ഒരു മാസം നീളുന്ന ലോക്ഡൗണ്‍ ലംഘിച്ചാല്‍ വെടിവെച്ച് കൊല്ലുമെന്ന് ഫിലിപ്പൈന്‍ പ്രസിഡന്റ് റൊഡ്രിഗോ ഡ്യൂട്ടേര്‍ടിന്റെ മുന്നറിയിപ്പ്. കൊറോണ വ്യാപനം തടയുന്നതിനായാണ് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. രാജ്യത്തെ പോലീസിനും സൈന്യത്തിനും ഇതു സംബന്ധിച്ച ഉത്തരവ് നല്‍കിയിട്ടുണ്ടെന്ന് ഫിലിപ്പൈന്‍ പ്രസിഡന്റ് പറഞ്ഞു. ഫിലിപ്പൈന്‍സില്‍ ഇതുവരെയായി 2311 പേര്‍ക്കാണ് കൊറോണവൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. 100 ഓളം പേര്‍ ഇതിനോടകം മരിച്ചു.
‘ആരാണോ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്, ആരായാലും എല്ലാവര്‍ക്കും ഇതൊരു മുന്നറിയിപ്പാണ്. ഈ സമയം സര്‍ക്കാരിനെ അനുസരിക്കേണ്ടതുണ്ട്. കാരണം ഇതൊരു ഗുരുതരമായ സമയമാണ്.’ ബുധനാഴ്ച രാത്രി വൈകി രാജ്യത്തെ അഭിസംബോധന ചെയ്തുക്കൊണ്ട് റൊഡ്രിഗോ ഡ്യൂട്ടേര്‍ട് പറഞ്ഞു.
ആരോഗ്യ പ്രവര്‍ത്തകരേയും ഡോക്ടര്‍മാരേയും ഏതെങ്കിലും രീതിയില്‍ ഉപദ്രവിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. ആരെങ്കിലും പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചാല്‍ സൈന്യത്തിനും പോലീസിനും എന്റെ ഉത്തരവുണ്ട്. അത്തരക്കാരുടെ ജീവിതം അപകടത്തിലാകും. അവിടെ വെച്ച് തന്നെ വെടിവെച്ച് കൊല്ലുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിനെ ഭീഷണിപ്പെടുത്താനോ വെല്ലുവിളിക്കാനോ നിന്നാല്‍ നിങ്ങള്‍ പരാജയപ്പെടുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. രണ്ടാഴ്ചയിലേറെയായി ഫിലിപ്പൈന്‍സില്‍ ലോക്ഡൗണ്‍ ആരംഭിച്ചിട്ട്. ഇതിനിടെ കഴിഞ്ഞ ദിവസങ്ങളില്‍ ഭക്ഷണവും ദുരിതാശ്വാസ സാമഗ്രികളും ലഭിക്കുന്നില്ലെന്നാരോപിച്ച് മനിലയിലെ ക്യൂസോണ്‍ സിറ്റിയിലെ ചേരിനിവാസികള്‍ റോഡുകളിലിറങ്ങി പ്രതിഷേധം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റൊഡ്രിഗോ ഡ്യൂട്ടേര്‍ട് രാജ്യത്തെ അഭിസംബോധന ചെയ്തുക്കൊണ്ട് മുന്നറിയിപ്പ് നല്‍കിയത്.
ലോകമെങ്ങുമുള്ളവര്‍ കൊറോണ വൈറസ് ഭീതിയില്‍ ഇതിനെ തടയാന്‍ പലരില്‍ നിന്നും സമൂഹിക അകലം പാലിക്കുകയാണ്. ഇത്തരത്തില്‍ അമിതമായ പേടി ചിലപ്പോള്‍ പലരെയും ക്രിമനലുകളുമാക്കുന്നു. അത്തരമൊരു വാര്‍ത്തയാണ് ഇറ്റലിയില്‍ നിന്നും കേള്‍ക്കുന്നത്.
ഇറ്റലിയിലെ സിസിലിയില്‍ നഴ്സായ കാമുകന്‍ ഡോക്ടറായ കാമുകിയെ കഴുഞ്ഞു ഞെരിച്ചു കൊലപ്പെടുത്തിയത് കോവിഡ് ഭീതിയിലാണ്. കാമുകി തനിക്ക് കോവിഡ് വൈറസ് നല്‍കിയ എന്നാരോപിച്ചാണ് കാമുകന്‍ ഗേള്‍ഫ്രണ്ടിനെ കഴുത്തു ഞെരിച്ചു കൊന്നത്. അതേസമയം ഇരുവരുടെയും കോവിഡ് പരിശോധനാ ഫലം പുറത്തുവന്നപ്പോള്‍ രണ്ട് പേരും നെഗറ്റീവായിരുന്നു.
സിസിലിയിലെ മെസ്സിനയില്‍ ജോലി ചെയ്യുന്ന വനിതാ ഡോക്ടറാണ് ദാരുണമായി കാമുകന്റെ കൈകളാല്‍ കൊല്ലപ്പെട്ടത്. ലൊറേന ക്വാറന്റെ എന്ന 27 വയസുകാരിയുടെ കൊലപാതകത്തില്‍ കാമുകന്‍ അന്റോണിയോ ഡീ പീസ് അറസ്റ്റിലായി. പൊലീസ് എത്തിയപ്പോഴാണ് കാമുകി തനിക്ക് കോറോണ വൈറസ് പരത്തിയെന്ന ഭീതിയിലാണ് താന്‍ കൃത്യം ചെയ്തതെന്ന് അന്റോണിയെ വെളിപ്പെടുത്തിയത്.
കോവിഡ് സംശയം കാമുകന്‍ രേഖപ്പെടുത്തിയതോടെ പൊലീസ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തിയാണ് തുടര്‍ന്നുള്ള കാര്യങ്ങള്‍ ചെയ്തത്. പൊലീസ് എത്തുമ്പോള്‍ അന്റോണിയ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
അതേസമയം ലൊറേന കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് 41 ഇറ്റാലിയന്‍ ഡോക്ടര്‍മാര്‍ കോവിഡ് ബാധിച്ച് മരിച്ചതില്‍ ദുഃഖം രേഖപ്പെടുത്തി ഫേസ്ബുക്കില്‍പോസ്റ്റിട്ടിരുന്നു. വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ അഭാവം മൂലമാണ് ഇവര്‍ മരണപ്പെട്ടതെന്ന കുറ്റപ്പെടുത്തലും മരിച്ച ഡോക്ടറുടെ പോസ്റ്റില്‍ ഉണ്ടായിരുന്നു. കുടുംബത്തെയും സമൂഹത്തെയു രാജ്യത്തെയും സ്നേഹിക്കുക എന്നു അവള്‍ ഇതില്‍ കുറിച്ചിരുന്നു.
ഇരിട്ടി ആറളം കീഴ്പള്ളിയില്‍ പനിബാധിച്ച് മരിച്ച ബാലികയ്ക്ക് കൊറോണയില്ലെന്ന് തെളിഞ്ഞു. ഇടവേലിയിലെ അഞ്ജനയുടെ സ്രവ പരിശോധന ഫലമാണ് നെഗറ്റീവായത്. മൃതദേഹ പരിശോധനക്ക് ശേഷം നാട്ടിലെത്തിച്ച ഭൗതിക ശരീരം സംസ്‌ക്കരിച്ചു. കീഴ്പ്പള്ളി ഇടവേലിയിലെ കുമ്പത്തി രഞ്ജിത്തിന്റേയും സുനിതയുടെയും മകള്‍ അഞ്ചുവയസ്സുകാരി അഞ്ജന കഴിഞ്ഞ ദിവസമാണ് പനി ബാധിച്ച് മരിച്ചത് .
പനിയെ തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചയോടെ അഞ്ജനയെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വിദഗ്ധ പരിശോധനയ്ക്കായി പരിയാരം കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നതിന് ഇടയിലാണ് മരണം സംഭവിച്ചത് .
ചൊവ്വാഴ്ച ഉച്ചവരെ വീട്ടുമുറ്റത്ത് കളിച്ചിരുന്ന കുട്ടി പെട്ടെന്നാണ് രോഗബാധിതയായത്. ഇതോടെ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംശയ ദൂരീകരണത്തിന്റെ ഭാഗമായി കുട്ടിയുടെ സ്രവം ഉള്‍പ്പെടെ പരിശോധിക്കുന്നതിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയായിരുന്നു.
സ്രവ പരിശോധനാ ഫലം നെഗറ്റീവ് ആയതോടെ മൃതദേഹ പരിശോധനകള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തുടര്‍ന്ന് നാട്ടില്‍ എത്തിച്ച് സംസ്‌കരിക്കുകയായിരുന്നു.
ജോർജ് സാമുവേൽ
ഇനി ഇതുപോലൊരു അവധി കിട്ടണമെന്നില്ല. അതിനാൽ തന്നെ എല്ലാ ജോലിക്കാരും തങ്ങളുടെ കുടുംബങ്ങളോടൊത്ത് ലോക്ക് ഡൗൺ കാലം ആഘോഷമാക്കുകയാണ്. അത് വളരെ ആസ്വദിക്കുന്നുമുണ്ട്. എന്നാൽ ഈ ആസ്വാദനങ്ങൾക്കിടയിൽ ഞെരിഞ്ഞമരുന്ന ചില ജീവിത യാഥാർഥ്യങ്ങളെ ചിലപ്പോഴെങ്കിലും നാം മറന്നു പോകുന്നുണ്ട്.
അന്നന്നത്തെ ആഹാരത്തിനായി ,ഉപജീവനത്തിനായി മണ്ണിൽ പണിയെടുത്തിരുന്ന പച്ചയായ മനുഷ്യന്റെ കണ്ണീരു വീണു ലോക്ക് ഡൗണിൽ സ്വപ്നങ്ങൾ തുരുമ്പെടുത്തു തുടങ്ങിയിരിക്കുന്നു. മൂന്നു നേരത്തെ ആഹാരത്തിനായി പൊള്ളുന്ന വെയിലത്ത് വിയർപ്പു തുള്ളികളിൽ ജീവിതം മുന്നോട്ടു നീക്കിയ മനുഷ്യൻ ഇന്ന് ഒന്നും ചെയ്യാനാവാത് നിസ്സഹായകനായിരിയ്ക്കുന്നു .
ലോക്ക് ഡൗൺ കടകൾക്ക് മാത്രമല്ല പൂട്ടിട്ടത് . പാടവും കൃഷിയിടങ്ങളും വാഹനങ്ങളുടെ ചക്രവും എന്തിനു ജീവിത ചക്രം പോലും പൂട്ടി താക്കോൽ കീശയിൽ വച്ചിരിക്കുന്നു. ഇതെല്ലാം സ്വന്തമാക്കിയ കോവിഡ് 19, ലോകരാജ്യങ്ങളുടെ പുതിയ തമ്പ്രാൻ ആയി സ്വയം വിലസുമ്പോൾ സമ്പാദ്യത്തിന്റെ താക്കോൽ സ്വന്തം കീശയിൽ ഉള്ളവർക്ക് ഇത് വെറുമൊരു അവധിക്കാലം മാത്രം. സ്വന്തം കുടുംബത്തോടൊപ്പം മനോഹരമായ സെൽഫികൾക്കും, തമാശകൾക്കും നേരംപോക്കിനും വേണ്ടിയുള്ള ഒരു ഇടവേള. എന്നാൽ അന്നന്നത്തെ അന്നത്തിനു വേണ്ടി പണിയെടുത്തിരുന്ന ഓരോ മനുഷ്യനും ഇന്ന് ഇതൊരു വിരമിക്കൽ തന്നെയാണോ എന്ന സംശയത്തിലാണ്. ഭക്ഷണം, വെള്ളം തുടങ്ങിയ അടിയന്തിര ആവശ്യങ്ങൾക്ക് പണം തന്നെ വേണം. വേനൽ കടുക്കുന്നതോടെ ജലക്ഷാമവും രൂക്ഷമാകുകയാണ്.അടുപ്പ് പുകയുന്നതിനു പകരം നീറിപ്പുകയുന്ന മനസ്സുമായി കഴിയുകയാണ് ഏറെ ജീവിതങ്ങളും. ലോകം ഈ അവസ്ഥയിൽ ആയതിനാൽ ഉരൽ ചെന്ന് മദ്ദളത്തോടു പറയുന്ന പോലെയിരിക്കും ഈ കാര്യങ്ങൾ മറ്റുള്ളവരോട് പങ്കു വെച്ചാൽ. എന്നിരുന്നാലും സർക്കാർ നൽകുന്ന സേവനങ്ങൾ കിട്ടിത്തുടങ്ങിയിരിക്കുമ്പോൾ മരുഭൂമിയിൽ വീണ മഴതുള്ളികളുടെ അനുഭൂതിയിൽ കുറച്ചു ദിവസങ്ങൾ തള്ളി നീക്കാമെന്നു പ്രതീക്ഷിക്കുന്നവരും ഉണ്ട്.
എങ്കിലും അടിത്തൂൺ പറ്റിയെന്നു കരുതുന്ന ജീവിതത്തിൽ നിന്നും കരകയറാൻ ഇനി എത്ര നാൾ വേണ്ടി വരുമെന്നോ എന്തെല്ലാം പ്രയാസങ്ങൾ നേരിടേണ്ടി വരുമെന്നോ അറിയാതെ മുന്നോട്ട് പോകുകയാണ്. പ്രതീക്ഷയുടെ നല്ല നാളെകൾക്കായി, കൈപ്പാർന്നതെങ്കിലും രുചിയോടെ മുന്നോട്ട് കൊണ്ട് പോകുകയാണ് പല ജീവിതങ്ങളും. സർക്കാരും ആരോഗ്യവകുപ്പും നൽകുന്ന മുന്നറിയിപ്പുകൾ അവഗണിക്കാതെ തന്നെ.
കോവിഡ് – 19 പടർന്നു പിടിച്ച സാഹചര്യത്തിൽ റിസർവ് ബാങ്ക് വിവിധതരം വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു. പക്ഷെ വായ്പയെടുത്തവർ അതാതു ബാങ്കുകളുമായി ബന്ധപ്പെട്ട് ബാങ്കുകളെങ്ങനെയാണ് ഈ മോറട്ടോറിയം നടപ്പിലാക്കുന്നത് എന്ന് അറിഞ്ഞിരിക്കണം . ഈ അവസരത്തിൽ വിവിധ തരം വായ്പകളെടുത്തവരെ കാത്തിരിക്കുന്നത് മൂന്നുമാസത്തേയ്ക്ക് വായ്പ അടച്ചില്ലെങ്കിൽ തിരിച്ചടവിനോടൊപ്പം മൂന്നു മാസത്തെ പലിശയും ആണ്. അതായത് മൂന്നു മാസത്തെ പലിശയും കൂടെ കൂട്ടിയുള്ള വായ്പ പിന്നെയും തുടരേണ്ടിവരും. അങ്ങനെ ചിന്തിക്കുമ്പോൾ വായ്പയെടുത്തവരെ സംബന്ധിച്ചിടത്തോളം തിരിച്ചടയ്ക്കാൻ പറ്റുമെങ്കിൽ മുടക്കമില്ലാതെ വായ്പകൾ അടഞ്ഞു പോകുന്നതായിരിക്കും ഉചിതം. തിരിച്ചടയ്ക്കാൻ പറ്റുമെങ്കിൽ മുടക്കമില്ലാതെ വായ്പകൾ അടഞ്ഞു പോകുന്നതായിരിക്കും നല്ലത്. അല്ലെങ്കിൽ നമ്മളെ കാത്തിരിക്കുന്നത് കൊറോണ കാലത്തിനു മുൻപുള്ളതിനേക്കാൾ കൂടിയ കടബാധ്യതകൾ ആയിരിക്കും.
ബാങ്ക് വായ്പകള്‍ക്ക് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച മൊറട്ടോറിയം ഏതു രീതിയില്‍ നടപ്പാക്കണമെന്നതു സംബന്ധിച്ച് മിക്ക ബാങ്കുകളും മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു കഴിഞ്ഞു. ഉപയോക്താക്കള്‍ക്കു തന്നെ ഇതുസംബന്ധിച്ചു തീരുമാനമെടുക്കാനുള്ള അവകാശമാണു ബാങ്കുകൾ നല്‍കിയിരിക്കുന്നത്. വായ്പകള്‍ ഇപ്പോള്‍ തുടരുന്നതു പോലെ അടയ്ക്കുന്നവര്‍ക്ക് ആ രീതി തുടരാം. എന്നാല്‍ തിരിച്ചടവിനു മൂന്നു മാസത്തെ സാവകാശം വേണ്ടവര്‍ക്ക് അപേക്ഷ നല്‍കി ഇളവ് നേടാന്‍ കഴിയും.
എന്നാല്‍ ചാടിക്കയറി സാവകാശത്തിന് അപേക്ഷിക്കും മുന്‍പ്് അതത് ബാങ്കുകളുമായി ബന്ധപ്പെട്ട് ഇതു സംബന്ധിച്ച് കൃത്യമായുള്ള വിവരങ്ങള്‍ അറിഞ്ഞിരിക്കണം. മൂന്നു മാസത്തെ സാവകാശം ലഭിക്കുമ്പോള്‍ ആ കാലയളവിലെ പലിശ ബാങ്കുകള്‍ ഈടാക്കുക തന്നെ ചെയ്യും. എസ്ബിഐ, https://sbi.co.in/stopemi എന്ന ലിങ്കില്‍ ഇക്കാര്യം കൃത്യമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നീട്ടിവയ്ക്കലിന്റെ അനന്തരഫലം എന്തൊക്കെയാകുമെന്ന് ബാങ്ക് കൃത്യമായി വിശദീകരിക്കുന്നു.
∙ 54 മാസം കൂടി തിരിച്ചടവു കാലാവധിയുള്ള ആറു ലക്ഷം രൂപയുടെ വാഹനവായ്പയ്ക്ക് അധികമായി നല്‍കേണ്ടിവരുന്ന പലിശ ഏകദേശം 19,000 രൂപയാണ്. അതായത് ഒന്നര മാസത്തെ ഇഎംഐയ്ക്കു തുല്യം.
∙ 15 വര്‍ഷം തിരിച്ചടവു കാലാവധിയുള്ള 30 ലക്ഷം രൂപയുടെ ഭവനവായ്പയ്ക്ക് 2.34 ലക്ഷം രൂപ അധിക പലിശ നല്‍കേണ്ടിവരും. ഏകദേശം എട്ട് ഇഎംഐയ്ക്ക് തുല്യം വരുന്ന തുക.
2020 മാര്‍ച്ച് 1-ന് നിലവിലുള്ള എല്ലാ തിരിച്ചടവുകള്‍ക്കുമാണ് മൂന്നു മാസത്തെ സാവകാശം ലഭിക്കുന്നത്. നിശ്ചിത കാലാവധിയില്‍, അടച്ചുതീര്‍ക്കേണ്ടുന്ന വായ്പകള്‍ക്കും (ടേം ലോണ്‍) സ്വര്‍ണപ്പണയവായ്പ പോലെ ഒന്നിച്ചു തിരിച്ചടയ്ക്കുന്ന വായ്പകള്‍ക്കും ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവിനും ഉള്‍പ്പെടെ മൊറട്ടോറിയം ബാധകമാണ്. മുതലിന്റെയും പലിശയുടെയും തിരിച്ചടവ് ഒഴിവാക്കുകയല്ല. മൂന്നു മാസം അധിക സമയം കിട്ടുകയാണു ചെയ്യുന്നത്. കാലാവധി വായ്പകളില്‍ തിരിച്ചടവു കാലാവധി മൂന്നു മാസം കൂടി നീളും.
01-03-2020 മുതല്‍ 31-05-2020 വരെയുള്ള കാലയളവില്‍ തിരിച്ചടയ്‌ക്കേണ്ട ടേം ലോണിന്റെ തവണയും പലിശ/ഇഎംഐയും മൂന്നു മാസത്തേക്കു മാറ്റിവയ്ക്കുമെന്ന് എസ്ബിഐ അറിയിച്ചു. തിരിച്ചടവില്‍ സാവകാശം ആവശ്യമില്ലാത്ത ഉപയോക്താക്കള്‍ ഒന്നും ചെയ്യേണ്ടതില്ല. പതിവു പോലെ വായ്പ തിരിച്ചടയ്ക്കാന്‍ അവര്‍ക്കു കഴിയും. അതേസമയം തിരിച്ചടവിനു മൂന്നു മാസം സാവകാശം വേണ്ടവര്‍ ബാങ്കിന്റെ https://sbi.co.in/stopemi എന്ന ലിങ്ക് സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കണം. മുമ്പ് അടച്ച തവണ തിരിച്ചുവേണ്ടവര്‍ക്കും ഇത്തരത്തില്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഏഴു പ്രവൃത്തിദിവസം വേണ്ടിവരുമെന്നാണ് എസ്ബിഐ അറിയിപ്പ്.
ബാങ്ക്, പ്രാദേശിക ഗ്രാമീണ ബാങ്ക്, സഹകരണബാങ്ക്, ബാങ്ക് ഇതര ധനസ്ഥാപനം (എന്‍ബിഎഫ്‌സി), ചെറുകിട ധനകാര്യ ബാങ്ക്, ഭവന വായ്പാ കമ്പനി, മൈക്രോ ഫിനാന്‍സ് തുടങ്ങി എല്ലാ വായ്പാവിതരണ സ്ഥാപനങ്ങള്‍ക്കും മൊറട്ടോറിയം ബാധകമാണ്. മൊറട്ടോറിയം കാലാവധിയില്‍ തിരിച്ചടവു മുടക്കുന്നത് ഡിഫോള്‍ട്ട് അയി പരിഗണിക്കില്ല എന്നതാണ് ഉപയോക്താവിനെ സംബന്ധിച്ചുള്ള ഗുണം.
വായ്പ തിരിച്ചടവിനുള്ള മൊറട്ടോറിയവും പലിശയടവു മാറ്റിവയ്ക്കുന്നതും കോവിഡ് പ്രതിസന്ധി മറികടക്കാന്‍ ഇടപാടുകാര്‍ക്കു ലഭ്യമാക്കുന്ന സൗകര്യമെന്നു റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെ ഇടപാടുകാര്‍ക്കു തിരിച്ചടവിനുള്ള പ്രയാസമെന്നു വിലയിരുത്തി വായ്പ വ്യവസ്ഥകളില്‍ മാറ്റം വരുത്താന്‍ ബാങ്കുകള്‍ക്ക് അനുവാദമില്ല; തിരിച്ചടവു മുടങ്ങിയതായി കണക്കാക്കി കിട്ടാക്കട ഗണത്തില്‍ പെടുത്തുന്നതുള്‍പ്പെടെയുള്ള നടപടികളുണ്ടാവില്ല. സിബില്‍ പോലെയുളള ക്രെഡിറ്റ് ഇന്‍ഫമേഷന്‍ ഏജന്‍സികള്‍ ക്രെഡിറ്റ് സ്‌കോര്‍ തയാറാക്കുമ്പോള്‍ ഇത് കണക്കിലെടുക്കുകയുമില്ല.
ക്രിക്കറ്റില്‍ ഡക്ക്‌വര്‍ത്ത്-ലൂയിസ്-സ്റ്റേണ്‍ നിയമത്തിന്റെ ഉപജ്ഞാതാക്കളില്‍ ഒരാളായ 78 കാരനായ ടോണി ലൂയിസ് അന്തരിച്ചു. ഇംഗ്ലണ്ട് ആന്റ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡാണ് അദ്ദേഹത്തിന്റെ മരണ വിവരം അറിയിച്ചത്. 2010-ല്‍ ക്രിക്കറ്റിനും ഗണിതശാസ്ത്രത്തിനും നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് 2010-ല്‍ ലൂയിസിന് എം.ബി.ഇ (മെമ്പര്‍ ഓഫ് ദ ഓര്‍ഡര്‍ ഓഫ് ദ ബ്രിട്ടീഷ് എമ്പയര്‍) ബഹുമതി ലഭിച്ചിരുന്നു.
1997-ലാണ് ബ്രിട്ടീഷ് ഗണിതശാസ്ത്രജ്ഞനായ പ്രൊഫ. ടോണി ലൂയിസും സ്റ്റാറ്റിസ്റ്റിഷ്യനായ ഫ്രാങ്ക് ഡക്ക്വര്‍ത്തും ചേര്‍ന്ന് മഴമൂലം തടസപ്പെടുത്ത മത്സരങ്ങളില്‍ വിജയലക്ഷ്യം പുനര്‍നിശ്ചയിക്കാന്‍ ഉപയോഗിക്കുന്ന ഡക്ക്വര്‍ത്ത് – ലൂയിസ് രീതി ആവിഷ്‌ക്കരിച്ചത്. 1999-ല്‍ ഈ രീതി ഐ.സി.സി അംഗീകരിച്ചു. പിന്നീട് 2014-ല്‍ പ്രൊഫസര്‍ സ്റ്റീവന്‍ സ്റ്റേണ്‍ ഈ നിയമത്തില്‍ ചില മാറ്റങ്ങള്‍ നിര്‍ദേശിക്കുകയും അത് അംഗീകരിക്കപ്പെടുകയും ചെയ്തതോടെ മഴനിയമത്തില്‍ അദ്ദേഹത്തിന്‍ പേരുകൂടി ചേര്‍ക്കപ്പെട്ടു. ഇതോടെ ഈ നിയമം ഡക്ക്വര്‍ത്ത്-ലൂയിസ്-സ്റ്റേണ്‍ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. 2014 ലാണ് ഈ നിയമം ആദ്യമായി ഉപയോഗിക്കുന്നത് ഓസ്‌ട്രേലിയ -ന്യൂസിലാന്‍ഡ് ലോകകപ്പ് മത്സരത്തിലായിരുന്നു ഇത്. പിന്നീട് പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഈ നിയമത്തിന് ഏറെ വിമര്‍ശനം നേരിട്ടിരുന്നു.
1992-ലെ ദക്ഷിണാഫ്രിക്ക – ഇംഗ്ലണ്ട് ലോകകപ്പ് സെമി ഫൈനല്‍ മത്സരമാണ് ഇത്തരമൊരു നിയമത്തെ കുറിച്ച് ഐസിസിയെ ചിന്തിപ്പിച്ചത്. 1992 മാര്‍ച്ച് 22-ന് സിഡ്നിയില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 45 ഓവറില്‍ 252 റണ്‍സെടുത്തു. ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ്ങിനിടെ മഴയെത്തി. ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ 13 പന്തില്‍ 22 റണ്‍സ് വേണമെന്നിരിക്കെ കളി തുടരാന്‍ ബുദ്ധിമുട്ടാണെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഗ്രഹാം ഗൂച്ച് അറിയിച്ചതനുസരിച്ച് അമ്പയര്‍മാര്‍ മത്സരം നിര്‍ത്തിവെച്ചു. മഴമാറി മത്സരം തുടങ്ങിയപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് ഒരു പന്തില്‍ 21 റണ്‍സായിരുന്നു. സ്വാഭാവികമായും അവര്‍ മത്സരം തോറ്റു. ഇതോടെ മഴ തടസപ്പെടുത്തുന്ന മത്സരങ്ങളില്‍ വിജയലക്ഷ്യം പുനര്‍നിശ്ചയിക്കാന്‍ കുറക്കുകൂടി ശാസ്ത്രീയമായ രീതി വേണമെന്ന ആവശ്യം ശക്തമായത്.
കോവിഡ് -19 പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ഒളിംപിക്സ് അടുത്ത വര്‍ഷത്തേക്ക് മാറ്റി വെച്ചിരിക്കുകയാണ്. കായിക മേഖല ആകെ നിശ്ചലമായ സാഹചര്യത്തില്‍ ഇന്ത്യയുടെ ബോക്‌സിംഗ് താരം മേരി കോം പ്രതികരിക്കുകയാണ്. ഒളിംപിക്സില്‍ സ്വര്‍ണം നേടാതെ തന്റെ പോരാട്ടം അവസാനിപ്പിക്കില്ലെന്നാണ് മേരി കോം വ്യക്തമാക്കുന്നത്. 37 കാരിയായ താരം തന്റെ രണ്ടാമത്തെ ഒളിംപിക്സിനായുള്ള കഠിന പരിശീലനത്തിലാണ്. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഫേസ്ബുക്ക് ലൈവ് സെഷനുവേണ്ടി ‘മേക്കിംഗ് ഓഫ് എ ചാമ്പ്യന്‍’ എന്ന വിഷയത്തില്‍ മേരി കോം പറഞ്ഞു.
ഒളിംപിക്സിലായാലും ലോക ചാമ്പ്യന്‍ഷിപ്പിലായാലും ജയിച്ച് കയറാന്‍ എന്റെ പക്കല്‍ രഹസ്യ മന്ത്രങ്ങളൊന്നുമില്ല. ഒളിംപിക്സില്‍ സ്വര്‍ണം നേടുന്നത് വരെ ഞാന്‍ എന്റെ പോരാട്ടം അവസാനിപ്പിക്കില്ല, മേരി കോം വ്യക്തമാക്കി. വീട്ടില്‍ ക്വാരന്റീനിലാണെങ്കിലും പരിശീലനം തുടരുകയാണ് ഞാന്‍. ലക്ഷ്യത്തിലേക്ക് എത്താന്‍ എത്രമാത്രം ഫിറ്റ്നസ് കൈവരിക്കാന്‍ സാധിക്കുമോ അത്രമാത്രം നേടിയെടുക്കാനാണ് എന്റെ ശ്രമം. വീട്ടില്‍ ചിലപ്പോള്‍ അതെല്ലാം പ്രയാസം നേരിടുന്നുണ്ട്. എങ്കിലും കുടുംബത്തോടൊപ്പമുള്ള സമയം ആസ്വദിക്കുകയാണ്, കോവിഡ് 19നെ തുടര്‍ന്ന് ഒളിംപിക്സ് അടുത്ത വര്‍ഷത്തേക്ക് മാറ്റി വെച്ചതില്‍ നിരാശയുണ്ടെങ്കിലും തന്റെ പോരാട്ടവീര്യത്തെ അത് ഇല്ലാതാക്കുന്നില്ലെന്ന് മേരി കോം പറഞ്ഞു. ഒളിംപിക്സില്‍ ഇന്ത്യക്ക് വേണ്ടി സ്വര്‍ണം നേടുക എന്നതാണ് എന്റെ സ്വപ്നം. അതുകൊണ്ടാണ് ഈ പ്രായത്തിലും ഞാന്‍ കഠിനാധ്വാനം ചെയ്യുന്നത് മേരി കോം പറഞ്ഞു.
‘വിജയത്തിനായി എനിക്ക് മന്ത്രങ്ങളൊന്നുമില്ല. കഠിനാധ്വാനം ചെയ്യുക, നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളോട് സത്യസന്ധത പുലര്‍ത്തുക, അത്രയേയുള്ളൂ. ഉയര്‍ച്ച താഴ്ചകള്‍ എല്ലായ്‌പ്പോഴും ഉണ്ട്, പക്ഷേ നിങ്ങളുടെ സ്വപ്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ‘എന്റെ ബോക്‌സിംഗ് യാത്രകള്‍ എളുപ്പമായിരുന്നില്ല. ദേശീയ, അന്തര്‍ദേശീയ, ഒളിമ്പിക് തലങ്ങളില്‍ എത്തുക എളുപ്പമല്ല. എന്നാല്‍ നിങ്ങള്‍ക്ക് ഇച്ഛാശക്തിയുണ്ടെങ്കില്‍ ജീവിതത്തില്‍ നേട്ടം കൈവരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് കഴിയും,’ അവര്‍ കൂട്ടിച്ചേര്‍ത്തു. ‘എന്റെ ആദ്യകാല ജീവിതം വളരെ ബുദ്ധിമുട്ടായിരുന്നു. ഒരു ദരിദ്ര കുടുംബത്തില്‍ നിന്ന് വരുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. എനിക്ക് ബുദ്ധിമുട്ടുകള്‍ വിശദീകരിക്കാന്‍ കഴിയില്ല. അത് ഓര്‍ക്കാന്‍ പോലും ഞാന്‍ ആഗ്രഹിക്കുന്നില്ല.’ കഴിഞ്ഞ മാസം ആദ്യം ജോര്‍ദാനിലെ ഏഷ്യന്‍ ഒളിമ്പിക് ക്വാളിഫയറില്‍ നിന്ന് മടങ്ങിയെത്തിയ രാജ്യസഭാ എംപി കൂടിയായ മേരി കോം ക്വാറന്റൈന്‍ പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന് റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ജോര്‍ദാനിലെ അമ്മാനില്‍ നടന്ന ഏഷ്യ-ഓഷ്യാനിയ ഒളിമ്പിക് യോഗ്യതാ മത്സരങ്ങളില്‍ പങ്കെടുത്ത മേരി കോം മാര്‍ച്ച് 13 ന് നാട്ടിലേക്ക് മടങ്ങിയിരുന്നു കുറഞ്ഞത് 14 ദിവസമെങ്കിലും മേരി കോം സ്വയം ഒറ്റപ്പെട്ടു കഴിയേണ്ടതായിരുന്നു. എന്നാല്‍, മാര്‍ച്ച് 18 ന് രാഷ്ട്രപതി ഭവനില്‍ പ്രസിഡന്റ് രാം നാഥ് കോവിന്ദ് നല്‍കിയ പ്രഭാതഭക്ഷണത്തില്‍ മേരി കോം പങ്കെടുത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവെച്ച വിരുന്നിന്റെ ചിത്രത്തില്‍ മറ്റു എം.പിമാര്‍ക്കൊപ്പം മേരികോമും ഉണ്ടായിരുന്നു. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള എം.പിമാര്‍ക്ക് രാഷ്ട്രപതി ഒരുക്കിയ വിരുന്നില്‍ നിന്നുള്ള ചിത്രങ്ങള്‍’ എന്ന കുറിപ്പോടെയാണ് ഈ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
സ്റ്റാര്‍ വാര്‍സ് പരമ്പരകളിലൂടെ പ്രശസ്തനായ ബ്രിട്ടീഷ് നടന്‍ ആന്‍ഡ്രു ജാക്ക് അന്തരിച്ചു. കോവിഡ് ബാധയെ തുടര്‍ന്നായിരുന്നു 76 കാരനായ ജാക്കിന്റെ അന്ത്യം. താരത്തിന്റെ ഏജന്റ് ജില്‍ മക്കല്ലഫ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കൊറോണ ബാധിതനായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ജാക് ഇംഗ്ലണ്ടിലെ സറേയിലെ ഒരു ആശുപത്രിയില്‍ വച്ച് ചൊവ്വാഴ്ച്ചയായിരുന്നു മരിച്ചത്.
ജാക്കിന്റെ ഭാര്യയും കൊറോണ ബാധിതയായി ഓസ്‌ട്രേലിയയില്‍ ക്വാറന്റൈനില്‍ ആണ്. അവസാനമായി ഭാര്യയെ കാണാനുള്ള ആഗ്രഹം സാധ്യമാകാതെയാണ് ജാക്ക് യാത്രയായതെന്നു ജില്‍ പറഞ്ഞു. ന്യൂസിലന്‍ഡിലായിരുന്ന ജാക്കിന്റെ ഭാര്യ അദ്ദേഹത്തെ കാണാനായി വരുമ്പോഴായിരുന്നു ഓസ്‌ട്രേലിയയില്‍ വച്ച് ക്വാറന്റൈന്‍ ചെയ്യപ്പെടുന്നത്. അവസാന സമയത്ത് ജാക്കിന് ഭാര്യയുമായി ഫോണില്‍ സംസാരിക്കാന്‍ പോലും അവസരം കിട്ടിയില്ല. നിലവിലെ അവസ്ഥയില്‍ ജാക്കിന്റെ സംസ്‌കാര ചടങ്ങിലും ഭാര്യയ്ക്ക് പങ്കെടുക്കാന്‍ കഴിയില്ല.
സ്റ്റാര്‍ വാര്‍സ് പരമ്പരയിലെ ഏഴാമത്തെയും എട്ടാമത്തെയും ചിത്രങ്ങളായ The Force Awakens , The Last Jedi എന്നിവയില്‍ മേജര്‍ എമ്മറ്റ് എന്ന കഥാപാത്രത്ത അവതരിപ്പിച്ചാണ് ജാക്ക് ലോകമെമ്പാടും ആരാധാകരെ സ്വന്തമാക്കിയത്. ഗാര്‍ഡിയന്‍സ് ഓഫ് ദ ഗ്യാലക്‌സി, ദ ലോര്‍് ഓഫ് ദി റിംഗ്‌സ് തുടങ്ങിയ ലോകപ്രശസ്ത ചിത്രങ്ങളില്‍ ഭാഷ പരിശീലകനായും ജാക് പ്രവര്‍ത്തിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം റിലീസ് ചെയ്യാന്‍ തയ്യാറെടുക്കുന്ന ദി ബാറ്റ്മാന്‍ എന്ന ചിത്രത്തിലായിരുന്നു ജാക് അവസനമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്.
കൊവിഡ് 19 (കൊറോണ) വൈറസ് വ്യാപനം തടയാനായി ഏര്‍പ്പെടുത്തിയ രാജ്യവ്യാപക ലോക്ക് ഡൗണ്‍ ഏപ്രില്‍ 15ന് പൂര്‍ത്തിയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിംഗ് ചര്‍ച്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ലോക്ക് ഡൗണ്‍ പിന്‍വലിക്കുമ്പോളുള്ള പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കണം. ഭ്രാന്തമായ തിരക്കുകള്‍ എല്ലായിടത്തും ഒഴിവാക്കാന്‍ കഴിയണമെന്നും പ്രധാനമന്ത്രി പറഞ്ഞു. മാര്‍ച്ച് 23ന് രാത്രി എട്ട് മണിക്ക് ടെലിവിഷനില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി അര്‍ദ്ധരാത്രി മുതല്‍ 21 ദിവസത്തേയ്ക്ക് രാജ്യവ്യാപക ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയായിരുന്നു.
ലോക്ക് ഡൗണ്‍ അവസാനിച്ചതിന് ശേഷവും കൊവിഡ് തടയാനുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം. മാസ്ക് ധരിക്കുക, വൃത്തിയും സാമൂഹ്യ അകലവും പാലിക്കുക. പാക്കേജുകൾ പ്രഖ്യാപിക്കുന്നതിൽ മത്സരിക്കേണ്ട കാര്യമില്ല. കൊറോണയെ നേരിടാൻ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുക. ഈ പോരാട്ടം എത്ര ദിവസം നീണ്ടുനിൽക്കുമെന്ന് പറയാനാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ആരോഗ്യപ്രവർത്തകരും പൊലീസും സർക്കാരും മാത്രം വിചാരിച്ചാൽ കൊറോണ വൈറസിനെ തോൽപ്പിക്കാനാകില്ല. എല്ലാവരും ഈ പോരാട്ടത്തിൽ പങ്കാളികളാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളിൽ വിശ്വസിക്കുന്നവർ മനുഷ്യരാശിയുടെ പൊതുശത്രുവിനെ നേരിടാൻ ഒരുമിച്ചുനിൽക്കണം.
രാജ്യത്ത് കൊവിഡ് 19 മരണ സംഖ്യ ഇന്ന് രാവിലെ 50 ആയി. 24 മണിക്കൂറില്‍ 12 മരണമാണ് ഉണ്ടായത്. കൊവിഡ് ബാധിച്ചവരുടെ എണ്ണം 1965 ആയി. കൊവിഡ് 19നുമായി ബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി മോദി മുഖ്യമന്ത്രിമാരുമായി വീഡിയോകോണ്‍ഫറന്‍സിംഗ് നടത്തിയത്.
2011 ലോകകപ്പ് ഫൈനലിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയുടെ വിന്നിങ് സിക്സിനെ പ്രകീര്‍ത്തിച്ച ആരാധകര്‍ക്ക് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിന്റെ മറുപടി. ലോകകപ്പ് ജയത്തിന്റെ വാര്‍ഷികദിനമായ വ്യാഴാഴ്ച ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോ ധോണിയുടെ വിന്നിംഗ് സിക്സിന്റെ ചിത്രം സഹിതം ട്വീറ്റ് ചെയ്തിരുന്നു. ഇതിന് മുറപടിയുമായാണ് ഗംഭീര്‍ എത്തിയത്. ‘ഒന്നോര്‍ക്കുക 2011 ലോകകപ്പ് ജയിച്ചത് ഇന്ത്യന്‍ ടീം ഒന്നടങ്കവും സപ്പോര്‍ട്ട് സ്റ്റാഫും ചേര്‍ന്നാണ്. ഒരു സിക്സിനോടുള്ള നിങ്ങളുടെ സ്നേഹം വല്ലാണ്ട് കൂടുന്നുണ്ട്’, ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചു.
28 വര്‍ഷങ്ങള്‍ക്കു ശേഷം 2011-ല്‍ ഇന്ത്യ ലോകകപ്പ് വിജയിച്ചതിന്റെ ഒമ്പതാം വാര്‍ഷിക ദിനത്തിലാണ് ഗംഭീര്‍ ട്വിറ്ററില്‍ പ്രതികരണവുമായി രംഗത്തെത്തിയത്. 2011-ല്‍ ശ്രീലങ്കയെ തോല്‍പ്പിച്ച് ഇന്ത്യ വിജയിച്ച മത്സരത്തിലെ ഏറ്റവും മികച്ച കാഴ്ചകളിലൊന്ന് മത്സരം ജയിപ്പിച്ച ധോണിയുടെ സിക്സായിരുന്നുവെന്നാണ് ആരാകരും പറയുന്നത്.
ഇതിന് മറുപടിയായാണ് ഗംഭീര്‍ ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോയെ ടാഗ് ചെയ്ത് ട്വിറ്ററില്‍ രംഗത്തെത്തിയത്. 2007 ട്വന്റി 20 ലോകകപ്പ് ഫൈനലിലും 2011 ലോകകപ്പ് ഫൈനലിലും ഇന്ത്യയ്ക്കായി മികച്ച ബാറ്റിങ് പുറത്തെടുത്ത താരമാണ് ഗംഭീര്‍. പാകിസ്താനെതിരായ 2007 ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ അര്‍ധ സെഞ്ചുറി നേടിയ ഗംഭീര്‍ 2011 ലോകകപ്പ് ഫൈനലില്‍ സെഞ്ചുറിക്ക് വെറും മൂന്നു റണ്‍സകലെ വെച്ചാണ് പുറത്തായത്. ടീമിന് ഒരു കൂട്ടുകെട്ട് ആവശ്യമുള്ള ഘട്ടത്തില്‍ ധോണിക്കൊപ്പം ക്രീസില്‍ ഉറച്ചുനിന്നതും ഗംഭീറായിരുന്നു.