിലും ഇപ്പോഴുണ്ടായ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ വിശദമായ അന്വേഷണത്തിന് ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നാളെ കണ്ണൂരിലെത്തുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തതോടെ നിലവിലുണ്ടായിരുന്നവരെ അതേ ശമ്പളത്തോടെ നിലനിര്‍ത്തിയിരുന്നു. എന്നാല്‍ ഡോക്ടര്‍മാരും നഴ്സുമാരും അടക്കം കുറച്ചുപേരെ മാത്രമാണ് സര്‍ക്കാര്‍ സര്‍വീസിലേക്ക് എടുത്തത്. ബാക്കിയുള്ളവരെ സര്‍വീസിലേക്ക് എടുക്കാനുള്ള പ്രക്രിയ നടന്നു കൊണ്ടിരിക്കുകയാണ്.
ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനുള്ള ലിസ്റ്റില്‍ പ്രശാന്തനും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഇനി പ്രശാന്തന്‍ വകുപ്പില്‍ ജോലിക്കാരനായി തുടരാന്‍ അനുവദിക്കില്ലെന്ന് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.
പ്രശാന്തനെ ടെര്‍മിനേറ്റ് ചെയ്യുന്നതിനായി സര്‍ക്കാര്‍ നിയമോപദേശം തേടിയിട്ടുണ്ട്. നിയമപരമായി ഒരു പഴുതും ഉണ്ടാകരുതെന്ന് ഉറപ്പിക്കാനാണ് നിയമോപദേശം തേടിയിട്ടുള്ളത്. പ്രശാന്തന്‍ ഇനി സര്‍വീസില്‍ വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. പരിയാരം മെഡിക്കല്‍ കോളജില്‍ ഇലക്ട്രീഷ്യനായിട്ടാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്.
എന്നാല്‍ പമ്പു തുടങ്ങാന്‍ ഇയാളുടെ അപേക്ഷ കിട്ടിയിട്ടില്ല. മെഡിക്കല്‍ കോളജ് സൂപ്രണ്ടും പ്രിന്‍സിപ്പലും അത്തരത്തിലൊരു തെളിവുമില്ലെന്നാണ് അറിയിച്ചത്. സംഭവത്തില്‍ കണ്ണൂരില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്നും മന്ത്രി പറഞ്ഞു.
റിപ്പോര്‍ട്ട് തൃപ്തികരമല്ലാത്തതിനാല്‍ ഇതേപ്പറ്റി വിശദമായി അന്വേഷിക്കാനാണ് വകുപ്പിലെ ഏറ്റവും സീനിയര്‍ ഉദ്യോഗസ്ഥനായ ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ ഖോബ്രഗഡെയെ തന്നെ കണ്ണൂരിലേക്ക് അയക്കുന്നത്. കൂടാതെ മെഡിക്കല്‍ എജ്യുക്കേഷന്‍ ജോയിന്റ് ഡയറക്ടര്‍ ഡോ വിശ്വനാഥനുമുണ്ടാകും.
നാളെ തന്നെ ഇരുവരും കണ്ണൂരിലേക്ക് പോകും. പ്രശാന്തന് സര്‍വീസ് ചട്ടം ബാധകമല്ലേ, ചട്ട ലംഘനമുണ്ടായിട്ടുണ്ടോ എന്നിവയെല്ലാം അഡീഷല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കുമെന്നും വീണാ ജോര്‍ജ് അറിയിച്ചു.
നവീന്‍ ബാബുവിനെ തനിക്ക് നേരിട്ട് അറിയാവുന്നയാളാണ്. വിദ്യാര്‍ത്ഥി ജീവിത കാലം മുതല്‍ അറിയാം. ഒരു കള്ളം പോലും വാക്കാല്‍ പറയരുതെന്ന് ജീവിതത്തില്‍ ദൃഡനിശ്ചയം ഉണ്ടായിരുന്ന വ്യക്തിയായിരുന്നു സ്റ്റുഡന്റായിരുന്ന കാലത്ത് പോലും നവീന്‍ ബാബു.
അതുകൊണ്ടു തന്നെ വിദ്യാര്‍ഥിയായിരിക്കുമ്പോഴും പോലും വ്യത്യസ്തനായിരുന്നു. പ്രളയകാലത്തും കോവിഡ് കാലത്തും തന്റെയൊപ്പം പ്രവര്‍ത്തിച്ച സത്യസന്ധനായ ഉദ്യോഗസ്ഥനാണ് നവീന്‍ ബാബു. ആ കുടുംബത്തിന്റെ വികാരം തനിക്ക് ഉള്‍ക്കൊള്ളാനാകും.
ഇതിന് പത്തനംതിട്ടക്കാരിയാകണമെന്നില്ല, മനുഷ്യനായാല്‍ മതി. അദേഹത്തോടും കുടുംബത്തോടും നീതി ചെയ്യണം എന്നതുകൊണ്ടാണ് പ്രശാന്തനെപ്പോലെ ഒരാളെ സര്‍വീസില്‍ വേണ്ടെന്ന് തീരുമാനിച്ചതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
പൂള്‍: ആലാപന വൈഭവത്തിന്റെയും നൃത്ത ചാരുതയുടെയും വിസ്‌മയക്കാഴ്‌ചകളുമായി നീലാംബരി സീസണ്‍ 4 എത്തുകയായ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഡ്രാമ ഫെസ്റ്റിവലുകളും ഇവന്റുകളും നടക്കാറുള്ള പൂള്‍ ലൈറ്റ് ഹൗസില്‍ ഈ മാസം 26 നാണ് നീലാംബരി അരങ്ങേറുന്നത്. മുന്‍ വര്‍ഷങ്ങളില്‍ നീലാംബരിയിലുണ്ടായ വന്‍ ജനപങ്കാളിത്തം പരിഗണിച്ചാണ്, കൂടുതല്‍ ഇരിപ്പിടങ്ങളും അത്യാധുനിക ശബ്ദ – വെളിച്ച സംവിധാനങ്ങളുമുള്ള ലൈറ്റ് ഹൗസ് ഇക്കുറി നീലാംബരി വേദിയാക്കുന്നതെന്ന് ടീം നീലാംബരി അറിയിച്ചു.
വിവിധ ഘട്ടങ്ങളിലായ് നടന്ന സ്‌ക്രീനിംഗിലൂടെ തെരഞ്ഞെടുക്കപ്പെട്ട അമ്പതിലധികം ഗായകരാണ് പാട്ടഴകിന്റെ സ്വരലയ വിന്യാസം തീര്‍ക്കുക. ഇതിനു പുറമേ മെയ് വഴക്കത്തിന്റെ പകര്‍ന്നാട്ടങ്ങളുമായി പ്രശസ്‌ത നര്‍ത്തകരും നീലാംബരി സീസണ്‍ 4 ന്റെ മാറ്റു കൂട്ടാനെത്തുന്നുണ്ട്. പുതുമുഖഗായകര്‍ക്കും കുരുന്നു പ്രതിഭകള്‍ക്കും ഇക്കുറി കൂടുതല്‍ അവസരം നല്‍കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് പരിപാടിയുടെ അമരക്കാരനായ മനോജ് മാത്രാടന്‍ പറഞ്ഞു.
യുകെയിലെ സ്റ്റേജ് ഷോകളില്‍ സ്ഥിരം സാന്നിധ്യമായ പ്രശസ്‌ത ഗായകരും പങ്കെടുക്കും. തനി നാടന്‍ കേരള സ്‌റ്റൈല്‍ ഭക്ഷണ വിഭവങ്ങളുള്‍പ്പെടുത്തിയിട്ടുള്ള ഫുഡ് കൗണ്ടറും ക്രമീകരിച്ചിട്ടുണ്ട്. 2021ല്‍ ഗിരീഷ് പുത്തഞ്ചേരി നൈറ്റ് എന്ന പേരില്‍ ആരംഭിച്ച സംഗീത വിരുന്നിന് വലിയ സ്വീകാര്യത ലഭിച്ചതോടെയാണ് നീലാംബരി എന്ന പേരില്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളിലും പരിപാടി സംഘടിപ്പിച്ചത്. ഉച്ചയ്‌ക്ക് രണ്ടുമണിക്കാണ് നീലാംബരി സീസണ്‍ 4 ആരംഭിക്കുക.
രാത്രിയില്‍ ബ്രാ ധരിച്ചാല്‍ ഉണ്ടാകാവുന്ന ആരോഗ്യ പ്രശ്നങ്ങളെ പറ്റി ഇന്ന് മിക്ക സ്ത്രീകള്‍ക്കും അറിയില്ല. ഉറങ്ങുമ്പോള്‍ ബ്രാ ധരിക്കുന്നത് ചില ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കാമെന്ന് ആരോഗ്യ വിദഗ്‌ദ്ധർ പറയുന്നു.
സുഖകരമായ ഉറക്കം, സ്തനങ്ങളുടെ ആരോഗ്യം, രക്തചംക്രമണം തുടങ്ങി ബ്രാ ധരിക്കാതിരുന്നാല്‍ ചില ആരോഗ്യ നേട്ടങ്ങളുണ്ടെന്നാണ് ആരോഗ്യ വിദഗ്‌ദ്ധർ പറയുന്നത്. ഇറുകിയ ബ്രാകള്‍ ദീർഘനേരം ധരിക്കുന്നത് അസ്വസ്ഥതയുണ്ടാക്കും. ഉറങ്ങുമ്പോള്‍ ഇത്തരം ബ്രാ ധരിക്കുന്നത് രാത്രിയില്‍ അസ്വസ്ഥതയുണ്ടാക്കും.
ബ്രാ ഇല്ലാതെ ഉറങ്ങുകയാണെങ്കില്‍ ശരീരം ശരിയായി വിശ്രമിക്കുകയും ഉറക്കത്തിന്റെ ഗുണനിലവാരം കൂട്ടുകയും ചെയ്യും.
ഉറങ്ങുമ്പോള്‍ ബ്രാ ധരിക്കുന്നത് സ്തനങ്ങളില്‍ ഫംഗസ് അണുബാധയ്‌ക്ക് കാരണമായേക്കാം. ബ്രാ നിരന്തരം ധരിക്കുന്നതു വഴി വിയര്‍പ്പ് കണങ്ങള്‍ തങ്ങി നില്‍ക്കുകയും ഫംഗസ് ആയി രൂപപ്പെടുകയും ചെയ്യും. രാത്രിയില്‍ ധരിക്കുന്ന ബ്രാ വളരെ ഇറുകിയതാണെങ്കില്‍ സ്തന കോശങ്ങളിലേക്കുള്ള രക്തയോട്ടത്തെ ബാധിക്കും.
ഉറങ്ങുമ്പോള്‍ ബ്രാ ധരിക്കാതിരുന്നാല്‍ സ്തനങ്ങളിലേക്ക് മെച്ചപ്പെട്ട രക്തയോട്ടവും ആരോഗ്യമുള്ള സ്തനങ്ങള്‍ ഉറപ്പാക്കുകയും ചെയ്യും. രാവിലെയും രാത്രിയും ദീർഘനേരം ബ്രാ ധരിക്കുന്നത്, പ്രത്യേകിച്ച് വളരെ ഇറുകിയതാണെങ്കില്‍, ചർമ്മത്തില്‍ ചൊറിച്ചില്‍ പോലുള്ള അസ്വസ്ഥതകള്‍ക്ക് ഇടയാക്കും.
ഉറക്കത്തില്‍ സ്തനങ്ങളെ സ്വതന്ത്രമായി വിടുന്നതാണ് നല്ലത്. ഇത് ചർമ്മപ്രശ്നങ്ങള്‍ തടയുകയും ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ബ്രായുടെ ഇലാസ്‌റ്റിക്കുള്ള ഭാഗം വരുന്നിടത്ത് പിഗ്മെന്റേഷന്‍ വരാന്‍ സാധ്യതയേറെയാണ്. ചര്‍മഭംഗിയെ ബാധിക്കുന്ന വിവിധ പ്രശ്‌നങ്ങളില്‍ ഒന്നാണ് പിഗ്മെന്റേഷന്‍. ഉറങ്ങുമ്പോള്‍ ബ്രാ ധരിക്കുന്നത് പിഗ്മെന്റേഷന്‍ സാധ്യത വര്‍ദ്ധിപ്പിക്കും.
പി. സരിൻ്റെ രാഷ്ട്രീയ നിലപാടുകളുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സരിൻ്റെ ഭാര്യയും ശിശുരോഗവിദഗ്ദ്ധയുമായ ഡോ.സൗമ്യ സരിൻ. സരിൻ പാർട്ടി വിട്ടതിനുപിന്നാലെ സൗമ്യയ്ക്ക് നേരെയും സൈബർ ആക്രമണമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കിൽ ഒരു പോസ്റ്റ് സൗമ്യ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ സൗമ്യ ഇരവാദം ഉയർത്തുകയാണെന്ന രീതിയിൽ വിമർശനം ഉയർന്നു. ഇതിനുള്ള മറുപടിയായാണ് പുതിയ വീഡിയോ സൗമ്യ ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്. സൈബർ ബുള്ളിയിങ് തനിക്ക് പുതിയ കാര്യമല്ലെന്നും സരിനും താനും രണ്ട് പൊതുജീവിതമുള്ള വ്യക്തികളാണെന്നും ഇരുവർക്കും സ്വന്തം താത്പര്യത്തിനനുസരിച്ച് തീരുമാനമെടുക്കാനുള്ള വ്യക്തിസ്വാതന്ത്ര്യം അന്യോന്യം നൽകുന്നവരാണെന്നും സൗമ്യ വ്യക്തമാക്കി. സരിൻ്റെ ഇടതുപക്ഷത്തേക്കുള്ള മാറ്റവുമായി ബന്ധപ്പെട്ട് തന്നോട് നിലപാട് ചോദിച്ച മാധ്യമങ്ങളടക്കമുള്ളവർക്കുള്ളവരോട് മറുപടി പറയുകയാണ് വീഡിയോയിലെന്നും സൗമ്യ വ്യക്തമാക്കി.
സൗമ്യ പങ്കുവെച്ച വീഡിയോയിൽ നിന്ന്
കേരളത്തിലെ രാഷ്ട്രീയസാഹചര്യങ്ങളാകെ കലങ്ങിമറിഞ്ഞുകൊണ്ടിരിക്കുകയാണ്. പാലക്കാട്,വയനാട്,ചേലക്കര ഉപതിരഞ്ഞെടുപ്പുകളൊക്കെ വളരെ ചൂട് പിടിച്ചുകൊണ്ടിരിക്കുകയാണ്. അതുമായി ബന്ധപ്പെട്ട് നേരിട്ടല്ലെങ്കില്‍ പോലും ഞാനും ചര്‍ച്ചകളുടെ ഭാഗമാകുകയാണ്. ഡോ.പി.സരിന്‍ എന്റെ ജീവിതപങ്കാളിയായതുകൊണ്ടു തന്നെ രാഷ്ട്രീയത്തിലില്ലെങ്കില്‍ പോലും എന്റെ പേരും ഇതിന്റെയിടയില്‍ വന്നു. അതുമായി ബന്ധപ്പെട്ട് ഞാനൊരു പോസ്റ്റുമിട്ടിരുന്നു. അതിനുശേഷം സരിന്റെ ഭാര്യ എന്ന നിലയില്‍ സൈബര്‍ ബുള്ളിയിങ്ങിനെ കുറിച്ച് പ്രതികരണം വേണമെന്നാവശ്യപ്പെട്ട് മാധ്യമങ്ങള്‍ വിളിക്കുകയും ചെയ്തിരുന്നു. അന്ന് ആ പോസ്റ്റില്‍ പറഞ്ഞതേ പറയാനുള്ളൂ എന്ന് അവരോട് വ്യക്തമാക്കിയതുമാണ്. പക്ഷേ പി.സരിന്‍ മീഡിയയുടെ മുന്നില്‍ നില്‍ക്കുന്ന ആളായത് കൊണ്ട് അദ്ദേഹവും ഈ ചോദ്യത്തിന് മറുപടി പറയാന്‍ നിര്‍ബന്ധിതനാകുമല്ലോ.അപ്പോള്‍ ആളുകള്‍ പറഞ്ഞു സൈബര്‍ ബുള്ളിയിങ് നേരിടുകയാണ് എന്ന് പറഞ്ഞ് ഞാന്‍ ഇരവാദം ഉയര്‍ത്തുകയാണ് എന്ന്.
സൈബര്‍ ബുള്ളിയിങ് എന്നത് പ്രത്യേകിച്ച് സൈബര്‍ ലോകത്ത് നില്‍ക്കുമ്പോള്‍. എന്റെ പേജില്‍ പല കാര്യങ്ങളെകുറിച്ചും എന്റെ അഭിപ്രായങ്ങള്‍ ഒരു ചായ്വുമില്ലാതെ പറയുന്നയാളാണ്. അതുകൊണ്ടുതന്നെ സൈബര്‍ ബുള്ളിയിങ് നേരത്തെയും നേരിടേണ്ടിവന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ എനിക്ക് സൈബര്‍ ബുള്ളിയിങ് ഒരു പുതിയകാര്യമോ പുത്തരിയോ ഒന്നുമല്ല. ഞാന്‍ അത് എങ്ങനെ നേരിടേണമെന്ന് കാലക്രമേണ, സാമൂഹിക മാധ്യമത്തില്‍ നില്‍ക്കാമെന്ന് ഞാന്‍ തീരുമാനമെടുത്തപ്പോള്‍ മുതല്‍ ഞാനുണ്ടാക്കിയെടുത്ത ഒരു പ്രതിരോധമാണെന്ന് പറയാം. അത് എനിക്കുണ്ട്. സൈബര്‍ ബുള്ളിയിങ് വന്നതുകൊണ്ട് ഞാന്‍ കരയുകയോ സങ്കടപ്പെടുകയോ ഒന്നും ഇല്ല. പിന്നെ ഈ പറയുന്ന ഇരവാദം. ഇര എന്നുപറയുന്ന വാക്കിനോട് തന്നെ എനിക്ക് അമര്‍ഷവും പ്രതിഷേധവുമുണ്ട്. സ്ത്രീകള്‍ പീഡനം നേരിടേണ്ടിവരികയാണ്, ഇവിടെയൊക്കെ പറയുന്ന വാക്കാണ് ഇര. ഇര എന്നുപറഞ്ഞാല്‍ വേട്ടക്ക് നിന്നുകൊടുക്കുന്ന നിസ്സഹായായ ഒരു മൃഗമാണ്. നിസ്സഹായതയുടെ പ്രതീകമായാണ് ഇര എന്ന വാക്ക് കാണുന്നത്. അതൊരു കാരണവശാലും സ്ത്രീകളെ ഇര എന്ന് പറഞ്ഞ് നിസ്സാരവത്കരിക്കുന്നതിനോട് എനിക്ക് താത്പര്യമില്ല. ഞാന്‍ എവിടെയും പോയി കരയില്ല.
നന്മയും തിന്മയും എല്ലാ വിഭാഗങ്ങളിലുമുണ്ട്. ഇടതാണെങ്കിലും വലതാണെങ്കിലും ബിജെപിയിലുമുണ്ട്. പാര്‍ട്ടിയുണ്ടാക്കിയത് ആളുകളാണ്. അപ്പോള്‍ അവരുടെ സ്വഭാവസവിശേഷതകള്‍ അവരുടെ പ്രതികരണത്തിലും വരും. ഒരു പാര്‍ട്ടിയേ മാത്രം വിമര്‍ശിക്കുന്നതില്‍ അര്‍ഥം ഇല്ലെന്ന് എനിക്കറിയാം. മൂന്നു നാലു ദിവസം മുന്‍പ് വരെ എന്റെ ഭര്‍ത്താവ് കോണ്‍ഗ്രസിലായിരുന്ന സമയത്ത് ഇടതുപക്ഷത്തിന്റെ സൈബര്‍ ബുള്ളിയിങ് ആയിരുന്നു നേരിട്ടത്. ഇപ്പോള്‍ നേരിടുന്നത് വലതുപക്ഷത്തില്‍ നിന്നുള്ളതാണ് എന്ന് പറയാം. ഇതിനിടയില്‍ കോമണായിട്ട് ബിജെപിക്കാരും. ഇതൊക്കെ എനിക്ക ശീലമാണ്. ഇതിന്റെയൊക്കെ അസ്ഥിരത എനിക്കറിയാം. ഞാന്‍ നിന്നിട്ടല്ല, എന്റെ ഭര്‍ത്താവ് ഒരു ഭാഗത്ത് നില്‍ക്കുന്നത് കൊണ്ടാണ് എന്നെ കല്ലെറിയുന്നതെന്നും എനിക്കറിയാം. എനിക്ക് നേരിട്ട് ബന്ധം പോലുമില്ല. പക്ഷേ ഇങ്ങനെ വരുന്ന വെറുപ്പിനും സ്‌നേഹത്തിനുമൊക്കെ അത്ര ആയുസ്സേ ഉള്ളൂ. നാലുദിവസം മുമ്പ് വരെ സ്‌നേഹിച്ചവരും പിന്തുണച്ചവരുമാണ് ഇന്ന് വെറുപ്പ് കാണിക്കുന്നത്. നാലുദിവസം മുമ്പ് വരെ വെറുപ്പ് കാണിച്ചവരാണ് ഇന്ന് സ്‌നേഹിക്കുന്നത്. ഇതില്‍ സ്ഥിരതയില്ല എന്നത് മനസ്സിലാക്കിയ ആളാണ് ഞാന്‍. ഈ സ്‌നേഹത്തില്‍ എനിക്ക് സന്തോഷവുമില്ല, വെറുപ്പില്‍ സങ്കടവുമില്ല. സോഷ്യല്‍ മീഡിയ എന്റെ ജീവിതത്തിന്റെ ഭാഗമല്ലായെന്ന് വ്യക്തമായി അറിയാം. നാലുദിവസം മുമ്പ് വരെ ഇടതുപക്ഷത്തെ സൈബര്‍ലോകത്തുള്ളവര്‍ എന്നെ വിളിക്കുന്ന ഒരു ഇരട്ടപേരുണ്ടായിരുന്നു. യുഡിസി കുമാരി എന്നായിരുന്നു. എന്റെ സൗഹൃദവലയത്തില്‍ എല്ലാ പാര്‍ട്ടിയില്‍ നിന്നുള്ളവരുമുണ്ട്. കൊടിയുടെ നിറം നോക്കിയല്ല ഞങ്ങള്‍ കാണുന്നത്. ഇങ്ങനെയുള്ള ട്രോളുകളൊക്കെ ഇടതുസുഹൃത്തുക്കളായി ഇരുന്ന് ചിരിക്കാറുണ്ട്. ഇതൊക്കെ ആസ്വദിക്കുന്നയാളാണ് ഞാന്‍ ദയവു ചെയ്ത് ഇരവാദം എന്നത് എന്റേ മേല്‍ ചാരരുത്. എനിക്കിതില്‍ യാതൊരു സങ്കടവുമില്ല. നിര്‍ധനരായ 50 കുട്ടികള്‍ക്ക് സൗജന്യ ഹൃദയശസ്ത്രക്രിയ നല്‍കുന്നു എന്ന വിവരം പങ്കുവെച്ച് കൊണ്ടുള്ള വീഡിയോയുടെ താഴെയാണ് ഇത്തരം മോശം കമന്റുകളിട്ടത്. അതുകൊണ്ട് മാത്രമാണ് ആ പോസ്റ്റിട്ടത്.
വിഷമം പറയുന്ന പ്രതിഷേധം അറിയിക്കുന്നവരും ഉണ്ട്. കോണ്‍ഗ്രസ് അനുഭാവികളായിരിക്കും. സ്‌നേഹം കൊണ്ടും കരുതല്‍ കൊണ്ടും പറയുന്നവരുണ്ട്. ഞങ്ങള്‍ ജീവിതപങ്കാളികളാണ് 2009 മുതല്‍ ഒന്നിച്ച് ജീവിക്കുന്നവരാണ്. എന്റെയും സരിന്റെയും കുടുംബം എന്ന് പറയുന്നത്, ഞങ്ങള്‍ തമ്മിലുള്ള ഡീല്‍ എന്ന് തന്നെ പറയാം വ്യത്യസ്തമായിട്ടുള്ളതാണ്. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും സൗകാര്യജീവിതം പോലെ തന്നെ പൊതുജീവിതവുമുണ്ട്. സരിനെ ഉപദേശിച്ചുകൂടെ എന്ന് എന്നോട് ചോദിച്ചവരുമുണ്ട്. ഞങ്ങളുടെ ജോലിയും വേഷവും നിലപാടുമൊക്കെ വൈരുദ്ധ്യമുള്ളതാണ്. രണ്ട് വ്യത്യസ്ത കാര്യങ്ങള്‍ ഞങ്ങള്‍ക്കിടയിലുണ്ട്. ഡോ.സൗമ്യ സരിന്‍ എന്നൊരു വാല് എനിക്കുണ്ടെങ്കിലും ഞാന്‍ ഡോ സൗമ്യയും അവിടെ ഡോ സരിനുമാണ്. എന്റെ താത്പര്യങ്ങളില്‍ സരിന് അഭിപ്രായം പറയാം പക്ഷേ തീരുമാനം എടുക്കാന്‍ കഴിയില്ല. തിരിച്ചും അങ്ങനെ തന്നെ. അന്തിമതീരുമാനം അത് എടുക്കുന്ന വ്യക്തിയുടേതാണ്. ഞങ്ങള്‍ പ്രാധാന്യം കൊടുക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിനാണ്. ആ തീരുമാനം എടുത്താല്‍ അത് മുന്നോട്ട് കൊണ്ടുപോവാനും അതിലെ തെറ്റും ശരിയും വിലയിരുത്തേണ്ടതും അതേ ആള്‍ തന്നെയാണ്. സരിന്‍ രാഷ്ട്രീയത്തില്‍ ഒരു തീരുമാനം എടുത്തിട്ടുണ്ടെങ്കില്‍ അത് ആലോചിച്ചിട്ടല്ലേ എടുക്കൂ. അത് ഞാന്‍ ബഹുമാനിക്കും. തെറ്റോ ശരിയോ എന്നത് കാലം തെളിയിക്കട്ടെ. എനിക്ക് ഇതാണ് പറയാനുള്ളത്.
ലഹരി കലര്‍ത്തിയ പ്രസാദം നല്‍കി ക്ഷേത്രപൂജാരി പീഡിപ്പിച്ചെന്ന് പെണ്‍കുട്ടിയുടെ പരാതി. രാജസ്ഥാനിലെ സീക്കര്‍ ജില്ലയിലെ കോളേജ് വിദ്യാര്‍ഥിയാണ് തന്നെ പൂജാരി പിഡീപ്പിച്ചെന്നും പുറത്തുപറഞ്ഞാല്‍ തന്നെയും കുടുംബത്തെയും കൊല്ലുമെന്ന് പൂജാരിയുടെ ഡ്രൈവര്‍ ഭീഷണിപ്പെടുത്തിയതായും പോലീസിനോട് പറഞ്ഞു.
കുറച്ചു മാസങ്ങള്‍ക്ക് മുമ്പാണ് പെണ്‍കുട്ടി ക്ഷേത്രദര്‍ശനം നടത്തിയത്. രാജേഷ് എന്നയാളാണ് പൂജാരിയായ ബാബാ ബാലക്‌നാഥിനെ പെണ്‍കുട്ടിക്ക് പരിചയപ്പെടുത്തുന്നത്. അന്നിയാള്‍ പെണ്‍കുട്ടിക്ക് പ്രസാദം നല്‍കി. പിന്നീട് ഏപ്രിലില്‍ ജയ്പുരിലെ ഒരു കോളേജില്‍ പരീക്ഷയെഴുതാന്‍ പോയി. കോളേജിനു മുന്നില്‍ നില്‍ക്കുമ്പോള്‍ ബാലക്‌നാഥ് അതുവഴി വന്നു. തന്റെ കാറില്‍ ഗ്രാമത്തിലിറക്കാമെന്ന് പെണ്‍കുട്ടിയോട് പറയുകയും ചെയ്തു. കാറില്‍ വെച്ച് തനിക്ക് പ്രസാദം നല്‍കിയെന്നും ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമുണ്ടാകുമെന്നും പറഞ്ഞു. അത് കഴിച്ചയുടനെ തനിക്ക് ബോധക്ഷയം അനുഭവപ്പെട്ടെന്ന് പെണ്‍കുട്ടി പറയുന്നു. മൂന്ന് തവണ തന്നെ പീഡിപ്പിച്ചുവെന്നും ലഹരിമരുന്നിന്റെ മയക്കത്തില്‍ തനിക്ക് പ്രതികരിക്കാനായില്ലെന്നും പെണ്‍കുട്ടി പറയുന്നു. ബഹളമുണ്ടാക്കിയപ്പോള്‍ ഇയാള്‍ വായപൊത്തിപിടിച്ചുവെന്നും പെണ്‍കുട്ടി ആരോപിക്കുന്നു.
പീഡന ദൃശ്യങ്ങള്‍ പൂജാരിയുടെ ഡ്രൈവര്‍ പകര്‍ത്തിയതായും പെണ്‍കുട്ടിയുടെ പരാതിയിലുണ്ട്. പിന്നീട് ഇയാളും കൂട്ടാളികളും തന്നെ ഭീഷണിപ്പെടുത്താനാരംഭിച്ചുവെന്നും അയാളെ വീണ്ടും കാണണമെന്ന് ആവശ്യപ്പെട്ടതായും പെണ്‍കുട്ടി പറയുന്നു. വീഡിയോ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിക്കുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പെണ്‍കുട്ടി പരാതിപ്പെട്ടതിനു പിന്നാലെ പ്രതികള്‍ പീഡനദൃശ്യത്തിന്റെ ഒരു ഭാഗം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു.