Latest News

മലയാളം യുകെ ഓൺലൈൻ ന്യൂസ് പോർട്ടലിന്റെ ആഭിമുഖ്യത്തിൽ 2022-ൽ യോർക്ക്ഷെയറിലെ കീത്തിലിയിൽ വച്ച് നടന്ന ബോളിവുഡ് ഡാൻസ് ഫെസ്റ്റ് മത്സരത്തിന് മുന്നോടിയായി നടത്തിയ ലോഗോ മത്സരത്തിൽ ഒന്നാം സമ്മാനത്തിന് അർഹനായ ഫെർണാണ്ടസ് വർഗീസിന് യുക്മ ദേശീയ കലാമേള 2024 ലോഗോ മത്സരത്തിലും വിജയിയായി . നിരവധി മത്സരാർത്ഥികൾ പങ്കെടുത്ത ലോഗോ ഡിസൈൻ മത്സരത്തിൽ ശ്രദ്ധേയമായ നിരവധി ഡിസൈനുകളിൽ നിന്നാണ് വിജയിയെ കണ്ടെത്തിയത്.

കലാമേള നഗർ നാമനിർദ്ദേശക മത്സരത്തിൽ വിജയിയായ റാണി ബിൽബിയ്ക്ക് ഫലകവും ലോഗോ മത്സരത്തിൽ വിജയിയായ ഫെർണാണ്ടസ് വർഗീസിന് ക്യാഷ് അവാർഡും ഫലകവും നവംബർ 2ന് ചെൽറ്റൻഹാമിലെ ദേശീയ കലാമേള വേദിയിൽ വെച്ച് സമ്മാനിക്കുന്നതാണ്.

സുഹൃത്തിന്റെ പേരിലുണ്ടാക്കിയ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉപയോഗിച്ച് നാല് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി മുഴക്കിയ കൗമാരക്കാരന്‍ മുംബൈയിൽ പിടിയില്‍. ഇയാളുടെ ഭീഷണിയെ തുടര്‍ന്ന് ഒക്ടോബര്‍ 14 ന് രണ്ട് വിമാനങ്ങള്‍ വൈകുകയും ഒരെണ്ണം യാത്ര ഒഴിവാക്കുകയും ചെയ്തു.

സുഹൃത്തുമായുള്ള സാമ്പത്തിക തര്‍ക്കത്തിന് പ്രതികാരം ചെയ്യുന്നതിനാണ് എക്‌സില്‍ സുഹൃത്തിന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി മുഴക്കിയതെന്ന് അധികൃതര്‍ പറയുന്നു.

അതിനിടെ ഇന്ത്യൻ വിമാനക്കമ്പനികളുടെ വിമാനങ്ങൾക്കുനേരെ തുടർച്ചയായുണ്ടാകുന്ന ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് ​ഗതാ​ഗത പാർലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി യോ​ഗം ചേർന്നിട്ടുണ്ട്. കഴിഞ്ഞ രണ്ടുദിവസങ്ങൾക്കിടെ 12 വിമാനങ്ങള്‍ക്ക് നേരെയാണ് വ്യാജ ബോംബ് ഭീഷണി ഉയർന്നത്. ഇതില്‍ ചില വിമാനങ്ങള്‍ വിദേശ രാജ്യങ്ങളിലേക്കുള്ളതായിരുന്നു.

ഇന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ആകാശ എയര്‍, മുംബൈയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ എന്നിവയ്ക്ക് നേരെയും ബോംബ് ഭീഷണിയുണ്ടായി. തുടര്‍ന്ന് ഇരുവിമാനങ്ങളും ഡല്‍ഹിയിലും അഹമ്മദാബാദിലും അടിയന്തര ലാന്‍ഡിങ് നടത്തി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പ്രശസ്ത യുകെ മലയാളി എഴുത്തുകാരിയും മലയാളം യുകെ ന്യൂസിന്റെ 2022ലെ ബെസ്റ്റ് സോഷ്യൽ റീഫോമറിനുള്ള അവാർഡ് ജേതാവുമായ ജോസ്നാ സാബു സെബാസ്റ്റ്യൻ്റെ പിതാവ് ജോസഫ് മൈക്കിൾ നിര്യാതനായി.

വള്ളോകരിയിൽ കുടുംബാംഗമായ ജോസ് മൈക്കിൾ ഹൃദയാഘാതത്തെ തുടർന്നുള്ള ചികിത്സയിൽ ഇരിക്കയാണ് മരണമടഞ്ഞത്. 69 വയസ്സായിരുന്നു പ്രായം. മൃതസംസ്കാര ശുശ്രൂഷകൾ 18-ാം തീയതി വെള്ളിയാഴ്ച 2 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് കടപ്ലാമറ്റം സെന്റ് മേരീസ് പള്ളിയിൽ വെച്ച് നടത്തപ്പെടും.

മക്കൾ: ജോസ്‌ന സാബു സെബാസ്റ്റ്യൻ , മെൽബിൻ ജോസഫ് . മരുമക്കൾ: സാബു സെബാസ്റ്റ്യൻ ,ബിനീത മെൽബിൻ . കൊച്ചുമക്കൾ : ജസ്റ്റിൻ ,ജോവിറ്റ , ഹെലൻ മേരി

ജോസ്‌ന സാബു സെബാസ്റ്റ്യൻെറ പിതാവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

അപ്പച്ചൻ കണ്ണഞ്ചിറ

സ്റ്റീവനേജ്: സർഗ്ഗം സ്റ്റീവനേജ് മലയാളി അസ്സോസ്സിയേഷൻ സംഘടിപ്പിക്കുന്ന ‘മ്യൂസിക് &, ഡീ ജെ നൈറ്റ്’ നവംബർ 10 ന് ഞായറാഴ്ച സ്റ്റീവനേജ്, ഓവൽ കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് നടത്തപ്പെടും. ഞായറാഴ്ച ഉച്ചകഴിഞ്ഞു രണ്ടര മുതൽ രാത്രി എട്ടുമണിവരെ നീണ്ടു നിൽക്കുന്ന ലൈവ് സംഗീത നിശയിൽ, സ്റ്റീവനേജിൽ നിന്നുള്ള അനുഗ്രഹീത പ്രതിഭകളും, പ്രശസ്തരായ അതിഥി ഗായകരും ഗാനങ്ങൾ ആലപിക്കും. അസ്സോസ്സിയേഷൻ മെംബർമാർക്കായി സൗജന്യമായിട്ടാവും ‘സർഗം സ്റ്റീവനേജ്’ സംഗീത നിശയൊരുക്കുന്നത്.

തിരക്കുപിടിച്ച പ്രവാസ ജീവിത പിരിമുറുക്കങ്ങളിലും സമ്മർദ്ധങ്ങളിലും നിന്ന് മനസ്സിന് സന്തോഷവും ശാന്തതയും ആഹ്ളാദവും പകരാൻ അവസരം ഒരുക്കുന്ന മ്യൂസിക്ക് നൈറ്റിൽ, സംഗീത സാന്ദ്രമായ മണിക്കൂറുകൾ ആണ് ആസ്വാദകർക്കായി ക്രമീകരിച്ചിരിക്കുന്നത്. സംഗീത നിശയോടനുബന്ധിച്ചു നടത്തുന്ന ഡീ ജെ യിൽ മനസ്സൂം ശരീരവും സംഗീത രാഗലയ താളങ്ങളിൽ ലയിച്ച് ആറാടുവാനും, ഉള്ളം തുറന്ന് ആഹ്ളാദിക്കുവാനുമുള്ള സുവർണ്ണാവസരമാവും സംജാതമാവുക.

കൂടുതൽ വിവരങ്ങൾക്ക്:
സജീവ് ദിവാകരൻ : 07877902457,
വിത്സി പ്രിൻസൺ : 07450921739
നീരജ പടിഞ്ഞാറയിൽ : 07493859312
പ്രവീൺ തോട്ടത്തിൽ : 07917990879

Venue: Oval Community Centre
Vardon Road, SG1 5RD,
Stevenage.

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധവുമായി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍. നാളെ സംസ്ഥാന വ്യാപകമായി കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാനാണ് റവന്യൂ ജീവനക്കാരുടെ തീരുമാനം. ജീവനക്കാര്‍ മിക്കയിടത്തും അവധിക്ക് അപേക്ഷ നല്‍കി.

മരണത്തില്‍ പ്രതിഷേധിച്ച് നാളെ കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ബിജെപിയും പത്തനംതിട്ട മലയാലപ്പുഴ ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. നാളെ രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിക്കുക. അതേസമയം, കണ്ണൂര്‍ എഡിഎം കെ നവീന്‍ ബാബുവിന്റെ മരണം സംബന്ധിച്ച് കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ റവന്യു വകുപ്പ് മന്ത്രിക്ക് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ഇന്ന് രാവിലെയാണ് എഡിഎം നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ നടന്ന യാത്രയയപ്പ് ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണം ഉയര്‍ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്ഷണിക്കാതെ എത്തിയാണ് യാത്രയയപ്പില്‍ എഡിഎമ്മിനെതിരെ ദിവ്യ പ്രതികരിച്ചത്.

പെട്രോള്‍ പമ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണമാണ് ദിവ്യ വേദിയില്‍ ഉയര്‍ത്തിയത്. ഉദ്യോഗസ്ഥര്‍ സത്യസന്ധരായിരിക്കണമെന്നും നവീന്‍ ബാബു കണ്ണൂരില്‍ പ്രവര്‍ത്തിച്ചതുപോലെ മറ്റിടങ്ങളില്‍ പ്രവര്‍ത്തിക്കരുതെന്നും പിപി ദിവ്യ വേദിയില്‍ പറഞ്ഞിരുന്നു. തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും രണ്ട് ദിവസത്തിനകം അത് പുറത്തുവിടുമെന്നും ദിവ്യ പറഞ്ഞു. നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ വ്യാപക പ്രതിഷേധമാണ് ദിവ്യക്കെതിരെ ഉയരുന്നത്.

ശബരിമല ഡ്യൂട്ടിയിൽനിന്ന് എ.ഡി.ജി.പി. എം.ആർ. അജിത്ത്കുമാറിനെ മാറ്റി ഡി.ജി.പി.യുടെ ഉത്തരവ്. മണ്ഡല ഉത്സവത്തിന്റെ കോഡിനേറ്റർ സ്ഥാനത്തുനിന്ന് അജിത്ത്കുമാറിനെ മാറ്റി പകരം പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി. ശ്രീജിത്തിനാണ് ചുമതല നൽകിയത്. എ.ഡി.ജി.പി. അജിത്ത്കുമാർ ആർ.എസ്.എസ്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ വിവാദസംഭവത്തിനും നടപടികൾക്കും പിന്നാലെയാണ് ഇപ്പോഴത്തെ മാറ്റം. ശബരിമല കോഡിനേറ്റർ സ്ഥാനത്തുനിന്ന് അജിത്ത്കുമാറിനെ മാറ്റണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം ദേവസ്വം ബോർഡും ആഭ്യന്തരവകുപ്പിന് കത്ത് നൽകിയിരുന്നു.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്​സഭാ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര, നിയമസഭാ മണ്ഡലങ്ങളിലെയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. വയനാട് മണ്ഡലത്തിൽ പ്രിയങ്കാ ഗാന്ധിയും പാലക്കാട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലും, ചേലക്കരയില്‍ ആലത്തൂർ മുൻ എം.പി രമ്യ ഹരിദാസുമാണ് സ്ഥാനാർഥികൾ.

പ്രിയങ്കയുടേയും രാഹുല്‍ മാങ്കൂട്ടത്തിന്റേയും ആദ്യത്തെ തിരഞ്ഞെടുപ്പ് പോരാട്ടമാണിത്. നവംബര്‍ 13 നാണ് കേരളത്തില്‍ ഉപതിരഞ്ഞെടുപ്പുകള്‍ നടക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ തന്നെ പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിന്റെ പേര് ഉയര്‍ന്നുവന്നിരുന്നു. ഷാഫി പറമ്പില്‍ എംപിയുടേയും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റേയും പിന്തുണ രാഹുലിന് നേട്ടമായി

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ നിന്ന് മത്സരിച്ച് പരാജയപ്പെട്ട രമ്യാ ഹരിദാസിന് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വീണ്ടും അവസരം നല്‍കുകയായിരുന്നു.

ചൊവ്വാഴ്ച്ച രാവിലെ മരിച്ച നിലയില്‍ കാണപ്പെട്ട കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ അനുസ്മരിച്ച് വിഴിഞ്ഞം സീപോര്‍ട്ട് എംഡി ദിവ്യ എസ് അയ്യര്‍. ദിവ്യ തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ വിവരം പങ്കുവെച്ചത്. തന്നോടൊപ്പം പത്തനംത്തിട്ടയില്‍ തന്റെ കീഴില്‍ തഹസില്‍ദാറായി പ്രവര്‍ത്തിച്ച കാലത്തെ കുറിച്ചും ദിവ്യ പോസ്റ്റില്‍ പറയുന്നുണ്ട്. നവീൻ ബാബു ഏത് പാതിരാത്രിയിലും ഏതു വിഷയത്തിലും കര്‍മ്മനിരതനായി പ്രവര്‍ത്തിച്ചിരുന്നുവെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.

കുറിപ്പിന്റെ പൂര്‍ണരൂപം

‘വിശ്വസിക്കാനാകുന്നില്ല നവീനേ!

പത്തനംതിട്ടയില്‍ എന്റെ തഹസീല്‍ദാരായി റാന്നിയില്‍ സേവനമനുഷ്ഠിച്ചിരുന്ന കാലത്ത് പകര്‍ത്തിയ ഈ ചിത്രത്തില്‍ നിങ്ങള്‍ ആദരണീനായ റവന്യു മന്ത്രി കെ രാജന്‍, റാന്നി എം എല്‍ എ പ്രമോദ് നാരായണന്‍ എന്നിവരെ തിരിച്ചറിയുന്നുണ്ടാകും. ആദ്യ ചിത്രത്തില്‍ വലതുവശം എന്റെ പുറകെ ഇളം പച്ച ഷര്‍ട്ട് ഇട്ടു മാസ്‌ക് അണിഞ്ഞു നവീന്‍ നില്‍പ്പുണ്ട്. രണ്ടാം ചിത്രത്തിലും പുറകില്‍ പിങ്ക് ഷര്‍ട്ടും മാസ്‌കും അണിഞ്ഞു നവീന്‍ നില്‍ക്കുമ്പോള്‍ റവന്യു മന്ത്രി വിസിറ്റഴ്സ് നോട്ട് ഇല്‍ അഭിനന്ദനക്കുറിപ്പ് എഴുതുന്നു.

എന്നും ഞങ്ങള്‍ക്ക് ഒരു ബലം ആയിരുന്നു തഹസീല്‍ദാര്‍ എന്ന നിലയില്‍ റാന്നിയില്‍ നവീന്റെ പ്രവര്‍ത്തനം. ഏതു പാതിരാത്രിയും, ഏതു വിഷയത്തിലും കര്‍മ്മനിരതനായി, ഈ ചിത്രങ്ങളില്‍ എന്നപോലെ ഗോപ്യമായി, സൗമ്യനായി, നവീന്‍ എന്ന പ്രിയപ്പെട്ട മികച്ച സഹപ്രവര്‍ത്തകന്‍ ഉണ്ടാകും. ഇനി എന്നെന്നേക്കുമായി കാണാമറയത്തു പോയെന്നോര്‍ക്കുമ്പോള്‍… ??അമ്മ മരണപ്പെട്ട തരുണത്തില്‍ ഞാന്‍ നവീന്റെ വീട്ടില്‍ പോയിരുന്നു. എത്ര മാത്രം തന്റെ അമ്മയെ ആദരിച്ചിരുന്ന മകന്‍ ആയിരുന്നു നവീന്‍ എന്നു അന്നു ഞാന്‍ തിരിച്ചറിഞ്ഞു. മഞ്ജുഷയെയും കുഞ്ഞുങ്ങളെയും ആശ്വസിപ്പിക്കാന്‍ വാക്കുകളില്ല. ദുഃഖം പേറുവാന്‍ ഞങ്ങളും ഒപ്പമുണ്ട്.’

കണ്ണൂര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് നവീന്‍ ബാബുവിനെ ചൊവ്വാഴ്ച കാലത്താണ് കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ അഴിമതിയാരോപണത്തിനു പിന്നാലെയായിരുന്നു മരണം. കഴിഞ്ഞ ദിവസം നടന്ന യാത്രയയപ്പ് ചടങ്ങിനിടെയായിരുന്നു പ്രസിഡന്റിന്റെ ആരോപണം. പെട്രോള്‍ പമ്പിന് എന്‍.ഒ.സി. നല്‍കാന്‍ എ.ഡി.എം. വഴിവിട്ട നീക്കങ്ങള്‍ നടത്തിയെന്നാണ് പി.പി. ദിവ്യ ആരോപിച്ചിരിക്കുന്നത്. ഇതിന്റെ വിവരങ്ങളെല്ലാം തന്റെ കൈവശമുണ്ടെന്നും ആവശ്യമുള്ളപ്പോള്‍ പുറത്തുവിടുമെന്നുമായിരുന്നു അവര്‍ പറഞ്ഞത്.

വയനാട് ലോക്‌സഭ മണ്ഡലത്തിലും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലും നവംബര്‍ 13ന് ഉപതിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ നവംബര്‍ 23ന് നടക്കും. മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നവംബര്‍ 20നാണ്. ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ നവംബര്‍ 23 ന്. പത്രികാ സമര്‍പ്പണം ഈ മാസം 29 മുതല്‍. ജാര്‍ഖണ്ഡില്‍ നിയമസഭാ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടമായാണ്. നവംബര്‍ 13നും 20നും. വോട്ടെണ്ണല്‍ നവംബര്‍ 23ന്. മഹാരാഷ്ട്രയില്‍ 288 സീറ്റുകളിലേക്കും ജാര്‍ഖണ്ഡില്‍ 90 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ്.

രാഹുല്‍ ഗാന്ധി റായ് ബറേലി നിലനിര്‍ത്തിയതോടെയാണ് വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. രാഹുല്‍ ഒഴിയുന്ന വയനാട്ടില്‍ പ്രിയങ്കാഗാന്ധിയെ മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നേരത്തെ തന്നെ തീരുമാനം എടുത്തിരുന്നു. സിപിഐയുടെ സീറ്റായ വയാനാട്ടില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആനി രാജയാണ് മല്‍സരിച്ചത്. ഇക്കുറി ഇടത് സ്ഥാനാര്‍ഥിയാരാകുമെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും.

പാലക്കാട് എം.എല്‍.എ ആയിരുന്ന ഷാഫി പറമ്പില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് വിജയിച്ചതോടെയാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പിലേക്ക് പോകുന്നത്. ചേലക്കരയിലെ എം.എല്‍.എ ആയിരുന്ന കെ. രാധാകൃഷ്ണന്‍ ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ചിരുന്നു. അദ്ദേഹം എം.എല്‍.എ സ്ഥാനം ഒഴിഞ്ഞതോടെയാണ് ഈ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പിനെ കളമൊരുങ്ങിയിരിക്കുന്നത്.

പാലക്കാട് മണ്ഡലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെയും ചേലക്കരയില്‍ രമ്യ ഹരിദാസിനെയും സ്ഥാനാര്‍ഥികളാക്കാന്‍ കെ.പി.സി.സി ശുപാര്‍ശ ചെയ്യും. രണ്ട് മണ്ഡലങ്ങളിലേക്കും ഒറ്റ പേരുള്ള പട്ടിക ഹൈക്കമാന്‍ഡിന് നല്‍കാന്‍ സംസ്ഥാന നേതൃത്വത്തില്‍ ധാരണയായി.

നിയമസഭാ ഉപതിരഞ്ഞെടുപ്പിനുള്ള സി.പി.എമ്മിന്റെ സ്ഥാനാര്‍ഥി നിര്‍ണയം അന്തിമമാക്കുക, യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ ചിത്രം തെളിഞ്ഞ ശേഷമായിരിക്കും. ചേലക്കരയിലും പാലക്കാടും സ്ഥാനാര്‍ഥികളെ ഏറക്കുറെ പാര്‍ട്ടി അന്തിമമാക്കിയിട്ടുണ്ടെങ്കിലും യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ ചിത്രം വ്യക്തമായിട്ട് മതി പ്രഖ്യാപനം എന്നാണ് സി.പി.എമ്മിന്റെ നിലപാട്.

ബോംബ് ഭീഷണിയെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം കാനഡയില്‍ ഇറക്കി. ന്യൂഡല്‍ഹിയില്‍ നിന്ന് ഷിക്കാഗോയിലേക്ക് പുറപ്പെട്ട എഐ127 വിമാനത്തിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതിനെ തുടർന്ന് വിമാനം വഴിതിരിച്ച് കാനഡയിലെ ഇഖാലുയറ്റ് വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു. ഓണ്‍ലൈനിലാണ് ബോംബ് സന്ദേശം ലഭിച്ചത്.

സുരക്ഷാ പ്രോട്ടോകോള്‍ അനുസരിച്ച് വിമാനത്തെയും യാത്രക്കാരേയും വീണ്ടും പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് യാത്ര തുടര്‍ന്നത്. വിമാനത്താവളത്തിലെ ഏജന്‍സികളും പരിശോധനയ്ക്ക് സഹായിച്ചു. പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല.

കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തിനും ബോംബ് ഭീഷണി ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് വിമാനം ഡല്‍ഹിയില്‍ അടയന്തരമായി ഇറക്കേണ്ടിവന്നു. മുംബൈ വിമാനത്താവളത്തില്‍ നിന്ന് ന്യൂയോര്‍ക്കിലെ ജെ.എഫ്.കെ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട എഐ 119വിമാനത്തിനാണ് ഭീഷണി ലഭിച്ചത്.

സെപ്റ്റംബറില്‍ ജബല്‍പുര്‍-ഹൈദരാബാദ് ഇന്‍ഡിഗോ വിമാനവും ബോംബ് ഭീഷണിയെ തുടര്‍ന്ന് വഴി തിരിച്ചുവിടേണ്ടി വന്നു. എന്നാല്‍ പരിശോധനയില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല.

RECENT POSTS
Copyright © . All rights reserved