Latest News

ഫെയ്‌സ്ബുക്കിലൂടെ ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കെതിരെ അശ്ലീല പരാമർശം നടത്തിയ യുവാവ് അറസ്റ്റിൽ. വെട്ടത്തൂർ മണ്ണാർമലയിലെ കൈപ്പിള്ളി വീട്ടിൽ അൻഷാദ് (35) ആണ് പോലീസ് പിടിയിലായത്. ഇയാളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടായ ‘അൻഷാദ് മലബാറി’യിലൂടെ മറ്റൊരു പോസ്റ്റിന് നൽകി കമന്റിലായിരുന്നു മന്ത്രിക്കെതിരായ അശ്ലീല പരാമർശം.

സംഭവത്തിൽ പ്രതിക്കെതിരെ സ്വമേധയാ കേസെടുത്താണ് പോലീസ് നടപടി സ്വീകരിച്ചത്. പ്രകോപനം സൃഷ്ടിച്ച് ലഹളയും ചേരിതിരിവും ഉണ്ടാക്കാൻ ശ്രമിച്ച കുറ്റത്തിനും അനാവശ്യ പരാമർശങ്ങൾ നടത്തി ശല്യപ്പെടുത്തിയ കുറ്റത്തിനും പ്രതിക്കെതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു. മേലാറ്റൂർ എസ്.ഐ പി.എം. ഷമീറും സംഘവുമാണ് അൻഷാദിനെ അറസ്റ്റ് ചെയ്തത്.

പ്രതിയുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടുള്ള സ്മാർട്ട്ഫോണും പിടിച്ചെടുത്തു. കൂടുതൽ അന്വേഷണത്തിനായി സൈബർ ഫോറൻസിക് വിഭാഗത്തിന് ഫോൺ കൈമാറുമെന്നും എസ്.ഐ. അറിയിച്ചു. അറസ്റ്റിലായ പ്രതിയെ പിന്നീട് ജാമ്യത്തിൽ വിട്ടു.

പ്രവാസിയായിരുന്ന അൻഷാദ് നിലവിൽ‌ നാട്ടിൽ ചെറിയ ബിസിനസ് ചെയ്യുകയാണ്. അതേസമയം, സംഭവത്തിന് പിന്നാലെ പരാമര്‍ശത്തിൽ ഖേദം പ്രകടിപ്പിച്ചും യുവാവ് രംഗത്തെത്തി. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ഇയാളുടെ ഖേദപ്രകടനം.

സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ ഭാര്യ ബെഗോണ ഗോമസിന് കോവിഡ്-19 സ്ഥിരീകരിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്. കൊറോണയെ പിടിച്ചുകെട്ടുന്നതിന് കടുത്ത നടപടികളാണ് സാഞ്ചസ് സർക്കാർ സ്വീകരിച്ചു വരുന്നത്. ഇന്നലെ മുതൽ പതിനഞ്ച് ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

193 പേരാണ് സ്‌പെയിനിൽ കൊറോണ ബാധിച്ച് ഇതുവരെ മരിച്ചത്. ഇറ്റലിക്ക് ശേഷം ഏറ്റവും കൂടുതൽ കൊറോണ മരണങ്ങൾ റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ യൂറോപ്യൻ രാജ്യമാണ് സ്‌പെയിൻ. 6250 പേരിൽ രോഗം സ്ഥിരീകരിചിട്ടുണ്ട്. അടുത്ത ആഴ്ചയോടെ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 10,000 കടക്കുമെന്നാണ് കണക്കുകൂട്ടുന്നതെന്ന് പെഡ്രോ സാഞ്ചെസ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. അതുകൊണ്ട് സ്ഥിതിഗതികൾ നിയന്ത്രണവിധേയമായില്ലെങ്കിൽ അടിയന്തരാവസ്ഥ നീട്ടും. ജനങ്ങളോട് അടിയന്തര സാഹചര്യങ്ങളിൽ ഒഴികെ പുറത്തിറങ്ങരുതെന്നു കർശന നിർദേശം നൽകിയിട്ടുണ്ട്. റെസ്റ്റോറന്റുകളും ബാറുകളും അടക്കം സകല കടകളും അടഞ്ഞു കിടക്കുകയാണ്.

അതേസമയം, ലോകത്താകെ കൊവിഡ് ബാധിതരുടെ എണ്ണം ഒന്നരലക്ഷം കടന്നു. ബ്രിട്ടനില്‍ 24 മണിക്കൂറിനിടെ കൊവിഡ് മരണം ഇരട്ടിയായി. വൈറസ് പടർന്നു പിടിക്കുന്നതി​ന്റെ പശ്ചാത്തലത്തിൽ ഫ്രാൻസ്, ജർമ്മനി, സ്‌പെയിൻ എന്നീ രാജ്യങ്ങളിലെ പൗരന്മാർ ഇന്ത്യയിൽ പ്രവേശിക്കുന്നതിന്​ വിലക്കേർപ്പെടുത്തിയിരുന്നു. ചൈനയില്‍ കൊവിഡ്-19 വ്യാപനത്തില്‍ കുറവുണ്ടായതിനു പിന്നാലെ യൂറോപ്പിലും നോര്‍ത്ത് അമേരിക്കയിലും പശ്ചിമേഷ്യയിലും രോഗം വ്യാപകമായി പടര്‍ന്നുപിടിക്കുകയാണ്. ചൈനയിൽ പോലും ഇപ്പോൾ സ്ഥിരീകരിക്കുന്ന മിക്ക കേസുകളും വിദേശത്ത് നിന്നും ചൈനയിലേക്ക് പോയവരിലാണ്.

എറണാകുളം പെരുമ്പാവൂരില എം.സി റോഡിലെ പുല്ലുവഴിയിലുണ്ടായ വാഹനാപകടത്തിൽ ഗർഭിണി ഉൾപ്പടെ മൂന്ന് പേർ മരിച്ചു. മലപ്പുറം വട്ടത്തറ മുളുത്തുളി വീട്ടിൽ ഹനീഫ മൗലവി (29), ഭാര്യ സുമയ്യ (20), ഹനീഫയുടെ സഹോദരൻ ഷാജഹാൻ (25) എന്നിവരാണ് മരിച്ചത്. സുമയ്യ ഗർഭിണിയാണ്.

മലപ്പുറത്തു നിന്നും പുഞ്ചവയലിലേക്കു വരുന്ന വഴിയിൽ നിർത്തിയിട്ട ലോറിയിൽ ഇവർ സഞ്ചരിച്ച മാരുതി കാർ ഇടിച്ച് കയറിയാണ് അപകടമെന്നാണ് വിവരം. സുമയ്യയുടെ മുണ്ടക്കയത്തെ പുഞ്ചവയലിലുള്ള വീട്ടിലേക്ക് പോവുകയായിരുന്നു.

പുഞ്ചവയൽ കുളമാക്കൽ മണ്ണാർത്തോട്ടം ഇസ്മായിൽ സക്കീന ദമ്പതികളുടെ മകളാണ് സുമയ്യ. നിലമ്പൂരിലെ അറബിക് കോളജ് അധ്യാപകനായിരുന്നു ഹനീഫ. മൃതദേഹങ്ങൾ പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ചാരുംമൂട്: കുടശ്ശനാട് ഗവ. എസ്. വി. എച്ഛ്. എസ്. സ്കൂളിൽ പാലമേൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഓമന വിജയന്റെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക കൂട്ടായ്മയിൽ പ്രശസ്ത സാഹിത്യകാരൻ കാരൂർ സോമന്റെ രണ്ട് നോവലുകൾ പ്രകാശനം ചെയ്തു. പ്രഭാത് ബുക്സ് പ്രസിദ്ധീകരിച്ച നോവൽ “കാലാന്തരങ്ങൾ” പ്രശസ്ത നാടകകൃത്ത് ഫ്രാൻസിസ് ടി. മാവേലിക്കര സാഹിത്യകാരൻ വിശ്വൻ പടനിലത്തിനും ജീവൻ പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച നോവൽ “കന്മദപ്പൂക്കൾ” ചുനക്കര ജനാർദ്ധനൻ നായർക്ക് നൽകി പ്രകാശനം ചെയ്തു.

നാലര പതിറ്റാണ്ടിലധികമായി കേരളത്തിലും പ്രവാസ സാഹിത്യരംഗത്തും സജീവ സാന്നിധ്യമായി നിലകൊള്ളുന്ന കാരൂർ സോമൻ വ്യത്യസ്തമാർന്ന മേഖലകളിൽ അൻപതോളം കൃതികളുടെ രചയിതാവാണ്. ലോകമെങ്ങുമുള്ള മലയാള മാധ്യമങ്ങളിൽ എഴുതുക മാത്രമല്ല അദ്ദേഹത്തിന്റ മിക്ക കൃതികളും സമൂഹത്തിന് വെളിച്ചം വിതറുന്നതാണെന്ന് ഫ്രാൻസിസ് ടി. മാവേലിക്കര പറഞ്ഞു. ഈ രണ്ട് നോവലുകളും ബ്രിട്ടനിലും അമേരിക്കയിലും നടക്കുന്ന സംഭവ ബഹുലമായ മലയാളി ജീവിതത്തെ വെളിപ്പെടുത്തുക മാത്രമല്ല അത് ജീവിതത്തിൽ ഒരു കെടാവിളക്കായി വഴി നടത്തുന്നുവെന്ന് വിശ്വൻ പടനിലം രണ്ട് നോവലുകളെ പരിചയപെടുത്തികൊണ്ടറിയിച്ചു.

അഡ്വ. സഫിയ സുധീർ, ശ്രീമതി. സലീന ബീവി. ആർ., ഉമ്മൻ തോമസ്, അശോക് കുമാർ ആശംസകൾ നേർന്നു. ജഗദീഷ് കരിമുളക്കൽ കവിത പാരായണവും, പ്രിൻസിപ്പൽ കെ. ആനμക്കുട്ടൻ ഉണ്ണിത്താൻ സ്വാഗതവും കാരൂർ സോമൻ, ചാരുംമൂട് നന്ദി പ്രകാശിപ്പിച്ചു.

കൊറോണ വൈറസ് മൂലമുള്ള കോവിഡ് -19 ചൈനീസ് നഗരമായ വുഹാനിൽനിന്നും പൊട്ടിപ്പുറപ്പെടുന്നത്. കാരണമെന്തന്നറിയാതെ ന്യൂമോണിയ പിടിപെട്ട് ഒരുപാടു പേര്‍ ആശുപത്രിയില്‍ എത്തിയതോടെയാണ് അസ്വാഭാവികമായി എന്തോ സംഭവിക്കുന്നതായി ഡോക്ടര്‍മാര്‍ മനസ്സിലാക്കുന്നത്. 2020 തുടങ്ങുമ്പോഴേക്കും എല്ലാം കൈവിട്ടുപോയിരുന്നു.

വൈകാതെ ന്യൂമോണിയയുടെ കാരണം ഒരു പുതിയ വൈറസാണെന്ന് കണ്ടെത്തി. വൈറസ് മൂലമുണ്ടാകുന്ന രോഗത്തെ കോവിഡ് -19 എന്ന് വിളിക്കാന്‍ തുടങ്ങി. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഇപ്പോൾ ഈ രോഗത്തെ ഒരു ആഗോള മഹാമാരിയായി പ്രഖ്യാപിച്ചിരിക്കുകയാണ്. കോവിഡ് -19 ബാധിക്കുന്ന ഭൂരിപക്ഷം ആളുകളും വലിയ ബുദ്ധിമുട്ടുകള്‍ ഒന്നും കൂടാതെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുന്നുണ്ട്.

കോവിഡ് -19 ഉള്ള 80% ആളുകളും സ്പെഷ്യല്‍ ചികിത്സകള്‍ ഒന്നും ആവശ്യമില്ലാതെ സുഖം പ്രാപിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ആറിലൊരാൾക്ക് മാത്രമേ ഗുരുതരമായ രോഗം വരൂ. ശ്വാസ തടസ്സമാണ് പ്രധാന പ്രശ്നം. അതുകൊണ്ട്, എങ്ങിനെയാണ് കോവിഡ് -19 ഗുരുതരമായ ന്യൂമോണിയയായി മാറുന്നത്? അത് നമ്മുടെ ശ്വാസകോശത്തിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങങ്ങളിലും എന്ത് മാറ്റം ഉണ്ടാക്കും?

 

വൈറസ് ജനങ്ങളെ എങ്ങനെയാണ് ബാധിക്കുന്നത്?

കോവിഡ് -19ന്‍റെ പ്രധാന സവിശേഷത മിക്കവാറും എല്ലാ കേസുകളും ഗുരുതരമാക്കുന്നത് ന്യൂമോണിയയാണ് എന്ന് റോയൽ ഓസ്‌ട്രേലിയൻ കോളേജ് ഓഫ് ഫിസിഷ്യൻസിന്റെ പ്രസിഡന്റും ശ്വസകോശ രോഗ വിദഗ്ധനുമായ പ്രൊഫ. ജോൺ വിൽസൺ പറയുന്നു. കോവിഡ് -19 പിടിപെടുന്ന ആളുകളെ നാല് വിശാലമായ വിഭാഗങ്ങളായി തരം തിരിക്കാം.

‘സബ് ക്ലിനിക്കൽ’ ആയ ആളുകളാണ് ഒരു വിഭാഗം. അവരില്‍ വൈറസ് ഉണ്ടെങ്കിലും രോഗലക്ഷണങ്ങളൊന്നും കാണില്ല. പനിയും ചുമയും അടക്കം ശ്വാസകോശത്തിന് അണുബാധ ഉള്ളവരാണ് രണ്ടാമത്തെ വിഭാഗം. മൂന്നാമത്തെ വിഭാഗമാണ് ഏറ്റവും കൂടുതല്‍. സാധാരണയായി ഇൻഫ്ലുവൻസ പോലുള്ള അസുഖങ്ങള്‍ പിടിപെടുകയും ആശുപത്രികളില്‍ പോകേണ്ട അവസ്ഥയില്‍ എത്തിനില്‍ക്കുന്നവരുമായ ആളുകളാണ് അവര്‍. ന്യൂമോണിയ ബാധിച്ച് രോഗം മൂര്‍ച്ചിച്ച അവസ്തയിലുള്ളവരാണ് നാലാമത്തെ വിഭാഗം.

വുഹാനിൽ, കൊറോണ പോസിറ്റീവ് ആയവരില്‍ 6% പേർക്കാണ് കടുത്ത അസുഖമുണ്ടായിരുന്നത് എന്ന് ജോൺ വിൽസൺ പറയുന്നു. ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ അല്ലെങ്കിൽ പ്രമേഹം തുടങ്ങിയ അസുഖങ്ങള്‍ ഉള്ളവര്‍ക്കും പ്രായമായവർക്കുമാണ് ന്യുമോണിയ വരാന്‍ സാധ്യത കൂടുതല്‍ എന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്.

ശ്വസനേന്ദ്രിയത്തിലെ വായു അറകളിൽ രോഗാണുക്കൾ പെരുകി ശ്വസനേന്ദ്രീയ മൃദൂതകത്തിൽ വീക്കവും പഴുപ്പും ഉണ്ടാകുന്ന അവസ്ഥയാണു ന്യുമോണിയ. ചുമ, കഫക്കെട്ട്, നെഞ്ചിൽപഴുപ്പ്, പനി, ശ്വാസമ്മുട്ടൽ, നെഞ്ചു വേദന എന്നിവയാണു ന്യുമോണിയയുടെ മുഖ്യ ലക്ഷണങ്ങൾ. ശ്വാസകോശത്തിലെ പഴുപ്പുബാധയുടെ സ്ഥാനമനുസരിച്ച് ലക്ഷണങ്ങൾ വ്യത്യാസപ്പെടാം. അണുബാധയെ നിയന്ത്രിക്കാൻ സഹായിക്കുന്ന ആന്റിബയോട്ടിക്കുകളാണു മുഖ്യമായും ന്യുമോണിയ ചികിത്സിക്കാനുപയോഗിക്കുന്നത്.

കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ ഇംഗ്ലണ്ടിലെ എല്ലാ ഫുട്ബോള്‍ മത്സരങ്ങളും താല്‍ക്കാലികമായി നിര്‍ത്തി വക്കാന്‍ ഫുട്ബോള്‍ അസോസിയേഷന്‍ തീരുമാനം. ഫുട്‌ബോള്‍ ലീഗായ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് റദ്ദാക്കി. ഏപ്രില്‍ മൂന്ന് വരെയാണ് ലീഗ് മത്സരങ്ങള്‍ നിര്‍ത്തിവെച്ചത്. ടീം ഉടമകളുടെ അടിയന്തരയോഗം ചേര്‍ന്നാണ് ഏപ്രില്‍ മൂന്നുവരെ ലീഗ് മത്സരങ്ങള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതെന്ന് പ്രീമിയര്‍ ലീഗ് ചീഫ് എക്‌സിക്യൂട്ടീവ് റിച്ചാര്‍ഡ് മാസ്റ്റേഴ്‌സ് പറഞ്ഞു.

ഇതിനുപുറമെ ഈ മാസം 27ന് ഇറ്റലിയുമായും 31ന് ഡെന്‍മാര്‍ക്കുമായും നടത്താനിരുന്ന ഇംഗ്ലണ്ടിന്റെ രാജ്യാന്തര സൗഹൃദ മത്സരങ്ങളും രണ്ടാം ഡിവിഷന്‍ ലീഗ് മത്സരങ്ങളും റദ്ദാക്കിയിട്ടുണ്ട്. എഫ് എ കപ്പ് മത്സരങ്ങളും റദ്ദാക്കിയിട്ടുണ്ട്. രാജ്യത്തെ എല്ലാ ഫുട്‌ബോള്‍ മത്സരങ്ങളും ഏപ്രില്‍ മൂന്നുവരെ നിര്‍ത്തിവെക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.

നേരത്തെ കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ ചാമ്പ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ്, സ്പാനിഷ് ലീഗ്, ഇറ്റാലിയന്‍ ലീഗ് മത്സരങ്ങള്‍ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രീമിയര്‍ ലീഗ് മത്സരങ്ങളും റദ്ദാക്കിയത്. കൊറോണ വൈറസ് ബാധമൂലം ബ്രിട്ടനില്‍ ഇതുവരെ 10 പേര്‍ മരിച്ചിട്ടുണ്ട്. 596 പേര്‍ക്കാണ് ബ്രിട്ടനില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 491 പേരും ഇംഗ്ലണ്ടിലാണ്

സ്വന്തം ലേഖകൻ

ലണ്ടൻ : യുകെയിൽ യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ നിലവിൽ വന്നു . യുകെയിലുള്ള നിരവധിയായ അനവധിയായ മലയാളി സംഘടനകൾ പ്രാദേശികവും , ദേശീയവും , അന്തർദേശീയവുമായ പ്രവർത്തന ലക്ഷ്യങ്ങളുമായി നിലവിലുണ്ടെങ്കിലും , അവയിൽ അംഗത്വം എടുക്കുന്നതിനോ , പ്രവർത്തിക്കുന്നതിനോ , സംഘടിപ്പിക്കുന്ന പരിപാടികളിൽ പങ്കെടുക്കുന്നതിനോ അവർ നിഷ്കർഷിക്കുന്ന മാനദണ്ഠങ്ങൾ അനുസരിച്ചുള്ള അംഗങ്ങൾക്ക് മാത്രമേ പറ്റുകയുള്ളൂ എന്നത് വസ്തുതയാണ്. പ്രാദേശികവും , ജാതിപരവും , രാഷ്ട്രീയപരവും , മതപരവുമായ ഈ സംഘടനകൾ യുകെയിലെ ഏതൊരു മലയാളിക്കും , മലയാണ്മയെ സ്നേഹിക്കുവാനും ഉൾക്കൊള്ളുവാനും കഴിയുന്നവർക്കും അന്യമാകുന്ന തരത്തിലുള്ള വിവേചനം ഉയർത്തിപ്പിടിക്കുന്ന സംഘടനകളാണ്.

യുകെ മലയാളികളുടെ ദുരവസ്ഥയിൽ കൈത്താങ്ങാകുമെന്ന പ്രതീക്ഷയോടെ രൂപീകരിക്കപ്പെട്ട ദേശീയ സംഘടന പോലും രാഷ്ട്രീയ വൽക്കരിക്കപ്പെട്ട് രൂപീകരണ സമയത്തെ പ്രഖ്യാപിത – പ്രതീക്ഷിത ലക്ഷ്യങ്ങളിൽ നിന്ന് വേർപെടുമ്പോൾ, യുകെയിലെ ഏതൊരു മലയാളിക്കും പങ്കെടുക്കാവുന്ന ഒരു പൊതു വേദി എന്ന ആശയം പ്രാവർത്തികമാക്കാൻ തുനിഞ്ഞിറങ്ങിയ യുകെയിലെ സംഘടനാ പ്രവർത്തനരംഗത്ത് പരിചയമുള്ള ഒരു കൂട്ടം ആൾക്കാരുടെ ഒത്തു ചേരലാണ് യുണൈറ്റഡ് മലയാളി ഓർഗനൈസേഷന് തുടക്കം കുറിച്ചത് .

യുകെയിലുള്ള മലയാളിയോ , മലയാളി പിൻതലമുറക്കാരനോ , മലയാളത്തെ അറിയുന്നവരോ ആയ ഏതൊരാൾക്കും , അവരുടെ ജാതി – മത – രാഷ്ട്രീയ – പ്രാദേശിക – ജനിതക വ്യത്യാസമെന്യേ അംഗത്വമെടുക്കാവുന്ന ഒരു സംഘടന നിലവിൽ വരേണ്ടതിന്റെ ആവശ്യകത നോർത്താംപ്ടണിൽ വച്ച് ചേർന്ന പ്രാരംഭ യോഗത്തിൽ ചർച്ച ചെയ്യപ്പെടുകയും , അപ്രകാരമുള്ള ഒരു സംഘടന യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ എന്ന പേരിൽ രൂപീകരിക്കാൻ തീരുമാനിക്കുകയും ഉണ്ടായി. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 22 പേർ പങ്കെടുത്ത ആദ്യ യോഗത്തിൽ ഐക്യകണ്ഠമായി ഇപ്രകാരമൊരു സംഘടന രൂപീകൃതമാവുകയായിരുന്നു.

യുണൈറ്റഡ് മലയാളി ഓർഗനൈസേഷനിൽ ഏതൊരു മലയാളിക്കും അംഗത്വമെടുക്കാം, പരിപാടികളിൽ പങ്കെടുക്കാം , സംഘടന സംഘടിപ്പിക്കുന്ന കലാ – കായിക – സാംസ്കാരിക പരിപാടികളിൽ അംഗത്വമില്ലെങ്കിൽ പോലും പങ്കെടുക്കാം , ആവശ്യ സമയത്ത് അടിയന്തിര സഹായങ്ങൾക്കായി ബന്ധപ്പെടാം , എന്നിങ്ങനെ യുകെ മലയാളികൾ അവരുടേതായ സംഘടനയിൽ നിന്ന് പ്രതീക്ഷിക്കുന്നവ നൽകാൻ സന്നദ്ധമായ ഒരു പ്രവർത്തന രീതി വാർത്തെടുക്കുകയാണ് യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ പ്രവർത്തന ലക്‌ഷ്യം.

വിവേചനപരവും , രാഷ്ട്രീയ – ജാതി – മത താല്പര്യ പ്രേരിതവുമായ സംഘടനാ പ്രവർത്തനത്തിന് അറുതി വരുത്തിക്കൊണ്ട് , അവയെക്കാളുപരിയായി , ഏതൊരു മലയാളിക്കും സഹായകമാകുന്ന , അവന്റെ വീഴ്ചയിൽ അവനു കൈത്താങ്ങാകുന്ന യുണൈറ്റഡ് മലയാളി ഓർഗനൈസേഷനിലേക്ക് എല്ലാ യുകെ മലയാളികളെയും സ്വാഗതം ചെയ്യുന്നു. അംഗത്വം , പ്രവർത്തന പരിപാടികൾ , രെജിസ്ട്രേഷൻ തുടങ്ങിയ കാര്യങ്ങൾ ഇതിനോടകം അനുഭാവമറിയിച്ച , ക്ഷണിക്കപ്പെടുന്ന വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ ഏപ്രിൽ 26 ന് നോർത്താംപ്ടണിൽ വച്ച് ചേരുന്ന യോഗത്തിൽ തീരുമാനിച്ച് അറിയിക്കുന്നതാണ്.

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കുന്നതിനായി മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകനായ ബിൽ ഗേറ്റ്സ് ഡയറക്ടർ ബോർഡിൽ നിന്നും രാജിവെച്ചു. മൈക്രോസോഫ്റ്റ് തന്റെ ജീവിതത്തിന്റെ തന്നെ ഭാഗമായിരുന്നുവെന്ന് പറഞ്ഞ ബിൽ ഗേറ്റ്സ്, മൈക്രോസോഫ്റ്റ് സിഇഒ സത്യ നഥല്ലയുടെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെയും ടെക്‌നോളജി അഡ്‌വൈസറായി തുടരുമെന്നും അറിയിച്ചിട്ടുണ്ട്.

64 കാരനായ ബിൽ ഗേറ്റ്സ് ഒരു ദശാബ്ദത്തിനു മുൻപുതന്നെ ദൈനംദിന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് നിർത്തിയിരുന്നു. ഭാര്യ മെലിൻഡയ്‌ക്കൊപ്പം ആരംഭിച്ച സന്നദ്ധ സംഘടനയുടെ പ്രവർത്തതാനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു അദ്ദേഹം. ‘വർഷങ്ങളായി ബിൽ ഗേറ്റ്‌സിനൊപ്പം പ്രവർത്തിക്കാനും പഠിക്കാനും സാധിച്ചത് വലിയ അംഗീകാരമായി കാണുന്നുവെന്ന്’ മൈക്രോസോഫ്റ്റ് ചീഫ് എക്സിക്യൂട്ടീവും കമ്പനി വെറ്ററനുമായ സത്യ നാഡെല്ല പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ‘ജനാധിപത്യവൽക്കരണത്തിൽ സോഫ്റ്റ്‌വെയറിന്റെ ശക്തിയിലുള്ള വിശ്വാസവും സമൂഹത്തിന്റെ ഏറ്റവും വലിയ വെല്ലുവിളികൾ പരിഹരിക്കാനുള്ള അഭിനിവേശവുമാണ്’ ബില്ലിനെ മൈക്രോസോഫ്റ്റ് പോലൊരു കമ്പനിക്ക് രൂപം നൽകാൻ പ്രാപ്തനാക്കിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സാങ്കേതിക ഉപദേഷ്ടാവെന്ന നിലയിൽ ഗേറ്റ്സിന്റെ സാങ്കേതിക അഭിനിവേശവും ഉപദേശവും മൈക്രോസോഫ്റ്റ് ലഭിക്കുന്നത് തുടരുമെന്നും നാഡെല്ല പറഞ്ഞു. ചാരിറ്റബിൾ ഫൗണ്ടേഷനിൽ കൂടുതൽ സമയം ചെലവഴിക്കുന്നതിനായി കമ്പനിയുടെ നിയന്ത്രണം സ്റ്റീവ് ബാൽമറിന് നൽകികൊണ്ട് 2000-ലാണ് ഗേറ്റ്സ് തന്റെ സിഇഒ സ്ഥാനം ഉപേക്ഷിക്കുന്നത്.

ഐഎസ്എല്‍ ഫുട്‌ബോള്‍ ആറാം സീസണില്‍ ഇന്ന് കലാശപോരാണ്. ഫൈനല്‍ പോരാട്ടത്തില്‍ മുന്‍ ചാമ്പ്യന്മാരായ ചെന്നൈയിന്‍ എഫ്സിയും എടികെയും ഏറ്റുമുട്ടും. ഗോവയില്‍ വൈകിട്ട് 7.30നാണ് ഫൈനല്‍. കൊവിഡ് 19 ആശങ്ക കാരണം അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരം. ഫൈനലില്‍ ഇതാദ്യമാണ് ഇരു ടീമുകളും മുഖാമുഖം വരുന്നത്. ഐഎസ്എല്ലില്‍ ഇതിനകം രണ്ട് കിരീടങ്ങള്‍ വീതം നേടിയിട്ടുള്ള ടീമുകളാണ് ചെന്നൈയിനും എ ടി കെ കൊല്‍ക്കത്തയും. സീസണില്‍ രണ്ടു തവണ ചെന്നൈയിനും എ ടി കെയും ഏറ്റുമുട്ടിയപ്പോള്‍ ഇരു ടീമുകളും ഒരോ മത്സരം വീതം ജയിക്കുകയായിരുന്നു. ചെന്നൈയില്‍ എടികെ 1-0ന് വിജയിച്ചപ്പോള്‍ കൊല്‍ക്കത്തയില്‍ വിജയം ചെന്നൈയിന് ഒപ്പമായിരുന്നു. 3-1ന്റെ തകര്‍പ്പന്‍ എവേ വിജയമാണ് ചെന്നൈയിന്‍ സ്വന്തമാക്കിയത്. ഐഎസ്എല്‍ ചരിത്രത്തില്‍ ഇതുവരെ 14 മത്സരങ്ങളില്‍ ഏറ്റുമുട്ടിയപ്പോള്‍ എടികെ ആറും ചെന്നൈയിന്‍ നാലും മത്സരങ്ങള്‍ ജയിച്ചു. ആക്രമിച്ച് കളിക്കുന്ന ടീമുകളാണ് എടിക്കെയും ചെന്നൈയും. അതുകൊണ്ട് തന്നെ ഫൈനല്‍ പോരാട്ടം ആരാധകരെ ഹരം കൊളിക്കുന്നതാകും.

മികച്ച അറ്റാക്കിങ് പ്ലെയേഴ്സ് ഇരുടീമുകളിലുമുണ്ട്. നെറിയുസ് വാല്‍സ്‌കിസ്, ലാലിയന്‍സുവാല ചാങ്തെ എന്നിവര്‍ ചെന്നൈ നിരയിലുണ്ടെങ്കില്‍ റോയ് കൃഷ്ണയും ഡേവിഡ് വില്ല്യംസുമാണ് എടിക്കെയുടെ തുറുപ്പുചീട്ടുകള്‍. പ്രതിരോധം പിളര്‍ക്കുന്ന പാസുകള്‍ നല്‍കാന്‍ മിടുക്കനായ റാഫേല്‍ ക്രിവെല്ലാറോയായിരിക്കും ചെന്നൈയുടെ മുന്നേറ്റങ്ങള്‍ നയിക്കുക. മറുഭാഗത്ത് എഡു ഗാര്‍ഷ്യയും ഹാവി ഹെര്‍ണാണ്ടസുമാണ് ശക്തി.

സെമി ഫൈനലില്‍ ആദ്യ പാദം പരാജയപ്പെട്ട ശേഷം പൊരുതി കയറിയാണ് എ ടി കെ കൊല്‍ക്കത്ത ഫൈനലിലേക്ക് എത്തിയത്. ആദ്യ പാദത്തില്‍ ബെംഗളൂരു എഫ് സിയോട് പരാജയപ്പെട്ട എ ടി കെ കൊല്‍ക്കത്ത രണ്ടാം പാദത്തില്‍ പൊരുതി കയറിയാണ് വിജയിച്ചത്. സെമി ഫൈനലിലെ ഹീറോ ആയ ഡേവിഡ് വില്യംസിന്റെ ഫോം എ ടി കെയ്ക്ക് വലിയ പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്. എഫ് സി ഗോവയെ സെമിയില്‍ മറികടന്നാണ് ചെന്നൈയിന്‍ ഫൈനലില്‍ എത്തിയത്. രണ്ടാം പാദം പരാജയപ്പെട്ടു എങ്കിലും ആദ്യ പാദത്തിലെ വലിയ വിജയം ചെന്നൈയിന് തുണയാവുകയായിരുന്നു. പരിശീലകന്‍ ഓവന്‍ കോയിലിന് കീഴിലുള്ള അറ്റാക്കിംഗ് ഫുട്‌ബോള്‍ ശൈലി തന്നെയാണ് ചെന്നൈയിന്റെ കരുത്ത്.

കൈക്കുഞ്ഞിനെ ഉപേക്ഷിച്ചു കാമുകനൊപ്പം പോയ യുവതിയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചങ്ങാടി ചെറു കൊക്കുവായില്‍ പ്രവീണ (20 ), മേത്തല തൃപുണത്ത് സജിത്ത് (24 ) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂര്‍ എടവിലങ്ങ് സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് കേസ്. രണ്ടു വര്‍ഷം മുന്‍പ് ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട സജിത്തിന്റെ പ്രേരണയാല്‍ ഒന്നേകാല്‍ വയസ്സ് പ്രായമായ കുഞ്ഞിനെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ചു യുവതി പോകുകയായിരുന്നു. പരാതി പ്രകാരം ജൂവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം കേസെടുക്കുകയായിരുന്നു. ഇരുവരേയും കോടതിയില്‍ ഹാജരാക്കി.

അതേസമയം നെടുമങ്ങാട് രണ്ടുവയസ്സുള്ള മകളെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം കടന്നുകളഞ്ഞ യുവതിയെ റിമാന്‍ഡ് ചെയ്തു. ഭരതന്നൂര്‍ സേമ്യാക്കട അനീഷ് ഭവനില്‍ സോണിയ (21) യെയാണ് നെടുമങ്ങാട് കോടതി റിമാന്‍ഡു ചെയ്തത്. അമ്മയുടെ സംരക്ഷണം അത്യന്താപേക്ഷിതമായ സമയത്ത് കുഞ്ഞിനെ ഉപേക്ഷിച്ച് പോയതിനാണ് പാങ്ങോട് പോലീസ് ബാലസംരക്ഷണ നിയമപ്രകാരം യുവതിയെ അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയത്.

ജനുവരി 13-നാണ് യുവതിയെ കാണാനില്ലെന്ന് ബന്ധുക്കള്‍ പാങ്ങോട് പോലീസില്‍ പരാതി നല്‍കിയത്. അന്വേഷണത്തില്‍ യുവതി മറ്റൊരു യുവാവിനോടൊപ്പം ഒളിച്ചോടിയതാണെന്ന് മനസ്സിലായി. കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ പ്രേരണാക്കുറ്റം ചുമത്തി കാമുകനെതിരേയും പോലീസ് കേസെടുത്തു. പാങ്ങോട് സി.ഐ. എന്‍.സുനീഷ്, എസ്.ഐ. ജെ.അജയന്‍, എ.എസ്.ഐ. സക്കീര്‍ ഹുസൈന്‍, സി.പി.ഒ.മാരായ അരുണ്‍, ഗീത എന്നിവര്‍ അറസ്റ്റിനു നേതൃത്വം നല്‍കി.

Copyright © . All rights reserved