ആലുവ: പൗരത്വ ഭേദഗതി നിയമം ബ്രഹ്മണാധിപത്യത്തിനുള്ള തുടക്കമാണെന്നും ജനങ്ങൾ ഈ സമരത്തെ ഏറ്റെടുത്തിൽ ഭരണകൂടം ഭയന്നിട്ടുണ്ടെന്നും ഇന്ത്യൻ യുവത്വം പ്രതികരണ ശേഷി ഉള്ളവരാണെന്നു തെളിയിച്ചത് ആശാവഹമാണെന്നും ജസ്റ്റിസ് കെമാൽ പ്രസ്താവിച്ചു. നാഷണൽ ഫോറം ഫോർ പീപ്പിൾസ് ഫോറം ആലുവയിൽ നടത്തിയ പൗരത്വ ഭേദഗതി അവലോകന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. ലീലമണി അധ്യക്ഷത വഹിച്ചു. നാഷണൽ ഫോറം പ്രസിഡന്റ് അഡ്വ. പ്രകാശ് പി. തോമസ് മുഖ്യ പ്രഭാഷണം നടത്തി. എല്ലാറ്റിനെയും ഉൾക്കൊള്ളുന്നതാണ് ആർഷ ഭാരത സംസ്കാരമെന്നും സമസ്ത ലോകത്തിന്റെയും നന്മയ്ക്കായി പ്രാർത്ഥിച്ചിരുന്ന മുനിമാരെയാണ് നാം മാതൃക ആക്കേണ്ടതെന്നും മതത്തിന്റെ പേരിൽ രാഷ്ട്രത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവരിൽ ജിന്നയുടെ പ്രേതമാണുള്ളതെന്നും അവരെയാണ് പാക്കിസ്ഥാനിലേക്ക് അയക്കേണ്ടതെന്നും മുഖ്യ പ്രഭാഷണത്തിൽ ഓർമിപ്പിച്ചു. അൻവർ സാദത്ത് എം. എൽ. എ, പ്രദീപൻ മലോത്, ശശികുമാർ കാളികാവ്, വഹിദാ നിസാർ എന്നിവർ പ്രസംഗിച്ചു.
തിരുവനന്തപുരം പൗരത്വ നിയമ ഭേദഗതി വിശദീകരണത്തിനു തുടക്കമിട്ടു സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂറിനെ സന്ദർശി ച്ച കേന്ദ്രമന്ത്രി കിരൺ റിജിജുവി ന് ആദ്യം കേൾക്കേണ്ടി വന്നതു തന്നെ നിയമത്തിലുള്ള വിയോ ജിപ്പ് . രാജ്യത്തെ 3 കോടി വീടുകളിലെത്തി നിയമത്തെക്കുറിച്ചു ബോധവൽക്കരിക്കുന്ന ബിജെപി യുടെ ഗൃഹസമ്പർക്ക പരിപാടിക്കു കേരളത്തിൽ തുടക്കമിടാനാണു റിജിജു എത്തിയത് . ബിജെപി സംസ്ഥാന നേതാ ക്കളുടെ അഭിപ്രായപ്രകാരമാണ് ആദ്യം ഓണക്കൂറിനെ സന്ദർശിച്ചത് . വാളയാർ പീഡനക്കേസിൽ സിബിഐ അന്വേഷണംആവശ്യപ്പെട്ടു ബിജെപി നേതാവ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ ഉപവാസം സംഘടിപ്പിച്ചപ്പോൾ പിന്തുണയുമായി ഓണക്കൂർ എത്തിയിരുന്നു . അദ്ദേഹത്തിന്റെ നിലപാട് ബിജെപിക്ക് അനുകൂലമെന്ന ധാരണയിലാണു കേന്ദ്ര മന്ത്രിയെ നേതാക്കൾ ഇവിടെ എത്തിച്ചത് .
എന്നാൽ നിയമം മുസ്ലിം വിരുദ്ധമല്ലെന്നും വ്യാജപ്രചാരണമാണു നടക്കുന്നതെന്നും മന്ത്രി പറഞ്ഞപ്പോൾ ഓണക്കൂർ തൻറെ വിയോജിപ്പ് വ്യക്തമാക്കി. ഒരു മതവിഭാഗത്തെ മാത്രം ഒഴിവാക്കി 6 മതങ്ങളെ നിയമത്തിൽ ഉൾപ്പെടുത്തിയത് ശരിയായില്ല എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുസ്ലിങ്ങളെ മാത്രം ഒഴിവാക്കിയത് രാജ്യത്തിൻറെ ജനാധിപത്യ സ്വഭാവത്തിന് എതിരാണെന്ന് അദ്ദേഹം തുറന്നടിച്ചു.
ഓണക്കൂറിന് പ്രതികരണത്തെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ വിയോജിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കാശ്മീർ വിഷയത്തിലെ കേന്ദ്ര നിലപാട് താൻ അംഗീകരിച്ചിട്ടുണ്ടെന്നും വിഷയം അടിസ്ഥാനമാക്കിയാണ് നിലപാടെടുക്കുന്നതെന്നുമായിരുന്നു ഓണക്കൂറിന് പ്രതികരണം.
ഇതിനിടെ പൗരത്വനിയമം മുസ്ലീങ്ങളെ ലക്ഷ്യമിടുന്നതാണെന്നും കേന്ദ്രസർക്കാർ മുസ്ലിം സമുദായത്തിൻെറ വിശ്വാസ്യത വീണ്ടെടുക്കണമെന്നും ആർച്ച് ബിഷപ്പ് ഡോക്ടർ എം .സൂസപാക്യം കേന്ദ്രമന്ത്രികിരൺ റിജിജുവിനെ അറിയിച്ചു. ബിജെപിയുടെ ഗൃഹസമ്പർക്ക പരിപാടിയുടെ ഭാഗമായാണ് മന്ത്രി ബിഷപ്പിനെ സന്ദർശിച്ചത്. നിയമം പിൻവലിക്കണമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജുവിനോടു മുസ്ലിം അസോസിയേഷനും ആവശ്യപ്പെട്ടു.
ഇര്‍ഫാന്‍ പഠാന്‍ സജീവ ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. വിരമിക്കലിന് ശേഷം കളിച്ചുകൊണ്ടിരിക്കുന്നതിനിടെ സംഭവിച്ച നിരവധി കാര്യങ്ങള്‍ ഇര്‍ഫാന്‍ പങ്കുവച്ചിരുന്നു. എന്നിലുള്ള കഴിവ് ഏറ്റവും കൂടുതല്‍ ഉപയോഗിച്ച ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡായിരുന്നുവെന്നാണ് കഴിഞ്ഞ ദിവസം ഇര്‍ഫാന്‍ പറഞ്ഞത്. ഇപ്പോഴിതാ മറ്റൊരു സംഭവം കൂടി ഇര്‍ഫാന്‍ വ്യക്തമാക്കിയിരിക്കുന്നു. മുന്‍ ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയും തമ്മിലുണ്ടായ അനാവശ്യ സംസാരത്തെ കുറിച്ചാണ് ഇര്‍ഫാന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
2005ല്‍ ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിനിടെ നടന്ന ഒരു സംഭവമാണ് പഠാന്‍ ഓര്‍ത്തെടുക്കുന്നത്. ഇര്‍ഫാന്‍ പറയുന്നതിങ്ങനെ.. ”ഡല്‍ഹി ഫിറോസ് ഷാ കോട്‌ലയാണ് മത്സരം. വിരേന്ദര്‍ സെവാഗിന് പരിക്കേറ്റതില്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഞാന്‍ ബാറ്റ് ചെയ്യാനെത്തി. 93 റണ്‍സുമായി ഞാന്‍ ക്രീസിലുണ്ട്. കീപ്പ് ചെയ്യുകയായിരുന്നു കുമാര്‍ സംഗക്കാര. അദ്ദേഹം എന്റെ കുടുംബത്തെ കുറിച്ച് എന്തൊക്കെയോ മോശമായി പറഞ്ഞു. എന്റെ അച്ഛനെയും അമ്മയേയും കുറിച്ചാണ് സംഗക്കാര പറഞ്ഞത്. ഞാനദ്ദേഹത്തിന് മറുപടി കൊടുത്തു. സംഗക്കാരയുടെ ഭാര്യയെ കുറിച്ചാണ്‍ ഞാന്‍ പറഞ്ഞത്. ആ സംഭവം ഞങ്ങളെ രണ്ട് പേരെയും ദു:ഖത്തിലാഴ്ത്തി.
അതിന് ശേഷം ഞാനും സംഗക്കാരയും ഐപിഎല്‍ ടീമായ കിംഗ്‌സ് ഇലവന്‍ പഞ്ചാബില്‍ ഒരുമിച്ച് കളിച്ചു. സംഗക്കാരയുടെ ഭാര്യ അദ്ദേഹത്തോടൊപ്പം ഉണ്ടാവുമായിരുന്നു. ഒരിക്കാല്‍ സംഗക്കായ ഭാര്യയുമായി എന്റെ അടുത്തെത്തി. എന്നെ പരിചയപ്പെടുത്തി കൊടുത്തു. നിന്നെ കുറിച്ച് മോശമായി സംസാരിച്ച ആളാണെന്ന് പറഞ്ഞാണ് പരിചയപ്പെടുത്തിയത്. ആ സമയം ഞാനവരോട് ക്ഷമ ചോദിച്ചു. എന്നാല്‍ സംഗക്കാര ഇടപെട്ടു. ഞാനാണ് ആദ്യം നിങ്ങളുടെ കുടുംബത്തെ കുറിച്ച് മോശമായി സംസാരിച്ചത്. സംഗക്കാര ഇക്കാര്യം ഏറ്റുപറഞ്ഞതോടെ പ്രശ്‌നങ്ങള്‍ക്ക് അവസാനമാവുകയായിരുന്നു.” ഇര്‍ഫാന്‍ പറഞ്ഞുനിര്‍ത്തി.
പൗരത്വ നിയമഭേദഗതിക്കെതിരെ ഡല്‍ഹി ജമാമസ്ജിദില്‍ പ്രതിഷേധിച്ച സംഭവത്തില്‍ അറസ്റ്റിലായ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് രക്തത്തില്‍ ഗുരുതര രോഗമെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍ ഹര്‍ജിത് സിങ് ഭാട്ടി. ആഴ്ച്ചയില്‍ രണ്ടു തവണ രക്തം മാറ്റിയില്ലെങ്കില്‍ രക്തം കട്ട പിടിക്കുമെന്നും ഇതുമൂലം ഹൃദയാഘാതം സംഭവിക്കുമെന്നും ഡല്‍ഹി എയിംസിലെ ഡോക്ടര്‍ വ്യക്തമാക്കി. ഇതു കാണിച്ച് ഡല്‍ഹി പൊലീസിന് അറിയിപ്പ് നല്‍കിയിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു.
ചന്ദ്രശേഖര്‍ ആസാദ് തിഹാര്‍ ജയിലിലായിട്ട് ഇന്നു കൃത്യം രണ്ടാഴ്ച കഴിഞ്ഞിരിക്കുകയാണ്. ഇന്നലെ രാത്രി 11 മണിക്കാണ് അദ്ദേഹത്തിന്റെ ഡോക്ടര്‍ ഹര്‍ജിത് സിങ് ഭട്ടിയുടെ മൂന്ന് ട്വീറ്റുകള്‍ വരുന്നത്. ആഴ്ചയില്‍ രണ്ടുതവണ രക്തം മാറ്റിവെക്കേണ്ടുന്ന രോഗമാണ് ആസാദിന്. കഴിഞ്ഞ ഒരുവര്‍ഷമായി ഡല്‍ഹി എയിംസില്‍ ചികിത്സിക്കുന്നു. ഇതു കൃത്യമായി ചെയ്തില്ലെങ്കില്‍ രക്തം കട്ട പിടിക്കാനും ഹൃദയാഘാതമോ അല്ലെങ്കില്‍ സ്‌ട്രോക്കോ സംഭവിക്കാനും സാധ്യതയുള്ളതായി ഡോക്ടര്‍ പറയുന്നുണ്ട്. പലതവണ ഡല്‍ഹി പോലീസിനോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നെന്നും ഡോക്ടറുടെ ട്വീറ്റിലുണ്ട്.
ഡല്‍ഹി ജമാമസ്ജിദില്‍ പൊലീസിന്റെ കണ്ണുവെട്ടിച്ചാണ് ആസാദ് പ്രതിഷേധ പ്രകടനത്തിനെത്തിയത്. ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിഷേധം നയിച്ച ആസാദിനെ പുലര്‍ച്ചെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റു ചെയ്യുന്നത്. രണ്ടാഴ്ച്ച റിമാന്‍ഡില്‍ വിട്ട ആസാദിപ്പോള്‍ തീഹാര്‍ ജയിലിലാണ് കഴിയുന്നത്. ജയിലില്‍ ആസാദിന് മര്‍ദ്ദനമേല്‍ക്കുന്നുവെന്ന് ദളഇത് നേതാവ് ജിഗ്നേഷ് മേവാനി നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ബിഗ് ബോസ് മലയാളം സീസൺ 2വിലെ മത്സരാർത്ഥികളെ ഗ്രാൻഡ് ഓപ്പണിംഗ് വേദിയിൽ മോഹൻലാൽ പരിചയപ്പെടുത്തിയപ്പോൾ, പ്രേക്ഷകരെ ഏറെ ഞെട്ടിച്ച എൻട്രി അധ്യാപകനും വാഗ്മിയുമായ ഡോ. രജിത് കുമാറിന്റേതാണ്. വെള്ളത്താടിയും വെള്ളമുണ്ടും ഉടുത്തു കണ്ടു ശീലിച്ച രജിത് കുമാറിന്റെ മുടി ഡൈ ചെയ്ത് നിറപ്പകിട്ടുള്ള വസ്ത്രങ്ങൾ അണിഞ്ഞുള്ള വരവ് പ്രേക്ഷകരെ സംബന്ധിച്ചും അതിശയിപ്പിക്കുന്ന ഒന്നായിരുന്നു.
കാലടി ശ്രീശങ്കര കോളേജിലെ ബോട്ടണി അധ്യാപകനായ രജിത് കുമാര്‍ വിവാദങ്ങളിലൂടെയാണ് വാർത്തകളിൽ നിറഞ്ഞത്. ശ്രീശങ്കര കോളേജിലെ ഒരു പരിപാടിയ്ക്കിടെ, പ്രസംഗത്തിൽ സ്ത്രീവിരുദ്ധ പരമാർശങ്ങൾ നടത്തിയ രജിത് കുമാറിനെ ആര്യ എന്ന ബിരുദ വിദ്യാർത്ഥി നിർത്താതെ കൂവി തന്റെ പ്രതിഷേധം അറിയിച്ചതാണ് ആദ്യം വാർത്തയായത്. അതോടെയാണ് രജിത് കുമാർ വാർത്തകളിൽ നിറഞ്ഞു. തുടർന്ന് വിവാദങ്ങൾ രജിത് കുമാറിന്റെ പ്രസംഗങ്ങൾക്കൊപ്പം തന്നെ തുടർകഥയാവുന്ന കാഴ്ചയാണ് മലയാളികൾ കണ്ടത്.
രജിത് കുമാറിനെ പോലൊരു മത്സരാർത്ഥിയെ പരിപാടിയിലേക്ക് ചാനൽ ക്ഷണിച്ചത് വെറുതെയല്ലെന്ന് തെളിയിക്കുന്നതാണ് ബിഗ് ബോസ് ഹൗസിലെ ആദ്യദിന കാഴ്ചകൾ. നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കുകയും മറ്റുള്ളവരുടെ കംഫർട്ട് സോണുകളെ ഭേദിക്കുകയും ചെയ്യുന്ന ഒരു മത്സരാർത്ഥി ഉണ്ടെങ്കിൽ മാത്രമേ വരുംനാളുകളിൽ ബിഗ് ബോസ് ഹൗസിലെ കാഴ്ചകൾ ഉദ്വോഗജനകമാവൂ എന്ന തിരിച്ചറിവു തന്നെയാണ് രജിത് കുമാറിന്റെ തിരഞ്ഞെടുപ്പിനു പിന്നിൽ. രജിത് കുമാറിന്റെ എൻട്രിയിൽ സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും വന്നുകൊണ്ടിരിക്കുന്നത്.
‘വന്നപ്പോഴേക്കും പണി തുടങ്ങി, ഷോയുടെ റേറ്റിംഗ് കൂട്ടാൻ ഇയാളെ കൊണ്ടുവന്നിരിക്കുന്നത്’, ‘ഇയാളോട് മുട്ടിനിൽക്കാവുന്ന മത്സരാർത്ഥികൾ ഹൗസിൽ ഇല്ല’ എന്നിങ്ങനെയുള്ള പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. രഞ്ജിനി ഹരിദാസിനെ പോലെയുള്ള മത്സരാർത്ഥികൾ ഉണ്ടാവേണ്ടിയിരുന്നത് ഇപ്പോഴാണ് എന്നും പ്രേക്ഷകർ പ്രതികരിക്കുന്നുണ്ട്.
വന്ന ഉടനെ തന്നെ ഹൗസിലെ മാലിന്യ സംസ്കരണത്തിനും പ്ലാസ്റ്റിക് ഉപയോഗം കുറക്കാനുമുള്ള പ്ലാനുകൾ ബിഗ് ബോസ് കുടുംബാംഗങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയാണ് രജിത് കുമാർ. പ്ലാസ്റ്റിക് മാലിന്യത്തെ കുറിച്ച് അവബോധമുണ്ടാക്കുന്ന രജിത് കുമാറിന്റെ ‘പ്രസംഗം’ ബിഗ് ബോസ് കുടുംബാംഗങ്ങൾക്കിടയിൽ അൽപ്പം മുഷിപ്പ് ഉണ്ടാക്കുന്നുമുണ്ട്. ആർ ജെ രഘുവിന്റെ വൈവാഹിക- സ്വകാര്യജീവിതത്തിലും വ്യക്തിപരമായ കാര്യങ്ങളിൽ കൈക്കടത്തുന്ന രീതിയിലുള്ള രജിത് കുമാറിന്റെ സംസാരവും ഹൗസ് മെമ്പേഴ്സിനിടയിൽ അസ്വസ്ഥകൾ ഉണ്ടാക്കിയിട്ടുണ്ട്. എന്തായാലും, വരും ദിവസങ്ങളിൽ കൂടുതൽ സംഘർഷങ്ങൾ ബിഗ് ബോസ് ഹൗസിൽ ഉണ്ടാക്കുന്ന സാന്നിധ്യം രജിത് കുമാറിന്റേതാവും എന്നാണ് പ്രേക്ഷകരുടെയും അനുമാനം.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തലയ്ക്കു വിലയിട്ട് ഇറാൻ. ട്രംപിനെ ഇല്ലാതാക്കാൻ 80 മില്ല്യണ്‍ യുഎസ് ഡോളർ (ഏകദേശം 576 കോടി രൂപ) പാരിതോഷികമാണ് ഇറാൻ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാനിയൻ രഹസ്യാന്വേഷണ വിഭാഗം തലവൻ ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന് പ്രതികാരമായാണ് ഇറാന്റെ നടപടി.
ഇറാന്റെ ദേശീയ മാധ്യമത്തിലൂടെ മുതിർന്ന സൈനിക കമാൻഡർ പണപ്പിരിവിന് ആഹ്വാനം ചെയ്തു എന്നാണു റിപ്പോർട്ട്. എല്ലാ ഇറാനിയൻ പൗരൻമാരിൽനിന്നു ഓരോ ഡോളർ വീതം ശേഖരിച്ച് ട്രംപിനെ വധിക്കുന്നവർക്കു നൽകാനുള്ള പണം കണ്ടെത്തുമെന്നും പ്രഖ്യാപനമുണ്ടായതായി ബ്രിട്ടീഷ് മാധ്യമമായ മിറർ റിപ്പോർട്ട് ചെയ്യുന്നു. 80 ദശലക്ഷം പൗരൻമാരാണ് ഇറാനിലുള്ളത്.
ഇറാൻ റെവലൂഷനറി ഗാർഡ്സിലെ ഉന്നതസേനാ വിഭാഗമായ ഖുദ്സ് ഫോഴ്സ് തലവൻ ജനറൽ ഖാസിം സുലൈമാനി യുഎസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതിനു പ്രതികാരം ചെയ്യുമെന്ന് ഇറാൻ പ്രഖ്യാപിച്ചിരുന്നു. യുഎസിനെ ആക്രമിച്ചാൽ ഇറാനിലെ 52 കേന്ദ്രങ്ങളിൽ അതിവേഗത്തിൽ ശക്തമായ ആക്രമണമുണ്ടാമെന്നാണു ട്രംപിന്റെ മറുപടി.
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിന്. ഡൽഹിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറയാണ് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത്. ഒരു ഘട്ടത്തിൽ തെരഞ്ഞെടുപ്പ് അവസാനിക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഈ മാസം 14-ന് പുറപ്പെടുവിക്കും. 21 ആണ് നാമനിർദേശം സമർപ്പിക്കാനുള്ള അവസാന തീയതി. 22-ന് നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. 24 ആണ് നാമനിർദേശങ്ങൾ പിൻവലിക്കാനുള്ള അവസാന ദിവസം. ഫെബ്രുവരി എട്ടിന് തെരഞ്ഞെടുപ്പ് നടക്കും. പതിനൊന്നിനാണ് വോട്ടെണ്ണൽ. 70 മണ്ഡലങ്ങളിലേക്കാണു തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഡൽഹിയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ദേശീയ രാഷ്ട്രീയം വീണ്ടും ചൂടുപിടിക്കുകയാണ്. ഏഴുമാസം മുന്‍പു നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം വരുന്ന പ്രധാന തെരഞ്ഞെടുപ്പെന്ന നിലയിൽ മാത്രമല്ല, രാജ്യത്തെ ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയിൽ ഏറെ സൂചനകൾ നൽകുന്ന തെരഞ്ഞെടുപ്പു ഫലം കൂടിയായിരിക്കുമിത്. കേന്ദ്രത്തിലെ ബിജെപി സർക്കാർ രാജ്യവ്യാപകമായി പ്രക്ഷോഭത്തെ നേരിടുന്ന അവസരത്തിൽ ഈ തെരഞ്ഞെടുപ്പ് എല്ലാ രാഷ്ട്രീയപാർട്ടികളെ സംബന്ധിച്ചും ഏറെ നിർണായകമാണ്. രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിൽ നിന്നുള്ളവരും താമസിക്കുന്ന ഡൽഹിയിൽ സർക്കാരിന്റെ നയങ്ങളും ഭരണവും എത്രത്തോളം ജനകീയമായിരുന്നു എന്നു കൂടി തെളിയിക്കാൻ ഈ തെരഞ്ഞെടുപ്പിലൂടെ കഴിയും. പ്രാദേശിക വിഷയങ്ങളാണ് സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ ഏറെയും പ്രതിഫലിക്കുക എന്നു പറയാറുണ്ടെങ്കിലും ഡൽഹി സംസ്ഥാന തെരഞ്ഞെടുപ്പിൽ മറ്റു പല ഘടകങ്ങളും നിർണായകമാവാറുണ്ട്. ഡൽഹിയെ സംബന്ധിച്ച് തലസ്ഥാനമെന്ന രീതിയിൽ അധികാരങ്ങൾ സംസ്ഥാന-കേന്ദ്ര സർക്കാരുകൾക്ക് വിഭജിച്ചു നിൽകിയിരിക്കുകയാണ്.
പോലീസും ആഭ്യന്തരവുമെല്ലാം ഇപ്പോഴും കൈകാര്യം ചെയ്യുന്നത് കേന്ദ്രമാണ്. എന്തായാലും ബിജെപിയെ സംബന്ധിച്ച് ഈ തെരഞ്ഞെടുപ്പ് നിർണായകമാണ്. ഡൽഹി ഞങ്ങൾ എടുക്കും എന്ന പ്രസ്താവനയുമായി ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ രംഗത്തു വന്നു കഴിഞ്ഞു. ദീർഘകാലം കോണ്‍ഗ്രസും ബിജെപിയും മാറി മാറി ഭരിച്ച ഡൽഹിയിൽ ഇപ്പോൾ ആം ആദ്മി പാർട്ടിയാണ് ഭരണത്തിൽ. മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ഏറെ ജനകീയനായ നേതാവായാണ് അറിയപ്പെടുന്നത്. ജനപ്രിയ പദ്ധതികളും അഴിമതി രഹിത ഭരണവുമെല്ലാം ചേർന്ന് തികഞ്ഞ ആത്മവിശ്വാസത്തിലാണ് കേജരിവാൾ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ആം ആദ്മി പാർട്ടിക്ക് നല്ല വേരോട്ടമുള്ള ഡൽഹിയിൽ വീണ്ടും ഭരണത്തിലെത്താമെന്നാണ് അവരുടെ കണക്കുകൂട്ടൽ. എന്നാൽ ബിജെപിയും കോണ്‍ഗ്രസും ഡൽഹിയിൽ ഏറെ സ്വാധീനമുള്ള പാർട്ടികൾ തന്നെയാണെന്നതും വസ്തുതയാണ്. കഴിഞ്ഞ ലോക്സഭാ തെരഞെടുപ്പിൽ ഡൽഹി തൂത്തുവാരിയ ബിജെപി ഇപ്പോഴും ആ പ്രതീക്ഷയാണ് വച്ചുപുലർത്തുന്നത്. കോണ്‍ഗ്രസാകട്ടെ ഷീലാദീക്ഷിത്തിലൂടെ തങ്ങൾ നേടിയ സ്വാധീനം ഇനിയും അസ്തമിച്ചിട്ടില്ലെന്നു കരുതുന്നു. ഡൽഹി സംസ്ഥാനം രൂപീകരിച്ചതിനുശേഷം 1993ൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ ബിജെപിയായിരുന്നു അധികാരത്തിൽ വന്നത്. മദൻലാൽ ഖുറാനയായിരുന്നു ആദ്യ മുഖ്യമന്ത്രി. പിന്നീട് 98ൽ നടന്ന തെരഞ്ഞെടുപ്പിൽ ഷീലാ ദീക്ഷിത്തിന്റെ നേതൃത്വത്തിൽ കോണ്‍ഗ്രസ് അധികാരത്തിലെത്തി. തുടർച്ചയായി മൂന്നു ടേം അധികാരത്തിലിരുന്ന കോണ്‍ഗ്രസ് പിന്നീട് ആം ആദ്മി പാർട്ടിക്ക് വഴിമാറിക്കൊടുക്കുകയായിരുന്നു.
2015ൽ ആം ആദ്മി പാർട്ടി രണ്ടാം തവണ അധികാരത്തിലേറിയത് 70ൽ 67 നിയമസഭാ മണ്ഡലങ്ങളും നേടിക്കൊണ്ടായിരുന്നു. കോണ്‍ഗ്രസ് ആകട്ടെ നാമാവിശേഷമാവുകയും ചെയ്തു. 2020ലെ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ സമവാക്യങ്ങൾ എങ്ങനെ രൂപപ്പെടുമെന്ന് ഇനിയും പറയാറായിട്ടില്ല. ഒറ്റയ്ക്ക് പൊരുതി നേടാനൂള്ള ശേഷി കോണ്‍ഗ്രസിനില്ല. ഷീലാദീക്ഷിത്തിനു ശേഷം മികച്ചൊരു നേതാവിനെ ഡൽഹിയിൽ ഇനിയും കോണ്‍ഗ്രസിന് കണ്ടെത്താനായിട്ടില്ല. മരിക്കുന്നതുവരെ ഷീലയായിരുന്നു ഡൽഹി കോണ്‍ഗ്രസിന്റെ അവസാന വാക്ക്. ആം ആദ്മി പാർട്ടിയും കോണ്‍ഗ്രസുമായുള്ള സഖ്യം ഇരുപാർട്ടികൾക്കും ഗുണം ചെയ്യുമെങ്കിലും ഇതുസംബന്ധിച്ച് ഇരു പാർട്ടി നേതാക്കൾക്കുമിടയിൽ അഭിപ്രായ ഭിന്നതകളുണ്ട്. ബിജെപിയാകട്ടെ ഏതുവിധേനയും ഭരണം പിടിക്കാനുള്ള ശ്രമത്തിലാണ്. പൗരത്വ നിയമത്തിനെതിരേയുള്ള വിദ്യാർഥി പ്രക്ഷോഭം ഏറ്റവും ശക്തമായി നടന്ന ഡൽഹിയിൽ ഇപ്പോഴത്തെ രാഷ്ട്രീയം എങ്ങനേയും തങ്ങൾക്ക് അനുകൂലമാക്കാനുള്ള കരുനീക്കങ്ങളിലാണ് ബിജെപി.
ഡല്‍ഹി ജവഹർലാൽ നെഹ്റു സർവകലാശാല വിദ്യാർഥികൾക്കു നേരെ ഞായറാഴ്ച നടന്ന മുഖംമൂടി സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ മലയാളികളിൽ ഇഎംഎസിന്റെ കൊച്ചുമകനും. ഇഎംഎസിന്റെ കൊച്ചുമകൻ പ്രഫ. അമീത് പരമേശ്വരനാണ് പരിക്കേറ്റത്. ഇദ്ദേഹത്തിന് പുറമെ മലയാളി വിദ്യാർത്ഥികളായ നിഖിൽ മാത്യു, ഐശ്വര്യ പ്രതാപ് എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
അതേസമയം, ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജെഎൻയു യുണിയൻ ചെയർമാൻ ഐഷി ഘോഷിനെ എയിംസിലേക്ക് മാറ്റി. സര്‍വകലാശാലയിലെ സെന്‍റര്‍ ഓഫ് സ്റ്റഡി ഓഫ് റീജണൽ ഡെവലപ്മെന്‍റിലെ അധ്യാപിക പ്രൊഫ. സുചിത്ര സെൻ തുടങ്ങിയവർക്കും തലയ്ക്കു ഗുരുതര പരുക്കേറ്റിരുന്നു. എബിവിപി സംഘമാണ് ആക്രമണം നടത്തിയതെന്നാണ് ജെഎൻയു യൂണിയൻ പ്രതിനിധികളുടെ ആരോപണം.
മുഖം മറച്ചവർ ഇരുമ്പുകമ്പികളും വടിവാളും മറ്റ് മാരകായുധങ്ങളുമായി വിദ്യാർഥികളെ ക്രൂരമായി മർദിക്കുകയും ഹോസ്റ്റൽ മുറികളും മറ്റും അടിച്ചു തകർക്കുകയുമായിരുന്നു. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നു. അക്രമികൾക്ക് പൊലീസും ഒത്താശ ചെയ്തതായി ആരോപണമുണ്ട്. അക്രമി സംഘത്തിൽ മുഖം മറച്ച് ആയുധങ്ങളുമായി എത്തിയ സംഘത്തിൽ പെൺകുട്ടികളുമുണ്ടായിരുന്നു.
ക്യാംപസിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് സമീപം അധ്യാപക സംഘടന നടത്തിയ പ്രതിഷേധ പരിപാടിക്കിടെ നടന്ന ആക്രമണം ആസൂത്രിതമെന്ന് വ്യക്തമാക്കുന്ന തെളിവുകളും പുറത്ത് വന്നിട്ടുണ്ട്. മൂന്ന് മണിക്കൂറോളമാണ് ക്യാപസിൽ ആക്രമണം അരങ്ങേറിയത്. അക്രമത്തിന് എതിരെ വ്യാപക പ്രതിഷേധമാണ് രാജ്യവ്യാപകമായി ഉയർന്നിട്ടുള്ളത്.
അതിനിടെ സംഭവത്തില്‍ കേന്ദ്രമന്ത്രിമാരായ നിര്‍മ്മല സീതാരാമനും എസ് ജയശങ്കറും പ്രതിഷേധിച്ചു. അന്വേഷണം നടത്താന്‍ ആഭ്യന്തര മന്ത്രി അമിത്ഷാ ഉത്തരവിട്ടു.രജിസ്ട്രാറെയും പ്രോക്ടറെയും മാനവ വിഭവ ശേഷി മന്ത്രാലയം വിളിപ്പിച്ചു. മന്ത്രാലയം സെക്രട്ടറിക്ക് മുന്നില്‍ ഇന്ന് ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
സര്‍വകലാശാലയിൽ നടന്ന അക്രമ സംഭവങ്ങള്‍ ഞെട്ടിക്കുന്നതെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. അതേസമയം പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ എയിംസ് ആശുപത്രിയിൽ നേരിട്ടെത്തി പ്രിയങ്ക ഗാന്ധി, സിപിഎം പിബി അംഗം ബൃന്ദ കാരാട്ട് തുടങ്ങിയവര്‍ കണ്ടു. ഡി രാജ അടക്കമുള്ള ഇടതുനേതാക്കൾ ജെഎൻയുവിലെത്തി വിദ്യാര്‍ത്ഥികളെ കാണുകയും ചെയ്തു. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ അധ്യാപകര്‍ വിസിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. സുരക്ഷയും സമാധാനവും ഉറപ്പാക്കാനായില്ലെങ്കില്‍ വൈസ് ചാന്‍സലര്‍ സ്ഥാനം ഒഴിയണമെന്ന് അധ്യാപകര്‍ ആവശ്യപ്പെട്ടു.
ഭാവന കേന്ദകഥാപാത്രമാവുന്ന ബജ്‌രംഗി 2ന്റെ ഷൂട്ടിങ് കഴിഞ്ഞ ജൂണില്‍ ചിത്രീകരണം ആരംഭിച്ചിരുന്നെങ്കിലും അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ വിവരങ്ങള്‍ പുറത്ത് വിട്ടിരുന്നില്ല. നടന്‍ ശിവരാജ്കുമാറും സംവിധായകന്‍ എ ഹര്‍ഷനും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ബജ്‌രംഗി 2. ചിത്രത്തില്‍ ഭാവന അഭിനയിക്കുന്ന കേന്ദ്രകഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ആദ്യമായി ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഡയറക്ടര്‍ ഹര്‍ഷനാണ് ഭാവനയുടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
അത്ഭുതപ്പെടുത്തുന്ന മേക്ക് ഓവറിലാണ് ഭാവന ചിത്രത്തിലെത്തുന്നത്. ഭാവന പെണ്‍കുട്ടി എന്ന നിലയിലാണ് കൂടുതല്‍ ചിത്രങ്ങളിലും അഭിനയിച്ചിരുന്നതെന്നും, ഇത്തരമൊരു ക്യാരക്ടര്‍ ഭാവന ആദ്യമായിട്ടാണ് ചെയ്യുന്നതെന്നും, ഭാവനയുടെ അഭിനയ ജീവിതത്തിലെ പിന്‍കാലത്ത് അടയാളപ്പെടുത്താന്‍ പറ്റുന്ന ഏറ്റവും ശക്തമായ കഥാപാത്രങ്ങളില്‍ ഒന്നാവും ഇതെന്നും സംവിധായകന്‍ ഹര്‍ഷന്‍ പറയുന്നു.
ശിവരാജ് കുമാറിനൊപ്പം ഇത് രണ്ടാം തവണയാണ് ഭാവന ഇത്തരമൊരു ഗംഭീര പ്രകടനം കാഴ്ച്ചവെക്കുന്നതെന്നും ഹര്‍ഷന്‍ കുറിക്കുന്നു. ശിവരാജ് കുമാറും ഇത്തരത്തില്‍ വ്യത്യസ്തമായൊരു കഥാപാത്രമായിട്ടാണ് സിനിമയില്‍ എത്തുന്നതെന്നും, മറ്റ് പ്രധാന കഥാപാത്രങ്ങളുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഈ ആഴ്ച്ചതന്നെ പുറത്തിറക്കുമെന്നും ഹര്‍ഷന്‍ പറയുന്നു. സിനിമയുടെ ചിത്രീകരണം കര്‍ണ്ണാടകയില്‍ പുരോഗമിക്കുകയാണ്.