ഏഴുവയസുകാരി ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് മുത്തച്ഛന്‍. മകളെ തട്ടിക്കൊണ്ടുപോയതാണെന്ന് മുത്തച്ഛന്‍ ആരോപിക്കുന്നു. കുഞ്ഞ് ഒറ്റയ്ക്ക് ആറ്റിലേക്ക് പോകാന്‍ വഴിയില്ലെന്ന് മുത്തച്ഛന്‍ പറയുന്നു. അമ്മയുടെ ഷാള്‍ കുട്ടി ധരിച്ചിരുന്നില്ല.
അയല്‍വീട്ടില്‍ പോലും പോകാത്ത കുട്ടിയാണ് ദേവനന്ദയെന്ന് മുത്തച്ഛന്‍ പറയുന്നു. വീട്ടില്‍ നിന്നും 500 മീറ്റര്‍ അകലെയാണ് പുഴ ഉള്ളത്. അമ്മ അലക്കാന്‍ പുറകിലേക്ക് പോയ സമയത്താണ് കുട്ടിയെ കാണാതാകുന്നത്. അമ്മയോട് പറയാതെ എവിടെയും പോകാത്ത കുട്ടിയാണ് ദേവനന്ദയെന്ന് കുടുംബം നേരത്തെ പറഞ്ഞിരുന്നു.
ഡല്‍ഹിയില്‍ മുസ്ലീം ആയ ബിഎസ്എഫ് ജവാന്റെ വീടിന് അക്രമികള്‍ തീ വച്ചു. ഇറങ്ങിവാടാ പാകിസ്താനീ, നിനക്ക് ഞങ്ങള്‍ പൗരത്വം തരാം എന്ന് അക്രമികള്‍ ഉറക്കെ വിളിച്ചുപറയുന്നു. മുഹമ്മദ് അനീസ് എന്ന ബി എസ് എഫ് ജവാന്റെ വീടിന് നേരെയാണ് വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഖാസ് ഖജൂരി ഗലിയില്‍ ആക്രമണമുണ്ടായത്. അനീസിന്റെ രണ്ട് നില വീടിന്റെ മതിലില്‍ മുഹമ്മദ് അനീസ്, ബിഎസ്എഫ് എന്ന് രേഖപ്പെടുത്തിയ നെയിം പ്ലേറ്റുണ്ട്. ഇത് കാണുമ്പോള്‍ കലാപകാരികള്‍ ആക്രമിക്കില്ല എന്നൊരു പ്രതീക്ഷ വീട്ടുകാര്‍ക്കുണ്ടായിരുന്നു. എന്നാല്‍ ഇത് വെറുതെയായി.
അനീസിന്റേതടക്കമുള്ള, ഖാസ് ഖജൂരി ഗലിയിലെ വീടുകള്‍ ഓരോന്നായി തകര്‍ത്ത് അക്രമികള്‍ മുന്നേറി. ഫെബ്രുവരി 25ന് ഉച്ചയ്ക്ക് ശേഷമാണ് ഈ അക്രമമുണ്ടായത്. ആദ്യം കാറിന് തീ വച്ചു. പിന്നെ വീടിന് നേരെ കല്ലേറ് തുടങ്ങി. പിന്നീട് ഗാസ് സിലിണ്ടര്‍ എറിഞ്ഞു. 2013ല്‍ ബിഎസ്എഫില്‍ ചേര്‍ന്ന മുഹമ്മദ് അനീസ് മൂന്ന് വര്‍ഷം കാശ്മീര്‍ അതിര്‍ത്തിയില്‍ ജോലി ചെയിതിരുന്നു. അനീസിനൊപ്പം 55കാരനായ പിതാവ് മുഹമ്മഗ് മുനിസും 59കാരനായ അമ്മാവന്‍ മുഹമ്മദ് അഹമ്മദും. 18കാരിയായ കസിന്‍ നേഹ പര്‍വീണുമാണ് വീട്ടിലുണ്ടായിരുന്നത്. അക്രമികളുടെ വരവറിഞ്ഞ് നാല് പേരും രക്ഷപ്പെട്ടു. ഇവര്‍ക്ക് അര്‍ദ്ധസൈനികരുടെ സഹായം ലഭിച്ചു.
ആഭരണങ്ങളടക്കം വിലപിടിപ്പുള്ള വസ്തുക്കള്‍ ഇവര്‍ക്ക് നഷ്ടമായി. അടുത്ത മൂന്ന് മാസത്തിനകം രണ്ട് വിവാഹം നടക്കേണ്ട വീടാണ് അനീസിന്റേത്. ഒന്ന് അനീസിന്റെ വിവാഹം. മറ്റേത് കസിന്‍ സഹോദരിയുടേത്. ഇന്‍സ്റ്റാള്‍മെന്റായി പണമടച്ചാണ് രണ്ട് സ്വര്‍ണ നെക്ക്‌ലേസുകള്‍, വെള്ളി ആഭരണങ്ങള്‍ എല്ലാം വാങ്ങിയത്. കല്യാണ ഒരുക്കങ്ങള്‍ക്കായി മൂന്ന് ലക്ഷം രൂപ പണമായി, കറന്‍സി നോട്ടുകളായി വീട്ടില്‍ സൂക്ഷിച്ചിരുന്നു. ഇതെല്ലാം കത്തിയെരിഞ്ഞു. ഈ മേഖലയില്‍ ഒരു മുസ്ലീം വീട് മാത്രമാണ് അക്രമികള്‍ ഒഴിവാക്കിയത്. ബാക്കിയെല്ലാം ആക്രമിച്ചു. ഖജൂരി ഖാസ് ഹിന്ദുഭൂരിപക്ഷ മേഖലയാണ്. എന്നാല്‍ അക്രമം നടത്തിയതെല്ലാം പുറത്തുനിന്നെത്തിയവരാണ് എന്ന് ഇവിടുത്ത മുസ്ലീങ്ങള്‍ പറയുന്നു. അക്രമികളോട് പോകാനാണ് ഇവിടെയുള്ള ഹിന്ദുക്കള്‍ ആവശ്യപ്പെട്ടത്.
പ്രേക്ഷകനെ ത്രില്ലടപ്പിക്കാന്‍ മലയാള സിനിമയ്ക്ക് കഴിയില്ലെന്നൊരു വര്‍ത്തമാനമുണ്ട്. ഏറെക്കുറെ ശരിയുമായിരുന്നത്. തമിഴില്‍ രാക്ഷസന്‍ എന്ന സൈക്കോ ത്രില്ലര്‍ ഇറങ്ങി സകലമാന പ്രേക്ഷകരെയും കസേര തുമ്പത്തിരുത്തി ത്രില്ലടിപ്പിച്ചപ്പോള്‍, ആ സിനിമയെ പുകഴ്ത്തുന്നതിനൊപ്പം ഏറെ കേട്ട ഡയലോഗുകളില്‍ ഒന്ന്, ഇതുപോലൊരു ഐറ്റം മലയാളത്തില്‍ ഉണ്ടാകുമോ എന്നതായിരുന്നു. അതിലൊരുതരം പരിഹാസവും, അങ്ങനെയൊന്നും സംഭവിക്കാന്‍ പോകുന്നില്ലെന്ന അടിച്ചുറപ്പിക്കിലുമുണ്ടായിരുന്നു. നല്ലതെല്ലാം തമിഴിലും ബോളിവുഡിലുമൊക്കെ ഉണ്ടാകൂ എന്ന പെസിമിസ്റ്റ് പ്രേക്ഷകര്‍ക്കുള്ള ശക്തമായ മറുപടിയുമായാണ് 2020 ല്‍ മലയാള സിനിമ രംഗത്തു വന്നിരിക്കുന്നത്. മിഥുന്‍ മാനുവല്‍ തോമസിന്റെ അഞ്ചാം പാതിര മേല്‍പ്പറഞ്ഞ വിഭാഗത്തിനുള്ള തലയ്ക്കടി തന്നെയായിരുന്നു. ഇപ്പോഴിതാ ഫോറന്‍സിക് കൂടി ആ ഗണത്തില്‍ ചേരുമ്പോള്‍, സധൈര്യം പറയാം, സൈക്കോ ത്രില്ലറുകളുടെത്ത് വിജയിപ്പിക്കാന്‍ മലയാളത്തിലെ പിള്ളേര്‍ക്കും അറിയാം.
അള്‍ട്ടിമേറ്റ് ഫ്രഷ് ആയിട്ടുള്ള ഐറ്റം ഒന്നുമല്ല ഫോറന്‍സിക്. നമ്മള്‍ കണ്ടിട്ടുള്ള സൈക്കോ ത്രില്ലറുകളിലെ സ്ഥിരം ചേരുവകള്‍ ഇതിലുമുണ്ട്. പ്രത്യേകിച്ച് സൈക്കോയുടെ ‘ കൊലമുറി’യൊക്കെ. എന്നാല്‍, മൊത്തത്തിലെടുത്താല്‍, ഫോറന്‍സിക്കിന് മുന്‍ഗാമികളൊന്നുമില്ല. അക്കാര്യത്തില്‍ ആദ്യത്തെ കൈയടി കൊടുക്കേണ്ടത്, അഖില്‍ പോള്‍- അനസ് ഖാന്‍ എന്ന തിരക്കഥാകൃത്തുക്കള്‍ക്കാണ്. അവര്‍ തന്നെയാണ് സിനിമയുടെ സംവിധായകരെങ്കിലും ഏതു മേഖലയിലാണ് അവര്‍ മികച്ചു നിന്നതെന്നു ചോദിച്ചാല്‍ സ്‌ക്രിപ്റ്റില്‍ എന്നുത്തരം പറയാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. ചെത്തി ചീകിയൊരുക്കിയ തങ്ങളുടെ തന്നെ സ്ക്രിപ്റ്റിനോട് പൂര്‍ണമായും നീതി പുലര്‍ത്താന്‍ കഴിഞ്ഞോ എന്നൊരു ചോദ്യം അഖിലിനും അനസിനും സ്വയം ചോദിക്കുകയുമാവാം. ഇപ്പോള്‍ വേണ്ട, അടുത്ത സിനിമയ്ക്കൊരുങ്ങുമ്പോഴായാലും മതി.
ഫോറന്‍സിക് എന്ന പേരില്‍ തന്നെയുള്ള പ്രത്യേകതയാണ് സിനിമയുടെതും. ഫോറന്‍സിക് സര്‍ജന്‍മാരും മെഡിക്കോ ലീഗല്‍ അഡ്വൈസര്‍മാരും മലയാള സിനിമയില്‍ പുതുമുഖങ്ങളൊന്നുമല്ല. മിക്ക കുറ്റാന്വേഷണ സിനിമകളിലും ഇവര്‍ വന്നു പോകാറുള്ളതാണ്. എന്നാല്‍, ആദ്യമായിട്ടാണ് ഫോറന്‍സിക് വിദഗ്ധന്‍ കേന്ദ്രകഥാപാത്രമായി വരുന്നത്. ശാസ്ത്രീയമായി കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതിനെ പറ്റി ഒത്തിരി വായിച്ചു കേള്‍ക്കുന്നതാണെങ്കിലും ഒരു മലയാള സിനിമയില്‍ അതൊരു കാഴ്ച്ച അനുഭവമായി മാറുന്നത് ഇതാദ്യമായിരിക്കും. മുറിയടച്ചിട്ടിരുന്ന് ബീഡി വലിച്ചെഴുതിയതല്ല ഇതിന്റെ സ്‌ക്രിപ്റ്റ് എന്ന് കുറ്റാന്വേഷണത്തിലെ ശാസ്ത്രീയ രീതികള്‍ വിശദീകരിച്ചു പോകുന്നതില്‍ നിന്നു തന്നെ തിരിച്ചറിയാം. അതാണ് നേരത്തെ പറഞ്ഞതും, കൈയടി ഫോറന്‍സിക്കിന്റെ തിരക്കഥയ്ക്ക് തന്നെ.
ഫോറന്‍സിക് വെറും ത്രില്ലര്‍ മാത്രമാണോ എന്നു ചോദിച്ചാല്‍, അല്ല. ക്രൂരമായ കൊലകള്‍ കൊണ്ട് പ്രേക്ഷകന്റെ മനസും ശരീരവും മരവിപ്പിക്കുകയാണല്ലോ, സാധാരണ ഒരു സൈക്കോ ത്രില്ലറിന്റെ പണി. എന്നാല്‍, ഫോറന്‍സിക് അതില്‍ നിന്നും മാറി നില്‍ക്കുന്നുണ്ട്. കൊലകള്‍ വേദനിപ്പിക്കുകയും പേടിപ്പിക്കുകയും ചെയ്യുന്നില്ലെന്നല്ല. പക്ഷേ, ഇരകള്‍; അവരാണ് മനസിനെ നോവിപ്പിക്കുന്നത്. കുട്ടികള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചു വരുന്നൊരു സമൂഹമാണ് ഇന്നത്തെ കേരളത്തിന്റേത്. എന്നാല്‍, ഈ സിനിമ പറയുന്ന കാര്യം കുട്ടികളെ രണ്ടു തരത്തില്‍ സമൂഹം ചൂഷണം ചെയ്യുന്നതിനെ കുറിച്ചാണ്. ഫോറന്‍സിക് മനസില്‍ ബാക്കി നിര്‍ത്തുന്ന അസ്വസ്ഥത അവിടെയാണ്. കൊലയാളിയും അയാളുടെ ഇരകളും പിന്നാലെ വരുന്ന അന്വേഷണ ഉദ്യോഗസ്ഥരും മാത്രം നിറഞ്ഞൊരു ചിത്രമായി ഇതിനെ മാറ്റിയിരുന്നെങ്കില്‍, ഫോറന്‍സിക് തിയേറ്റര്‍ വിട്ടിറിങ്ങുമ്പോള്‍ പുറകില്‍ ഉപേക്ഷിച്ചു കളയാന്‍ മാത്രമുള്ളൊരു സിനിമയായി മാറുമായിരുന്നു. ഇത്തരമൊരു ജോണറില്‍ ഒരു ചിത്രമൊരുക്കുമ്പോള്‍, അതില്‍ കുടുംബ ബന്ധങ്ങളും സെ്ന്റിമെന്റും നിറയ്ക്കുന്നത് അല്‍പ്പമൊരു അപകടം പിടിച്ച കളിയാണെങ്കിലും അഖിലും അനസും ആ കളി ഭംഗിയായി കളിച്ചു വിജയിച്ചിട്ടുമുണ്ട്.
നടുക്കുന്നൊരു തുടക്കത്തില്‍ നിന്നു സഞ്ചരിച്ചു തുടങ്ങുന്ന ചിത്രത്തിന്റെ ഗതിവിഗതികളില്‍ ഒരിക്കല്‍ പോലും വേഗത നഷ്ടപ്പെടുന്നില്ലെന്നിടത്താണ് അഖില്‍-അനസ് എന്ന ഇരട്ട സംവിധായകര്‍ക്ക് കൈയടി കൊടുക്കേണ്ടത്. കുറച്ച് ദൈര്‍ഘ്യം കൂടിപ്പോയോ എന്നൊരു ചോദ്യം പ്രേക്ഷകന് ഉണ്ടെങ്കിലും ഒരു മടുപ്പ് ഒരിടത്തും തോന്നിക്കാത്ത വിധം കൈകാര്യം ചെയ്തിട്ടുണ്ട് അഖിലും അനസും. ആദ്യ പകുതിയില്‍ എവിടെയൊക്കെയോ ക്ലിഷേ സന്ദര്‍ഭങ്ങളും സംഭാഷണങ്ങളുമൊക്കെ വന്നു നിറഞ്ഞപ്പോള്‍ തോന്നിയ ചെറിയൊരു നിരാശയെ, ഇന്റര്‍വെല്‍ പഞ്ച് കൊണ്ട് ആവേശത്തിലേക്ക് എടുത്തുയര്‍ത്താനും സംവിധായകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ക്ലൈമാക്‌സിലേക്ക് അവര്‍ പ്രേക്ഷകനെയും കൊണ്ട് സഞ്ചരിച്ചതും അപ്രതീക്ഷിതമായ വളവുകളിലും തിരിവുകളിലും കൂടിയായിരുന്നു. എവിടെയീ വണ്ടി നില്‍ക്കുമെന്നൊരു ആകാംക്ഷയില്‍ ചിന്തിച്ചു കൂട്ടിയതെല്ലാം തട്ടിത്തെറിപ്പിച്ചവര്‍ പ്രേക്ഷകന്റെ കണ്ടെത്തലുകളെ തലകുത്തി മറിച്ചു കളഞ്ഞു. ഈ പറഞ്ഞതൊക്കെ, ഇതേ മൂഡില്‍ അനുഭവിക്കാന്‍ ഫോറന്‍സിക് തീയേറ്ററില്‍ തന്നെ കാണണം. അഖില്‍ പോളിന്റെ കാമറയും ജേക്‌സ് ബിജോയുടെ പശ്ചാത്തല സംഗീതവും ഷമീര്‍ മുഹമ്മദിന്റെ എഡിറ്റിംഗും എത്രകണ്ട് മികച്ചു നില്‍ക്കുന്നുവെന്നു കൂടി മനസിലാക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു അഭ്യര്‍ത്ഥന.
മലയാള സിനിമ ഇപ്പോള്‍ ഏതു റൂട്ടിലൂടെയും ഓടാന്‍ കഴിവു തെളിയിച്ചു കഴിഞ്ഞിരിക്കുകയാണ്. ഇവിടെ എന്തും പോകും എന്ന സിനിമ ഡയലോഗ് പോലെ. തമിഴിലും ഹിന്ദിയിലുമൊക്കെ മാത്രമെ, തലപുകയ്ക്കുന്ന സിനിമകള്‍ ഇറങ്ങൂ എന്ന വാശിപിടുത്തം അഞ്ചാം പാതിര കണ്ടു കഴിഞ്ഞും ഉപേക്ഷിച്ചിട്ടില്ലാത്തവര്‍ ഫോറന്‍സിക് കൂടി കാണണം.
‘ഫ്രഞ്ച് ഓസ്കാർ’ എന്ന് അറിയപ്പെടുന്ന സിസാർ പുരസ്കാര ചടങ്ങിനിടെ പ്രശസ്ത സംവിധായകൻ റോമൻ പോളാൻസ്കിക്കെതിരെ പ്രതിഷേധം. 13 വയസുകാരനെ ബലാത്സംഗം ചെയ്ത കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ പോളാൻസ്കിക്ക് പുരസ്കാരം നൽകുന്നതിന് എതിരെ ആയിരുന്നു പ്രതിഷേധം. പുരസ്കാര പ്രഖ്യാപന വേദിക്ക് പുറത്ത് പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടിയപ്പോള്‍ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ സദസ്സിൽനിന്നും വലിയ രീതിയിലുള്ള കോലാഹലങ്ങള്‍ ഉണ്ടായി. അവാര്‍ഡ് ലഭിച്ച രണ്ട് അഭിനേതാക്കൾ പ്രതിഷേധ സുചകമായി വേദിവിടുകയും ചെയ്തു.
മികച്ച സംവിധായകനുള്ള പുരസ്കാരമായിരുന്നു ഫ്രാങ്കോ-പോളിഷ് ചലച്ചിത്ര സംവിധായകൻ റോമൻ പോളാൻസ്കിക്ക് നല്‍കിയത്. അദ്ദേഹത്തിന്‍റെ ‘J’Accuse/An Officer and a Spy’ എന്ന ചിത്രം 12 അവാർഡുകൾക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. ‘ആള്‍കൂട്ട കൊല’-ക്ക് സാധ്യതയുള്ളതിനാല്‍ താൻ സിസാർ അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പോളാൻസ്കി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
1977-ല്‍ യു.എസില്‍ വെച്ച് നടന്ന സംഭവത്തിലാണ് റോമൻ പോളാൻസ്കിക്ക് എതിരായ പ്രധാന കേസിന് കാരണം. കേസിൽ ശിക്ഷിക്കപ്പെടുന്നതിന് മുമ്പ് രാജ്യംവിട്ട അദ്ദേഹത്തിനെതിരെ ഇപ്പോഴും കേസ് നിലനില്‍ക്കുന്നുണ്ട്. പൊളാൻസ്കിക്കെതിരെ ബലാത്സംഗ ആരോപണമുയർത്തി അടുത്തിടെ മറ്റൊരു സ്ത്രീയും രംഗത്തെത്തിയിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണം.
അതേസമയം, വിവാദ സംവിധായകനെ ആദരിക്കുന്നതിനെതിരെ നൂറിലധികം ആളുകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.വേദിക്ക് പുറത്ത് തടിച്ചു കൂടിയവര്‍ പോളാൻസ്കിക്കെതിരെ ശക്തമായ മുദ്രാവാക്യങ്ങളുമായി തിരഞ്ഞപ്പോഴാണ് പോലീസിന് ബലം പ്രയോഗിക്കേണ്ടിവന്നത്. അതേസമയം, പോളാൻസ്കിയുടെ സിനിമയ്ക്ക് ലഭിച്ച മികച്ച വസ്ത്രാലങ്കാരത്തിനുള്ള അവാര്‍ഡ് സ്വീകരിക്കാന്‍ ആരും ഉണ്ടായിരുന്നില്ല. ‘തികഞ്ഞ പുരുഷപക്ഷത്ത് നിന്ന് കഥപറഞ്ഞ ചിത്രത്തിനല്ല, പോളാൻസ്കിക്കാണ് ജൂറി അവാര്‍ഡ് നല്‍കിയതെന്ന്’ എഴുത്തുകാരനും കോളമിസ്റ്റുമായ കരോലിൻ ഫൊറെസ്റ്റ് പറഞ്ഞു. വിവാദമായ സംവിധായകന് സിസാർ നൽകുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് ഫ്രാൻസിന്റെ സാംസ്കാരിക മന്ത്രി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
ഡൽഹി കലാപത്തിന്റെ ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് എന്ന ആരോപണവുമായി ബ്രിട്ടീഷ് ദേശീയ മാധ്യമം ദി ഗാർഡിയന്റെ എഡിറ്റോറിയൽ. മോദിയാണ് ഈ തീ കത്തിച്ചത് എന്ന തലക്കെട്ടോടെയാണ് ബ്രിട്ടനിലെ പ്രമുഖ മാധ്യമമായ ദി ഗാർഡിയൻ രംഗത്ത് എത്തിയിരിക്കുന്നത്. ഇത് സ്വോഭാവികമായി ഉണ്ടായ കലാപം അല്ല എന്നും ബി ജെ പി നേതാക്കളാണ് ഇതിന്റെ പൂർണ ഉത്തരവാദികൾ എന്നും ഈ അന്താരാഷ്ട്ര മാധ്യമം കുറ്റപ്പെടുത്തുന്നു. ഏതാനും വർഷങ്ങൾക്കിടയിൽ ഡെൽഹിയിൽ ഉണ്ടായ ഈ ആക്രമണ സംഭവങ്ങളും, വെറുപ്പിന്റെ സ്ഫോടനവും..മുൻകൂട്ടി കാണാൻ കഴിയാത്ത ഒരു പൊട്ടിത്തെറിയയായോ സമുദായങ്ങൾ തമ്മിൽ കാലാകാലങ്ങളായി നിലനിന്നിരുന്ന വിദ്വെഷത്തിൻ്റെ പ്രതിഫലനമായോ കാണാനാവില്ല. ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾ വളർത്തി വലുതാക്കിയ വിദ്വെഷത്തിൻ്റെയും വെറുപ്പിൻ്റെൻ്റെയും ഫലമാണ് ഈ കലാപം.ഇത്രയും കാലം ഇന്ത്യയുടെ അടിസ്ഥാനമായിരുന്ന സഹിഷ്ണുതയിൽ നിന്നും സമത്വത്തിൽ നിന്നും അസഹിഷ്ണുതയിലേക്കും വെറുപ്പിലേക്കും ഉള്ള യാത്രയുടെ തുടക്കമാണ് ഈ സംഭവം.
നരേന്ദ്ര മോദിയുടെ തീർത്തും അന്യായമായ പൗരത്വ നിയമം, ഇന്ത്യ ഭരിക്കുന്ന ബി ജെ പി ഡൽഹി തിരഞ്ഞെടുപ്പിൽ നടത്തിയ വിദ്വെഷ പ്രസംഗങ്ങൾ, ഷാഹീൻബാഗിൽ പ്രതിക്ഷേധിക്കുന്ന സ്ത്രീകളെ അക്രമാസക്തമായി നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് കപിൽ മിശ്രയെ പോലുള്ള ബി ജെ പി നേതാക്കൾ നടത്തിയ പ്രകോപനപരമായ ആഹ്വാനങ്ങൾ എന്നിവ ഒക്കെയാണ് ഈ അക്രമ സംഭവത്തിന് കാരണമായത്. ഈ ആക്രമണങ്ങളുടെ പ്രധാന ലക്ഷ്യം പ്രതിരോധം പോലും തീർക്കാൻ കഴിയാത്ത ഇസ്ലാമിക സമൂഹം ആയിരുന്നു. പോലീസ്, അക്രമികൾക്കൊപ്പം ആയിരുന്നു എന്നും, അവരും ദേശീയത മുദ്രാവാക്യം മുഴക്കി വകതിരിവില്ലാതെ വെടിയുതിർക്കുകയായിരുന്നു എന്നും ദൃക്‌സാക്ഷികൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ബി ജെ പി നേതാക്കൾ ചതിയന്മാരെ വെടി വയ്ക്കുക എന്ന് ആക്രോശിക്കുന്നതിൻ്റെയും ബലാത്സംഗത്തിന് ആഹ്വാനം ചെയ്യുന്നതിൻ്റെയും തെളിവുകൾ പുറത്ത് വന്നിട്ടുണ്ട്, ഭീകരമാണെങ്കിലും ഇതിൽ അതിശയിക്കാൻ ഒന്നുമില്ല എന്നും മാധ്യമം പറയുന്നു.ദുർബലമായ മതന്യുനപക്ഷങ്ങളെ വേട്ടയാടി ഹിന്ദു ദേശീയ വാദം ഉയർത്തിയാണ് ബിജെ പി ഇന്ത്യയിൽ അധികാരം പിടിച്ചത്.
ഡൽഹി പോലീസിന്റെ അനാസ്ഥ ചൂണ്ടി കാട്ടി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉൾപ്പെടെ ഉള്ളവർ ആഭ്യന്തരമന്ത്രിയുടെ രാജി ആവശ്യപ്പെട്ടത് തീർത്തും ന്യായമായ കാര്യമാണ്.മോദിയുടെ അടുത്ത ആളായ ഇന്ത്യൻ ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ ബംഗ്ലാദേശിൽ നിന്നും കുടിയേറിയ മുസ്ലീങ്ങളെ ബംഗാൾ ഉൾക്കടലിലേക്ക് വലിച്ചെറിയേണ്ട ചിതലുകളോട് ഉപമിച്ച ആളാണ്. കലാപം പൊട്ടി പുറപ്പെട്ട് ഏറെ നേരം കഴിഞ്ഞു സമാധാനം പുലർത്തണം എന്ന് മോദി നടത്തിയ ആഹ്വാനം ഒട്ടും ആത്മാർത്ഥത ഇല്ലാത്തതാണെന്നും ബ്രിട്ടീഷ് മാധ്യമം കുറ്റപ്പെടുത്തുന്നു.വിഭജനം ആളിക്കത്തിക്കുന്ന മോദിയുടെ നയത്തിന് ഈ ആഹ്വാനം ഒരിക്കലും പരിഹാരമാകില്ല. ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തിൽ മോദിക്ക് അമേരിക്ക വിസ നിരോധിച്ചതും അവർ ചൂണ്ടി കാട്ടുന്നു. മൃഗീയ ഭൂരിപക്ഷത്തോടെ അധികാരം ലഭിച്ചതാണ് മോദി തന്റെ അജണ്ടകൾ നടപ്പിലാക്കാൻ ഇറങ്ങിയതിന് കാരണം, ഇത്യയിലെ ഏക മുസ്‌ലിം സംസ്ഥാനമായ കശ്‍മീരിനെ ഈ സർക്കാർ വേട്ടയാടുന്നതിനും കാരണം മോദിയുടെ ഇസ്ലാമിക വിരുദ്ധ അജണ്ടകൾ തന്നെയാണ്. ഈ നിയമനിര്മാണങ്ങൾക്കെതിരെയുള്ള സുപ്രീം കോടതിയുടെ മെല്ലപ്പോക്കിലും അവർ ആശങ്ക പ്രകടിപ്പിച്ചു. നരേന്ദ്ര മോദിയെയും ഇപ്പോളത്തെ ഇന്ത്യൻ ഭരണ കൂടത്തെയും എങ്ങനെയാണ് ലോകരാജ്യങ്ങൾ നോക്കി കാണുന്നത് എന്നതിന് വ്യക്തമായ ഉദാഹരണമാണ് ബ്രിട്ടീഷ് മാധ്യമത്തിൻ്റെ ഈ കണ്ടെത്തൽ.
കൊല്ലം: കൃഷ്ണ ഭഗവാനെ സ്തുതിച്ചു കൊണ്ടു നൃത്തംവെയ്ക്കുന്ന ദേവനന്ദയുടെ അവസാനത്തെ നൃത്തമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഫെബ്രുവരി 26 നായിരുന്നു പരിപാടി. ഇടത്തു നിന്നും ആദ്യം നിൽക്കുന്നതാണ് ദേവനന്ദ.
ദിവസങ്ങൾ കൊണ്ടു പഠിച്ച സംഘനൃത്തം അവതരിപ്പിച്ചു സ്കൂളിന്റെ മുഴുവൻ കയ്യടി വാങ്ങി മണിക്കൂറുകൾക്കുള്ളിലാണു ദേവനന്ദയെ കാണാതായത്. 26നായിരുന്നു സ്കൂളിലെ വാർഷികം. ഒന്നാം ക്ലാസിലെ 9 പെൺകുട്ടികൾ ചേർന്ന് അവതരിപ്പിച്ച സംഘനൃത്തത്തിൽ ശ്രീകൃഷ്ണന്റെ ഗോപികമാരിലൊരാളായിരുന്നു ദേവനന്ദ. കൂട്ടത്തിൽ ഉയരം കൂടുതലുള്ള ദേവനന്ദയാണു നൃത്തത്തിൽ തിളങ്ങിയതെന്ന് അധ്യാപകർ ഓർക്കുന്നു.
കൊല്ലം: ചേതനയറ്റ ദേവന്ദയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ കണ്ടു നിന്നവർക്ക് കണ്ണീരടക്കാനായിരുന്നില്ല. ”എന്‍റെ പൊന്നേ”, എന്ന് അലറിക്കരഞ്ഞുകൊണ്ട് അമ്മ ധന്യ കുഞ്ഞിനരികിലേക്ക് നീങ്ങാൻ ശ്രമിച്ചു. രണ്ട് ദിവസം ആറ്റിൽ കിടന്നിരുന്ന കുഞ്ഞിന്‍റെ പോസ്റ്റ്‍മോർട്ടമടക്കം നടത്തിയതിനാൽ, കുഞ്ഞിനടുത്തേക്ക് പോകാൻ ആരെയും അനുവദിച്ചിരുന്നില്ല.
”ഒന്ന് തൊട്ടോട്ടെ”, എന്ന് കരഞ്ഞുകൊണ്ട് അമ്മ ധന്യ ബന്ധുക്കളോട് ചോദിക്കുന്നത് കേട്ട് കൂടെ നിന്നവരെല്ലാം പൊട്ടിക്കരഞ്ഞു. അവസനാമായി കാണാൻ ദേവനന്ദയുടെ കൂട്ടുകാരികളും എത്തി. നിറഞ്ഞ കണ്ണുകളും കയ്യിൽ ഒരുപിടി റോസാപ്പൂക്കളുമായി അവർ പ്രിയകൂട്ടുകാരിക്ക് അന്ത്യയാത്ര പറയാനെത്തി, നാട്ടുകാരും ബന്ധുക്കളുമെല്ലാം കുഞ്ഞിനെ കാണാനായി പള്ളിമൺ ഇളവൂരിലെ വീട്ടിലെത്തി.
അമ്മമാർ വിതുമ്പിക്കൊണ്ടാണ് കുഞ്ഞിനെ കടന്ന് പോയത്. ഒരു നാട് മുഴുവൻ കണ്ണ് നിറഞ്ഞ് വിതുമ്പിയ നേരം. കുഞ്ഞിന്‍റെ മൃതദേഹം ദേവനന്ദ പഠിച്ചിരുന്ന ശ്രീ സരസ്വതി വിദ്യാനികേതനിലും, പള്ളിമണ്ണിലെ വീട്ടിലും, കുടവട്ടൂരിലെ കുടുംബവീട്ടിലും പൊതുദർശനത്തിന് വച്ചപ്പോഴും ആയിരക്കണക്കിന് പേരാണ് ഒഴുകിയെത്തിയത്.
കുഞ്ഞിനെ കാണാതായ വിവരമറിഞ്ഞ് അച്ഛൻ പ്രദീപ് ഇന്ന് രാവിലെയാണ് വിദേശത്ത് നിന്നെത്തിയത്. കുട്ടിയെ കാണാനില്ലെന്ന വിവരം പൊലീസറിയിച്ചപ്പോൾ, എത്രയും പെട്ടെന്ന് ടിക്കറ്റെടുത്ത് പ്രദീപ് നാട്ടിലേക്ക് വരികയായിരുന്നു. കേരളം മുഴുവൻ കുഞ്ഞുദേവനന്ദയ്ക്കായി തെരച്ചിലുമായി കൈ കോർത്തപ്പോൾ പ്രതീക്ഷയോടെ കാത്തിരുന്നു പ്രദീപും ധന്യയും ഒരു നാട് മുഴുവനും. ഇന്ന് രാവിലെയോടെ ആ പ്രതീക്ഷ വിഫലമായി.
ഉത്തരകൊറിയായില്‍ കിങ് ജോങ് ഉന്‍ അധികാരത്തിലെത്തിയതോടെ പല അനീതികളും നടക്കുന്നു. ജനങ്ങളുടെ ജീവന് ഒരു വിലയും കല്‍പ്പിക്കാത്ത തലവനായിട്ടാണ് ഇന്ത്യയടക്കം വിശേഷിപ്പിക്കുന്നത്. ഇപ്പോഴിതാ മറ്റൊരു ക്രൂരമായ പ്രവൃത്തിയാണ് നടന്നിരിക്കുന്നത്. ഉത്തര കൊറിയയില്‍ ആദ്യമായി നോവല്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചയാളെ വെടിവച്ച് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്.
കിങ് ജോങ് ഉന്നിന്റെ തീരുമാന പ്രകാരമാണ് നടപടിയെന്നാണ് വിവരം. കഴിഞ്ഞ ആഴ്ച ആദ്യം കൊറോണ വൈറസ് ബാധയുള്ള ആളെ പൊതു കുളിയിടം സന്ദര്‍ശിക്കാന്‍ അനുവദിച്ചതിനെ തുടര്‍ന്ന് വെടിവച്ച് കൊലപ്പെടുത്തിയതായാണ് വിവരം. ചൈന സന്ദര്‍ശനത്തിന് ശേഷം ഉത്തര കൊറിയയിലേക്ക് മടങ്ങിയെത്തിയ ആള്‍ക്ക് നേരെയാണ് നടപടിയെന്നാണ് വിവരം.
അതെസമയം രോഗിയുടെ മറ്റ് വിവരങ്ങള്‍ ഇതുവരെ വ്യക്തമായിട്ടില്ല. രാജ്യത്ത് കൊറോണ ബാധിച്ച ഒരാള്‍ പോലുമില്ലെന്ന് തുടര്‍ച്ചയായി ഉത്തര കൊറിയ പറഞ്ഞിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷിയായ നടന്‍ കുഞ്ചാക്കോ ബോബന് അറസ്റ്റ് വാറണ്ട്. കേസില്‍ വിചാരണയ്ക്ക് ഹാജരാകാത്തതിനെ തുടര്‍ന്നാണ് നടനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
ചാക്കോച്ചന്‍ ഷൂട്ടിങ്ങിനായി വിദേശത്താണുള്ളത്. മറ്റൊരു ദിവസത്തേക്ക് വിസ്താരം മാറ്റിവയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് കോടതി നോട്ടീസ് അയക്കുകയായിരുന്നു. എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയിലാണ് നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടക്കുന്നത്.
മഞ്ജു വാര്യര്‍, ഗീതു മോഹന്‍ദാസ്, ബിന്ദുപണിക്കര്‍, സംയുക്ത വര്‍മ, സിദ്ദിഖ് എന്നിവരെ കഴിഞ്ഞ ദിവസം വിസ്തരിച്ചിരുന്നു. റിമി ടോമി, മുകേഷ് അടക്കമുളളവരെ ഇനി സാക്ഷി വിസ്താരം നടത്താനുണ്ട്.
പോളണ്ടിലെ ഈ പള്ളി ഒരുപക്ഷേ ഇതുവരെ നമ്മള്‍ കേട്ടിട്ടും, കണ്ടിട്ടും ഇല്ലാത്ത തികച്ചും വ്യത്യസ്ഥമായ ഒന്നാണ്. കാരണം ഈ പള്ളിയുടെ അള്‍ത്താരയും ചുവരുകളും മറ്റും ഉണ്ടാക്കിയിട്ടുള്ളത് സിമന്റും, മരവും, കല്ലുമൊന്നും കൊണ്ടല്ല. മറിച്ച് മനുഷ്യരുടെ തലയോട്ടിയും, അസ്ഥികളും കൊണ്ടാണ്. ഒന്നും രണ്ടുമല്ല ആയിരകണക്കിന് അസ്ഥികളും, തലയോട്ടികളുമാണ് അവിടത്തെ ചുവരുകളിലും, തൂണുകളിലും പതിച്ച് വച്ചിരിക്കുന്നത്. കേള്‍ക്കുമ്പോള്‍ തന്നെ പേടി തോന്നുന്നു, അല്ലെ? ഒരു പള്ളിയില്‍ നമ്മള്‍ ഒട്ടും കാണാന്‍ ആഗ്രഹിക്കാത്ത ഒന്നാണ് ഇത്. ആരാണ് ഈ പള്ളി പണിതത്? എന്തിനാണ് ഇങ്ങനെയൊരു കാര്യം ചെയ്തത് എന്നിങ്ങനെ ഒരുപാട് ചോദ്യങ്ങള്‍ ഇത് കാണുന്ന ആരുടേയും മനസ്സില്‍ തോന്നാം.
സ്‌കള്‍ ചാപ്പല്‍ എന്നറിയപ്പെടുന്ന ഈ പള്ളി പണിതത് ടോമാ സെക് എന്ന പുരോഹിതനാണ്. 1776-ല്‍, അമേരിക്ക ഇംഗ്ലണ്ടില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുമ്പോള്‍, അമേരിക്കന്‍ വിപ്ലവത്തിലും, പ്ലഗ്ഗ്, കോളറ പോലുള്ള പകര്‍ച്ചവ്യാധികള്‍ മൂലവും മൃതദേഹങ്ങള്‍ കുന്നുകൂടിക്കൊണ്ടിരിക്കുകയായിരുന്നു. ആ സമയത്താണ് പുരോഹിതന്‍പള്ളി പണിയാന്‍ പദ്ധതി ഇട്ടത്. തികച്ചും വ്യത്യസ്തമായിരിക്കണം തന്റെ പള്ളി എന്ന് നിശ്ചയിച്ച പുരോഹിതന്‍ അത് അങ്ങനെ തന്നെ ചെയ്യുകയും ചെയ്തു.
ചെക്ക് പുരോഹിതനും, ശവകുഴിയെടുക്കുന്ന ടോമാസെക്കും ജെ. ലാംഗറും ചേര്‍ന്ന് 1776 മുതല്‍ 1794 വരെ 18 വര്‍ഷമെടുത്തു അടക്കിയ ശവശരീരങ്ങള്‍ മുഴുവന്‍ പുറത്തെടുത്തു. അങ്ങനെ 24,000 ത്തോളം മനുഷ്യ അസ്ഥികൂടങ്ങള്‍ ശേഖരിക്കാനും വൃത്തിയാക്കാനും ക്രമീകരിക്കാനും അവര്‍ക്കായി. ഭൂരിഭാഗം അസ്ഥികൂടങ്ങളും പള്ളിയുടെ അടിയില്‍ 16 അടി ആഴത്തിലുള്ള ഒരു നിലവറ ഉണ്ടാക്കാനായി നീക്കിവച്ചപ്പോള്‍, ബാക്കിയുള്ളവ ടോമാസെക് പ്രദര്‍ശിപ്പിച്ചു. 3000 ആളുകളുടെ തലയോട്ടികളും, അസ്ഥികളും ഉപയോഗിച്ചാണ് ചുവരുകളും, മച്ചും അലങ്കരിച്ചിട്ടുള്ളത്. തന്റെ കലാസൃഷ്ടിയില്‍ അതീവ സന്തുഷ്ടനായ അദ്ദേഹം അതിനെ ‘നിശ്ശബ്തതയുടെ സങ്കേതം’ എന്ന് വിളിച്ചു. സെഡ്ലെക് ഒസ്സുറി എന്നും ഇതിന് പേരുണ്ട്.
ആ കാലഘത്തില്‍ ശവശരീരങ്ങള്‍ കണ്ടെത്താന്‍ ഒട്ടും പ്രയാസമുണ്ടായിരുന്നില്ല. മുപ്പതുവര്‍ഷത്തെ യുദ്ധം, പിന്നാലെ വന്ന ഏഴുവര്‍ഷത്തെ യുദ്ധം, കത്തോലിക്കാ, ഹുസൈറ്റ്, പ്രൊട്ടസ്റ്റന്റ്, ചെക്ക്, ജര്‍മന്‍കാര്‍ എന്നിവര്‍ തമ്മില്‍ അതിര്‍ത്തിയോട് ചേര്‍ന്നുണ്ടായ നിരവധി ഏറ്റുമുട്ടലുകള്‍, പതിവായി നൂറുകണക്കിന് ആളുകളെ കൊന്ന കോളറ പോലുള്ള പകര്‍ച്ചവ്യാധികള്‍ എന്നിവ ആ പ്രദേശത്തെ ഒരുശവപ്പറമ്പാക്കി മാറ്റി. നായ്ക്കള്‍ എല്ലുകള്‍ കുഴിക്കാന്‍ പോയ സ്ഥലങ്ങള്‍ കണ്ടാണ് ടോമാസെക് കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തിയത്.
ദൈവത്തിന് കുര്‍ബാന അര്‍പ്പിക്കേണ്ട അള്‍ത്താരയില്‍ ടാര്‍ട്ടാര്‍ യോദ്ധാവിന്റെ തലയോട്ടിയും, സെര്‍മ മേയറുടെയും ഭാര്യയുടെയും തലയോട്ടിയും സൂക്ഷിച്ചിരിക്കുന്നു. ഇതിന് പുറമെ ബുള്ളറ്റ് ദ്വാരങ്ങളുള്ള തലയോട്ടികള്‍, സിഫിലിസ് മൂലം അഴുകിയ തലയോട്ടി, ഒരു ഭീമന്റെ തലയോട്ടി എന്തിനേറെ ഇത് പണിയാന്‍ മുന്‍കൈയെടുത്ത പുരോഹിതന്റെ തലയോട്ടി വരെ അതിലുണ്ട്. യുദ്ധത്തിലും രോഗത്തിലും മരിച്ച ആളുകള്‍ക്ക് ഒരു സ്മാരകമായ ഈ ചാപ്പല്‍ സന്ദര്‍ശകര്‍ക്കായി തുറന്നിരിക്കുന്നു. ലക്ഷക്കണക്കിന് ആളുകളാണ് എല്ലാ വര്‍ഷവും ഇവിടെ വരുന്നത്.