ലോകത്താകമാനം പടർന്ന് പിടിച്ച കൊറോണ വൈറസ് മൂലം ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം 6820 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 743 മരണമാണ് ഇറ്റലിയിൽ റിപ്പോർട്ട് ചെയ്തത്. ഇറാനിലും മരണസംഖ്യ 2000ത്തിനോട് അടുക്കുകയാണ്. ലോകത്ത് ആകെ ഇതുവരെ 422613 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. 18891 പേർ മരണപ്പെടുകയും ചെയ്തു.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മരണസംഖ്യ താഴ്ന്നത് ഇറ്റലിയിൽ പ്രതീക്ഷ നൽകിയിരുന്നെങ്കിലും ചൊവ്വാഴ്ച വീണ്ടും മരണനിരക്ക് കുതിക്കുകയായിരുന്നു. യഥാക്രമം 651ഉം 601ഉം ആയിരുന്നു ഞായർ, തിങ്കൾ ദിവസങ്ങളിൽ ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം. എന്നാൽ ചൊവ്വാഴ്ച ഇത് 743 ആയി വർധിച്ചത് ആരോഗ്യ പ്രവർത്തകരിൽ വീണ്ടും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. ഒരു ദിവസം ഏറ്റവും കൂടുതൽ ആളുകൾ മരിച്ച രണ്ടാമത്തെ ദിവസമായിരുന്നു ഇന്നലെ.
അതേസമയം അമേരിക്കയിലും മരണസംഖ്യ ഉയരുന്നു. ചൈനയ്ക്കും ഇറ്റലിക്കും ശേഷം ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള രാജ്യമാണ് അമേരിക്ക. ഈ സാഹചര്യത്തിൽ രാജ്യത്തിന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തി. കൊറോണ വൈറസിന്റെ അടുത്ത ആഘാത മേഖലയായി യുഎസ് മാറിയേക്കുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.
അമേരിക്കയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം അരലക്ഷം കഴിഞ്ഞു. 54,808 പേർക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. 775 പേർ അമേരിക്കയിൽ കൊറോണ വൈറസ് മൂലം മരിച്ചു. ഇന്നലെ മാത്രം 163 മരിച്ചതായാണ് കണക്കുകൾ പറയുന്നത്.
ഇന്ത്യയിലും ഇന്ന് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ കൊറോണ വൈറസ് മൂലം രാജ്യത്ത് മരിച്ചവരുടെ എണ്ണം 11 ആയി. തമിഴ് നാട്ടിലാണ് ഏറ്റവും ഒടുവിൽ ഒരാൾ മരിച്ചത്. രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 500 കടന്നിട്ടുണ്ട്. കോവിഡ്-19 വ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിന സമ്പൂർണ ലോക്ക്ഡൗണ്‍ അർധരാത്രി മുതൽ നിലവിൽ വന്നു. എല്ലാ സംസ്ഥാനങ്ങൾക്കും ഇത് ബാധകമാണ്.
ഏഴ് മാസത്തെ തടങ്കലിൽ നിന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും എൻസിപി നേതാവുമായ ഒമർ അബ്ദുല്ല ചൊവ്വാഴ്ചയാണ് മോചിതനായത്. അദ്ദേഹം പുറത്തിറങ്ങിയതിന് പുറകെ രാത്രി എട്ട് മണിക്ക് കോവിഡ് പ്രതിരോധ മാർഗങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് 21 ദിവസത്തെ സമ്പൂർണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. 21 ദിവസം വീടിനുള്ള അടച്ചു പൂട്ടിയിരിക്കുന്നതിനെ കുറിച്ച് ജനങ്ങൾ ഏറെ പരിഭ്രാന്തരാണ്. ഈ അവസരത്തിലാണ് ഒമർ അബ്ദുല്ലയുടെ പുതിയ ട്വീറ്റ്. അൽപ്പം നർമം കലർത്തിയാണ് അദ്ദേഹം കാര്യം അവതരിപ്പിച്ചിരിക്കുന്നത്.
“ക്വാറന്റൈൻ ദിനങ്ങളും ലോക്ക്ഡൗണുമെല്ലാം എങ്ങനെ അതിജീവിക്കാം എന്നതിൽ ആർക്കെങ്കിലും ടിപ്പോ ഉപദേശമോ വേണമെങ്കിൽ ചോദിക്കണം. എനിക്ക് മാസങ്ങളുടെ അനുഭവമുണ്ട്. അതേക്കുറിച്ച് ഒരു ബ്ലോഗ് തന്നെ എഴുതുന്നതായിരിക്കും,” എന്ന് ഒമർ ട്വിറ്ററിൽ കുറിച്ചു.
ഒമറിന്റെ നർമബോധത്തിന് കോട്ടം തട്ടിയിട്ടില്ല എന്നതിൽ സന്തോഷിക്കുന്നു എന്നാണ് ഇതിന് മറുപടിയായി ശശി തരൂരിന്റെ കമന്റ്.
ജമ്മു കശ്മീരിന് പ്രത്യേക അധികാരങ്ങള്‍ നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ ഒമര്‍ അബ്‌ദുല്ല തടവില്‍ കഴിയുകയായിരുന്നു. അദ്ദേഹത്തിനെതിരായ പൊതു സുരക്ഷാ നിയമം (പിഎസ്എ) ഉത്തരവ് ജമ്മു കശ്മീർ ഭരണകൂടം ചൊവ്വാഴ്ച റദ്ദാക്കിയിരുന്നു.
നേരത്തെ ഏഴ് മാസത്തെ വീട്ടുതടങ്കലിന് ശേഷം മാര്‍ച്ച് 13 ന് ഒമറിന്റെ പിതാവും മുന്‍മുഖ്യമന്ത്രിയുമായിരുന്ന ഫാറുഖ് അബ്‌ദുല്ലയെ ജമ്മു കശ്മീര്‍ ഭരണകൂടം മോചിപ്പിച്ചിരുന്നു. മറ്റൊരു മുന്‍ മുഖ്യന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി ഇപ്പോഴും തടങ്കലിലാണ്.
കോവിഡ് വ്യപനത്തിനെതിരായ നയങ്ങളില്‍ വെള്ളം ചേര്‍ത്ത് യുഎസ് പ്രസിഡന്‍റ്. ഈസ്റ്ററോടു കൂടി വിലക്കുകള്‍ നീങ്ങണമെന്നാണ് തന്‍റ താല്‍പര്യമെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. റോഡപകടങ്ങളോ പനി മരണങ്ങളോ ഒഴിവാക്കാന്‍ കടുത്ത നടപടികള്‍ സ്വീകരിക്കാറില്ലെന്ന് സ്വകാര്യചാനല്‍ പരിപാടിയില്‍ പ്രസിഡന്‍റ് അഭിപ്രായപ്പെട്ടു. പ്രസിഡന്‍റിന്‍റെ നിലപാടിനെതിരെ വിദഗ്ധര്‍ രംഗത്തെത്തി. അതേസമയം, കോവിഡ് വ്യാപനത്തിന്‍റെ അടുത്ത കേന്ദ്രം അമേരിക്കയെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
അതിനിടെ, ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 18,810 ആയി ഉയര്‍ന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 56 രാജ്യങ്ങളിലായി 2296 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതില്‍ 743 മരണവും ഇറ്റലിയിലാണ്. ഇതോടെ രാജ്യത്തെ ആകെ മരണം 6820 ആയി. സാമൂഹ്യവ്യാപനം ശക്തമായ സ്പെയിനിലും അമേരിക്കയിലും ഇറാനിലും ഫ്രാന്‍സിലും പുതിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരുപത്തിനാല് മണിക്കൂറിനിടെ അമേരിക്കയില്‍ 132 ഉം, സ്പെയിനില്‍ 497 ഉം രോഗികള്‍ മരിച്ചു. ലോകത്ത് ആകെ രോഗികളുടെ എണ്ണം 4,21,413 ആയി.
നൈജീരിയൻ സ്ട്രൈക്കർ ഇഫനോഫ് ജോർജ് കാറ് അപകടത്തിൽ കൊല്ലപ്പെട്ടു. നൈജീരിയൻ പ്രൊഫഷണൽ ഫുട്ബോൾ ലീഗ് കൊറോണ കാരണം നിർത്തിയതിനാൽ കളിക്കാർക്ക് വീട്ടിലേക്ക് മടങ്ങാൻ ക്ലബുകൾ നിർദ്ദേശം നൽകിയിരുന്നു. വീട്ടിലേക്കുള്ള മടക്കയാത്രയിൽ ആണ് ജോർജ്ജ് അപകടത്തിൽ പെട്ടത്. 26 വയസ്സായിരുന്നു .
നൈജീരിയൻ ക്ലബായ എനുഗു റേഞ്ചേഴ്സിന്റെ സ്ട്രൈക്കറാണ് ഇഫെനയ് ജോർജ്ജ്. താരത്തിന് നടുവേദന ഉള്ളതിനാൽ ഡ്രൈവ് ചെയ്യരുത് എന്ന് ക്ലബ് പ്രത്യേകം നിർദ്ദേശം നൽകിയതായിരുന്നു. ഇത് അവഗണിച്ചതും അപകടത്തിന് കാരണമായി. കഴിഞ്ഞ സി എ എഫ് കോൺഫെഡറേഷൻ കപ്പിൽ എനുഗു റേഞ്ചേഴ്സിനു വേണ്ടി എട്ടു മത്സരങ്ങളിൽ നിന്ന് നാലു ഗോളുകൾ നേടാൻ ജോർജ്ജിനായിരുന്നു. നൈജീരിയൻ ഫുട്ബോൾ ലോകത്ത് വലിയ ഞെട്ടൽ ഈ അപകട വാർത്ത ഉണ്ടാക്കിയിട്ടുണ്ട്.
സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് ബിവറേജസ് ഔട്ട്‌ലറ്റുകള്‍ ഇന്നുമുതല്‍ തുറക്കില്ല.വില്‍പനശാലകള്‍ തുറക്കേണ്ടതില്ല എന്ന് മാനേജര്‍മാര്‍ക്ക് അറിയിപ്പ് ലഭിച്ചു. എന്നുവരെ അടച്ചിടും എന്നത് മന്ത്രിസഭ തീരുമാനിക്കും.
അതേസമയം, സംസ്ഥാനത്ത് എല്ലായിടത്തും പൊലീസിന്റെ കര്‍ശനപരിശോധന. അനാവശ്യമായി പുറത്തിറങ്ങിയവര്‍ തിരിച്ചുപോയില്ലെങ്കില്‍ കേസെടുക്കും. കാസര്‍കോട്ട് പ്രധാന നിരത്തുകളില്‍ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചു.
സ്വകാര്യവാഹനങ്ങളില്‍ ഒട്ടേറെ യാത്രക്കാര്‍ റോഡിലിറങ്ങി എന്നതായിരുന്നു ഇന്നലെ കേരളം നേരിട്ട പ്രധാന പ്രതിസന്ധി. സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ച് കേന്ദ്രം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ സ്വകാര്യവാഹനങ്ങളിലെ യാത്ര അനുവദിക്കുന്നില്ല.
അതിനാല്‍ ഇന്ന് അനാവശ്യയാത്രകള്‍ പൂര്‍ണമായും തടഞ്ഞേക്കും. ഇതിനായി രാവിലെ മുതല്‍ റോഡില്‍ പരിശോധന നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സൂപ്പര്‍മാര്‍ക്കറ്റുകളടക്കം അവശ്യവിഭാഗങ്ങളില്‍ പെടുന്ന വ്യാപാരസ്ഥാപനങ്ങളില്‍ അഞ്ചിലധികം ആളുകള്‍ കൂട്ടം കൂടുന്നതിനെയും ഇന്ന് കര്‍ശനമായി നേരിട്ടേക്കും.
ആരോഗ്യ വകുപ്പിന്റെ പേരില്‍ കൊറോണ വൈറസ് സംബന്ധിച്ച് വ്യാജ വാട്ട്‌സപ്പ് സന്ദേശം പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മുഴപ്പിലങ്ങാട് സ്വദേശി ബീച്ച്‌റോഡ് അലിനാസിലെ ഷാന ഷരീഫാ(20)ണ് അറസ്റ്റിലായത്.എടക്കാട് എസ്‌ഐ ഷീജുവും സംഘവുമാണ് ഇയാളെ പിടികൂടിയത്.
ഹെലികോപ്റ്ററില്‍ മീഥൈല്‍ വാക്‌സിന്‍ എന്ന വിഷ പദാര്‍ഥം തെളിക്കുന്നുവെന്ന വ്യാജ ശബ്ദ സന്ദേശം വാട്ട്‌സപ്പ് വഴി പ്രചരിപ്പിക്കുകയായിരുന്നു ഇയാള്‍. സംഭവത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. വ്യാജ സന്ദേശം പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് കുടുതല്‍ പേരെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. എടക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
വ്യാജ സന്ദേശം പ്രചരിപ്പിക്കാന്‍ കൂട്ടുനിന്ന വാട്ട്‌സപ്പ് ഗ്രൂപ്പ് അഡ്മിനിനെയും പൊലീസ് തെരയുന്നുണ്ട്. വ്യാജ സന്ദേശം പ്രചരിപ്പിച്ച എല്ലാ ഗ്രൂപ്പുകളെയും വ്യക്തികളെയും കുറിച്ചും സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് അന്വേഷിച്ച് വരികയാണ്.
കോവിഡ് 19 രോഗവ്യാപനം ജനങ്ങളുടെ ജീവന് ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ജീവന് സംരക്ഷണം നല്‍കുന്നതിനും പൊതുസമാധാനം നിലനിര്‍ത്തുന്നതിനും പത്തനംതിട്ട ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷന്‍ പരിധിയിലും ക്രിമിനല്‍ നടപടിക്രമം വകുപ്പ് 144 പ്രകാരം ജനങ്ങള്‍ കൂട്ടം കൂടുന്നത് നിരോധിച്ചും ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയും ഉത്തരവായി. ഉത്തരവിന് മാര്‍ച്ച് 24 അര്‍ദ്ധരാത്രി മുതല്‍ മാര്‍ച്ച് 31 അര്‍ദ്ധരാത്രി വരെ പ്രാബല്യം ഉണ്ടായിരിക്കും.
സിആര്‍പിസി 144 ല്‍ നിഷ്‌കര്‍ഷിച്ചിട്ടുളളതു പ്രകാരം ഒരു സ്ഥലത്ത് അഞ്ചു പേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടിയാല്‍ ഐപിസി 188 പ്രകാരം ശിക്ഷാര്‍ഹരാണ്.
കോവിഡ് 19 തടഞ്ഞുനിര്‍ത്തുന്നതിനുളള എല്ലാ ശ്രമങ്ങളും ഭരണകൂടങ്ങള്‍ നടത്തികൊണ്ടിരിക്കുകയാണ്. ഇപ്പോൾ വിദേശരാജ്യങ്ങളില്‍ നിന്നും വന്നിട്ടുളള ആളുകളില്‍നിന്നുമാണ് രോഗം ഇവിടെ വ്യാപരിച്ചിരിക്കുന്നത്. കോവിഡ് 19 വൈറസ് ബാധിച്ച മനുഷ്യരില്‍ നിന്നുമാണ് മറ്റുളളവരിലേക്ക് രോഗം പകരുന്നത്. അതിനാല്‍ ഇത്തരം ആളുകളില്‍നിന്നും സമ്പര്‍ക്കം ഒഴിവാക്കുക എന്നതാണ് രോഗം പകരാതെ തടയാനുളള ഏറ്റവും ഉത്തമമായ മാര്‍ഗം.
കേരളം പോലെ ജനസാന്ദ്രത കൂടിയ സംസ്ഥാനത്ത് രോഗം പെട്ടന്ന് വ്യാപിക്കുന്നതിനുളള സാധ്യത കൂടുതലാണ്. രോഗവ്യാപനം തടയുന്നത് ലക്ഷ്യമിട്ട് കേരള സര്‍ക്കാര്‍ നിരവധി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. മാര്‍ഗനിര്‍ദേശങ്ങള്‍ ജില്ലയില്‍ ഫലപ്രദമായി നടപ്പാക്കുന്നതിന് പത്തനംതിട്ട ജില്ലാ ഭരണകൂടം തീവ്രമായി പരിശ്രമിച്ചു കൊണ്ടിക്കുകയാണ്.
ഈ സാഹചര്യത്തിലും ഒരു വിഭാഗം ജനങ്ങള്‍ സര്‍ക്കാരിന്റെയോ ജില്ലാ ഭരണകൂടത്തിന്റെയോ നിര്‍ദേശങ്ങള്‍ വകവയ്ക്കാതെ ആരാധനാലയങ്ങള്‍, വിപണിസ്ഥലങ്ങള്‍, ജംഗ്ഷനുകള്‍ എന്നിവിടങ്ങളില്‍ ഒത്തുകൂടുന്നതായും ഇത്തരത്തിലുളള ഒത്തുകൂടല്‍ കോവിഡ് 19 രോഗവ്യാപനം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിക്കുമെന്നും നേരില്‍ ബോധ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് ക്രിമിനല്‍ നടപടിക്രമം വകുപ്പ് 144 പ്രകാരം ഉത്തരവ് പുറപ്പെടുവിക്കുന്നത്.
കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസ് ഉള്‍പ്പടെയുളള പൊതുഗതാഗത സംവിധാനങ്ങള്‍ ഈ കാലയളവില്‍ നിര്‍ത്തിവയ്ക്കണം. എന്നാല്‍, അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനും എമര്‍ജന്‍സി മെഡിക്കല്‍ സഹായത്തിനും സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാം. വാഹനത്തില്‍ ഡ്രൈവറെ കൂടാതെ പ്രായപൂര്‍ത്തിയായ ഒരു വ്യക്തിക്ക് കൂടി യാത്ര ചെയ്യാം.
മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും അവശ്യസാധനങ്ങളുടെ ട്രാന്‍സ്‌പോര്‍ട്ടേഷനും മാത്രമേ ഓട്ടോറിക്ഷകളും ടാക്‌സികളും ഉപയോഗിക്കാന്‍ പാടുള്ളു.
പെട്രോള്‍ പമ്പിന്റെ പ്രവര്‍ത്തനം, എല്‍.പി.ജി യുടെ വിതരണം എന്നിവ തടസപ്പെടുത്താന്‍ പാടില്ല.
പലചരക്ക്, പച്ചക്കറി, പാല്‍, മല്‍സ്യം, മാംസം, തുടങ്ങിയ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴു മുതല്‍ വൈകുന്നേരം അഞ്ചു വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുളളു. മറ്റ് ഒരു സ്ഥാപനങ്ങളും ഈ കാലയളവില്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ല.
ഹോട്ടലുകളില്‍ നിന്നും ഹോം ഡെലിവറി മാത്രമായി ഭക്ഷണം നല്‍കാം. ഒരു കാരണവശാലും ഹോട്ടലുകളില്‍ ഭക്ഷണം വിളമ്പാന്‍ പാടില്ല.
മെഡിക്കല്‍ ഷോപ്പുകള്‍ സമയപരിധി ബാധകമല്ലാതെ പ്രവര്‍ത്തിക്കണം.
ആരാധനാലയങ്ങളില്‍ ഒഴിച്ച് കൂടാനാവാത്തതും ആചാര അനുഷ്ഠാനത്തിന്റെ ഭാഗവുമായ ചടങ്ങുകള്‍ മാത്രമേ നടത്താവു. യാതൊരു കാരണവശാലും അഞ്ചില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച് ആരാധനകളോ, ഉല്‍സവങ്ങളോ മറ്റു ചടങ്ങുകളോ നടത്താന്‍ പാടില്ല.
സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തിന് ഭംഗം വരാത്ത രീതിയില്‍ നിയന്ത്രിതമായി ജീവനക്കാരെ നിലനിര്‍ത്തി പ്രവര്‍ത്തിപ്പിക്കാം. ജില്ലയിലെ ആശുപത്രികളുടെ പ്രവര്‍ത്തനം യാതൊരു കാരണവശാലും തടസപ്പെടാന്‍ പാടില്ല.
ജനങ്ങള് അനാവശ്യമായി വീടുകളില്‍ നിന്നും പുറത്തിറങ്ങാന്‍ പാടില്ല. അത്യാവശ്യമായി പുറത്തിറങ്ങേണ്ട സാഹചര്യം ഉണ്ടായാല്‍ മറ്റൊരു വ്യക്തിയില്‍ നിന്നും ഒരു മീറ്റര്‍ അകലം പാലിക്കണം. ഉല്‍സവങ്ങള്‍, പൊതുചടങ്ങുകള്‍, ആഘോഷപരിപാടികള്‍ എന്നിവ ഒരു കാരണവശാലും അനുവദിക്കില്ല.
2020 മാര്‍ച്ച് 10ന് ശേഷം വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നിട്ടുളളവര്‍ നിര്‍ബന്ധമായും ആരോഗ്യം, പോലീസ്, പഞ്ചായത്ത്, റവന്യൂ അധികാരികളെ വിവരം അറിയിക്കുകയും 14 ദിവസത്തെ നിരീക്ഷണത്തില്‍ തുടരുകയും അധികാരികളുടെ നിര്‍ദേശങ്ങള്‍ അനുസരിക്കുകയും ചെയ്യണം. നിര്‍ദേശങ്ങള്‍ അനുസരിക്കാതിരിക്കുകയോ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയോ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അറസ്റ്റ് അടക്കമുളള നിയമനടപടികള്‍ നേരിടേണ്ടിവരും.
ബാങ്ക് അടക്കമുളള ധനകാര്യ സ്ഥാപനങ്ങള്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുളളു.
സര്‍ക്കാര്‍ ഉത്തരവ് (എം.എസ്) 49/2020/ജിഎഡി ഡേറ്റഡ് 23/03/2020 ല്‍ ഒഴിവാക്കിയിട്ടുളളവ ഒഴികെ എല്ലാ വാണിജ്യ സ്ഥാപനങ്ങളും, വര്‍ക്ക്‌ഷോപ്പുകളും, ഓഫീസുകളും, ഗോഡൗണുകളും ഈ കാലയളവില്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല.
ഉത്തരവ് എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും അവരവരുടെ അധികാര പരിധിയില്‍ കൃത്യമായും പാലിക്കുന്നുവെന്ന് ജില്ലാ പോലീസ് മേധാവി ഉറപ്പുവരുത്തുകയും നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഐപിസി 188, 269 പ്രകാരം നിയമനടപടി സ്വീകരിക്കുകയും ചെയ്യണം.
ഇക്കാര്യങ്ങളില് ആവശ്യമായ ശ്രദ്ധ ചെലുത്തുന്നതിനും, നിരീക്ഷണം നടത്തുന്നതിനും നിയന്ത്രണങ്ങള്‍ ഉറപ്പാക്കുന്നതിനും എല്ലാ തഹസില്‍ദാര്‍മാരും ശ്രദ്ധിക്കണം. ബന്ധപ്പെട്ട എല്ലാ വകുപ്പുകളെയും, വകുപ്പ് മേധാവികളെയും പഞ്ചായത്ത് തലം മുതലുളള ഉദ്യോഗസ്ഥന്‍മാരെയും ഏകോപിപ്പിച്ച് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തി പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നുണ്ടെന്ന് ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ഉറപ്പാക്കണം. ഉത്തരവ് പത്ര, ദൃശ്യ മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയകളിലൂടെയും പൊതുജനങ്ങളുടെ അറിവിലേക്കായി പരസ്യപ്പെടുത്തണം. എല്ലാ ഓഫീസ് മേധാവികളും ഉത്തരവ് ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനുളള നടപടി സ്വീകരിക്കണം.
വള്ളിക്കാവ് അമൃതാനന്ദമയി മഠത്തിലെ അന്തേവാസികളില്‍ 67 പേര്‍ നിരീക്ഷണത്തില്‍. കൊവിഡ് ബാധ സംശയിക്കുന്നതിനെ തുടര്‍ന്ന് മഠത്തില്‍ കഴിഞ്ഞിരുന്ന 67 പേരെ അമൃതാനന്ദമയി എഞ്ചിനീയറിങ് കോളേജ് ഹോസ്റ്റലിലേക്കമാറ്റി. എന്നാല്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ മഠം അധികൃതര്‍ ആരോഗ്യ വകുപ്പ് അധികൃതരില്‍ നിന്ന് മറച്ചു വച്ചതായി ആരോപണമുണ്ട്. മഠത്തിലെ അന്തേവാസികളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ദിവസങ്ങളോളം ആവശ്യപ്പെട്ടിട്ടും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കിയില്ല എന്നാണ് പരാതി. ഒടുവില്‍ ജില്ലാ കളക്ടര്‍ ഇടപെട്ടതിന് ശേഷമാണ് മഠം അധികൃതര്‍ ഇവരെ പരിശോധനകള്‍ക്കായി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൈമാറിയത്. പരിശോധനയ്ക്കുള്ള സാമ്പിള്‍ എടുത്ത ശേഷം സംശയമുള്ള 67 പേരേയും മഠത്തിന് പുറത്ത് എഞ്ചിനീയറിങ് കോളേജ് ഹോസ്റ്റലിലേക്ക് മാറ്റുകയായിരുന്നു.
ആരോഗ്യ പ്രവര്‍ത്തകരും പഞ്ചായത്ത് അധികൃതരും അമൃതാനന്ദമയി മഠത്തില്‍ എത്തുകയും ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് മഠത്തില്‍ സന്ദര്‍ശനവും ആലിംഗനവും ഒഴിവാക്കി. പഞ്ചായത്തിലെ മെഡിക്കല്‍ ഓഫീസറും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും മഠത്തില്‍ തുടര്‍ച്ചയായി എത്തുകയും പരിശോധന നടത്തുകയും ചെയ്തിരുന്നു. മഠത്തിലെ അന്തേവാസികള്‍, അവരെ സംബന്ധിക്കുന്ന വിരവരങ്ങള്‍ ആവശ്യപ്പെടുകയുമുണ്ടായി. എന്നാല്‍ സന്ദര്‍ശനം നിര്‍ത്തിയതിനാല്‍ മുമ്പ് മഠത്തില്‍ എത്തിയവര്‍ മാത്രമേ നിലവില്‍ അന്തേവാസികളായുള്ളൂ എന്ന വിവരമാണ് മഠം അധികൃതര്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കിയത്. എന്നാല്‍ പിന്നീട് മഠം അധികൃതര്‍ നല്‍കുന്ന വിവരങ്ങളില്‍ സംശയം തോന്നിയ മെഡിക്കല്‍ ഓഫീസര്‍ ഇക്കാര്യം ജില്ലാ കളക്ടറെ അറിയിച്ചു.
ആലപ്പാട് പഞ്ചായത്ത് അംഗമായ ബേബി രാജു പറയുന്നു, ‘വിദേശികള്‍ ഒട്ടെറെ വന്ന് പോവുന്ന സ്ഥാപനം എന്ന രീതിയില്‍ മഠത്തില്‍ പതിവായി ആരോഗ്യ പ്രവര്‍ത്തകര്‍ എത്തുകയും വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ദര്‍ശനവും ആലിംഗനവും നിര്‍ത്തി വച്ചതായി മഠം അധികൃതര്‍ അറിയിച്ചു. സന്യാസ ദീക്ഷ നല്‍കുന്ന ചടങ്ങില്‍ പോലും പുറത്ത് നിന്ന് ആര്‍ക്കും പ്രവേശനമില്ലായിരുന്നു എന്ന അവര്‍ പറഞ്ഞു. കേരളത്തില്‍ കൊവിഡ് വ്യാപകമാവാന്‍ തുടങ്ങിയപ്പോള്‍ പല തവണ മഠത്തിലെ അന്തേവാസികളുടെ വിവരങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആദ്യം അവര്‍ വിവരം തന്നില്ല. പിന്നീട് കുറച്ച് വിവരങ്ങള്‍ കൈമാറി. എന്നാല്‍ അതിലെ കണക്കുകളും ആരോഗ്യവകുപ്പിന്റെ കയ്യിലുള്ള കണക്കുകളും ഒത്തുവച്ചപ്പോള്‍ കുറേ അവ്യക്തതകളുണ്ടായി. ഇതെല്ലാം മെഡിക്കല്‍ ഓഫീസര്‍ ജില്ലാ കളക്ടറെ അറിയിക്കുന്നുണ്ടായിരുന്നു.’ ഇന്നലെ ജില്ലാ കളക്ടര്‍ അമൃതാനന്ദമയീ മഠം അധികൃതരെയും വിളിച്ച് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ മഠത്തില്‍ വന്നിട്ടില്ലെന്നും വിവരങ്ങള്‍ ചോദിച്ചില്ലെന്നും മഠം അധികൃതര്‍ യോഗത്തെ തെറ്റിദ്ധരിപ്പിച്ചതായും പഞ്ചായത്ത് അംഗങ്ങള്‍ പറയുന്നു.
‘മഠത്തില്‍ പോയതിന്റെയും ബാക്കി വിവരങ്ങളും എല്ലാം മെഡിക്കല്‍ ഓഫീസര്‍ ജില്ലാ കളക്ടര്‍ക്ക് അതാത് സമയം നല്‍കിയിരുന്നു. അതിനാല്‍ മഠം അധികൃതര്‍ പറഞ്ഞ കള്ളം അവിടെ പൊളിഞ്ഞു. പിന്നീടാണ് 67 പേര്‍ നിരീക്ഷണത്തിലാണെന്ന വിവരം കാമാറാന്‍ മഠം അധികൃതര്‍ തയ്യാറായത്. ഇന്ന് രാവിലെയാണ് ഈ വിവരം ആരോഗ്യവകുപ്പിനെ അറിയിക്കുന്നത്.’ തുടര്‍ന്ന് 108 ആംബുലന്‍സില്‍ 67 പേരെയും കരുനാഗപ്പള്ളി ജില്ലാ ആശുപത്രിയില്‍ എത്തിച്ച് സ്രവം പരിശോധയ്ക്കയച്ചു.
കേരളത്തില്‍ കൊവിഡ് പടര്‍ന്ന് പിടിക്കുകയും സംസ്ഥാനത്ത് ലോക്ക്ഡൗണുള്‍പ്പെടെ പ്രഖ്യാപിച്ച സാഹചര്യവും നിലനില്‍ക്കുമ്പോള്‍ അമൃതാനന്ദമയി മഠം അധികൃതരുടെ നടപടിയ്‌ക്കെതിരെ വ്യാപക പ്രതിഷേധമാണ് പ്രദേശത്ത് ഉയര്‍ന്നിട്ടുള്ളത്. മഠം അധികൃതരുടെ പ്രതികരണത്തിനായി ശ്രമിച്ചെങ്കിലും ലഭ്യമായില്ല.
കേരളത്തില്‍ കാസര്‍കോട് പൂര്‍ണ്മായും ലോക്ക് ഡൗണായ സാഹചര്യത്തില്‍ ണുഴുവന്‍ ജില്ലകളും അടച്ചിടുമോ എന്നാണ് ഇനി അറിയാനുള്ളത്. അങ്ങനെയൊരു അവസ്ഥയുണ്ടായാല്‍ എന്തൊക്കെയാണ് പാലിക്കേണ്ടത്? അവിശ്യ സാധനങ്ങള്‍ എങ്ങനെ ലഭിക്കും? പലര്‍ക്കും പല സംശയങ്ങളാണ്.
വാര്‍ത്തകളില്‍ ലോക്ക് ഡൗണ്‍ വാക്കുകള്‍ നിറയുമ്പോള്‍ ഒരു സാധാരണക്കാരന്റെ സംശങ്ങളാണ്. ലളിതമായി പറഞ്ഞാല്‍ ജനങ്ങള്‍ ഒരു പ്രദേശത്ത് നിന്ന് പുറത്ത് പോവാതിരിക്കാന്‍ എടുക്കുന്ന അടിയന്തിര പെരുമാറ്റച്ചട്ടം ആണ് ലോക്ക് ഡൗണ്‍. എവിടെയാണ് നിങ്ങള്‍ ഇപ്പോള്‍ ഉള്ളത് എങ്കില്‍ അവിടെ തന്നെ തുടരണമെന്നാണ് പരിപൂര്‍ണ്ണ ലോക്ക് ഡൗണ്‍ കൊണ്ടുദ്ദേശിക്കുന്നത്. നിങ്ങള്‍ താമസിക്കുന്ന കെട്ടിടത്തില്‍ നിന്നോ പ്രദേശത്ത് നിന്നോ മാറാന്‍ നിങ്ങള്‍ക്ക് അനുമതിയുണ്ടാവില്ല.
രാജ്യത്തെ 80 നഗരങ്ങള്‍ ലോക്ക് ഡൗണിലേക്ക് പോകുന്നത്. അതേസമയം, അവശ്യസാധന സര്‍വ്വീസുകളെ പൊതുവെ ലോക്ക്ഡൗണ്‍ ബാധിക്കാറില്ല. ഫാര്‍മസികള്‍, പലചരക്ക് പച്ചക്കറി കടകള്‍, ബാങ്കുകള്‍ എന്നിവയുടെ സേവനം സാധാരണ ലോക്ക് ഡൗണുകളില്‍ നിര്‍ത്തിവെപ്പിക്കാറില്ല. അവശ്യമല്ലാത്ത എല്ലാ സര്‍വ്വീസുകളും ആഘോഷ പരിപാടികളും ഉള്‍പ്പടെയുള്ളവ ഈ കാലയളവില്‍ പൂര്‍ണ്ണമായും നിര്‍ത്തും.
അവിശ്യ സര്‍വ്വീസുകളില്‍ ഉള്‍പ്പെടുന്നതെന്തൊക്കെ?
ഭക്ഷ്യവസ്തുക്കള്‍, പഴം പച്ചക്കറി, പലചരക്ക്, കുടിവെള്ളം, കാലിത്തീറ്റ എന്നിവയുടെ വിതരണം ഭക്ഷ്യോത്പാദന കേന്ദ്രങ്ങള്‍, പെട്രോള്‍ പമ്പ്. അരി മില്ലുകള്‍, പാല്‍, പാല്‍ ഉത്പന്ന ഉത്പാദന വിതരണ കേന്ദ്രങ്ങള്‍, ഫാര്‍മസി, മരുന്ന്, ആരോഗ്യ കേന്ദ്രങ്ങള്‍ ടെലികോം, ഇന്‍ഷുറന്‍സ്, ബാങ്ക്, എടിഎം, പോസ്റ്റ് ഓഫീസ്, ഭക്ഷ്യസാധനങ്ങളുടെ ഗോഡൗണുകള്‍ എന്നിവയുടെയെല്ലാം പ്രവര്‍ത്തനത്തിന് ലോക്ക് ഡൗണ്‍ ബാധകമല്ല.
ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ ഒരുമാസം തടവും പിഴയുമാണ് ശിക്ഷ. ജോലി സ്ഥലത്ത് പോകാനാകുമോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.
പ്രധാന നഗരങ്ങളിലെ സ്വകാര്യ കമ്പനികളെല്ലാം ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരില്‍ ഒരു വിഭാഗവും ഇപ്പോള്‍ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. ലോക്ക്ഡൗണ്‍ കാലാവധി അവസാനിക്കും വരെ ഏറ്റവും കുറഞ്ഞ ജീവനക്കാരെ ഉള്‍പ്പെടുത്തി വേണം ഓരോ സ്ഥാപനവും ജോലി ചിട്ടപ്പെടുത്താന്‍. കൂലിത്തൊഴിലാളികള്‍ക്കും ദിവസവേതന തൊഴിലാളികള്‍ക്കും ആശ്വാസ സഹായം കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
കൊച്ചി: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് കത്തോലിക്ക സഭയുടെ കീഴിലുള്ള ആശുപത്രികൾ ആവശ്യം വന്നാൽ വിട്ടുനൽകാമെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി പ്രസിഡന്‍റും സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ചാണ് അദ്ദേഹം സഭയുടെ സന്നദ്ധത അറിയിച്ചത്.
പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും സഭയുടെ പിന്തുണ ഉണ്ടാകുമെന്നും മാർ ജോർജ് ആലഞ്ചേരി മുഖ്യമന്ത്രിയെ അറിയിച്ചു. ആശുപത്രികളിലെ ഡോക്ടർമാർ, നഴ്‌സ് ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരുടെ സേവനം വിട്ടുനൽകാനുള്ള സന്നദ്ധതയും അറിയിച്ചിട്ടുണ്ട്. സഭയുടെ പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തിയ മുഖ്യമന്ത്രി തുടർപ്രവർത്തനങ്ങളിൽ അവ ഉപയോഗിക്കാമെന്നും അറിയിച്ചു.