Latest News

പിറന്ന മണ്ണിൽ ഒരു മേൽക്കൂര ഒരുക്കുവാൻ… കുടുംബത്തിലെ എല്ലാവരെയും കൈപിടിച്ചു ഉയർത്തുവാൻ.. ജീവിതകാലം മുഴുവൻ കഷ്ടപ്പെട്ട മാതാപിതാക്കൾക്ക് ഒരു താങ്ങാവാൻ… ഭാരിച്ച ഉത്തരവാദിത്വങ്ങളും പേറി ഇറങ്ങി പുറപ്പെട്ടവരാണ് മലയാളികളിൽ കൂടുതലും. അങ്ങനെ ഒരുപാട് സ്വപ്നങ്ങളുമായി ആഫ്രിക്കയിലെ ഘാനയില്‍ എത്തി അകാലത്തില്‍ വിടപറഞ്ഞ ഫറോക്കുകാരന്‍ ബാലുവിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ഭാര്യ നീതുവിനെയും ഏക മകള്‍ രുദ്രലക്ഷ്മിയെയും ഘാനയില്‍ തനിച്ചാക്കി ബാലു മണ്ണോടു ചേര്‍ന്നു. കൊറോണ വൈറസ് വ്യാപനം നിമിത്തം മൃതദേഹം നാട്ടിലേക്കു കൊണ്ടുവരാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് അവിടെത്തന്നെ സംസ്‌കരിച്ചത്. വ്യാഴാഴ്ച ( 30/04/2020) ഘാനയിലെ OSU ഫ്യൂണറൽ സെന്ററിൽ വച്ചാണ് സംസ്‌കാരം നടന്നത്.

ലോകത്തിനെ പല രാജ്യങ്ങളിലും ഉള്ള പവാസികളുടെ നാട്ടിലേക്കുള്ള മടക്കയാത്ര പോലെ ഈ അമ്മയുടെയും കുഞ്ഞിന്റെയും നാട്ടിലേക്കുള്ള മടക്കത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ നീതുവും മകളും ഘാനയില്‍ തന്നെ തുടരുകയാണ്. സമ്പൂര്‍ണ പിന്തുണയുമായി ഘാന ഇന്ത്യൻ മലയാളി അസോസിയേഷൻ ( GIMA ) പ്രവര്‍ത്തകര്‍ ഒപ്പമുള്ളതാണ് ഏക ധൈര്യം.

ഒറ്റപ്പെടലിന്റെ ആഴങ്ങളിലേക്ക് നീതു വീണുപോയിട്ട് ദിവസങ്ങളായി. ഘാനയിലെത്തുമ്പോള്‍ കൈകോര്‍ത്തുപിടിച്ചിരുന്ന പ്രിയതമന്‍ ഇപ്പോഴില്ല. അരികില്‍ ആറുവയസ്സുകാരി മകള്‍ രുദ്രലക്ഷ്മി ഒന്നും അറിയാതെ നില്‍ക്കുന്നു. നാട്ടില്‍ എന്ത് ചെയ്യണം എന്നറിയാതെ നീതുവിന്റെ അച്ഛനുമമ്മയും.  ബാലു (40) ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്. മലയാളികള്‍ അധികമില്ലാത്ത ഘാനയില്‍ ഓട്ടമൊബീല്‍ വര്‍ക്‌ഷോപ്പ് നടത്തുകയായിരുന്നു ബാലു. ആറുമാസം മുന്‍പാണ് നീതു ബാലുവിന്റെ അടുത്തേക്ക് എത്തുന്നത്. ഒരുമിച്ച് ജീവിതം തുടങ്ങി അധിക നാളുകളാവും മുന്‍പേ ബാലു മരണത്തിന് കീഴടങ്ങി.

ഭര്‍ത്താവിന്റെ മരണവും കോവിഡ് ഭീതിയും ഉണ്ടാക്കിയ അരക്ഷിതാവസ്ഥയിലാണ് നീതുവും മകളും. അപരിചിതമായ നാട്ടില്‍ ഭര്‍ത്താവ് നഷ്ടപ്പെട്ടതോടെ സംസാരിക്കാന്‍ പോലുമാവാത്ത അവസ്ഥയിലാണു നീതുവെന്ന് ബാലുവിന്റെ സുഹൃത്തുക്കള്‍ പറയുന്നു. പലപ്പോഴും നീതു നിയന്ത്രണം വിട്ട് പൊട്ടിക്കരയുന്നു… പ്രിയതമന്റെ മരണത്തെ ഉൾക്കൊള്ളുവാൻ ഇതുവരെ നീതുവിന് സാധിച്ചിട്ടില്ല … എന്താണ് പറയുന്നത് എന്നുപോലും പലപ്പോഴും തിരിച്ചറിയുന്നില്ല.. കേൾക്കുന്നവരുടെ ഹൃദയം തകരുന്ന അവസ്ഥ. അച്ഛനെന്താണ് സംഭവിച്ചതെന്ന് മകള്‍ രുദ്രാലക്ഷ്മിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല. അമ്മയുടെ സങ്കടത്തിന്റെ കാരണവുമറിയില്ല.

നീതുവിനെയും മകളെയും അക്രയിലെ മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഒരു ഫ്‌ലാറ്റില്‍ താമസിപ്പിച്ചിരിക്കുകയാണ്. കോവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ താമസസ്ഥലത്തിന് അടുത്തുള്ള ആശുപത്രികള്‍ എല്ലാം നിറഞ്ഞു കവിഞ്ഞതുകൊണ്ട് ബാലുവിന്റെ മൃതദേഹം സൂക്ഷിക്കാനുള്ള സ്ഥലം പോലും നീതുവിനു കിട്ടിയിരുന്നില്ല. ഒടുവില്‍ ഘാന ഇന്ത്യൻ മലയാളി അസോസിയേഷൻ (GIMA) പ്രവര്‍ത്തകരും സുഹൃത്തുക്കളും ചേര്‍ന്ന് 40 കിലോമീറ്റര്‍ അകലെയാണു മൃതദേഹം സൂക്ഷിച്ചത്.

കോഴിക്കോട് ഫറോക്ക് അടുത്തുള്ള നല്ലൂര്‍ ആണ് ബാലുവിന്റെ വീട്. അവസാനമായി മകനെ ഒരു നോക്ക് കാണാന്‍ പോലുമാവാത്ത സങ്കടത്തില്‍ അമ്മ മീരയും അച്ഛന്‍ ദേവദാസും. കെഎസ്ആര്‍ടിസി ജീവനക്കാരനായിരുന്ന അച്ഛന്‍ ദേവദാസ് പക്ഷാഘാതം വന്നു കിടപ്പിലാണ്. ചേലേമ്പ്ര തോട്ടശ്ശേരി സുബ്രഹ്മണ്യന്റെയും ഉദയ റാണിയുടെയും മകളാണ് നീതു. വിമാനസര്‍വീസുകള്‍ ഒന്നും ഇല്ലാത്തതിനാല്‍ എത്രനാള്‍ അപരിചിതമായ സ്ഥലത്ത് മകള്‍ക്കൊപ്പം നില്‍ക്കേണ്ടി വരുമെന്നു നീതുവിന് അറിയില്ല.

സാമ്പത്തിക പ്രശ്‌നങ്ങളും അലട്ടുന്നുണ്ട്. മറ്റ് നിവൃത്തിയില്ലാത്തതു കൊണ്ടാണു ഘാനയില്‍ തന്നെ ബാലുവിന്റെ സംസ്‌കാരം നടത്താന്‍ തീരുമാനിച്ചത്. ഒറ്റപ്പെട്ടു കഴിയുന്ന നീതുവിനെയും മകളെയും നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ബാലുവിന്റെ സുഹൃത്തുക്കള്‍ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഉള്‍പ്പെടെ കത്തുകള്‍ അയച്ചിട്ടുണ്ട്. ആയിരക്കണക്കിന് പ്രവാസികൾ മറുനാട്ടിൽ നരകിക്കുന്ന അവസ്ഥ…. ഭരണാധികാരികൾ കണ്ണ് തുറക്കുന്നതിനായി കാത്തിരിക്കുന്നു… പിറന്ന മണ്ണിൽ എത്താൻ എന്ന് സാധിക്കും എന്ന ശങ്കയോടെ…

കൊറോണ വൈറസ് ബാധിച്ച് ന്യൂയോര്‍ക്കില്‍ എട്ട് വയസ്സുകാരന് ദാരുണാന്ത്യം. കോട്ടയം സൗത്ത് പാമ്പാടി സ്വദേശി അദ്വൈതാണ് മരിച്ചത്.

ന്യൂയോര്‍ക്കില്‍ നഴ്‌സുമാരായി ജോലി ചെയ്തിരുന്ന ദീപയുടെയും സുനീഷ് സുകുമാരന്റെയും മകനാണ് അദ്വൈത്. ദീപയ്ക്കും സുനീഷിനും ജോലി ചെയ്യുന്നതിനിടെ കൊറോണ ബാധിച്ചിരുന്നെങ്കിലും പിന്നീട് ചികിത്സിച്ച് ഭേദമായിരുന്നു.

അമേരിക്കയില്‍ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലല്ലാത്ത എല്ലാവരോടും വീട്ടില്‍ ഹോം ക്വാറന്റൈനില്‍ തുടരാനാണ് നിര്‍ദേശിക്കാറുള്ളത്. ഇവരില്‍ നിന്നാകാം കുട്ടിയ്ക്കും രോഗം പകര്‍ന്നതെന്നാണ് സൂചന.

രോഗം ഗുരുതരമായതിനെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എട്ട് വയസ്സുകാരനായ അദ്വൈത് രണ്ടാം ക്ലാസിലാണ് പഠിച്ചിരുന്നത്. ഒരു സഹോദരനുണ്ട്.

കേരളം ഉള്‍പ്പടെയുള്ള ആശുപത്രികള്‍ക്ക് മുകളില്‍ പുഷ്പവൃഷ്ടിയും നാവിക സേന കപ്പലുകള്‍ ലൈറ്റ് തെളിയിച്ചും കൊവിഡ് പോരാളികള്‍ക്ക് ആദരവ് അറിയിച്ച് ഇന്ത്യന്‍ സൈന്യം. സംഭവത്തിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. ശ്രീനഗര്‍ മുതല്‍ തിരുവനന്തപുരം വരെയും ദിബ്രുഗഡ് മുതല്‍ കച്ച് വരെയുമുള്ള പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് കൊണ്ടാണ് വിമാനങ്ങള്‍ പറന്നുയര്‍ന്നത്.

കൊറോണ വൈറസ് രോഗികള്‍ക്ക് ചികിത്സ നല്‍കുന്ന ആശുപത്രികള്‍ക്ക് മുകളിലൂടെ ഇവ പറന്നാണ് കൊവിഡിനെതിരേ പൊരുതുന്ന ആരോഗ്യപ്രവര്‍ത്തകരോടുള്ള ആദരസൂചകമായി ആശുപത്രികള്‍ക്കു മുകളില്‍ പുഷ്പവൃഷ്ടി നടത്തിയത്. വ്യോമസേനയുടെ ട്രാന്‍സ്പോര്‍ട്ട് വിമാനങ്ങളും മിഗ് യുദ്ധ വിമാനങ്ങളും ഫ്ലൈപാസ്റ്റില്‍ പങ്കെടുക്കുന്നുണ്ട്.

സേനയുടെ ബാന്‍ഡ് മേളവും വിവിധയിടങ്ങളില്‍ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ആദരസൂചകമായി നാവിക സേന കപ്പലുകള്‍ ദീപാലംകൃതമാക്കുകയും ചെയ്തു. കൂടാതെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സിഡിഎസ്) ജനറല്‍ ബിപിന്‍ റാവത്ത് നേരത്തെ പ്രഖ്യാപിച്ച പ്രകാരം ഇന്ത്യന്‍ വ്യോമസേനയുടെ (ഐഎഎഫ്) യുദ്ധവിമാനങ്ങളും യാത്രാ വിമാനങ്ങളും ഞായറാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് പറക്കും.

ഫ്ലൈപാസ്റ്റിനെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു. വിവിധയിടങ്ങളില്‍ പുഷ്പ വൃഷ്ടി നടത്തി. രാവിലെ 9നും 10നുമിടക്ക് അഹമ്മദാബാദിലെയും ഗാന്ധിനഗറിലെയും ആശുപത്രികള്‍ക്കു മുകളിലാണ് വ്യോമ സേനയുടെ പുഷ്പവൃഷ്ടി. ഇറ്റാനഗര്‍, ഗുവാഹട്ടി, ഷില്ലോങ്, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ 10.30നാണ് വ്യോമ സേന പുഷ്പവൃഷ്ടി നടത്തുക. കൊറോണക്കെതിരേയുള്ള ആരോഗ്യരംഗത്തെയും പോലീസിലെയും പോരാളികള്‍ക്ക് വ്യോമ സേന ഗുവാഹട്ടിയില്‍ ബാന്‍ഡ് മേളവും നടത്തും.

ഉത്തര്‍പ്രദേശില്‍ 10.15നും 10.30നുമിടക്കാണ് പുഷ്പവൃഷ്ടി. ഡല്‍ഹിയില്‍ 10നും 11നുമിടക്ക് വിമാനങ്ങള്‍ പറക്കും. കേരളത്തില്‍ തിരുവനന്തപുരം മെഡിക്കല്‍കോളേജിനും ജനറല്‍ ആശുപത്രിക്കും മുകളിലാണ് വ്യോമസേനയുടെ പുഷ്പവൃഷ്ടി നടത്തുക.

സ്വകാര്യ ചാനലിലെ ചന്ദനമഴ എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മിനിസ്‌ക്രീൻ താരം മേഘ്ന വിൻസെന്റ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിവാഹ മോചന വാർത്തയാണ് ലോക്ക് ഡൗൺ കാലത്ത് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

2017 ഏപ്രിൽ മുപ്പതിനായിരുന്നു മേഘ്നയും ബിസിനസ്സുകാരനായ ഡോണും തമ്മിലുള്ള വിവാഹം. എന്നാൽ ലോകം ഒരു കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ ഇത്തരം അനാവശ്യ ചർച്ചകൾ എന്തിനാണ് സൃഷ്ടിക്കുന്നത് എന്നാണ് ഡോൺ ചോദിക്കുന്നത്.

ഞങ്ങൾ വിവാഹ മോചിതരായി എന്നത് സത്യമാണ്. 2019 ഒക്ടോബർ അവസാന വാരമാണ് ഞങ്ങൾ നിയമപ്രകാരം പിരിഞ്ഞത്. ഇപ്പോൾ 8 മാസമായി. പരസ്പര സമ്മതത്തോടെ, പ്രശ്നങ്ങൾ പറഞ്ഞു തീർത്ത്, ഇനി മുതൽ രണ്ടു വഴിയിൽ സഞ്ചരിക്കാം എന്നു തീരുമാനിക്കുകയായിരുന്നുവെന്നും ഡോൺ പറയുന്നു.

ലോകം കോവിഡ് 19 ഭീതിയിൽ കഴിയുമ്പോൾ അനാവശ്യമായി വാർത്തകളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടതിൽ വിഷമമുണ്ടെന്ന് ഡോൺ പറയുന്നു. ഞങ്ങൾ 2018 മുതൽ പിരിഞ്ഞു താമസിക്കുകയാണ്. ഒരു വർഷത്തിനു ശേഷം നിയമപ്രകാരം പിരിയുകയും ചെയ്തു. ഇത്ര സംഭവമാക്കേണ്ടതായി അതിൽ ഒന്നുമില്ല. എങ്കിലും ഇപ്പോൾ ഈ വാർത്ത എവിടെ നിന്നു പൊങ്ങി വന്നു എന്നറിയില്ല.

എന്തായാലും ഇപ്പോൾ ഇത്തരം ചർച്ചകൾക്ക് പറ്റിയ കാലമല്ലല്ലോ. ഡോൺ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ആണ് മേഘ്‌ന വിവാഹമോചിയായി എന്ന വാർത്തയും ഡോൺ വീണ്ടും വിവാഹം കഴിക്കാൻ ഒരുങ്ങുന്നു എന്ന വാർത്തയും പുറത്തുവന്നത്.

പാലക്കാട്: പിഞ്ചു കുഞ്ഞുങ്ങളെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം യുവതി വീട്ടില്‍ തൂങ്ങിമരിച്ചു. കുഴല്‍മന്ദം, പല്ലഞ്ചാത്തനൂര്‍ കേനംകാട് മഹേഷിന്റെ ഭാര്യ കൃഷ്ണകുമാരി (25), മകന്‍ ആഗ്‌നേഷ് (5), ആറുമാസം പ്രായമുള്ള മകള്‍ ആഗ്‌നേയ എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടത്. കെട്ടിട നിര്‍മാണത്തൊഴിലാളിയായ മഹേഷ് ജോലിക്കു പോയിരുന്നു.

രണ്ടാമത്തെ കുഞ്ഞിന്റെ പ്രസവത്തോടെ കൃഷ്ണകുമാരിക്കു മാനസിക പ്രശ്നങ്ങളുണ്ടായതായി മഹേഷ് പറഞ്ഞു. ഇതിനു ചികിത്സ നടത്തുന്നതായും ബന്ധുക്കള്‍ പറയുന്നു. പ്രസവത്തിനായി കൃഷ്ണകുമാരിയുടെ വീട്ടിലേക്കു പോയ ഇവര്‍ 2 ദിവസം മുന്‍പാണു ഭര്‍തൃവീട്ടിലെത്തിയത്. ഉച്ച ഭക്ഷണത്തിനായി വിട്ടിലെത്തിയപ്പോഴാണ് ആഗ്നേഷിനെ കിടക്കയിലും ആഗ്നേയയെ തൊട്ടിലിലും മരിച്ച നിലയിലും കൃഷ്ണകുമാരിയെ വീടിന്റെ കഴുക്കോലില്‍ തൂങ്ങിയ നിലയിലും കണ്ടത്. മുറിയില്‍ റൊട്ടി, ശീതളപാനീ‍യം, കുപ്പി എന്നിവ കണ്ടെത്തി. ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്ന് സ്ഥലം സന്ദര്‍ശിച്ച പാലക്കാട് ഡിവൈ.എസ്.പി ഷാജി എബ്രഹാം പറഞ്ഞു.

തിരുവനന്തപുരം ബാർ അസോസിയേഷൻ സെക്രട്ടറിയായ അഭിഭാഷകനെതിരെ ട്രിപ്പിൾ ലോക്ക്ഡൗൺ ലംഘിച്ചതിനെതിരെ കേസ്. ക്രിമിനല്‍ അഭിഭാഷകനായ വള്ളക്കടവ് ജി മുരളീധരനെതിരെയാണ് കൊല്ലം ചാത്തന്നൂര്‍ പൊലീസ് കേസെടുത്തത്. ലോക്ഡൗൺ നിയന്ത്രണം ലംഘിച്ച് വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയ അഭിഭാഷകനെ ആരോഗ്യ വകുപ്പ് വനിതാ സുഹൃത്തിന്റെ വീട്ടില്‍ തന്നെ നിരീക്ഷണത്തിലാക്കി. വനിതാ സുഹൃത്തിന്റെ ഭർത്താവ് കോട്ടയത്ത് ബന്ധുവിന്റെ മരണത്തിനു പോയ ശേഷം അവിടെ ഗൃഹനിരീക്ഷണത്തിലാണ്.

ലോക്ഡൗൺ നിയന്ത്രണം ലംഘിച്ചതിനു കേസെടുത്ത പൊലീസ് കാറും കസ്റ്റഡിയിലെടുത്തു. ബന്ധുവീടാണെന്നും കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ചാത്തന്നൂരില്‍ എത്തിയതെന്നുമാണ് അഭിഭാഷകന്റെ മൊഴി. കേസ് സംബന്ധമായ ആവശ്യത്തിന് കൊല്ലത്തേക്ക് പോകുന്നു എന്നു പറഞ്ഞാണ് ഇയാൾ ജില്ലാ അതിർത്തി കടന്നതെന്നാണ് സൂചന. ചാത്തന്നൂര്‍ പഞ്ചായത്തില്‍ അഞ്ചുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നിരോധനാജ്ഞയും ട്രിപ്പിള്‍ ലോക്ഡൗണും നടപ്പിലാക്കിയിരുന്നു. കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലും തിരുവനന്തപുരം രജിസ്ട്രേഷനിലുള്ള കാറ് പ്രദേശത്തെ ഒരു വീട്ടില്‍ രാത്രിയില്‍ പതിവായി വന്നുപോകുന്നത് നാട്ടുകാര്‍ ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി. കലക്ടറിത് ചാത്തന്നൂർ പൊലിസിനെയും ആരോഗ്യവകുപ്പിനെയും അറിയിച്ചു. ഉദ്യോഗസ്ഥരെത്തി അഭിഭാഷകനോട് വനിതാ സുഹൃത്തിന്റെ വീട്ടില്‍ തന്നെ നിരീക്ഷണത്തിൽ കഴിയാൻ നിര്‍ദേശിച്ചു.

തെന്നിന്ത്യന്‍ സിനിമയിലെ പ്രമുഖ സംവിധായകന്‍ പി.കെ. രാജ്മോഹന്‍(47) അന്തരിച്ചു. ചെന്നൈയില്‍ കെ.കെ. നഗറിലെ വീട്ടില്‍ വച്ചാണ് അന്ത്യം. രാജ്മോഹന്‍ എന്നും സുഹൃത്തിന്റെ വീട്ടില്‍ പതിവായി ഉച്ചഭക്ഷണത്തിന് ചെല്ലാറുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തിനെ കാണാത്തതിനെ തുടര്‍ന്ന് സുഹൃത്ത് അന്വേഷിച്ചു വീട്ടില്‍ എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൊറോണ ആണോ എന്ന സംശയത്തില്‍ സംവിധായകന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ തയ്യാറായില്ലെന്നും റിപ്പോര്‍ട്ടുകൾ പുറത്ത് വരുന്നുണ്ട്. 2008ല്‍ പുറത്തിറങ്ങിയ ‘അഴൈപ്പിതഴ്’ എന്ന ചിത്രത്തിന്റെ സംവിധായകനാണ്. കേദായം എന്ന ചിത്രത്തിന്റെ പണിപ്പുരയില്‍ ആയിരുന്നു അദ്ദേഹം. ഈ സമയത്താണ് ലോക്ഡൌണ്‍ പ്രഖ്യാപിക്കപ്പെട്ടത്.

അതേസമയം ചെന്നൈയിലെ കോയന്‍പേട് മാര്‍ക്കറ്റില്‍ നിന്ന് ഇതുവരെ 81 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആന്ധ്രാപ്രദേശിലും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. തമിഴ്നാട്ടില്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമുള്ള ലോക്ഡൌണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിയ്ക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സീല്‍ ചെയ്യപ്പെട്ട മേഖകളിലും റെഡ് സോണുകളിലും കര്‍ശന നിയന്ത്രണങ്ങള്‍ തുടരും. നാട്ടിലേയ്ക്ക് പോകണമെന്നാവശ്യപ്പെട്ട് അതിഥി തൊഴിലാളികള്‍ ചെന്നൈയിലെ വിവിധ മേഖലകളില്‍ സംഘടിച്ചത്, സംഘര്‍ഷത്തിനിടയാക്കി. ഇക്കാര്യത്തില്‍ നോഡല്‍ ഓഫിസറെ നിയമിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ പ്രഖ്യാപനം വന്നതോടെയാണ് സമരം അവസാനിച്ചത്.

കര്‍ണാടകയില്‍ ഇന്നലെ രാത്രിയും ഇന്നുമായാണ് മൂന്ന് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ദേവനഗരയില്‍ രണ്ടു പേരും ബിഡാരിയില്‍ ഒരാളുമാണ് മരിച്ചത്. മരണസംഖ്യ 25 ആയി. സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആന്ധ്രാ പ്രദേശില്‍ ഇന്ന് 62 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

തെലങ്കാനയില്‍ ഇന്നലെ ആറ് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1044 ആണ് രോഗബാധിതര്‍. 464 പേര്‍ രോഗമുക്തരായി. 28 പേര്‍ മരിച്ചു. എട്ടുപേര്‍ക്ക് രോഗം ബാധിച്ച പുതുച്ചേരിയില്‍ അഞ്ചുപേര്‍ക്ക് രോഗം ഭേദമായി.

ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ൽ ര​ണ്ടു മ​ല​യാ​ളി​ക​ൾ കൂ​ടി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. വൈ​ദി​ക​നും എ​ട്ടു​വ​യ​സു​കാ​ര​നു​മാ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ അ​മേ​രി​ക്ക​യി​ൽ ഇ​ന്നു മ​രി​ച്ച​ മലയാളികളുടെ എ​ണ്ണം മൂ​ന്നാ​യി.

കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി ഫാ. ​എം. ജോ​ൺ മ​രി​ച്ച​ത് ഫി​ല​ഡ​ൽ​ഫി​യ​യി​ലാ​ണ്. മാ​ർ​ത്തോ​മ സ​ഭ​യി​ലെ വൈ​ദി​ക​നാ​യി​രു​ന്നു അ​ദ്ദേ​ഹം. ന്യൂ​യോ​ർ​ക്കി​ലാ​ണ് കോ​ട്ട​യം സ്വ​ദേ​ശി​യാ​യ എ​ട്ടു​വ​യ​സു​കാ​ര​ൻ അ​ദ്വൈ​തി​ന്‍റെ മ​ര​ണം.

നേ​ര​ത്തേ, കു​ണ്ട​റ സ്വ​ദേ​ശി ഗീ​വ​ർ​ഗീ​സ് പ​ണി​ക്ക​ർ ഫി​ല​ഡ​ൽ​ഫി​യ​യി​ൽ മ​രി​ച്ചി​രു​ന്നു. ഇ​തി​നി​ടെ, യു​എ​ഇ​യി​ൽ ഒ​രു മ​ല‍​യാ​ളി കൂ​ടി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ചാ​വ​ക്കാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഹ​നീ​ഫ​യാ​ണ് റാ​സ​ൽ​ഖൈ​മ​യി​ൽ​വ​ച്ച് മ​രി​ച്ച​ത്.

മിനിസ്‌ക്രീനിലൂടെ മലയാളിപ്രേക്ഷകരുടെ പ്രിയ താരമാണ് ശ്രീകല ശശിധരൻ. സീരിയലുകളിൽ നിറഞ്ഞുനിന്ന ശ്രീകല കഴിഞ്ഞ ഒരു വർഷമായി ഇടവേളയെടുത്ത് ഭർത്താവിനൊപ്പം യു.കെയിലാണ്. ലണ്ടനിൽ കോവിഡ് രൂക്ഷമായി തുടരുകയാണ്.

ഭർത്താവ് വിപിൻ ഐടി പ്രഫഷനലാണ്. ചേട്ടന്റെയും നാട് കണ്ണൂരാണ്. ഞങ്ങൾക്കൊരു മകനുണ്ട്. സാംവേദ്. ഇപ്പോൾ ഒന്നാം ക്‌ളാസിൽ പഠിക്കുന്നു.സീരിയലുകളുടെ ആസ്ഥാനം തിരുവനന്തപുരമായതു കൊണ്ട് ഞങ്ങൾ രണ്ടുവർഷം മുൻപ് അവിടെ ഒരു വില്ല വാങ്ങിച്ചു. പക്ഷേ അവിടെ അധികം താമസിക്കാൻ കഴിഞ്ഞില്ല. അപ്പോഴേക്കും ചേട്ടൻ ഓൺസൈറ്റ് വർക്കിനു യുകെയിലേക്ക് പോയി. അങ്ങനെ ഞാനും മോനും കൂടെപ്പോയി. 

നഗരത്തിൽ നിന്നും മാറിയുള്ള ഒരുൾപ്രദേശത്താണ് ഫ്ലാറ്റ്. നാട്ടിലെ പോലെയല്ല ഇവിടുത്തെ സംസ്കാരം. സ്വകാര്യതയ്ക്ക് വളരെ പ്രാധാന്യം കൊടുക്കുന്നവരാണ്. നമ്മുടെ സ്വന്തം ഫ്ലാറ്റിൽ പോലും അനാവശ്യമായി ഒച്ചയൊന്നും ഉണ്ടാക്കാൻ പാടില്ല. ഞാൻ വന്ന സമയത്ത് ഫ്ലാറ്റിൽ നൃത്തം അഭ്യസിച്ചിരുന്നു. അടുത്ത ദിവസം താഴെയുള്ളവർ വന്നു പരാതി പറഞ്ഞു.

ലണ്ടനിൽ കോവിഡ് 19 രൂക്ഷമാണ്. ആശുപത്രികളെല്ലാം നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. രോഗം വന്നാൽ വീട്ടിലിരിക്കുക, പാരസെറ്റമോൾ കഴിക്കുക..ഇതാണ് രീതി. രോഗം മൂർച്ഛിക്കുമ്പോൾ മാത്രമാണ് പലരും ആശുപത്രികളിൽ എത്തുക.

കേരളത്തിൽ വളരെ ഭംഗിയായി കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ നടക്കുന്നത് വാർത്തകളിലൂടെ കാണാറുണ്ട്. നാട് ഏറ്റവുമധികം മിസ് ചെയ്യുന്ന സമയമാണ്. ഫ്ലാറ്റിനുള്ളിൽ അടച്ചിരിപ്പാണ്. രാത്രിയാകുമ്പോൾ ആരും കാണാതെ ഫ്ലാറ്റിന്റെ കോമ്പൗണ്ടിലൂടെ കുറച്ചുനേരം വലംവയ്ക്കും. അത് മാത്രമാണ് ഒരാശ്വാസം. ഞങ്ങളുടെ അടുത്തൊന്നും അധികം മലയാളികളില്ല. കോവിഡ് എത്രയും വേഗം നിയന്ത്രവിധേയമാകണേ എന്നാണ് ഇപ്പോഴുള്ള പ്രാർഥന. എന്നിട്ടു വേണം നാട്ടിലേക്കുള്ള യാത്ര പ്ലാൻ ചെയ്യാൻ.

ഷിബു മാത്യൂ.
കൊറോണാ കാലത്ത് കേരളത്തിന്റെ സ്വന്തമെന്നവകാശപ്പെടുന്ന ഭക്ഷണങ്ങള്‍ ഉണ്ടാക്കുന്ന തിരക്കിലാണ് മലയാളി കുടുംബിനികള്‍. കേരളം വിട്ട് ലോകത്തിന്റെ പല ഭാഗങ്ങളില്‍ ജീവിത മാര്‍ഗ്ഗം തേടിപ്പൊയവര്‍ക്ക് കൊറൊണാ നല്‍കിയത് നഷ്ടങ്ങളുടെ കഥകള്‍ മാത്രമാണ്. ഉറ്റവരേയും ഉടയവരേയും ഒരു നോക്കു കാണാന്‍ പോലും സാധിക്കാത്ത അവസ്ഥയിലേയ്ക്ക് ഓരോ മലയാളിയും എത്തിക്കൊണ്ടിരിക്കുകയാണ്. പക്ഷേ, തളര്‍ന്നു നില്‍ക്കേണ്ട സമയമിതല്ലന്നും പ്രതിസന്ധികളെ നേരിടണമെന്നുള്ള തിരിച്ചറിവിലാണ് യുകെ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പ്രവാസ ജീവിതം നയിക്കുന്ന കുടുംബിനികള്‍. കൊറോണാ കാലത്ത് തങ്ങളുടെയും കുടുംബത്തിന്റെയും മാനസിക സമ്മര്‍ദ്ദം കുറയ്ക്കുവാനുള്ള പുതുവഴികള്‍ തേടുകയാണ് പ്രവാസ വനിതകള്‍.

പാചകം.
ആധുനികതയ്ക്ക് വഴിമാറി കൊടുത്ത പരമ്പരാഗതമായ കേരളത്തിന്റെ സ്വന്തം ഭക്ഷണം പാകം ചെയ്ത് ഒരു ഓര്‍മ്മ പുതുക്കല്‍. പൂര്‍വ്വീകര്‍ കഷ്ടപ്പെട്ട കേരളത്തിന് ദാരിദ്രത്തിന്റെ മുഖമുണ്ട്. അക്കാലത്ത് കേരളത്തില്‍ പാകം ചെയ്ത പല ഭക്ഷണങ്ങളും ഇന്നില്ല. ചൈനീസ് ഫുഡ് എന്നും ഇംഗ്ലീഷ് ഫുഡ് എന്നുമുള്ള വിളിപ്പേരില്‍ ന്യൂ ജനറേഷന്‍ കേരളത്തിന്റെ തനതായ രുചിക്ക് മങ്ങലേല്പിച്ചു എന്നത് സത്യം തന്നെ.

ലോക്ഡൗണ്‍ കാലത്ത് കേരളത്തിന് പുറത്തുള്ള ധാരാളം മലയാളികള്‍ വീടിനുള്ളില്‍ കഴിയുകയാണ്. എന്നാല്‍ ഈ സാഹചര്യം മുതലാക്കി നിരവധി പ്രവാസി കുടുംബിനികള്‍ മലയാളം യുകെയൊടൊത്ത് സ്വന്തം നാടിന്റെ നഷ്ടപ്പെട്ടു പോയ രുചികള്‍ സ്വന്തം കുടുംബത്തിലും ലോകത്തിന്റെ മുമ്പിലും പുനവതരിപ്പിക്കുന്നതിലുള്ള ഒരു ശ്രമത്തിലാണ്. ‘ഭാര്യ പറഞ്ഞു. അമ്മ അടുക്കളയിലാണന്ന് ‘ എന്ന പംക്തി കേരളത്തിന്റെ തനതായ രുചി ലോകത്തിന് പരിചയപ്പെടുത്താനാണ്.

കേരളത്തിനെ സംബസിച്ചിടത്തോളം, തിരുവതാംകൂര്‍, കൊച്ചി, മലബാര്‍ എന്നീ മൂന്ന് മേഖലകളിലും ഭക്ഷണങ്ങള്‍ക്ക് വെവ്വേറെ രുചിയാണ്. ഇതില്‍ തന്നെ എരിവും പുളിയും കൂടുതല്‍ വേണ്ടവരും വേണ്ടാത്തവരും, ഉപ്പ് അധികം വേണ്ടവരും വേണ്ടാത്തവരും,
നാളികേരമരച്ചത് ഇഷ്ടപ്പെടുന്നവരും അല്ലാത്തവരും, എന്ത് കിട്ടിയാലും കഴിക്കുന്നവരും ചില ശാഠ്യങ്ങള്‍ ഉള്ളവരുമൊക്കെയുണ്ട്. കേരളത്തിന്റെ തനതു രുചികളുടെ പ്രത്യേകത എന്ന് പറയുന്നത് ഉണ്ടാക്കുന്ന ചേരുവകളുടെ നല്ല ശതമാനവും സ്വന്തം പറമ്പില്‍ കൃഷി ചെയ്യുന്നതോ അല്ലെങ്കില്‍ കേരളത്തില്‍ തന്നെ ഉല്പാദിപ്പിക്കുന്നതോ ആയിരുന്നു എന്നതാണ് എടുത്ത് പറയേണ്ടത്.

കേരളത്തിന്റെ രുചി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന മലയാളി കുടുംബിനികള്‍ സ്വയം പരീക്ഷിച്ച് ഞങ്ങള്‍ക്കായ്ച്ചുതന്ന നാടന്‍ വിഭവങ്ങളും അത് ഉണ്ടാക്കുന്ന രീതിയും മലയാളം യുകെയില്‍ പ്രസിദ്ധീകരിക്കും.
മലയാളം യുകെയുടെ പ്രിയ വായനക്കാര്‍ക്ക് ഈ സംരഭത്തില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ അവസരമൊരുക്കുകയാണ്. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം.
നാടന്‍ ഭക്ഷണത്തിന്റെ റെസീപ്പികള്‍ നിങ്ങളുടെ ഫോട്ടോ സഹിതം ഞങ്ങള്‍ക്ക് ഇമെയില്‍ ചെയ്യുക.
Email [email protected]

Copyright © . All rights reserved