കാണാതായ താലൂക്ക് ഓഫീസിലെ ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.ബി. ചാലിബ് വീട്ടില്‍ തിരികെയെത്തി. വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് ചാലിബ് തിരികെയെത്തിയത്. മാനസികപ്രയാസം മൂലമാണ് താന്‍ നാട് വിട്ടതെന്ന് അദ്ദേഹം പറഞ്ഞതായി ബന്ധുക്കള്‍ പറഞ്ഞു .
കഴിഞ്ഞ ദിവസം ചാലിബ് ഭാര്യയെ ഫോണില്‍ ബന്ധപ്പെട്ടെന്ന് വിവരം ലഭിച്ചിരുന്നു. താന്‍ സുരക്ഷിതനാണെന്നും വീട്ടിലേക്ക് തിരിച്ചുവരികയാണെന്നും അദ്ദേഹം ഭാര്യയോട് പറഞ്ഞിരുന്നു. എവിടെയാണെന്ന ചോദ്യത്തിന് ദൂരെയാണെന്നും ഇപ്പോള്‍ ബസ്സ്റ്റാന്റിലാണുള്ളതെന്നും വ്യക്തമാക്കിയ അദ്ദേഹം, സംസാരിക്കാന്‍ പറ്റിയ സാഹചര്യത്തിലല്ലെന്നാണ് പ്രതികരിച്ചിരുന്നത്. ചാലിബിന്റെ ടവര്‍ ലൊക്കേഷന്‍ കര്‍ണാടകയിലെ ഉഡുപ്പിയിലാണ് കാണിച്ചിരുന്നത്. ഇതേ തുടര്‍ന്ന് പോലീസ് കര്‍ണാടകയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.
തിരൂര്‍ മാങ്ങാട്ടിരി പൂക്കൈത സ്വദേശി പി.ബി. ചാലിബിനെ ബുധനാഴ്ച വൈകീട്ട് ഓഫീസില്‍നിന്ന് വരുന്നവഴിയാണ് കാണാതായത്. ഓഫീസില്‍നിന്ന് അദ്ദേഹം വൈകീട്ട് അഞ്ചേകാലോടെ ഇറങ്ങിയതായി സഹപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. അതിനുശേഷം ഭാര്യ വിളിച്ചപ്പോള്‍ തിരിച്ചെത്താന്‍ വൈകും എന്നാണ് അറിയിച്ചത്. പിന്നീട് വാട്‌സാപ്പില്‍ വളാഞ്ചേരി ഇരിമ്പിളിയത്ത് ഒരു റെയ്ഡ് ഉണ്ടെന്നും കൂടെ പോലീസ്, എക്സൈസ് ടീം ഉണ്ടെന്നും പറഞ്ഞു.
രാത്രി 11 വരെ കാണാത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ തിരൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. രാത്രി 12.18-ന് ഓഫ് ആയ ഫോണ്‍ പിന്നീട് രാവിലെ 6.55-ന് അല്‍പസമയം ഓണ്‍ ആയതായി കണ്ടിരുന്നു. ആദ്യഘട്ടത്തില്‍ അവസാന മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കോഴിക്കോട് പാളയം ഭാഗത്താണെന്നാണ് കാണിച്ചിരുന്നത്. പിന്നീട് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായില്ല. ദേശീയപാത മണ്ണെടുപ്പ് പ്രശ്നത്തില്‍ ഇരിമ്പിളിയത്ത് ഇദ്ദേഹം സര്‍വേക്ക് പോയിരുന്നു.
കാണാതായെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. തിരൂര്‍ സബ് കളക്ടര്‍ ദിലീപ് കെ. കൈനിക്കര വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിക്കുകയും പോലീസ് വീട്ടുകാരുടെ മൊഴിയെടുക്കുകയും ചെയ്തു.
സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനപരാതി നൽകിയ യുവാവിനെ ബെംഗളൂരുവിലെ വിവിധ താജ് ഹോട്ടലുകളിൽ എത്തിച്ച് തെളിവെടുക്കും. വിമാനത്താവളത്തിന് അടുത്തുള്ള താജ് ഹോട്ടലിൽ വെച്ച് തന്നെ ആണോ രഞ്ജിത്തിനെ കണ്ടതെന്ന് ഉറപ്പില്ലെന്ന് പരാതിക്കാരൻ മൊഴി നൽകിയിരുന്നു.
സംഭവം നടന്നിട്ട് 9 വർഷത്തോളം ആയതിനാൽ ഏത് ഹോട്ടൽ ആണെന്ന് ഫോട്ടോ കാണിച്ചപ്പോൾ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് പരാതിക്കാരൻ വ്യക്തമാക്കി. ഇന്നലെയാണ് പരാതിക്കാരന്റെ മൊഴി ദേവനഹള്ളി പോലീസ് വിശദമായി രേഖപ്പെടുത്തിയത്.
നഗരത്തിൽ ആകെ ഉള്ളത് നാല് താജ് ഹോട്ടലുകളാണ്. വിമാനത്താവളത്തിന് അടുത്തുള്ള താജ് അല്ലാതെ നഗരത്തിൽ മൂന്ന് താജ് ഹോട്ടലുകൾ ഉണ്ട്.
ഇതിൽ യശ്വന്തപുര താജിലും വെസ്റ്റ് എൻഡ് താജിലും എത്തിച്ചാണ് തെളിവ് എടുക്കുക. ഇതിന് ശേഷമാകും രഞ്ജിത്തിന് ഹാജരാകാൻ നോട്ടീസ് നൽകുകയെന്നാണ് വിവരം.
തഹസില്‍ദാര്‍ പദവയില്‍നിന്ന് മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് റവന്യൂവകുപ്പിന് അപേക്ഷ നല്‍കി എ.ഡി.എം നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷ. സ്വതന്ത്രവും ഗൗരവമേറിയതും ഏറെ ഉത്തരവാദിത്വമുള്ളതുമാണ് തഹസില്‍ദാല്‍ ജോലി. ഇത് നിറവേറ്റാനുള്ള മാനസികാവസ്ഥയിലൂടെയല്ല കടന്നുപോകുന്നതെന്നും സമാന പദവിയായ കളക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് തസ്തികയിലേക്ക് മാറ്റിത്തരണമെന്നുമാണ് അപേക്ഷയിലുള്ളത്.
നിലവില്‍ കോന്നി തഹസില്‍ദാരാണ് മഞ്ജുഷ. അവധി കഴിഞ്ഞ് ഡിസംബര്‍ ആദ്യവാരം ജോലിയില്‍ തിരികെ പ്രവേശിക്കേണ്ടതുമാണ്. ഈ സാഹചര്യത്തിലാണ് പദവി മാറ്റിത്തരണമെന്ന അപേക്ഷ മഞ്ജുഷ റവന്യൂവകുപ്പിന് നല്‍കിയിരിക്കുന്നത്.
മഞ്ജുഷയുടെ അപേക്ഷയില്‍ റവന്യൂവകുപ്പ് അനുകൂലമായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷ. മാത്രമല്ല സര്‍വീസ് സംഘടനകള്‍ക്കും മഞ്ജുഷയുടെ താത്പര്യത്തിന് ഒപ്പം നില്‍ക്കമെന്ന അഭിപ്രായമാണ്. അങ്ങനെയാണെങ്കില്‍ അടുത്തമാസം ജോലിയില്‍ പ്രവേശിക്കുമ്പോള്‍ പുതിയ പദവിയിലായിരിക്കും മഞ്ജുഷയുണ്ടാവുക.
ഒക്ടോബര്‍ 16-ന് പുലര്‍ച്ചെയായിരുന്നു കണ്ണൂര്‍ എ.ഡി.എം ആയിരുന്ന പത്തനംതിട്ട മലയാപ്പുഴ സ്വദേശി നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ചനിലയില്‍ കാണപ്പെട്ടത്. പത്തനംതിട്ട എ.ഡി.എം ആയി നാട്ടിലേക്ക് പോകാനിരിക്കെ സഹപ്രവര്‍ത്തര്‍ നല്‍കിയ യാത്രയയപ്പ് ചടങ്ങിനിടെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി ദിവ്യ നടത്തിയ അപമാനകരമായ പരാമര്‍ശം ആത്മഹത്യയിലേയ്ക്ക് നയിച്ചെന്നാണ് ആരോപണം. കേസില്‍ പി.പി ദിവ്യയ്ക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു.
സര്‍ക്കാര്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വൈദികരുടേയും കന്യാസ്ത്രീകളുടേയും ശമ്പളത്തില്‍ നിന്ന് നികുതി ഈടാക്കാമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ, ജസ്റ്റിസുമാരായ ജെ.ബി പര്‍ഡിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
വൈദികരുടേയും കന്യാസ്ത്രീകളുടേയും ശമ്പളത്തില്‍ നിന്ന് നികുതി പിരിക്കുന്നതിനെതിരെ കത്തോലിക്ക സഭയിലെ വൈദികരും കന്യാസ്ത്രീകളും നല്‍കിയ 93 അപ്പീലുകള്‍ തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ വിധി.
ദാരിദ്ര്യവ്രതം ജീവിതചര്യയായി സ്വീകരിച്ചിരിക്കുന്ന വൈദികരുടേയും കന്യാസ്ത്രീകളുടേയും ശമ്പളം കൈപ്പറ്റുന്നത് അവരുടെ രൂപതകളോ ഭദ്രാസനങ്ങളോ ആണ്. ലഭിക്കുന്ന ശമ്പളം വ്യക്തിപരമായി ഉപയോഗിക്കുന്നില്ലെന്ന് മുഖ്യ പരാതിക്കാരായ ഫ്രാന്‍സിസ്‌കന്‍ മിഷനറീസ് അപ്പീല്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ശമ്പളം വ്യക്തികള്‍ക്കാണ് ലഭിക്കുന്നതെന്നും ആ പണം അവരുടെ അക്കൗണ്ടിലേക്കാണ് എത്തുന്നതെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.
പള്ളിയോ, ഭദ്രാസനമോ, രൂപതയോ ആണ് പണം ചിലവാക്കുന്നത് എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും ശമ്പളമായി ലഭിക്കുന്ന തുകയ്ക്ക് നികുതി പിടിക്കുന്നതില്‍ തെറ്റില്ലെന്നുമായിരുന്നു കോടതി നിരീക്ഷണം. നിയമം എല്ലാവര്‍ക്കും തുല്യമാണ്. ശമ്പളം കൈപ്പറ്റുന്ന എല്ലാവരും നികുതി കൊടുക്കാന്‍ ബാധ്യസ്ഥരാണെന്നും ചീഫ് ജസ്റ്റിസ് ഉത്തരവില്‍ പറഞ്ഞു.
ഒരു സ്ഥാപനം വ്യക്തിക്ക് ശമ്പളം നല്‍കുന്നത് ശമ്പള ഇനമായിട്ടാണ് കണക്കില്‍ രേഖപ്പെടുത്തുന്നത്. വ്യക്തിക്ക് നല്‍കുന്ന ശമ്പളം മറ്റാര്‍ക്കെങ്കിലും കൊടുക്കുന്നു എന്ന് പറഞ്ഞ് നികുതി ഈടാക്കുന്നതില്‍ നിന്ന് ഒഴിവാക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
അതേസമയം 1940 മുതല്‍ നികുതി പിരിക്കാറില്ല എന്നത് കോടതി അംഗീകരിച്ചില്ല. കൃത്യമായ നിയമമില്ലാതെ നികുതി പിരിവില്‍ നിന്ന് ഒഴിവാക്കാനാവില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കിയത്.
റോമി കുര്യാക്കോസ്
യു കെ: കേരളത്തിലെ മൂന്ന് മണ്ഡലങ്ങളിൽ നടക്കുന്ന സുപ്രധാന ഉപതെരെഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ഒരു പ്രവാസ സംഘടന നടത്തിയിട്ടുള്ളതിൽ വച്ച് അഭൂതപൂർവ്വമായ സാന്നിധ്യമാണ് യു കെയിലെ ഓവർസീസ് ഇന്ത്യൻ കൾചറൽ കോൺഗ്രസ് (ഒ ഐ സി സി) പ്രവർത്തകർ ഇത്തവണ നടത്തിയത്. സംഘടനയുടെ അധ്യക്ഷ തന്നെ നേരിട്ട് പ്രചരണ പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കുന്നു എന്നതും ശ്രദ്ദേയം. സാധാരണ ഗതിയിൽ പ്രവാസി സംഘടന പ്രവർത്തകർ നാട്ടിലെത്തുന്ന സമയത്ത് വോട്ടിങ്ങിലും പ്രചാരണ രംഗത്തും സജീവമാകുക പതിവാണെങ്കിലും, തെരഞ്ഞെടുപ്പു പ്രചരണത്തിനു മാത്രമായി യു കെയിൽ നിന്നും നാട്ടിലെത്തി സംഘടനയുടെയും കോൺഗ്രസ് / യുഡിഎഫ് പ്രവർത്തകരെയും കൂട്ടിച്ചേർത്തുകൊണ്ട് മൂന്ന് മണ്ഡലങ്ങളിലും ശക്തമായ പ്രചാരണ പ്രവർത്തനങ്ങളാണ് ഒ ഐ സി സി (യുകെ) നടത്തിയത്.
ഒ ഐ സി സി (യു കെ) അധ്യക്ഷ ഷൈനു ക്ലയർ മാത്യൂസ്, സംഘടനയുടെ ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് എന്നിവരാണ് പ്രചാരണ പ്രവർത്തനങ്ങൾക്ക് മാത്രമായി നാട്ടിലെത്തി മണ്ഡലങ്ങളിൽ സജീവമായത്. തുടർന്ന്, ഓ ഐ സി സി യുടെ നേതൃത്വത്തിൽ 20 പേരടങ്ങുന്ന ‘കർമ്മസേന’ക്ക് രൂപം നൽകുകയും ചേലക്കരയിൽ നിന്നും പ്രവർത്തനം ആരംഭിക്കുകയുമായിരുന്നു. ഒ ഐ സി സിയുടെ നാട്ടിലുള്ള മറ്റു പ്രവർത്തകരും പ്രാദേശിക കോൺഗ്രസ് പ്രവർത്തകരെയും കൂട്ടിച്ചേർത്തുകൊണ്ട് വിവിധ മണ്ഡലങ്ങളിലായി 50 പേരടങ്ങുന്ന സംഘമായി കർമ്മസേന പിന്നീട് വിപുലീകരിച്ചു. നേരത്തെ നാട്ടിൽ എത്തിയിരുന്ന സംഘടനയുടെ വൈസ് പ്രസിഡന്റ് ഫിലിപ്പ് കെ ജോണും പ്രചരണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു.
ബഹുഭൂരിപക്ഷം പ്രവാസികൾക്കും നാട്ടിൽ വോട്ടവകാശമില്ലെങ്കിലും അവരുടെ ബന്ധുക്കളുടെ വോട്ടുകൾ പരമാവധി യുഡിഎഫ് സ്ഥാനർഥികൾക്ക് അനുകൂലമായി സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ പ്രാദേശിക യുഡിഫ് പ്രവർത്തകരുമായി ചേർന്നുകൊണ്ടുള്ള ഗൃഹ സന്ദർശനം, നേരിട്ടുള്ള വോട്ടഭ്യർത്ഥന, വാഹന പര്യടനം തുടങ്ങിയ പ്രവർത്തനങ്ങളിലൂടെയാണ് ഒ ഐ സി സി (യു കെ) പ്രചരണ രംഗത്ത് സജീവമായത്.
മൂന്ന് യുഡിഫ് സ്ഥാനാർഥികൾക്ക് വേണ്ടിയും മണ്ഡലങ്ങളിലെ പല സ്ഥലങ്ങളിൽ ഗൃഹ സന്ദർശനം, വാഹന പര്യടനം എന്നിവ സംഘടിപ്പിച്ച ഒ ഐ സി സി (യു കെ) കർമ്മ സേന, വിവിധ ഇടങ്ങളിൽ സ്ഥാനാർഥികളോടൊപ്പം പര്യടനങ്ങളിൽ പങ്കാളികളുമായി.
പ്രചരണത്തിനായി സ്ഥാനാർഥികളുടെ ചിത്രം അലേഖനം ചെയ്ത ടി ഷർട്ടുകളും തൊപ്പികളും ഒ ഐ സി സി (യു കെ) രംഗത്തിറക്കിയിരുന്നു. മൂന്ന് സ്ഥലങ്ങളിലായി സംഘടിപ്പിച്ച പ്രചരണ സാമഗ്രികളുടെ പ്രകാശന ചടങ്ങിൽ എ ഐ സി സി സെക്രട്ടറി വി കെ അറിവഴകൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ, കെപിസിസി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രൻ, ചാണ്ടി ഉമ്മൻ എം എൽ എ, യു ഡി എഫ് കോട്ടയം ജില്ലാ കൺവീനർ അഡ്വ. ഫിൽസൻ മാത്യൂസ് തുടങ്ങിയ മുതിർന്ന നേതാക്കൾ പങ്കെടുത്തു. ഒ ഐ സി സിയെ (യു കെ) – യെ പ്രതിനിധീകരിച്ച് നാഷണൽ പ്രസിഡന്റ് ഷൈനു ക്ലയർ മാത്യൂസ്, ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് എന്നിവരും ‘കർമ്മസേന’ പ്രവർത്തകരും പ്രകാശന ചടങ്ങിൽ പങ്കെടുത്തു.
കോൺഗ്രസ് പാർട്ടിയുടെയും യുഡിഎഫിന്റെയും മുതിർന്ന നേതാക്കളും പ്രചാരണ പ്രവർത്തനങ്ങളുടെ ചുമതലയും ഏകോപനവും വഹിക്കുന്ന എ ഐ സി സി സെക്രട്ടറി വി കെ അറിവഴകൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ, കൊടിക്കുന്നിൽ സുരേഷ് എം പി, ഫ്രാൻസിസ് ജോർജ് എം പി, ഡീൻ കുര്യാക്കോസ് എം പി, ഷാഫി പറമ്പിൽ എം എൽ എ, അഡ്വ. ടി സിദ്ധിഖ് എം എൽ എ, ഐ സി ബാലകൃഷ്ണൻ എം എൽ എ, വി പി സജീന്ദ്രൻ എക്സ് എം എൽ എ, അഡ്വ. ഫിൽസൻ മാത്യൂസ്, അഡ്വ. അനിൽ ബോസ്, മുഹമ്മദ് ഷിയാസ്, ജ്യോതികുമാർ ചാമക്കാല തുടങ്ങിയവരുമായും ഒ ഐ സി സി (യു കെ) സംഘം ആശയവിനിമയവും സംഘം നടത്തി. യു കെയിൽ നിന്നും പ്രചാരണത്തിനായി എത്തിച്ചേർന്ന ഒ ഐ സി സി യു കെ സംഘം നടത്തിയ പ്രവർത്തനം ശ്ലാഖനീയവും മാതൃകാപരമെന്നും നേതാക്കൾ പറഞ്ഞു.
ഒ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ് ഷൈനു ക്ലയർ മാത്യൂസ് നേതൃത്വം നൽകിയ ‘കർമ്മസേന’ സംഘത്തിൽ ഒ ഐ സി സി (യു കെ) ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ്, ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്റ് വൈ എ റഹിം, കോൺഗ്രസ് പാർട്ടിയുടെ മുതിർന്ന നേതാവും അയർകുന്നം മുൻ പഞ്ചായത്ത് പ്രസിഡൻ്റുമായ ജയിംസ് കുന്നപ്പളളി, അയർക്കുന്നം മണ്ഡലം പ്രസിഡന്റ് ജിജി നാകമറ്റം, അയർകുന്നം പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റ് ബിനോയി നീറിക്കാട്, ബിജു മുകളേൽ, ബിനോയ് മാത്യു ഇടയലിൽ, കെഎസ്ആർടിസി വർക്കേഴ്സ് യൂണിയൻ മുൻ നേതാവ് ബേബി മുരിങ്ങയിൽ തുടങ്ങിയവരും അണിചേർന്നു. ഒ ഐ സി സി (യു കെ) വൈസ് പ്രസിഡന്റ് ഫിലിപ്പ് കെ ജോണിന്റെ നേതൃത്വത്തിലുള്ള മറ്റൊരു സംഘവും പ്രചരണ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായി.
എഡിഎംകെ നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യയ്ക്ക് ജാമ്യം. തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജ് നിസാര്‍ അഹമ്മദ് ആണ് വിധി പ്രസ്താവിച്ചത്. റിമാന്‍ഡിലായി 11 ദിവത്തിന് ശേഷമാണ് ദിവ്യയ്ക്ക് ജാമ്യം ലഭിച്ചത്.
എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിലെ സംസാരം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ജാമ്യാപേക്ഷയില്‍ കഴിഞ്ഞ തവണ വാദത്തിനിടെ പ്രതിഭാഗം കോടതിയില്‍ സമ്മതിച്ചിരുന്നു. ദിവ്യയ്ക്ക് ജാമ്യം നല്‍കിയാല്‍ കേസിലെ സാക്ഷികളെ സ്വാധീനിക്കുമെന്ന് പ്രോസിക്യൂഷനും നവീന്‍ ബാബുവിന്റെ കുടുംബവും കോടതിയില്‍ വാദിച്ചു.
എഡിഎമ്മിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയ ദിവ്യയെ ഒക്ടോബര്‍ 29 നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിനെത്തുടര്‍ന്ന് പൊലീസിന് മുമ്പാകെ കീഴടങ്ങുകയായിരുന്നു. 11 ദിവസമായി ദിവ്യ കണ്ണൂര്‍ വനിതാ ജയിലില്‍ റിമാന്‍ഡിലാണ്.
കണ്ണൂര്‍ എഡിഎം ആയിരുന്ന കെ. നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിക്കൂട്ടിലായ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന പി.പി ദിവ്യയ്‌ക്കെതിരേ ഒടുവില്‍ പാര്‍ട്ടി നടപടി. എല്ലാ പദവികളില്‍ നിന്നും ദിവ്യയെ നീക്കാന്‍ തീരുമാനിച്ച സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഇരിണാവ് കമ്മിറ്റി ബ്രാഞ്ചിലേക്ക് അവരെ തരംതാഴ്ത്തി.
സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിനായി ഇത് നല്‍കും. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് നിലവില്‍ ദിവ്യ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. കേസെടുത്ത് ഇരുപത് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ അവര്‍ക്കെതിരേ പാര്‍ട്ടി നടപടി ഉണ്ടായിരിക്കുന്നത്.
അടിയന്തരമായി ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഗുരുതര വീഴ്ചയാണ് ദിവ്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നാണ് ജില്ലാ കമ്മിറ്റി വിലയിരുത്തി. നവീന്‍ ബാബുവിന്റെ മരണത്തില്‍ ദിവ്യയെ പ്രതി ചേര്‍ത്തതിന് പിന്നാലെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.
എന്നാല്‍ പാര്‍ട്ടി നടപടിയിലേക്ക് തല്‍കാലം പോകേണ്ടതില്ല എന്ന നിലപാടിലായിരുന്നു. ഇതില്‍ വലിയ സമ്മര്‍ദ്ദം സിപിഎം ജില്ലാ നേതൃത്വത്തിന് ഉണ്ടായതോടെയാണ് പാര്‍ട്ടി നടപടി ഉണ്ടായിരിക്കുന്നതെന്നാണ് സൂചന. ദിവ്യയ്‌ക്കെതിരേ നടപടി വേണമെന്ന ആവശ്യവുമായി പത്തനംതിട്ട സിപിഎം ജില്ലാ നേതൃത്വം ശക്തമായി രംഗത്തെത്തിയിരുന്നു.
പത്തുമാസം കാത്തിരുന്നിട്ടും വധുവിനെ കണ്ടെത്തി നൽകാത്തതിന് വിവാഹബ്യൂറോ 7000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. പാനൂർ പുത്തൻപുരയിൽ വീട്ടിൽ പി.കെ. സുമേഷിന്റെ പരാതിയിൽ കണ്ണൂർ ഉപഭോക്തൃ തർക്കപരിഹാര ഫോറമാണ് തുക നൽകാൻ ഉത്തരവായത്.
രജിസ്‌ട്രേഷൻ ഫീസായി 4900 രൂപ വാങ്ങി രണ്ടുമാസംകൊണ്ട് അനുയോജ്യമായ വധുവിനെ കണ്ടെത്തി നൽകുമെന്ന് വിവാഹബ്യൂറോ വാഗ്ദാനം ചെയ്തതായി പരാതിയിൽ പറയുന്നു. 2024 ജനുവരി 14-ന് പണം നൽകി 10 മാസം കഴിഞ്ഞിട്ടും മറുപടി നൽകുകയോ വാക്ക് പാലിക്കുകയോ ചെയ്തില്ല. അന്വേഷണം തുടരുകയാണെന്ന മറുപടിയാണ് ഫോൺ വിളിച്ചപ്പോൾ ലഭിച്ചത്.
കണ്ണൂർ കക്കാട് റോഡിലെ വിവാഹവേദി എം.എസ്. സൊല്യൂഷൻ എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി. 5000 രൂപ നഷ്ടപരിഹാരവും 2000 രൂപ കോടതി ചെലവും നൽകണം. പരാതിക്കാരനുവേണ്ടി അഡ്വ. കെ.കെ. രമേഷ് ഹാജരായി.
ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ വാര്‍ത്താ സമ്മേളനം സംപ്രേഷണം ചെയ്ത ഓസ്ട്രേലിയന്‍ മാധ്യമത്തിന് കാനഡയില്‍ നിരോധനം.
ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി പെന്നി വോങുമായി നടത്തിയ കൂടിക്കാഴ്ചയുടെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതോടെയാണ് ‘ഓസ്ട്രേലിയ ടുഡേ’ എന്ന ഓസ്ട്രേലിയന്‍ മാധ്യമത്തിന് കാനഡ നിരോധനം ഏര്‍പ്പെടുത്തിയത്. വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ ആണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടത്.
‘ഓസ്ട്രേലിയ ടുഡേ’യുടെ സാമൂഹിക മാധ്യമ പേജുകളടക്കം ബ്ലോക്ക് ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നാല് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി നവംബര്‍ മൂന്നിനാണ് ജയശങ്കര്‍ ഓസ്ട്രേലിയയില്‍ എത്തിയത്. ഔദ്യോഗിക വാര്‍ത്താ സമ്മേളനത്തില്‍ കാനഡയിലെ ഖാലിസ്ഥാന്‍ പ്രതിഷേധങ്ങളെപ്പറ്റി പെന്നി വോങും ജയശങ്കറും അഭിപ്രായ പ്രകടനം നടത്തിയിരുന്നു.
വാര്‍ത്താ സമ്മേളനത്തിന്റെ വിശദാംശങ്ങളും ജയശങ്കറിന്റെ അഭിമുഖവും റിപ്പോര്‍ട്ട് ചെയ്തതോടെ കാനഡയില്‍ ‘ഓസ്ട്രേലിയ ടുഡേ’ നിരോധിക്കപ്പെട്ടതായി രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. വിദേശകാര്യ മന്ത്രാലയത്തിന്റെ പതിവ് വിശകലനത്തിലായിരുന്നു രണ്‍ധീറിന്റെ പരാമര്‍ശം.
മാധ്യമ സ്വാതന്ത്ര്യത്തിന്‍ മേലുള്ള കാനഡയുടെ കടന്നു കടറ്റമാണിത് എന്ന് ഇന്ത്യ വ്യക്തമാക്കി. അതേസമയം കാനഡയിലെ സിഖ് പ്രതിഷേധക്കാരെ അടിച്ചമര്‍ത്താന്‍ ഇന്ത്യന്‍ ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തരവിട്ടു എന്ന കാനഡയുടെ ആരോപണം ഇന്ത്യ നിക്ഷേധിച്ചു.
പാലക്കാട്ടെ പാതിരാ റെയ്ഡിൽ വീണ്ടും നീക്കങ്ങളുമായി സിപിഎം. കോൺഗ്രസ് കളളപ്പണം കടത്തിയെന്ന ആരോപണത്തിൽ പുതിയ ദൃശ്യങ്ങളാണ് സിപിഎം പുറത്തുവിട്ടിരിക്കുന്നത്. കെപിഎം ഹോട്ടലിന് പുറത്തുള്ള ദൃശ്യങ്ങളാണ് പുറത്ത് വിട്ടത്.
ഇന്നലെ ഹോട്ടലിൻ്റെ അകത്തുള്ള ദൃശ്യങ്ങൾ സിപിഎം പുറത്തുവിട്ടിരുന്നു. ദൃശ്യങ്ങളിൽ കെഎസ്‍യു നേതാവായ ഫെന്നി നീല ട്രോളി ബാഗുമായി പോകുന്നത് കാണാമായിരുന്നു. എന്നാൽ, ട്രോളി ബാഗിൽ വസ്ത്രങ്ങളായിരുന്നുവെന്ന് രാഹുൽ മാങ്കൂട്ടത്തിലും പ്രതികരിച്ചിരുന്നു. ഫെന്നി ട്രോളി ബാഗ് വെച്ച കാറിൽ അല്ല രാഹുൽ മാങ്കൂട്ടത്തിൽ പോയതെന്നു ദൃശ്യങ്ങളിൽ കാണാം.
രാഹുൽ പോയത് മറ്റൊരു കാറിലായിരുന്നു. പിന്നീട് ട്രോളി ബാഗ് വെച്ച കാർ രാഹുൽ പോയ കാറിനെ പിന്തുടരുകയായിരുന്നു. ഇതാണ് ദൃശ്യങ്ങളിലുള്ളത്. വസ്ത്രങ്ങളുള്ള ബാഗാണെങ്കിൽ രാഹുൽ മാങ്കൂട്ടത്തിൽ എന്തുകൊണ്ട് ആ കാറിൽ പോയില്ലെന്നാണ് സിപിഎം ഉയർത്തുന്ന വാദം.
നേരത്തെ, സിപിഎമ്മിനും ബിജെപിക്കുമെതിരെ ഷാഫി പറമ്പിൽ എംപി വിമർശനമുന്നയിച്ചിരുന്നു. സിപിഎമ്മിനും ബിജെപിക്കും കോൺഗ്രസിനെതിരായ കള്ളപ്പണ ആരോപണം പൊളിഞ്ഞതിന്റെ ജാള്യതയാണെന്ന് ഷാഫി പറമ്പിൽ എംപി പ്രതികരിച്ചു.
വനിതാ നേതാക്കൾ ഉൾപ്പെടെയുള്ളവർ താമസിച്ച ഹോട്ടലിൽ നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് സിപിഎമ്മിന് ഉള്ളിലും പൊതുജനങ്ങൾക്കിടയിലും വിഷയം അവമതിപ്പ് സൃഷ്ടിക്കുക മാത്രമാണ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള പ്രതികരണങ്ങളാണ് സിപിഎം നേതാക്കൾ നടത്തുന്നത്.
ആദ്യഘട്ടത്തിൽ പറഞ്ഞ ആരോപണങ്ങൾ അവർ ഇപ്പോൾ മാറ്റിപ്പറയുന്നു. സിപിഎം പുറത്തുവിട്ട ദൃശ്യങ്ങളിൽ നിന്ന് തന്നെ യുഡിഎഫ് സ്ഥാനാർത്ഥി മുൻ വാതിലിലൂടെ വന്ന് അതിലൂടെ തന്നെ തിരിച്ചു പോകുന്ന ദൃശ്യം വ്യക്തമാണ്. നിരന്തരം കള്ളപ്രചാര വേലകൾ ആണ് സിപിഎം നടത്തുന്നത്. നിലവാര തകർച്ചയാണ് ഇപ്പോൾ സിപിഎമ്മിനെ നയിക്കുന്നത്.