Latest News

തൊടുപുഴ : കേരള യൂത്ത് ഫ്രണ്ട് തൊടുപുഴ നിയോജക മണ്ഡലം നേതൃ സംഗമത്തിൽ കേരള കോൺഗ്രസ് വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി യു കെ പ്രവാസി കേരള കോൺഗ്രസ് യുവജന വിദ്യാർത്ഥി വിഭാഗം മധുര വിതരണം നടത്തി.

പ്രവാസി യുവജന-വിദ്യാർത്ഥി വിഭാഗം കോഓർഡിനേറ്ററും നോർത്താംപ്ടൺ സ്വദേശിയും ആയ ലിറ്റു മുട്ടേത്താഴത്ത് പാർട്ടി ഉന്നതാധികാര സമിതി അംഗം അപു ജോൺ ജോസഫിന് മധുരം നൽകി വജ്ര ജൂബിലി ആഘോഷങ്ങളിൽ പങ്കാളിയായി.

യൂത്ത് ഫണ്ട് നേതൃസംഗമം ഉദ്ഘാടനം ചെയ്ത അപു ജോൺ ജോസഫ് നേതൃ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തിയ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ യൂത്ത്ഫ്രണ്ട് നേതാവുമായ എം മോനിച്ചനും യൂത്ത്
ഫ്രണ്ട് തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ്‌ ചാർജ് വഹിക്കുന്ന ക്ലമൻറ് ഇമ്മാനുവലിനും പ്രവർത്തകർക്കും മധുരം നൽകി പ്രവാസി ആഘോഷങ്ങൾക്ക് നേതൃത്വം കൊടുത്തു.

ഖലിസ്ഥാന്‍ വാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഹൈക്കമ്മീഷണറെക്കുറിച്ച് കാനഡ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച സാഹചര്യത്തില്‍ ആറ് കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി ഇന്ത്യ. ഇതിന് പിന്നാലെ ഇന്ത്യയുടെ ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡയും പുറത്താക്കി. ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് കുമാര്‍ വര്‍മ അടക്കമുള്ള ആറ് ഉദ്യോഗസ്ഥരെയാണ് കുറ്റകൃത്യങ്ങളില്‍ പങ്കുണ്ടെന്ന് ആരോപിച്ച് കാനഡ പുറത്താക്കിയത്. ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജറുടെ വധവുമായി ബന്ധപ്പെട്ടുയര്‍ന്ന നയതന്ത്ര തര്‍ക്കം ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം തീര്‍ത്തും വഷളാക്കിയിരിക്കുകയാണ്.

നിജ്ജറുടെ കൊലപാതകത്തിന് ശേഷം ഡല്‍ഹിയിലെ കനേഡിയന്‍ ഹൈക്കമ്മീഷനിലെ ഇരുപത് ഉദ്യോഗസ്ഥരെ ഇന്ത്യ നേരത്തെ പുറത്താക്കിയിരുന്നു. കനേഡിയന്‍ സര്‍ക്കാരില്‍ വിശ്വാസമില്ലെന്നും അടിസ്ഥാന രഹിതമായി ഇന്ത്യയെ ഉന്നം വെയ്ക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി ഇന്ത്യ കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറെയും മറ്റ് നയതന്ത്രജ്ഞരെയും ഇന്ന് തിരികെ വിളിച്ചു. ഇന്ത്യയിലെ കനേഡിയന്‍ ഹൈക്കമ്മീഷണറെ വിളിച്ച് വരുത്തിയ വിദേശകാര്യ മന്ത്രാലയം അദേഹത്തെ കാര്യങ്ങള്‍ ധരിപ്പിച്ചു.

നേരത്തെ കാനഡയുടെ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ സ്റ്റുവര്‍ട്ട് വീലറെ ഇന്ത്യ വിളിപ്പിച്ചിരുന്നു. കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് കുമാര്‍ വര്‍മ്മയ്ക്ക് നിജ്ജര്‍ കൊലപാതകത്തില്‍ പങ്കുണ്ടെന്ന തരത്തില്‍ കാനഡ പ്രസ്താവന നടത്തിയ സാഹചര്യത്തിലായിരുന്നു ഇന്ത്യയുടെ നീക്കം. ഇന്ത്യയിലെ കനേഡിയന്‍ ഹൈക്കമ്മീഷണറായ കാമറൂണ്‍ മക്കേയ് രാജ്യത്തില്ലാത്ത പശ്ചാത്തലത്തിലാണ് ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിപ്പിച്ച് കാര്യങ്ങള്‍ വിശദീകരിച്ചത്.

ഹൈക്കമ്മീഷണര്‍ അടക്കമുള്ള ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്ക് നിജ്ജര്‍ വധത്തില്‍ ചില താല്‍പര്യങ്ങള്‍ ഉണ്ടെന്നായിരുന്നു കാനഡയുടെ പ്രസ്താവന. വസ്തുതയില്ലാത്ത ആരോപണങ്ങളുന്നയിച്ച കാനഡയ്ക്ക് അതിരൂക്ഷമായ ഭാഷയിലാണ് ഇന്ത്യ മറുപടി നല്‍കിയത്. വോട്ടുബാങ്കിനെ തൃപ്തിപ്പെടുത്താന്‍ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച കനേഡിയന്‍ സര്‍ക്കാരിന്റെ നടപടിയെ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ഇതിന് പിന്നാലെയാണ് കനേഡിയന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിപ്പിച്ചതും ഒട്ടാവയിലെ ഇന്ത്യന്‍ പ്രതിനിധികളെ തിരിച്ച് വിളിച്ചതും.

രാഷ്ട്രീയ അജണ്ടയ്ക്കായി ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള ആസൂത്രിത ശ്രമങ്ങളാണ് ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാര്‍ നടത്തുന്നതെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. നിജ്ജര്‍ വധത്തില്‍ ഇന്ത്യന്‍ നയതന്ത്രജ്ഞരുടെ പങ്ക് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം കാനഡ അയച്ച കത്തിന് മറുപടിയായാണ് ഇന്ത്യ ഇന്ന് പ്രസ്താവന ഇറക്കിയത്. നിജ്ജര്‍ വധത്തില്‍ ഇന്ത്യയുടെ പങ്ക് വ്യക്തമാക്കുന്ന യാതൊരു തെളിവുകളും കാനഡ ഇതുവരെ നല്‍കിയിട്ടില്ലെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.

2023 സെപ്റ്റംബറില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ചില ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. അതിന് ശേഷം ഇന്ത്യയുടെ ഭാഗത്ത് നിന്ന് നിരവധി അഭ്യര്‍ഥനകള്‍ ഉണ്ടായിട്ടും കനേഡിയന്‍ സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഒരു തെളിവും തങ്ങളുമായി പങ്കിട്ടിട്ടില്ല. കാനഡയുടെ ആരോപണങ്ങള്‍ ഒരു വസ്തുതയുമില്ലാത്ത അവകാശവാദങ്ങളാണെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഇന്ത്യയോടുള്ള ശത്രുത വളരെക്കാലമായി വ്യക്തമായി കാണാവുന്നതാണ്. ഇന്ത്യയുമായി ബന്ധപ്പെട്ട തീവ്രവാദ, വിഘടനവാദ അജണ്ടയുമായി പരസ്യ ബന്ധമുള്ള വ്യക്തികളെ അദേഹത്തിന്റെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ട്രൂഡോ സര്‍ക്കാര്‍ എല്ലായിപ്പോഴും ഇന്ത്യാ വിരുദ്ധ വിഘടനവാദ അജണ്ടയാണ് സേവിക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.

കാനഡയില്‍ ഖാലിസ്ഥാന്‍ വാദികള്‍ ഹര്‍ദീപ് സിങ് നിജ്ജറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന് ജസ്റ്റിന്‍ ട്രൂഡോ പരസ്യമായി ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വളരെ മോശമായ നിലയിലാണ്. നിജ്ജറുടെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് കുമാര്‍ വര്‍മയ്ക്കും പങ്കുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്ന കാനഡയുടെ വെളിപ്പെടുത്തലോടെയാണ് വിഷയം വീണ്ടും വഷളാക്കിയിരിക്കുന്നത്. 36 വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന നയതന്ത്രജ്ഞനാണ് സഞ്ജയ് കുമാര്‍ വര്‍മ.

2020 ഡിസംബറില്‍ ഇന്ത്യന്‍ ആഭ്യന്തര രാഷ്ട്രീയത്തില്‍ ജസ്റ്റിന്‍ ട്രൂഡോ നടത്തിയ നഗ്‌നമായ ഇടപെടല്‍ ഈ വിഷയത്തില്‍ എത്ര ദൂരം സഞ്ചരിക്കാന്‍ അദേഹത്തിന് സാധിക്കുമെന്ന് കാണിച്ച് തന്നു. ട്രൂഡോ സര്‍ക്കാര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെ ആശ്രയിച്ചിരിക്കുന്നു. അതിന്റെ നേതാവ് ഇന്ത്യയ്ക്കെതിരായ വിഘടനവാദ പ്രത്യയശാസ്ത്രം പരസ്യമായി അംഗീകരിക്കുന്നു. ഇത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയിട്ടേയുള്ളു, കാനഡയിലെ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ജഗ്മീത് സിങിനെ പരാമര്‍ശിച്ച് ഇന്ത്യ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

കാനഡ-ഇന്ത്യാ നയതന്ത്ര ബന്ധം കൂടുതല്‍ വഷളായ സാഹചര്യത്തില്‍ മുന്നോട്ടുള്ള കാര്യങ്ങളെ ആശങ്കയോടെയാണ് ഇന്ത്യന്‍ സമൂഹം ഉറ്റുനോക്കുന്നത്.

അപ്പച്ചൻ കണ്ണഞ്ചിറ

ലണ്ടൻ: ലണ്ടൻ റീജണൽ നൈറ്റ് വിജിൽ ഒക്ടോ:25 ന് വെള്ളിയാഴ്ച വാൽത്തംസ്റ്റോ ബ്ലെസ്ഡ് കുഞ്ഞച്ചൻ സീറോമലബാർ മിഷനിൽ വെച്ച് നടത്തപ്പെടും. പ്രശസ്ത ധ്യാന ഗുരുവും, സീറോമലബാർ ലണ്ടൻ റീജിയൻ കോർഡിനേറ്ററുമായ ഫാ.ജോസഫ് മുക്കാട്ടും, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറും, പ്രശസ്ത ഫാമിലി കൗൺസിലറുമായ സിസ്റ്റർ ആൻ മരിയായും സംയുക്തമായിട്ടാവും നൈറ്റ് വിജിൽ ശുശ്രുഷകൾ നയിക്കുക. വാൽത്തംസ്റ്റോയിലെ ഔർ ലേഡി ആൻഡ് സെന്റ് ജോർജ്ജ്സ് കാത്തലിക്ക് ദേവാലയത്തിൽ വെച്ചാണ് ശുശ്രുഷകൾ ക്രമീകരിച്ചിരിക്കുന്നത്.

ക്രിസ്തുവിൽ സ്നേഹവും, വിശ്വാസവും, പ്രത്യാശയും അർപ്പിച്ച്‌ ദിനാന്ത യാമങ്ങളിൽ ഉണർന്നിരുന്നുള്ള പ്രാർത്ഥനക്കും, ദിവ്യകാരുണ്യ ആരാധനക്കും കൂടാതെ കുമ്പസാരത്തിനും സ്പിരിച്വൽ ഷെയറിങ്ങിനും രോഗശാന്തി ശുശ്രൂഷക്കും ഉള്ള അവസരങ്ങൾ ഉണ്ടായിരിക്കുന്നതാണ്. പരിശുദ്ധ ജപമാല സമർപ്പണത്തോടെ വൈകുന്നേരം ഏഴുമണിക്ക് നൈറ്റ് വിജിൽ ശുശ്രുഷകൾ ആരംഭിക്കും. വിശുദ്ധ കുർബ്ബാന, പ്രെയ്‌സ് & വർഷിപ്പ്, തിരുവചന ശുശ്രുഷ, ഹീലിംഗ് പ്രയർ ആരാധന തുടർന്ന് സമാപന ആശീർവ്വാദത്തോടെ രാത്രി പതിനൊന്നരയോടെ ശുശ്രുഷകൾ അവസാനിക്കും.

പരിശുദ്ധ അമ്മയുടെ വണക്കത്തിനായി ആഗോള കത്തോലിക്കാ സഭ ജപമാലാമാസം ആയി ആചരിക്കുന്ന ഒക്ടോബറിൽ മാതാവിന്റെ സംരക്ഷണയിലും മാദ്ധ്യസ്ഥത്തിലും ദൈവീക കൃപകളും, അനുഗ്രഹങ്ങളും പ്രാപിക്കുവാൻ അനുഗ്രഹദായകമായ നൈറ്റ് വിജിലിലേക്ക് ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:-

മനോജ് തയ്യിൽ-07848808550,
മാത്തച്ചൻ വിളങ്ങാടൻ- 07915602258

നൈറ്റ് വിജിൽ സമയം:
ഒക്ടോബർ 25, വെള്ളിയാഴ്ച, രാത്രി 7:00 മുതൽ 11:30 വരെ.

Venue: Our Lady & St. George’s Catholic Church, Walthamstow, E17 9HU

മോഹനപ്പള്ളി പിന്നീട് മോനിപ്പള്ളി എന്ന പേരിൽ അറിയപ്പെടുന്ന കോട്ടയം ജില്ലയിലെ ഉഴവൂർ പഞ്ചായത്തിലെ കൊച്ചുഗ്രാമമായ മോനിപ്പള്ളി പ്രവാസി സംഗമം യുകെയ്ക്ക് പുതിയ സാരഥികളെ തിരഞ്ഞെടുത്തു. യുകെയിൽ വച്ച് നടത്തപ്പെടുന്ന മികച്ച സംഗമങ്ങളിൽ ഒന്നായ മോനിപ്പള്ളി സംഗമം യുകെയെ അടുത്ത രണ്ട് വർഷത്തേയ്ക്ക് നയിയ്ക്കുവാൻ ആയിട്ട് സിജു കുറുപ്പൻന്തറയിൽ(പ്രസിഡൻ്റ് ) നോട്ടിഗ്ഹാം. ജിൻസ് സണ്ണി മംഗലത്ത് (സെക്രട്ടറി ) ,നോട്ടിഗ്ഹാം. നോബി കൊച്ചു പറമ്പിൽ (ട്രഷറർ ) വൂസ്റ്റർ എന്നിവരെ ഒക്ടോബർ അഞ്ചാം തിയതി സ്റ്റോക്ക് ഓൺ ട്രൺൻ്റിൽ വച്ച് നടന്ന സംഗമത്തിൽ വച്ച് തെരെഞ്ഞെടുത്തു.

റെജി ശൗര്യാമാക്കിലും ,ലാൻസ് വരിക്കശ്ശേരിലും പതിനാറ് വർഷങ്ങൾക്ക് മുൻപ് തുടക്കം കുറിച്ച ഇപ്പോഴും വർഷത്തിൽ ഒരു ദിവസം യുകെയുടെ ഏതെങ്കിലും നഗരത്തിൽ ഒരു ദിവസം മാത്രമായി ഒത്ത് കൂടുന്ന സംഗമത്തിൽ പങ്കെടുക്കുന്നവരുടെ ആൾബലത്തിൽ ഓരോ വർഷം ചെല്ലും തോറും അംഗങ്ങളുടെ എണ്ണം വർദ്ധിച്ച് വരുന്നു. യുകെയിൽ നിരവധി നാട്ടുകാരുടെ സംഗമം തുടങ്ങി നിന്നു പോവുകയും അതുപോലെ പല സംഗമങ്ങളും ഉദ്ധേശത്തിൽ നിന്നും മാറി സഞ്ചരിച്ച് വളരെ ചുരുക്കം ആൾക്കാരുമായി നടത്തപ്പെടുമ്പോഴും മോനിപ്പള്ളി പ്രവാസി സംഗമം യുകെയുടെ അംഗങ്ങളുടെ ഒത്തൊരുമയും സഹകരണവുമായിട്ട് ഓരോ വർഷവും വളരെ മികച്ച രീതിയിൽ നടത്തപ്പെടുന്നു.

പതിനാറാമത് സംഗമത്തിൽ വച്ച് അടുത്ത വർഷത്തെ കമ്മറ്റിക്കാരായ സിജുവിനും, ജിൻസിനും, നോബിക്കും. അടുത്ത വർഷം വൂസ്റ്ററ്ററിൽ വച്ച് നടത്തപ്പെടുന്ന സംഗമത്തിന് ആഥിതേയത്വം വഹിക്കുന്ന കുര്യാച്ചൻ, സന്തോഷ് എന്നിവർക്ക് മുൻ പ്രസിഡൻ്റ് ജിജി, സെക്രട്ടറി ജോമോൻ, ട്രഷൻ വികാസ് എന്നിവരിൽ നിന്നും ബാനർ കെമാറുകയുണ്ടായി. ഇപ്പോൾ തെരെഞ്ഞെടുക്കപ്പെട്ട കമ്മറ്റി അംഗങ്ങൾ സബ് കമ്മിറ്റികൾ രൂപീകരിച്ച് അടുത്ത വർഷത്തെ സംഗമം വിജയമാക്കുവാനായിട്ടുളള പരിശ്രമത്തിലാണ്.

നടന്‍ ബാലയെ പോലീസ് അറസ്റ്റ് ചെയ്തു. മുന്‍ ഭാര്യയുടെ പരാതിയിലാണ് നടനെ പോലീസ് അറസ്റ്റ് ചെയ്തത്. സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെയും മകളെയും അപകീര്‍ത്തിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയില്‍ കടവന്ത്ര പോലീസാണ് നടനെ അറസ്റ്റു ചെയ്തത്.

മകളെയും തന്നെയും പിന്തുടര്‍ന്ന് ശല്യം ചെയ്‌തെന്നും യുവതിയുടെ പരാതിയില്‍ ആരോപിക്കുന്നുണ്ട്. നടനെതിരേ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ജാമ്യമില്ലാ കുറ്റം ചുമത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇന്ന് പുലര്‍ച്ചെയാണ് ബാലയെ ഇടപ്പള്ളിയിലെ ഫ്‌ളാറ്റില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ കടവന്ത്ര പോലീസ് സ്‌റ്റേഷനിലാണ് ബാലയെ എത്തിച്ചിരിക്കുന്നത്. ബാലയും സുഹൃത്തുക്കളുമാണ് ഇപ്പോള്‍ പോലീസ് സ്‌റ്റേഷനിലുള്ളത്. ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. വൈകിട്ടോടെ ബാലയെ കോടതിയില്‍ ഹാജരാക്കുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

മുന്‍ ഭാര്യയുടെ പരാതി ഏറെ ഗൗരവമുള്ളതാണെന്നാണ് പോലീസ് പറയുന്നത്. ബന്ധം വേര്‍പെടുത്തിയ ശേഷവും അവരെയും മകളെയും പിന്തുടര്‍ന്ന് ശല്യം ചെയ്തു എന്നതാണ് പരാതി. ഈ വിഷയത്തില്‍ ബാലയുടെ മകള്‍ തന്നെ പരസ്യമായി ബാലയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സൗത്ത് പോലീസ് സ്‌റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് അങ്ങോട്ടേക്ക് കൈമാറാനുള്ള സാധ്യതയുമുണ്ട്.

കുടുംബവഴക്കിനെ തുടർന്ന് ഭാര്യ ഭർത്താവിനെ കുത്തിക്കൊന്നു. കൊച്ചി വൈപ്പിൻ നായരമ്പലത്ത് ഞായറാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. അറയ്ക്കൽ ജോസഫ് എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ പ്രീതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

നിലവിൽ വിവാഹമോചനത്തിനുള്ള കേസ് കൊടുത്തിരിക്കുകയായിരുന്നു ദമ്പതികൾ. രണ്ട് വീടുകളിലായാണ് ഇവർ താമസിച്ചിരുന്നത്. കാറ്ററിങ് ജോലികൾ ചെയ്യുന്ന ജോസഫ് ഭാര്യ താമസിക്കുന്ന കെട്ടിടത്തിനടുത്ത് ജോലിയുമായി ബന്ധപ്പെട്ട് വരാറുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം. പ്രീതിയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും സംശയിക്കുന്നുണ്ട്.

കൈക്കുഞ്ഞുങ്ങളുമായി പുറത്തുപോവുമ്പോള്‍ അമ്മമാര്‍ അനുഭവിക്കുന്ന പ്രതിസന്ധിയാണ് എവിടെവെച്ച് മുലപ്പാല്‍ നല്‍കും എന്നത്. പൊതുസ്ഥലത്തുവെച്ച് കുഞ്ഞ് വിശന്നുകരഞ്ഞാല്‍ അമ്മമാര്‍ക്ക് ആധിയാണ്. മുലയൂട്ടാന്‍ സൗകര്യപ്പെടുന്ന ഒരിടംതേടിയുള്ള അലച്ചിലാവും പിന്നെ. ഇതിനിടെ കുഞ്ഞിന്റെ കരച്ചില്‍ ആക്കം കൂടി വരുന്നതും വലിയ സമ്മര്‍ദമേറ്റും. ചിലയിടത്ത്, അമ്മമാര്‍ക്ക് അത്തരത്തില്‍ സൗകര്യപ്പെടുന്ന ഒരിടം കണ്ടെത്താനാവാത്ത സ്ഥിതിയുണ്ടാവും. അന്നേരം അനുഭവപ്പെടുന്ന പിരിമുറുക്കം എത്രയെന്നത് അത്തരം ഘട്ടങ്ങളിലൂടെ കടന്നുപോയവര്‍ക്കേ മനസ്സിലാവൂ. ഒടുക്കം സൗകര്യമുള്ള ഇടം കണ്ടെത്തിക്കഴിഞ്ഞാല്‍ അമ്മമാരുടെ ഒരു നെടുവീര്‍പ്പിടലുണ്ട്!

കുഞ്ഞിന് പാലൂട്ടുക എന്നത് അങ്ങേയറ്റത്തെ സ്വകാര്യതയില്‍ നിര്‍വഹിക്കേണ്ടതാണെന്ന ബോധത്തില്‍നിന്നാണ് ഈ സ്ഥലം തേടിയുള്ള അലച്ചിലും അതേത്തുടര്‍ന്നുണ്ടാകുന്ന പ്രതിസന്ധികളുമെല്ലാം കടന്നുവരുന്നത്. അത്രമേല്‍ ആളറിയാതെ വേണം, ഈ ദൗത്യം നിര്‍വഹിക്കേണ്ടതെന്നാണ് ചില അമ്മമാര്‍പോലും കരുതുന്നത്. അത്തരം ചിന്താധാരകളെ പിഴുതെറിയുന്ന ഒരു സാമൂഹിക മാധ്യമ കുറിപ്പ് വലിയ പ്രചാരം നേടിയിരിക്കുകയാണിപ്പോള്‍.

ഷയൂണ്‍ മെന്‍ഡലുക്ക് എന്ന സാമൂഹിക മാധ്യമ ഇന്‍ഫ്‌ളുവന്‍സര്‍ മുന്‍പ് പങ്കുവെച്ച ഒരു ചിത്രം ഒരിക്കല്‍ക്കൂടി മറ്റൊരു കുറിപ്പോടെ പങ്കുവെച്ചതാണ് വൈറലായത്. പൊതുസ്ഥലത്ത് മുലയൂട്ടുന്ന ഘട്ടങ്ങളിലെല്ലാം ഇത് സ്വകാര്യമായി ചെയ്തൂടേ എന്ന കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടിവരുന്നതായി അവര്‍ വ്യക്തമാക്കുന്നു. പൊതുമധ്യത്തില്‍വെച്ച് മുലയൂട്ടുന്നതിന്റെ ചിത്രമടക്കം പങ്കുവെച്ചുള്ളതാണ് പോസ്റ്റ്.

റസ്‌റ്റോറന്റില്‍വെച്ച് കുഞ്ഞിനെ മുലയൂട്ടിയപ്പോള്‍പോലും ഈ വിധത്തിലുള്ള പെരുമാറ്റം നേരിടേണ്ടിവന്നിട്ടുണ്ട്. ഭക്ഷണശാലയില്‍പ്പോലും കുഞ്ഞിന് ഭക്ഷണം നല്‍കാന്‍ കഴിയുന്നില്ലെന്നത് വിചിത്രമാണ്. കുഞ്ഞുങ്ങളെ സ്‌നേഹിക്കുന്ന ആളുകള്‍ പക്ഷേ, അതിലെ സ്വാഭാവിക പ്രക്രിയയായ മുലയൂട്ടല്‍ കാണുമ്പോള്‍ തിരിഞ്ഞുകളയും. ലഹങ്കയണിഞ്ഞ് ഒരു മതിലിലിരുന്ന് കുഞ്ഞിനെ മുലയൂട്ടുന്നതിന്റെ തന്റെ ദൃശ്യം പങ്കുവെച്ചത് ഭര്‍ത്താവാണെന്നും അത് കണ്ടപ്പോള്‍ തനിക്ക് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യാന്‍ തോന്നിയെന്നും ഷയൂണ്‍ പറയുന്നു.

പോസ്റ്റിന്റെ സംക്ഷിപ്ത രൂപം:

‘ഇത് വളരെ ഔചിത്യക്കേടായിപ്പോയി! സ്വകാര്യമായി ചെയ്തൂടേ…’ പൊതുസ്ഥലത്ത് കുഞ്ഞിനെ മുലയൂട്ടുമ്പോള്‍ സ്ഥിരമായി ഞാന്‍ കേള്‍ക്കുന്നതാണിത്. ഞാന്‍ മുലയൂട്ടാന്‍ തുടങ്ങിയപ്പോഴേക്ക് ആളുകള്‍ അസ്വസ്ഥരായി എന്നോട് പോവാന്‍ പറഞ്ഞുതുടങ്ങി. ഒരിക്കല്‍ റസ്‌റ്റോറന്റില്‍ ഇരിക്കുമ്പോഴും ഇതേ അനുഭവമുണ്ടായി. ഇവിടെനിന്ന് മാറി മുലയൂട്ടുമോ എന്നായിരുന്നു ചോദ്യം. ഭക്ഷണം കഴിക്കുന്ന ഇടത്ത് എനിക്കെന്റെ കുഞ്ഞിന് ഭക്ഷണം നല്‍കാനാവില്ലെന്നുവന്നാല്‍ അതെത്ര ഫണ്ണിയാണ്. എല്ലാവരും കുഞ്ഞുങ്ങളെ ഇഷ്ടപ്പെടുന്നവരാണെങ്കിലും, അതിലെ സ്വാഭാവിക പ്രക്രിയയായ മുലയൂട്ടല്‍ കാണുമ്പോള്‍ പക്ഷേ, മുഖം ചുളിക്കും.

ഇത് പറയുമ്പോൾ എന്നെയൊരു വിമതയായാണ് കാണുക. ആളുകളുടെ കണ്ണുതള്ളല്‍ കണ്ടപ്പോള്‍ എനിക്ക് ഇക്കാര്യത്തില്‍ ഒരു നിലപാടെടുക്കണമെന്നു തോന്നി. ഒരിക്കല്‍ ഷൂട്ടിങ്ങിനിടെ, എന്റെ ഭര്‍ത്താവ് ഞാന്‍ മുലയൂട്ടുന്ന ഒരു ചിത്രം പകര്‍ത്തി. ലഹങ്കയണിഞ്ഞ് ടെറസില്‍ ഇരുന്ന് ഞാന്‍ ബ്ലൗസ് ഹുക്ക് അഴിച്ച് മുലയൂട്ടുന്ന നിലയിലുള്ള ചിത്രമായിരുന്നത്. പിന്നീട് ആ ചിത്രങ്ങള്‍ കണ്ടപ്പോള്‍, അവ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യണമെന്നുതോന്നി. അത് ശ്രദ്ധപിടിച്ചുപറ്റാന്‍ ഉദ്ദേശിച്ചായിരുന്നില്ല. മറിച്ച്, ഇക്കാര്യത്തിലെ എന്റെ നിലപാട് അറിയിക്കുക എന്ന ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ-അതൊരു ഭയങ്കര കാര്യമായിരിക്കുമെന്ന് ഞാന്‍ മനസ്സിലാക്കി. പൊതുസ്ഥലത്തെ മുലയൂട്ടലിന് ഒരു സാധാരണത്വം കൊണ്ടുവരാന്‍ എന്റെ മുന്നില്‍ തെളിഞ്ഞ ഒരു മാര്‍ഗമായിരുന്നു അത്. അതിന്റെ വരുംവരായ്കളെക്കുറിച്ച് ഞാന്‍ ചിന്തിച്ചില്ല. പക്ഷേ, ചിത്രങ്ങള്‍ പങ്കുവെച്ചപ്പോള്‍ ഒരുപാട് സ്ത്രീകള്‍ തന്റെ ധീരമായ തീരുമാനത്തെ അഭിനന്ദിച്ച് മുന്നോട്ടുവന്നു. ചിത്രം കണ്ട് നിരവധി സ്ത്രീകള്‍ ശാക്തീകരിക്കപ്പെട്ടതോടെ, എനിക്ക് എന്റെ പ്രവൃത്തി ശരിയാണെന്ന് മനസ്സിലായി. എന്തെന്നാല്‍ ഇത് 2024 ആണ്, വളരെ സാധാരണമായ ഒരു പ്രക്രിയയെ സാധാരണമാക്കിത്തീര്‍ക്കേണ്ട സമയം.

മദ്യലഹരിയിൽ അമിതവേ​ഗത്തിൽ കാറോടിച്ച് സ്കൂട്ടർ യാത്രികനെ ഇടിച്ചുതെറിപ്പിച്ച സംഭവത്തിൽ നടൻ ബൈജുവിനെതിരെ കേസ്. സംഭവത്തിൽ സ്കൂട്ടർ തകരുകയും യാത്രക്കാരന് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രി വെള്ളയമ്പലം ജം​ഗ്ഷനിലായിരുന്നു സംഭവം.

ഞായറാഴ്ച രാത്രി പതിനൊന്നേ മുക്കാലോടെയാണ് വെള്ളയമ്പലത്തുവെച്ച് ബൈജുവിന്റെ കാർ സ്കൂട്ടർ യാത്രികനെ ഇടിച്ച് അപകടമുണ്ടായത്. ശാസ്തമം​ഗലം ഭാ​ഗത്തുനിന്നാണ് ബൈജു വന്നത്. കവടിയാർ ഭാ​ഗത്തുനിന്നാണ് സ്കൂട്ടർ യാത്രക്കാരൻ വന്നത്. പോലീസ് ഹെഡ്ക്വാർട്ടേഴ്സിന്റെ ഭാ​ഗത്തേക്ക് പോകേണ്ടിയിരുന്ന ബൈജു തന്റെ വാഹനം തിരിക്കാൻ തുടങ്ങിയപ്പോഴാണ് ഇവിടെ റോഡ് നിർമാണത്തിനുവേണ്ടി തടസം സൃഷ്ടിച്ച് വഴിതിരിച്ചുവിടണമെന്ന ബോർഡ് സ്ഥാപിച്ചിരിക്കുന്നതായി മനസിലാക്കിയത്. പൊടുന്നനേ അദ്ദേഹം കാർ തിരിച്ചപ്പോൾ നിയന്ത്രണംവിട്ട് കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.

സി​ഗ്നൽ പോസ്റ്റിലിടിച്ച ശേഷം വീണ്ടും മറ്റൊരു പോസ്റ്റിലിടിച്ചശേഷമാണ് ബൈജുവിന്റെ വാഹനം നിന്നത്. പരിക്കേറ്റയാളെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. രാത്രി വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്തസാമ്പിൾ നൽകാൻ താരം വിസമ്മതിച്ചു. തുടർന്ന് മദ്യത്തിന്റെ ​ഗന്ധമുണ്ടെന്നും പരിശോധനയ്ക്ക് തയ്യാറായില്ലെന്നുംകാട്ടി ഡോക്ടർ പോലീസിന് റിപ്പോർട്ട് നൽകുകയായിരുന്നു.

മദ്യപിച്ച് അമിതവേ​ഗത്തിൽ കാറോടിച്ചതിന് മ്യൂസിയം പോലീസ് ബൈജുവിനെതിരെ കേസെടുത്തു. പരിക്കേറ്റയാൾ ഇപ്പോൾ പരാതി നൽകാത്തതിനാൽ പോലീസ് സ്വമേധയാ ആണ് കേസെടുത്തിരിക്കുന്നത്.

മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെ ചെന്നൈ ഓഫിസില്‍ വിളിച്ചു വരുത്തി സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്.എഫ്.ഐ.ഒ) ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു.

അന്വേഷ ഉദ്യോഗസ്ഥന്‍ അരുണ്‍ പ്രസാദ് ആണ് ചോദ്യം ചെയ്യലിന് നേതൃത്വം നല്‍കിയത്. കേസെടുത്ത് 10 മാസത്തിന് ശേഷമാണ് എസ്.എഫ്.ഐ.ഒയുടെ നടപടി.

ധാതു മണല്‍ ഖനനത്തിനായി കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്ലിന് അനുമതി നല്‍കിയതിന് പ്രതിഫലമായി വീണാ വിജയന്റെ കമ്പനിയായ എക്സാലോജിക്കിന് മാസപ്പടിയായി രണ്ട് കോടി രൂപ ലഭിച്ചുവെന്നാണ് കേസിനാധാരമായ ആരോപണം.

എന്നാല്‍ മാസപ്പടി കേസില്‍ തനിക്ക് ബന്ധമില്ലെന്ന് വീണ വിജയന്‍ നേരത്തെ പറഞ്ഞിരുന്നു. താന്‍ ഐടി പ്രൊഫഷണല്‍ മാത്രമാണെന്നും രാഷ്ട്രീയ പാര്‍ട്ടികളുമായി തനിക്ക് ബന്ധമില്ലെന്നും അവര്‍ പറഞ്ഞു. തന്റെ കമ്പനിയ്ക്കെതിരായ അന്വേഷണം രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നും വീണ വിജയന്‍ കൂട്ടിച്ചേര്‍ത്തു.

മാസപ്പടി കേസില്‍ സര്‍ക്കാരിനെതിരെ ഹാജരാക്കിയ തെളിവുകള്‍ നിലനില്‍ക്കില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയും സിഎംആര്‍എല്ലിന് അനുകൂലമായി ഒന്നും ചെയ്തിട്ടില്ല. മുഖ്യമന്ത്രിയ്ക്ക് എപ്പോള്‍ വേണമെങ്കിലും യോഗം വിളിക്കാമെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

കേസില്‍ വിജിലന്‍സ് അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും കഴിഞ്ഞ ദിവസം സര്‍ക്കാര്‍ മറുപടി നല്‍കിയിരുന്നു. മുഖ്യമന്ത്രിയെ അനാവശ്യമായി കേസിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും സി.എം.ആര്‍.എല്ലും എക്സാലോജിക്കും തമ്മിലുളള കരാര്‍ ഇടപാടില്‍ രണ്ട് കമ്പനികള്‍ക്കും പരാതിയില്ലെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

കഴിഞ്ഞ ജനുവരിയിലാണ് കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയം എസ്.എഫ്.ഐ.ഒ അന്വേഷണം പ്രഖ്യാപിച്ചത്. തുടര്‍ന്ന് സി.എം.ആര്‍.ഉദ്യോഗസ്ഥരെയും കെ.എസ്.ഐ.ഡി.സി ഉദ്യോഗസ്ഥരെയും എസ്.എഫ്.ഐ.ഒ ചോദ്യം ചെയ്തിരുന്നു.

വീണയുടെ കമ്പനിയായ എക്സാലോജിക്കില്‍ നിന്നും അന്വേഷണ ഏജന്‍സി നേരത്തേ വിവരം ശേഖരിച്ചിരുന്നു. 10 മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനാണ് എസ്.എഫ്.ഐ.ഒയ്ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം. അതനുസരിച്ച് ഈ നവംബറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട സാഹചര്യത്തിലാണ് വീണാ വിജയനെ ചോദ്യം ചെയ്തത്.

ഇടുക്കി ഡിഎംഒ കൈക്കൂലി വാങ്ങിയത് കൈയ്യോടെ പിടികൂടി വിജിലൻസ്. ഗൂഗിള്‍ പേ വഴിയാണ് മനോജ് കൈക്കൂലി വാങ്ങിയിരുന്നത്. ഫിനഫ്തലിന്‍ പുരട്ടിയ നോട്ടുകളും കൈമുക്കി നിറം മാറുന്ന വിദ്യയുമൊന്നും ഇത്തരക്കാരെ പൂട്ടാന്‍ സാധിക്കാത്തതുകൊണ്ടാണ് ഡിജിറ്റൽ മാർഗം ഉപയോഗിച്ചത്.

മൂന്നാറിലെ ഹോട്ടലിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഡിഎംഒ മനോജ് ഹോട്ടലുടമയോട് 75000 രൂപയാണ് ചോദിച്ചത്. ഫോണിലൂടെയാണ് പണം ആവശ്യപ്പെട്ടത്. പണം ഗൂഗിള്‍‌ പേ ചെയ്തശേഷം തെളിവായി സ്ക്രീന്‍ ഷോട്ട് അയച്ചുനല്‍കാനും നിര്‍ദേശിച്ചിരുന്നു. സംഭാഷണം ഹോട്ടലുടമ റെക്കോര്‍ഡ് ചെയ്തു. ഈ റെക്കോർഡും പണം കൈമാറിയ സ്ക്രീൻ ഷോട്ടും ഡ‍ിജിറ്റല്‍ തെളിവായി സൂക്ഷിച്ചു.

തന്റെ പഴ്സനൽ ഡ്രൈവർ രാഹുൽ രാജിന്റെ നമ്പറിലേക്ക് തുക ഗൂഗിൾ പേ ചെയ്യാനാണ് മനോജ് ആവശ്യപ്പെട്ടത്. പണം കൈമാറിയ വിവരം ലഭിച്ചയുടന്‍ വിജിലന്‍സ് ‍ഡിജിറ്റലായിത്തന്നെ പണം കണ്ടെത്തി. കൈക്കൂലി വാങ്ങിയ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു.

മാനേജർ പണം അയച്ചയുടനെ ഡിഎംഒ ഓഫിസിൽ നിന്ന് ഡോ. മനോജിനെയും കട്ടപ്പന ചെമ്പകപ്പാറയിൽ നിന്നു രാഹുൽ രാജിനെയും വിജിലൻസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ആദ്യമായല്ല ഡിഎംഒ മനോജ് ഗൂഗിള്‍ പേ വഴി കൈക്കൂലി വാങ്ങുന്നതെന്നും വിജിലൻസ് കണ്ടെത്തി.

RECENT POSTS
Copyright © . All rights reserved