കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അങ്കണവാടികള്‍ക്കും അവധി നല്‍കിയിരിക്കുകയാണ്. ആളുകള്‍ കൂടുന്ന ഉത്സവങ്ങളും, സിനിമാ തിയേറ്ററുകളും ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നാളെ മുതല്‍ സിനിമാ തിയേറ്ററുകള്‍ അടച്ചിടും.
മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ മുതല്‍ ബ്രഹ്മാണ്ഡ ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങിയിരുന്നത്. റിലീസ് തീയതികളെല്ലാം മാറ്റിയിരിക്കുകയാണ്. ചലച്ചിത്ര സംഘടനകളുടെ യോഗമാണ് റിലീസ് തീയതികള്‍ മാറ്റിയത്. നാടകം പോലുള്ള കലാപരിപാടികളും ഉണ്ടാകില്ല.
മാര്‍ച്ച് 26നാണ് മരക്കാര്‍ റിലീസ് ചെയ്യേണ്ടിയിരുന്നത്. കൊറോണ വ്യാപനം തുടരുകയാണെങ്കില്‍ തീയതിക്ക് മാറ്റമുണ്ടാകും. ടൊവിനോയുടെ കിലോമീറ്റേഴ്‌സ് എന്ന ചിത്രത്തിന്റെ റിലീസ് മാറ്റിയിട്ടുണ്ട്.
14 പേര്‍ക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് ജാഗ്രതയും നിരീക്ഷണവും ശക്തിപ്പെടുത്തിയതായി മന്ത്രി കെ.കെ.ശൈലജ. നിലവില്‍ 3313 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇവരില്‍ 3020 പേര്‍ വീടുകളിലും 293 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1179 സാംപിളുകള്‍ പരിശോധിച്ചു. 273 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇറ്റലിയില്‍ നിന്നും പത്തനംതിട്ടയില്‍ എത്തിയ മൂന്നംഗ കുടുംബവുമായി സമ്പര്‍ക്കം പുലര്‍ത്തിയ 969 പേരെയാണ് കണ്ടെത്തിയത്. ഇതില്‍ 129 പേരെ ഹൈ റിസ്ക് വിഭാഗത്തില്‍പ്പെടുത്തിയിട്ടുണ്ട്. ഇവരില്‍ 13 ശതമാനം പേര്‍ 60 വയസില്‍ കൂടുതലുള്ളവരാണ്. അവര്‍ക്ക് പ്രത്യേക പരിചരണമാണ് നല്‍കുന്നത്. കോട്ടയത്ത് 60 പേര്‍ കോണ്ടാക്ട് ലിസ്റ്റിലുണ്ട്. എറണാകുളത്ത് കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ള മൂന്ന് വയസുകാരനുമായും മാതാപിതാക്കളുമായും സമ്ബര്‍ക്കം പുലര്‍ത്തിയ 33 ഹൈ റിസ്കുള്ളവര്‍ ഉള്‍പ്പെടെ 131 പേരെയും കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പിന്റെ അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
തിരുവനന്തപുരവും കോഴിക്കോടും സാംപിളുകള്‍ ടെസ്റ്റ് ചെയ്ത് തുടങ്ങി. പബ്ലിക് ഹെല്‍ത്ത് ലാബ്, തൃശൂര്‍ മെഡിക്കല്‍ കോളജ്, രാജീവ്ഗാന്ധി ബയോ ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ പരിശോധനയ്ക്കായി അനുമതി തേടിയിട്ടുണ്ട്. ഇതിനും കൂടി അനുമതി കിട്ടിയാല്‍ വേഗത്തില്‍ ഫലം ലഭിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് 19 ബാധിത രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ പേര്‍ കേരളത്തിലേക്ക് വരുന്നുണ്ട്. വിമാനത്താവളത്തില്‍ സ്ക്രീനിംഗ് ശക്തമാക്കി. വിമാനത്താവളത്തില്‍ കൃത്യമായ സ്ക്രീനിംഗ് നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
സുര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യത്വം എന്നത് ഇന്നും ബ്രിട്ടനിലെ ഒരു നല്ല വിഭാഗം ആളുകളെ ഭ്രമിപ്പിക്കുന്നു. തങ്ങളുടെ രാജ്യം ഇക്കാലവും ഒരു സാമ്രാജ്യത്വ രാജ്യമായി തുടരണമെന്നാണ് ഇവര്‍ ആഗ്രഹിക്കുന്നത്. പഴയ കാലത്തെ സാമ്രാജ്യത്വ രാജ്യങ്ങളില്‍ കൊളനി ഭരണത്തെ ഏറ്റവും കൂടുതല്‍ അഭിമാനത്തോടെ കാണുന്നവര്‍ ഡച്ചുകാരും ബ്രിട്ടീഷുകാരാണ്. ഇത് സംബന്ധിച്ച് വിവിധ രാജ്യങ്ങളില്‍ നടന്ന പഠനങ്ങളിലാണ് ഇക്കാര്യം തെളിഞ്ഞത്. ഇ്ന്റര്‍നെറ്റ് മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ യു ഗോവിന്റെ സര്‍വെയിലാണ് ഇക്കാര്യം വ്യക്തമായത്.
100 ല്‍ 30 പേരും ബ്രിട്ടന്‍ ഒരു സാമ്രാജ്യത്വശക്തിയായി തുടരണമെന്നാണ് ആഗ്രഹിക്കുന്നത്. എന്നു മാത്രമല്ല, ബ്രിട്ടന്റെ കൊളണി രാജ്യങ്ങളുടെ അവസ്ഥ മറ്റ് കോളനി രാജ്യങ്ങളെക്കാള്‍ മെച്ചപ്പെട്ടതായിരുന്നുവെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. ബ്രീട്ടീഷുകാരില്‍ ഒരു നല്ല വിഭാഗത്തിനുള്ള അതി ദേശീയ ബോധത്തിന്റെ പ്രതിഫലനമായിട്ടാണ് ചിലര്‍ ഇതിനെ കാണുന്നത്. ബ്രിട്ടീഷുകാരില്‍ തന്നെ ലേബര്‍ പാര്‍ട്ടിക്ക് വോട്ടുചെയ്യുന്നവരെക്കാള്‍ കൂടുതല്‍ കണ്‍സേര്‍വീറ്റുവകള്‍ക്കിടയിലാണ് സാമ്രാജ്യത്വ നൊസ്റ്റാള്‍ജിയ കൂടുതലെന്നും സര്‍വെ വ്യക്തമാക്കുന്നു.
സാമ്രാജ്യത്വ രാജ്യമെന്നത് അഭിമാനത്തോടെ കാണേണ്ട സംഗതിയാണെന്നാണ് ഡച്ചുകാരില്‍ 50 ശതമാനവും വിശ്വസിക്കുന്നത്. സാമ്രാജ്യത്വ രാജ്യമെന്ന നിലയിലുള്ള ഭൂതകാലത്തോട് ഒട്ടും താല്‍പര്യമില്ലാത്ത ജനത ജര്‍മ്മന്‍ കാരണ്. ആകെ ഒമ്പത് ശതമാനം പേര്‍ മാത്രമാണ് അവരുടെ സാമ്രാജ്യത്വ കാലത്തെ ക്കുറിച്ച് ഓര്‍ത്ത് അഭിമാനം കൊള്ളുന്നത്. 1871 മുതല്‍ 1918 വരെയായിരുന്നു ജര്‍മ്മനിയ്ക്ക് കോളനികള്‍ ഉണ്ടായിരുന്നത്.
ബ്രക്‌സിറ്റിന് അനുകൂലമായി വോട്ടുചെയ്തതും ഇപ്പോള്‍ സാമ്രാജ്യത്വ രാജ്യമായ കാലത്തെക്കുറിച്ച് അഭിമാനിക്കുന്നതുമെല്ലാം ഒരേ രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തിലാണെന്നാണ് ചില നിരീക്ഷകര്‍ കരുതുന്നത്. കൊളനി കാലത്തെക്കുറിച്ച് നല്‍കുന്ന വിദ്യാഭ്യാസമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇത്തരമൊരു നിലപാട് സ്വീകരിക്കാന്‍ പ്രേരണയാകുന്നുണ്ടെന്ന് ബ്രിട്ടന്റെ അടിമ വ്യാപരത്തിനെതിരെ ചരിത്ര സ്മാരകം പണിയണമെന്ന് ആവശ്യപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റായ ഓകു എക്‌പെന്യോണ്‍ പറഞ്ഞു.
ബ്രിട്ടന്‍ നടത്തിയ അടിമ വ്യാപാരങ്ങളെക്കുറിച്ചും സാമ്രാജ്യത്വ കാലത്തെക്കുറിച്ച് അഭിരമിക്കുന്നവര്‍ക്ക് അറിയില്ലെന്ന് അവര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂണിലാണ് സര്‍വെ ന്ടത്തിയത്. കൊളോണിയൽ കാലത്തെക്കുറിച്ച് ബ്രിട്ടനിൽ ഉൾപ്പെടെ നൽകുന്ന വിദ്യാഭ്യാസത്തെക്കുറിച്ച് നേരത്തെ തന്നെ പല വിദഗ്ദരും വിമർശനം ഉന്നയിച്ചിരുന്നു. ആകാലത്തോട് വിമർശനാത്മകമായ ഒരു കാഴ്ചപാടല്ല ഭൂരിപക്ഷ ം രാജ്യങ്ങളിലേയും വിദ്യാഭ്യാസ സമ്പ്രദായം എന്നാണ് വിമർശനം.
ബലാത്സംഗ കേസില്‍ ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വീന്‍സ്റ്റീന് 23 വര്‍ഷം തടവുശിക്ഷ. ന്യൂയോര്‍ക്ക് കോടതിയാണ് വീന്‍സ്റ്റീന് ശിക്ഷ വിധിച്ചത്. ഹോളിവുഡിലെ വനിതാ ചലച്ചിത്രപ്രവര്‍ത്തകര്‍ തുടങ്ങിവച്ച മീ ടൂ ലൈംഗികാതിക്രമ ആരോപണങ്ങളില്‍, കുപ്രസിദ്ധി നേടിയ നിര്‍മ്മാതാവാണ് ഹാര്‍വി വീന്‍സ്റ്റീന്‍. ശിക്ഷ അഞ്ച് വര്‍ഷത്തിലൊതുക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം ജഡ്ജി ജയിംസ് ബൂര്‍ക്ക് തള്ളിക്കളഞ്ഞു.
സ്ത്രീകളോട് വീന്‍സ്റ്റീന്‍ കാണിച്ച അതിക്രമങ്ങള്‍ കണക്കിലെടുത്തും ചെയ്ത കുറ്റകൃത്യങ്ങളില്‍ അദ്ദേഹത്തിന് യാതൊരു പശ്ചാത്താപവുമില്ലാത്ത നിലയ്ക്കും പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. 2017 ഒക്ടോബറില്‍ നിരവധി സ്ത്രീകളാണ് ഹാര്‍വി വീന്‍സ്റ്റീനെതിരെ ലൈംഗികാതിക്രമ പരാതികളുമായി രംഗത്തെത്തിയത്. 2006ല്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്റ് ആയിരുന്ന മിറിയം ഹാലിയെ ലൈംഗികമായി പീഡിപ്പച്ചതും 2013ല്‍ നടി ജസീക്ക മാനെ ബലാത്സംഗം ചെയ്‌തെന്നുമുള്ള കേസുകളിലാണ് ഹാര്‍വി വീന്‍സ്റ്റീനെ ശിക്ഷിച്ചത്.
അതേസമയം ചെയ്ത കാര്യങ്ങളില്‍ താന്‍ പശ്ചാത്തപിക്കുന്നതായും മെച്ചപ്പെട്ട മനുഷ്യനാകാന്‍ ശ്രമിക്കുമെന്നും വീന്‍സ്റ്റീന്‍ കോടതിയില്‍ പറഞ്ഞു. പ്രായവും ആരോഗ്യ സ്ഥിതിയും ആതുരസേവന പ്രവര്‍ത്തനങ്ങളുമെല്ലാം കണക്കിലെടുത്ത് ഇളവുകള്‍ നല്‍കണമെന്നാണ് പ്രതിഭാഗം വാദിച്ചത്.
മുൻ ഡിജിപി ടി.പി.സെൻകുമാർ കൊല്ലത്ത് വിളിച്ച പത്രസമ്മേളനം അലങ്കോലമായി. മാധ്യമപ്രവർത്തകർ സെൻകുമാറിനോടു ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ, ഹാളിലുണ്ടായിരുന്നവർ അതു തടസ്സപ്പെടുത്തിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. എസ്എൻഡിപി യോഗം മാവേലിക്കര യൂണിയൻ മുന്‍ പ്രസിഡന്റ് സുഭാഷ് വാസു ഉൾപ്പെടെ നേതാക്കൾ പ്രവർത്തകരെ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും അടങ്ങിയില്ല.
തുടർന്ന് മാധ്യമ പ്രവർത്തകർ വാര്‍ത്താസമ്മേളനം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെയുള്ള നീക്കത്തിന്റെ ഭാഗമായുള്ള യോഗത്തിൽ പങ്കെടുക്കാനാണ് സെൻകുമാർ കൊല്ലത്ത് എത്തിയത്.
സെൻകുമാർ യോഗതീരുമാനം വിശദീകരിക്കവെ കൊറോണ വൈറസ് സംബന്ധിച്ച് നടത്തിയ പ്രസ്താവനയെ ചൊല്ലി മാധ്യമപ്രവർത്തകർ തുടർ ചോദ്യം ഉന്നയിച്ചു. അത് തെൻറ അഭിപ്രായമല്ലെന്നും ഡോ. പോൾ ഹേലി ഉൾപ്പെെടയുള്ളവരുടെ അഭിപ്രായമാണെന്നും വിശദീകരിക്കവെ മാധ്യമപ്രവർത്തകർ ഈ വിഷയത്തിൽ വീണ്ടും ചോദ്യങ്ങൾ ചോദിച്ചു. ഇതോടെ സെൻകുമാറിനൊപ്പമുണ്ടായിരുന്നവർ മാധ്യമപ്രവർത്തകർക്കെതിരെ തിരിഞ്ഞു.
പലരും മാധ്യമപ്രവർത്തകരോട് മോശം രീതിയിൽ പ്രതികരിക്കാനും തുടങ്ങി. പ്രവർത്തകരെ നേതാക്കൾ ശാന്തരാക്കി വാർത്ത സമ്മേളനം തുടർന്നതോടെ ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയുടെ ചിത്രം മൊബൈലിൽ പകർത്താൻ ഒരാൾ ശ്രമിച്ചു. ഇതോടെ വീണ്ടും തർക്കമായി. ഇത് മാധ്യമ പ്രവർത്തകർ ചോദ്യം ചെയ്തതോടെ വാക്കുതർക്കം രൂക്ഷമായി.
ഒടുവിൽ മാധ്യമപ്രവർത്തകർ വാർത്ത സമ്മേളനം ബഹിഷ്കരിച്ച് മടങ്ങുകയായിരുന്നു. അതേസമയം, തർക്കത്തിൽ ഇടപെടാനോ കൂടുതലെന്തെങ്കിലും വിശദീകരിക്കാനോ സെൻകുമാറും തയാറായില്ല. മുൻപ് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനോട് സെൻകുമാർ തട്ടിക്കയറിയ സംഭവം ഏറെ വിവാദത്തിനിടയാക്കിയിരുന്നു.
മറുനാടൻ എഡിറ്റർ ഷാജന്റെ സഹോദരനായ വൈദികനെ സഭ പുറത്താക്കി. സാമ്പത്തിക ക്രമക്കേട് നടത്തിയതിനാണ് വൈദികനെ പുറത്താക്കിയത് . ഫാ. ടോമി കരിയിലക്കുളത്തിനെതിരെയാണ് MCBS സന്യാസ സഭയാണ് നടപടി എടുത്തത് .
സന്യാസ സഭ നേത്യത്വം സ്വീകരിച്ച നടപടിക്ക് വത്തിക്കാൻ അംഗീകാരം നൽകി. MCBS സന്യാസ സഭയുടെ മഹാരാഷ്ട്രയിലെ സ്ഥാപനങ്ങളുടെ മേധാവിയായി പ്രവർത്തിക്കുകയായിരുന്നു ഇദ്ദേഹം. ഇക്കാലയളവിൽ വൻ തുകയുടെ വെട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. സഭയുടെ ആലുവ ജനറലേറ്റാണ് നടപടി സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്. ഓൺലൈൻ വാർത്ത സ്ഥാപനമായ മറുനാടൻ മലയാളിയുടെ ഉടമ ഷാജൻ സ്കറിയയുടെ സഹോദരനാണ് സാമ്പത്തിക ആരോപണത്തിന്റെ പേരിൽ പുറത്താക്കപ്പെട്ട വൈദീകൻ.
ക്രമക്കേട് 600 കോടിയുടേത് ?
മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലെ പാഞ്ച് ഗനിയിൽ ആശുപത്രി സമുച്ചയം, അന്താരാഷ്ട്ര നേഴ്സിങ് ഇൻസ്റ്റിറ്റ്യൂട്ട്, സ്കൂൾ കോളേജ് തുടങ്ങി വിവിധ സ്ഥാപനങ്ങളുടെ തലപ്പത്ത് പ്രവർത്തിക്കുകയാണ് വൈദികൻ. വർഷങ്ങൾക്ക് മുൻപ് MCBS സഭയാണ് ഇയാളെ മഹാരാഷ്ട്രയിലേക്ക് അയച്ചത്. സഭയുടെ പണവും , സംവിധാനങ്ങളും ഉപയോഗിച്ച് സംരഭങ്ങൾ സ്ഥാപിച്ചു. ഇവ ശരവേഗം വളർന്നു. മഹാരാഷ്ട്ര സർക്കാരിന്റെ അടുപ്പക്കാരനായി വൈദികൻ മാറി. ക്രമേണയാണ് സഭ യഥാർഥ്യങ്ങൾ തിരിച്ചറിഞ്ഞത്. 600 കോടി വിലമതിക്കുന്നുവെന്ന് കരുതപ്പെടുന്ന സ്വത്തുവകകൾ സഭയുടെ പേരിലല്ല. ഒടുവിൽ സ്ഥാപനം നിയന്ത്രണത്തിലാക്കാൻ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. അച്ചടക്കം പാലിക്കാനുള്ള നിർദേശം വൈദികൻ തള്ളിയതോടെ പുറത്തേക്ക് വഴി തെളിഞ്ഞു. സ്വത്ത് വകകളും പണവും കൈവിടുകയും ചെയ്തു.
ഉന്നത രാഷ്ട്രീയ സ്വാധീനം
പാഞ്ച് ഗനിയിലെ ബെൽ എയർ എന്ന ആശുപത്രി നടത്തുന്ന സേവനങ്ങൾ മാർക്കറ്റ് ചെയ്താണ് സർക്കാർ സംവിധാനങ്ങളെ പാട്ടിലാക്കിയത്. കോടികളുടെ സംരഭങ്ങൾ വഴി സർക്കാർ സംവിധാനങ്ങളിൽ വിശ്വാസ്യത നേടിയെടുത്തു. സംരഭങ്ങളിൽ പല ഉന്നതരെയും സഹകരിപ്പിച്ചു. രണ്ട് പതിറ്റാണ്ടായി സത്താറ കേന്ദ്രീകരിച്ച് മഹാരാഷട്രയിൽ പ്രവർത്തിക്കുന്ന ഇയാൾ വൻ സാമ്രാജ്യമാണ് പടുത്തുയർത്തിയത്. ഇവിടെ ഒരു പളളിയിൽ വികാരിയായെത്തിയ ഇയാൾ പിന്നീട് ഒരു ട്രാൻസ്ഫറിനും വഴങ്ങിയില്ല. ധ്യാന പ്രാസംഗികനായി ആദ്യഘട്ടത്തിൽ യു കെ അടക്കമുള്ള പല രാജ്യങ്ങളിലും കറങ്ങി നടന്ന ഇയാൾ പണവും സ്വീകാര്യതയും നേടി. 2013 കാലത്ത് ബ്രിട്ടനിൽ പരസ്യം ചെയ്ത് ധ്യാനം നടത്തി പണം സമ്പാദിച്ചിട്ടുണ്ട്. രാജ്യത്തെ പ്രമുഖ വ്യവസായ സ്ഥാപനവുമായി ബിസിനസ് ബാന്ധവമുണ്ട് വൈദികന്.
മാർക്കറ്റിങ്ങിനായി മറുനാടനും ബ്രിട്ടീഷ് മലയാളിയും
വൈദികനെ പുകഴ്ത്തിയുള്ള വാർത്തകൾ മറുനാടനും ബ്രിട്ടീഷ് മലയാളിയും നിരന്തരമായി പ്രസിദ്ധീകരിച്ചു. ബ്രിട്ടനിലേക്കടക്കം ധ്യാന പ്രസംഗത്തിന് സമാനമായി ഓൺലൈൻ പ്രമോഷനും നടത്തി. സ്ഥാപനങ്ങളുടെ തലപ്പത്തെത്തിയതോടെ ധ്യാന പരിപാടികൾ നിർത്തി. പുതിയ നിലപാടുകൾ സ്വീകരിച്ച് ശ്രദ്ധ നേടാൻ ശ്രമിച്ചു. മാധ്യമ പ്രവർത്തകനായ സഹോദരനും ബിസിനസിൽ പങ്കാളിത്തമുണ്ടെന്നാണ് വിവരം. ഷാജൻ സ്കറിയയുടെ സംരഭങ്ങളിൽ സഹോദരനായ വൈദികൻ പ്രധാന നിക്ഷേപകനാണെന്നാണ് വിവരം. ഇയാളെ മുൻപ് ബ്രിട്ടനിലെത്തിക്കാനും കച്ചവടങ്ങൾ നടത്താനും വൈദികനാണ് സഹായിച്ചുതെന്നും പറയപ്പെടുന്നു.

നാട്ടിലേക്ക് മടങ്ങാനാകാതെ നാല്‍പത്തിയഞ്ച് മലയാളികള്‍ ഇറ്റലിയിലെ ഫ്ലുമിച്ചിനോ വിമാനത്താവളത്തില്‍ കുടുങ്ങി. കോവിഡ് ബാധയില്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിര്‍ദേശത്തെത്തുടര്‍ന്ന് ഗര്‍ഭിണികളും കുഞ്ഞുങ്ങളുമടക്കമുള്ളവര്‍ 24 മണിക്കൂറിലേറെയായി വിമാനത്താവളത്തില്‍ കഴിയുകയാണ്. നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് യാത്രാവിലക്കേര്‍പ്പെടുത്തിയ കേന്ദ്ര നടപടി അപരിഷ്കൃതമാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
ഇന്നലെ ഉച്ചയോടെയാണ് നാല്‍പത്തിയഞ്ച് മലയാളികള്‍ ഫ്ലുമിചിനോ വിമാനത്താവളത്തിലെത്തിയത്. ഇവിടെയെത്തിയശേഷം മാത്രമാണ് രോഗലക്ഷണം ഉണ്ടെങ്കിലും ഇല്ലെങ്കിലും സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് അറിയിപ്പ് ലഭിക്കുന്നത്. വിമാനത്താവളത്തില്‍ തടഞ്ഞതോടെ കൈക്കുഞ്ഞുമായെത്തിവര്‍ പോലും കുടുങ്ങി.
കയ്യില്‍ കരുതിയിരിക്കുന്ന ലഘുഭക്ഷണങ്ങള്‍ കൂടി തീര്‍ന്നാല്‍ എന്തുചെയ്യുമെന്ന ആശങ്കയും യാത്രക്കാര്‍ പങ്കുവച്ചു. അതേസമയം, കോവിഡ് വ്യാപിച്ച രാജ്യങ്ങളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്കുള്ള യാത്രാവിലക്ക് പിന്‍വലിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. വിലക്ക് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്കും കേന്ദ്ര ആരോഗ്യമന്ത്രിക്കും കത്തയച്ചു.
ആവശ്യത്തെ പിന്തുണച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വിദേശകാര്യമന്ത്രിക്കും കത്തുനല്‍കി. ഇക്കാര്യത്തില്‍ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കുമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തേയും പ്രതിപക്ഷം പിന്തുണച്ചു.
ലോകത്ത് അവശേഷിച്ച വെള്ള നിറമുള്ള ഏക പെൺജിറാഫിനെ വെടിവെച്ചു െകാന്ന് വേട്ടക്കാരുടെ കൊടുംക്രൂരത. കെനിയയിലെ ഗാരിസ പ്രവിശ്യയിലാണ് സംഭവം. ഒരമ്മയും രണ്ടു കുട്ടികളുമായിരുന്നു വെള്ള ജിറാഫുകളുടെ കൂട്ടത്തിൽ ലോകത്ത് ബാക്കിയുണ്ടായിരുന്നത്. ഇതിലെ അമ്മയെയും ഒരു കുഞ്ഞിനെയുമാണ് വെടിയേറ്റ് ചത്ത നിലയിൽ അധികൃതർ കണ്ടെത്തിയത്. ഇതിന് പിന്നിൽ വേട്ടക്കാരാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.
ഇനി ഇക്കൂട്ടത്തിൽ ഒരു ആൺജിറാഫ് മാത്രമാണ് അവശേഷിക്കുന്നത്. 2017ലാണ് ഇൗ വെള്ള ജിറാഫുകൾ ലോകത്തിന്റെ ശ്രദ്ധ നേടുന്നത്. അമ്മയും രണ്ടു മക്കളും അടങ്ങുന്ന കുടുംബം മൃഗസ്നേഹികളുടെ ഇഷ്ടം നേടിയിരുന്നു. മൃഗങ്ങളിലെ വർണ്ണം നഷ്ടപ്പെടുന്ന ലൂസിസം എന്ന അവസ്ഥയെ തുടർന്നാണ് ഈ ജിറാഫുകൾ വെളുത്ത നിറത്തിൽ കാണപ്പെടുന്നത്.
പ്രായപൂർത്തിയാകാത്ത രണ്ടു മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി പോലീസ് പിടിയിലായി. മുളക്കുഴ കൊഴുവല്ലൂർ സ്വദേശിനിയായ രജനിയെയാണ് (36) പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യാഭർത്താക്കന്മാർ എന്ന വ്യാജേന റാന്നിയിൽ വാടകക്ക് വീടെടുത്ത് താമസിച്ചു വരുന്നതിനിടെയാണ് രജനിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഭാര്യയെ കാണാനില്ലെന്ന ഭർത്താവ് ഗിരീഷ്‌കുമാറിന്റെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്. ഇതിനകം അഞ്ച് തവണയാണ് യുവതി ഒളിച്ചോടിയത്. 2015ൽ ആയിരുന്നു യുവതിയുടെ അവസാന ഒളിച്ചോട്ടം. അന്ന് ഇവരെ കണ്ടെത്തിയത് ഡൽഹിയിൽ നിന്നായിരുന്നു. ഓരോ തവണയും വ്യത്യസ്തരായ കാമുകന്മാർക്കൊപ്പമായിരുന്നു യുവതി ഒളിച്ചോടിയിരുന്നത്. ഫോണിലൂടെയും നേരിട്ടും ആണുങ്ങളുമായി സൗഹൃദം സ്ഥാപിക്കുകയും ആ സൗഹൃദം പ്രണയമായി വളർത്തുകയുമാണ് യുവതിയുടെ രീതി.
ഫോണിലൂടെയും നേരിട്ടും സൗഹൃദം ഉണ്ടാക്കി ബന്ധങ്ങൾ സ്ഥാപിക്കുകയാണ് രജനി ചെയ്തിരുന്നത്. ഒരുമിച്ച് ജീവിക്കണം എന്ന രജനിയുടെ ഡിമാന്റ് കാമുകൻ അംഗീകരിച്ചാൽ പിന്നെ വീടും കുഞ്ഞും ഒന്നും രജനിക്ക് പ്രശ്‌നമല്ല. എല്ലാം ഉപേക്ഷിച്ച കാമുകനൊപ്പം പോകും. പരാതിയുമായി വീട്ടുകാർ എത്തുന്നതോടെ കേരള പൊലീസ് രജനിയെ അന്വേഷിച്ചിറങ്ങും. കണ്ടെത്തി വീട്ടിലെത്തിക്കും. ഇത്തവണയും കാമുകനൊപ്പം പോയി വീട് വാടകക്കെടുത്ത് ഒരുമിച്ച് താമസിക്കുന്നതിനിടയിലായിരുന്നു രജനി പിടിയിലായത്. ഈ മാസം രണ്ടാം തീയതി ആയിരുന്നു രജനി കാമുകനൊപ്പം പോയത്.
റാന്നിയിൽ ഭാര്യാഭർത്താക്കന്മാർ എന്ന വ്യാജേന വീടെടുത്ത് താമസവുമായി. ഭാര്യയെ കാണാതായതോടെ ഭർത്താവ് പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. ഭർത്താവ് ഗിരീഷ് കുമാർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിഐ എം സുധിലാലിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ റാന്നിയിലെ വാടക വീട്ടിൽ നിന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്. 2015 ൽ ഒളിച്ചോടിയ യുവതിയെ ഡൽഹിയിൽ നിന്നുമാണ് അന്ന് കണ്ടെത്തിയത്
ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കിയ രജനിയെ കോടതി പതിനാല് ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ചതിന്റെ അടിസ്ഥാനത്തിൽ യുവതിക്കെതിരെ പോക്‌സോ, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.
ലോകത്താകമാനം കൊറോണവൈറസ് ബാധ പടര്‍ന്നു പിടിക്കുമ്പോള്‍ തങ്ങളുടെ രാജ്യത്ത് ഒരാള്‍ക്ക് പോലും വൈറസ് ബാധയില്ലെന്ന് ഉത്തര കൊറിയ. ഉത്തരകൊറിയയിലെ ഔദ്യോഗിക മാധ്യമമായ റോഡോംഗ് സിന്‍മുനാണ് രാജ്യത്ത് വൈറസ് ബാധയില്ലെന്ന് റിപ്പോര്‍ട്ട് ചെയ്തത്. അയല്‍രാജ്യമായ ദക്ഷിണ കൊറിയയില്‍ കൊവിഡ് 19 ബാധ പടര്‍ന്ന് പിടിക്കുമ്പോള്‍ ഉത്തരകൊറിയയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നതും ശ്രദ്ധേയം. ലോകാരോഗ്യ സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടിലും ഉത്തരകൊറിയയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല.
ചൈനയിലെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണവൈറസ് ദക്ഷിണ കൊറിയ, ഹോങ്കോങ്, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ഉത്തരകൊറിയയില്‍ വൈറസ് ബാധയില്ലെന്ന അവകാശവാദം സംശയാസ്പദമായിരുന്നു. ചൈനയുമായി 1500 കിലോമീറ്ററാണ് ഉത്തരകൊറിയ അതിര്‍ത്തി പങ്കിടുന്നത്.
ഉത്തര കൊറിയയില്‍ കൊവിഡ് ബാധിച്ച് 19 പേര്‍ മരിച്ചതായും 200 സൈനികര്‍ക്ക് വൈറസ് ബാധയേറ്റതായും ദക്ഷിണ കൊറിയന്‍ മാധ്യമങ്ങളും പശ്ചാത്യ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. വൈറസ് ബാധ ഉത്തരകൊറിയയില്ലെന്ന വാദവും മാധ്യമങ്ങള്‍ നിരാകരിക്കുന്നു. ചില മാധ്യമങ്ങള്‍ 200ഓളം സൈനികര്‍ മരിച്ചതായും റിപ്പോര്‍ട്ട് ചെയ്യുന്നു. വൈറസ് ബാധയേറ്റ 4000ത്തോളം പേരെ തടവിലാക്കിയിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സി ഡെയ്‍ലി എന്‍കെ ന്യൂസ് ഓര്‍ഗനൈസേഷനും ബ്രിട്ടീഷ് മാധ്യമങ്ങളുമാണ് ഉത്തരകൊറിയയിലെ വാര്‍ത്ത പുറത്ത് വിട്ടത്. എന്നാല്‍ ലോകാരോഗ്യ സംഘടന ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ലോകമാകെ കൊറോണയില്‍ പേടിച്ചിരിക്കുമ്പോള്‍ ഉത്തരകൊറിയ മൂന്ന് മിസൈല്‍ പരീക്ഷണം നടത്തിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. 200 കിലോമീറ്റര്‍ പരിധിയുള്ള മൂന്ന് രഹസ്യ മിസൈലുകളാണ് ഉത്തരകൊറിയ പരീക്ഷിച്ചത്. ഉത്തരകൊറിയയുടെ നടപടിയില്‍ ദക്ഷിണ കൊറിയ ആശങ്ക പ്രകടിപ്പിച്ചു.
ഉത്തരകൊറിയയില്‍ ആദ്യമായി വൈറസ് ബാധിച്ചയാളെ വെടിവെച്ച് കൊന്നെന്നും പശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്‍റെ ഉത്തരവ് പ്രകാരമാണത്രെ ഇയാളെ വെടിവെച്ച് കൊന്നത്. ഇയാള്‍ ചൈന സന്ദര്‍ശിച്ച് മടങ്ങിയെത്തിയപ്പോഴാണ് കൊറോണ സ്ഥിരീകരിച്ചത്. കൊറോണ സംബന്ധിച്ച രാജ്യത്തെ യാതൊരു വിധ വിവരങ്ങളും പുറത്തുവരാതിരിക്കാന്‍ അതീവ ശ്രദ്ധയാണ് കിം പുലര്‍ത്തുന്നതെന്നും പാശ്ചാത്യ മാധ്യമങ്ങള്‍ പറയുന്നു.